സസ്‌നേഹം: ഭാഗം 21

sasneham new

എഴുത്തുകാരി: നിധാന എസ് ദിലീപ്

റൂമിന് പുറത്തേക്ക് ഇറങ്ങിയതും സെൻട്രൽ ഹാളിൽ നിൽക്കുന്ന ജയ്യെ കണ്ടതും ശരൺ ഒന്ന് നിന്നു. അവൻ എല്ലാം കേട്ടെന്ന് ഉറപ്പാണ്.വീണ്ടും അവന്റെ വാക്കുകൾ കാതിൽ മുഴങ്ങി. """എന്നെങ്കിലും അവളെല്ലാമറിയും... അന്നവൾക്ക് അതൊക്കെ താങ്ങാൻ ശേഷിയുണ്ടാവ്വോന്നറിയില്ല...ഉണ്ടായാൽ..... പിന്നെ അവളുടെ ജീവിതത്തിൽ നീ ഉണ്ടാവില്ല....""" കടുപ്പിച്ചൊരു നോട്ടത്തോട്ടെ ജയ് അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു. "" മൂന്നു മാസം കഴിഞ്ഞാൽ ഞാൻ എന്റെ ആരതിയെയും മോനെയും കൊണ്ട് പോവും..."" ജയ്യോടായി പറഞ്ഞു. """ആരു എതിർത്താലോ...???""" ആരുവിന് ഇഷ്ടമില്ലാതെ നിനക്കവളെ കൊണ്ട് പോവാൻ പറ്റില്ല ശരൺ..."" ശരണിന്റെ കണ്ണിൽ നോക്കി ശൗര്യത്തോടെ പറഞ്ഞു. ചുണ്ടുകൾ ദേഷ്യം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു. അപ്പോഴേക്കും പോരു കോഴികളെ പോലെ പരസ്പരം നോട്ടെമെറിഞ്ഞിരുന്നു. ""അവൾ എതിർത്താലല്ലേ ജയ്...അവൾ എതിർക്കില്ല...ആ അകത്തു കിടക്കുന്നവൾ എന്റെയാ... എന്റെ പെണ്ണാ...ആരെതിർത്താലും ഞാൻ അവളെയും മോനെയും കൊണ്ട് പോവും ""

അവസാനം പറഞ്ഞത് അല്പം ഊന്നിയായിരുന്നു. ഒരു പുച്ഛം നിറഞ്ഞൊരു ചിരി ഉണ്ടായിരുന്നു ജയുടെ മുഖത്ത്. ""നമുക്ക് കാണാം...""" പിന്നെയൊരു മറുപടി നൽകാതെ ശരൺ മുന്നോട്ട് നടന്നു.കാറിൽ കയറവേ തിരിഞ്ഞ് നോക്കി. ജയ് കൈ കെട്ടി കൊണ്ട് അവനെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. ഉറങ്ങിയതും കുറുകൽ താനേ നിന്നു. പതിയെ നിപ്പിൾ കുഞ്ഞു വായിൽ നിന്നും എടുത്ത് മാറ്റി കുഞ്ഞിനെ ചുമലിട്ട് പതിയെ തട്ടി കൊടുത്തു ആരതി .കുഞ്ഞിനെ ചേർത്ത് പിടിച്ച് കണ്ണുകൾ ഇറുകി അടക്കുമ്പോൾ പീലികൾക്കിടയിൽ നീർതുള്ളികൾ പിന്നെയും ബാക്കി ആയിരിന്നു. ഉറങ്ങി കിടന്നവളുടെ മുടിയിഴകൾക്ക് മീതെ പതിയെ തലോടി.പിന്തിരിഞ്ഞു നടക്കുമ്പോഴേക്കും ജയ്യുടെ കൈയിൽ പിടി വീണിരുന്നു. ""ഉറങ്ങില്ലായിരുന്നോ..???"" ""മ്മ്മ്... മ്മ്മ്ഹഹ്... കൊറച്ചു സമയം ഏട്ടൻ എന്റെ കൂടെ ഇരിക്ക്‌വോ...."" ആരതിയുടെ തലയ്ക്ക്‌ അടുത്തായി ഇരുന്നതും അവന്റെ മടിയിലേക്ക് തല കയറ്റി വെച്ചു. വീണ്ടും അവളുടെ മുടിയിഴകളെ തലോടി. ""ഒക്കെ ശരിയാവും.. "" ""ശരണേട്ടന് എന്നോട് പറഞ്ഞാൽ പോരായിരുന്നോ...

