സസ്‌നേഹം: ഭാഗം 28

sasneham new

എഴുത്തുകാരി: നിധാന എസ് ദിലീപ്

""അപ്പയ്ക്ക് ഒന്നുമില്ലടാ... ഞാൻ ഹോസ്പിറ്റലിൽ പോയിട്ടാ വരുന്നേ... നിനക്കെന്നെ വിശ്വാസം ഇല്ലേ ശ്രദ്ധ...""മുഖത്തേക്ക് ചിതറി കിടന്ന മുടി ജയ് ഒതുക്കി വെച്ചു. ആകെ തളരുന്ന പോലെ...കൈകൾക്ക് ബലം നഷ്ടപെട്ടത് പോലെ ജയെ ചുറ്റിയ കൈ അയഞ്ഞു. തല പിറകോട്ടേക്ക് ആഞ്ഞതും ജയ് കട്ടിലിലേക് ചായ്ച്ചു കിടത്തി. അപ്പോഴും മിഴികൾ ഒഴുകിയിറങ്ങി. ജയ് ചുമലിൽ കുലുക്കി വിളിക്കുന്നത് അറിയുന്നുണ്ട്. കണ്ണുകൾ തുറന്നു.മിഴിനീർ കണ്ണിൽ മൂടുപടം സൃഷ്ടിച്ചപ്പോൾ ജയ്യ് ഒരു മങ്ങിയ കാഴ്ചയായി മാറി.എങ്ങലുകൾക്കനുസരിച്ച് നെഞ്ച് ഉയർന്നു പൊങ്ങി. ""ജയ്... അപ്പാ...""വിങ്ങി പൊട്ടിയപ്പോൾ ചുണ്ടുകൾ കടിച്ചു പിടിച്ചു. ""അതല്ലേ പറഞ്ഞത് അപ്പയ്ക്ക് ഒന്നുമില്ലെന്ന്...ഞാൻ ഐസിയുവിൽ കേറി കണ്ടിട്ടാ വരുന്നത്..."" ""പേടിയാവുന്നു..ജയ്.."" ""ശ്രദ്ധാ... എഴുന്നേൽക്ക്... ഞാൻ പറയട്ടെ... "" "" വയ്യ.. ജയ്... ദേഹമൊക്കെ തളരുന്ന പോലെ... കൈയും കാലുമൊക്കെ വിറയ്ക്കുന്നു... ""

ആശ്വസിപ്പിക്കാനെന്നോണം മുടിയിഴകളിളെ തലോടി കൊണ്ടിരുന്നു. ബലമായി എഴുന്നേൽപ്പിച്ചു ജയ്യുടെ ദേഹത്തേക്ക് ചേർത്ത് ഇരുത്തി. ""ഞാൻ പറയുന്നത് അനുസരിക്കില്ലേ...""ഒന്നും പറയാതെ ജയ്യുടെ കൈയിൽ മുഖം അമർത്തിയിരുന്നു. ""പറയ്... ശ്രദ്ധാ..."" ലോലമായ ആ സ്വരം ആശ്വാസമാകുന്നത് കുറച്ചൊന്നുമല്ല. ""മ്മ്ഹ്‌.."" ""ഇങ്ങനെ കരയാൻ മാത്രം അപ്പയ്ക്ക് ഒന്നുമില്ലെടാ...നീ ഇങ്ങനെ കരഞ്ഞിരുന്നാൽ അമ്മയും സങ്കടപ്പെടില്ലെ...""ഒന്ന് മൂളുക കൂടി ചെയ്തില്ലെങ്കിലും ജയ്യേ കേട്ടിരുന്നു. ""ഇത്രെയേ ഉള്ളുവോ.. തന്റേടിയായ എന്റെ ശ്രദ്ധ..."" ഒന്നു കൂടി ആ കൈയിൽ മുഖം അമർത്തി പിടിച്ചു. ""ഇത് ശ്രദ്ധയാണ് എന്ന് പറഞ്ഞു എന്നെ വാശി പിടിച്ചു സ്നേഹിച്ച പെണ്ണ് ഇത് തന്നെ ആണോ ..ആകെ വാടി തളർന്ന്....എനിക്ക് നിന്നെ ഇങ്ങനെ കാണാൻ ഒട്ടും ഇഷ്ടമല്ല ശ്രദ്ധാ... ഇതല്ല എന്റെ ശ്രദ്ധാ.."" ""അപ്പയ്ക്കായോണ്ടാ...""

