സസ്‌നേഹം: ഭാഗം 25

sasneham new

എഴുത്തുകാരി: നിധാന എസ് ദിലീപ്

""ഞാൻ നിന്നെയെ ആഗ്രഹിച്ചിട്ടുള്ളൂ ശ്രദ്ധാ.... "" കാറ്റ് പോലെ കാതോരം പറഞ്ഞു. ""നീ കാരണം അല്ല നമ്മൾ കാരണമാ എല്ലാവരും വേദനിച്ചത്.... നീയും ഞാനും...അങ്ങനെ എല്ലാവരും നമ്മൾ കാരണം വേദനിച്ചു..."" താടി തുമ്പ് നെറികയിൽ മുട്ടിച്ചാണ് ജയുടെ കിടപ്പ്. ജയുടെ കൈ എടുത്തു മാറ്റാൻ നോക്കി.പറ്റാതായപ്പോൾ തലയണയിൽ മുഖം അമർത്തി കിടന്നു. ""നിന്നെ പോലെ കരയുന്നില്ലാന്നേ ഉള്ളൂ... ഉരുകുവാ ഞാൻ...ആലോചിക്കുമ്പോൾ ഒരെത്തും പിടിയും കിട്ടുന്നില്ല.."" ഇരുവരുടെയും ശ്വാസം കനത്തു.ഒന്നു കൂടി പിടഞ്ഞകലാന് ശ്രമിച്ചു... ""അനങ്ങാതെ കിടക്ക് ശ്രദ്ധാ.. കൈ വേദനിക്കും..."" അതോടെ ഒന്നടങ്ങി. ""നിന്നെ സമാധാനിപ്പിക്കാൻ ആദ്യം എനിക്ക് വേണ്ടേ ഈ പറയണ സമാധാനം... മനസൊന്നു ശാന്തമാവാൻ വേണ്ടി പോയതാ... ഉള്ളൊന്ന് തണുത്തപ്പോൾ വന്നതാ...നിനക്ക് ചായാൻ എന്റെ തോളെങ്കിലും ഉണ്ട്.. എനിക്കാരാ ഉള്ളത്....ആരോടാ ഞാൻ എന്റെ സങ്കടം പറയേണ്ടത്..??"" ജയ്യോടുള്ള ദേഷ്യവും വാശിയുമെല്ലാം എങ്ങോ പോയി.. എന്നിട്ടും ഏറെ നേരം അങ്ങനെ തന്നെ ഇരുവരും കിടന്നു. മലർന്നു കിടക്കാനായി അനങ്ങിയതും ദേഷ്യത്തോടെ കുതറിയതാണെന്ന് കരുതി കൈ ഒന്നു കൂടി മുറുക്കി. ""നിവർന്നു കിടക്കാനാ..ജയ്...""

അത് കേട്ടതും കൈ അയച്ചു.മലർന്നു കിടന്നു ജയെ നോക്കി.ചെരിഞ്ഞു കിടന്നു ഇങ്ങോട്ട് നോക്കുന്നു. ""ദേഷ്യം മാറിയോ....""നേർത്തു നേർത്ത് ഒരു മഞ്ഞു കണിക പോലെ ഹൃദയത്തിലേക്ക് ഇറങ്ങി ചെല്ലുന്നുണ്ടാ സ്വരം. ""ദേഷ്യമല്ല ജയ്... സങ്കടമായിരുന്നു...എല്ലാം ശരിയാവുമായിരിക്കും അല്ലെ ജയ്.."" കൈ എത്തിച്ചു ജയുടെ മുടിയിൽ തലോടി കൊണ്ടിരുന്നു.ആ കൈ വിരലിൽ ജയ്യുടെ വിരൽ കോർത്തു പിടിച്ചു. ""ജയ് ഭക്ഷണം കഴിച്ചോ???"" ""ഇത്രയും നേരം വിശപ്പില്ലായിരുന്നു... ഇപ്പൊ പക്ഷെ ചെറുതായി വിശക്കുന്നുണ്ട്..."" സമയം പത്തൊക്കെ ആയി കാണും.ചെരിഞ്ഞു കിടന്നു പതിയെ എഴുന്നേറ്റു.അമ്മ കിടന്നു കാണും. "" വീട്ടിൽ അവർ ഒറ്റക്കാവില്ലേ...?? "" ""അച്ഛൻ വന്നിട്ടുണ്ട്..അതോണ്ട് ഓടി പിടച്ചു അങ്ങോട്ട് വരണ്ടാന്നു ആരു വിളിച്ചു പറഞ്ഞു.."" ജയ് ചപ്പാത്തി പരത്തിയപ്പോൾ ഞാൻ കറി ചൂടാക്കി...പിന്നേ ചപ്പാത്തി ചുട്ടെടുത്തു. ""നിനക്ക് വേണ്ടെ...??"" വേറെ പ്ലേറ്റ് എടുക്കനൊന്നും നിന്നില്ല.കസേര വലിച്ചെടുത്ത് ജയ്യുടെ അടുത്തിരുന്നു ആ പ്ലേറ്റിൽ നിന്നു തന്നെ കഴിക്കാൻ തുടങ്ങി.കൈ വയ്യാത്തത് കൊണ്ട് ജയ് തന്നെ പ്ലേറ്റ് കഴുകി വെച്ചു.

