സസ്‌നേഹം: ഭാഗം 29

sasneham new

എഴുത്തുകാരി: നിധാന എസ് ദിലീപ്

""പോവണ്ടാന്ന് പറയാമായിരുന്നു... അച്ഛനല്ലേ.. ജയ്ക്കൊന്ന് മിണ്ടിക്കൂടെ... ജയ് പോവാണ്ടാന്ന് പറയാൻ വേണ്ടി ആയിരിക്കും ചോദിച്ചത്..."" ഒന്നും മിണ്ടുന്നില്ല...ഈ മനിഷനെ ഞാൻ എന്താ ചെയ്യേണ്ടത് ""ജയ്..."" ""മ്മ്ഹ്ഹ്..."" ""എന്താ..ജയ്..."" ""നീ ഫോൺ വെച്ചോ.. ഞാൻ കുറച്ചു കഴിഞ്ഞു അങ്ങോട്ട് വിളിച്ചോളാം.."" നല്ല ഗൗരവമുണ്ട്. മൂഡ് ശരിയല്ല തോന്നുന്നു..ഇന്ന് ഇനി വിളിക്കുമോ ആവോ...ഏട്ടത്തി ഇവിടെ നിന്നോളാംന്ന് പറഞ്ഞത് അത്ര രസിച്ചിട്ടില്ല. ആ ഇഷ്ടക്കേട് മുഖത്ത് കാണാനുണ്ടായിരുന്നു. എല്ലാവരോടും യാത്ര പറഞ്ഞിറങ്ങിയത് തെളിഞ്ഞ മുഖത്തോടെയല്ല."പോവുവാ.. "ന്നു മാത്രം എന്നോട് പറഞ്ഞ് കാറിൽ കയറി പോയ ആളാണ്.. വീട്ടിലെത്തിയപ്പോൾ അമ്മയും അച്ഛനും പോവുന്ന കാര്യം പറഞ്ഞിരിക്കും....അതിന്റെയൊക്കെയാണ് ഈ ഗൗരവം.ഫോൺ കട്ട് ചെയ്ത് അപ്പയുടെ റൂമിലേക്ക് പോയി. അപ്പയുടെ കൈയിലിരിക്കുകയാണ് കുഞ്ഞി ചെക്കൻ. കഴുത്ത് ഉറച്ചു തുടങ്ങിയതേ ഉള്ളൂ... അതു കൊണ്ട് അപ്പ കുഞ്ഞി ചെക്കന്റെ തലയുടെ പിറകിൽ ഒരു കൈ കൊണ്ട് പിടിച്ചിട്ടുണ്ട്.

അമ്മയും അടുത്തിരിക്കുന്നുണ്ട്.. അമ്മ അപ്പയ്ക്ക് മെഡിസിൻ എടുത്തു കൊടുത്തു കൊണ്ട് എന്തൊക്കെയോ സംസാരിക്കുകയാണ്.അപ്പ അമ്മയോടും എന്തൊക്കെയോ സംസാരിക്കുന്നു. അവനെ ശ്രദ്ധിക്കാത്തത് കൊണ്ട് അപ്പയുടെ ഷർട്ടിന്റെ കൈയിൽ പിടിച്ചു വലിക്കുന്നുണ്ട്.അപ്പ സംസാരിക്കുന്നതിനിടയിൽ അത് അറിഞ്ഞില്ല. എന്നിട്ടും ശ്രദിക്കുന്നില്ല എന്ന് കണ്ട് കുഞ്ഞു വാ പിളർത്തി കരയാനുള്ള പുറപ്പാടിലാണ് ആശാൻ. ""അയ്യോടാ... അച്ചച്ചന്റെ പൊന്നെന്തിനാ കരയുന്നെ..."" ആ കുഞ്ഞു കവിളിൽ മൂക്കുരസി കൊണ്ട് അപ്പ അത് പറഞ്ഞതും കരച്ചിൽ നിർത്തി പിന്നെ അപ്പയെ തന്നെ നോക്കലായി ആശാൻ. ""നമ്മൾ അവനെ ശ്രദ്ധിക്കാതെ സംസാരിച്ചത് അവനിഷ്ടായില്ല അതാ.. അല്ലേടാ കുഞ്ഞാ...."" അമ്മ പറയുന്നത് കേട്ട് പിന്നെ അമ്മയെയായി നോട്ടം. ""ആണോടാ കുഞ്ഞാ..."" അപ്പയോട് കുഞ്ഞനും എന്തൊക്കെയോ പറയുന്നുണ്ട്.