കണ്ണുകൾ ഉയർത്തി ജയ്യേ നോക്കി ""അതിന് അപ്പയ്ക്കൊന്നും പറ്റിയില്ലലോടി... രാവിലെ ഓഫീസിൽ പോകുന്ന വഴിക്ക് വെച്ച് ക്ഷീണം തോന്നി.. കൂടെ ചെറിയൊരു നെഞ്ച് വേദനയും.. അപ്പൊ തന്നെ നിന്റെ ഏട്ടൻ കാർ ഹോസ്‌ലിറ്റലിലേക്ക് വിട്ടു. പേടിക്കനൊന്നുമില്ലന്നാ ഡോക്ടർ പറഞ്ഞത്..."" ""ജയ്.. അപ്പായോട് സംസാരിച്ചോ..."" ""ഇല്ല...ഞാൻ കാണാൻ ചെന്നപ്പോ അപ്പ ഉറക്കമായിരുന്നു... പിന്നെ ശല്യപെടുത്തിയില്ല.."" "" സത്യായിട്ടും അപ്പയ്ക്ക് ഒന്നുമില്ലല്ലോ... "" ""ഒന്നുമില്ലെടാ.. ഞാനല്ലേ പറയുന്നേ..."" കൈ ശ്രദ്ധിക്ക്.... കൈ അനക്കരുതെന്നല്ലേ ഡോക്ടർ പറഞ്ഞത്...""ഷർട്ടിൽ ചുരുട്ടി പിടിച്ച കൈ നോക്കി കൊണ്ട് പറഞ്ഞു. അപ്പോഴാ ഞാനും അത് ശ്രദിച്ചത്. ""കണ്ണൊക്കെ നോക്കിയേ...കരഞ്ഞു കലങ്ങിയിട്ട്... പോയി മുഖമൊക്കെ കഴുകിയിട്ടു വാ...അമ്മ നിന്നെ ഇങ്ങനെ കാണേണ്ട...""ജയ് വാഷ്റൂമിലേക്ക് ഉന്തി തള്ളി വിട്ടു.മുഖമൊക്കെ കഴുകി വന്നു ജയ്യുടെ ചുമലിൽ തല ചായ്ച്ചിരുന്നു. ഇടം കൈയാൽ ജയ് ചേർത്തു പിടിച്ചു. ""ജയ്.... എനിക്ക് അപ്പയെ കാണണം...ഇന്ന് കൊണ്ട് പോവ്വോ??""