തൊട്ടു തൊട്ടില്ലെന്ന പോലെ ജയ് അടുത്തു കിടക്കുന്നറിഞ്ഞു.തല പിറകിലേക്ക് ചായ്ച്ചു ജയ്യുടെ നെഞ്ചിൽ ചേർന്നു കിടന്നു.കണ്ണുകൾ അടഞ്ഞു പോകുമ്പോൾ വയറിൽ ജയ്യുടെ കൈ ചുറ്റി മുറുകുന്നറിഞ്ഞു 🏵️🏵️🏵️🏵️🏵️ ""കുഞ്ഞ് ഉറങ്ങുവല്ലേ... ഇന്ന് ഹാളിലിരുന്നു ചായ കുടിച്ചാൽ പോരെ.."" പ്രതീക്ഷയോടെ നോക്കുന്ന ശ്യാമയെ നിരാശപെടുത്താൻ തോന്നിയില്ല.കുഞ്ഞിന് ചുറ്റും തലയണ എടുത്തു വെച്ചു. കാത്തെന്ന പോലെ ഹാളിൽ അച്ഛനുമുണ്ടായിരുന്നു. ശ്യാമയുടെ പിറകിലായി വരുന്ന ആരുവിലായുരുന്നു ജയദേവന്റെ കണ്ണുകൾ. ഒന്ന് നോക്കിയാൽ മോനെ കാണുന്ന രീതിയിലാണ് ആരു ഇരുന്നത്. ""ആട്ടിൻ പാലാ... അച്ഛൻ കൊണ്ട് വന്നതാ.."" ഇത് കുടിക്കാനാണ് പാട്... ഒട്ടും ഇഷ്ടമല്ലാത്ത സാധനം.. ഏട്ടൻ കണ്ണുരുട്ടി പേടിപ്പിക്കുമ്പോഴാണ് കുടിക്കാറ്.എങ്ങനെയൊക്കെയോ കുടിക്കുന്നതിനിടയിൽ അച്ഛനെ നോക്കി.ഇങ്ങോട്ടും നോക്കുന്നുണ്ട് ഇടക്കൊക്കെ... ""കുടിച്ചിട്ട് എഴുന്നേറ്റാ മതി.. ഞാൻ മോനെ നോക്കിക്കോളാം.."" ഉണർന്നപ്പോ ആരെയും കാണാഞ്ഞിട്ടാവും മോൻ ഉച്ചത്തിൽ കരയുന്നത്... കണ്ണ് തുറക്കുമ്പോൾ അടുത്ത് ആളെ കണ്ടില്ലേ അപ്പൊ തുടങ്ങും കരച്ചിൽ... ""പതിയെ കുടിച്ചാൽ മതി... നല്ല ചൂടുണ്ട്"" ശ്യാമ എടുത്തപ്പോൾ തന്നെ കരച്ചിൽ നിർത്തിയിരുന്നു

