സസ്‌നേഹം: ഭാഗം 33

sasneham new

എഴുത്തുകാരി: നിധാന എസ് ദിലീപ്

""ഞാൻ പുറത്തു നിന്ന് കഴിച്ചിട്ട വന്നേ..""ടേബിളിൽ കഴിക്കാനെടുത്ത്‌ വെക്കുന്നത് കണ്ടപ്പോൾ പറഞ്ഞു. പത്രങ്ങളൊക്കെ ഒച്ചയിൽ തന്നെ എടുത്തു വെച്ചു. അമ്മയെ തട്ടി വിളിച്ച് ഉറങ്ങി കിടന്ന മോനെ എടുത്തു. രാത്രി ചിലപ്പോ ഉണർന്ന് കരയും. ഞാൻ വരാനായി ശരണേട്ടൻ നിൽക്കുന്നത് കണ്ടിട്ടും കാണാത്തത് പോലെ മുകളിലേക്ക് നടന്നു ❤ പതിയെ കുഞ്ഞനെ ബെഡിലേക്ക് കിടത്തി. ചെറുതായോന്ന് അനങ്ങിയപ്പോൾ തുടയിൽ പതിയെ തട്ടി കൊടുത്തു.ചെരിഞ്ഞു കിടന്ന കുഞ്ഞി ചെക്കനെ പൊതിഞ്ഞു പിടിച്ചു കിടന്നു.നെറ്റിയിൽ ചുണ്ടമർത്തി. പിറകെ കയറി വന്ന ആള് നോക്കി നിൽക്കുന്നതറിഞ്ഞും കുഞ്ഞി തുടയിൽ താളം പിടിച്ചു കിടന്നു. ഇവിടൊരാള് കാത്തിരിക്കുംന്നോ പേടിക്കുമെന്നോ ഓർത്തോ..?? അല്ലേ ഞാൻ ആരാ... അല്ലെങ്കിലും ആ ജീവിതത്തിൽ എനിക്ക് സ്ഥാനമില്ലല്ലോ?? ഞാൻ സങ്കടപെട്ടാലെന്താ.. കരഞ്ഞാലെന്താ..എപ്പോഴെങ്കിലും എന്നെ പറ്റി ഓർത്തിട്ടുണ്ടോ... ഓർത്തിരുന്നേ ഇങ്ങനെയൊക്കെ ആവുമായിരുന്നോ..

ഷർട്ടിന്റെ ബട്ടൺ ഓരോന്നായി അഴിക്കവേ മറുവശത്തേക്ക് തിരിഞ്ഞു കിടക്കുന്ന ആരുവിലേക്കായിരുന്നു നോട്ടം. കുളി കഴിഞ്ഞ് ഇറങ്ങി ആരുവിനെ നോക്കിയപ്പോൾ മോന്റെ തുടയിൽ വെച്ച കൈ പതിയെ തട്ടി കൊണ്ടിരിക്കുന്നത് കണ്ടപ്പോൾ മനസിലായി ഇനിയും അവൾ ഉറങ്ങിയിട്ടില്ലെന്ന്..മോന്റെ മറുവശത്തായി ഇരുന്ന് ആരുവിനെ നോക്കി. കണ്ണുകൾ തുറന്നു വെച്ച് കിടക്കുകയാണ്. ""നേരം ഒരുപാടായില്ലേ.. ഉറങ്ങിയില്ലേ ഇത് വരെ ""മോനെഴുന്നേൽക്കാതിരിക്കാനായി പതിയെ ചോദിച്ചു. ഇമ ചിമ്മുന്നതല്ലാതെ മറുപടി ഒന്നും ഇല്ല. ""ആരൂ...""മോനെ പൊതിഞ്ഞു പിടിച്ച കൈയ്ക്ക് മുകളിലായി കൈ വെച്ചതും കൈ വലിച്ചെടുത്ത് തിരിഞ്ഞു കിടന്നു. എഴുന്നേറ്റ് തലയണ എടുത്ത് മോന്റെ സൈഡിൽ വെച്ചു. ആരു കിടക്കുന്ന ഭാഗത്തേക്ക് പോയി...കൈയിൽ പിടിച്ചു വലിച്ചെഴുന്നേൽപ്പിച്ചു. ""ശരണേട്ടാ.. എന്താ ഇത്..വിട്ടേ..""കൈ വിരലുകൾ അടർത്തി മാറ്റാൻ നോക്കി. പെട്ടെന്ന് ഒരു കൈ കൊണ്ട് വായ പൊത്തി ""കുഞ്ഞ്...""ചെരിഞ്ഞ് കിടന്നുറങ്ങുന്ന മോനെ കണ്ണുകൾ കൊണ്ട് കാട്ടി കൊണ്ട് പറഞ്ഞു..