""നീ എന്താ അവിടെ തന്നെ നിൽക്കുന്നേ.."" അപ്പ അങ്ങനെ പറഞ്ഞപ്പോഴാണ് അമ്മയും വാതിക്കലിൽ അവരെ നോക്കി നിൽക്കുന്ന എന്നെ കണ്ടത്. ""ഞാൻ അച്ചാച്ഛനും അച്ഛമ്മയും കൊച്ചു മോനെ കളിപ്പിക്കുന്നത് നോക്കി നിൽക്കുവായിരുന്നു.."" അപ്പയുടെ അടുത്ത് പോയിരുന്നു. "" ഞങ്ങൾക്ക് കളിപ്പിക്കാൻ വേഗം നീയും താ ഇതു പോലൊരാളെ...ഒരു കൊച്ചു മോള് തന്നെ ആയിക്കോട്ടെ അല്ലെ പത്മ.."" കുഞ്ഞിക്കവിൾ മൂക്കുരുമി കൊണ്ട് അപ്പ പറയുമ്പോൾ മോണ മുഴുവൻ കാട്ടി ചിരിക്കുന്നുണ്ട് കുഞ്ഞി ചെക്കൻ. അമ്മയും ചിരിക്കുന്നുണ്ട്... എന്റെ കവിളിൽ ചുവപ്പ് പൂക്കുന്നുണ്ടായിരുന്നു ആ പറച്ചിലിൽ. ""അതിന് ആദ്യം ഇവളൊന്ന് വളരട്ടെ... ചില സമയത്തെ ഇവളുടെ കോപ്രായങ്ങൾ കണ്ടാൽ തോന്നും ഇനിയും ഇവൾ വളർന്നിട്ടില്ലെന്ന് ..."" അമ്മയുടെ വകയാണ് ആ പറച്ചിൽ കൂടെ അത് ശരി വെച്ചു കൊണ്ടുള്ള അപ്പയുടെ തലയാട്ടിയുള്ള ചിരിയും.

""ആദ്യം കുഞ്ഞുവിന്റെ കൂടെ കളിച്ചിട്ട് നിങ്ങൾക്ക് മടുക്കട്ടെ... അപ്പൊ ആലോചിക്കാട്ടോ ആ കാര്യം..അല്ലേടാ കുഞ്ഞാ...""ഞാനും വിട്ടു കൊടുത്തില്ല.ഒന്നു തലയാട്ടി കൊണ്ട് പറയുമ്പോഴേക്കും കുഞ്ഞി ചെക്കൻ വീണ്ടും മോണ കാട്ടി ചിരിക്കാൻ തുടങ്ങി ❤❤❤❤ മുറിയിലേക്ക് കയറി ചെല്ലാൻ പോലും ഒരു മടി വന്നു. പ്രണയവും പരിഭവവുമെല്ലാം പരസ്പരം പങ്കു വെച്ച ഇടം...ഇത്രയും ശ്വാസം മുട്ടിക്കുന്നുവോ ഇന്നിവിടം???ആദ്യമായി ഈ മുറിയിൽ കാൽ വെച്ചപ്പോൾ പോലും ഇത്രയും പരിഭ്രമിച്ചിട്ടില്ല.. പതറിയിട്ടില്ല.....ഈ മുറിയിലെ ഓരോന്നിനോടും വല്ലാത്തൊരു പ്രണയമായിരുന്നു... ഇന്ന് അതൊക്കെ തന്നെ ശ്വാസം മുട്ടിക്കും പോലെ... രണ്ടു മൂന്ന് വാക്കുകൾക്കിടയിൽ ഞെരിഞ്ഞമർന്നു പോയോ ഞങ്ങളുടെ പ്രണയം?? മനസ് വരണ്ടുണങ്ങി ഉഷ്ണകാറ്റ് വീശുന്നു. കാലൊച്ച കേട്ട് തിരിഞ്ഞു നോക്കിയപ്പോഴാണ് ശരൺ പതർച്ചയോടെ നിൽക്കുന്നവളെ കണ്ടത്...

