സസ്‌നേഹം: ഭാഗം 31

sasneham new

എഴുത്തുകാരി: നിധാന എസ് ദിലീപ്

""ഇവൾക്ക് മെച്ചൂരിറ്റി വെച്ചില്ലാന്ന് പറഞ്ഞാണോ നീ ഇവിടെ കിടന്ന് ടെൻഷനടിച്ചത്..."" അപ്പയുടെ പറച്ചിലും പൊട്ടിച്ചിരിയും പിറകിൽ നിന്ന് കേൾക്കാം... ❤ ""ജയ്...."" ""മ്മ്ഹ്ഹ്..."" ഈ മൂളലാണ് എനിക്ക് ഒട്ടും ഇഷ്ടമല്ലാത്തത് ""ജയ്...."" ""എന്താടി..."" ""എന്നെ കൂട്ടാൻ വാ..."" ""എന്താ പെട്ടെന്ന്...??"" ""എന്നാ ഞാൻ വരുന്നില്ല..."" അതും പറഞ്ഞു ഫോൺ കട്ടാക്കി. അപ്പൊ തന്നെ കോൾ വന്നു. ""രാവിലെ വരാം...അപ്പോഴേക്കും റെഡി ആയി നിൽക്ക്..."" പിന്നെ അധികമൊന്നും സംസാരിച്ചില്ല.. ""നീ പറഞ്ഞാൽ ഞാൻ അനുസരിക്കുമെന്ന് അറിയുന്നത് കൊണ്ടല്ലേ നീ അവൾക്ക് വേണ്ടി സംസാരിക്കാൻ വന്നത്..""പിന്തിരിഞ്ഞു നടക്കാൻ നോക്കിയ ഏട്ടത്തിയുടെ കൈയിൽ പിടിച്ചു വെച്ചു കൊണ്ട് ചോദിച്ചു. ""അതെ.. അതെനിക്ക് അറിയാവുന്നത് കൊണ്ട് തന്നെയാ ഞാൻ ശ്രദ്ധയ്ക്ക് വേണ്ടി സംസാരിക്കാൻ വന്നത്... ഇതറിയുന്ന നിങ്ങൾക്ക് അറിയില്ലേ നിങ്ങളെന്തു പറഞ്ഞാലും ഞാനും അനുസരിക്കുമെന്ന്...ശ്രദ്ധയ്ക്ക് ഏട്ടനെ ഇഷ്ടമാണെങ്കിൽ എന്നോട് പറഞ്ഞിരുന്നെങ്കിൽ ഞാൻ ഏട്ടനോട് സംസാരിക്കുമായിരുന്നില്ലേ...

അങ്ങനെ ചെയ്തിരുന്നെങ്കിൽ ഞാനിങ്ങനെ ഏട്ടന്റെ മുന്നിൽ തല കുനിച്ചു നിൽക്കേണ്ടി വരുമായിരുന്നോ... എല്ലാം എന്റെ തെറ്റാ.. എന്റെ ഏട്ടനെ മറന്നു നിങ്ങളുടെ കൂടെ വന്നതിന്റെ ശിക്ഷയാ ഇത്...തെറ്റ് പറ്റിയത് എനിക്കാ.."" ഞെട്ടലോടെ ആണ് അവർ പറയുന്നത് കേട്ടത്.... ആ വാക്കുകൾ ഒക്കെ വന്ന് പതിച്ചത് എന്റെ നെഞ്ചിലേക്കായിരുന്നു...നാളെ പോകുന്ന കാര്യം ഏട്ടനോടും ഏട്ടത്തിയോടും പറയാൻ വന്നതായിരുന്നു. ""ഛെ...""എന്നെ കണ്ടതും മുഷ്ടി ചുരുട്ടി ഏട്ടൻ. ഏട്ടത്തിയുടെ മുഖവും വിളറിയിരുന്നു. ""സൊ.. സോറി ഏട്ടാ.. ഞാൻ നിങ്ങളോടൊരു കാര്യം പറയാൻ വന്നതായിരുന്നു.. അറിയാതെ കേട്ടതാ...""എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു. ജയ് പറഞ്ഞതാണ് ശരി.. ഈ കല്യാണം കൊണ്ട് ആർക്കും സന്തോഷമില്ല..എല്ലാർക്കും സങ്കടം മാത്രമേ ഉളളൂ... ആർക്കുമാർക്കും സന്തോഷം കൊടുക്കത്തൊരു ബന്ധം.കിടക്കയിൽ കണ്ണുകളടച്ചു കിടന്നു.