അച്ഛനിലേക്ക് കണ്ണ് പോയപ്പോൾ എന്തോ പറയാൻ ആഗ്രഹിക്കുന്ന പോലെ... എന്തെങ്കിലും ചോദിക്കാനുണ്ടാവുമായിരിക്കും.. ഞാൻ എന്ത് പറയുമെന്ന് കരുതിയാകും.... ""താൻ പോയി ചായ കുടിക്ക്.. ഞാൻ നോക്കാം ഇനി...”" ""ഇനി അച്ഛാഛന്റെ കൂടെ കളിക്ക്ട്ടോ.. അമ്മമ്മ പോയി ചായ കുടിക്കട്ടെ..""അച്ഛന്റെ കൈയിൽ കൊടുത്ത ശേഷം കുഞ്ഞി കൈയിൽ മുത്തി ഇളയമ്മ. ആദ്യമൊന്ന് ചിണുങ്ങി എങ്കിലും അച്ഛന്റെ കൈയിൽ പറ്റി ചേർന്നു കുഞ്ഞി ചെക്കൻ.അച്ഛന്റെ കണ്ണുകൾ നിറഞ്ഞുവോ...?? വിശന്നു തുടങ്ങിയപ്പോൾ വീണ്ടും കരയാൻ തുടങ്ങി ചെക്കൻ. ""ഞാൻ എടുക്കാം വിശന്നിട്ടാവും..."" മോനെ കൈയിൽ നിന്ന് വാങ്ങുമ്പോൾ അച്ഛൻ അത്ഭുതത്തോടെ നോക്കുന്നുണ്ട്.... ഇത്രയെങ്കിലും മിണ്ടിയല്ലോ എന്ന് വിചാരിച്ചാവും.നിപ്പിൾ വായിലെത്താൻ ഇത്തിരി വൈകിയാൽ മതി.... പിന്നെ കരച്ചിലായിരിക്കും... ആരുടെ വാശിയാണാവോ ഈ ചെക്കന് കിട്ടിയേ?? അച്ഛനും ഇളയമ്മയും ഇറയത്തിരുന്നു സംസാരിക്കുകയാണ്. ഏട്ടനോട് ഇന്ന് വരേണ്ടെന്ന് വിളിച്ചു പറഞ്ഞു എന്ന് ഇളയമ്മയോട് പറഞ്ഞിരുന്നു അതു കൊണ്ടാവും അച്ഛൻ ഇന്ന് പോയില്ല. ഇറയത്ത് വന്ന് അച്ഛന് അടുത്തായി ഇരുന്നപ്പോൾ രണ്ടാളും ആശ്ചര്യത്തോടെ നോക്കുന്നുണ്ട്.ഒന്നും സംസാരിക്കാൻ പറ്റുന്നില്ല...മനസിലാക്കാതെ പോയതിന്...

ഇത്രയും കാലം അകറ്റി നിർത്തിയതിന്.. അങ്ങനെ എല്ലാത്തിനും മാപ്പ് പറയണമെന്നുണ്ട്...വാക്കുകൾ ഒക്കെ നെഞ്ചിൽ കെട്ടി നിൽക്കും പോലെ....ചെവിയിൽ അത്രയും...ചന്ദ്രികേച്ചിയുടെ വാക്കുകളാണ്... ""നിങ്ങൾക്ക് വേണ്ടി തന്നെയാ അച്ഛൻ രണ്ടാമത് കെട്ടിയത്...അതും നിങ്ങളുടെ അച്ഛമ്മയുടെ നിർബന്ധം സഹിക്ക വയ്യാതെയാ കല്യാണത്തിന് സമ്മതിച്ചേ....ഇനിയും ആ മനിഷനെ വേദനിപ്പിക്കരുത്..."" എത്ര പ്രാവിശ്യം ദൂരെ നിന്ന് നോക്കുന്ന അച്ഛനെ കണ്ട് വഴി മാറി പോയിട്ടുണ്ട്...ചന്ദ്രികേച്ചി അച്ഛനെ പറ്റി സംസാരിക്കാൻ വരുമ്പോഴൊക്കെ പിണങ്ങിയിട്ടുണ്ട്.. പിന്നേ പിന്നേ ഒന്നും പറയാതായി... അമ്മയുടെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു ചന്ദ്രികേച്ചി...എന്നിട്ടും അച്ഛനോട് ഇഷ്ടക്കേട് കാണിച്ചില്ല...അത് എന്ത് കൊണ്ടായിരിക്കും എന്ന് പോലും ഇത്‌ വരെ ചിന്തിച്ചില്ല...അച്ഛനെ അംഗീകരിക്കുമ്പോൾ കൂടെ ഇളയമ്മയെയും അംഗീകരിക്കേണ്ടി വരും... അത് അമ്മയെ മറന്ന പോലെയല്ലേ എന്നൊക്കെയായിരുന്നു ചിന്തിച്ചത്... ഏട്ടന്റെ കല്യാണം പോലും അച്ഛനോട് പറഞ്ഞില്ല...പാവം എത്ര വേദനിച്ചു കാണും...

