സസ്‌നേഹം: ഭാഗം 3

sasneham new

എഴുത്തുകാരി: നിധാന എസ് ദിലീപ്

""ഈ ഷർട്ട്‌ തരാനാ.."" കൈയിലെ ഷർട്ട്‌ അവന് നേരെ നീട്ടി.അവനത് പിടിച്ച് വാങ്ങി അതെ വേഗത്തിൽ ദൂരേക്ക് എറിഞ്ഞു.... ""കഴിഞ്ഞല്ലോ... ഇനി പൊയ്ക്കൂടേ..."" ഇത്തിരി പരിഹാസവുമുണ്ടായിരുന്നു സ്വരത്തിൽ.. ദേഷ്യം ഒട്ടും കുറയുന്നുണ്ടായിരുന്നില്ല മനസ്സിൽ... ദേഷ്യത്തിൽ അവളെ ഒന്നു നോക്കിയിട്ട് മുന്നോട്ട് നടന്നു.. കുറച്ച് സമയം ഷർട്ട് എറിഞ്ഞ ഭാഗത്തേക്ക് നോക്കി നിന്നു. ഇതൊക്കെ പ്രതീക്ഷിച്ചു വന്നത് കൊണ്ടായിരിക്കും അവന്റെ പെരുമാറ്റം ഒട്ടും മനസിനെ ബാധിച്ചില്ല... ഒളിഞ്ഞും തെളിഞ്ഞുമുള്ള ആൾക്കാരുടെ കളിയാക്കൽ കേട്ട് കേട്ട് വല്ലാത്ത മടുപ്പ് വന്നിരിക്കുന്നു.. ചായക്കടയിലെ കളിയാക്കൽ മനസ്സിൽ വന്നതും കൈകൾ ചുരുട്ടി പിടിച്ച് കണ്ണുകൾ അടച്ചു...

അഭിമാനം വൃണപ്പെട്ടത് പോലെ.... പഠിത്തം പോലും നിർത്തി പതിനേഴാം വയസിൽ അവൾക്ക് വേണ്ടി അധ്വാനിക്കാൻ തുടങ്ങിയതാണ്..... ആരതിയുടെ മുഖം മനസിൽ വരുമ്പോൾ ജോലിക്കൊന്നും ആയാസം പോലും തോന്നിയിട്ടില്ല... കൈയിൽ ഒതുങ്ങാത്തത് എന്ന് തോന്നിയിട്ടാണ് ശരണുമായുള്ള ബന്ധം വേണ്ടാന്നു പറഞ്ഞത്.... കോളേജിൽ നിന്ന് മടങ്ങി വരേണ്ട സമയമായിട്ടും വരാതായപ്പോൾ അന്വേഷിച്ചിറങ്ങാൻ നോക്കുമ്പോഴാണ് ശരണിന്റെ കോൾ വന്നത്... ആരതി അവന്റെ കൂടെ ഉണ്ടെന്ന്..... കേട്ടത് വിശ്വസിക്കാൻ പോലും തോന്നിയില്ല.... ഒരിക്കലും അവളത് ചെയ്യില്ല എന്നൊരു വിശ്വാസമായിരുന്നു... പക്ഷെ.... ശരിക്കും അവൾ തോൽപിച്ചു കളഞ്ഞു.. ""മാഷേയ്.....""

കലുങ്ങിൽ ഇരുന്ന ജയ്യുടെ അടുത്ത് പോയിരുന്നു... അവളെ കണ്ടതും മുഖം തിരിച്ചു.... അവൻ മിണ്ടാതിരുന്നപ്പോൾ കുറച്ച് നേരം അവളും പിന്നെ ഒന്നും മിണ്ടിയില്ല....അൽപ സമയം കഴിഞ്ഞ് അവനെ നോക്കിയപ്പോൾ എന്തൊക്കെയോ ചിന്തിച്ചു കൂട്ടുന്നത് കണ്ടു...കലുങ്കിൽ കൈകൾ ഊന്നി ജയിയെ നോക്കിയിരുന്നു.... അതൊന്നും ജയ് അറിയുന്നു പോലുമുണ്ടായിരുന്നില്ല... ""ജയ് ഇന്ന് ജോലിക്ക് പോയില്ലേ..."" ജയ് ഇരു കൈ കൊണ്ടും മുഖം അമർത്തി തുടച്ചു.. ""എന്താ നിന്റെ പ്രശ്നം...."" ശബ്ദത്തിൽ പരമാവധി ശാന്തത വരുത്തി കൊണ്ട് ചോദിച്ചു..പക്ഷെ മുഖത്ത് പിരുമുറക്കം ഇപ്പോഴും ഉണ്ട്... "പ്രത്യേകിച്ചൊന്നുല്ല.. ജയിക്ക് ഷർട്ട് തരാൻ വന്നതാ...

