സസ്‌നേഹം: ഭാഗം 27

sasneham new

എഴുത്തുകാരി: നിധാന എസ് ദിലീപ്

""ഏട്ടൻ പറയുന്നത് മോള് ശ്രദ്ധിച്ചു കേൾക്കണം....നിനക്ക് ശരണിനെ വേണം എന്നാണെങ്കിൽ ഇനി ദേഷ്യത്തിന്റെ പുറത്തയാൽ പോലും നിന്നെ ഒരു വാക്ക് കൊണ്ട് പോലും മാറ്റി നിർത്തില്ല എന്ന ഉറപ്പിൽ മാത്രമേ നീ അവന്റെ കൂടെ പോവാൻ പാടുള്ളൂ....എനിക്ക് നീ ഭാരമാകും എന്ന ചിന്തയിൽ ഒരിക്കലും നീ അവന്റെ കൂടെ പോവരുത്...."" സമ്മതമെന്നർത്ഥത്തിൽ തലയാട്ടി. ""കരയണ്ട....പോയി കിടന്നോ.."" അവളുടെ കവിളിൽ തട്ടിക്കൊണ്ടു പറഞ്ഞു ആരതി റൂമിലേക്ക് പോകുന്നതും നോക്കി നിന്നു. ഇരു കൈകൾക്കും മീതെ തല ചായ്ച് കിടക്കുമ്പോഴാണ് ഫോൺ റിങ് ചെയ്തത്. എടുത്തു ഹലോ ന്നു പറഞ്ഞതും ഫോൺ മറുപുറത്ത് നിന്ന് കാൾ കട്ട് ചെയ്തു കളഞ്ഞു. നോക്കിയപ്പോൾ രണ്ട് മിസ്സ്‌ കോൾ... തിരിച്ചു വിളിച്ചു... റിങ് ഫുൾ ആയിട്ടും എടുക്കുന്നില്ല.. വീണ്ടും വിളിച്ചപ്പോൾ കോൾ കട്ട് ചെയ്തു.ഒന്നു കൂടി വിളിച്ചപ്പോൾ ഫോൺ എടുത്തു പക്ഷെ ഒന്നും മിണ്ടുന്നില്ല..

""നൂല് കെട്ടിന് വേണ്ടി കൊണ്ട് വന്ന പാത്രങ്ങൾ തിരിച്ചു കൊണ്ട് കൊടുക്കുന്ന തിരക്കിലായിരുന്നു. അത് കഴിഞ്ഞ് ഷോപ്പിലെക്കും പോയി... ആ കഴുത അവിടെ എന്തൊക്കെയാ ചെയ്തു വെച്ചെന്നറിയില്ലല്ലോ... ഫോണിൽ ചാർജിൽ വെച്ചിട്ടാ പോയെ... മിസ്സ്‌ കാൾ ഇപ്പോഴാ കണ്ടേ...."" എന്നിട്ടും മറുപടിയില്ല.. ""ശ്രദ്ധാ...."" ""മ്മ്...ജയ്... ഭക്ഷണം കഴിച്ചോ...?? എന്താ ശബ്ദം വല്ലതിരിക്കുന്നേ..?? എന്തെങ്കിലും പ്രശ്നമുണ്ടോ...??"" ആ ചോദ്യത്തിൽ മനസ് തണുക്കുന്നതറിഞ്ഞു. ഫോൺ ചെവിയിൽ വെച്ച് അങ്ങനെ തന്നെ കിടന്നു. ""ജയ്..... ""നീ നിർത്തി നിർത്തി ചോദിക്ക് ശ്രദ്ധാ... അപ്പോഴല്ലേ എനിക്ക് മറുപടി പറയാൻ പറ്റൂ..."" ""എന്നാ പറയ്....ഞാൻ അവിടെ നിന്ന് ഇറങ്ങി ഈ അഞ്ചാറ് മണിക്കൂറിനു ള്ളിൽ അവിടെ എന്താ ജയ് സംഭവിച്ചേ..."" "" പുതുതായി ഒന്നും സംഭവിച്ചില്ല....നിനക്കറിയാത്ത പ്രശ്നങ്ങാളൊന്നും എന്റെ ജീവിതത്തിലില്ലല്ലോ ശ്രദ്ധ....""

