സസ്‌നേഹം: ഭാഗം 6

sasneham new

എഴുത്തുകാരി: നിധാന എസ് ദിലീപ്

നെഞ്ചിൽ പറ്റി ചേർന്ന് കിടക്കുന്ന താലി കൈ വിരലിൽ കോർത്തു പിടിച്ചു... മുടിയിൽ ഇപ്പോഴും മുല്ലപ്പൂവിന്റെ മണം..... ഒരു ഒരുക്കവുമില്ലാത്ത ആ കുഞ്ഞു മുറിയിൽ അവൾ ആകെ കണ്ണോടിച്ചു... ചെറിയ കട്ടിൽ.. ഒരു മേശ... ഒരു ചെറിയ അലമാര അതിൽ തീർന്നു ആ മുറിയിലെ ആഡംബരം.... ആരുടെയോ കാൽ പെരുമാറ്റം കേട്ട് ഞെട്ടി പിടഞ്ഞു കൊണ്ട് തിരിഞ്ഞു നോക്കി...ഏടത്തി... വീർത്ത വയർ താങ്ങി പിടിച്ചിട്ടുണ്ട്...കൈയിൽ ഒരു ഗ്ലാസ്‌ പാൽ കൈയിൽ ഉണ്ട്... ഏടത്തി ഒന്ന് ചിരിച്ചപ്പോൾ പൊള്ളയായ ഒരു ചിരി തിരിച്ച് നൽകി... "" പാൽ ഇവിടെ വെച്ചിട്ടുണ്ടട്ടോ... നിന്നെ കാണാത്തോണ്ട് ഇങ്ങോട്ട് കൊണ്ട് വന്നതാ... ""

മേശയിൽ ഗ്ലാസ്‌ വെച്ച് കൊണ്ട് പറഞ്ഞു...ഏടത്തിയെ കാണുമ്പോ മനസ്സിൽ ഭാരം പോലെ... ""ഞാൻ അങ്ങോട്ട് വരുമായിരുന്നല്ലോ ഏടത്തി..വയ്യാണ്ട് ഏടത്തി എന്തിനാ ഇങ്ങോട്ട് വന്നേ...."" ""അതിനെന്താ ഡോക്ടർ എന്നും നടക്കണം എന്നാ പറഞ്ഞെ..."" അത്രയും നിഷ്കളങ്കമായി മറുപടി തന്നു....ഞാൻ ഏട്ടനെ പറഞ്ഞു വിടാം... ഫ്രണ്ട്സുമായി സംസാരിച്ചിരിക്കുവാ..."" ഏടത്തി പോകുന്നത് നോക്കി നിന്നു.... കട്ടിലിൽ ചാരി ഇരുന്നു എല്ലാം അറിയുമ്പോ ജയ്യെ പോലെ ഏടത്തിയും വെറുക്കും... കണ്ണുകൾ ഇറുക്കിയടച്ചു.... ചെയ്തത് തെറ്റായിരുന്നു എന്ന് മനസ്സിൽ നിന്നാരോ പറയുന്നത് പോലെ....

""ഞാൻ ഇവളെ കെട്ടാം... പക്ഷെ ഭാര്യ വീട്ടിൽ പൊറുക്കാനൊന്നും ജയ്യെ കിട്ടില്ല.... ഇവൾ... ഇവൾ എന്റെ വീട്ടിൽ കഴിയണം..."" ആ ജയ് തനിക്ക് അന്യമായിരുന്നു... കണ്ണുകളിൽ പ്രണയമോ ദേഷ്യമോ അല്ല വെറുപ്പ്... വെറുപ്പ് മാത്രം... വാതിൽ അടയുന്ന ശബ്ദം കേട്ട് ശ്രദ്ധ ഞെട്ടി എഴുന്നേറ്റു... അവളെ കണ്ടതും അവന്റെ ഉള്ളിൽ വെറുപ്പിന്റെ തിരയിളകാൻ തുടങ്ങി. അത് കാണാതിരിക്കാനെന്നോണം അവൾ മുഖം കുനിച്ചു നിന്നു... ""ആരെ കാണിക്കാനാണ് ഈ പ്രഹസനം...."" മുഖം ഉയർത്തി ഞെട്ടലോടെ അവനെ നോക്കി...മേശയിൽ വെച്ചിരുന്ന പാൽ ഗ്ലാസ്‌ നോക്കി പുച്ഛത്തോടെ ആയിരുന്നു സംസാരം...