ഞാൻ സംസാരിക്കുമായിരുന്നല്ലോ എന്റെ ഏട്ടനോട്...""വീണ്ടുമാ കണ്ണിൽ നീർതുള്ളികൾ ഉരുണ്ടു കൂടാൻ തുടങ്ങിയിരുന്നു. മറുപടി ഒന്നും പറയാതെ നോക്കിയിരുന്നു.കരഞ്ഞുവെന്നതിനുള്ള അടയാളങ്ങൾ ഇപ്പോഴുമുണ്ട് ആ മുഖത്ത്. ""ഏട്ടന്റെ അനിയത്തിയായി മാത്രം ജീവിച്ചാൽ മതിയായിരുന്നുന്ന്‌ ചിലപ്പോ തോന്നി പോവ്വാ..."" ആ കരച്ചിലിനിടയിലും ഒന്ന് ചിരിക്കാനായി പാഴ് ശ്രമം നടത്തി. ""അങ്ങനെ ആയിരുന്നെ നമുക്ക് കുഞ്ഞനെ കിട്ടുമായിരുന്നോ...."" കണ്ണുകൾ ശാന്തമായി ഉറങ്ങുന്ന കുഞ്ഞിലേക്ക് പോയി.കുഞ്ഞു വായ അല്പം തുറന്ന് വെച്ച് ഉറങ്ങുകയാണ് കുഞ്ഞി ചെക്കൻ.. ""നീയും കുഞ്ഞും ഹോസ്പിറ്റലിൽ നിന്ന് വന്ന ശേഷം സാവാധാനം സംസാരിക്കാമെന്ന ശരണിന്റെ അപ്പ പറഞ്ഞത്...അതു കൊണ്ട് മോള് ഇപ്പൊ ഒന്നും ആലോചിച്ച് വിഷമിക്കാൻ നിക്കേണ്ട... പതിയെ നമുക്ക്‌ എല്ലാം തീരുമാനിക്കാം... ഇപ്പൊ മോനെ പറ്റി മാത്രം ചിന്തിച്ചാ മതി..."""

'തീരുമാനം' അത് കേട്ടതും ഒരു ഞെട്ടൽ ഉണ്ടായി. ശരണിന്റെ നിറഞ്ഞ കണ്ണുകൾ മനസ്സിലേക്ക് ഓടി എത്തിയതും ഉള്ളം പിടക്കാൻ തുടങ്ങി. ജയ്യുടെ മടിയിലേക്ക് മുഖം അമർത്തി വെച്ചു.കൈകൾ ബെഡ്ഷീറ്റിൽ മുറുകി.ഉള്ളിലെ ആ പിടച്ചിൽ അറിഞ്ഞ പോലെ അവൻ തലയിൽ പതിയെ തട്ടി കൊണ്ടിരുന്നു. അവൾ ഉറങ്ങിയെന്ന് തോന്നിയപ്പോൾ മെല്ലെ കട്ടിലിലേക്ക് നീക്കി കിടത്തി. ""ഇന്ന് ഇനി ഷോപ്പിലേക്ക് പോവുന്നില്ലേ..."" കോട്ടൺ സാരിയുടെ തുമ്പിൽ കൈ തുടച്ചു കൊണ്ട് അടുക്കളയിൽ നിന്ന് വരികയായിരുന്നു ശ്യാമ. ""പോണം... ഇറങ്ങാൻ നോക്കുവായിരുന്നു ..."" ഒട്ടും ധൃതി വെക്കാതെ പറഞ്ഞു തീർത്തു. അവൻ ബൈക്ക് എടുത്തു പോകുന്നത് വരെ ഇറയത്ത് നോക്കി നിന്നു ആ അമ്മമനസ്. 🏵️🏵️🏵️🏵️🏵️🏵️🏵️ ""ഞണ്ടാണ്...കണ്ടപ്പോ വാങ്ങിയതാ..."" കൈയിലെ കവർ നീട്ടി കൊണ്ട് ജയദേവൻ പറഞ്ഞു. ""ആരുവിന് ഇതൊന്നും ഇപ്പൊ കഴിച്ചൂടല്ലോ..വേറെ ഒന്നും വാങ്ങിയില്ലേ....""കവർ തുറന്ന് നോക്കി കൊണ്ട് പറഞ്ഞു. ""ഓഹ്...ഞാൻ അത് ഓർത്തില്ല.... അതിൽ കുറച്ച് കൂൺ ഉണ്ട്... ഇന്നലെ പറമ്പിൽ ഉണ്ടായതാ...""