അമ്മ ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോൾ കണ്ണുകൾ തുറക്കുക പോലും ചെയ്യാതെ കുറച്ചു കഴിയട്ടെ എന്ന് പറഞ്ഞു. "" അവിടെ എല്ലാവരും നിന്നെ കാത്തിരിക്കുവാ... ഭക്ഷണം കഴിച്ചു മരുന്ന് കഴിക്കേണ്ടതാ അപ്പയ്ക്ക്...എഴുന്നേറ്റ് വാ... നേരത്തെ തുള്ളിചാടി റൂമിൽ നിന്ന് പോയതാണല്ലോ... ഇപ്പൊ എന്ത്‌ പറ്റി.. ജയ് വഴക്ക് പറഞ്ഞോ...??.. "" കാട്ടിലിനടുത്തായി വന്നിരുന്നു അമ്മ. ""ജയ് വഴക്കൊന്നും പറഞ്ഞില്ലമ്മ.. എനിക്ക് ഇപ്പൊ വിശക്കാഞ്ഞിട്ടാ..."" ""എന്ത്‌ പറ്റി.. വയ്യേ.. നിനക്ക്.."" നെറ്റിയിൽ കൈ ചേർത്തു വെച്ചു കൊണ്ട് ആധിയോടെ ചോദിച്ചു. ""ഒന്നൂലാമ്മ.. ഇപ്പൊ വിശക്കാഞ്ഞിട്ടാ.. അമ്മ പൊയ്ക്കോ.. ഞാൻ കുറച്ചു കഴിഞ്ഞിട്ട് വന്നോളാം..."" വെറുതെ ഒന്ന്‌ മുടിയിൽ തലോടിയിട്ട് അമ്മ എഴുന്നേറ്റ് പോയി. മനസ്സിൽ ഊറിക്കൂടിയ സന്തോഷമത്രയും ഇല്ലാതായി.മനസ് കൊണ്ട് ജയ് എന്നെ കുറ്റപ്പെടുത്തുന്നുണ്ടാവുമോ...??ഏട്ടത്തിക്ക് വേണ്ടി മാത്രമാണോ എന്നെ സ്നേഹിക്കുന്നത്...?? ഇത് വരെ ഇല്ലാതിരുന്ന ചിന്തകൾ ഉള്ളിൽ മുളച്ചു പൊന്തുന്നു. ""എന്താ നിനക്ക് ഭക്ഷണം വേണ്ടാത്തത്...??"" ഏട്ടന്റെ ശബ്ദം കേട്ടപ്പോൾ എഴുന്നേറ്റിരുന്നു. ""സോറി..""

അടുത്തു വന്നിരുന്നപ്പോൾ ആ ദേഹത്തേക്ക് ചാരി ഇരുന്നു.ഏട്ടൻ എത്ര പ്രാവിശ്യം അല്ലാന്ന് പറഞ്ഞാലും ഏട്ടനും ഏട്ടത്തിയും തമ്മിലുള്ള അകൽച്ചയ്ക്ക് ഞാനും കാരണമാണ്.ആ പിണക്കത്തിന്റെ പേരിൽ ഒരിക്കലും ഏട്ടത്തിയെ കുറ്റപ്പെടുത്താൻ തോന്നിയിട്ടില്ല ഇതു വരെ. ""എന്തിനാ ഇപ്പൊ ഒരു സോറി??.. മ്മ്ഹ്ഹ് "" ശാന്തമായിരുന്നു ആ സ്വരം.ദേഹത്തേക്ക് ചാരി ഇരുന്നു.. ഒന്നും മിണ്ടിയില്ല... ചിലപ്പോ കരഞ്ഞു പോയാലോ..?? ഇത് വരെ ഏട്ടൻ എന്തൊക്കെ ചെയ്തു തന്നു.. ഒന്നും തിരിച്ചു കൊടുക്കാൻ പറ്റിയിട്ടില്ല.... ""ആരതി അങ്ങനെ പറയുന്നത് കേട്ടത് കൊണ്ടാണോ ഈ സോറി.."" മുഖത്തേക്ക് ചെരിഞ്ഞു നോക്കി കൊണ്ട് ചോദിച്ചു. അതെ എന്ന് തലയാട്ടി. ""കുഞ്ഞാ...നമ്മൾ അതിനെ പറ്റി എത്ര പ്രാവിശ്യം സംസാരിച്ചു.. ഞാൻ ഒന്ന്‌ ചോദിക്കട്ടെ നിന്നോട്...""തോളിൽ തല ചായ്ച്ചിരുന്നു തന്നെ ഒന്ന്‌ മൂളി. ""നിന്റെ ഏട്ടത്തി നിന്നോട് ദേഷ്യം കാണിക്കാറുണ്ടോ..??""