""ഞാൻ ഒന്ന് കുളിച്ചിട്ട് വരാം... ഹോസ്പിറ്റലിലൊക്കെ ആയി ഒരേ ഓട്ടമല്ലേ... ആകെ ക്ഷീണിച്ചിരിക്കുവാ... കുളിച്ചിട്ട് ഒന്നുറങ്ങണം.. എന്നാലേ ഈ ക്ഷീണം മാറൂ..."" അത്രയും പറഞ്ഞ് കൈയിൽ കരുതിയിരുന്ന ടവൽ ചുമലിൽ ഇട്ട് ബാത്റൂമിലേക്ക് നടന്നു.ഒരു മരവിപ്പുണ്ടായിരുന്നു ആ വാക്കുകളിൽ. ""ഞാൻ കുളിച്ചു വരുമ്പോഴേക്കും നല്ല സ്ട്രോങ്ങ്‌ ചായ എടുത്തു വെക്കാമോ... ഉറക്കം ശരിയാവാഞ്ഞിട്ടാവും നല്ല തലവേദന.."" പെട്ടെന്ന് തിരിഞ്ഞു നോക്കി നെറ്റി തടവി കൊണ്ട് പറഞ്ഞു.ഒന്ന്‌ തലയാട്ടി... അത്ര മാത്രം...ഇന്നേ വരെ ഇല്ലാത്തൊരു ഫോര്മാലിറ്റി ഉണ്ട് വാക്കുകളിൽ.... കുറച്ചു സമയം അപ്പയുടെ മുറിയിൽ അപ്പയും അമ്മയും ശ്രദ്ധയും കൂടെ മോനെ കളിപ്പിക്കുന്നത് നോക്കി നിന്നു. സ്ഥലം മാറിയത് കൊണ്ട് കുറെ നേരം കരച്ചിലായിരുന്നു.ആ കരച്ചിലൊന്ന് നിർത്താൻ എല്ലാവരും കൂടി നന്നായി പാട്പെട്ടു. ശരണേട്ടൻ കുളിച്ചിറങ്ങാൻ സമയമായപ്പോഴാണ് ചായയുമെടുത്തു റൂമിലേക്കു പോയത്.റൂമിൽ എത്തുമ്പോൾ ശരണേട്ടൻ കുളി കഴിഞ്ഞ് ഇറങ്ങിയിരുന്നു. കൈയിൽ നിന്നും ചായയും വാങ്ങി ബാൽക്കണിയിലേക്ക് പോയി.