""ഇന്നലെ ഇടി വെട്ടിയപ്പോൾ ഞാൻ ഓർത്തു...കൂൺ പൊടിക്കുമല്ലോന്ന്.... ഷർട്ടിൽ എന്തോരം മണ്ണാ... ദേ തലയിൽ ഒക്കെ ഇണ്ട്..."" തലയിലെ പൊടി തട്ടി കൊണ്ട് പറഞ്ഞു.ഷർട്ടിലൊക്കെ മണ്ണ് പുരണ്ടിട്ടുണ്ട്. ""ഇന്ന് ഒരിടത്ത് മണ്ണിറക്കിയിരുന്നു.. അപ്പൊ ആയതാ...വീട്ടിൽ പോയി കുളിക്കാനൊന്നും നിന്നില്ല... നേരെ ഇങ്ങോട്ടാ വന്നേ...എനിക്കൊന്ന് കുളിക്കണം..."" ""വേം കുളിച്ചിട്ട് വാ... എന്നിട്ട് വേണം ആരുവിനെ കുളിപ്പിക്കാൻ...കുളിമുറിയിലേക്ക് ചൂട് വെള്ളം എടുത്തു വെക്കാൻ നോക്കുമ്പോഴാ നിങ്ങൾ വന്നേ..." ""എന്താ ഇങ്ങനെ നോക്കുന്നേ... പോയി കുളിച്ചേ..."" ധൃതി പിടിച്ചുള്ള സംസാരം കണ്ട് ജയദേവൻ ഒരു വട്ടം നോക്കി നിന്നതും ഒട്ടും ശക്തി ഇല്ലാതെ ചെറുതായി ഒന്ന് തള്ളി. ""എന്താ പറ്റിയെ...""" എന്തോ ശബ്ദം കേട്ട് ഓടി വന്നതും ജയദേവൻ കണ്ടത് അടുക്കള വാതിലിൽ പിടിച്ച് നിൽക്കുന്ന ശ്യാമയെയാണ്.. താഴെ ചെമ്പ് വീണു കിടപ്പുണ്ട്.. ""

