സസ്‌നേഹം: ഭാഗം 22

sasneham new

എഴുത്തുകാരി: നിധാന എസ് ദിലീപ്

""ഒച്ചയിടല്ലേ ജയ്... മോൻ കരയുന്നത് കണ്ടില്ലേ...""കുഞ്ഞിനെ പതിയെ തട്ടി ഉറക്കാൻ നോക്കി. എന്നിട്ടും കരയുന്നത് കണ്ട് കുഞ്ഞിനേയും എടുത്ത് നടക്കാൻ തുടങ്ങി. ഒട്ടും കരച്ചിൽ നിർത്താതായപ്പോൾ ജയ് കുഞ്ഞിനെ എടുത്തു. എന്നിട്ടും കരച്ചിൽ നിന്നിട്ടില്ല. ചില നേരത്ത് എടുത്തു നടന്നാലും രക്ഷ ഉണ്ടാവില്ല... കുഞ്ഞി ചെക്കന് തന്നെ തോന്നണം കരച്ചിൽ നിർത്താൻ. ""ചിലപ്പോ വിശന്നിട്ടായിരിക്കും... പാല് കൊടുത്തു നോക്ക്..."" അപ്പോഴേക്കും അമ്മയും ഏട്ടത്തിയും വന്നിരുന്നു. കുഞ്ഞിനേയും എടുത്ത് അകത്തേക്ക് പോയി. മോന്റെ വായിലേക്ക് നിപ്പിൾ വെച്ചപ്പോഴേക്കെ തന്നെ തല വെട്ടിച്ചു കളഞ്ഞു കുഞ്ഞി ചെക്കൻ. ""വിശന്നിട്ടല്ല... ഇത് വെറ്തെയുള്ള വാശിയാ....""കുഞ്ഞിനെ മാറിൽ നിന്ന് അല്പം അകറ്റി പിടിച്ച് ഒരു കൈ കൊണ്ട് നൈറ്റിയുടെ സിബ് ഇട്ടു. "" ഇങ്ങോട്ട് വാടാ... ഞാൻ നോക്കട്ടെ നിന്റെ കരച്ചിൽ മാറ്റാൻ പറ്റ്വോന്ന്.. ""

""അമ്മമ്മയെ കൊണ്ടൊന്നും അമ്മേടെ കുഞ്ഞന്റെ വാശി മാറ്റാൻ പറ്റൂല.. അല്ലേടാ കുഞ്ഞി ചെക്കാ...."" കുഞ്ഞന്റെ താടി തുമ്പിൽ ഒരു കുഞ്ഞ് ഉമ്മ വെച്ചു. കുഞ്ഞിനെ എടുക്കുന്നതിനിടയിൽ ഏട്ടത്തിയെ നോക്കിയ ആ കണ്ണിൽ കണ്ണുനീരിന്റെ തിളക്കമുണ്ടായിരുന്നു.അത് ഒളിപ്പിക്കാനെന്നോണം വേഗം മോനെയും കൊണ്ട് പുറത്തേക്ക് നടന്നു. പണ്ടുള്ള ദേഷ്യമോ വെറുപ്പോ ഒന്നും അവരോട് ഇപ്പോ ഇല്ല.. പക്ഷെ അമ്മേ എന്ന് വിളിക്കാൻ ഇപ്പോഴും മനസ് ഒരുങ്ങിയിട്ടില്ല. അമ്മ എന്ന വാക്കിന് ഇന്നും അർത്ഥം ഫോട്ടോയിൽ മാത്രം ശീലം ഉള്ള.... എവിടെയൊക്കെയോ എന്നെ പോലെ ഉള്ള ഒരു മുഖമാണ്.ഏട്ടനെ മടിയിൽ കിടത്തി ഒരു പാട് കഥകൾ പറഞ്ഞു കൊടുക്കുന്ന അമ്മ... ഏട്ടൻ പറഞ്ഞു കേട്ട് കാണാൻ ഒത്തിരി കൊതി തോന്നിയ അമ്മ.... മോനെയും എടുത്തു കുഞ്ഞും ഇനിയും പോകുന്ന ശ്യാമയെ നോക്കി ആരതി. പിറകിൽ ജയ് ഉണ്ടെന്ന് അറിഞ്ഞും വേഗം കട്ടിലിൽ കയറി കിടന്നു. ""വേഗം കിടക്ക് ജയ്... എനിക്ക് ലൈറ്റ് ഓഫ്‌ ആകണം...ഇനി ആകെ രണ്ട് മൂന്നു മണിക്കൂറെ ഉറങ്ങാൻ പറ്റൂ...""