""രണ്ട് ദിവസം കഴിഞ്ഞാൽ നിന്റെ കൈ കാണിക്കാൻ പോവണ്ടേ.. അപ്പൊ കാണാൻ പോവാം... അപ്പോഴേക്കും അപ്പയെ റൂമിലേക്ക് മാറ്റുമായിരിക്കും...""നെറുകയിൽ താടി ചേർത്തു വെച്ചു ജയ്. ""പറ്റില്ല... എനിക്ക് ഇപ്പൊ അപ്പയെ കാണണം... എന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോ ജയ്..."" ""ചെറിയ കുട്ടികളെ പോലെ വാശി പിടിക്കല്ലേ ശ്രദ്ധാ..."" ശാസിച്ചതല്ലെങ്കിലും കേട്ടപ്പോൾ കണ്ണ് നിറഞ്ഞു. ""എന്നാ നാളെ കൊണ്ട് പോവ്വോ..."" ""കൊണ്ട് പോവാം..."" വീണ്ടും കണ്ണുകൾ നിറയുന്നത് കണ്ടാവും സമ്മതിച്ചത്. ""ജയ് ഇന്ന് എന്റെ കൂടെ നിക്കുവോ...ഇവിടെ..""ഒന്നു കൂടി ജയ്യിലേക്ക് ഒതുങ്ങി.ജയ് ഇരു കൈ കൊണ്ടും ചേർത്തു പിടിച്ചു.ആ നെഞ്ചിൽ താടി ഊന്നി കൊണ്ട് ജയ്യേ നോക്കി. ""നിൽക്കാം...""നെറ്റിത്തടത്തിൽ ജയ്യുടെ ചുണ്ടുകൾ പതിഞ്ഞു. കണ്ണുകൾ അടച്ചു നിന്നു. ""ഏട്ടത്തിയോട് പറയണ്ടേ.. ഇന്ന് വരൂലാന്ന്..."" ""അവളോട് പറഞ്ഞിട്ടാ വന്നത്..."" ജയ്യുടെ നെഞ്ചിൽ മുഖം പൂഴ്ത്തിയിരുന്നു.ജയ്യുടെ ഹൃദയമിടിപ്പ് കേൾക്കുന്നുണ്ട്...അത് കേട്ട് കിടന്നത് കൊണ്ടാവും എന്റെ ഹൃദയവും ശാന്തമായി മിടിക്കാൻ തുടങ്ങി. അപ്പ വരാതെ അമ്മ ഭക്ഷണം കഴിക്കില്ല... രാത്രി നിർബന്ധിച്ചു ഭക്ഷണം കഴിപ്പിച്ച ശേഷമാ അമ്മയോട് പറഞ്ഞത്.

മനസ് എന്തോ പോലെ എന്ന് പറഞ്ഞു ആദ്യം ഭക്ഷണം വേണ്ടെന്ന് പറഞ്ഞു ജയ് കൂടി പറഞ്ഞ ശേഷമാണ് കഴിച്ചത്... അതും എന്തൊക്കെയോ നുള്ളി പൊറുക്കി കഴിച്ചെന്നു വരുത്തുകയായിരുന്നു...അപ്പയുടെ കാര്യം പറഞ്ഞപ്പോൾ ഒത്തിരി കരഞ്ഞു.... അപ്പയെ കാണണമെന്ന് പറഞ്ഞു വാശി പിടിച്ചു. നാളെ പോവാമെന്ന് പറഞ്ഞാ സമാധാനിപ്പിച്ചത്.... ""നീ ഇന്ന് അമ്മയുടെ കൂടെ കിടന്നോ... അമ്മയെ ഒറ്റയ്ക്കാക്കണ്ട..."" ഞാനും ആഗ്രഹിച്ചിരുന്നു അത് എന്നാലും ഒന്ന് മടിച്ചു. ജയ് ഒറ്റക്കാവില്ലേ... ജയ്ക്ക് ഇവിടെ അത്ര പരിചയമില്ലല്ലോ... ""സാരമില്ലെടാ..."" കണ്ണു ചിമ്മി ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ ഇത്തിരി സമാധാനം തോന്നി. ""ഇങ്ങ് താ.. ആ ഒറ്റ കൈ കൊണ്ട് കഷ്ടപ്പെടേണ്ട.."" എന്റെ കൈയിലെ ബെഡ്ഷീറ്റ് വാങ്ങി ജയ് തന്നെ വിരിച്ചു. പഴയത് എടുത്തു ബാസ്കറ്റിലിട്ടു. എനിക്ക് ജയ്ക്കായി അതൊക്കെ ചെയ്ത് കൊടുക്കണമെന്നുണ്ടായിരുന്നു....ഞാൻ ജയേ ഇവിടെ ഒറ്റപെടുത്തിയോ എന്ന തോന്നൽ കൂടി ആയപ്പോ ചെറുതല്ലാത്തൊരു സങ്കടം....ഒരു ഫ്ലാസ്കിൽ ചൂട് വെള്ളം കൊണ്ട് വെച്ചു... ഒന്നും ഇനി ചെയ്യാൻ ഇല്ലാഞ്ഞിട്ടും അവിടെ തന്നെ തഞ്ചി കളിച്ചു. ജയ് ബെഡിൽ ഇരുന്ന് ഇങ്ങോട്ട് തന്നെ നോക്കുന്നുണ്ട്... ""നേരമെത്രയായിന്നാ വിചാരം... പോയി ഉറങ്ങാൻ നോക്ക്.."" ജയ്യോട് ഗുഡ്‌നൈറ്റ് പറഞ്ഞു റൂമിന് പുറത്തേക്ക് നടന്നു.