തറയിൽ വെള്ളമുള്ളത് ഞാൻ കണ്ടില്ലായിരുന്നു... കാലൊന്ന് തെന്നി പോയി...''" ശബ്ദം കേട്ട് ആരുവും ഓടിയെത്തിയിരുന്നു. ""വേദന ഉണ്ടോ...""ആരുവായിരുന്നു ചോദിച്ചത്.. ""ചെറിയ വേദനയെ ഉള്ളൂ... അത് മാറികോളും..."" പക്ഷെ രണ്ടടി വെച്ചപ്പോഴേക്കും കാൽ വേദനിച്ചു. വേദന കൊണ്ട് വാതിൽ പാളിയിൽ പിടിച്ചതും ജയദേവൻ താങ്ങി പിടിച്ചു. ""റൂമിൽ ഇരുത്താം...ഇങ്ങനെ നിന്ന വേദന കൂടും..."" ആരതി മറു കൈയിൽ പിടിച്ചു.രണ്ട് പേരും കൂടി ശ്യാമയെ കട്ടിലിൽ ഇരുത്തി. ""വേദനയ്ക്ക് തടവുന്ന നിന്റെ ഓയിന്മെന്റ് ഇങ്ങ് കൊണ്ട് വന്നില്ലേ...??"" ""ആ മേശപ്പുറത്തുണ്ട്..."" മേശപ്പുറത്തെ ഓയിന്മെന്റ് കണ്ണുകൾ കൊണ്ട് കാണിച്ചു കൊടുത്തു ശ്യാമ. "" കുളിപ്പിക്കാനായി ഞാൻ ചന്ദ്രികേച്ചിയെ വിളിച്ചോളാം.... "" ജയദേവൻ ഓയിന്മെന്റ് എടുത്ത് അത് ആരതിയുടെ കൈയിൽ കൊടുക്കണോ അതോ താൻ തന്നെ പുരട്ടണോ എന്നർത്ഥത്തിൽ നിന്നതും ആരതി അതും പറഞ്ഞു പുറത്തിറങ്ങി.

നിലത്തിരുന്ന് ശ്യാമയുടെ കാലെടുത്തു മടിയിൽ വെച്ചു. ""ആാാാ.. പതിയെ..."" പുരട്ടുമ്പോൾ വേദനിച്ചതും കാൽ വലിച്ചു. ജയദേവൻ വീണ്ടും കാൽ എടുത്ത് ഓയിന്മെന്റ് പുരട്ടി. ""നിനക്കൊന്ന് ശ്രദ്ധിച്ചൂടെ... എന്തിനാ ഇങ്ങനെ വെപ്രാളം പിടിക്കുന്നെ... ഇതിപ്പോ വാതിലിൽ പിടുത്തം കിട്ടിയത് കൊണ്ടല്ലേ.. അല്ലായിരുന്നെങ്കിലോ.."" സ്നേഹം നിറഞ്ഞ ശാസനയ്ക്ക് നിറഞ്ഞൊരു ചിരി തിരികെ നൽകി "" ഇത് വരെ ഇങ്ങനെ ഒന്നും ആർക്കും ചെയ്ത് കൊടുത്തിട്ടില്ലലോ... അതോണ്ട് ഒരു വെപ്രാളമാ... ഇഷ്ടാവോ.. അല്ലേ അവരെ നോക്കുന്നത് കുറഞ്ഞു പോയോ..അങ്ങനെ എന്തൊക്കെയോ ടെൻഷനാ... പക്ഷെ അച്ഛന്റെ മക്കൾ തന്നെയാട്ടോ രണ്ടാളും.. ഒന്നിനും കുറ്റം പറയില്ല... "" നോവോടെ ഒരു ചിരി ഉണ്ടായിരുന്നു ജയദേവന്റെ ചുണ്ടിൽ ""കുട്ടികൾ നിന്നോട് മിണ്ടാറൊക്കെ ഉണ്ടോ..???"" ""മ്മ്മ്മ്... ജയ്യോട് അങ്ങോട്ടെന്തെങ്കിലും ചോദിച്ചാല് അതിന് ഉത്തരം പറയും....

