സസ്‌നേഹം: ഭാഗം 9

sasneham new

എഴുത്തുകാരി: നിധാന എസ് ദിലീപ്

റൂമിലുള്ളതെല്ലാം താഴേക്ക് വീണു ചിതറി.... കണ്ണാടി ചില്ലുകൾ നുറുങ്ങി തെറിച്ചു വീണു.... ശബ്ദം കേട്ട് ശരൺ വന്നപ്പോൾ കണ്ടത് അലങ്കോളാമായി കിടക്കുന്ന മുറിയാണ്... എന്തൊക്കെയോ പൊട്ടി നുറുങ്ങിയിട്ടുണ്ട്... ബെഡ്ഷീറ്റ് ഒക്കെ കട്ടിലിൽ നിന്ന് താഴേക്ക് തൂങ്ങി കിടക്കുന്നു.ശരൺ ശ്രദ്ധയോടെ കാൽ വെച്ച് നടന്നു. കട്ടിലിന്റെ ഒരു സൈഡിലായി കിടക്കുന്ന ശ്രദ്ധയെ കണ്ടതും അവളുടെ അടുത്തായി മുട്ട് കുത്തിയിരുന്നു. ഭ്രാന്തിയെ പോലെ എല്ലാം വലിച്ചെറിഞ്ഞ് എപ്പോഴോ നിലത്ത് വീണതാണവൾ. മുഖത്തും നിലത്തുമായി മുടിയിഴകൾ ചിതറി കിടക്കുന്നു. കൈപ്പത്തിക്കുള്ളിലാക്കി മുഖം മറച്ചു പിടിച്ചിരിക്കുന്നു.തേങ്ങലുകൾ ഇനിയും ഉള്ളിൽ ബാക്കിയാണെന്ന പോൽ താളമില്ലാതെ നെഞ്ച് ഉയർന്നു പൊങ്ങി കൊണ്ടിരിക്കുന്നു.ചില്ലുകൾ കൊണ്ട് കൈകളിൽ അവിടെയിവിടെയായി വാർന്ന മുറിവിൽ നിന്നും ചോര പൊടിഞ്ഞിട്ടുണ്ട്. ""ശ്രദ്ധാ.....""

ശരൺ കുലുക്കി വിളിച്ചപ്പോൾ കണ്ണുകൾ തുറന്നു. കരഞ്ഞതിന്റെ അടയാളം എന്ന പോലെ കണ്ണുകളിൽ നേരിയ ചുവപ്പ്... അവളെ പിടിച്ച് എഴുന്നേൽപ്പിക്കാൻ നോക്കി. ""ആഹ്ഹ്...""അവൾ കരഞ്ഞപ്പോഴാണ് ശരൺ അവളുടെ കാലിലേക്ക് നോക്കിയത്. കാലിൽ നിന്ന് ചോര നിലത്തേക്ക് ഒലിച്ചിറങ്ങുന്നു. അവളെ കട്ടിൽ ചാരി ഇരുത്തി. കാലിൽ കുപ്പി ചില്ലുകൾ തറച്ചിരിക്കുന്നു. കാൽ നിലത്ത് കുത്തിയപ്പോൾ ഒന്നു കൂടി കാലിലേക്ക് തുളച്ചു കയറി.അവളുടെ കാൽ മടിയിൽ വെച്ച് ചില്ല് വലിച്ചെടുക്കാൻ നോക്കിയതും അവൾ കാൽ വലിച്ചു. ""ശ്രദ്ധാ നീ എന്താ കാണിച്ച് വെച്ചിരിക്കുന്നെ...ഇങ്ങനെ ഈ റൂം തല്ലി തകർക്കാൻ മാത്രം എന്താ നിന്റെ പ്രശ്നം..

"'അവളെ വഴക്ക് പറഞ്ഞു കൊണ്ട് തന്നെ ചില്ല് വലിച്ചെടുത്തു. കാൽ നിലത്ത് വെച്ച് എഴുന്നേറ്റു.. റാക്കിൽ എന്തോ പരതി..""ഞാൻ ഇപ്പൊ വരാം..."" തിരിച്ച് വരുമ്പോൾ കൈയിൽ ഫസ്റ്റ് എയിഡ് ബോക്സ്‌ ഉണ്ടായിരുന്നു. വീണ്ടും ശ്രദ്ധയുടെ കാൽ മടിയിൽ വെച്ച് മുറിവ് ക്ലീൻ ചെയ്ത് കോട്ടൺ കൊണ്ട് കെട്ടി വെച്ചു.""വേറെ എവിടെയെങ്കിലും മുറിഞ്ഞിട്ടുണ്ടോ... ""മറുപടിയായി ഇല്ലെന്ന് തലയാട്ടി. എഴുന്നേൽക്ക്... ഹോസ്പിറ്റലിൽ പോവാം... ശ്രദ്ധാ പറഞ്ഞത് കേട്ടില്ലേ... വാ.. ഹോസ്പിറ്റലിൽ പോവാം.. മുറിവിൽ ചിലപ്പോ ചില്ലിന്റെ പൊടിയോ മറ്റോ കാണും... അവൾ അനുസരിക്കാത്തത് കൊണ്ട് ദേഷ്യത്തോടെ പറഞ്ഞു. ""എനിക്ക് എവിടേം പോവേണ്ട..."" ജയ്യോടുള്ള വാശിയും കൂടി ഉണ്ടായിരുന്നു.