ബാൽക്കണിയിലേക്ക് പോകുമ്പോൾ ശരണേട്ടൻ കണ്ണടച്ച് ചാരി കണ്ണടച്ചിരിക്കുകയാണ്. അടുത്ത് പകുതി കുടിച്ച ചായ കപ്പും. ""അപ്പ പറഞ്ഞത് കൊണ്ടാണോ ഇവിടെ നിന്നത്..."" ശല്യപെടുത്തേണ്ട എന്ന് കരുതി തിരിച്ചു പോവാൻ നോക്കുകയായിരുന്നു. ""മ്മ്ഹ്ഹ്...അപ്പ ഞാൻ കാരണം വിഷമിക്കരുതെന്ന് തോന്നി..പിന്നെ ഞാൻ അവിടെ നിൽക്കുന്ന കാലത്തോളം ഏട്ടനും ശ്രദ്ധയും ഒരു ജീവിതം തുടങ്ങില്ലാന്നു തോന്നി..""തിരിച്ചു വരുന്ന കാര്യം കുറച്ചായി ചിന്തിക്കുന്നു. ഞാൻ കാരണം ഏട്ടനൊരു ജീവിതമില്ലാതായി പോവരുത്... എനിക്ക്‌ വേണ്ടി ഇനിയും ജീവിതം കളയരുത്... ആ പാപം കൂടി താങ്ങാൻ വയ്യ ""വെറുതെയെങ്കിലും നിനക്കൊന്നു പറഞ്ഞു കൂടെ എനിക്ക്‌ വേണ്ടി വന്നതാണെന്ന്...""കണ്ണുകൾ ഇറുകിയടച്ചു പിടിച്ചു കൊണ്ടുള്ള ചോദ്യം ഉള്ളിൽ വീണ്ടും വീണ്ടും മുറിവേൽപ്പിക്കുന്നു...അതിനേക്കാൾ ആഴത്തിൽ മുറിവേറ്റ ഹൃദയമാണ്.

എന്നും കൂടെ ഉണ്ടാവുമെന്ന് ഉറപ്പു തന്നപ്പോൾ ഒരു നിമിഷം എനിക്ക്‌ വേണ്ടി മാത്രം ജീവിച്ച ഏട്ടനെ പോലും മറന്നു കൂടെ വന്നവളാണ്.... ആ ഏട്ടന്റെ മുന്നിൽ തോറ്റവളെ പോലെ നിൽക്കേണ്ടി വന്നു. ഏട്ടനൊന്നു വഴക്ക് പറഞ്ഞിരുന്നെങ്കിൽ ഇത്രയും നോവില്ലായിരുന്നു... ശരണേട്ടനോട് ഇത്രയും ദേഷ്യം തോന്നില്ലായിരുന്നു. ഏട്ടത്തി.... ഏട്ടത്തി.... ശ്രദ്ധ വാതിലിൽ കൊട്ടി ശബ്ദമുണ്ടാക്കുന്നുന്നുണ്ട്.... കൂടെ മോന്റെ കരച്ചിലും.വാതിൽ തുറന്നു തന്നെയാണല്ലോ ഉള്ളത്.. ചിലപ്പോൾ ഞങ്ങൾ രണ്ടു പേരും മുറിയിൽ ഉള്ളത് കൊണ്ടാവും അകത്തേക്ക് വരാഞ്ഞത്. ""എത്ര നോക്കിയിട്ടും കുഞ്ഞൻ കരച്ചിൽ നിർത്തുന്നില്ല... വിശന്നിട്ടാ തോന്നുന്നു.."" എന്നെ കണ്ടപ്പോഴേക്കും കുഞ്ഞു എന്നിലേക്ക് ആഞ്ഞു. ""അയ്യോ വിശന്നു പോയോ അമ്മേടെ വാവയ്ക്ക്..."" ഇനി എത്താൻ വൈകിയതിന്റെ വാശി തീർന്നിട്ടെ പാല് കുടിക്കൂ ചെക്കൻ ""വയ്യാത്ത കൈയും വെച്ച് മോനെ എടുത്തു വരണമായിരുന്നോ... എന്നെ വിളിച്ചാൽ പോരെ..."" മോന്റെ പുറത്ത് മെല്ലെ തട്ടി കൊടുത്തു കൊണ്ട് ചോദിച്ചു. ""നിർത്താണ്ട് കരഞ്ഞോണ്ടാ ഏടത്തി... അമ്മ അടുക്കളയിലാരുന്നു...""