ആ സമയം തന്നെ ആരുവിന്റെ കണ്ണുകളും കുഞ്ഞിലേക്ക് പോയി. ശബ്ദം കേട്ട് കുഞ്ഞ് ഉണർന്നാലോ എന്ന ചിന്തയിൽ അടങ്ങി നിന്നു എങ്കിലും കൂർപ്പിച്ച നോട്ടത്തോടെ അവന്റെ കൈകൾ ചുണ്ടുകളിൽ നിന്ന് എടുത്തു മാറ്റി. കൈയ്യിലെ മുറുകിയ വിരലുകൾ അടർത്തി മാറ്റിയതും വീണ്ടും കൈയിൽ പിടി മുറുക്കി. അവളെയും പിടിച്ചു ബാൽക്കണിയിലേക്ക് പോയി. ""എന്തിനാ ഇപ്പൊ ഈ ദേഷ്യം.. "" ശരൺ ചോദിച്ചിട്ടും മറുപടി പറയാതെ അകത്തേക്ക് പോകാൻ നോക്കിയതും അവളെ പിടിച്ചു വെച്ചു. ""എനിക്ക് ഉറങ്ങണം.."" ""ഇത്രെയും നേരം നീ ഉറങ്ങിയോ ഇല്ലല്ലോ.. ഇനി മറുപടി പറഞ്ഞിട്ട് ഉറങ്ങിയാൽ മതി....പറയ് എന്തിനാ ഈ ദേഷ്യം?? "" ""എനിക്ക് ആരോടും ഒരു ദേഷ്യവുമില്ല.."" ""പിന്നെ എന്തിനായിരുന്നു താഴെ വെച്ചുള്ള പ്രഹസനം.."" ""ലേറ്റ് ആയത് വിളിച്ചു പറയാഞ്ഞിട്ടാണോ..?? ഒന്നും പറയാതെ നിൽക്കുന്നത് കണ്ട് വീണ്ടും ചോദിച്ചു ""എനിക്ക് എന്താ നിങ്ങൾ ലേറ്റ് ആയാല്.. ഞാൻ ആരാ നിങ്ങളുടെ.. ആരെങ്കിലുമായിരുന്നെങ്കിൽ അല്ലേ വിളിച്ചു പറയേണ്ട ആവിശ്യമുള്ളൂ..""ചുമലിൽ നിന്ന് കൈ വലിച്ചെറിഞ്ഞു കൊണ്ട് ചോദിച്ചു.

""നീ എന്റെ ആരുമല്ലേ ആരൂ...ആരുമല്ലാതാവാൻ മാത്രം അകന്നോ നമ്മൾ..??പറയ് ആരൂ.. അകന്നോ നമ്മൾ ഇനിയും നിനക്കെന്നോട് ക്ഷമിച്ചൂടെ... വയ്യെടി ഇനിയും ഇങ്ങനെ.. ഇങ്ങനെ അകന്നു നിൽക്കുന്നത് താങ്ങാൻ പറ്റുന്നില്ലെടി... ഇതാണോ നമ്മൾ ആഗ്രഹിച്ച ജീവിതം...നീ എന്നോട് ക്ഷമിക്കാൻ ഇനി എന്താ ചെയ്യേണ്ടത്..""കവിളുകളിൽ കൈ ചേർത്ത് വെച്ചു. അവന്റെ കണ്ണിലെ നീർതിളക്കം ഉള്ളം നോവിക്കുന്നുണ്ടായിരുന്നു ""പൊറുക്കെടി...പ്ലീസ്...ഇനിയും അകന്നു നിൽക്കല്ലേ.. ആരൂ.."" അവളെ വലിച്ചു നെഞ്ചിലേക്ക് ചേർത്തു പിടിച്ചു.. അകലാതിരിക്കാനെന്നോണം നെഞ്ചിലേക്ക് അമർത്തി പിടിച്ചു. തിരികെ പുൽകാതെ അവൾ നിന്നപ്പോൾ നെഞ്ച് നീറി പുകഞ്ഞു.നെറുകയിൽ ഒന്ന് മുത്തി. ഇറുകി അണച്ച കൈകൾ അയച്ച് പതിയെ അകന്നു അവളെ നോക്കി. ""അത്രയ്ക്ക് വെറുത്തു പോയോടി നീ എന്നെ..."" ഒഴുകി തുടങ്ങിരുന്നു കണ്ണുകൾ. ടി ഷർട്ടിൽ ചുരുട്ടി പിടിച്ചു കൊണ്ട് അവന്റെ നെഞ്ചിൽ മുഖം അമർത്തി.ഒരു ഞെട്ടലോടെ അവളെ നോക്കി. കണ്ണുകൾ നിറഞ്ഞെങ്കിലും ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ അവളെ മുറുകെ ചുറ്റി പിടിച്ചു.