""നിനെക്കെന്താ... ഭ്രാന്താണോ... എന്താ ഈ റൂമിൽ നീ കാണിച്ച് വെച്ചിരിക്കുന്നെ..."" അവൻ ദേഷ്യപ്പെട്ടപ്പോൾ തല കുനിച്ചിരുന്നതല്ലാതെ മറുത്തൊന്നും പറഞ്ഞില്ല. ""എന്താ ശ്രദ്ധാ.. നിന്റെ പ്രശ്നം... നീ എന്തെങ്കിലും ഒന്ന് പറയുന്നുണ്ടോ..."" അവളെ പിടിച്ചു ഉലച്ചു കൊണ്ട് ചോദിച്ചതും ശരണിന്റെ തോളിൽ മുഖം അമർത്തി വിതുമ്പാൻ തുടങ്ങി. വിതുമ്പലിന്റെ ശബ്ദം കേട്ടതും അവന്റെ ദേഷ്യം എവിടെയോ പോയി മറഞ്ഞു. ""നിന്റെ ഏട്ടനോട് പറയില്ലേ... നീ..""അവളെ ചേർത്ത് പിടിച്ചു. ""എനിക്ക് ജയ്യേ വേണം ഏട്ടാ... ജയ് ഇല്ലാതെ ജീവിക്കാൻ വയ്യ..."" ഒരു ഞെട്ടലോടെ ആണ് അവൻ കേട്ടത്... നികേതുമായുള്ള കല്യാണത്തിന്റെ പേരിൽ തന്നോട് പോലും വഴക്കായിരുന്നു. കുറെ നാളായി ആരോടും മിണ്ടുന്നില്ല..

എന്തെങ്കിലും ചോദിച്ചാൽ ദേഷ്യപ്പെടൽ മാത്രേ ഉള്ളൂന്ന് അമ്മ പറഞ്ഞിരുന്നു.അവളോട് പറയാതെ പെണ്ണുകാണൽ നടത്തിയതിന്റെ എതിർപ്പാണെന്നാ കരുതിയത്. ""ജയ്യ്ക്ക് അറിയുവോ ഇത്..."' ""അറിയാം.. ജയ്യ്ക്കും ഇഷ്ടാ.. പക്ഷെ സ്റ്റാറ്റസിന്റെ ഒക്കെ കാര്യം പറഞ്ഞ് എന്നെ വേണ്ടാന്ന് പറയുവാ... പക്ഷെ എനിക്ക് ജയ്യെ വേണം ഏട്ടാ..ഏട്ടൻ ജയ്യോട് പറയുമോ നിങ്ങൾക്കെല്ലാവര്ക്കും ഞങ്ങളുടെ കല്യാണത്തിന് സമ്മതാന്ന്..."" ""ഞാൻ സമ്മതിച്ചാലും അപ്പയും അമ്മയും സമ്മതിക്കുംന്ന് തോന്നുണ്ടോ... എന്റേം ആരതിയുടെയും കല്യാണം കഴിഞ്ഞപ്പോൾ ഉണ്ടായ പ്രശ്നങ്ങളൊക്കെ നിനക്ക് തന്നെ അറിയാവുന്നതല്ലേ...

ഇപ്പോ പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞ ശേഷമാ അമ്മ ആരതിയോട് സംസാരിച്ചത് തന്നെ...ജയ്യുടെ കാര്യം പറഞ്ഞാൽ എന്തായിരിക്കും അപ്പയുടെയും അമ്മയുടെയും പ്രതികരണമെന്ന് ഞാൻ നിനക്ക് പറഞ്ഞു തരേണ്ട ആവിശ്യമുണ്ടോ... ജയ്ക്ക് വേണ്ടാന്നു പറയുമ്പോൾ പിന്നെങ്ങനെയാ ശ്രദ്ധാ...."' ""എല്ലാം മറക്കാം എന്ന് ജയ്ക്ക് വേണ്ടി ഏട്ടത്തി പറഞ്ഞപ്പോൾ ഏട്ടൻ സമ്മതിച്ചോ...അതേ പോലെ തന്നെയാ എനിക്കും... ഒന്നിന് വേണ്ടിയും ജയ്യെ നഷ്ടപ്പെടുത്താൻ വയ്യാ...എല്ലാവർക്കും സ്വന്തം കാര്യം മാത്രം അല്ലെ ഏട്ടാ...ജയ്ക്കും അതെ... ജയ്യുടെ കാര്യം അറിഞ്ഞാ ഏട്ടനെയും ഏട്ടത്തിയെയും എല്ലാവരും കുറ്റപ്പെടുത്തുംന്നാ പേടി ആണോ ഏട്ടന്....""