അവൾക്ക് കൈ വേദനിച്ചു കാണും.. പൊട്ടിയ കൈ കൊണ്ടും മോനെ പിടിച്ചിരുന്നു.കരയാൻ തുടങ്ങിയാൽ കുതറും അവൻ. ""ശ്രദ്ധാ... ഈ കപ്പ് താഴേക്ക് എടുത്തോ...""ശരണേട്ടൻ കപ്പ് ശ്രദ്ധയ്ക്ക് കൊടുത്ത് വീണ്ടും ബാൽക്കണിയിലേക്ക് പോയി.മോന് പാല് കൊടുത്തു കൊണ്ടിരിക്കുമ്പോഴാണ് റൂമിലേക്ക് വന്നത്. ഒന്ന്‌ നോക്കുക പോലും ചെയ്യാതെ ബെഡിൽ എതിർവശത്തേക്ക് നോക്കി കിടന്നു.വയറു നിറഞ്ഞതും കുഞ്ഞു ഉറങ്ങിയിരുന്നു. ചുരിദാറിൽ മുറുകെ പിടിച്ച കുഞ്ഞി കൈ അടർത്തി മാറ്റി ശരണേട്ടന്റെ അടുത്തായി കിടത്തി. ""മോനെ നോക്കണേ..."" കേട്ടില്ല തോന്നുന്നു. ""ശരണേട്ടാ... മോനെ നോക്കണേ.. ഞാൻ താഴേക്ക് പോവുവാ..."" തിരിഞ്ഞു മോനെ ചേർത്തു പിടിച്ചു കിടന്നു. രണ്ടു പേരെയും ഒരു വട്ടം നോക്കി താഴേക്ക് പോയി. ""കുഞ്ഞുറങ്ങിയോ..."" അമ്മ രാത്രിയിലേക്കുള്ള കറി ആക്കുകയാണ്.. ശ്രദ്ധ അടുത്തുണ്ട്. ""ഉറങ്ങി...ഇനി രാത്രിയെ ഉണരൂ...""

""കുഞ്ഞൻ ഇവളെ പോലെയാ.. ചെറുതിൽ ഞങ്ങളെ ആരും ഇവൾ ഉറക്കിയിട്ടില്ല...""അത് കേട്ട് ശ്രദ്ധ ചിരിക്കുന്നുണ്ട്. ""കുഞ്ഞായിരുന്നപ്പോ ഞാൻ പാവമായിരുന്നില്ലേ അമ്മേ..."" ""പിന്നേ നീ പാവം...എന്തൊരു വാശി ആയിരുന്നെന്നോ...പറഞ്ഞ കാര്യം സാധിച്ചു കിട്ടിയില്ലേ അപ്പൊ എവിടെയാണോ ഉള്ളത് അവിടെ നിലത്ത് കമഴ്ന്നു കിടക്കും.. പറഞ്ഞത് സാധിച്ചു കൊടുത്താലേ എഴുന്നേൽക്കൂ.. ശരൺ അങ്ങനെ അല്ലായിരുന്നു.. അധികം വാശിയൊന്നും കാണിക്കില്ല.."" അമ്മ പറഞ്ഞത് ഇഷ്ടപെടാത്തത് പോലെ ചുണ്ട് കൂർപ്പിച്ചു ശ്രദ്ധ. ""ശരണിനെ വിളിച്ചിട്ട് വാ... ഞാൻ അപ്പയെ വിളിക്കട്ടെ... മരുന്ന് കുടിച്ചിട്ട് കിടന്നതാ... ഉറക്കം വരുന്നെന്നും പറഞ്ഞ്.."" അമ്മ സാരിതലപ്പിൽ കൈ തുടച്ചു കൊണ്ട് അപ്പയുടെ അടുത്തേക്ക് പോയി. റൂമിൽ പോയപ്പോൾ അപ്പോഴും മോനെ ചേർത്തു പിടിച്ചു കിടക്കുകയാണ് ചെരിഞ്ഞു കിടന്ന് കുഞ്ഞി കാൽ ശരണേട്ടന്റെ മോളിൽ വെച്ചിട്ടുണ്ട്. എങ്ങനെ കിടത്തിയാലും ചെരിഞ്ഞേ കിടക്കൂ കുഞ്ഞൻ.ശരണേട്ടനെ കുലുക്കി വിളിക്കാൻ നീട്ടിയ കൈകൾ ഒരു തോന്നലിൽ പിൻവലിച്ചു.