""സോറി പെണ്ണേ... ഇനി ആവർത്തിക്കില്ല ഒന്നും... ആർക്ക് വേണ്ടിയും ഒരു വാക്ക് കൊണ്ട് പോലും നിന്നെ മാറ്റി നിർത്തില്ല... നീ മിണ്ടാതെ നിന്നപ്പോൾ ശ്വാസം നിലച്ച പോലെ തോന്നി പോയി.. നീ ഇല്ലാതെ പറ്റില്ലെടി എനിക്ക്... ഈ നാല് മാസം ഞാൻ അനുഭവിച്ചത് ഓർക്കാൻ പോലും വയ്യെടി... ""നെഞ്ചിടം അവളുടെ കണ്ണീരിനാൽ നനയുന്നുണ്ട്. ""അറിയാം എന്നെക്കാൾ നീ വേദനിച്ചിട്ടുണ്ടെന്ന്..""വീണ്ടും വാക്കുകൾ ഉതിരാൻ തുടങ്ങവേ നെഞ്ചിൽ നിന്ന് മുഖം ഉയർത്താതെ തന്നെ വിരലുകൾ ചുണ്ടിൽ വെച്ചു. ""ഇല്ല. ഇനി ഒന്നും പറയുന്നില്ല..""ആ വിരലുകളിൽ മുത്തി കൊണ്ട് പറഞ്ഞു. നെഞ്ചിൽ നിന്ന് മുഖം ബലമായി ഉയർത്തി നെറ്റിയിൽ ചുണ്ടമർത്തി. കണ്ണുകളിൽ മാറി മാറി പതിഞ്ഞ ചുംബനം കവിളുകളിലേക്കും പകർന്നു. ചുണ്ടിലേക്ക് പതിയവേ വിരലുകൾ കൊണ്ട് ചുണ്ടുകളെ അകറ്റി മാറ്റി. നിരാശയോടെ അവളെ നോക്കി ""എന്താ ലേറ്റ് ആവുംന്ന് വിളിച്ചു പറയാതിരുന്നേ..." ""റോഡ് മുഴുവൻ ബ്ലോക്ക്‌ ആയിരുന്നു.. അതാ ലേറ്റ് ആയത്..ഫോൺ ആണേ ഓഫീസിൽ വെച്ച് മറന്നു പോയി ..പിന്നെങ്ങനെ വിളിച്ചു പറയും ..

"" കവിളുകൾ കൈ ചേർത്ത് തള്ള വിരലുകൾ കൊണ്ട് കൊണ്ട് കണ്ണുനീർ തുടച്ചു. ""ഞാൻ പേടിച്ചു പോയി.."" നെഞ്ചിൽ കവിൾ ചേർത്തു. ""എനിക്ക് എന്തെങ്കിലും പറ്റിയെന്ന് വിചാരിച്ചാണോ..""തല ചെരിച്ചു അവളെ നോക്കി ഒരു ചിരിയോടെ ചോദിച്ചു. നെഞ്ചിൽ വേദനിക്കും വിധം നഖങ്ങൾ ആഴ്ത്തി. ""ആഹ്..""വേദനിച്ചെടി..""നെഞ്ച് തടവി. ദേഷ്യത്തിൽ തള്ളി മാറ്റി അകത്തേക്ക് പോവാൻ നോക്കിയതും അവളെ പിടിച്ചു വെച്ചു. ചെയറിൽ ഇരുന്ന് അവളെ മടിയിൽ പിടിച്ചിരുത്തി.നെറ്റിയിൽ പതിയുന്ന ചുംബനങ്ങൾ ഉള്ളിലെ പരിഭവങ്ങൾ അലിഞ്ഞില്ലതായി.നിശ്വാസങ്ങൾ ഇട കലർത്തി കൊണ്ട് ചുണ്ടുകൾ ഇണ ചേർന്നു.കുഞ്ഞി ചെക്കന്റെ കരച്ചിൽ കേട്ടതും ആരു പിടഞ്ഞെഴുന്നേറ്റു. ""മോനെ ഉറക്കിയിട്ട് ഇങ്ങോട്ട് വരണം...""മുറിയിലേക്ക് ഓടവേ കൈയിൽ പിടിച്ചു വെച്ച് കൊണ്ട് പറഞ്ഞു. ശരണിന്റെ കവിളിൽ മുത്തിയിട്ട് അകത്തേക്ക് പോയി.കമഴ്ന്നു കിടന്ന് തല ഉയർത്തി കരയുകയായിരുന്നു കുഞ്ഞി ചെക്കൻ.. ആരു ഓടി വരുന്നത് കണ്ടതും അവളെ നോക്കി കരയാൻ തുടങ്ങി.