""നീ എന്തൊക്കെയാ ശ്രദ്ധാ പറയുന്നേ...നീ ഇങ്ങനെയൊക്കെ ആണോ എന്നെ പറ്റി ചിന്തിച്ചത്...ഉണ്ടാവാൻ പോകുന്ന പ്രശ്നത്തെ പറ്റി പറഞ്ഞു തന്നതല്ലേ..നിന്നെ ആർക്കു വേണ്ടെങ്കിലും ഞങ്ങൾക്ക് വേണം..."" ""വല്ലാണ്ട് ഒറ്റപെട്ടത് പോലെ തോന്നുന്നു ഏട്ടാ... എന്നെ കേൾക്കാനോ മനസിലാക്കാനോ ആരും ഇല്ലാത്തത് പോലെ തോന്നുന്നു..."" ""അങ്ങനെ ഒന്നും ചിന്തിക്കേണ്ട... നാളെ ഞാൻ ജയ്യോട് സംസാരിച്ചോളാം...""അവളെ പിടിച്ചെഴുന്നേൽപ്പിച്ച് കട്ടിലിൽ കിടത്തി പുതപ്പിച്ചു കൊടുത്തു. ഒരിക്കൽ കൂടി കണ്ണുനീർ ഒഴുകിയപ്പോൾ തുടച്ചു കൊടുത്തു. ""ഉറങ്ങിക്കോ... നീ ഉറങ്ങുന്നത് വരെ ഏട്ടനിവിടെ ഇരുന്നോളാം..."" അവളുടെ കവിളിൽ പതിയെ തട്ടി.

എന്നിട്ട് അവളുടെ വലതു കൈ ശരണിന്റെ ഇരു കൈകൾക്കുള്ളിലാക്കി പിടിച്ചു.അവനെ തന്നെ നോക്കി കിടന്ന അവളുടെ കണ്ണുകൾ പതിയെ അടഞ്ഞു. അവൾ ഉറങ്ങിയെന്നു തോന്നിയപ്പോൾ ലൈറ്റ് ഓഫ്‌ ചെയ്ത് പുറത്തിറങ്ങി ഡോർ ചാരി. ⏺️⏺️⏺️⏺️⏺️⏺️⏺️⏺️⏺️⏺️⏺️⏺️⏺️⏺️⏺️⏺️ ശബ്ദം കേട്ട് പുറത്തേക്ക് ആരതി വരുമ്പോഴേക്കും ശരൺ ഇറയത്തേക്ക് കയറിയിരുന്നു. ""ആഹാ ഇന്നലെ അനിയത്തി... ഇന്ന് ഏട്ടൻ....."" നിറഞ്ഞ ചിരിയോടെ പറഞ്ഞു. ശരൺ അവന്റെ കയ്യിലെ കവർ അവളെ ഏൽപ്പിച്ചു. ""ജയ് ഇല്ലേ....""ഒപ്പം ഈ ചോദ്യവും... ""ഉണ്ട്... അടുക്കള പുറത്ത് ഒരോന്ന് ചെയ്യുവാ... ഞാൻ ഉള്ളോണ്ട് അധികം എവിടെയും പോവാറില്ല...ഇവിടെ ആയാലും വെറുതെ ഇരിക്കത്തെ ഇല്ല...