എനിക്ക് വേറൊരാളുടെ എന്തേലും കൈയിൽ വെച്ചാ വല്ലാത്ത മനസമാധാന കേടാ.... അതാ ഇന്ന് തന്നെ വന്നേ..." ഈ ഭാഗത്ത്‌ നോക്കുന്നതേ ഇല്ല... ചുറ്റും നോക്കി ഇരിപ്പാണ്...ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന് നോക്കുകയായിരിക്കും.... എന്ത് കലിപ്പാണെങ്കിലും ആളിന് ഈ പേരുദോഷം കേൾക്കുന്നതൊക്കെ പേടിയാണെന്ന് തോന്നുന്നു... ""ജയ് എന്താ ഞങ്ങളെ വീട്ടിലേക്ക് ക്ഷണിക്കാത്തെ...ഇവിടെക്ക് വരാൻ വഴി അറിയാണ്ട് ശരിക്കും ഞാൻ ബുദ്ധിമുട്ടി..."" ആദ്യമായാണ് ജയ്യെ അടുത്ത് ഇങ്ങനെ കിട്ടുന്നത്... ഒത്തിരി നേരം സംസാരിക്കണമെന്ന് തോന്നി... ഈ നിമിഷങ്ങൾ അവസാനിക്കാതിരുന്നെങ്കിൽ.... അവന്റെ മുഖത്തെ ഓരോ ഭാവവും കണ്ണുകൾ കൊണ്ട് ഒപ്പിയെടുത്തു..

""ഞാൻ ആരതിയെ കാണാൻ വരുമ്പോ വാങ്ങിക്കുമായിരുന്നല്ലോ... എന്തിനാ അതും കൊണ്ട് വന്നത്..."" ആ മുഖത്തെ ദേഷ്യമൊക്കെ അലിഞ്ഞില്ലാതായിട്ടുണ്ട്... അത്രയേറെ സൗമ്യമായിരുന്നു മുഖം അതുപോലെ ശബ്ദവും.... ""വീട്ടിൽ കേറ്റാൻ പറ്റാത്തവരായോണ്ടാണോ...."" കുറുമ്പുണ്ടായിരുന്നു അവളുടെ സ്വരത്തിൽ... അത് മനസിലാക്കിയ പോലൊരു ചിരി അവന്റെ ചുണ്ടിൽ മിന്നി തെളിഞ്ഞു... കൈ കെട്ടി ചാഞ്ഞിരുന്നു... അപ്പോഴും നോട്ടം ശ്രദ്ധയിലേക്ക് പോയില്ല... ""അല്ല... നിങ്ങൾക്ക് ഞാൻ ചേർന്നതാണോ... ഇഷ്ടപ്പെടുമോ എന്നൊക്കെ ഓർത്താ..."" അത്രയും പറഞ്ഞ് അവൾക്കു നേരെ ചെരിഞ്ഞിരുന്നു... ശ്രദ്ധ.... നിനക്ക് പറഞ്ഞാൽ മനസ്സിലാക്കാൻ പറ്റുമോന്നറിയില്ല ...

ഞാനും ആരതിയും മാത്രമുള്ള ചെറിയ ലോകമായിരുന്നു ഞങ്ങളുടേത്... ഞാൻ... ആരതി.. പിന്നെ ഞങ്ങൾക്ക് ചേരുന്ന ഒരു കുടുംബം... അത്രയേ മനസ്സിൽ ഉണ്ടായിരുന്നുള്ളു.... ശരണോ നിങ്ങളുടെ കുടുംബമോ മോശമായൊണ്ടല്ല ഞാൻ എതിർത്തത്.. എന്നെങ്കിലും അവൾ ചേർന്നവളല്ല എന്ന് ശരണിന് തോന്നിയാൽ... അവൾക്കത് താങ്ങാൻ പറ്റില്ലാന്ന് അറിയാവുന്നത് കൊണ്ടാ...അവൾ അവളുടെ ജീവിതം തിരഞ്ഞെടുത്തതിൽ ദേഷ്യമോ പരാതിയോ ഒന്നും ഇല്ല... പറയാതെ ഇറങ്ങി പോയതിന്റെ ചെറിയ സങ്കടം മാത്രേ ഉള്ളൂ... ഇത് വരെ ഒരു കല്യാണത്തെ പറ്റിയോ കുടുംബത്തെ പറ്റിയോ ഞാൻ ചിന്തിച്ചിട്ടില്ല...