ചിലപ്പോൾ അച്ഛന്റെ ശാപം കൊണ്ടാവും ഇങ്ങനെ ഒക്കെ.... അച്ഛൻ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുന്നു. എന്നെ പോലെ തന്നെ ഒന്നും പറയാൻ പറ്റുന്നുണ്ടാവില്ല... നിലത്തു വെച്ച അച്ഛന്റെ കൈയ്ക്ക് മുകളിൽ കൈ വച്ചു. ""അച്ഛാ...."" ആ വിളി മുഴുവാനായും പുറത്തേക്ക് വന്നില്ല.... ഇരുവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി തുടങ്ങിയിരുന്നു. ഒരു ചേർത്തു പിടിക്കലിലൂടെയും അവളുടെ മുടിയിഴകളിലൂടെ ഉള്ള തലോടലിലൂടെയും ഇക്കാലമത്രയും ഒളിപ്പിച്ചു വെച്ച സങ്കടവും പരിഭവവും പറഞ്ഞു തീർത്തു അയാൾ.... ജയ ദേവന്റെ നെഞ്ചോളം ആരുവിന്റെ കണ്ണീരിന്റെ നനവ് എത്തുന്നുണ്ടായിരുന്നു...അച്ഛനും മകൾക്കും സങ്കടങ്ങളും പരിഭവങ്ങളും പറഞ്ഞു തീർക്കാനായി അവിടം ഒഴിഞ്ഞു കൊടുത്തു കൊണ്ട് അടുക്കളയിലേക്ക് വലിഞ്ഞു ശ്യാമ....നിറഞ്ഞു തുളുമ്പിയിരുന്നു ആ കണ്ണുകളും.... ""സാരല്ല... അച്ഛന് നിങ്ങളിപ്പോഴും ആ പൊടികുഞ്ഞുങ്ങളാ..""എങ്ങനെയോ പറഞ്ഞോപ്പിക്കുകയായിരുന്നു... ""പെറ്റ പെൺകുട്ട്യോൾ രാത്രി പുറത്തിറങ്ങരുത്.. "" ചേർത്ത് പിടിച്ചു തന്നെ അകത്തേക്ക് നടന്നു. അവൾക്കായി നൽകിയ ഉരുള ചോറിൽ രണ്ടാളുടെയും കണ്ണീരിന്റെ ഉപ്പു ണ്ടായിരുന്നു. ""മോള് എന്നോട്‌ സംസാരിച്ചു...""

ഇത്തിരി നേരത്തേക്കെങ്കിലും ഒറ്റപെട്ടു പോയോ എന്ന തോന്നൽ പിറകിൽ നിന്നുമുള്ള ആ ചേർത്ത് പിടിക്കലിൽ ഇല്ലാതായി... ""എന്റെ മോള് എന്നോട്‌ സംസാരിച്ചു ശ്യാമേ....""എത്ര പറഞ്ഞിട്ടും മതിയാകാത്ത പോലെ... അമർത്തി വെച്ച മുഖത്ത് നിന്ന് കണ്ണീർ ചുമലിൽ തൊട്ടപ്പോൾ തിരിഞ്ഞു നിന്ന് ആ മുഖം കൈയിലെടുത്തു ശ്യാമ... "" അച്ചാച്ചനായി... എന്നിട്ടാ ഇങ്ങനെ കരയുന്നേ... ആരെങ്കിലും കണ്ടാ നാണക്കേടാ...മതി... കരഞ്ഞത്...ചിരിക്കേണ്ട സമയത്ത് കുട്യോളെ പോലെ കരയാ... "" മറുപടി എന്നോണം വീണ്ടും ഇറുകി പുണർന്നു ""സന്തോഷം കൊണ്ടാടി...."" ""എനിക്ക് ഉറപ്പായിയിരുന്നു അവർ എന്നെങ്കിലും നിങ്ങളെ മനസിലാക്കുംന്ന്.. ഒന്നൂലേലും ഈ അച്ഛന്റെ മക്കളല്ലേ അവര്..."" ""ഇടക്ക് ചിന്തിക്കും ഞാൻ മരിച്ചാലെങ്കിലും കുട്യോള് വരുമോന്ന്..."" ""എന്താ ഈ പറയുന്നേ അസത്ത്...""പുറത്തൊരു അടി വെച്ചു കൊടുത്തു. ""ആഹ്...വേദനിച്ചെടി....."" ""വേദനിക്കണം... നേരമെല്ലാ നേരത്ത് ഓരോന്ന് പറഞ്ഞ് അറം പറ്റിയാ... അവർക്കൊക്കെ ആരെങ്കിലുമൊക്കെ ഉണ്ട്... എനിക്കാ ആരും ഇല്ലാത്തെ..."" ഇട മുറിഞ്ഞു പോയിരുന്നു വാക്കുകൾ... ""നമ്മളുടെ മക്കൾ ഉണ്ടാവുംടി നിനക്ക്..."" ""പോരാ...എനിക്ക് നിങ്ങൾ തന്നെ വേണം.."" നെഞ്ചിൽ മുഖം ഒളിപ്പിച്ചു വെച്ചു.നെഞ്ചോരം ചായ്‌ഞ്ഞ് ഷർട്ടിൽ മുറുകെ പിടിച്ചു.