ഓരോന്നിങ്ങനെ ചെയ്തോണ്ടിരിക്കും... ശരണേട്ടൻ വന്നതറിഞ്ഞില്ലാന്ന് തോന്നുന്നു... ഞാൻ വിളിക്കാം..."" നിർത്താതെ സംസാരിച്ചു കൊണ്ടേ ഇരുന്നു.പക്ഷെ ശരണിന്റെ മുഖത്തൊരു ചിരി പോലുമുണ്ടായിരുന്നില്ല. ""എന്താ....ശരണേട്ടാ.. മുഖമെന്താ വല്ലാണ്ടിരിക്കുന്നെ... സുഖമില്ലേ..."" അവന്റെ നെറ്റിയിൽ കൈപ്പത്തി വെച്ച് ചൂടുണ്ടോന്ന് നോക്കി കൊണ്ട ആധിയോടെ പറഞ്ഞു. ""ഓഫീസിലെ ഒരോന്ന് കൊണ്ടാ...നിനക്ക് ഹെൽത്ത്‌ ഇഷ്യൂ ഒന്നുമില്ലലോ...."" അവളുടെ കൈ എടുത്ത് മാറ്റി കൊണ്ട് ചോദിച്ചു. ""ഇല്ലാന്നേ..."" ""കാറിന്റെ ശബ്ദം കേട്ടപ്പോ തോന്നി ശരണായിരിക്കുമെന്ന്.. അതാ പണി നിർത്തിയിട്ട് വന്നത്..."" അപ്പോഴേക്കും ജയ് തോർത്ത്‌ കൊണ്ട് വിയർപ്പ് ഒപ്പി കൊണ്ട് വന്നു.

""ശരണേട്ടൻ ഇരിക്ക്..ഞാൻ ചായ എടുക്കാം..."" ""വേണ്ടാ... ഓഫീസിൽ നിന്ന് ചായ കുടിച്ചിട്ടാ ഇറങ്ങിയേ... നിനക്ക് അറിയാലോ ഞാൻ അധികം ചായ കുടിക്കില്ലന്ന്..."" ആരതിയോടായി പറഞ്ഞു. ""ജയ് ഇപ്പൊ പുറത്തേക്കിറങ്ങുന്നുണ്ടോ... എനിക്ക് ഒന്ന് സംസാരിക്കാനുണ്ടായിരുന്നു..."" ഒരു ചായ അധികം കുടിച്ചെന്ന് വെച്ച് ഒന്നും വരാൻ പോകുന്നില്ല... അരൂ...നീ ശരണിന് ചായ എടുക്ക്... അപ്പോഴേക്കും ഒന്ന് കുളിച്ചിട്ട് വരാം.. മൊത്തം ചെളിയും വിയർപ്പുമാ... എന്നിട്ട് നമുക്ക് ഇറങ്ങാം.... ചിരിയോടെ പറഞ്ഞ് കുളിക്കാനായി പോയി.ഒട്ടും സുഖകരമല്ലാത്തൊരു മൗനം ഇരുവർക്കുമിടയിലായി ഉള്ളത് പോലെ തോന്നി ആരതിക്ക്... ""എന്താ പറ്റിയെ... ഇങ്ങനെ ഒന്നുമല്ലായിരുന്നല്ലോ മുൻപ്...

"" അവളത് പറഞ്ഞവസാനിപ്പിക്കുമ്പോഴേക്കും അവളെ ചുറ്റി പിടിച്ചു വയറിൽ തല ചേർത്ത് വെച്ചു. അവന്റെ ഉള്ളിലുള്ളതൊക്കെ അവളിലേക്ക് ഒഴുക്കും പോലെ.... അവന്റെ മുടിയിൽ തലോടി കൊണ്ടിരുന്നു....വന്നിട്ടും ഒന്നും കെട്ടടങ്ങുന്നില്ല.... ""എന്താ പറ്റിയെ... എന്തെങ്കിലും പ്രശ്നമുണ്ടോ..."" ""പറയാൻ മാത്രം ഒന്നുല്ലെടി...കുറച്ച് ദിവസമായില്ലേ നിന്നെ കണ്ടിട്ട്...അതിന്റെയാ..."" ""നാല് ദിവസമല്ലേ ആയുള്ളൂ..."" കുറുമ്പോടെ ചോദിച്ചു. ""ഇറങ്ങാം..."" ഷർട്ടിന്റെ കൈ ചുരുട്ടി കൊണ്ട് ജയ് വന്നു. മുടിയിലെ നനവ് പോയിട്ടുണ്ടായിരുന്നില്ല. ""ചന്ദ്രികേച്ചി ഇപ്പൊ വരും...ഞാൻ വിളിച്ച് പറഞ്ഞിട്ടുണ്ട്..."" ഇറങ്ങാൻ നോക്കുമ്പോൾ പോട്ടെ എന്ന് ആരതിയോട് തലയാട്ടുക മാത്രം ചെയ്തു ശരൺ.