"" നിനക്കും അറിയാം എനിക്കും അറിയാം... ഈ റൂമിൽ എന്താ സംഭവിക്കാൻ പോകുന്നത് എന്ന്..."" പറയുന്നതിനോടൊപ്പം അവൻ അവളുടെ അടുത്തേക്ക് നടന്നു... അവൻ അടുത്ത് വരുന്നതിന് അനുസരിച്ച് അവൾ പിറകോട്ടു നടന്നു. അവസാനം ചുവരിൽ തട്ടി നിന്നു... അവൾക്ക് ഇരു വശത്തുമായി കൈകൾ വെച്ചു... പേടി കൊണ്ട് വിറയ്ക്കുന്ന അവളെ ഒരു നിമിഷം നോക്കി... എന്നിട്ട് കൈകൾ പിൻവലിച്ചു മാറി നിന്നു ""നീ ഇപ്പൊ എന്തൊക്കെയോ പ്രതീക്ഷിച്ചോ....'""പുച്ഛമായിരുന്നു അവന്റെ സ്വരത്തിൽ... ഒന്ന് തല്ലാൻ വേണ്ടി പോലും ഞാൻ നിന്റെ ശരീരത്തിൽ തൊടില്ല... നീ അന്നൊരു ദിവസം എന്നെ വെല്ലുവിളിച്ചത് ഓർമ്മയുണ്ടോ നീ ശ്രദ്ധയാണ്..

തോൽക്കില്ലെന്ന്... ഇപ്പൊ ആരാടി തോറ്റത്... നീ.. നീയാ തോറ്റത്... വാശി കൊണ്ട് ഈ താലി നേടി എടുത്തു... പക്ഷെ ഒരിക്കലും നീ എന്റെ മനസ്സിനെയോ ശരീരത്തെയോ നേടില്ല... കാരണം നിന്നോടുള്ള സ്നേഹത്തിന്റെ അവസാന കണികയും മനസ്സിൽ നിന്ന് മായിച്ചു കളഞ്ഞിട്ടാ നിന്റെ കഴുത്തിൽ ഞാൻ ഈ താലി കെട്ടിയത്... ഇത് വാശിയല്ല എന്റെ പ്രണയമാണെന്ന് മനസ് അലറി പറയുന്നുണ്ട് പക്ഷെ എന്തോ അതൊന്നും പുറത്തേക്ക് വരുന്നില്ല... ഇതിന് മുൻപ് ജയ്ക്ക് മുൻപിൽ ശ്രദ്ധ പതറിയിട്ടില്ല... പക്ഷെ ഇപ്പോൾ.... പ്രണയം നേടാനായി തെറ്റ് ചെയ്തപ്പോൾ.... കുറ്റവാളിയെ പോലെ ജയ്ക്ക് മുൻപിൽ നിൽക്കേണ്ടി വന്നപ്പോൾ....

ആദ്യമായി ജയ്യ്ക്ക് മുൻപിൽ തോറ്റു... കണ്ണുകളിൽ നോക്കി ഇഷ്ടം പറഞ്ഞവൾ ആദ്യമായി അവന്റെ നോട്ടത്തിൽ പതറി... ""പോയി കിടന്ന് ഉറങ്ങാൻ നോക്ക്...""അത്രയും പറഞ്ഞ് കട്ടിലിന്റെ അറ്റത്തു പോയി കിടന്നു. കണ്ണാടിയിൽ തെളിഞ്ഞ തന്റെ പ്രതിബിംബത്തിൽ നോക്കി അവൾ... സെറ്റ് സാരി ഉടുത്ത് നിൽക്കുന്ന കോമാളി.... നെറ്റിയിലേക്ക് പടർന്നു നിന്ന സിന്ദൂരം പോലും തന്നെ കളിയാക്കുന്ന പോലെ... തല തല്ലി കരയണമെന്നുണ്ട്.. പക്ഷെ മനസ് മരവിച്ചു പോയിരിക്കുന്നു.... അപ്പയുടെയും അമ്മയുടെയുടെയും ഇഷ്ടക്കേട് നിറഞ്ഞ മുഖം... നിർവികാരമായി നിൽക്കുന്ന ഏട്ടൻ അങ്ങനെ എല്ലാം മനസിലേക്ക് വന്നു....