അല്ലേലും അത് എല്ലാവരോടും അത്രയേ സംസാരിക്കൂ...ആരു ഇന്ന് ഉച്ചയ്ക്ക് ഭക്ഷണം കൊണ്ട് കൊടുത്തപ്പോൾ കഴിച്ചോന്നൊക്കെ ചോദിച്ചു... അമ്മെന്നോ ചെറിയമ്മെന്നൊന്നും വിളിക്കില്ല എന്നാലും ഇത് പോലെത്തെ എന്തേലും ചോദിക്കേം പറയോം ഒക്കെ ചെയ്യും ..""അത് പറയുമ്പോൾ കണ്ണുകളും കവിളുകളും ഒരു പോലെ വിടർന്നിരുന്നു... ""രണ്ടാളും എന്നെ ഒന്ന് നോക്കുക കൂടി ചെയ്തില്ല... അവർക്കൊരിക്കലും എന്നോടുള്ള ദേഷ്യം മാറില്ലായിരിക്കും അല്ലേ ...??"" നിരാശ കലർന്ന വാക്കുകൾ കേട്ടപ്പോൾ അയാളുടെ മുടിയിൽ തലോടി. ""അങ്ങനെ ഒന്നുല്ലെന്നേ... ഒരു പാട് വർഷം ആയില്ലേ ഒന്ന് മിണ്ടിയിട്ട്.. അതിന്റെ ഒരിതാ.. അല്ലാണ്ട് ദേഷ്യം ഒന്നും കാണില്ല.. അങ്ങനെ ആണേൽ ഇവിടെ നിക്കാൻ വിട്വോ...ഞാൻ പിന്നെ ഇവിടെ തന്നെ അല്ലേ...അതാ എന്നോട് മിണ്ടുന്നേ..."" ""മാറുമായിരിക്കും അല്ലേ??"" ""ഒക്കെ ശരിയാവുംന്നെ.... ഇന്നിവിടെ നിക്കുന്നുണ്ടോ...""ആ സമാധാനിപ്പിക്കലിൽ ഉള്ളം തണുക്കുന്നതറിഞ്ഞു. ""ഇല്ല... കുറച്ച് കഴിഞ്ഞ് പോവും... ഇവിടെ ആകെ രണ്ട് മുറിയല്ലേ ഉള്ളൂ...അന്ന് നീ കണ്ടതല്ലേ അവര് സെൻട്രൽ ഹാളിൽ കിടക്കുന്നത്....

നാളെ പറ്റുമെങ്കിൽ വരാം "" 🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️ ""ശ്രദ്ധ... സമയമെത്രയായി ജയ് പുറത്ത് തണുപ്പത്ത് ഇരിക്കുന്നു... വിശപ്പില്ലാന്ന് പറഞ്ഞ് നേരത്തെ ഒന്നും കഴിച്ചതുമില്ലലോ..."" ""അമ്മ കിടന്നോ... ഭക്ഷണം ഞാൻ എടുത്തു കൊടുത്തോളാം..."" ഷോപ്പിൽ നിന്ന് വന്നത് മുതലുള്ള ഇരിപ്പാണ്.അടുത്ത് പോയിരുന്നു ""എല്ലാവരും കിടന്നു ജയ്..ഭക്ഷണവും കഴിച്ചില്ലല്ലോ...എത്ര നേരമായിട്ടുള്ള ഇരിപ്പാ ഇത്....വാ ഞാൻ ഭക്ഷണം എടുത്ത് വെക്കാം..."" മുകളിലേക്ക് നോക്കി ഇറയത്ത് വെറും നിലത്ത് കിടക്കുകയായിരുന്നു ജയ്... """ജയ്..........""" ""എന്തിനാ ശ്രദ്ധാ നീ വാശി പിടിച്ച് ഈ കല്യാണം നടത്തിയത്.. ആർക്കും ഒന്ന് സന്തോഷിക്കാൻ പോലും പറ്റുന്നില്ലല്ലോ.. നിനക്ക് സന്തോഷിക്കാൻ പറ്റുന്നുണ്ടോ.. എനിക്ക് പറ്റുന്നുണ്ടോ.. ആരുവിനും നിന്റെ ഏട്ടനും പറ്റുന്നുണ്ടോ...""എഴുന്നേറ്റിരുന്ന് ഇരുൾ മൂടിയ മുറ്റത്തേക്ക് നോക്കിയിരുന്നു "" ഈ കല്യാണം വേണ്ടായിരുന്നോ ജയ്...