""പറയ്... ശരൺ... എന്താ സംസാരിക്കാൻ ഉള്ളത്...""ശരണിന് മുൻപിൽ കൈ കെട്ടി നിന്നു. ""ശ്രദ്ധയുടെ കാര്യമാണ്...ജയ് ഊഹിച്ചു കാണും..."" ""വീട്ടിൽ വെച്ച് ശരണിന്റെ മുഖം കണ്ടപ്പോ തോന്നി... എന്തോ സീരിയസ് ആയ കാര്യമുണ്ടെന്ന്... ശ്രദ്ധയാവും അതിന് കാരണമെന്നു ചെറിയൊരു ഊഹം ഉണ്ടായിരുന്നു.."" ""ജയ്യ്ക്ക് ശ്രദ്ധയെ ഇഷ്ടമല്ലേ..."" ""ഇഷ്ടമല്ല എന്ന് പറഞ്ഞാൽ കള്ളമായിരിക്കും...ഞങ്ങൾ തമ്മിൽ ഒരു പാട് ചേർച്ചകുറവുകൾ ഉണ്ട്...ഈ ആവേശമൊക്കെ തീരുമ്പോൾ എന്നെങ്കിലും അവൾക്ക് ഞാൻ പോരെന്നു തോന്നും... അല്ലെങ്കിലും എന്റെ ഈ ചെറിയ ലോകത്ത് അവൾക്ക് ഒതുങ്ങി ജീവിക്കാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ ശരണിന്..""

""തോന്നുന്നുണ്ട്... ജയ്..നീ എന്താണെന്ന് മനസിലാക്കിയിട്ട് തന്നെയാ അവൾ നിന്നെ ഇഷ്ടപെട്ടത്... നിന്റെ ഈ തോന്നലൊക്കെ തെറ്റാണെന്ന് അവൾ തന്നെ തെളിയിക്കും ജയ്..വെറുമൊരു ആവേശത്തിന്റെ പുറത്തുള്ളൊരു ഇഷ്ടമല്ല ജയ്യോടവൾക്കുള്ളത്....."" ""ശരണിന്റെ അപ്പയും അമ്മയും സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ...അത് മാത്രമല്ല ശരൺ.... ആരതി ഒന്നും പറഞ്ഞില്ലെങ്കിലും എനിക്ക് അറിയാം.. ശരണിന്റെ വീട്ടിലുള്ളവർ ഇപ്പോഴും അവളെ പൂർണമായും അംഗീകരിച്ചിട്ടില്ലെന്ന്... അതിനിടയിൽ ഇങ്ങനെ ഒരു വിഷയവും കൂടി ഉണ്ടായാൽ അത് ബാധിക്കുന്നത് ആരതിയെ തന്നെയാവും... എനിക്ക് മറ്റെന്തിനെക്കാളും വലുത് ആരതിയാ... അവൾക്ക് ദോഷം വരുന്നതൊന്നും ഞാൻ ചെയ്യില്ല... ""

""അപ്പയെയും അമ്മയെയും ഞാൻ പറഞ്ഞു സമ്മതിപ്പിച്ചോളാം... അതുപോലെ ആരതിയെ ആരും കുറ്റപ്പെടുത്താതെ ഞാൻ നോക്കിക്കോളാം..."" ഉറപ്പ് പറയാൻ പറ്റുമോ ശരണിന്... ഒരിക്കൽ മരണത്തിന്റെ വക്കിൽ നിന്ന് തിരിച്ച് കിട്ടിയതാ എനിക്ക് എന്റെ ആരുനെ.... അവൾക്ക് വേണ്ടിയാ ജീവിച്ചത്... ഇനി അങ്ങോട്ടും അങ്ങനെ തന്നെ ആയിരിക്കും...അവൾക്ക് മോളിലായിട്ട് വേറൊരു ഇഷ്ടവും എനിക്ക് ഇല്ല...ശരണിന്റെ അമ്മയുടെയൊക്കെ മുഖത്തെ അനിഷ്ടം കാണുമ്പോ എനിക്കുണ്ടാവുന്ന ടെൻഷൻ നിനക്ക് പറഞ്ഞാൽ മനസിലാവില്ല ശരൺ....അവളെ ജീവിതത്തെ ബാധിക്കുന്ന ഒന്നിനും ഞാൻ നിക്കില്ല...നീ അവളെ പറഞ്ഞു മനസിലാക്കണം... എല്ലാം മറക്കാൻ പറയണം...""