ഉള്ളിലെ ചൂട് പുറം തൊലിയിലും വ്യാപിച്ച പോലെ... ""ലൈറ്റ് ഓഫ്‌ ചെയ്ത് സ്വന്തം സൗന്ദര്യം ആസ്വദിച്ചാൽ നന്നായിരുന്നു.."" ജയ്യുടെ സ്വരം വീണ്ടും തേടി എത്തിയപ്പോൾ വേഗം ലൈറ്റ് ഓഫ്‌ ചെയ്ത് ജയ്യിൽ നിന്നും അകന്ന് മാറി.. ചുവരിലേക്ക് മുഖം മുട്ടിച്ചു കിടന്നു...പുറത്ത് ഇപ്പോഴും ജയ്യുടെ ഫ്രണ്ട്സിന്റെ ആഘോഷത്തിന്റെ ബഹളം കേൾക്കുണ്ട്....കസേരയിൽ കൊട്ടി കൊണ്ട് ഉച്ചത്തിൽ പാട്ട് പാടുന്നുണ്ട് ജയ്യും ഉറങ്ങിയിട്ടില്ലായിരുന്നു...എപ്പോഴോ കണ്ണുകൾ നിറഞ്ഞു... പക്ഷെ ദേഷ്യം കൊണ്ടാണെന്ന് മാത്രം... റൂമിലേക്ക് വരാൻ പോലും തോന്നിയിരുന്നില്ല.... കൂട്ടുകാരെ മനഃപൂർവ്വം പിടിച്ച് വെച്ചതാണ്...അവരെന്തൊക്കെയോ പറയുമ്പോഴും ഒന്നും കേട്ടിരുന്നില്ല...

ഒരു മൂളക്കം മാത്രം... ആരതി വന്നു വിളിച്ചപ്പോൾ ഒട്ടും മനസ്സില്ലാതെയാണ് എഴുന്നേറ്റു വന്നത്... പിറകിൽ നിന്നും കളിയാക്കിയുള്ള മൂളലുകളും ചിരിയും അസ്സഹനീയമായിരുന്നു... അവസാനിക്കാത്ത അവരുടെ ആഘോഷവും പാട്ടും ബഹളവും കേട്ട് അവൻ ചെവി പൊത്തി കിടന്നു 💢💢💢💢💢💢💢💢💢💢💢 ജയ്യെ റൂമിലേക്ക് പറഞ്ഞയച്ചു റൂമിലേക്ക് വന്നപ്പോഴാണ് ഫോൺ റിങ് ചെയ്തത്... സ്‌ക്രീനിൽ തെളിഞ്ഞ പേര് കണ്ടതും ഒരു ചിരി ചുണ്ടിൽ താനേ വന്നു. കട്ടിലിൽ കിടന്നുറങ്ങുന്ന ചന്ദ്രികേച്ചിയെ നോക്കി... പാവം കുറെ ദിവസമായി ഞങ്ങൾക്ക് വേണ്ടി കഷ്ടപെടുന്നു.. ""ഉറങ്ങിയില്ലേ... നീ..."" ചെവിയിൽ ഫോൺ വെച്ചതും ആ ചോദ്യമായിരുന്നു ആദ്യം

"" ഇല്ലെന്നേ.. ഇപ്പൊ ഏട്ടനെ റൂമിലേക്ക് തള്ളി വിട്ടിട്ട് റൂമിൽ എത്തിയതേ ഉള്ളൂ... "" "" നീ മെഡിസിൻ ഒക്കെ കഴിച്ചില്ലേ... "" വീണ്ടുമെത്തി ചോദ്യം... """ അതൊക്കെ സമയാസമയം ഏട്ടനും ചന്ദ്രികേച്ചിയും കഴിപ്പിക്കും...എന്താ ശബ്ദം എന്തോ പോലെ...പെങ്ങൾ കല്യാണം കഴിഞ്ഞു പോയതിന്റെയാണോ അതോ ഭാര്യ അടുത്തില്ലാത്തതിന്റെയോ.."" കുറുമ്പോടെ ചോദിച്ചു ""രണ്ടും...."" ""എന്താ മിണ്ടാത്തെ....""അവൻ പിന്നെ ഒന്നും മിണ്ടാതിരിന്നത് കൊണ്ട് ആരതി ചോദിച്ചു ""ഞാൻ നാളെ വരാം നിന്നെ കൂട്ടാൻ..."" "" എന്താ പെട്ടെന്ന്.... കുറച്ച് ദിവസം കഴിഞ്ഞ് വരാം.. ശ്രദ്ധ ഇവിടെയൊക്കെയായി ഒന്നിന്നങ്ങട്ടെ.... അവളെ ഒറ്റക്കാക്കി വരാൻ പറ്റ്വോ... ""