ഡോറിന്റെ അടുത്തെത്തിയപ്പോൾ ഒന്നു തിരിഞ്ഞു നോക്കി.ജയ്യുടെ കണ്ണുകളും ഇങ്ങോട്ട് തന്നെ ആയിരുന്നു. അമ്മയെ ചുറ്റി പിടിച്ചു കിടന്നു. അമ്മ അപ്പോഴും കരയുകയായിരുന്നു.അമ്മ ഇങ്ങനെ കരയുന്നത് ഇത് വരെ കണ്ടിട്ടില്ല...അമ്മയുടെയും അപ്പയുടെയും കല്യാണം തൊട്ടുള്ള കാര്യങ്ങൾ പറയുന്നുണ്ടായിരുന്നു. ഈ നിലയിൽ എത്താൻ വേണ്ടി അപ്പ കഷ്ടപ്പെട്ടത്... ഞങ്ങളെ.. അമ്മയെ ഒക്കെ അപ്പ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന്.... അമ്മ പറയുന്നത് കേട്ട് എന്റെ കണ്ണും നിറയുന്നുണ്ടായിരുന്നു...അങ്ങനെ എന്തൊക്കെയോ പറഞ്ഞു പറഞ്ഞു അമ്മ എപ്പോഴോ ഉറങ്ങി പോയി അമ്മയുടെയും അപ്പയുടെയും സ്നേഹത്തെ പറ്റി പറഞ്ഞപ്പോൾ വാ തോരാതെ സംസാരിച്ചപ്പോൾ ഞാൻ ഓർത്തത് ഞങ്ങളുടെ സ്നേഹത്തെ പറ്റിയായിരുന്നു.. ഇത് വരെ ഇത് ഇഷ്ടമാണ് അല്ലെങ്കിൽ ഇത് ഇഷ്ടമല്ല എന്നൊന്നും ഇത് വരെ സംസാരിച്ചിട്ടില്ല... കണ്ട് കണ്ട് ചില ഇഷ്ടങ്ങൾ അറിയാം...അത്രമാത്രം..ശരിക്കും മനസ് തുറന്ന് സംസാരിക്കാൻ തുടങ്ങിയിട്ടേ ഉള്ളൂ... അമ്മ ഉറങ്ങിയെന്നു തോന്നിയപ്പോൾ എഴുന്നേറ്റു. ജയ് റൂം ലോക്ക് ചെയ്തിട്ടില്ല. ബെഡിൽ ഇരുന്ന് കൊണ്ട് കിടന്നുറങ്ങുന്ന ജയ്യേ നോക്കി.ആ മുടിയിൽ പതിയെ തലോടി... നെറ്റിയിൽ പതിയെ ചുണ്ടമർത്തി..

ജയ് ഉണരാതിരിക്കാൻ അത്രയും നേർത്തൊരു ഉമ്മ. പിന്നെ കവിളിൽ... നിവർന്നിരുന്നു ജയ്യേ തന്നെ നോക്കി. ""കൈ വേദനിക്കും ശ്രദ്ധാ..."" ജയ്യുടെ നെഞ്ചിൽ കിടക്കാൻ ആഞ്ഞതായിരുന്നു. ജയ് ഉറങ്ങിയില്ലായിരുന്നോ?? ""എനിക്കറിയാമായിരുന്നു നീ വരുമെന്ന്.. അതാ ഡോർ അടക്കാഞ്ഞത്...""നല്ല ചമ്മൽ ഉണ്ടായിരുന്നു.ചമ്മൽ മാത്രമല്ല വിറയലുമുണ്ട്... അമ്മ പറയുന്നത് കേട്ടപ്പോൾ നല്ല സങ്കടം വന്നു... ഒരു സമാധാനത്തിന് ജയ്യേ ഒന്ന് കാണണമെന്നേ ഓർത്തുള്ളൂ... ""നീ ചമ്മണ്ട...എന്ത് കൊണ്ടാ നീ ഇങ്ങോട്ട് വന്നതെന്ന് എനിക്ക് മനസിലാവും.."" ജയ് പിന്നെ എന്തെങ്കിലും പറയും മുൻപേ അവിടെ നിന്നും പോയി. രാവിലെ ആയപ്പോഴേക്കും കൈയ്ക്ക് വല്ലാണ്ട് വേദന.. കൈക്ക് നല്ല വീക്കം ഉണ്ട്...""നിന്നോട് ഞാൻ പറഞ്ഞതല്ലേ ശ്രദിക്കണം എന്ന് പറഞ്ഞു കൊണ്ടുള്ള ജയ്യുടെ നോക്കി പേടിപ്പിക്കൽ ഒരു ഭാഗത്ത്... അമ്മയുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്... ഒരു ബലത്തിനെന്നോണം എന്റെ കയ്യിൽ മുറുകെ പിടിച്ചിട്ടുണ്ട് ""പേടിച്ചു പോയോ...??""ചിരിച്ചു കൊണ്ടാണ് അപ്പയത് അമ്മയോട് ചോദിച്ചത്....