ഉള്ളു പിടയുന്നുണ്ട്... വേണ്ടെന്നു പറയുന്നത് തന്റെ ഇഷ്ടത്തെയാണ്. അവളെ പറഞ്ഞു മനസിലാക്കാൻ പറ്റുമെന്ന് എനിക്ക് തോന്നിയിരുന്നെങ്കിൽ ഇതും പറഞ്ഞു ജയ്യുടെ അടുത്ത് ഞാൻ വരില്ലായിരുന്നു....ആരതിക്ക് വേണ്ടി ഉരുകുന്നത് പോലെ തന്നെ ഇപ്പൊ എന്റെ പെങ്ങൾക്ക് ഞാനും ഉരുകുന്നുണ്ട്.....അവൾ കരയുന്നത് എനിക്കും സഹിക്കാൻ പറ്റില്ല ജയ്.... ""പോകാം..."" ഒരുപാട് നേരത്തെ മൗനത്തിനു ശേഷം ജയ് പറഞ്ഞു.തിരിച്ച് വീട്ടിലേക്ക് വരുമ്പോഴും ഒന്നും മിണ്ടിയില്ല രണ്ടു പേരും... ""ഇറങ്ങുന്നില്ലേ... ആരു കാത്തിരിക്കും..."" വീടിനടുത്തുള്ള വഴിയിൽ കാർ നിർത്തിയപ്പോൾ ജയ് ചോദിച്ചു. ""ജയ്....ഇപ്പൊ എനിക്ക് ആരെക്കാളും എന്തിനെക്കാളും വലുത് എന്റെ ശ്രദ്ധയാ...

അവൾക്ക് വേണ്ടി ഞാനും എന്തും ചെയ്യും.."" അതായിരുന്നു ജയ്ക്കായുള്ള മറുപടി. ⏺️⏺️⏺️⏺️⏺️⏺️⏺️⏺️⏺️⏺️⏺️⏺️⏺️⏺️⏺️ ആരതി ഒരു കൈയിൽ ഫോണുമെടുത്ത് ഇറയത്തേക്ക് വരുമ്പോൾ കണ്ടത് പുറത്തേക്ക് നോക്കി എന്തോ ചിന്തിച്ചിരിക്കുന്ന ജയ്യെ ആയിരുന്നു. ജയ്യുടെ മനസ്സിൽ അപ്പോൾ ശ്രദ്ധയെ പറ്റിയായിരുന്നു ചിന്ത... അവളുടെ നിറഞ്ഞ കണ്ണുകൾ നെഞ്ചിൽ നീറ്റലുണ്ടാക്കുന്നുണ്ട്... ശ്രദ്ധയുടെ അമ്മയും അപ്പയും ഒരിക്കലും ഈ ബന്ധം അംഗീകരിക്കില്ല... ആരതിയുടെ ജീവിതത്തെ ബാധിക്കുമോ എന്ന പേടി ഒരു വശത്ത്... എന്നെങ്കിലും താൻ അവൾക്ക് ചേരുന്നവനല്ല എന്ന് തോന്നിയാലോ എന്ന പേടി മറ്റൊരു വശത്ത്... ""ഏട്ടാ... ഇന്ന് ശരണേട്ടനുമായി എന്തെങ്കിലും വഴക്ക് ഉണ്ടായോ...

ഇവിടെ വരുമ്പോഴേ ശരണേട്ടന്റെ മുഖം എന്തോ പോലുണ്ടായിരുന്നു... സംസാരിക്കണമെന്ന് പറഞ്ഞ് പോയിട്ട് വരുമ്പോ ഏട്ടന്റെ മുഖവും എന്തോ പോലുണ്ടായിരുന്നു... ശരണേട്ടനാണെ വീട്ടിൽ കേറിയതുമില്ല..."" ""നിന്നെ അവൻ വിളിച്ചില്ലേ..."" ""വിളിച്ചിട്ട് കിട്ടുന്നില്ല... റിങ് പോവുന്നുണ്ട്...എടുക്കുന്നില്ല... എന്ത് പറ്റിയാവോ ""അപ്പോഴേക്കും ഫോൺ റിങ് ചെയ്യാൻ തുടങ്ങിയിരുന്നു...""ശരാണേട്ടനാ..""അതും പറഞ്ഞ് ഫോണുമെടുത്ത് അകത്തേക്ക് പോയി.ശരൺ പറഞ്ഞത് അവനു ഓർമ വന്നു ""എത്ര നേരം അങ്ങോട്ട് വിളിച്ചിട്ടാണോ ഇങ്ങോട്ടൊന്നു വിളിച്ചത്....ആകെ രണ്ട് വാക്കാ സംസാരിച്ചേ... ശ്രദ്ധയുടെ ഫോൺ ആണേ സ്വിച്ച് ഓഫ്‌... എന്താ എല്ലാർക്കും പറ്റിയെ...""