ഇല്ലെന്ന് തല അനക്കി. ""പഴയത് പോലെ മിണ്ടാറില്ലേ..??"" ഉണ്ടെന്ന അർത്ഥത്തിൽ ഒന്നു മൂളി. ""മൂളാതെ വാ തുറന്നു പറയ് കുഞ്ഞാ.."" ""മിണ്ടാറുണ്ട്..."" ""എന്തു കൊണ്ടാന്ന് അറിയോ.. നീ അവളോട് തെറ്റ് ചെയ്യാത്തോണ്ട്...എനിക്കും അവൾക്കുമിടയിലെ പിണക്കത്തിന് നീയല്ല കാരണംമെന്ന് എന്നെ പോലെ അവൾക്കുമറിയാം.....ഇനി ഒരിക്കൽ പോലും ഇതും പറഞ്ഞു സങ്കടപെടുന്നത് കാണരുത്.. ഇത് ഭാര്യയും ഭർത്താവിനും ഇടയിലുള്ള പിണക്കം മാത്രമാ..നീ ജീവിച്ചു തുടങ്ങിയിട്ടല്ലേ ഉള്ളൂ.. കുറച്ചു കഴിഞ്ഞാൽ നീ ജയ്യോട് പിണങ്ങും.. ചിലപ്പോ ജയ് നിന്നോട് പിണങ്ങും.. എല്ലാവരുടെയും ജീവിതത്തിൽ ഇതൊക്കെ സാധാരണ നടക്കുന്നതാണ്..മനസിലായോ""മനസിലായെന്ന് തലയാട്ടി. ""അപ്പ പറഞ്ഞല്ലോ നാളെ നീ പോവുവാന്ന്... അത് പറയാനാണോ റൂംമിൽ വന്നത്..""അതെ എന്ന് വീണ്ടും തലയാട്ടി. ""എല്ലാ പിണക്കവും തീർത്ത് ആരതിയെയും കൂട്ടി അങ്ങോട്ട് വരാം... ഇപ്പോ സങ്കടമൊക്കെ തീർന്നോ..""ഏട്ടനെ നോക്കി ചിരിച്ചു. ""അപ്പൊ നമുക്ക് ഭക്ഷണം കഴിക്കാം..""പറയുന്നതിനൊപ്പമുള്ള ആ ചേർത്തു പിടിക്കൽ മതിയായിരുന്നു ഉള്ളിലെ ആകുലതകൾ എന്നെ വിട്ടൊഴിയാൻ..