തിരിഞ്ഞു നോക്കിയതേ ഇല്ല.ജയ് കട്ടിലിന്റെ ഒരത്ത് കിടക്കുന്നത് അറിഞ്ഞു. ""നീ ഉറങ്ങിയോ..."" ""മ്മ്ഹ്ഹ്..."" ""ശ്രദ്ധാ..."" ""എനിക്ക് ഉറക്കം വരുന്നു ജയ്... കണ്ണൊക്കെ പുളിക്കുന്നു...."" കണ്ണുകളടഞ്ഞു പോകുന്നുണ്ടായിരുന്നു. ജയ് ശ്രദ്ധയുടെ മോളിൽ കൂടി ലൈറ്റ് ഓഫ്‌ ആക്കാൻ കൈ എത്തി പിടിച്ചപ്പോൾ നോട്ടം അറിയാതെ ശ്രദ്ധയുടെ മുഖത്തേക്ക് നോക്കി. ചുവരിൽ തല മുട്ടിച്ചുള്ള കിടപ്പ്... ഇന്നലെ പറഞ്ഞിട്ടുമ് തീരാത്ത വാശി എങ്ങനെയൊക്കെയോ തീർക്കാൻ നോക്കുകയാണ്.അതാണ് ഈ അകലം പാലിക്കൽ... മുടിയിൽ പതിയെ തലോടി. അവൾ ഞെരങ്ങിയതും കൈ വേഗം വലിച്ചു. ഒന്ന് കൂടി ചുരുണ്ടു കൂടി കിടന്നു അവൾ. എന്നത്തേയും പോലെ ഒരു സൈഡിലേക്ക് ഉതിർന്നു വീണ പുതപ്പ് ഒന്ന് കൂടി പുതപ്പിച്ചു കൊടുത്തു.ഒരല്പം അവളുടെ അടുത്തേക്ക് നീങ്ങി കിടന്നു. കണ്ണ് തുറന്നപ്പോൾ കണ്ടത് ജയുടെ മുഖമായിരുന്നു.അതും അത്രയും അടുത്ത്...

ഒന്ന് മുന്നോട്ടാഞ്ഞാൽ ജയുടെ ചുണ്ടിൽ ചുണ്ട് തൊടുന്നത്ര അടുത്ത്... ജയുടെ താടിയിലെ രോമങ്ങൾ കവിളിൽ ഇക്കിളി പെടുത്തുന്ന ദൂരത്തിൽ...എന്തിനോ കണ്ണുകൾ അവന്റെ മുഖത്താകെ തേടി നടന്നു....ഒടുവിൽ പ്രിയപ്പെട്ടതിൽ കണ്ണെത്തി നിന്നു.....രോമങ്ങൾ കൊണ്ട് മറച്ചു വെച്ച ആ താടി ചുഴിയിൽ .... ജയ് ചിരിക്കുമ്പോൾ ഒന്ന് കൂടി കുഴിഞ്ഞു പോവുന്ന ആ താടി ചുഴിയിൽ പല്ലുകൾ ആഴ്ത്തണമെന്ന് തോന്നി. മുന്നോട്ടാഞ്ഞതും അവന്റെ താടി രോമങ്ങൾ ചുണ്ടിൽ തട്ടി...തല അതെ വേഗത്തിൽ പിന്നോട്ടേക്ക് വലിച്ചു. കുറച്ച് അധികം നേരം വേണ്ടി വന്നു എന്താ ഇപ്പൊ ചെയ്യാൻ പോയത് എന്ന് ഓർത്തെടുക്കാൻ തന്നെ....വേഗം തന്നെ ജയ്യേ ഉണർത്താതെ പിറകോട്ട് നിരങ്ങി കിടന്നു. കണ്ണുകൾ ഇരുകെ ചിമ്മി കൊണ്ട് ശ്വാസം ആഞ്ഞു വലിച്ചു. ഒന്നാമതെ ആളോട് പിണക്കമാണ്... അല്ലെങ്കിലും ഇത് പോലെത്തെ കുരുത്തകേടിന് ഇത് വരെ മുതിർന്നിട്ടില്ല.