ഈ എന്നെ വേണ്ടായിരുന്നോ ജയ്ക്ക് ??? "" നീറുന്നുണ്ട് ആ ചോദ്യം കേട്ട്... ""ഞാൻ അങ്ങനയല്ല ശ്രദ്ധ ഉദേശിച്ചത്...."" ""അങ്ങനെ തന്നെ അല്ലേ ജയ് പറഞ്ഞത്??? അവനെ മുഖം ചെരിച്ചു നോക്കി. ശരിയാ ജയ്.. വാശി പിടിച്ച് നേടിയത് തന്നെയാ... പക്ഷെ മറ്റൊരാളുടെ പ്രണയത്തെ അല്ല എന്റെ പ്രണയത്തിന് വേണ്ടിയാ ഞാൻ വാശി പിടിച്ചത് . പക്ഷെ ഇപ്പൊഴാ മനസിലായത് ഇത് എന്റെ മാത്രം പ്രണയമായിരുന്നുന്ന് .. ഇത്രയും നാൾ ഞാൻ കാരണം ഏട്ടനും ഏട്ടത്തിയും വിഷമിക്കുന്നുണ്ടല്ലോ എന്ന സങ്കടമേ ഉണ്ടായിരുന്നുള്ളൂ.... അതുറപ്പായും ഇന്നല്ലെങ്കിൽ നാളെ മാറുമെന്നറിയാം... കാരണം ഏട്ടനും ഏട്ടത്തിയ്ക്കും ഒരുപാട് നാളൊന്നും പിണങ്ങി നിക്കാൻ പറ്റില്ല... പക്ഷെ ഇപ്പൊ തോന്നുവാ ഒന്നും വേണ്ടായിരുന്നുന്ന്...ഇത് നടന്നില്ലായിരുന്നെങ്കിൽ ഞാൻ മാത്രമേ വേദനിക്കുകയുള്ളൂ...ബാക്കി എല്ലാവരോടും സന്തോഷിച്ചേനെ.. ജയ് അടക്കം...."" "" നീ വെറുതേ എഴുതാപ്പുറം വായിക്കല്ലേ ശ്രദ്ധാ..."" ""ജയ് എപ്പോഴെങ്കിലും ചിന്തിച്ച് നോക്കിയിട്ടുണ്ടോ ഞാൻ മറ്റൊരാളെ കല്യാണം കഴിക്കുന്നത്..?? ഓഹ്..ജയ് തന്നെ എന്നോട് വേറൊരാളെ കല്യാണം കഴിച്ചോ എന്ന് പറഞ്ഞതല്ലേ..??

ഞാനത് ഓർത്തില്ല.."" നൊവേറിയ ഒരു പുഞ്ചിരി ഉണ്ടായി അവളുടെ ചുണ്ടിൽ ""പക്ഷെ ഞാൻ ചിന്തിച്ചിട്ടുണ്ട്.. ജയ് മറ്റൊരുവളെ താലി കെട്ടുന്നത്... പ്രണയം നിറച്ച കണ്ണുകൾ കൊണ്ട് അവളെ നോക്കുന്നത്...... വിരൽ അവളിൽ കുറുമ്പ് കാണിക്കുന്നത്... അവളെ അത്രയേറെ പ്രണയർദ്രമായി ചുംബിക്കുന്നത് അങ്ങനെ അങ്ങനെ എന്തൊക്കെയോ... അപ്പൊ എനിക്ക് ഭ്രാന്ത് പിടിക്കും ജയ്... അലറി കരയാൻ തോന്നും... ജയ്യുടെ മനസിനെയും ശരീരത്തിലും മറ്റൊരുത്തിയുടെ ചൂട് പടരുന്നത്... ജയ്യുടെ മനസും ശരീരവും മറ്റൊരുവളുടെ ശരീരത്തിൽ ഉരസി ഇറങ്ങുന്നത്... ഒന്നും...അങ്ങനെ ഒന്നും തന്നെ എനിക്ക് ചിന്തിക്കാൻ പോലും പറ്റില്ല ജയ്... ഒന്ന് ചിന്തിച്ച് നോക്ക് ജയ്... ഞാൻ മറ്റൊരാളുടേതാവുന്നത്.. എന്റെ നഗ്നതയിൽ മറ്റൊരുവൻ ചുംബിക്കുന്നത്.. ജയ്ക്ക് സഹിക്കാൻ പറ്റുമോ..."" ""ഡീ....""" ദേഷ്യത്തോടെ അവളുടെ കണ്ണുകൾ ഇറുകി അടച്ച് അവളുടെ കൈയിൽ കൈ വേദനിക്കും വിധം അമർത്തി പിടിച്ചു.അവൾ ആ കൈയിലേക്ക് നോക്കി "" എനിക്ക് വിധിച്ച പ്രണയം എന്നിലേക്ക് തിരിച്ച് വരുന്നതും കാത്തിരിക്കാനുള്ള സമയവും ക്ഷമയും അന്ന് എനിക്കില്ലായിരുന്നു ജയ്....

