സസ്‌നേഹം: ഭാഗം 24

sasneham new

എഴുത്തുകാരി: നിധാന എസ് ദിലീപ്

""വരുമോ...???"" മിണ്ടാതെ നിൽക്കുന്നവളുടെ അടുത്തു പോയി നിന്നു.ഒരു ബലത്തിനെന്നോണം നൈറ്റിയിൽ മുറുകെ പിടിച്ചു. ""ഇല്ലാന്നാണെ പറയണ്ട..."" ഒരു പോലെ വേദനിക്കുന്നുണ്ട്... പക്ഷെ അതിലേറെ ആഴത്തിൽ മുറിവേറ്റിരിക്കുന്നു അവളുടെ ഹൃദയത്തിൽ...ശ്വാസം വല്ലാതെ കനത്തു തുടങ്ങി...മൗനം മാത്രം.. ""ഇത് പിണക്കം മാത്രമല്ലെ .. ആരൂ....അതോ ഇനി ഒരിക്കലും സ്നേഹിക്കാൻ പറ്റാത്തത്ര എന്നെ വെറുത്തോ നീ ..??"" മൗനം മാത്രം..... ഉള്ളം അവനോടായി കലഹിക്കുന്നുണ്ട്.... ദേഷ്യം...പരിഭവം...സങ്കടം അങ്ങനെ എല്ലാം തിങ്ങി നിറയുന്നുണ്ട്...പക്ഷെ വാക്കുകൾ പിണങ്ങിയത് പോലെ... അപ്പോഴേക്കും താഴ്ത്തി പിടിച്ച മുഖം കൈകൾക്കുള്ളിലാക്കിയിരുന്നു ""വെറുപ്പാണെങ്കിൽ എന്തിനാ കണ്ണ് ഇങ്ങനെ നിറച്ചിരിക്കുന്നെ..."" നിറഞ്ഞൊഴുകിയ കണ്ണുകൾ തള്ള വിരലുകൾ കൊണ്ട് തുടച്ചു കൊടുത്തു.പ്രധിഷേധമെന്ന പോലെ വീണ്ടുമത് ഒഴുകി.

"" ഒരു ദേഷ്യത്തിന്റെ പുറത്ത് നിന്റെ ഏട്ടനോട് പറഞ്ഞു പോയതാടി അത്....അന്നു തൊട്ട് അതോർത്ത് ഉരുകാൻ തുടങ്ങിയതാ ഞാൻ.....ഇനി ഒരിക്കലും ആവർത്തിക്കില്ല ആരൂ ... ഒന്ന് വിശ്വസിക്കെടി എന്നെ..."" കണ്ണീർ ഒഴുക്കിയുള്ള മൗനം വീണ്ടും അവർക്കിടയിൽ തിങ്ങി നിറഞ്ഞു ... ""കരയേണ്ട... എനിക്ക് മനസിലാവും നിന്നെ... ഇങ്ങനെ നിന്നെ കരയിക്കാനല്ലായിരുന്നു കൂടെ കൂട്ടിയത്.... പക്ഷെ ഇപ്പൊ ആ ഞാൻ തന്നെ നിന്നെ കരയിക്കുവാ അല്ലെടി....എന്നെങ്കിലും എന്നോട് പൊറുക്കുംന്നറിയാം..അതു വരെ കാത്തിരുന്നോളാം....""സ്വയം വേദനിച്ചു കൊണ്ട് അവനെ ശിക്ഷിക്കുന്നു...കണ്ണുകൾ അടച്ചു നിന്നു. ""നാളെ രാത്രി ചെന്നൈയ്ക്ക് പോവ്വാ... മോന്റെ നൂലു കെട്ടിന്റെ തലേ ദിവസമേ ഇനി മടങ്ങി വരൂ...അതോണ്ട് നിന്നേം മോനെയും കാണാൻ വേണ്ടി വന്നതാ...ഒന്ന് എല്ലാത്തിൽ നിന്നും മാറി നിൽക്കണമെന്ന് തോന്നി...നിനക്കും അതാ നല്ലത്...