അപ്പയുടെ മുഖത്തെ ചിരി കണ്ടപ്പോൾ ഒരു സമാധാനം.. ചിലപ്പോ അമ്മയുടെയും എന്റെയും മുഖത്തെ ടെൻഷൻ കണ്ടിട്ടാവും.. അമ്മ അപ്പയെ കണ്ണു നിറച്ചു കൊണ്ട് നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല. അപ്പ അമ്മയുടെ കൈയിൽ പിടിച്ചു. അവർക്ക് മാത്രമായി സംസാരിക്കാൻ വേണ്ടി ഒഴിഞ്ഞു കൊടുക്കണമെന്നുണ്ട്... പക്ഷെ അമ്മ എന്റെ കൈയിൽ ബലമായി പിടിച്ചിട്ടുണ്ട്... ""ഞാൻ അങ്ങനെ നിന്നോട് ഒന്നും പറയാതെ പോവില്ലെടി... റിട്ടയർ ചെയ്ത് കൊച്ചു മക്കളെയും നോക്കി ഇരിക്കാൻ സമയമായി എന്ന് ഹൃദയം ഓർമിപ്പിച്ചതല്ലേ...""അപ്പോഴേക്കും അമ്മ കരഞ്ഞിരുന്നു. അപ്പയും വല്ലാതായി...നേഴ്സ് അമ്മയെയും കൂട്ടി പുറത്തേക്ക് പോവാൻ പറഞ്ഞു. ""അപ്പ ചിരിക്കുന്നത് കണ്ടില്ലേ... പിന്നെ എന്തിനാ അമ്മ ഇങ്ങനെ കരയുന്നത്..."" പിന്നെ അമ്മയെ അവിടെ നിർത്തിയില്ല... അവിടെ നിന്നോളാംന്നു പറഞ്ഞിട്ടും നിർബന്ധിച്ചു വീട്ടിലേക്ക് കൂടി. ജയ് അവിടെ നിന്നു...ഏട്ടൻ ഞങ്ങളുടെ കൂടെ വന്നു. ഏട്ടനും ഞാനും കൂടി അമ്മയെ എന്തൊക്കെയോ പറഞ്ഞു സമാധാനിപ്പിച്ചു... അപ്പയുടെ മുൻപിൽ ഇങ്ങനെ കരയരുതെന്ന് ഏട്ടൻ പറഞ്ഞപ്പോൾ തലയാട്ടി സമ്മതിക്കുന്നത് കണ്ടു. ജയ്യും ഏട്ടനുമാണ് ഹോസ്പിറ്റലിൽ മാറി മാറി നിന്നത്...