""ഞാനുണ്ടാവും പോരെ...""ഒന്നു കൂടി മുറുകിയിരുന്നു കൈകൾ. ""അവര് എന്നെ അമ്മയായി കാണ്വോ... ആരു സംസാരിക്കുമെങ്കിലും അമ്മെന്നോ ഇളയമ്മേന്നോ ഒന്നും ഇത് വരെ വിളിച്ചിട്ടില്ല..."" വേദനയോടെയായിരുന്നു അത് പറഞ്ഞത്. ""കാണും...നമ്മുടെ മക്കൾ തന്നെയാടി അവര്.."" 🏵️🏵️🏵️🏵️🏵️ ""ഏട്ടൻ തന്നെ കൊടുത്തേക്ക്..."" നൂലുകെട്ടിന് വേണ്ടി ശ്യാമയ്ക്കും ജയദേവനും എടുത്ത ഡ്രസ്സ്‌ ആരുവിനെ ഏൽപ്പിക്കാൻ നോക്കിയതായിരുന്നു. ശ്രുതിയെ നോക്കിയപ്പോൾ ഇത്‌ വരെ ഇല്ലാത്ത കുഞ്ഞിനെ കളിപ്പിക്കൽ...അതു കഴിഞ്ഞു അവൾക്ക് വാങ്ങിയ ചുരിതാറിന്റെ ഭംഗി നോക്കുന്നു. അല്ലെങ്കിലും അതിനെ കൊണ്ട് വല്യ ഉപകാരം ഒന്നുമില്ല. അവളെയും കൂട്ടി പോയിട്ടാണ് എല്ലാം വാങ്ങിയത്... ""ജയ്യേട്ടാ... ശ്യാമാന്റി അടുക്കളയിലാ ഉള്ളേ...."" പിറകിൽ നിന്നും ശ്രുതി വിളിച്ചു കൂവിയപ്പോൾ അവളെ നോക്കി പേടിപ്പിച്ചു. ഒരു പേടിയുമില്ലാത്ത ആ അസത്ത് നോക്കി ചിരിക്കുന്നുണ്ട്... ""എന്താ ജയ്..."" പതിവില്ലാതെ ആ നേരത്ത് അടുക്കളയിൽ അവനെ കണ്ടപ്പോൾ ശ്യാമ ചോദിച്ചു. ""അത്... ഇത്‌ തരാൻ വേണ്ടി... നൂലു കെട്ടിന് വേണ്ടി വാങ്ങിയതാ...""