അവിടെ ആകുമ്പോൾ നിന്നു തിരിയാൻ സമയം കിട്ടില്ലല്ലോ.. അപ്പൊ നിനക്കും ശല്യമുണ്ടാവില്ലല്ലോ...അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു.. എന്തെങ്കിലും ഒന്ന് സംസാരിക്ക് ആരൂ ...പോയി വാന്നെങ്കിലും ഒന്ന് പറയ്.... "" "" ശരണേട്ടാ... പ്ലീസ്.... ""കവിളിൽ വെച്ച കൈകൾ അടർത്തി മാറ്റി അല്പം പിറകോട്ട് നിന്നു...അവൾ അകന്നു മാറവേ ഉള്ളിൽ നോവേറി... ""പോട്ടെ ഞാൻ....??"" സമ്മതമെന്ന അർത്ഥത്തിൽ തലയാട്ടുക മാത്രം ചെയ്തു.അവൻ പോകുന്നത് വാതിൽ പാളിയിൽ ചാരി നോക്കി നിന്നു. 🏵️🏵️🏵️🏵️🏵️🏵️🏵️ ""ശ്രദ്ധയെ വീട്ടിലേക്ക് കൂട്ടാം....അവിടെ ആരതിയും കുഞ്ഞും ഉള്ളതല്ലേ... എല്ലാവരെയും നോക്കാൻ ശ്യാമയ്ക്ക് പറ്റില്ലല്ലോ..."" അമ്മ അത് പറഞ്ഞതിന് എന്തിനാണാവോ എന്നെ നോക്കുന്നത്... ആൾക്ക് ഭാര്യ അടുത്തു വേണേൽ അത് പറഞ്ഞു കൂടെ... അങ്ങനെത്തെ ആഗ്രഹമൊന്നും ഇല്ലാത്തൊണ്ടല്ലേ ഇങ്ങനെ മിണ്ടാതെ നിൽക്കുന്നത്...

ഞാൻ നോക്കികോളാംന്ന് പറഞ്ഞു കൂടെ...ഏട്ടത്തിയാണ് എന്റെ സ്ഥാനത്തെങ്കിൽ ജയ് നോക്കില്ലായിരുന്നോ...എന്നെ അല്ലെങ്കിലും വേണ്ടല്ലോ ജയ്ക്ക്...അല്ലെങ്കിലും ഞാൻ ആരാ ജയ്യുടെ...?? ""ശരൺ ഇന്ന് ചെന്നൈയ്ക്ക് പോവ്വാ.....അവിടെ പോയാൽ പിന്നേ അവൻ ഭയങ്കര ബിസി ആയിരിക്കും... ഒന്ന് ഫോൺ വിളിക്കാൻ പോലും സമയം കിട്ടില്ല....ഇവൾ ഉണ്ടെ ഞങ്ങൾക്ക് ഒരു കൂട്ടാവുമല്ലോ ....."" ജയ്യുടെ തെളിച്ചമില്ലാത്ത മുഖം കണ്ടിട്ടാവും അമ്മ അങ്ങനെ പറഞ്ഞത്.. ""സാരല്ല...ശ്രദ്ധ അവിടെ നിന്നോട്ടെ..."" പറഞ്ഞത് പത്മയോടാണെങ്കിലും നോട്ടം ചെന്നെത്തിയത് ശ്രദ്ധയിലായിരുന്നു... ""ഞാൻ ഒന്ന് കുളിച്ചിട്ട് വരാം...ആരെങ്കിലും വരാൻ വേണ്ടി കാത്തിക്കുകയായിരുന്നു..."" അതും പറഞ്ഞ് അമ്മ കുളിമുറിയിൽ കേറിയതും ജയ് കട്ടിൽ വന്നിരുന്നു... ഒരു കൈ എടുത്ത് എന്റെ മറുഭാഗത്ത് വെച്ചു....എന്റെ കണ്ണുകൾ ആ കൈയിൽ ആയിരുന്നു...