ശാന്തമായിരുന്നു സ്വരം...മറുപുറത്തുമുള്ള ദീർഘ നിശ്വാസം കാതോളമെത്തി. ""ശ്രദ്ധാ....."" ""മ്മ്ഹ്ഹ്.... "" മൗനമായി പിന്നെ ഇരുവരും... ""എല്ലാം ശരിയാകുമായിരിക്കും അല്ലെ ജയ്...."" ""ആവും...."" ""ഒരു വട്ടം പിന്നിലേക്ക് പോവാൻ പറ്റിയെകിൽ എത്ര നന്നായിരുന്നു അല്ലെ ജയ്... അപ്പയെയും അമ്മയോടും കുറച്ചു കൂടി സമാധാനത്തിൽ കാര്യം പറഞ്ഞു സമ്മതിപ്പിക്കാമായിരുന്നു.. അവർ സമ്മതിച്ചാ ജയ്യേയും പറഞ്ഞു സമ്മതിപ്പിക്കുമായിരുന്നു... അങ്ങനെ ആയിരുന്നേ നമ്മുടെ ജീവിതം തന്നെ മാറി പോയേനെ അല്ലെ.. ജയ്..."" ""അങ്ങനെയാണേ എല്ലാരുടെയും ജീവിതത്തിലും മാറ്റാനായി ഒരുപാട് കാര്യങ്ങൾ ഉണ്ടാവും...ശ്രദ്ധാ... തെറ്റുകൾ തിരിത്തണമെങ്കിൽ ഞാൻ എന്റെ പന്ത്രണ്ടാം വയസ്സിൽ വരെ പോകണം..."" ജയ് എന്താ ഉദ്ദേശിച്ചത് എന്ന് മനസ്സിലായതും അവളുടെ കണ്ണുകൾ വിടർന്നു... ജയ് അച്ഛനെയും അമ്മയെയും അംഗീകരിക്കാൻ തുടങ്ങിയിരിക്കുന്നു. ഉള്ളിൽ സന്തോഷം അലതല്ലുന്നുണ്ടായിരുന്നു... അവനെ കേൾക്കാനായി കാതോർത്ത് കിടന്നു. ""നിന്നെയും ഞാൻ വാക്കുകൾ കൊണ്ടു വേദനിപ്പിച്ചിട്ടില്ലേ.....

നീ ആഗ്രഹിക്കുമ്പോഴൊന്നും തന്നെ നിന്നെ ഞാൻ ചേർത്ത് പിടിച്ചിട്ടില്ലല്ലോ..."" "" അതൊരിക്കലും ജയുടെ തെറ്റല്ല.. ജയുടെ അവസ്ഥ അങ്ങനെ ആയിരുന്നില്ലേ.... അല്ലെങ്കിലും ജയ് എന്നോട് ഇഷ്ടമാണെന്നോന്നും പറഞ്ഞിട്ടില്ലായിരുന്നുവല്ലോ.... ഞാൻ മാത്രമല്ല പറഞ്ഞിട്ടുള്ളൂ... "" എന്തെന്നില്ലാതെ ഉള്ളിൽ ഒരു കുഞ്ഞു നോവ് ഉണർന്നു. പിടിച്ചു വാങ്ങിയ പ്രണയമെന്ന തോന്നൽ എന്നുമുണ്ട് ഉള്ളിൽ... ഒരുവേള ജയയുടെ പ്രണയത്തിന് അർഹതയില്ലേ എന്ന തോന്നൽ.... ""പക്ഷെ... നീ കെട്ടിപ്പിടിക്കുമ്പോഴോ പ്രണയിക്കുന്നുവെന്ന് പറയുമ്പോഴും ഞാൻ അധികമൊന്നും എതിർത്തിരുന്നില്ലല്ലോ... ഞാനും അത് ആസ്വദിച്ചിരുന്നു... ഞാനും പ്രണയിക്കുന്നു എന്ന് നിന്നോട് പറയാതെ പറഞ്ഞിരുന്നില്ലേ ശ്രദ്ധ... പറയാതെ തന്നെ ഞാൻ നിന്നെ മോഹിപ്പിച്ചിരുന്നില്ലേ...എന്റെ പ്രണയം മനസ്സിലാക്കിയത് കൊണ്ട് മാത്രമല്ലേ നീ വാശിപിടിച്ചതും..."" ഒരു വാക്കു പോലും പറയാതെ തന്നെ അവളിൽ ഉണരുന്ന പ്രണയം വികാരങ്ങൾ അവനിലും പ്രണയത്തിന് പുതുനാമ്പുകൾ തീർത്തിരുന്നു. ഞാൻ നിന്നെ പ്രണയിക്കുന്നു എന്ന് പറഞ്ഞാൽ മാത്രമല്ലല്ലോ ഒരാളുടെ പ്രണയത്തിന് അവകാശി ആകുന്നത് എല്ലാം ശരിയാവും ശ്രദ്ധാ...എല്ലാം മറക്കാനും പൊറുക്കാനും ഇത്തിരി സമയം വേണം...എനിക്ക് മാത്രമല്ല ആരുവിനും...""