ഇനി ചിന്തിക്കുന്ന സമയത്താനെങ്കിലും എന്റെ കുടുംബത്തിലെ സ്ഥിതിയോട് യോജിച്ചു പോകാൻ പറ്റുന്ന പെണ്ണിനെയെ വേണ്ടൂ... ഒരു നിമിഷം വാക്കുകൾ നിർത്തി അവളെ ഒന്ന് നോക്കി.. ഇതെന്തിനാ ഇപ്പൊ നിന്നോട് പറഞ്ഞതെന്ന് അറിയാമോ... " അവനെ ശ്രദ്ധയോടെ കെട്ടിരുന്ന അവൾ ഇല്ലെന്ന് തലയാട്ടി.... ""എന്തെങ്കിലും നിന്റെ മനസ്സിൽ ഉണ്ടെങ്കിൽ അത് കളഞ്ഞേക്കണം... എനിക്ക് നീയോ നിനക്ക് ഞാനോ ഒരിക്കലും ചേരില്ല..."" ""ഈ പറഞ്ഞതിൽ ചില കാര്യങ്ങൾ മിസ്സിങ് ആണല്ലോ ജയ്..."' അവന്റെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് ചോദിച്ചു...കണ്ണുകൾ കൊണ്ട് അവനും അവളോട് പോരാടിക്കുകയായിരുന്നു...

"ഫസ്റ്റ് ജയ്യുടെ കോംപ്ലക്സ് ആൻഡ് ദി സെക്കന്റ്‌ വൺ ജയ്യ്ക്ക് എന്നോടുള്ള പ്രണയം...ഇത് രണ്ടും മിസ്സിങ് ആണ് ...അതെന്താ ജയ് പറയാത്തെ.."" ""വേണ്ടാത്തതൊന്നും നീ ആലോചിച്ച് കൂട്ടണ്ട..."" ശാസന പോലെയാണെങ്കിലും ഒട്ടും കനമില്ലായിരുന്നു ശബ്ദം. "'ഓക്കേ...ലീവ് ഇറ്റ്.. ജയ്യ്ക്ക് ഒരു കാര്യമറിയുമോ എനിക്ക് ചെറുപ്പം തൊട്ടേ ഒരു ദുശീലം ഉണ്ട്... എന്ത് ആഗ്രഹിച്ചാലും നേടണമെന്ന വാശി...ഇപ്പൊ ഞാൻ ആഗ്രഹിക്കുന്നത് നിങ്ങളെയാണ് ജയ്...അതിലേറെ എനിക്ക് നിങ്ങളോട് മുടിഞ്ഞ പ്രണയമാണ്..ജയ്..."" അവന്റെ കണ്ണിലും ചുണ്ടിലും ഒരേ പോലെ ഒരു ചിരി തിളങ്ങി... ""നീ തോറ്റു പോകും... ശ്രദ്ധ.."" കണ്ണുകളിൽ നോക്കി തന്നെ ആയിരുന്നു സംസാരമത്രയും...

""ഇത് ശ്രദ്ധയാണ് ജയ്... തോൽക്കില്ല..."" കണ്ണുകൾ പോരാടിച്ചു കൊണ്ടേയിരുന്നു... ആദ്യം കണ്ണുകൾ മാറ്റിയത് ജയ് ആയിരുന്നു..... ദീർഘശ്വാസമെടുത്ത ശേഷം നേരെ നോക്കിയിരുന്നു... ശ്രദ്ധയും.... "" നീ പോവാൻ നോക്ക്... "" വീണ്ടും ഗൗരവം വന്നു മുഖത്ത്.. ""എനിക്ക് നഷ്ടപ്പെട്ട് കഴിഞ്ഞ് നിരാശ കാമുകി വേഷം കെട്ടി നടക്കാനൊന്നും വയ്യ ജയ്...എനിക്ക് നിങ്ങൾ കൂടിയേ തീരൂ... പിന്നെ ഓരോ ചീപ്പ്‌ കോംപ്ലക്സ് മനസ്സിൽ വെച്ച് സ്വന്തം പെങ്ങളെയും അളിയനെയും വീട്ടിൽ ക്ഷണിക്കാതിരിക്കണ്ട... അവർ രണ്ടാളും നിങ്ങള്ടെ വിളിക്കായി കാത്തിരിക്കുവാ..."" പിന്നെ അവിടെ നിന്നില്ല... അതേ വഴിയിലൂടെ തിരിഞ്ഞു നടന്നു...