ഇടുപ്പിനടുത്തായി തൊട്ടു തൊട്ടില്ല എന്ന പോലെ വെച്ച കൈകളിൽ... ""വേദന കുറഞ്ഞോ..."" ചോദ്യം കേട്ട് ജയ്യുടെ മുഖത്തേക്ക് നോക്കി. അത്രയേറെ നേർമ ശബ്ദത്തിൽ.... ശബ്ദത്തിലെ ആർദ്രത ആ കണ്ണുകളിലും... വേദന കാരണം ഞാൻ ഇന്നലെ ഉറങ്ങിയില്ലെന്ന് ജയ് വന്നപ്പോൾ അമ്മ പറഞ്ഞിരുന്നു... എനിക്ക് വേണ്ടി വേദനിക്കുന്ന കണ്ണുകൾ നോക്കി കിടന്നു....കൈയും തലയുമൊക്കെ നല്ല വേദനയുണ്ടായിരുന്നു.. പനിക്കുകയും ചെയ്തു രാത്രി.... പക്ഷെ ഇതൊക്കെ ഞാൻ ഇങ്ങനെ കിടക്കുന്നത് കൊണ്ടുള്ള അലിവാണെന്ന തോന്നൽ തെല്ലൊന്നുമല്ല വേദനിപ്പിച്ചത്... ""എഴുന്നേറ്റ് ഇരിക്കണോ നിനക്ക്..."" ""വേണ്ടാ..."" "" നിനക്ക് നിന്റെ വീട്ടിലേക്ക് തന്നെ പോവണംന്നുണ്ടോ.. "" ചെവിക്ക് പിറകിലേക്ക് വിരലോടിച്ചു കൊണ്ട് മുഖത്തേക്ക് വീണു കിടന്ന മുടിയിഴകൾ ചെവിക്ക് പിറകിലേക്ക് തിരുകി വെച്ചപ്പോൾ അറിയാതൊന്ന് കഴുത്തു വെട്ടിക്കാൻ നോക്കി.. ""പോവണോ നിനക്ക്....ഇവിടെ.. നമ്മുടെ വീട്ടിൽ നിന്നാൽ പോരെടി ...??"" ഒന്നു കൂടിയാ ചോദ്യം ആവർത്തിച്ചു... നേർത്ത സ്വരം നെഞ്ചിലേക്ക് തുളച്ചു കയറും പോലെ....

"" അപ്പൊ അമ്മയും അപ്പയും ഒറ്റക്കാവില്ലേ...??"" നിരാശയുണ്ടോ ആ മുഖത്ത്... ""എപ്പോഴാ തിരിച്ചു വരിക..."" "" എപ്പോഴാ വരുവാന്നോന്നും പറഞ്ഞില്ല...രണ്ട് മൂന്ന് സൈറ്റ്ണ്ട് അവിടെ....സാദാരണ ആറ് മാസമൊക്കെ കൂടുമ്പോ പോയിട്ട് ...രണ്ട് മൂന്നാഴ്ച അവിടെ നിന്നിട്ട് എല്ലാം റെഡി ആക്കിയിട്ട് വരാറാ പതിവ്... ഇപ്രാവിശ്യം എന്താണാവോ മൂന്നു മാസമാവുമ്പോഴേക്കും പോവ്വാ... നമ്മുടെ കല്യാണത്തിന്റെ ഒരു മാസം മുൻപ് പോയതാ...അതോണ്ട് വേഗം തിരിച്ചു വരുമായിരിക്കും.... "" ""മ്മ് ഹ്...""ഒരു മൂളൽ മാത്രം... എന്നിലേക്കെത്തുന്ന നോട്ടങ്ങൾക്കൊക്കെ ഒരു പുതുമ... ചിരിയിലും കണ്ണിലുമെല്ലാം ഇതു വരെ ഇല്ലാത്തത്ര പ്രണയം കലർന്നിരിക്കുന്നു... എന്നെത്തെയും പോലെ അതെന്നിൽ നിന്നും ഒളിപ്പിക്കാനുള്ള വെപ്രാളമില്ല.... പകരം അതെന്നിൽ പകർന്നു നൽകാൻ കൊതിക്കും പോലെ...ഒരു വിരൽ സ്പർശനത്തിലൂടെ... എന്നിലേക്കോടിയെത്തുന്ന നോട്ടത്തിലൂടെ... ചുണ്ടിലൂറുന്ന ചിരിയിലൂടെ.... ജയെ കൗതുകത്തോടെ നോക്കി... കാറിന്റെ അടുത്തേക്ക് നടക്കുമ്പോൾ ജയ് വലത്തെ കൈ പിടിച്ചു...