ചേർത്തു പിടിച്ചു തന്നെ ഡയിനിങ് ഹാളിലേക്ക് നടന്നു. ""നിന്നെ കാത്തിരിക്കുവായിരുന്നു.. വേഗം വാ.. വിശന്നിട്ട് കുടൽ കത്താൻ തുടങ്ങി.ഞങ്ങൾ നടന്നു വരുന്നത് കണ്ടതും അപ്പ വയറിൽ തടവി കൊണ്ട് പറഞ്ഞു. ചെയറിൽ ഇരുത്തിയിട്ട് ഏട്ടനും അടുത്തിരുന്നു. കൈ ഫ്രക്ച്ചർ ആയത് കൊണ്ട് അമ്മയാണ് വാരിതരാറ്..ഏട്ടത്തിക്ക് സംസാരിക്കാൻ അല്പം ബുദ്ധിമുട്ടുള്ളത് പോലെ.. ഏട്ടത്തി പറഞ്ഞത് കേട്ടത് കൊണ്ടുള്ള ഒരു വയ്യായ്മ ആണ്. അങ്ങോട്ട് ഓരോന്ന് സംസാരിച്ചപ്പോൾ അത് മാറി.ഏട്ടനും ഏട്ടത്തിയും വഴക്കിടുന്നത് ഇതിന് മുൻപ് കണ്ടിട്ടില്ല.. ഏട്ടൻ എപ്പോഴോ പറഞ്ഞപ്പോഴാണ് അവർ മുൻപും വഴക്കിടാറുണ്ടെന്ന് അറിഞ്ഞത് തന്നെ.അവരുടെ സ്നേഹം പോലെ തന്നെ പിണക്കവും അവർക്കിടയിൽ മാത്രം ഒതുങ്ങുന്നതാണ്.ഒരിക്കലും അവരുടെ പ്രണയം ആൾക്കാരുടെ മുന്നിൽ കെട്ടുകാഴ്ചയായി നിർത്തറില്ലാ . ഏട്ടൻ അപ്പയോട് സംസാരിച്ച് മോനെ എടുത്ത് മോളിലേക്ക് പോയി. ഏട്ടത്തിയും അമ്മയും അടുക്കളയിലായിരുന്നു. ഒരാൾ കറിയൊക്കെ വേറെ പാത്രത്തിലേക്ക് മാറ്റി വെക്കുന്നു. മറ്റേ ആൾ പാത്രങ്ങൾ ഒക്കെ കഴുകി വെക്കുന്നു.

അവർ ചെയ്യുന്നത് നോക്കി ചുവരിൽ ചാരി ഞാനും. ❤❤❤ ""നേരത്തെ ചോദിച്ചുതിനുള്ള മറുപടി വേണ്ടേ നിനക്ക്..??""ആളെ ഉണർത്താതെ നെഞ്ചിൽ കിടക്കുന്ന മോനെ പതിയെ എടുക്കുമ്പോഴേക്കും കൈയിൽ പിടി വീണു. ""ഇതിന്റെ പേരിൽ നീ ടെൻഷനടിക്കേണ്ടെന്ന് വെച്ചു. നിന്നോട് പറയാതെ തന്നെ എല്ലാം ശരിയാക്കാം എന്ന് കരുതി. മാത്രമല്ല ഒരുപാട് ചിന്തിക്കാനുള്ള മാനസികാവസ്ഥയിലൊന്നുമല്ലായിരുന്നു ഞാനന്ന്..ആ ഒരു മാനസികാവസ്ഥയിലാണ് നിന്റെ ഏട്ടനോട് ഓരോന്ന് പറഞ്ഞു പോയത്.."" ""പോയ്‌ കിടന്നോ ഞാൻ കുറച്ചു കഴിഞ്ഞ് വന്നോളാം..""കുഞ്ഞിനെ എടുത്ത് അവിടെ തന്നെ നിന്നപ്പോൾ പറഞ്ഞു.കട്ടിലിൽ കിടത്താൻ നോക്കുമ്പോഴേക്കും കുഞ്ഞി ചെക്കൻ എഴുന്നേറ്റ് കരയാൻ തുടങ്ങിയിരുന്നു.ചെറുതായി തണുപ്പ് പിടിച്ചിട്ടുണ്ട്.. അതിന്റെ വാശിയാണ്. പാൽ കുടിക്കാൻ പോലും കൂട്ടാക്കുന്നില്ലായിരുന്നു. ഇത്തിരി കഷ്ടപ്പെടേണ്ടി വന്നു പാൽ കുടിപ്പിക്കാൻ... മോൻ പാൽ കുടിക്കുന്ന സമയത്താണ് ശരണേട്ടൻ അകത്തേക്ക് വന്നത്. ഒന്ന് നോക്കുക പോലും ചെയ്യാതെ റാക്കിൽ എന്തിനോ വേണ്ടി പരതുകയാണ്.