ഫോൺ വിളിച്ച് കഴിഞ്ഞ് കഴിഞ്ഞ് ജയ്യുടെ അടുത്തിരുന്ന് ആരതി പിറുപിറുത്തു.ജയ് ഒന്നും കേൾക്കാതെ ദൂരേക്ക് നോക്കിയിരിക്കുകയാണ്... "'ഏട്ടാ... എന്തെങ്കിലും പ്രശ്നമുണ്ടോ..."" എല്ലാം കൊണ്ടും എന്തോ ഒരു പ്രശ്നമുള്ളത് പോലെ തോന്നി ആരതിക്ക്... അവന്റെ കൈകൾക്ക് മുകളിൽ കൈ വെച്ചു... അവളുടെ കൈ വല്ലാതെ തണുത്തിരിക്കുന്നു... കൂടെ ഉള്ളംകൈയിൽ വിയർപ്പിന്റെ നനവും...അവൾ വല്ലാതെ പേടിക്കുകയോ ടെൻഷനിലാവുമ്പോഴോ മാത്രമേ അങ്ങനെ ഉണ്ടാവൂ... ""നീ വെറുതെ ഒരോന്ന് ചിന്തിച്ച് കൂട്ടി വല്ലതും വരുത്തി വെക്കേണ്ട...ശരൺ നിന്നോട് പറഞ്ഞതല്ലേ ഓഫീസിൽ എന്തൊക്കെയോ ടെൻഷൻ ഉണ്ടെന്ന്... നിനക്ക് എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നുണ്ടോ....

അവളുടെ മുഖത്തെ ക്ഷീണം കണ്ട് വെപ്രാളത്തോടെ ചോദിച്ചു. ""ചെറിയൊരു ക്ഷീണം പോലെ..."'" ""പോയി... കിടന്നോ.... സമയം കുറെ ആയില്ലേ..."" വയറും താങ്ങി കൊണ്ട് അവൾ എഴുന്നേറ്റ് പോകുന്നത് നോക്കി അവൻ ഇരുന്നു.ശരണിനോട് വല്ലാത്ത ദേഷ്യം തോന്നി... അവളുടെ മനസ് വിഷമിപ്പിക്കാനോ... ടെൻഷനടിക്കാനോ പാടില്ല എന്ന് ഡോക്ടർ പ്രത്യേകം പറഞ്ഞതാണ്... എന്നിട്ടും ശരൺ... ⏺️⏺️⏺️⏺️⏺️⏺️⏺️⏺️⏺️⏺️⏺️⏺️⏺️⏺️⏺️⏺️ ""പറയ്.. ജയ്..."' ഫോൺ എടുത്തതും ശരൺ പറഞ്ഞു. ""ശരൺ എന്താ ആരുവിനോട് സംസാരിക്കാത്തത്..."" ദേഷ്യത്തോടെ ആയിരുന്നു സംസാരം... ആരതി ഉറങ്ങി എന്ന് ഉറപ്പാക്കിയതിനു ശേഷം വിളിച്ചതാണ്... ഞാൻ ആരതിയോട് സംസാരിച്ചതാണല്ലോ...

അല്ലെങ്കിലും എന്റെ ഭാര്യയോട് എപ്പോ സംസാരിക്കാനമൊക്കെ ഞാൻ തീരുമാനിച്ചോളാം... ജയ് അതിൽ ഇടപെടേണ്ട... ദേഷ്യം ശരണും കുറച്ചില്ല. ""ശരൺ... നിനക്കറിയാവുന്നതല്ലേ അവളുടെ ഹെൽത്ത്‌ കണ്ടിഷൻ..."" ""ജയ്... ഞാൻ സംസാരിക്കാൻ പറ്റിയ മൂടിലല്ല... നമുക്ക് പിന്നീട് സംസാരിക്കാം..."" അതും പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു. ഏറെ നേരം അവിടെ തന്നെ നിന്നു. ശരണിന് ഇത്രയേ ഇഷ്ടമുള്ളുവോ ആരുവിനോട്... ""ഏട്ടാ... ശരണേട്ടൻ വിളിച്ചിരുന്നു... ഓഫീസിലെ ആവിശ്യത്തിന് ചെന്നൈയിൽ പോവണമെന്ന്... എന്തോ കോൺഫറൻസ്... കുറച്ച് ദിവസം കഴിഞ്ഞേ വരൂന്നാ പറഞ്ഞെ..."" രാവിലെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ ആരതി പറഞ്ഞു. ""വേറെന്താ... പറഞ്ഞെ...""

""ബിസി ആയിരിക്കും... ചിലപ്പോ വിളിക്കാൻ പറ്റില്ല... മാക്സിമം നോക്കാം ന്നു പറഞ്ഞു..."" ശരൺ പറഞ്ഞത് കള്ളമാണെന്ന് തോന്നി ജയ്ക്ക്.. മറ്റൊരു അവസ്ഥയിലായിരുന്നുവെങ്കിൽ ആരതിയോട് എല്ലാം പറയാമായിരുന്നു.ശരണിനോട് ദേഷ്യം തോന്നി... എന്തിനെന്നില്ലാതെ ശ്രദ്ധയോടും...സ്നേഹത്തിന്റെ സ്ഥാനം ദേഷ്യവും വെറുപ്പും കൈയടക്കാൻ തുടങ്ങിയിക്കുന്നു.... ""ഇത് ശ്രദ്ധയാ ജയ്... ഞാൻ നിങ്ങളെ ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ നിങ്ങൾ എന്റേതായിരിക്കും...അതിന് വേണ്ടി എന്തും ചെയ്യും ഞാൻ....""" അവളുടെ വാക്കുകൾ അവൻ മനസ്സിൽ തിരയടിച്ചു .... വാശിക്കാരി...ജയിക്കാൻ വേണ്ടി എന്തും ചെയ്യുന്നവൾ..ആരെയും വേദനിപ്പിക്കുന്നവൾ...അവൻ മനസിൽ ഉരുവിട്ട് കൊണ്ടിരുന്നു.