ചമ്മൽ വിട്ട് മാറുന്നില്ല.എഴുന്നേറ്റ് മുഖം പൊത്തിയിരുന്നു.... കുറച്ച് കഴിഞ്ഞ് മൊബൈൽ എടുത്തു നോക്കിയപ്പോൾ ഞെട്ടി പോയി. നേരം ഒരുപാടായിരിക്കുന്നു . ഇന്ന് ഓഫീസിൽ എത്താൻ ലേറ്റ് ആവും.. ഉറപ്പാണ്... ധൃതി പിടിച്ച് എഴുന്നേറ്റു. അമ്മയും ലേറ്റ് ആയിരുന്നു. അമ്മയ്ക്ക് എന്തൊക്കെയോ സഹായിച്ചു കൊടുത്ത് കുളിക്കാൻ വേണ്ടി ഓടി. ജയ് വിളിച്ച് എഴുന്നേൽപ്പിക്കാനൊന്നുമ് നിന്നില്ല... ഡ്രസ്സുമെടുത്തു ഏട്ടത്തിയുടെ മുറിയിലേക്ക് ഒരു ഓട്ടമായിരുന്നു. എല്ലാവരുടെയും ഉറക്കം കളഞ്ഞ ആശാൻ നന്നായിട്ട് ഉറങ്ങുവാണ്.അപ്പോഴേക്കും ശ്രുതിയും എത്തിയിരുന്നു. ഭക്ഷണം കഴിക്കാൻ പോലും നിൽക്കാതെ ഇറങ്ങി. അമ്മയോട് പുറത്തു നിന്ന് കഴിച്ചോളമെന്ന് പറഞ്ഞു.കാർ സ്റ്റാർട്ട്‌ ചെയ്യുന്ന ശബ്ദം കേട്ടിട്ടാണെന്ന് തോന്നുന്നു ജയ് ഉറക്ക ചടവോടെ ഇറയത്ത് വന്ന് ചുമരിൽ ചാരി ഇരുന്നു.കാറിലേക്ക് തന്നെ നോക്കുന്നുണ്ട്...

ആ നോട്ടം മിന്നായം പോലെ കാർ മറഞ്ഞു പോകുന്ന വരെ ഉണ്ടായിരുന്നു. 🏵️🏵️🏵️🏵️🏵️🏵️🏵️🏵️ ""ശരൺ.....""" പിറകിൽ നിന്നു അപ്പയുടെ ശബ്ദം കേട്ടതും ടേബിളിൽ നിന്ന് മുഖം ഉയർത്തി... ഇരു കൈകൾ കൊണ്ടും അമർത്തി തുടച്ചു.ഒരു നിമിഷം അങ്ങനെ തന്നെ ഇരുന്നു....പിന്നെ തിരിഞ്ഞു നോക്കി. """ഇന്നലെ ഇങ്ങനെ ആണോ ഉറങ്ങിയത്.... ഡോർ പോലും അടക്കാണ്ട്..... നോക്കിയേ.. ബാൽക്കണിയിലെ ഡോറും അടച്ചിട്ടില്ല..."" തുറന്ന് കിടക്കുന്ന ഡോർ ചൂണ്ടി കാണിച്ചു. "" ഇന്നലെ ഓഫീസിലെ കുറച്ചു വർക്ക്‌ കംപ്ലീറ്റ് ചെയ്യാൻ ഉണ്ടായിരുന്നു....അത് ചെയ്ത് കൊണ്ടിരിക്കുമ്പോൾ എപ്പോഴോ ഉറങ്ങി പോയതാ.... അപ്പ ഇപ്പൊ വിളിച്ചപ്പോഴാണ് നേരം വെളുത്തത് പോലും അറിഞ്ഞത്.... ""മുഖത്തേക്ക് നോക്കാതെ പറഞ്ഞു. ""എന്തിനാ എന്റെ മോൻ ആരോടും പറയാണ്ട് ഇങ്ങനെ എല്ലാം ഉള്ളിൽ ഒതുക്കുന്നേ...ആരോടെങ്കിലും പറഞ്ഞു കൂടെ നിനക്ക് അതൊക്കെ...""