""ഭക്ഷണം കഴിക്കാൻ അമ്മ വിളിക്കുന്നുണ്ട്...""വിളിച്ചത് കേട്ടില്ല ""ശരണേട്ടാ...നേരം കുറെ ആയി... ഭക്ഷണം കഴിക്കേണ്ടേ..."" രണ്ടു മൂന്ന് പ്രാവിശ്യം വിളിച്ചപ്പോഴാണ് കണ്ണ് തുറന്നത്. ക്ഷീണം കാരണം നല്ല ഉറക്കമായിരുന്നു.കണ്ണ് തിരുമി കൊണ്ട് എഴുന്നേറ്റിരുന്നു.കണ്ണുകൾ അടച്ചു കുറച്ചു നേരം ഹെഡ് ബോഡിൽ ചാഞ്ഞിരുന്നു. ""അമ്മ വിളിക്കുന്നുണ്ട്..."" ഒന്നു കൂടി ഓർമിപ്പിച്ചു. ""വരാം... ഒരു മിനുട്ട്...""കണ്ണടച്ച് തന്നെ പറഞ്ഞു. ""മോനെ ഇവിടെ ഒറ്റയ്ക്ക് കിടത്തുവാണോ...""ബെഡിൽ നിന്ന് എഴുന്നേൽക്കവേ ചോദിച്ചു. ""താഴെ അപ്പയുടെ മുറിയിൽ കിടത്താം..."" അപ്പയുടെ ബെഡിൽ കിടത്തി... കിടത്തിയ പാടെ ചെരിഞ്ഞു കിടന്നു ആശാൻ.വീഴാതിരിക്കാൻ തലയിണ വെച്ചു. ഡെയിനിങ് ഹാളിൽ എത്തുമ്പോൾ എല്ലാവരും എനിക്കായി വെയിറ്റ് ചെയ്യുകയായിരുന്നു. ശരണേട്ടന്റെ അടുത്തായി ചെയർ ഒഴിഞ്ഞു കിടക്കുന്നുണ്ട്.മുന്നിൽ വെച്ച പ്ലേറ്റിലാണ് ശരണേട്ടന്റെ നോട്ടം.

ശ്രദ്ധയും ഇടം കണ്ണിട്ട് നോക്കുന്നുണ്ട്..ആ ചെയറിൽ ഇരുന്നപ്പോൾ ശരണേട്ടന്റെ ചുണ്ടിൽ ചിരി മിന്നി മറഞ്ഞത് പോലെ... ശ്രദ്ധ ഉണ്ടെങ്കിൽ ഭക്ഷണം കഴിക്കുമ്പോൾ പോലും ബഹളമായിരിക്കും. അപ്പയും മോളും പരസ്പരം കളിയാക്കും. അല്ലേ ഏട്ടാ എന്നവൾ ചോദിക്കുമ്പോൾ ശരണേട്ടനും അവരുടെ കൂടെ ഇടക്ക് കൂടുന്നുണ്ട്. ""താൻ കഴിച്ചോ... ഞാൻ കഴിച്ചു കഴിഞ്ഞു.. ഞാൻ എടുത്തോളാം മോനെ...""മോൻ കരയുന്നത് കേട്ട് കഴിക്കൽ മതിയാക്കി എഴുന്നേൽക്കാൻ നോക്കിയപ്പോൾ ശരണേട്ടൻ പറഞ്ഞു.കരയുന്ന മോനെ എടുത്ത് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്. ""ഞാൻ മുറിയിലേക്ക് പോവുവാ...""മോൻ വീണ്ടും ഉറങ്ങിയപ്പോൾ ആരോടെന്നില്ലാതെ പറഞ്ഞു മുകളിലേക്ക് പോയി. പാത്രങ്ങൾ ഒക്കെ കഴുകി വെച്ച് അടുക്കള വൃത്തിയാക്കി ഒതുക്കി വെച്ചാണ് റൂമിലേക്ക് പോയത്. അമ്മ സഹായിക്കാൻ വന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു റൂമിലേക്ക് പറഞ്ഞയച്ചു.