""എന്താ..."" ""മ്മ്ച്...."" നടക്കാൻ ബുദ്ധിമുട്ടില്ലെന്ന് പറയാൻ വേണ്ടി നോക്കിയതായിരുന്നു... അമ്മയെ ഒളികണ്ണിട്ട് നോക്കി.. എന്നോടും ജയ്യോടും എന്തൊക്കെയോ സംസാരിച്ചു കൊണ്ടാണ് നടപ്പ്... കാറിൽ നിന്നും ഇറങ്ങി റൂമിലേക്ക് നടക്കുമ്പോഴും താങ്ങി പിടിച്ചു.. ""മരുന്നൊക്കെ കറക്റ്റ് ടൈമിൽ കഴിക്കണം... ഇടക്ക് ഞാൻ വരാം..."" പിന്നെയും എന്തൊക്കെയോ പറയാനെന്ന പോലെ എന്റെ മുഖത്തേക്ക് തന്നെ നോക്കുന്നു... ഇനി എന്ത് പറയും എന്ന ആകാംക്ഷയിൽ ഞാനും ആ മുഖത്തേക്ക് ഉറ്റു നോക്കി.നെറ്റിയിൽ പതിയെ ഒന്നു തലോടി...എനിക്ക് വേദനിക്കുമോ എന്ന പേടി ഉള്ളത് കൊണ്ടാവും വളരെ പതിയെയാണ് തലോടിയത്... ""അടങ്ങി കിടന്നോളണം... ഓടി ചാടി നടന്ന് മറ്റേ കൈക്കും കൂടി കെട്ടേണ്ടി വരരുത്..."" ആസ്സലായി ആ മുഖത്തു നോക്കി ചിരിച്ചു... "" എന്നാ ഞാൻ പൊയ്ക്കോട്ടേ...??"" മറുപടി പറയാതെ ജയെ നോക്കി...