നിറഞ്ഞ സന്തോഷത്തോടെ അത് വാങ്ങി. ""അച്ഛനുള്ളതാണോ... ഒന്ന് ആൾടെ കൈയിൽ കൊടുക്കാവോ....ഇവിടുന്ന് തെറ്റിയാ ഇത്‌ കരിഞ്ഞു പോകും..."" എന്ത് ചെയ്യണം എന്നറിയാതെ ഒരു നിമിഷം നിന്നു. പിന്നേ ഇറയത്തേക്ക് നടന്നു. പുറത്തേക്ക് നോക്കിയിരിക്കുന്ന ജയദേവൻ ശ്രദ്ധിക്കാനായി മുരടനക്കി. ""നൂലു കെട്ടിന് വേണ്ടി വാങ്ങിയതാ...""കവർ കൈയിൽ കൊടുത്ത് തിരിച്ചു പറയാൻ ഇട കൊടുക്കാതെ പുറത്തേക്ക് പോയി. 🏵️🏵️🏵️🏵️🏵️ """അയാൻ കൃഷ്ണ """" വായിൽ ഉറ്റിച്ചു കൊടുത്ത പാല് നുണഞ്ഞു കൊണ്ട് കുഞ്ഞി ചെക്കൻ ശരണിനെ നോക്കി. ""അവന് പേരിഷ്ടായി.... അതാ കരയാത്തെ... അല്ലെ ഇപ്പൊ കരഞ്ഞു നിലവിളിക്കാൻ തുടങ്ങിയേനെ.."" ശ്യാമയായിരുന്നു അത് പറഞ്ഞത്... ""ആണോടാ...അച്ഛന്റെ മോന് പേരിഷ്ടായോ...."" ശരൺ കൊഞ്ചിച്ചു കൊണ്ട് ചോദിച്ചതും എന്തൊക്കെയോ ശബ്ദമുണ്ടാക്കി കൊണ്ടിരുന്നു കുഞ്ഞി ചെക്കൻ.. ആരുവിന്റെ ചുണ്ടിലും ഉണ്ടായിരുന്നു ഒരു ചിരി... പക്ഷെ കണ്ണുകൾ എപ്പോഴോ കൂട്ടി മുട്ടിയപ്പോൾ അതില്ലാതായി. ശരൺ വാങ്ങി കൊടുത്ത സെറ്റ് സാരിയായിരുന്നു ആരു ഉടുത്തത്...

അതേ കളറിലുള്ള ജുബ്ബയും കസവു മുണ്ടും ശരണും... എല്ലാവരും പാല് വായിൽ ഉറ്റിച്ചു കൊടുക്കാൻ നോക്കിയതും കുഞ്ഞി ചെക്കൻ കരയാൻ തുടങ്ങിയിരുന്നു.... ""ജയെ എവിടെയൊക്കെ നോക്കി... എന്താ ഇവിടെ ചെയുന്നേ..."" ജയെ കാണാഞ്ഞ് റൂമിലേക്ക് വന്നതായിരുന്നു ശ്രദ്ധ. ""നിനക്ക് കൈ ഉള്ള ബ്ലൗസ്സൊന്നും കിട്ടിയില്ലേ....."" ""ഓഹ്.. പിന്നേ.. ഈ കൈയ്യും വെച്ച് ഇത്‌ തന്നെ എങ്ങനെയാ ഇട്ടേന്ന് എനിക്കെ അറിയൂ...അല്ലാ ഈ ഷർട്ട്‌ ആണോ ജയ് എടുത്തെ... ഫോട്ടോ അയച്ചു തന്നതിലേ ആ ഡാർക്ക്‌ ഗ്രീൻ ഷർട്ട്‌ എടുക്കാനാണല്ലോ ഞാൻ ശ്രുതിയോട് പറഞ്ഞത്...."" അവനെ ആകെ മൊത്തം നോക്കി കൊണ്ട് ചോദിച്ചു. ""ആഹ്... അതെനിക്കിഷ്ടായില്ല...അതോണ്ട് എടുത്തില്ല...ഇതാ ഇഷ്ടായെ..."" ഒരുമ്പമില്ലാത്ത പോലെ പറഞ്ഞു. ""നല്ലത് ആർക്കോ അറിയില്ലാന്നൊരു ചൊല്ലുണ്ട്..."" ദേഷ്യത്തോടെ അവനെ നോക്കി. ""ആർക്കാ.... നിന്റെ അപ്പയ്ക്കണോ "" ""ദേ.. ജയ്..എന്റെ അപ്പയെ പറഞ്ഞാലുണ്ടല്ലോ..."" ""ഈ മോരടനെ കാണാൻ ഓടി പിടിച്ചു വന്ന എന്നെ പറഞ്ഞാൽ മതി അല്ലോ..."" എന്നിട്ടും കൂസലില്ലാതെയവൻ നോക്കി നിന്നപ്പോൾ തിരിഞ്ഞു നടക്കാൻ നോക്കി. അപ്പോഴേക്കും കൈയിൽ പിടിച്ചു വലിച്ചു അവന്റെ ദേഹത്തെക്ക് ചേർത്ത് പിടിച്ചു. മറു കൈയിൽ ഒളിപ്പിച്ചു പിടിച്ച കവർ അവളുടെ കൈയിൽ വച്ചു കൊടുത്തു. വാതിൽ കടന്ന് പോകുന്ന അവനെ നോക്കി നിന്ന ശേഷം കവർ തുറന്നു. ഒരു സാരിയും കൂടെ സിന്ദൂര ചെപ്പും... """തുടരും""""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story