അതിശയത്തോടെ പറഞ്ഞു. ""നിനക്ക് വരണമെന്നില്ലേ അവിടെ തന്നെ നിന്നോ... ഞാൻ ആരാ നിന്റെ...""ദേഷ്യത്തോടെ പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു.. പക്ഷെ ദേഷ്യമല്ലായിരുന്നു... പേടി... അവളെ നഷ്ടപ്പെടുമോ എന്ന പേടി... """"എന്നെങ്കിലും അവളെല്ലാമറിയും... അന്നവൾക്ക് അതൊക്കെ താങ്ങാൻ ശേഷിയുണ്ടാവ്വോന്നറിയില്ല...ഉണ്ടായാൽ... പിന്നെ അവളുടെ ജീവിതത്തിൽ നീ ഉണ്ടാവില്ല....""" ജയ്യുടെ വാക്കുകൾ ഓർമയിൽ ഇരച്ചെത്തി... ആരതിയെ വീണ്ടും വിളിച്ചപ്പോൾ ബിസി... ഫോൺ കട്ടിലിലേക്ക് വലിച്ചെറിഞ്ഞു.... എന്തൊക്കെയോ ആലോചിച് മലർന്നു കിടന്നു... ഫോൺ റിങ് ചെയ്യുന്നത് കണ്ട് ഫോൺ തപ്പിയെടുത്തു...

""എന്തിനാ ഇങ്ങനെ ദേഷ്യപെടുന്നേ... ഞാൻ നാളെ വരണോ... വരാം..."" ആരതിയുടെ ശബ്ദം കേട്ട് കണ്ണുകൾ അടച്ചു കിടന്നു ""ശരണേട്ടാ....."" ""മ്മ് മ്മ്......"" ""ദേഷ്യാണോ.... ഞാൻ പറഞ്ഞല്ലോ വരാംന്ന്... പിന്നെന്താ..."" പതിയെ നടുവിന് കൈ കൊടുത്ത് കൊണ്ട് കട്ടിലിൽ ഇരുന്നു... ""സാരല്ലടി... നീ പറഞ്ഞതാ ശരി... ഹോസ്പിറ്റലിൽ പോവാനും അവിടെ അല്ലെ എളുപ്പം... ഞാനും അപ്പയും ഹോസ്പിറ്റലിൽ പോയാ അമ്മ മാത്രല്ലേ ഉണ്ടാവൂ.. അവിടെ ശ്രദ്ധയും ചന്ദ്രികേച്ചിയും ഒക്കെ ഉണ്ടല്ലോ..."" അവൾ വരാൻ തയ്യാറായാലും ജയ് ചിലപ്പോ വിടില്ല... പിന്നെ അതൊരു വഴക്കിലെ അവസാനിക്കൂ...അത് അവളെ കൂടുതൽ സങ്കടപെടുത്തുകയെ ഉള്ളൂ...

""നീ ഉറങ്ങിക്കോ.... ഞാൻ രാവിലെ വിളിക്കാം..."" പതിയെ തല ചായ്ച്ചവൾ കിടന്നു. """"എന്നെങ്കിലും അവളെല്ലാമറിയും... അന്നവൾക്ക് അതൊക്കെ താങ്ങാൻ ശേഷിയുണ്ടാവ്വോന്നറിയില്ല...ഉണ്ടായാൽ... പിന്നെ അവളുടെ ജീവിതത്തിൽ നീ ഉണ്ടാവില്ല....""" ആ വാക്കുകൾ ശരണിന്റെ ഉറക്കം നഷ്ടപ്പെടുത്തി 💢💢💢💢💢💢💢💢💢💢💢 രാവിലെ കണ്ണ് തുറന്ന് നോക്കിയപ്പോൾ അടുത്ത് ജയ് ഉണ്ടായിരുന്നില്ല... ഉലഞ്ഞ സാരി നേരെ ഇട്ട് എഴുന്നേറ്റു.സമയം ഏഴുമണി കഴിഞ്ഞു... ഇന്നലെ ഉറങ്ങിയത് എപ്പോഴാണെന്ന് പോലും ഓർമ ഇല്ല.. അടുക്കളയിൽ നിന്ന് ജയ്യുടെയും ആരതിയുടെയും സംസാരം കേട്ട് അങ്ങോട്ടേക്ക് നടന്നു ജയ് എന്തോ കറി ഉണ്ടാക്കുന്നു...