എന്റെ ചുണ്ടിലെ അതേ ചിരി ജയ്യിലും കാണും....ഉറപ്പാണ്... ദേഷ്യമല്ലാത്ത ഭാവം... നോട്ടം ജയ് തനിക്കായി തന്നിരിക്കുന്നു.. അതിനേക്കാളെറയായി ഒരു വാക്ക് പോലും ഇരുവർക്കിടയിൽ ഇല്ലാഞ്ഞിട്ടും ജയ് തന്റെ സ്നേഹം മനസിലാക്കിയിരിക്കുന്നു... ജയ്... നിങ്ങൾ എപ്പോഴേ തോറ്റു... മനസ്സിൽ കുളിർ പെയ്തിറങ്ങുന്നു മനസ് ഭാരം വിട്ടകന്ന് പറക്കുകയാണ്.... ഇപ്പോഴും ജയ്യിൽ നിന്ന്.. ജയ്യുടെ ചിരിയിൽ നിന്ന്... വാക്കിൽ നിന്ന്... എന്തിന് ഓരോ നോട്ടത്തിലും ഭാവത്തിൽ നിന്നു പോലും മുക്തി നേടിയിട്ടില്ല... ഇട വഴിയിലൂടെ രണ്ടു പേർ എതിരായി വരുന്നത് കണ്ടതും മുഖം കുനിച്ചു നടന്നു.... മുഖത്തെ സന്തോഷവും ചിരിയും അവർ കണ്ടാലോ....

വീട്ടിലെത്തിയിട്ടും ആ വലയത്തിൽ നിന്നും പുറത്ത് വന്നില്ല... വീട്ടിലെത്തിയതും എടത്തിക്ക് കെട്ടിപിടിച്ചൊരുമ്മ അങ്ങ് കൊടുത്തു... അമ്മയും എടത്തിയും അത്ഭുതത്തോടെ നോക്കി നിന്നു.. ഏട്ടനും അപ്പയും വീട്ടിൽ ഇല്ലായിരുന്നു... അധികം അവിടെ നിൽക്കാതെ മുറിയിലേക്ക് ഓടി... "" ഏട്ടനെ കണ്ടോ..നീ ."" ജയ്യിയെ ഓർത്തിരിക്കുമ്പോഴാണ് ഏടത്തി റൂമിലേക്ക് വന്നത്... ആകാംഷയോടെയാണ് ചോദിച്ചത്.. കണ്ടെന്നു പറഞ്ഞതും നല്ല ഉത്സാഹമാത്തോടെ അടുത്ത് വന്നിരുന്നു ... ""ഏടത്തി പേടിക്കേണ്ടാ... ആൾക്ക് ഏടത്തിയോട് ദേഷ്യമൊന്നും ഇല്ല... ചെറിയ സങ്കടം ഉണ്ട്... അത്രേ ഉള്ളൂ..."" ""ദേഷ്യം ഉണ്ടേലും ഏട്ടനെ കുറ്റം പറയാൻ പറ്റില്ല...ശരിക്കും ചതി തന്നെയാ ഞാൻ ചെയ്തേ...

രണ്ട് വീട്ടിലും സമ്മതിക്കാതായപ്പോ ഇതല്ലാതെ വേറെ വഴിയില്ലായിരുന്നു... കല്യാണം കഴിഞ്ഞ് കുറച്ച് കഴിഞ്ഞാൽ എല്ലാവരുടെയും ദേഷ്യമൊക്കെ മാറുംന്ന് ശരണേട്ടൻ പറഞ്ഞപ്പോ വേറെ ഒന്നും ചിന്തിച്ചില്ല..."" ഏടത്തിയുടെ കണ്ണുകൾ ഒഴുകി തുടങ്ങിയിരുന്നു... ഏടത്തിയുടെ അടുത്തായി മുട്ടു കുത്തിയിരുന്ന് ഏടത്തിയുടെ കൈകളിൽ പിടിച്ചു ""ജയ്ക്ക് ഒരിക്കലും ഏടത്തിയെ വെറുക്കാൻ പറ്റില്ല... ആ നെഞ്ച് നെറച്ചും ഏടത്തിയോടുള്ള സ്നേഹാ... ഏടത്തി നോക്കിക്കോ.. രണ്ട് ദിവസത്തിനുള്ളിൽ ഏടത്തിയുടെ ഏട്ടൻ ഇങ്ങ് വരും..."" എന്നിട്ടും നിർത്താതെ ഒഴുകിയ കണ്ണുകൾ തുടച്ചു കൊടുത്തു.. ""നല്ല കുട്ടിയായിട്ട് ഒരു സ്ട്രോങ്ങ്‌ ചായ ഇട്ട് തരുവോ...ഭയങ്കര തലവേദന...""