ശ്രദ്ധയുണ്ടായിരുന്നു കൂടെ. മുറിയിൽ ശരണേട്ടനും മോനും ഉണ്ടായിരുന്നില്ല. ബാൽക്കണിൽ നോക്കിയപ്പോൾ ചെറിയ റൗണ്ട് ടേബിളിൽ കാൽ നീട്ടി വെച്ച് കസേരയിൽ ഉറങ്ങുന്നു ശരണേട്ടൻ. നെഞ്ചിൽ കിടന്നു കുഞ്ഞുവും... രണ്ടു കൈ കൊണ്ടും മോനെ ചേർത്തു പിടിച്ചിട്ടുണ്ട്. പതിയെ മോനെ എടുക്കാൻ നോക്കിയപ്പോൾ ഞെട്ടി കണ്ണുകൾ തുറന്നു. ""ബെഡിൽ കിടത്താൻ നോക്കിയപ്പോൾ മോൻ കരഞ്ഞു. അതോണ്ട് ഇവിടെ വന്നിരുന്നതാ... ഉറങ്ങി പോയി.."" ""ഉറങ്ങാൻ വരുന്നില്ലേ...""പതിഞ്ഞു പോയി ശബ്ദം.എഴുന്നേറ്റ് വരാത്തതു കണ്ട് ചോദിച്ചതാണ് ""താൻ കിടന്നോ... ഞാൻ കുറച്ചു കഴിഞ്ഞേ ഉറങ്ങുന്നുള്ളൂ..."" മോന്റെ കാലിൽ ഒന്ന്‌ തൊട്ട് കൊണ്ട് പറഞ്ഞു.ഏട്ടനെ വിളിച്ച ശേഷം മോനോട് ചേർന്ന് കിടന്നു... എങ്കിലും ഉറക്കം തൊട്ടു തീണ്ടുന്നില്ല...ഇടയ്ക്കിടക്ക് കണ്ണുകൾ ബാൽക്കണിയുടെ ഭാഗത്തേക്ക് പോയി. ആൾ വരുന്നത് കണ്ടപ്പോൾ കണ്ണുകൾ അടച്ചു കിടന്നു.മോന്റെ മറു ഭാഗത്ത് കിടന്ന് കുഞ്ഞി നെറ്റിയിൽ ചുണ്ടമർത്തുന്നത് പാതി തുറന്ന കണ്ണാൽ കണ്ടു. മോനെ ഒന്നു തഴുകി പിന്നെ നോട്ടം എന്നിലേക്കെത്തുന്നത് കണ്ടു.