വീണ്ടും ഇരുവരെയും മൗനം പൊതിഞ്ഞു.നിശ്വാസം കാതിലെത്തുമുണ്ട്... ആ നിശ്വാസങ്ങൽ കാതുകളിൽ ഇക്കിളി കൂട്ടുവാൻ തുടങ്ങിയിരുന്നു...എഴുന്നേറ്റ് ചുമരിൽ ചാരി ഇരുന്നു. ""ശ്രദ്ധാ...."" നീട്ടിയുള്ള ആ വിളിയിൽ വിറയൽ സൃഷ്ടിച്ചു കൊണ്ട് പെണ്ണ് ഉണരുന്നത് അവൾ അറിഞ്ഞു ""മ്മ്ഹ്ഹ്...."" വാക്കുകൾക്ക് ക്ഷാമം വന്നിരുന്നു.... "" എപ്പോഴാ ഇങ്ങോട്ട് വരുന്നേ... "" അവന്റെ ശബ്ദവും നേർത്തു തുടങ്ങിയിരുന്നു. "" കയ്യിലെ കെട്ട് അഴിച്ചിട്ട് പോയാ മതിന്ന് പറഞ്ഞു അമ്മയും അപ്പയും..... അവിടത്തെ അമ്മക്ക് ബുദ്ധിമുട്ട് ആക്കണ്ടന്ന് പറഞ്ഞു... "" ശബ്ദത്തിനു വല്ലാത്തൊരു നേർമ "" ഞാൻ ഉണ്ടെന്നു പറഞ്ഞു കൂടായിരുന്നോ... "" ആ സ്വരം ഹൃദയത്തിൽ വന്നു പതിക്കുന്നതറിഞ്ഞു "" ജയ് പറഞ്ഞില്ലല്ലോ... ""സ്വരത്തിൽ ഒരു പരിഭവം.. ""ഞാൻ നീ കേൾക്കഞ്ഞിട്ടാ..."" ചെറു ചിരി ചുണ്ടിൽ സ്ഥാനം പിടിച്ചിരുന്നു. "" കള്ളം.... "" ""സത്യമാണ് പെണ്ണെ.."" "" അമ്മയും അപ്പയും ഒരുപാട് ആഗ്രഹിക്കുന്നുണ്ട് എന്റെ കൂടെ നിൽക്കാൻ...പെട്ടെന്ന് വന്ന അവർക്ക് സങ്കടം ആവും ജയ്... എന്തായാലും ഈ കെട്ടൊന്ന് അഴിക്കട്ടെ.... ""