ഒളി കണ്ണിട്ട് നോക്കുന്നതിനിടയിൽ തുടയിൽ തട്ടുന്നത് നിന്നതും കുഞ്ഞി ചെക്കൻ ചിണുങ്ങാൻ തുടങ്ങി.വീണ്ടും തുടയിൽ തട്ടാൻ തുടങ്ങിയപ്പോൾ ചിണുങ്ങൽ പരതുന്നത് കണ്ടപ്പോൾ തന്നെ മനസിലായി എന്തിനാ പരതുന്നത് എന്ന്.ഉച്ചയ്ക്ക് ഡ്രെസ് മടക്കി വെക്കുമ്പോൾ റാക്കിൽ ഷർട്ടിന്റെ അടിയിൽ ഒളിപ്പിച്ചു വെച്ച സിഗരറ്റ് പാക്കറ്റ് കണ്ടിരുന്നു..പിറകിൽ വന്നു നിൽക്കുന്നതറിഞ്ഞും തിരിഞ്ഞു നോക്കിയില്ല. ""ആരു.. നീ അത് എവിടെയാ വച്ചത്..??""മറുപടി കൊടുത്തില്ല.. ഒരിക്കൽ നിർത്തിയതാണ് ആ ശീലം.എന്നിട്ട് ഇപ്പൊ... ""ആരൂ...""ശബ്ദം അൽപ്പം കനത്തിരുന്നു. എങ്കിലും മോൻ ഉണരാതിരിക്കാൻ പതിയെയാണ് സംസാരം. ""മോൻ ഉള്ളതാ ശരണേട്ടാ..മോനത് നല്ലതല്ല.."" ""ഞാൻ ബാൽക്കണിൽ പോയി വലിച്ചോളാം..""ആ പറഞ്ഞതിൽ ഒട്ടും ദേഷ്യമില്ലായിരുന്നു.ബെഡിൽ പിറകിലായി വന്നിരുന്നു. ഒരു കൈ ചുമലിലും മറ്റേ കൈ മോനെ ചേർത്തു പിടിച്ച കൈയ്ക്കു മുകളിലായി വെച്ച് ചേർന്നിരുന്നു. ""ഞാൻ സിഗരറ്റ് വലിച്ചാൽ നിനക്കെന്താ ആരൂ...നിനെക്കെന്നെ വേണ്ടല്ലോ... എന്നോട് ദേഷ്യമല്ലേ...

വെറുപ്പല്ലേ..ഞാൻ രോഗം വന്നു മരിച്ചു പോയാലും നിനക്കൊന്നുമില്ലല്ലോ...""പിൻകഴുത്തിൽ മുഖം പൂഴ്ത്തി കൊണ്ട് പറഞ്ഞു.പറഞ്ഞു മുഴുവിപ്പിക്കുമ്പോഴേക്കും കൈയിൽ നഖങ്ങൾ ആഴ്ത്തി. ദേഷ്യമാണ്.. പിണക്കമാണ്.. അതിനർത്‌ഥം വേണ്ടെന്നാണോ... വേദനിക്കുന്നുണ്ടാവും..എന്നിട്ടും കൈ എടുത്തു മാറ്റിയില്ല.വയറു നിറഞ്ഞപ്പോൾ മോൻ ശബ്ദം ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ അകന്നിരുന്നു.എഴുനേറ്റു ബാൽക്കണിയിലേക്ക് പോകുന്നത് കണ്ടു. പതിവ് പോലെ ഡോറിലേക്ക് നോക്കി.മോനെ ചേർത്തു പിടിച്ചു കിടന്നു.ഉറങ്ങി എന്ന് കരുതിയാവും തല എത്തി പിടിച്ചു നെറ്റിയിൽ നെറ്റി മുട്ടിച്ചു കിടന്നു ""എന്തിനാ ആരു എന്നെ ഇങ്ങനെ വേദനിപ്പിക്കുന്നെ...ക്ഷമിച്ചൂടെ.. ആവർത്തിക്കില്ലെടി... വയ്യെടി.. ഇനിയും ഇങ്ങനെ... ഭ്രാന്ത് പിടിക്കും പോലെ തോന്നുവാ..ഇങ്ങനെ ആയിരുന്നില്ലല്ലോ നമ്മൾ... ഒരു റൂമിൽ ഇങ്ങനെ മിണ്ടാതെ..ശ്വാസം മുട്ടുന്ന പോലെ പോലെ തോന്നുന്നെടി...""ദീർഘ നിശ്വാസം കാതോളമെത്തുണ്ട്.... ആ വാക്കുകൾ വല്ലാതെ നോവിക്കുന്നു. നീറി പുകയുന്നു ഉള്ളം.അകന്നു മാറുന്നതറിഞ്ഞു..