പിന്നീടുള്ള ദിവസങ്ങളിലും ശരൺ ആരതിയെ വിളിച്ചിരുന്നു... പക്ഷെ ഒന്നോ രണ്ടോ വാക്കുകളിലൊരു സുഖ വിവരം... ആരതിയെ അത് ബാധിക്കുമോ എന്ന് ജയ് ഭയന്ന് തുടങ്ങിയിരുന്നു. ശങ്കരിനും ശരണിനും മുൻപിൽ ഇരിക്കുമ്പോൾ ശങ്കറിന്റെ വാക്കുകളോടുള്ള അനിഷ്ടം ജയ്യുടെ മുഖത്തുണ്ടായിരുന്നു. കല്യാണ ശേഷം ജയ് ആ വീട്ടിൽ താമസിക്കണമെന്ന്... എല്ലാ സൗകര്യങ്ങളിലും വളർന്ന മകൾ ഒരു ചെറിയ വീട്ടിൽ താമസിക്കുക അതിനേക്കാൾ ഉപരിയായി പ്ലസ് ടു വിദ്യാഭ്യാസം പോലുമില്ലാത്തവന്റെ ഭാര്യയാവുക ഇതൊന്നും അയാൾക്ക് ചിന്തിക്കാൻ പോലും പറ്റുന്ന ഒന്നല്ലായിരുന്നു. പക്ഷെ ശരണിന്റെ നിർബന്ധം അതിനേക്കാൾ ശ്രദ്ധയുടെ അവസ്ഥ... അത് കൊണ്ട് മാത്രമാണ് ഈ കല്യാണത്തിന് സമ്മതിച്ചത് തന്നെ... കൂടുതലൊന്നും പറയാനില്ലാത്തത് കൊണ്ട് ശങ്കർ എഴുന്നേറ്റ് അകത്തേക്ക് പോയി...

പത്മ അവിടേക്ക് വന്നതേ ഇല്ല... വന്നു കേറിയവളെ പഴിച്ചു കൊണ്ട് അടുക്കളയിൽ തന്നെ നിന്നു. ശ്രദ്ധ കുറച്ച് അല്പം മാറി ശരണിന്റെ അടുത്ത് നിൽക്കുന്നുണ്ട്... കണ്ണുകളിൽ തളർച്ച ബാധിച്ചുരുന്നു. ഞാൻ ഇവളെ കെട്ടാം... പക്ഷെ ഭാര്യ വീട്ടിൽ പൊറുക്കാനൊന്നും ജയ്യെ കിട്ടില്ല.... ഇവൾ... ഇവൾ എന്റെ വീട്ടിൽ കഴിയണം...""ശങ്കർ പോയപ്പോൾ ശരണിനോടായി പറഞ്ഞു. ജയ്യുടെ സ്വരം കേട്ട് ശ്രദ്ധ അവനെ നോക്കി. ആ ജയ് തനിക്ക് അന്യമായിരുന്നു... കണ്ണുകളിൽ പ്രണയമോ ദേഷ്യമോ അല്ല വെറുപ്പ്... വെറുപ്പ് മാത്രം...അത്രയും പറഞ്ഞ് എഴുന്നേറ്റു. വാതിക്കൽ എത്തിയപ്പോൾ ഒന്നു നിന്നു. തിരികെ ശരണിന്റെ അടുത്തേക്ക് നടന്നു വന്നു. """"എന്നെങ്കിലും അവളെല്ലാമറിയും... അന്നവൾക്ക് അതൊക്കെ താങ്ങാൻ ശേഷിയുണ്ടാവ്വോന്നറിയില്ല...ഉണ്ടായാൽ... പിന്നെ അവളുടെ ജീവിതത്തിൽ നീ ഉണ്ടാവില്ല....""" ആ വാക്കുകൾ ശരണിന്റെ ഉറക്കം കളയാൻ കെല്പുള്ളതായിരുന്നു. അത്രയും പറഞ്ഞ് മുണ്ടും മാടി കെട്ടി നടന്നു .....തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story