മാറോടു ചേർത്തു പിടിച്ചതും ഒറ്റക്കാക്കിയതിന്റെ പരിഭവം മുഴുവൻ മാറിൽ ഒട്ടി കിടന്നു കൊണ്ട് തീർത്തു.ചിണുങ്ങൾ നിന്നപ്പോൾ പാല് കുടിക്കാൻ തുടങ്ങി. ചുരിദാറിന്റെ കഴുത്തിൽ പിടിച്ച കുഞ്ഞി കൈയിൽ ഉമ്മ കൊടുത്തു.വീണ്ടും ഉറങ്ങിയപ്പോൾ കുഞ്ഞി ചെക്കനെയും എടുത്ത് ബാൽക്കണിയിലേക്ക് പോയി.. ചെയറിൽ ചാരി കണ്ണുകളടച്ചു ഇരുന്ന ശരണിന്റെ മടിയിൽ ഇരുന്ന് നെഞ്ചിലേക്ക് ചാഞ്ഞു. ഒരു കൈ കൊണ്ട് കുഞ്ഞി ചെക്കനെയും മറു കൈ കൊണ്ട് ആരുവിനെയും പൊതിഞ്ഞു പിടിച്ചു ശരൺ ❤❤❤ ഇന്നലെ മടി പിടിച്ചു വർക്ക്‌ കംപ്ലീറ്റ് ചെയ്യാത്തോണ്ട് വർക്ക്‌ ഇരട്ടിയാണ്. ഒരു തലയണ ചുവരിൽ ചാരി വെച്ച് മറ്റൊന്ന് മടിയിൽ വെച്ചാണ് ലാപ്പുമായി ഗുസ്തി പിടുത്തം.ജയ്യേ നോക്കിയപ്പോൾ ജയ്യും കൊണ്ട് പിടിച്ച കണക്ക് കൂട്ടൽ.. ഇന്ന് പിറുപിറുക്കലും മുഖത്തെ ഗൗരവവും കുറവാണ്. ജയ് ഷോപ്പിൽ പോയത് കൊണ്ടാവും.ജയ് ബുക്ക്‌ അടച്ചു വെച്ച് കട്ടിലിൽ വന്നിരുന്നു. ""നിന്റെ കഴിഞ്ഞില്ലേ..."" ""ഇന്നലെ തീർക്കേണ്ടത് മുഴുവൻ കഴിഞ്ഞു. ഇന്ന് ചെയ്യേണ്ട റിപ്പോർട്ട്‌ ഇത്തിരി ബാക്കി ഉണ്ട്.. അത് ചെയ്ത് ഏട്ടന് അയച്ചു കൊടുക്കണം.