പോകാതെ അവിടെ തന്നെ ഇരുന്നു. ""വേദന ഉണ്ടോ..."" ഈശ്വരാ എന്തിനാണ് ആ നേർത്ത സ്വരം കേട്ട് എന്റെ നെഞ്ച് ഇങ്ങനെ പിടക്കുന്നത്...ഇല്ലെന്നർഥത്തിൽ കണ്ണ് ചിമ്മി... ഇപ്പോഴും നെറ്റിൽ തൊടാൻ മാത്രമേ ആൾക്ക് ധൈര്യമുള്ളൂ എന്നോർത്ത് പെട്ടെന്ന് ചിരി വന്നു... ""എന്തേ...??"" ആർദ്രമായ ആ നോട്ടം എന്റെ ചുണ്ടിലെ ചിരി മായ്ച്ചു കളഞ്ഞിരുന്നു... കണ്ണുകൾ തമ്മിൽ പിണഞ്ഞു കിടന്നു... ആ കുഞ്ഞികണ്ണുകൾ എന്നോട്‌ മത്സരിക്കും പോലെ....ചിന്തകൾ പോലും എത്തി നോക്കാത്ത വിധം പരസ്പരം മത്സരിച്ചു... ""എന്തെങ്കിലും വേണോ....."" കള്ള ചിരി ഉണ്ടായിരുന്നു മുഖത്ത്... ""മ്മ്ഹ്ഹ്... ആ ജനൽ ഒന്ന് തുറന്നിട്വൊ..."" ജനൽ തുറന്നിട്ട് വീണ്ടും അതേ പോലെ വന്നിരുന്നു... ""ഇന്ന് ഷോപ്പിൽ പോവുന്നുണ്ടോ...??"" ""ഇന്നിനി വയ്യ.. നാളെ പോവാം..."" ""പിന്നേ...??"" പിന്നെ...ഇനി എന്ത് ചോദിക്കും....??വാക്കുകൾക്ക് ഇത്ര ക്ഷാമമോ... ""നേരം ഒരുപാടായി... സമയം കിട്ടുമ്പോൾ വരാം... അവിടെ അവർ രണ്ടാളുമല്ലേ ഉള്ളൂ...മ്മ്ഹ്.."" സമ്മതമെന്നോണം തലയാട്ടി. അമ്മയോട് സംസാരിക്കുന്ന ഏട്ടന്റെ ശബ്ദം കെട്ടാണ് ഉറക്കമുണർന്നത്...

ജയ് പോയപ്പോൾ കിടന്നുറങ്ങിയതാണ്. ""എഴുന്നേറ്റോ....??"" നിരങ്ങി അടുത്തിരുന്ന ഏട്ടന്റെ മടിയിൽ കിടന്നു. "" ഓഫീസിൽ ഓരോ തിരക്കായി പോയി അതാ ഡിസ്ചാർജ് ചെയ്യുമ്പോൾ വരാഞ്ഞേ..... ചെന്നൈയ്ക്ക് പോവണ്ടതല്ലേ...പിന്നെ അമ്മയെ വിളിച്ചപ്പോൾ ജയ് കൂടെയുണ്ടെന്ന് പറഞ്ഞിരുന്നു.. "" മുടിയിൽ തലോടി കൊണ്ടാണ് സംസാരം. ""അപ്പ വന്നില്ലേ...."" ""വന്നു... ഫ്രഷാവാൻ പോയിരിക്കുവാ.... ഞാനും ഒന്ന് ഫ്രഷായിട്ട് വരട്ടെ... വന്നപാടെ നിന്നെ കാണാൻ വന്നതാ..."" ബെഡിലേക്ക് തല താഴ്ത്തി വെച്ചു.എഴുന്നേറ്റ് പോകാൻ നോക്കവേ ഏട്ടന്റെ കൈയിൽ പിടിച്ചു. ""ഞാൻ ജയ്യോട് ഏട്ടത്തിയുടെ കാര്യം സംസാരിച്ചു നോക്കട്ടെ ...."" ""ശ്രദ്ധാ.....""നല്ല ദേഷ്യമുണ്ടായിരുന്നു ആ വിളിയിൽ.... ""ഞാൻ എന്താ നിന്നോട് പറഞ്ഞിട്ടുള്ളത്.. നീ ഇതിൽ ഇടപെടേണ്ടെന്നല്ലേ...."" മുഖം മങ്ങിയത് കണ്ടിട്ടാവയും കവിളിൽ ഒന്ന് തട്ടി. ""എല്ലാം ശരിയാവും....ഞാൻ ഫ്രഷായിട്ട് വേഗം വരാം.. "" ജയ്യുടെ കാൾ തേടിയെത്തിയിട്ടും എടുത്തില്ല....ഫോണിൽ ജയ്യുടെ പേര് തെളിയുന്നത് നോക്കി കിടന്നു.... ""ആഹ് ജയ്...ആണോ... എന്നാ ഉറങ്ങി കാണും....അവൾ ഉറങ്ങിയോന്നു നോക്കട്ടെ...""