നെറ്റിയുടെ ഇരുവശത്തും വിരലുകൾ അമർത്തികൊണ്ട് മുഖം ചുളുക്കി.. ""മ്മ്...""മുഖം അമർത്തി തുടച്ച് കൊണ്ട് തലയാട്ടി...കരഞ്ഞത് കൊണ്ടാവും മുഖം ആകെ ചുവന്നിരുന്നു... കണ്ണിലും ചുവപ്പ് രാശി ഉണ്ട്...ചുണ്ടുകൾ വിറയ്ക്കുന്നുണ്ട്... ""ഏടത്തി തിന്നാനും വല്ലതും വേണം..."" പറയുന്നതിനോടൊപ്പം ഏടത്തിയുടെ പിറകെ അടുക്കളയിലേക്ക് നടന്നു... സ്ലാബിൽ കയറി ഇരുന്നു എടത്തിയോടപ്പം ചായ കുടിച്ചു കൊണ്ട് ഏടത്തിയോട് ജയ്യുടെ കാര്യമല്ലാതെ വേറെ എന്തൊക്കെയോ സംസാരിച്ചു...ഇടക്ക് അമ്മ വന്നപ്പോ ചായ കുടിക്കാൻ അമ്മയും കൂടി... ടേബിളിൽ വെള്ളം നിറച്ച ജഗ്ഗ് വെച്ച് തിരിഞ്ഞതും കണ്ടത് വാതിലിൽ ചാരി കൈ കെട്ടി നിന്ന് തന്നെ നോക്കുന്ന ശരണിനെയാണ്...

""കരഞ്ഞോ നീ ..."" ആർദ്രമായി അവളോട് ചോദിച്ചു... ഒന്നും പറയാതെ തല കുനിച്ചു നിന്നു.അവൻ തൊട്ട് അടുത്ത് വന്നതും ഒന്നും പറയാതെ തല അവന്റെ നെഞ്ചിൽ മുട്ടിച്ചു നിന്നു. ഒരു കൈ കൊണ്ട് അവളെ ചേർത്തു പിടിച്ച് മറു കൈ കൊണ്ട് അവളുടെ മുടിയിൽ തലോടി.. "" ഏട്ടനെ ഓർത്താണോ... "" ചോദിച്ചപ്പോഴേക്കും അവന്റെ കരച്ചിലിന്റെ ശബ്ദം പുറത്തേക്ക് വന്നു... ""ഇത്ര സങ്കടമായിരുന്നേ ഏട്ടൻ പറഞ്ഞ പോലെ എന്നേ മറന്നൂടായിരുന്നോ...എന്നിട്ട് എന്നെ ഓർത്ത് ഇത് പോലെ കരയാമായിരുന്നില്ലേ "" വീണ്ടും പെയ്യാൻ വെമ്പി നിൽക്കുന്ന കണ്ണുകൾ ഉയർത്തി അവനെ ഒന്ന് നോക്കി..അവനെ ചുറ്റി പിടിച്ച് ഒന്ന് കൂടി നെഞ്ചിലേക്ക് മുഖം പൂഴ്ത്തി...

""ആർക്കു വേണ്ടിയും നിന്നെ എനിക്ക് വേണ്ടെന്ന് വെക്കാൻ തോന്നിയില്ല... എന്നെ അല്ലാതെ മറ്റൊരാളെ സ്നേഹിക്കാൻ നിനക്ക് പറ്റുവോ.."" ""മ്മ്... പറയ് പറ്റുവോ""മറുപടിയായി അവന്റെ ഷർട്ടിൽ മുറുകെ പിടിച്ചു ""സാരല്ല... ഏട്ടന്റെ പിണക്കം ഒക്കെ തീർന്നോളും...ഏട്ടൻ നിന്നെ കാണാൻ വന്നില്ലേ... ഇനി നമ്മളെ വീട്ടിലേക്ക് ക്ഷണിക്കും... അല്ലെ ഒരു കാര്യം ചെയ്യാം.. ക്ഷണിക്കാനൊന്നും നിൽക്കേണ്ട... നമുക്ക് നാളെ കഴിഞ്ഞ് അങ്ങോട്ട് പോവാം...പോരെ.."" ഇരു കൈ കൊണ്ടും അവളെ ചുറ്റി പിടിച്ചു...അവളുടെ കൈകളും അവനിൽ മുറുകി.. ഇത്തിരി നേരം കൂടി അങ്ങനെ തന്നെ നിന്നു... പിന്നെപ്പോഴോ അവളെ നെഞ്ചോരം കിടത്തി അവൻ ഉറങ്ങി............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story