എന്റെ കല്യാണം കൂടെ ജയ് പെണ്ണ് കാണാൻ പോകുന്നു എന്നറിവ്.. എല്ലാം കൂടി എന്നെ ഭ്രാന്ത് പിടിപ്പിച്ചിരുന്നു.. അതിനെക്കളേറെയായി എന്റെ പ്രണയത്തെ വിധിക്ക് വിട്ട് കൊടുക്കാൻ എനിക്ക് വയ്യായിരുന്നു... ജയ് "" ""ശ്രദ്ധാ...ഞാൻ നിന്നെ സ്നേഹിക്കുന്നില്ലെന്നാണോ നീ കരുതുന്നത്.. പക്ഷെ ആരുവിനെ ഓർക്കുമ്പോ..."" ""ജയ് വിചാരിക്കുന്നത് പോലെ എന്റെ ഏട്ടൻ ആരുടേയും ജീവിതം വെച്ച് കളിച്ചിട്ടില്ല... ഒരു ദേഷ്യത്തിന്റെ പുറത്ത് പറഞ്ഞു പോയൊന്നാണത്... ഏട്ടത്തിയെ എന്റെ ഏട്ടൻ അത്രയ്ക്ക് സ്നേഹിക്കുന്നുണ്ട്... അല്ലായിരുന്നെങ്കിൽ ഏട്ടത്തി ഇത്രയും അവഗണിച്ചിട്ടും ഏട്ടൻ പിന്നെയും വരുമായിരുന്നോ... എന്നെങ്കിലും ഏട്ടത്തിയുടെ പിണക്കം മാറുമ്പോ ജയ് ആയി അവരെ പിരിക്കരുത്... ഏട്ടത്തിയുടെ പിണക്കം മാറുന്നത് വരെ എന്റെ ഏട്ടൻ കാത്തിരുന്നോളും...ഒരു പക്ഷെ ജയ് എന്നെ സ്നേഹിക്കുന്നതിനേക്കാൾ കൂടുതൽ എന്റെ ഏട്ടൻ ഏട്ടത്തിയെ സ്നേഹിക്കുന്നുണ്ടാവും..""അവന്റെ കൈ വിടുവിച്ച് അകത്തേക്ക് പോയി ജയ് റൂമിൽ വന്നതറിഞ്ഞിട്ടും അങ്ങനെ തന്നെ കിടന്നു.വല്ലാത്തൊരു വാശി തോന്നി. ""ശ്രദ്ധാ... ""