അപ്പ റെസ്റ്റിലായോണ്ട് ഏട്ടൻ കുറച്ചധികം വർക്ക്‌ തന്നു.ചിലതൊക്കെ ആദ്യമായി ചെയ്യുന്നതാണ്.. ഉച്ചയ്ക്കൊക്കെ ഇടയ്ക്കിടക്ക് ഏട്ടനെ വിളിച്ചു ഡൌട്ട് ചോദിച്ചാണ് ചെയ്തത്. ഇതിപ്പോ നേരം ഒരുപാടായില്ലേ. ""നീ മടിയൻ മല ചുമക്കും ന്ന് കേട്ടിട്ടുണ്ടോ.."" ജയ്യേ നോക്കി ഒന്ന് ഇളിച്ചു. പറ്റിപ്പോയി അല്ലാതെന്ത് പറയാനാണ്..നാശം.. ഇന്നലെ തന്നെ തീർത്താൽ മതിയായിരുന്നു..എന്നാൽ ഇപ്പൊ കിടക്കാമായിരുന്നു.കൈകൾക്ക് മീതെ തല വെച്ച് ജയ് കമഴ്ന്നു കിടന്നു. തല എന്റെ നേർക്ക് ചെരിച്ച് വെച്ചാണ് കിടപ്പ്...ജയ്ക് ഉറക്കം വന്നെന്ന് തോന്നുന്നു.. ഇടക്ക് കണ്ണുകൾ അടഞ്ഞു പോകുന്നുണ്ട്. ""ജയ്..നാളെ ജയ് ബിസിയാണെ ഏട്ടൻ ഹോസ്പിറ്റലിൽ വരാംന്ന് പറഞ്ഞു.."" ""എനിക്കെന്താ ബിസി..?? അത് ചോദിച്ചതിന് എന്തിനാണാവോ ഇത്ര കനം.. വേറെ ഒന്നും പറയുന്നത് കേൾക്കാഞ്ഞിട്ട് ലാപ്പിൽ നിന്ന് കണ്ണുകൾ മാറ്റി ജയ്യേ നോക്കി.. മുഖം അപ്പുറത്തേക്ക് ചെരിച്ചു വെച്ചിരിക്കുന്നു.ഇങ്ങേരെ മിക്കവാറും ഞാൻ എൽ കെ ജിയിൽ ചേർക്കും. ജയ്യുടെ പുറത്ത് തല വെച്ച് കിടന്ന് കാലിന്റെ മോളിൽ ലാപ് വെച്ച് വർക്ക്‌ ചെയ്യാൻ തുടങ്ങി.

""അനങ്ങല്ലേ ജയ് കൈ വേദനിക്കും..""ദേഹത്ത് കിടന്നതും ജയ് ശരീരം അനക്കി. കൈ വേദനിക്കും ന്ന് കേട്ടതും അടങ്ങി കിടന്നു. ""ഉറങ്ങണ്ടേ നിനക്ക്.."" ഉറക്കച്ചടവോടെ ചോദിച്ചു. ""കുറച്ചൂടി ഉണ്ട് ജയ്.. "" ""നേർക്ക് ഇരുന്ന് ചെയ്യടി.. കണ്ണിന് കേടാ ഇങ്ങനെ ഒക്കെ ലാപ്പിൽ നോക്കുന്നത്.."" ""സാരല്ല.. എനിക്ക് ഇങ്ങനെ ചെയ്യാനാ ഇഷ്ടം.."" ലാപ്പിൽ നിന്ന് കണ്ണെടുക്കാതെ മറുപടി കൊടുത്തു. ""നാളെ ഉച്ചയ്ക്ക് ഹോസ്പിറ്റലിൽ പോവാം.."" അത് കേട്ടപ്പോൾ വെറുതെ ഒരു ചിരി... ചിരിയോടെ തന്നെ ബാക്കി വർക്ക് ചെയ്യാൻ തുടങ്ങി. ""കിടക്ക്.. ബാക്കി നാളെ ചെയ്യാം..."" ""ഇതിപ്പോ കഴിയും ജയ്..""ജയ്യേ നോക്കിയപ്പോൾ തല മറു വശത്തേക്ക് വെച്ച് തന്നെയാണ് കിടപ്പ്.കുറേയൊക്കെ ചെയ്തു. ബാക്കി രാവിലെ ചെയ്യാം. ലാപ് ക്ലോസ് ചെയ്ത് ലൈറ്റും ഓഫ്‌ ആക്കി ജയ്യുടെ പുറത്ത് തല വെച്ച് തന്നെ കിടന്നു. ""ശ്രദ്ധാ.. എഴുന്നേറ്റേ... ഡീ..."" രാവിലെ തന്നെ ജയ്യുടെ ശബ്ദം കേട്ടാണ് ഉണർന്നത്. തല മാത്രം ഉയർത്തി ആണ് വീണ്ടും വിളിച്ചപ്പോൾ കണ്ണ് തുറന്നു. ""എന്താ.. ജയ്.."" ലേറ്റ് ആയി കിടന്നത് കൊണ്ട് ഉറക്കം വിട്ട് മാറിയിട്ടില്ല. ""ഒന്ന് എഴുന്നേറ്റേ.. എനിക്ക് എഴുന്നേൽക്കണം..""