ആരതിയോട് എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നു... ആരതിയും..കൂടെ ചന്ദ്രികേച്ചിയും ഉണ്ട്.. ഇടക്ക് കറിയുടെ ടേസ്റ്റ് നോക്കാൻ അവളുടെ കൈയിൽ അല്പം കയ്യിൽ ഉറ്റിച്ചു കൊടുത്തു... സൂപ്പർ ന്നു ആരതി ആക്ഷൻ കാണിച്ചു.. ഇതൊക്കെ കണ്ട് കുറച്ച് സമയം അവരെ നോക്കി നിന്നു.. ""ഇപ്പോഴാണോ ഉണർന്നേ..""ചന്ദ്രികേച്ചി അനിഷ്ടത്തോടെ ചോദിച്ചപ്പോൾ ശ്രദ്ധയുടെ മുഖം മങ്ങി...അത് കണ്ടത് കൊണ്ടാവാം ""അതൊന്നും സാരമില്ലെന്നേ.."" എന്ന് ആരതി ചിരിയോടെ പറഞ്ഞു. ശ്രദ്ധ പിറകിൽ ഉണ്ടെന്ന് മനസിലായിട്ടും ജയ് തിരിഞ്ഞു നോക്കിയില്ല...പക്ഷെ അവളുടെ കണ്ണ് അവനിൽ തന്നെ ആയിരുന്നു..

""ആരൂ... നീ പോയി ഇരുന്നോ... ഞാൻ ഭക്ഷണം കഴിക്കാൻ എടുക്കാം..."" ജയ് വീട്ടിലുള്ള സമയം ജയ് തന്നെയാണ് ആരതിയുടെ കാര്യങ്ങൾ എല്ലാം നോക്കുന്നത്... ചന്ദ്രികേച്ചിയെ പോലും വിടില്ല... ""ഏട്ടാ... ശ്രദ്ധ കൂടി വന്നിട്ട്..."" അപ്പോഴേക്കും ജയ്യുടെ മുഖം മാറി.. ""നിനക്ക് മരുന്ന് കഴിക്കാൻ ഉള്ളതല്ലേ...ഡോക്ടർ എന്താ നിന്നോട് പറഞ്ഞെ.."" ദേഷ്യത്തോടെ പറഞ്ഞു... ""മോള് പോയി ഇരിക്ക്..."" ഒരു ഓർമയിൽ സ്നേഹത്തോടെ അവളോട് പറഞ്ഞു "" ഫ്രഷ് ആയിട്ട് വേഗം വാട്ടോ...എനിക്ക് മരുന്ന് കഴിക്കാൻ ഉള്ളോണ്ടാ.... "" ശ്രദ്ധയോടായി പറഞ്ഞു ""ചന്ദ്രികേച്ചിയും ഇരുന്നോ..."" ശ്രദ്ധ എന്നൊരാൾ അവിടെ ഉണ്ടെന്ന് വിസ്മരിച്ചത് പോലെ ആയിരുന്നു ജയ്.

""വേണ്ട... ശ്രുതി വന്നായിരിക്കും... ഞാൻ അങ്ങോട്ട് ചെല്ലട്ടെ..."" ആരതി പ്രെഗ്നന്റ് ആയത് കൊണ്ട് ചന്ദ്രികേച്ചി കൂട്ടു കിടക്കും... ശ്രുതി രാത്രി മാമന്റെ വീട്ടിലും... ഫ്രഷ് ആയി സെൻട്രൽ ഹാളിൽ വരുമ്പോൾ ജയ് ഉണ്ടായിരുന്നു.. ഒരു പ്ലേറ്റ് അവളുടെ അടുത്തായി നീക്കി വെച്ചു.. ഭക്ഷണം കഴിക്കാൻ തുടങ്ങി.. ""നിന്നോടുള്ള സ്നേഹം കൊണ്ടാണെന്ന് തെറ്റിദ്ധരിക്കേണ്ട... ആരതിക്ക് സംശയം തോന്നേണ്ടെന്ന് വെച്ചാ..."" ആരതിയുടെ റൂമിലേക്ക് നോക്കി കൊണ്ട് ശ്രദ്ധയ്ക്ക് മാത്രം കേൾക്കാൻ പാകത്തിന് പറഞ്ഞു ......................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story