"" വേഗം കെട്ടൊക്കെ അഴിച്ചു വരാൻ നോക്ക്... അതോ ഞാൻ വേറെ കെട്ടണോ... "" കവിൾ ചുവപ്പിച്ചിരുന്നു കുസൃതി നിറഞ്ഞ ആ ചോദ്യം പിന്നെയും എന്തൊക്കെയോ സംസാരിച്ചു കൊണ്ട് അവർ ഉറക്കത്തിലേക്ക് വീണു. അപ്പോഴും കോൾ കട്ടായിരുന്നില്ല 🏵️🏵️🏵️ കൈയുടെ മാറാതെ ഓഫീസിലേക്ക് വരണ്ടാന്നു ഏട്ടൻ പറഞ്ഞത് കൊണ്ട് അമ്മയുടെ കൂടെ അടുക്കളയിൽ ആയിരുന്നു പകൽ സമയം . വേണ്ട എന്ന് പറഞ്ഞിട്ടും പറ്റാവുന്ന പോലെ സഹായിച്ചു. ജയ്യുടെ വീട്ടിലെ കാര്യങ്ങളൊക്കെ ചോദിച്ചു. അമ്മയ്ക്ക് ഇപ്പോഴും ചെറിയ ഇഷ്ടക്കെടുണ്ട് കല്യാണത്തിൽ...വേറൊന്നും കൊണ്ടല്ല അമ്മയുടെ അനിയത്തി ഒരാൾ ഉണ്ട്...മോളെ അറിഞ്ഞു കൊണ്ട് കുഴിയിൽ ചാടിച്ചു....അങ്ങനെ എന്തൊക്കെയോ അമ്മയോട് പറഞ്ഞു. അത് കൊണ്ടൊരു വിഷമം ഉണ്ട് അമ്മയ്ക്ക്....കൂടെ ഏട്ടത്തിയുടെയും ഏട്ടന്റെയും പിണക്കവും... ആ വിഷമം മാറണമെങ്കിൽ ഞങ്ങൾ ജീവിച്ചു കാണിച്ചു കൊടുക്കുക തന്നെ വേണം. ""കുഞ്ഞാ അമ്മയോട് ചായ എടുക്കാൻ പറയ്...."" സെൻട്രൽ ഹാളിൽ ഇരുന്നു ഏട്ടത്തിയെ വീഡിയോ കോൾ ചെയ്യുവായിരുന്നു.

അപ്പയുടെ ശബ്ദം കേട്ടതും ഏട്ടത്തി സംസാരം നിർത്തി. കണ്ണുകൾ എന്തിനോ വേണ്ടി പരതുന്നുണ്ട്. ഏട്ടനെ ആയിരിക്കും... അപ്പയുടെ കൂടെ ആണ് ഏട്ടൻ വരാറ്. തിരിഞ്ഞു നോക്കിയപ്പോൾ ഏട്ടൻ സോഫയിൽ ഇരിക്കുന്നത് കണ്ടു. മൊബൈൽ ഏട്ടനെ കാണാവുന്ന രീതിയിൽ പിടിച്ചു. ഏട്ടൻ ഇങ്ങോട്ടേക്ക് നോക്കുന്നതേ ഇല്ല. ഫോൺ ഏട്ടന് ഓപ്പോസിറ്റുള്ള സോഫയിൽ ചാരി വെച്ച് അടുക്കളയിലേക്ക് പോയി. ""ഏട്ടന് ചായ വേണ്ടേ...""മുകളിലേക്ക് സ്റ്റെപ് കയറാൻ നോക്കുകയായിരുന്നു ഏട്ടൻ. ""ഇപ്പൊ വേണ്ട...ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരട്ടെ.. നീ അപ്പയ്ക്ക് കൊടുക്ക്... തലവേദനയുണ്ടെന്നു കാറിൽ വെച്ച് പറഞ്ഞു..."" അപ്പയ്ക്ക് ചായ കൊടുത്ത ശേഷം ഫോൺ എടുത്തു നോക്കി. കോൾ കട്ട് ആയിട്ടില്ല.ഏട്ടത്തിയുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ടപ്പോൾ കൂടുതൽ ഒന്നും പറയാതെ ബൈ പറഞ്ഞു വെച്ചു. വെറുതെ സ്റ്റയിറിന് മുകളിലേക്ക് നോക്കിയപ്പോൾ കണ്ടു താഴേക്ക് നോക്കി നിൽക്കുന്ന ഏട്ടനെ... ഏട്ടത്തി വീഡിയോ കോളിൽ ഉള്ളത് അറിഞ്ഞു കാണുമോ... അപ്പയ്ക്ക് നല്ല ക്ഷീണം ഉണ്ടെന്നു പറഞ്ഞു കിടക്കാന് പോയി.