അപ്പോഴാ ഓർത്തെ ജയ്യുടെ പുറത്ത് തല വെച്ചല്ലേ കിടന്നത്.. എഴുന്നേറ്റ് നേരെ കിടന്നു. ""ലാപ് ഒന്നും എടുത്തു വെക്കാതെ ആണോ തമ്പുരാട്ടി കിടന്നത്.."" മറുപടി കൊടുത്തില്ല.. സംസാരിച്ചാൽ ആ ഉറക്കം അങ്ങ് പോകും.. ജയ് ലാപ്പൊക്കെ എടുത്ത് വെക്കുന്നത് അറിഞ്ഞിട്ടും കണ്ണടച്ച് കിടന്നു. അടുക്കളയിൽ ചെന്ന് നോക്കിയപ്പോൾ ഏകദേശം പണിയൊക്കെ കഴിഞ്ഞിരിക്കുന്നു. ""ചായ അവിടെ ഉണ്ട്.. എടുത്ത് കുടിച്ചോ.."" പാത്രങ്ങൾ കഴുകി വെക്കുന്നത് കണ്ടപ്പോൾ പാവം തോന്നി.കൈക്ക് വയ്യാത്തോണ്ട് ജയ് വേണം ഒറ്റക്ക് ചെയ്യാൻ.. ""ജയ് കുടിച്ചോ..??""ഗ്ലാസ്സിലേക്ക് ചായ പകർന്ന് സ്ലാബിൽ ചാരി നിന്ന് ചായ കുടിക്കാൻ തുടങ്ങി. ""ഞാൻ കുടിച്ചു.."" എല്ലാം ചെയ്ത് തീർത്ത് അടുത്തു വന്ന് നിന്നു.ഗ്ലാസ്‌ ജയ്ക്കായി നീട്ടിയപ്പോൾ ഒന്ന് മുഖത്തേക്ക് നോക്കി. പിന്നെ വാങ്ങി കുടിച്ചു. കുറച്ചു കുടിച്ച് ഗ്ലാസ്‌ തിരിച്ചു തന്നു. ""എരിവ്...""ചട്ണിയിൽ മുക്കി ഇഡ്ഡലി തന്നപ്പോൾ പറഞ്ഞു. വേഗം ചായ എടുത്തു തന്നു. ചട്ണിക്ക് നല്ല എരിവ് ഉണ്ട്. ""കാന്താരി ഉണ്ടായിരുന്നു അതാ.."" ""ഇന്ന് കൂടി ആയാൽ ജയ് ഫ്രീ ആവും.. ഇന്ന് പ്ലാസ്റ്റർ അഴിക്കില്ലേ.. വേണേ ഇത് ശീലമാക്കാം.. .""