അവന്റെ കവിളിൽ തലോടി. ""നിന്നെ ഓർത്ത് ആധി പിടിച്ചൊരാൾ താഴെ ഇരിക്കുന്നുണ്ട്... ശ്രദ്ധ ജനിച്ചതിന് ശേഷം നിന്നെ സ്നേഹിക്കാൻ മറന്നു പോയോന്നൊക്കെ ചോദിച്ച് ഇന്നലെ രാത്രി മുഴുവൻ ഒരേ പതം പറച്ചിലായിരുന്നു നിന്റെ അമ്മ...നിന്നെ താഴേക്ക് കാണാഞ്ഞപ്പോൾ അവളോട് നീ ഒന്നും തുറന്ന് പറയില്ല.. ഒന്ന് പോയി സംസാരിക്ക് എന്ന് പറഞ്ഞ് എന്നെ ഇങ്ങോട്ട് തള്ളി വിട്ടതാ ....പുറമേ കാണിക്കുന്ന ഈ തന്റേവും ധൈര്യവുമൊക്കെയേ ഒള്ളൂ അവൾക്ക്... ചെറിയ കാര്യം മതി തളരാൻ...പ്രത്യേകിച്ച് നിങ്ങൾ മക്കളുടെ കാര്യത്തിൽ..."" മറുപടി എന്ന പോലെ അച്ഛന്റെ ദേഹത്തേക്ക് തല ചായ്ച്ചു. ""ആമ്പിള്ളേര് കരയാൻ പാടില്ലാന്നൊക്കെ പറയുന്നത് വെറുതെയാടാ... നിനക്ക് കരഞ്ഞാൽ സമാധാനം കിട്ടുമെങ്കിൽ നീ കരഞ്ഞോടാ.... ഇങ്ങനെ ഉള്ളിൽ കൊണ്ട് നടക്കേണ്ട..."" അവന്റെ പുറത്ത് തട്ടി കൊണ്ടിരിക്കുന്നു.

"" എന്ത് കോലാടാ ഇത്... അപ്പയ്ക്ക് വയ്യടാ നിന്നെ ഇങ്ങനെ കാണാൻ...നിനക്കീ താടീം മുടിയുമൊക്കെ ഒന്ന് വെട്ടിക്കൂടെ...""" അവന്റെ ചെമ്പിച്ചു തുടങ്ങിയ തല മുടിയിൽ വിരലോടിച്ചു. "" ഇപ്പൊ ഒന്നും വയ്യപ്പാ.. കുറച്ചു കഴിയട്ടെ..."" ""നമുക്ക് ഒക്കെ ശരിയാക്കാടാ... എപ്പോഴും സ്നേഹിച്ചാൽ പോരല്ലോ... ഇടക്കൊക്കെ ഇങ്ങനെ പിണങ്ങി പിരിയണം... അപ്പോഴേ നമുക്ക് അവരെത്ര വലുതായിരുന്നെന്ന് മനസിലാവൂ...""" ""അപ്പ ഇല്ലെടാ കൂടെ... പിന്നെന്താ..."" ഒന്നും പറയാതെ ശരൺ അപ്പയുടെ വയറിൽ മുഖം പൂഴ്ത്തി നിന്നപ്പോൾ അവന്റെ ഷോൾഡറിൽ പിടിച്ചു കുലുക്കി. """എനിക്കറിയാം അപ്പ...ഞാൻ ഒക്കെയാണ് ഇപ്പൊ ..അപ്പ താഴേക്ക് പോയിക്കോ... ഞാൻ വന്നോളാം..."" ""അത് വേണ്ട...ഓഫീസിൽ പോവേണ്ടെ നിനക്ക്...പോയി ഫ്രഷ് ആയിട്ട് വാ...അത് വരെ ഞാൻ ഇവിടെ നിക്കാം... ഒരുമിച്ച് താഴേക്ക് പോവാം ”" ശങ്കറിനെ നോക്കി ചിരിച്ചെന്ന് വരുത്തി ബാത്റൂമിലേക്ക് പോയി. 🏵️🏵️🏵️🏵️🏵️🏵️🏵️🏵️ ""ഡാ...ജിത്തു..കഴിഞ്ഞാഴ്ച വാങ്ങിയ അമ്പത് പാക്കറ്റ് മുളകിന്റെ കണക്ക് നീ എവിടെയാടാ എഴുതിവെച്ചത്..