ശ്വാസഗതി നേരെ ആയെന്ന് തോന്നിയപ്പോൾ പതിയെ എഴുന്നേറ്റിരുന്നു. ആ മുഖത്തേക്ക് നോക്കിയിരുന്നു.മോനെ പൊതിഞ്ഞു പിടിച്ച കൈകളിലേക്ക് പോയപ്പോൾ നഖം കൊണ്ട് പോറിയ പാട് കണ്ടു.കുനിഞ്ഞു ആ പാടിൽ ചുണ്ടുകൾ അമർത്തി.മോനോട് ചേർന്നു കിടന്ന് ആ കൈകൾക്ക് മുകളിൽ കൈ ചേർത്തു വെച്ച് കിടന്നു. ❤❤❤ ജയ് വരുമ്പോഴേക്കും റെഡി ആയി നിന്നു. ഏട്ടൻ അപ്പോഴേക്കും പോയിരുന്നു.തണുപ്പ് പിടിച്ചത് കാരണം കുഞ്ഞൻ ഏട്ടത്തിയുടെ അടുത്ത് നിന്ന് വേറെ ആരുടെ അടുത്തും വരുന്നില്ല.ബെഡിൽ കിടത്തിയാൽ അപ്പൊ കരയും. പാവം ഏടത്തി രാവിലെ തൊട്ട് എടുത്തു നടക്കുവാണ്.. രാവിലെ തന്നെ ഹോസ്പിറ്റലിൽ കാണിച്ചു.മരുന്നൊക്കെ പകുതിയും തുപ്പി കളഞ്ഞു. ജയ് എടുക്കാൻ നോക്കിയിട്ടും സമ്മതിച്ചില്ല.മോന്റെ കരച്ചിൽ കാരണം ജയ്യോട് ശരിക്ക് സംസാരിക്കാൻ പോലും കഴിഞ്ഞില്ല. അമ്മ മരുന്നിന്റെ കാര്യവും കൈ സൂക്ഷിക്കണമെന്നൊക്കെ പറഞ്ഞു ഭയങ്കര ഉപദേശമായിരുന്നു. അമ്മയ്ക്ക് നല്ല വിഷമമുണ്ട് പോകുന്നതിൽ.. പോകുന്നതാണ് നല്ലത്.. അമ്മയ്ക്ക് അപ്പയുടെ കാര്യം നോക്കണം..