അപ്പയുമായി ബന്ധപെട്ടുള്ളതാണെങ്കിലും അവർ തമ്മിൽ ചെറിയ ചെറിയ സംസാരങ്ങൾ ഉണ്ടായി എന്ന് കേട്ടപ്പോൾ സമാധാനം തോന്നി. ഇന്നാണ് അപ്പയെ ഡിസ്ചാർജ് ചെയ്യുന്നത്. ""ഇങ്ങനെ കിടക്കാൻ മാത്രം എനിക്കൊന്നുമില്ലെടാ...""അപ്പയോട് പോയി കിടക്കാൻ പറഞ്ഞതാണ്... ""നീ നോക്കിയേ.. ഞാൻ ആണോ അതോ ഇവളാണോ ഹോസ്പിറ്റലിൽ കിടന്നത്...""സത്യമാണ്... അപ്പയെക്കാൾ ക്ഷീണിച്ചത് അമ്മയാണ്.. ഒരാഴ്ച കാലം കൊണ്ട് അമ്മ മെലിഞ്ഞു പോയി...അപ്പ ഒരു ധൈര്യമാണ് അമ്മയ്ക്ക്...ഞങ്ങൾക്കും..എന്തെങ്കിലും ഒരു സങ്കടം വരുമ്പോൾ അപ്പയില്ലെടാ കൂടെ എന്ന് കേൾക്കുന്നത് തന്നെ ഒരു ആശ്വാസമാണ്... ..ആ ധൈര്യം ഇല്ലാതായി പോകുമോന്ന് പേടിച്ചു കാണും അമ്മ... ഒത്തിരി ഒന്നും സംസാരിച്ചില്ല അപ്പോഴേക്കും പുറത്തു കാർ വന്നു. വിചാരിച്ചത് പോലെ ജയ്യായിരുന്നു... കോ ഡ്രൈവർ സീറ്റിൽ നിന്നും ഏട്ടത്തിയും മോനും ഇറങ്ങി..അപ്പയ്ക്ക് രണ്ടാളെയും കാണണമെന്ന് പറഞ്ഞിരുന്നു. ഞങ്ങൾ ഇങ്ങോട്ട് വന്നപ്പോൾ ജയ് ഏട്ടത്തിയെ കൂട്ടാൻ വേണ്ടി പോയി. മോനെയും കൊണ്ട് ഹോസ്പിറ്റലിൽ വരണ്ടാന്ന് അപ്പ തന്നെയാണ് പറഞ്ഞത്. ഓടി പോയി മോനെ ഏട്ടത്തിയുടെ കൈയിൽ നിന്നും എടുത്തു. ആള് നല്ല ഉറക്കമാണ്.ഏട്ടത്തി ഒരു നിമിഷം നിന്നു പോയി...

അവസാനമായി ഇവിടെ വന്ന ഓർമയിലാണെന്ന് തോന്നി. ""വാ...""ജയ് ഏട്ടത്തിയുടെ തോളിൽ പിടിച്ചു മുറിയിൽ എത്തിയപ്പോൾ മോനെ അപ്പയുടെ കൈയിൽ കൊടുത്തു.ഏട്ടൻ അപ്പയുടെ അടുത്തായി ഇരിക്കുന്നുണ്ട്... ഇടക്കെപ്പോഴോക്കൊയോ ഏട്ടത്തിയുടെ കണ്ണുകൾ ഏട്ടനെ തേടി പോയത് പോലെ...ഏട്ടന്റെ നോട്ടം മോനിലാണെങ്കിലും ഇടക്ക് ഏട്ടത്തിയിലും നോട്ടമെത്തുന്നുണ്ട് ""ഏട്ടത്തി വാ...""ഏട്ടത്തിയെയും വലിച്ചു അടുക്കളയിലേക്ക് പോയി.. ചായ എടുക്കാൻ...എല്ലാവരും എന്തൊക്കെയോ സംസാരിച്ചിരുന്നു. ""ഇറങ്ങണ്ടേ... നേരം ഒരുപാടായി.. എനിക്കൊന്ന് ഷോപ്പിൽ പോവുകയും വേണം..."" ജയ് അത് പറഞ്ഞപ്പോഴാണ് സമയം പോയത് അറിഞ്ഞത് തന്നെ... ""മോൾക്ക് പോവണോ... ഇവിടെ നിന്നൂടെ... ക്ഷമിച്ചൂടെ ഇവനോട്..."" അപ്പ ഏട്ടത്തിയോടത് പറയുമ്പോൾ ഏട്ടൻ തല കുനിച്ചിരിക്കുകയായിരുന്നു.. നിറഞ്ഞിരിക്കണം ആ കണ്ണുകൾ.... അപ്പ പറഞ്ഞത് ജയ്ക്ക് ഇഷ്ടപ്പെട്ടോ എന്ന് സംശയമാണ്... കൈ വിരലുകൾ ചുരുട്ടി പിടിച്ചിട്ടുണ്ട്... ""ഒന്നുമിനി ആവർത്തിക്കില്ല ജയ്.... ഒരിക്കൽ പറഞ്ഞു പോയതോർത്തു എന്റെ മോൻ ഉരുകുന്നുണ്ട് ഇപ്പോഴും...."" നിശബ്ദതത പറന്നിരുന്നു അവിടെമാകെ... ""ഏട്ടാ.. ഞാൻ ഇവിടെ നിന്നോളാം... ഏട്ടൻ പൊയ്ക്കോ...""