.""ഷോപ്പിലെ തിരക്കൊന്ന് ഒഴിഞ്ഞപ്പോൾ കണക്കൊക്കെ നോക്കാൻ വേണ്ടി ഇരുന്നതാണ്...ആരുവിന്റെ പ്രസവമൊക്കെ ആയി ഷോപ്പ് ശരിക്ക് ശ്രദിക്കത്തോണ്ട് കുറേ ദിവസത്തെ കണക്കുണ്ട് നോക്കാൻ... ""എപ്പോ വാങ്ങിച്ചതാ ജയ്യേട്ടാ..."" അതൊരു പേട് ആണ്... കൂടെ നിർത്താവോ ജയ്ന്ന് പരിചയക്കാരൻ ഒരാൾ ചോദിച്ചപ്പോൾ കൂടെ നിർത്തിയതാണ്... ""കഴിഞ്ഞാഴ്ച റാക്കിൽ നിന്ന് പൈസ എടുക്കുന്നുണ്ടേന്ന് പറഞ്ഞ് നീ എന്നെ വിളിച്ചത് പിന്നെ തേങ്ങ കൊല വാങ്ങാനായിരുന്നോ..??"" ദേഷ്യം അങ്ങ് ഉച്ചിയിലേക്ക് കേറി. ഒരു കാര്യം നേരാ വണ്ണം ചെയ്യില്ല ചെക്കൻ... ""ഓഹ്... അതോ... അത് അവസാനം എഴുതിയിട്ടുണ്ട്..."" ""എവിടെ... ഞാൻ കാണുന്നില്ലല്ലോ..."" എല്ലാം കൂടി വെട്ടി കുത്തി വെച്ചിട്ടുണ്ട് കണക്കൊന്നും മനസിലാവുന്നില്ല...ആറാണോ പൂജ്യമാണോ ഒന്നും മനസിലാവുന്നില്ല.കാൽക്കുലേറ്റർ കാണാഞ്ഞ് കണക്ക് കൂട്ടാൻ ടേബിളിന്റെ ഡ്രോയിൽ വെച്ചിരുന്ന ഫോൺ എടുത്തപ്പോഴാണ് രണ്ട് മിസ്സ്‌ കാൾ... ശ്രദ്ധയാണ്... തിരിച്ചു വിളിച്ചപ്പോൾ സ്വിച്ച് ഓഫ്‌.. എടുക്കാത്തപ്പോൾ വാശി കേറി ഓഫ്‌ ചെയ്തതാവും...

ഒന്ന് താണ് കൊടുത്തപ്പോൾ വാശി ഇത്തിരി കൂടുതലാണ് പെണ്ണിന്...പിന്നെ വിളിച്ചു നോക്കിയില്ല. ""ഡാ... ജിത്തു...."" ""ഈ ജയ്യേട്ടനെ കൊണ്ട്..."" എന്തൊക്കെയോ പിറുപിറുത്തു കൊണ്ടാണ് വരവ്... ""ദാ.. ഇവിടെ എഴുതിയിട്ടുണ്ട്..."" ബുക്കിന്റെ ഏറ്റവും അവസാനത്തെ പേജ് കാണിച്ചു കൊണ്ട് പറഞ്ഞു കൊണ്ട് പറഞ്ഞു. ""നിന്നോട് അന്നന്നുള്ള കണക്ക് അന്നന്ന് എഴുതണം എന്ന് പറഞ്ഞതല്ലേ... ഇവിടെയാണോ ഇത് എഴുതേണ്ടത്...""അവന്റെ ചെവി പിടിച്ചു തിരിച്ചു. ""അആഹ്ഹ... വിട് ജയ്യേട്ടാ... ചെവി വേദനിക്കുന്നു... ഞാൻ മറന്ന് പോയിട്ടാ.. ഞാനാ പേജിന്റെ അവസാനം അത് എഴുതിയിട്ടുണ്ടല്ലോ..."" നോക്കിയപ്പോൾ ആ പേജിലെ കണക്കിന്റെ അവസാനം പെൻസിൽ കൊണ്ട് 'ലുക്ക്‌ ലാസ്റ്റ് പേജ് ' ന്ന് ചെറിയ അക്ഷരത്തിൽ എഴുതിയിരിക്കുന്നു. ഇവനെ എന്താ വേണ്ടത്...എല്ലാം എടുത്തു എറിയാനാണ് ആദ്യം തോന്നിയത്... എല്ല ദിവസത്തെയും കണക്കൊക്കെ ശരിയാക്കിയപ്പോൾ തന്നെ നേരം ഇരുട്ടാൻ തുടങ്ങിയിരുന്നു. ഷോപ്പിൽ നിന്ന് ഇറങ്ങാൻ നോക്കുമ്പോൾ ഫോൺ പിന്നെയും റിങ് ചെയ്തു... ആരുവാണ്