കുഞ്ഞി ചെക്കൻ ഉള്ളോണ്ട് ഏട്ടത്തിക്കും നിന്ന് തിരിയാൻ പോലും നേരം കാണില്ല.. അതിന്റെ കൂടെ ഞാനും.. രണ്ടാളും നന്നായി ഇപ്പൊ തന്നെ കഷ്ടപെടുന്നുണ്ട്.അപ്പ പിന്നെ മിസ്റ്റർ കൂൾ ആണ്..എന്നാലും ചിരിച്ചു പിടിച്ചിട്ടുണ്ടെങ്കിലും അപ്പയ്ക്കും വിഷമമൊക്കെ കാണും.. അപ്പ അല്ലേ ആള്..എനിക്കും ചെറിയ വിഷമം ഇല്ലാതില്ല. ""ഇത്ര സങ്കടം ഉണ്ടേ വരണമായിരുന്നോ..??""കാറിൽ മിണ്ടാതെ ഇരിക്കുന്നത് കണ്ട് ചോദിച്ചതാവും. കൂർപ്പിച്ചൊന്ന് നോക്കി. ""എന്താ വരേണ്ടായിരുന്നോ..??""നല്ല ഭംഗിയുള്ളൊരു ചിരിയായിരുന്നു തിരിച്ചു തന്നത്. സ്റ്റി റിങ്ങിന് മുകളിൽ വെച്ച കൈയിൽ ഒരു നുള്ള് വെച്ചു കൊടുത്തു."ആഹ് "ന്ന് പറഞ്ഞു കൈ വലിച്ചു കളഞ്ഞു. പിശാച് എന്ന് പിറുപിറുത്ത് കൈക്ക് പാട് വന്നോ എന്ന് നോക്കുന്നുണ്ട്. ""എന്നെ എന്റെ വീട്ടിൽ തിരിച്ചു കൊണ്ടാക്കി താ..ജയ്ക്ക് ഞാൻ വരുന്നത് ഇഷ്ടല്ലേ പിന്നെ എന്തിനാ ഞാൻ വരുന്നേ..??.""പിന്നെയും ചിരി തന്നെ..ഇഷ്ടമാണെന്ന് പറഞ്ഞു കൂടെ ജയ്ക്ക്... ""ജയ്ക്ക് ഞാൻ വരുന്നത് ഇഷ്ടമല്ല??"" ""ഇന്ന് ഷോപ്പിൽ അത്യാവിശ്യം നല്ല തിരക്കുണ്ടായിരുന്നു എന്നിട്ടാ കഴുതയെ അവിടെ ആക്കിയിട്ടാ ഞാൻ വന്നേ....

തിരിച്ചു പോകുമ്പോ ആ ഷോപ്പ് അവിടെ ഉണ്ടായ എന്റെ ഭാഗ്യം..""ഇഷ്ടമാണെന്ന് ഒറ്റവാക്കിൽ പറയേണ്ടതിനു പകരമാണ് ഇത്രേം പറഞ്ഞത്...എന്തിനാണാവോ ഈ ചമ്മൽ.. ചുണ്ടിലെ ചിരിയിൽ ചമ്മൽ തെളിഞ്ഞു കാണാം. ""ജയ് എന്തിനാ..കാർ എടുത്തിട്ട് വന്നേ.. ബൈക്ക് പോരായിരുന്നോ.."" ജയ്യുടെ കൂടെ ബൈക്കിൽ കേറണമെന്ന് ഭയങ്കര ആഗ്രഹമാണ് ആകെ ഒരു പ്രാവിശ്യം മാത്രമേ കയറിയിട്ടുള്ളൂ.. അതും കല്യാണത്തിന് മുൻപ്.. അത് ഒരു ഒന്നൊന്നര യാത്ര ആയിരുന്നു ""നിന്റെ കൈ വയ്യാതിരിക്കുവല്ലേ... കൈ ഒന്ന് ശരിയാവട്ടെ.."" ""ശരി ആയാൽ..??""ജയ്ക്ക് നേരെ മുഖം തിരിച്ചു കൊണ്ട് ചോദിച്ചു. ""ശരിയായാലെന്താ... കൈയിലെ പ്ലാസ്റ്റർ എടുക്കാം.."" ""എന്നിട്ടോ...??"" ""എന്നിട്ടെന്താ...""തിരിച്ചൊരു ചോദ്യം. ""എന്നിട്ടെന്താ...??"" ""എന്നിട്ട് ബൈക്കിൽ പോവാം.."" ""കൊണ്ട് പോകുമോ.."" ""മ്മ്ഹ്ഹ്..."" വീട്ടിൽ എത്തിയപ്പോൾ ജയ് പോയി വാതിൽ തുറന്നു.വീടൊക്കെ നല്ല വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്. ""എന്താ..""മുറിയിൽ എത്തിയപ്പോൾ പരുങ്ങുന്നത് കണ്ട് ചോദിച്ചു. ""ഈ ഡ്രസ്സ്‌ അഴിക്കാൻ...""ഒരാളുടെ സഹായമില്ലാതെ ഡ്രസ്സ്‌ മാറ്റാൻ പറ്റില്ല. ജയ്യും ഒന്ന് ചമ്മിയത് പോലെ.. ""ചന്ദ്രികേച്ചി വീട്ടിൽ ഉണ്ടോ എന്ന് നോക്കട്ടെ...""അതും പറഞ്ഞു പുറത്തേക്കിറങ്ങി."""തുടരും""""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Share this story