ഒളി കണ്ണിട്ട് ജയ്യേ നോക്കി. ""ശീലമാക്കണ്ട...""ചിരിച്ച് കൊണ്ടാണത് പറഞ്ഞത്.. ""ഓഹ്.. ആയിക്കോട്ടെ...""ചുമ്മാ മുഖം വീർപ്പിച്ചു. ""നീ കൊഞ്ചതെ.. വേഗം കഴിക്കാൻ നോക്ക്.. എനിക്ക് ഷോപ്പിൽ പോയിട്ട് പന്ത്രണ്ട് മണി ആവുമ്പോഴേക്കുക തിരിച്ചു വരേണ്ടതാ..."" ജയ് ഷോപ്പിൽ പോയി കഴിഞ്ഞതും ലാപ്പും എടുത്ത് ഇരുന്നു. ഇന്നലത്തെ വർക്കിന്റെ ബാക്കിയും കൂടെ ഇന്ന് രാവിലെ മെയിൽ അയച്ചതും ഉണ്ട്.. ഇന്നലത്തെ വർക്ക്‌ ചെയ്ത് മെയിൽ അയച്ചു കൊടുത്തു. ഇന്നത്തെ വർക്ക് കുറച്ചൊക്കെ ചെയ്തു. ഇടക്ക് ഡൌട്ട് വന്നപ്പോൾ ഏട്ടനെ വിളിച്ചു.ഏട്ടൻ നല്ല രീതിയിൽ പറഞ്ഞു തന്നു. പന്ത്രണ്ട് മണി ആവുമ്പോഴേക്കും ജയ് വന്നു.ഹോസ്പിറ്റലിൽ പോയി പ്ലാസ്റ്റർ എടുത്തു.കുറച്ചു നാളായി പൗച്ചിൽ ആയതു കൊണ്ട് കൈ നിവർത്തിയപ്പോൾ ഒരു ബുദ്ധിമുട്ട്..ഇപ്പോഴും ചെറിയ വേദന ഉണ്ട് ഉയർത്തുമ്പോൾ ഒക്കെ.. അത് ശരിയായിക്കോളും ന്ന് ഡോക്ടർ പറഞ്ഞു.കുറെ നാൾക്ക് ശേഷം വലത് കൈക്ക് സ്വാതന്ത്രം കിട്ടി.ഹോട്ടലിൽ നിന്ന് രണ്ടാളും നല്ല ബിരിയാണി ഒക്കെ കഴിച്ചു.ആദ്യമായിട്ടാണ് ജയ്യുടെ കൂടെ പുറത്തു പോയി ഭക്ഷണം കഴിക്കുന്നത്.ആകെ കൂടി വല്ലാത്ത സന്തോഷം. ജയ്യുടെ മുഖത്തും നിറഞ്ഞു നിൽക്കുന്നുണ്ട് സന്തോഷം. വീട്ടിലെത്തിയപാടെ അപ്പയെ വിളിച്ചു.

പക്ഷെ അത്രയും നേരം ഉണ്ടായിരുന്ന സന്തോഷം മുഴുവൻ പോയി.നാളെ കാർ വാങ്ങാൻ ആൾ വരുമത്രേ..വല്ലാത്ത സങ്കടം തോന്നി. അത്രയും ആശിച്ചു വാങ്ങിയ കാർ ആണ്.എന്തോ കണ്ണൊക്കെ നിറഞ്ഞു വന്നു.ജയ്യോട് പറഞ്ഞപ്പോൾ ആള് കരയുന്നത് കണ്ട് കളിയാക്കി.ശരിക്കും ദേഷ്യം വന്നു. ""ജയ്യുടെ പഴഞ്ചൻ ബൈക്ക് വിൽക്കുമ്പോ ജയ്ക്ക് സങ്കടം വരില്ലേ.."" ദേഷ്യത്തിൽ അതും പറഞ്ഞ് എഴുന്നേറ്റ് റൂമിൽ പോയി കട്ടിലിൽ ഇരുന്നു.ജയ് കുറെ മിണ്ടാൻ വന്നു ശ്രദ്ധിക്കാനേ പോയില്ല. ""സോറി.."" അടുത്ത് വന്നിരുന്നു കൊണ്ട് പറഞ്ഞു. ""ഒന്ന് ശല്യം ചെയ്യാതെ പോ ജയ്..""അരിശത്തോടെ പറഞ്ഞതും ജയ് എഴുന്നേറ്റ് പോയി.എഴുന്നേറ്റ് പോകുന്നത് കണ്ടപ്പോഴാണ് പറഞ്ഞത് കൂടി പോയെന്ന് തോന്നിയത്. പിന്നെ ആള് മുഖത്തേക്ക് നോക്കിയതേ ഇല്ല. ഒഴിഞ്ഞു മാറി നടന്നു. ആക്സിഡന്റിന് ശേഷം മിണ്ടാതെ നിൽക്കുന്നത് ആദ്യമായിട്ടാണ്.കരഞ്ഞപ്പോൾ കളിയാക്കിയതിന്റെ ദേഷ്യത്തിൽ പറഞ്ഞു പോയതാണ്.. ജയ് ഒന്ന് കൂൾ ആക്കാനായിരിക്കും കളിയാക്കിയത്.പക്ഷെ എന്നെ സമാധാനിപ്പിക്കുകയല്ലേ വേണ്ടത്. കുളിച്ച് തല തോർത്താനായി കൈ ഉയർത്തിയപ്പോൾ ചെറിയ വേദന. അത് മനസിലാക്കിയെന്നോണം തോർത്തു കൈയിൽ നിന്ന് വാങ്ങി തല തോർത്തി തന്നു.. പക്ഷെ അപ്പോഴും മിണ്ടിയില്ല..