അമ്മയും ഒൻപതു മണി ആവുമ്പോഴേക്കും കിടന്നു.ഏട്ടന്റെ മുറിയിലേക്ക് പോയപ്പോൾ കണ്ണിന് മീതെ കൈ വെച്ചു കിടക്കുന്നത് കണ്ടു. സാമിപ്യം അറിഞ്ഞത് പോലെ കണ്ണു തുറന്നു. ""ഇനിയും ഉറങ്ങിയില്ലേ കുഞ്ഞാ.."" ""മ്മ്ഹ്ഹ്.. മ്മ്ഹ്ഹ്.. ഏട്ടനോട് സംസാരിക്കണമെന്ന് തോന്നി.."" ""എന്ത് പറഞ്ഞു അവൾ..."" നിരാശയാണോ സങ്കടമാണോ ആ മുഖത്ത് എന്നറിയില്ല. ""മോനെ പറ്റിയൊക്കെ സംസാരിച്ചതാ..."" ""എന്നെ പറ്റി ചോദിച്ചോ..??"" എന്ത് പറയും... അപ്പയൊക്കെ വന്നോ എന്ന് ചോദിച്ചു.. എല്ലാർക്കും സുഖമല്ലേ എന്ന് ചോദിച്ചു. എല്ലാവർക്കും എന്നു പറഞ്ഞത് ഏട്ടനെ തന്നെയാണ്. ചോദിച്ചെന്ന് തന്നെ പറഞ്ഞു. മങ്ങിയ ഒരു ചിരിയായിരുന്നു. ""മോള് പോയി കിടന്നുറങ്ങിക്കോ..."" ഏട്ടന് വാക്കുകൾക്കു പോലും പഞ്ഞമാണ്. ഒന്നു ചിരിക്കുന്നു കൂടിയില്ലെന്ന് അമ്മ ഉച്ചയ്ക്ക് വേവലാതിയോടെ പറഞ്ഞിരുന്നു. ഏട്ടത്തിയും അതേ അവസ്ഥയിൽ തന്നെയാണ്...അത്രയേറെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തത് കൊണ്ടാവും ഏട്ടത്തിക്ക് അത്രയും ആഴത്തിൽ മുറിവേറ്റത്. ഓരോ പ്രാവിശ്യം ഏട്ടനെ കാണുമ്പോൾ മുഖം തിരിക്കുമ്പോഴും അവഗണിക്കുമ്പോഴും ഏട്ടത്തിയും വേദനിക്കുന്നുണ്ട്. ""ഇന്ന് നിന്റെ വട്ട് പറച്ചിലൊന്നും ഇല്ലേ...??""

ഫോൺ എടുത്തു ഹലോന്ന് പറയാൻ നോക്കുമ്പോഴേക്കും ചോദ്യമിങ്ങെത്തി. ജയ്യുടെ ശബ്ദം കേൾക്കുമ്പോൾ തന്നെ മനസ്സിൽ ശീതകാറ്റ് വീശിയത് പോലെ ആണ്. ""ജയ്....."" ""എന്താടി...."" ഉള്ളിലെ വിഷമം തൊട്ടറിഞ്ഞ പോലെ വേവലാതി ഉണ്ടായിരുന്നു ആ ശബ്ദത്തിൽ. പുകയുന്ന ഉള്ളിൽ കുളിർ മഴ പെയ്തത് പോലെ... ""ഒന്നൂല്ല...."" ""എന്താന്ന് വെച്ചാൽ പറയ് ശ്രദ്ധാ..."" പറയാതിരുന്നപ്പോൾ ശബ്ദം കനപ്പിച്ചു. കള്ളത്തരമാണാത്. ""ഒന്നൂല്ല ... വെറുതെ ജയ്ന്നു വിളിച്ചതാ..."" തിരിച്ചു തന്ന ""മ്മ്ഹ്ഹ് "" ന്ന മൂളലിൽ അറിയാം ആളത് വിശ്വസിച്ചിട്ടില്ലെന്ന്.... ""എന്ത് ചെയ്യുവാ....കിടന്നോ..??"" ""ഇല്ലെടാ.... കണക്കൊക്കെ ശരിയാക്കുവാ.. ആ കഴുത ഓരോ പൊട്ടത്തരം ചെയ്തു വെച്ചിട്ട് ഞാനിരുന്നു കഷ്ടപ്പെടുവാണ്...."" ചെവിയിൽ ഫോൺ വെച്ച് ടേബിളിൽ കൈ ഊന്നി ഇരുന്നു കണക്ക് നോക്കുന്ന ജയെ കണ്ണടച്ചു കിടന്നു സങ്കല്പിച്ചു നോക്കി. കാവി മുണ്ടായിരിക്കും.. പിന്നേ ഏതെങ്കിലും നരച്ച കളർ ടീ ഷേർട്ടും...കൂടെ കണക്കു നോക്കുമ്പോഴും പത്രം നോക്കുമ്പോഴും മാത്രം വെക്കുന്ന കണ്ണടയും. ഫോൺ വീഴാതിരിക്കാനായി ചെവി ചുമലിലേക്ക് അടുപ്പിച്ചു പിടിച്ചിരിക്കും...