ഏന്തി വലിഞ്ഞു കൊണ്ടാ മുഖം അടുത്തേക്ക് വന്നപ്പോൾ കണ്ണുകൾ ഇരുകിടച്ചു. നെറ്റിയുടെ ഓരത്തായി ചൂടുള്ള നിശ്വാസം പതിയുന്നതറിഞ്ഞു. പ്രണയത്തിന്റെയും പരിഭവത്തിന്റെയും ചൂടുള്ള നിശ്വാസം.. ഏറെ നേരം തട്ടി നിന്ന നിശ്വാസം പതിയെ അകന്നകന്നു പോയി. ഉള്ളിലൊരു നിരാശ പൊതിയുന്ന പോലെ... പതിയാതെ പോയ ആ ചുംബനം അത്രയേറെ എന്നെ മോഹിപ്പിച്ചിരുന്നോ??? ❤❤❤❤❤ റൂമിലെത്തി ഫോൺ നോക്കി ജയ്യുടെ കോൾ വന്നിട്ടില്ല. ആരോടോക്കെയോ ഉള്ള ദേഷ്യം എന്നോട് തീർക്കുകയാണ്... ദേഷ്യം വരുന്നുണ്ട്... ജയ്യോട് സംസാരിക്കാൻ അത്രയ്ക്ക് ആഗ്രഹിക്കുന്നുണ്ട്... എനിക്കും പറയാനുണ്ട് സന്തോഷങ്ങളും പരിഭവങ്ങളും... ആ സ്വരമൊന്ന് കേൾക്കണം എന്ന് വിചാരിച്ചു മുറിയിലേക്ക് ഓടി പിടഞ്ഞു വന്നതാണ്... ഇടക്കിടക്ക് ഫോൺ നോക്കും ജയ് വിളിച്ചോന്ന്.. വിളിക്കാമെന്ന് പറഞ്ഞു പറ്റിച്ചു... ഫോൺ ബെഡിലേക്ക് ഇട്ട് കമഴ്ന്നു കിടന്നു. ചെറുതായി കണ്ണുകൾ നിറഞ്ഞു. കണ്ണുകൾ താനേ അടയാൻ തുടങ്ങിയപ്പോഴേക്കും ഫോൺ റിങ് ചെയ്തു. ചാടി എഴുന്നേറ്റ് ഫോൺ തപ്പി എടുത്തു.

ഫോൺ ചെവിയിൽ വെച്ച് മുഖം തലയിണയിൽ അമർത്തി കിടന്നു. ""ശ്രദ്ധാ....""ആ ഒരേയൊരു വിളിയിൽ തീർന്നിരുന്നു എല്ലാ പരിഭവവും സങ്കടവും.. തിരിച്ചു പറയാൻ വാക്കുകൾ ഇല്ലാതെ തലയിണയിൽ മുഖം അമർത്തി കിടന്നു. ""ഫുഡ്‌ കഴിച്ചോ നീ...."" ""മ്മ്ഹ്ഹ്..."" ""മെഡിസിനോ..."" ""അതും കഴിച്ചു..."" ""ആരുവിനോട് സംസാരിക്കുകയായിരുന്നു.. അതാ ലേറ്റ് ആയത്.."" ""എന്തു പറഞ്ഞു ഏട്ടന്റെ ആരു...???"" ""പിണക്കമാണോ എന്ന് ചോദിച്ചു...അല്ലെന്ന് പറഞ്ഞു... പിന്നെ..."" ""പിന്നെ...???"" ""പിന്നെ നിന്നെ ഒരുപാട് സ്നേഹിക്കണം.... എനിക്ക്‌ വേണ്ടി ജീവിച്ചു തുടങ്ങണം എന്നൊക്കെ പറഞ്ഞു..."" ""ഓഹോ... പെങ്ങള് പറഞ്ഞോണ്ട് സ്നേഹിക്കാൻ വിളിച്ചതാണോ...""എങ്ങനെ അല്ലെന്ന് എനിക്കറിയാം... എന്നാലും ചുമ്മാ.. ജയ്യേ ഒന്നു വട്ടാക്കാൻ... ""നിനക്ക് അങ്ങനെ തോന്നുണ്ടോ....അവൾക്ക് വേണ്ടിയാ നിന്നെ സ്നേഹിക്കുന്നതെന്ന്.."" ""ഇല്ല...കാരണം എന്റെ ജയ്യേ എനിക്കറിയാം.."" ""ശ്രദ്ധാ...."" പ്രണയർദ്രമായ വിളി കേൾക്കാൻ ആയിരം ചെവികൾ വേണമെന്ന് തോന്നി... വേഗത്തിൽ മിടിച്ച് ഹൃദയം പോലും ആ സ്വരത്തോട് പ്രതികരിച്ചു. ആ ഹൃദയമിടിപ്പ് ജയ്യേ അറിയിക്കാനെന്നോണം നെഞ്ചിൽ ഫോൺ വെച്ചു കണ്ണുകളടച്ചു കിടന്നു"""തുടരും""""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story