അപ്പയുടെ ഫോൺ റിംങ് ചെയ്യുന്നതും അപ്പ സംസാരിക്കുന്നതും കേട്ടു... സംസാരിക്കുന്നത് കേട്ടപ്പോൾ തന്നെ ജയ്യോടാണെന്ന് മനസിലായി.അപ്പ റൂമിലേക്ക് വരുന്നത് കണ്ടതും ഉറങ്ങിയത് പോലെ കിടന്നു. അവൾ ഉറങ്ങിയെന്ന് ജയ്യോട് അപ്പ പറയുന്നത് കേട്ടു....സംസാരിക്കാൻ വയ്യ എന്തിനെന്നില്ലാതെ ഒരു പരിഭവും സങ്കടവും... പിറ്റേന്ന് വൈകുന്നേരം ജയ്യുടെ ബൈക്കിന്റെ ശബ്ദം കേട്ടു... കൂടെ അമ്മയും അപ്പയും ജയ്യോട് സംസാരിക്കുന്ന സംസാരിക്കുന്ന ശബ്ദവും....കൂട്ടത്തിൽ അവൾ റൂമിലുണ്ടെന്നു പറയുന്നതും കേട്ടു.. ""എന്താ നീ ഫോൺ ഇന്നലെ എടുക്കാഞ്ഞേ..."" അല്പം കനം ഉണ്ടായിരുന്നു മുഖത്ത്....കട്ടിൽ വന്നിരുന്നില്ല പകരം കസേര വലിച്ച് അടുത്തിരുന്നു. ""ഞാൻ ഉറങ്ങി പോയി... റിങ് ചെയ്യുന്നത് കേട്ടില്ല...."" കള്ളമായത് കൊണ്ട് മുഖത്ത് നോക്കിയില്ല... ""രാവിലെ മിസ്സ്‌ കോൾ കണ്ടില്ലേ...??"" ""ജയ് ബിസി ആയിരിക്കുംന്നു വിചാരിച്ചാ..."" ""വയ്യേ... നിനക്ക്... ""

""ജയ്...."" എന്താ പറയുന്നതെന്നറിയാൻ മുഖത്തേക്ക് തന്നെ നോക്കുന്നുണ്ട്.. ""ഏട്ടന്റെയും ഏട്ടത്തിയുടെയും കാര്യം..."" ""അതിനുള്ള മറുപടി നിന്റെ ഏട്ടന് ഞാൻ നേരിട്ട് കൊടുത്തിട്ടുണ്ട്... ഞാനായിട്ട് അവളെ ഒന്നിനും നിർബന്ധിക്കില്ല....ശരണിനെക്കൾ വേദനിക്കുന്നത് ആരുവാണ് എന്നിട്ടും അവൾ എന്താ ശരണിനോട് ക്ഷമിക്കാത്തത് എന്താന്നറിയോ.. ശരൺ ഇല്ലാതാക്കിയത് അവളുടെ വിശ്വാസമാണ്....ഞാൻ പറഞ്ഞാൽ അവൾ ശരണിനോട് പൊറുക്കും... പക്ഷെ ഞാൻ പറയില്ല... അതു കൊണ്ടാണോ നീ ഫോൺ എടുക്കാഞ്ഞത്..."" ""സങ്കടം വന്നിട്ടാ ജയ്...."" അവന്റെ കൈ തണ്ടയിൽ മുഖം മറച്ചിരുന്നു...ഇടം കൈ കൊണ്ടാ കൈ മുറുകെ ചുറ്റി പിടിച്ചു. ""നീ മെഡിസിനൊക്കെ കഴിച്ചോ..."" ""മ്മ്മ്ഹ്...."" ""രാത്രി വേദന ഉണ്ടായിരുന്നോ..."" ഇല്ലെന്ന് തലയാട്ടി... ""ഞാൻ കാരണല്ലേ ജയ് അവർ പിണങ്ങിയെ....""