അങ്ങോട്ടും മിണ്ടിയില്ല.. വൈകുന്നേരം അടുക്കളയിൽ സഹായിക്കാനായി പോയപ്പോൾ ഒന്ന് പോലും ചെയ്യാൻ സമ്മതിക്കാതെ ഒക്കെ ഒറ്റയ്ക്ക് ചെയ്യുന്നു.ചായയുടെ ഒക്കെ പാത്രം കഴുകി വെക്കാൻ നോക്കുമ്പോഴേക്കും ഓടി വന്ന് കഴുകി വെച്ചു. എന്റെ ഗ്ലാസ്‌ കഴുകാൻ നോക്കിയപ്പോൾ ഞാനും വിട്ടില്ല.. കൈയിൽ നിന്ന് ഗ്ലാസ്‌ പിടിച്ചു വാങ്ങി.വാശി ആണേ എനിക്കും വാശിയാണ്.. എന്നെ കളിയാക്കിയത് കൊണ്ടല്ലേ ദേഷ്യത്തിൽ പറഞ്ഞു പോയത്. രാത്രി അടുക്കളയിൽ എത്തുമ്പോഴേക്കും പ്ലേറ്റിൽ ചപ്പാത്തിയും കറിയും എടുത്ത് വെച്ചിരിക്കുന്നു. എന്നെ കണ്ടപാടേ രണ്ട് പ്ലേറ്റും എടുത്ത് സെന്റൽ ഹാളിലെ ടേബിളിൽ പോയി ഇരുന്നു.. അപ്പോഴേക്കും വാശി ഒക്കെ സങ്കടമായി മാറിയിരുന്നു.എന്നിട്ടും വിട്ട് കൊടുത്തില്ല.. വേഗം തിന്ന് ജയ് വരുമ്പോഴേക്കും പത്രങ്ങൾ ഒക്കെ കഴുകി വെച്ച് സ്ലാബ് ഒക്കെ ക്ലീൻ ചെയ്തു. അടുക്കളയിലേക്ക് ജയ് വന്നതും റൂമിലേക്ക് പോയി.

ചുവരിനെ നോക്കി കിടന്നു. ജയ് വന്നു കിടന്നതറിഞ്ഞതും ലൈറ്റ് ഓഫ്‌ ആക്കി. അപ്പോഴേക്കും കണ്ണ് നിറഞ്ഞൊഴുക്കാൻ തുടങ്ങി. ഒന്ന് പിറകോട്ടേക്ക് നീങ്ങി കിടന്നു.. ജയ്യുടെ കുറച്ച് അടുത്തായി... ""സോറി..""കാതിൽ ജയ്യുടെ നിശ്വാസം തട്ടി.്ജയ്യും ചേർന്നു കിടന്നു ""സോറി.. ജയ്.. ഞാൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു.."" വിതുമ്പി കൊണ്ട് പറഞ്ഞു. ""നീ ഇത്രയേ ഉള്ളൂ ശ്രദ്ധാ.. ഈ കുഞ്ഞു കാര്യത്തിനാണോ കരയുന്നെ.. അരക്കെട്ടിൽ ചുറ്റിയ കൈ ഇടംകൈയിലെ വിരലുകളുമായി കോർത്ത് പിടിച്ചു.ജയ്യുടെ കൈയിൽ തല വെച്ച് കിടന്നു. ""ജയ് എന്നോട് പിണങ്ങിയില്ലേ..."" ""നീയും പിണങ്ങിയില്ലേ..""കാതിനെ ഇക്കിളിയാക്കി കൊണ്ട് പറഞ്ഞുതും മുഖം വെട്ടിച്ചു.പകലിന്റെ പിണക്കം പ്രണയസാന്ദ്രമാം രാവിൽ തീർന്നിരുന്നു. പതിവിന് വിപരീതമായി മുടിയിഴകളെ വകഞ്ഞു മാറ്റി പിൻകഴുത്തിൽ ജയ്യുടെ മുഖം ചേർന്നതും കോർത്തു പിടിച്ച ജയ്യുടെ വിരലുകളിൽ മുറുകെ പിടിച്ചു. ഓരോ പ്രാവിശ്യം ജയ്യുടെ നിശ്വാസം പിൻ കഴുത്തിൽ തേടി എത്തുമ്പോഴും വിരലുകൾ തമ്മിൽ മുറുകി കൊണ്ടിരുന്നു """തുടരും""""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story