""താൻ ഉറങ്ങി പോയോടോ..."" ""ഇല്ല...."" ഇപ്പൊ ഇങ്ങനെയാണ് സംസാരത്തിലൊക്കെയും താൻ.. ഡോ. ടാ ഒക്കെ കടന്നു വരും... ജയ് എന്നോട് ഒരുപാട് അടുത്താണെന്ന് അത് ഓർമിപ്പിക്കും. ""ജയ്ക്ക് ഒരു കാര്യമറിയാമോ... ഭർത്താവിനെ പറ്റിയുള്ള എന്റെ കോൺസെപ്റ് ഇതൊന്നുമായിരുന്നില്ല...ജയെ കണ്ട ശേഷം മാറിയതാ..."" വല്യ കാര്യം പോലെ പറഞ്ഞു. ""വട്ട് പറച്ചിൽ തുടങ്ങിയോ...??"" കളിയാക്കിയതാ... ദുഷ്ടൻ ""ഞാൻ വട്ട് പറഞ്ഞതല്ല... കാര്യം പറഞ്ഞതാ..."" മുഖം വീർപ്പിച്ചു കൊണ്ട് പറഞ്ഞു.ഉള്ളിൽ ചെന്ന് തറിക്കുന്ന ചിരിയായിരുന്നു മറുഭാഗത്ത്... ""ഞാൻ ഫോൺ വെക്കുവാ.."" എന്നെ പൊതിയുന്ന വിറയൽ ജയ് അറിയാതിരിക്കാനാണ് അത്രയും ദേഷ്യത്തിൽ പറഞ്ഞത്. നിശ്വാസമല്ലാതെ മറുപടി ഏതുമില്ല. അല്ലെങ്കിലും മൗനം കൊണ്ട് പ്രണയിക്കാൻ ഞങ്ങൾ പഠിച്ചു... ബഹളമയമല്ലാതൊരു പ്രണയം. ആ നിശ്വാസങ്ങൾക്ക് കാതോർത്ത് കണ്ണുകളടച്ചു കിടന്നു. ഉറക്കമുണരുമ്പോഴും കോൾ കട്ടായിരുന്നു. ഉച്ച ആയപ്പോൾ ജയുടെ ബൈക്കിന്റെ ശബ്ദം.വരുന്നത് പറഞ്ഞതേ ഇല്ല.