""ഏട്ടാ... ശ്രദ്ധ ഇത് വരെ എത്തിയില്ല... ഫോണിൽ വിളിച്ചിട്ടാണെ കിട്ടുന്നില്ല...സ്വിച്ച് ഓഫ്‌ന്നാ പറയുന്നേ...""പരിഭ്രാമത്തോടെ ആണ് പറഞ്ഞത്.. ""നീ ടെൻഷൻ അടിക്കേണ്ട.. ഞാൻ വിളിച്ചു നോക്കട്ടെ... ഓഫീസിൽ തിരക്കായത് കൊണ്ടാവും... എന്നെ നേരത്തെ വിളിച്ചിരുന്നു..."" ഈ പെണ്ണ്...ആളെ പേടിപ്പിക്കാനായിട്ട്.. ഒന്ന് കൂടി ഫോൺ ചെയ്ത് നോക്കി... ഫോൺ സ്വിച്ച് ഓഫ്‌ തന്നെ... എന്തോ ഉൾഭയം.വീണ്ടും ഡയൽ ചെയ്യാൻ നോക്കിയപ്പോഴേക്കും കൂട്ടുകാരന്റെ കാൾ വന്നു. ശ്രദ്ധയ്ക്ക് ആക്സിഡന്റ്...ലോറി നിയന്ത്രണം വിട്ട് വന്നിടിച്ചതാണെന്ന്... കൈകൾ വിറച്ചു പോയി... ശരീരം തളർന്നു പോകും പോലെ...അവൾ നേരത്തെ വിളിച്ചതല്ലേ..... കണ്ണുകൾ നിറഞ്ഞൊഴുകി....നെഞ്ച് വല്ലാതെ മിടിക്കുന്നു... ഹോസ്പിറ്റലിലേക്ക് പോകവേ കണ്ടു റോഡ് സൈഡിൽ തകർന്നു കിടക്കുന്ന അവളുടെ കാർ... ഒരു മരത്തിൽ ഇടിച്ചു നിർത്തിയിരിക്കുന്നു. പിൻവശം ചുളുങ്ങിയിരിക്കുന്നു.ഒരു ലോറി അടുത്തായി നിർത്തിയിട്ടുണ്ട്.ഇപ്പോഴും ആൾക്കാർ കുറച്ചു പേർ നോക്കി നിൽക്കുന്നു. അത് കാണവേ ഭയം പൊതിയുന്ന പോലെ...വണ്ടി ഒന്ന് ബ്രേക്ക്‌ പിടിച്ചു...

ഡ്രൈവ് ചെയ്യാൻ പോലും പറ്റുന്നില്ല.. കൈയും കാലും വിറയ്ക്കുന്നു...സ്റ്റീറിങ്ങിൽ തല വെച്ച് കിടന്നു... എത്ര വേദനിച്ചു കാണും. രാവിലെ പിണങ്ങി ഇറങ്ങി പോയ പെണ്ണാണ്... പോകുമ്പോ തന്നെ ഒന്ന് നോക്കുക കൂടി ചെയ്തില്ല അവൾ... ഇന്നലെ രാത്രി തന്നോടുള്ള പ്രണയം പറഞ്ഞു കണ്ണ് നിറച്ചവൾ...എന്റെ പെണ്ണ്...... ഒന്ന് ജീവിച്ചു തുടങ്ങിയിട്ടു കൂടിയില്ലാലോ ഈശ്വരാ... ഞങ്ങൾ.. ഉള്ള് തുറന്ന് സ്നേഹിക്കാൻ തുടങ്ങിയിട്ടല്ലേ ഉള്ളൂ... ഒന്നും പറ്റില്ല അവൾക്ക്... അങ്ങനെ ഒന്നും ആ കുട്ടി പിശാച് എന്നെ വിട്ട് പോവില്ല... എനിക്ക് വേണ്ടി കാത്തിരിക്കാംന്ന് പറഞ്ഞതല്ലേ... അവൾക്ക് അങ്ങനെ പോകാൻ പറ്റുമോ...എന്തൊക്കെയോ പറഞ്ഞു മനസിനെ സമാധാനിപ്പിക്കാൻ നോക്കി. അന്ന് കാർ ഇങ്ങോട്ട് കൊണ്ട് വരാൻ സമ്മതിക്കണ്ടായിരുന്നു...സമ്മതിച്ച ആ നിമിഷത്തെ ശപിച്ചു കൊണ്ടിരുന്നു... എത്ര വേഗത്തിൽ പോയിട്ടും എത്താത്തത് പോലെ... ദേഹം തളർന്നു പോകുന്നു... കണ്ണുനീർ കാഴ്ച മറക്കാൻ തുടങ്ങിയിരിന്നു..അലറി അലറി കരയാൻ തോന്നി... ശ്രദ്ധ....ചുണ്ടുകൾ മന്ത്രിച്ചു കൊണ്ടിരുന്നു. """"തുടരും """""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story