ജയ്യുടെ കൈയിൽ പിടിച്ചു കൊണ്ടാണ് ഏട്ടത്തി പറഞ്ഞത്... ""അരൂ..."" ""പൂർണമനസോടെ പറഞ്ഞതാ ഏട്ടാ....""ജയ് കൂടുതലൊന്നും പറഞ്ഞില്ല. ജയ് പോയിട്ടും അപ്പയുടെ മുറിയിൽ തന്നെയായിരുന്നു... അതിന് ശേഷവും ഏട്ടത്തി എന്റെയും അമ്മയുടെയും കൂടെ ആയിരുന്നു... ഏട്ടനും ഏട്ടത്തിയ്ക്കും സംസാരിക്കാൻ അവസരമുണ്ടാക്കി കൊടുത്ത് നേരെ റൂമിലേക്ക് വിട്ടു. അങ്ങോട്ട് പോയ ആളുടെ അവസ്ഥ എന്താണെന്നറിയില്ലല്ലോ... ""ജയ്.... വീട്ടിലാണോ..."" ""മ്മ്ഹ്ഹ്...""എന്താണാവോ മൂളലിന് ഇത്ര കനം ""ഭക്ഷണം കഴിച്ചോ...??"" ""ഒറ്റക്കായൊണ്ട് വേഗം കഴിച്ചു..""ആ പറച്ചിലിനുമുണ്ട് നല്ല കനം ""അമ്മയും അച്ഛനും ഇല്ലേ അവിടെ..."" ""ഇല്ലാ... പോയി..."" ഒഴുക്കൻ മട്ടിൽ പറഞ്ഞു. ""പോവാനോ... എവിടെ..."" ""ആരു അവിടെ നിന്നു എന്ന് പറഞ്ഞപ്പോൾ ഇനി ഇവിടെ ആവിശ്യമില്ലല്ലോ.. ഞങ്ങൾ പോവുവാന്ന്‌ പറഞ്ഞു...""ഒരു കുഞ്ഞിന്റെ പരിഭവം പോലൊന്ന് ""പോട്ടേന്ന് ചോദിച്ചപ്പോൾ നിങ്ങൾ കുമ്ന്ന് മൂളി കാണും...""എനിക്കറിയില്ലേ ജയ്യേ.. ""ഞാൻ ഇവിടെ ഒറ്റയ്ക്കാണെന്ന് അറിഞ്ഞിട്ടും പോവാൻ തിരക്ക് കൂട്ടുന്നവരെ ഞാൻ പിടിച്ചു വെക്കണമായിരുന്നോ...""കടിച്ചു കീറും പോലെ പറഞ്ഞു. ""പോണ്ടാന്ന് പറയാമായിരുന്നു... അച്ഛനല്ലേ.. ജയ്ക്കൊന്ന് മിണ്ടിക്കൂടെ... ജയ് പോവാണ്ടാന്ന് പറയാൻ വേണ്ടി ആയിരിക്കും ചോദിച്ചത്..."" ഒന്നും മിണ്ടുന്നില്ല...ഈ മനിഷനെ ഞാൻ എന്താ ചെയ്യേണ്ടത്"""തുടരും""""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story