രണ്ട് ദിവസം കഴിഞ്ഞാൽ ഹോസ്പിറ്റലിൽ പോവണം. അന്ന് വരാംന്നാ പറഞ്ഞത്. പുറത്തേക്ക് ഓടി.ബൈക്കിൽ ഇരുന്നു ഹെൽമെറ്റ്‌ ഊരി മുടി ശരിയാക്കുന്നതേ ഉള്ളൂ. "എന്തിനാ ഇങ്ങനെ ഓടി വരുന്നേ.. എവിടെയെങ്കിലും വീണിട്ട് വേണം മറ്റേ കൈ കൂടി ഫ്രക്ച്ചർ ആക്കാൻ...""ചെറുതായൊരു ശകാരം. പക്ഷെ അതിൽ നിറയെ എന്നോടുള്ള കരുതൽ ആണ്. ബൈക്കിന്റെ ഹാൻഡിലിൽ പിടിച്ചു ജയെ നോക്കി ചിരിച്ചു. രണ്ട് ദിവസമേ ആയിട്ടുള്ളൂ കാണാഞ്ഞ്.. പക്ഷെ ഒരു പാട് നാളായിട്ട് കാണാതിരുന്നിട്ട് കണ്ട പോലെ. ജയുടെ കൈയിൽ തൂങ്ങി കൊണ്ട് അകത്തേക്ക് കയറി. അമ്മ ഉച്ച മയക്കത്തിൽ ആയത് കൊണ്ട് ജയ് വന്നതറിഞ്ഞിട്ടില്ല. ""ഭക്ഷണം എടുത്തു വെക്കട്ടെ..."" ""വേണ്ട.. ഞാൻ കഴിച്ചിട്ടാ വന്നേ..."" ""എന്നാ ചായ എടുക്കട്ടെ..."" ജയെ കണ്ട സന്തോഷത്തിലും വെപ്രാളത്തിലും എന്താ പറയേണ്ടത്.. ചെയ്യേണ്ടത് എന്നറിയുന്നുണ്ടായിരുന്നില്ല. ""ഈ നട്ടുച്ചയ്ക്കോ.."" ചമ്മലോടെ ഒന്ന് ചിരിച്ചു. മുറിയിൽ എത്തിയപ്പോൾ കട്ടിലിൽ പിടിച്ചിരുത്തി... അടുത്തിരുന്ന് രണ്ടു കൈയിലും പിടിച്ചു...

മുഖത്തേക്ക് നോക്കിയപ്പോൾ എന്തോ പറയാൻ തയ്യാറെടുക്കുന്ന പോലെ... ""ശരൺ വിളിച്ചിരുന്നു..."" മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. ""അപ്പയ്ക്ക് ചെറിയൊരു ക്ഷീണം... ഹോസ്പിറ്റലിൽ ഇന്നൊരു ദിവത്തേക്ക് അഡ്മിറ്റ് ആക്കി. അപ്പ..... ശരീരം തളരുന്ന പോലെ ""ജയ്... അപ്പയ്ക്കെന്താ പറ്റിയെ... സത്യം... പറയ് ജയ്... ഞാൻ പേടിക്കൂല... കരയുകയും ചെയ്യില്ല... പറയ് ജയ്.."" പക്ഷെ കണ്ണുകൾ ഒഴുകി തുടങ്ങിയിരുന്നു.ജയുടെ ഷർട്ടിൽ ചുരുട്ടി പിടിച്ചു. ""സത്യം പറയ്... ജയ്...പ്ലീസ്..."" ""മൈനർ അറ്റാക്ക്... പക്ഷെ പേടിക്കനൊന്നുമില്ല ശ്രദ്ധാ... ഇങ്ങനെ കരയല്ലേ..."" ""ഇല്ല...ജയ് കള്ളം പറയുവാ... എന്റെ അപ്പയ്ക്കെന്തോ പറ്റി...""ജയെ കെട്ടി പിടിച്ചു.. ആ നെഞ്ചിൽ അടിച്ചു കൊണ്ടേയിരുന്നു. "" സത്യമാ ശ്രദ്ധാ... അപ്പയ്ക്ക് ഒന്നുമില്ലടാ... ഞാൻ ഹോസ്പിറ്റലിൽ പോയിട്ടാ വരുന്നേ... നിനക്കെന്നെ വിശ്വാസം ഇല്ലേ ശ്രദ്ധ...""മുഖത്തേക്ക് ചിതറി കിടന്ന മുടി ജയ് ഒതുക്കി വെച്ചു. ആകെ തളരുന്ന പോലെ...കൈകൾക്ക് ബലം നഷ്ടപെട്ടത് പോലെ ജയെ ചുറ്റിയ കൈ അയഞ്ഞു. തല പിറകോട്ടേക്ക് ആഞ്ഞതും ജയ് കട്ടിലിലേക് ചായ്ച്ചു കിടത്തി. അപ്പോഴും മിഴികൾ ഒഴുകിയിറങ്ങി."""തുടരും""""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story