ജയ്യുടെ കൈയിൽ ഒന്നു കൂടി മുഖം അമർത്തി.കൈ ഒന്നു കൂടി മുറുകെ ചുറ്റി പിടിച്ചു. ""എന്റെ വാശി കാരണമല്ലേ അവർ പിരിഞ്ഞത്.... ജയ് പറഞ്ഞത് സത്യാ... ഈ കല്യാണം കൊണ്ട് ആരും സന്തോഷിച്ചില്ലല്ലോ...വാശി പിടിച്ച എനിക്ക് പോലും സന്തോഷിക്കാൻ പറ്റിയില്ലല്ലോ... ഏട്ടനും ഏട്ടത്തിയും സങ്കടപെടുമ്പോ നമുക്ക് സന്തോഷത്തോടെ ജീവിക്കാൻ പറ്റ്മോ..."" അവളുടെ കണ്ണീര് ഷർട്ടിൽ നനവ് പടർത്തുന്നത് അറിഞ്ഞും എങ്ങോ നോക്കിയിരുന്നു.. ""ഈ കല്യാണം വേണ്ടായിരുന്നു അല്ലെ ജയ്...ജയ് ആഗ്രഹിക്കുന്ന പോലത്തെ പെണ്ണ് പോലും അല്ല ഞാൻ...ജയ് പറയുന്ന പോലെ അടക്കവും ഒതുക്കവുമില്ലാത്തൊരു പെണ്ണ്...ഒട്ടും ഇഷ്ടമില്ലാത്തിരുന്ന ജയെ ഞാൻ വെറുതെ എന്റെ ജീവിതത്തിലേക്ക് വലിച്ചിട്ടു..."" ജയ് ബലമായി കൈകൾ അടർത്തി മാറ്റി.ഞെട്ടലോടെ ജയെ നോക്കിയപ്പോൾ മുഖം തരാതെ എഴുന്നേറ്റ് പോയി.

ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു പോകുന്ന ശബ്ദം കേട്ടു. ഒന്ന് സമാധാനിപ്പിച്ചു കൂടെ ജയ്ക്ക്...കരയുന്നത് കണ്ടിട്ടും ഒരു വാക്ക് പോലും പറയാതെ പോയില്ലേ... തലയിണയിൽ മുഖം അമർത്തി കിടന്നു. അമ്മ നിർബന്ധിച്ചപ്പോൾ മെഡിസിൻ കഴിച്ച് വീണ്ടും കിടന്നു. കരഞ്ഞു തളർന്നത് കൊണ്ടാവും കണ്ണുകൾ താനേ അടഞ്ഞു. എന്തോ ദേഹത്ത് ഇഴഞ്ഞത് പോലെ തോന്നിയപ്പോൾ ഉറക്കം ഞെട്ടി.ഒരു കൈ അരക്കെട്ടിൽ ചുറ്റി കിടക്കുന്നു.പ്രതിഷേധമെന്ന പോലെ ഒന്നനങ്ങിയപ്പോൾ ചുറ്റി വരിഞ്ഞ കൈയുടെ മുറുക്കം കൂടി. ""ജയ്....""" ""ഞാൻ നിന്നെയെ ആഗ്രഹിച്ചിട്ടുള്ളൂ ശ്രദ്ധാ.... "" കാറ്റ് പോലെ കാതോരം പറഞ്ഞു. ""നീ കാരണം അല്ല ശ്രദ്ധാ നമ്മൾ കാരണമാ എല്ലാവരും വേദനിച്ചത്.... നീയും ഞാനും...അങ്ങനെ എല്ലാവരും നമ്മൾ കാരണം ...""""""തുടരും """""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story