പ്രതികരിക്കുന്നില്ലെങ്കിലും അവൾ കേൾക്കുന്നുണ്ടെന്ന് അവനറിയാമായിരുന്നു. ""ശ്രദ്ധാ...എനിക്ക് ബഹളം വെച്ച് സ്നേഹിക്കാനൊന്നും അറിയില്ല....എനിക്ക് ഇങ്ങനെയെ സ്നേഹിക്കാൻ അറിയൂ... നിന്നോട് മാത്രമല്ല ആരുവിനോട് പോലും ഞാൻ ഇങ്ങനെ തന്നെയാണ്... ആരുവിന്റെ സങ്കടം കണ്ടപ്പോൾ പറഞ്ഞു പോയതാ...ഓരോ തവണയും നിന്നെ ഓരോന്നു പറഞ്ഞ് ഒഴിവാക്കുമ്പോഴും എനിക്ക് വേദനിച്ചിട്ടില്ലാന്നാണോ നീ കരുതുന്നത്... നിന്നെ പോലെ എനിക്കും ഓർമ്മകൾ കുമിഞ്ഞു കൂടി ഭ്രാന്തെടുത്തിട്ടുണ്ട്... നിന്നെ സ്നേഹിക്കുന്നുണ്ടെന്ന് പറയാൻ ഞാനും ആഗ്രഹിച്ചിട്ടുണ്ട്.. ഓരോ പ്രാവിശ്യവും കെട്ടി പിടിക്കുമ്പോഴും തിരിച്ച് അങ്ങനെ തന്നെ ചെയ്യാൻ എനിക്കും തോന്നിയിട്ടുണ്ട്... എല്ലാറ്റിനും ഉപരിയായി ഒരാണിന് ഒരു പെണ്ണിനോട്‌ തോന്നുന്ന എല്ലാ വികാരവും എനിക്ക് നിന്നോട് തോന്നിയിട്ടുണ്ട്... പക്ഷെ എന്റെ അവസ്ഥ അതായിരുന്നു... ഇപ്പോഴും അത് തന്നെയാണ് എന്റെ പ്രശ്നം...."" ""അതിന് ഞാൻ ജയ്യോട് ഒന്നും പറഞ്ഞില്ലല്ലോ....എന്തെങ്കിലും ഞാൻ ഇപ്പൊ ജയ്യോട് ആവിശ്യപെട്ടോ... കാത്തിരിക്കാമെന്ന് ഞാൻ പറഞ്ഞതല്ലേ...

ജയ് തന്നെയല്ലേ പറഞ്ഞു തുടങ്ങിയത്.... പോയി ഭക്ഷണം കഴിക്കാൻ നോക്ക് "" അവൻ അവളെ നോക്കി ഇരിക്കുന്നത് മനസിലായതും തിരിഞ്ഞു നോക്കാതെ പറഞ്ഞു. ""നീ കഴിച്ചോ..."" ""മ്മ്മ്..."" ഭക്ഷണം കഴിച്ച് വന്ന് കിടന്നതും മോൻ കരയുന്നത് കേട്ട് എഴുന്നേറ്റ് പോകുന്നതുമൊക്കെ അറിഞ്ഞിരുന്നു. കുറച്ച് കഴിഞ്ഞ് മോനെ കട്ടിലിൽ കിടത്തി ജയ്യും കിടന്നു. ""ശ്രദ്ധാ.. എന്റെ സങ്കടമൊക്കെ നിന്റെ അടുത്താണ് തീർക്കാറെന്ന് നിനക്ക് തന്നെ അറിയില്ലേ "" ജയ് പറഞ്ഞു തുടങ്ങിയതും മോൻ കരഞ്ഞു തുടങ്ങിയിരുന്നു. ചെറിയ ശബ്ദം മതി അവൻ ഞെട്ടി ഉണരാൻ.. പിന്നെ കരച്ചിലായിരിക്കും... ""ഒച്ചയിടല്ലേ ജയ്... മോൻ കരയുന്നത് കണ്ടില്ലേ...""കുഞ്ഞിനെ പതിയെ തട്ടി ഉറക്കാൻ നോക്കി. ""ഒന്ന് മാറ്.. ജയ് കുഞ്ഞിനെ എടുക്കട്ടെ..."" എത്ര സമാധാനിപ്പിച്ചിട്ടും കരയുന്നത് കണ്ട് കുഞ്ഞിനേയും എടുത്ത് നടക്കാൻ തുടങ്ങി. ഒട്ടും കരച്ചിൽ നിർത്താതായപ്പോൾ ജയ് മോനെ വാങ്ങി. """"തുടരും """"""

അടുത്ത രണ്ട് പാർട്ടിനുള്ളിൽ ശരണിനെയും ആരതിയെയും സെറ്റ് ആക്കാം ❤

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story