സീതാ രാവണൻ🔥: ഭാഗം 12

seetharavanan

രചന: കുഞ്ചു

അങ്ങനെ നാളുകൾ നീങ്ങവേ അച്ഛന്റെ വിളി വന്നു, തൊട്ടടുത്ത ദിവസം തന്നെ വീട്ടിലേക്ക് ചെല്ലണമെന്ന് പറഞ്ഞു.. ഇനി പുതിയ പ്രശ്നം എന്താണാവോ എന്ന് ആലോചിച്ചു അടുത്ത ഓഫ് ഡേ തന്നെ വീട്ടിലേക്കു പോയി. വന്ന ദിവസം തൊട്ട് ആരും ഒന്നും മിണ്ടുന്നില്ല.. അച്ഛന്റെയും അഭിയുടെയും മുഖത്ത് ഗൗരവം, ശ്രേയക്ക് ആണേൽ പരിഭ്രമം.. !! അവർ ഒന്നും പറയുന്നില്ല എന്ന് കണ്ട് സഹികെട്ടു ഞാൻ തന്നെ കാര്യങ്ങൾ ചോദിച്ചു. എനിക്ക് ദേഷ്യം വരുന്നത് കണ്ട് അച്ഛൻ തന്നെ സംസാരിച്ചു തുടങ്ങി.

" മോളെ, കുറച്ചു ദിവസങ്ങൾക്ക് മുൻപ് ശ്രേയ മോളുടെ അമ്മ വന്നിരുന്നു ഇവിടെ.. " " ആണോ.. എന്നിട്ട് എന്താ പറഞ്ഞെ.. ശ്രേയ, അവർക്ക് നിന്നോടുള്ള പിണക്കമൊക്കെ മാറിയോ.. " ശിവാനി വിടർന്ന കണ്ണാൽ ചോദിച്ചു. " മാറും.. അവരുടെ പിണക്കം മാറും, നീ ഇവളുടെ ആങ്ങളയെ കെട്ടിയാൽ.. " അച്ഛൻ പറഞ്ഞത് കേട്ട് അവൾ ഷോക്ക് ആയി. " എന്താ.. എന്താ അച്ഛൻ പറഞ്ഞത് " " അച്ഛൻ പറഞ്ഞത് ശെരിയാ.. ഇവളുടെ അമ്മ വന്നു പറഞ്ഞതാണ് നിന്നെ ആ സൂര്യക്ക് കെട്ടിച്ചു കൊടുക്കണമെന്ന്.. "

അഭി ദേഷ്യത്തോടെ പറഞ്ഞു. അപ്പോൾ ശിവാനി നോക്കിയത് ശ്രേയയുടെ മുഖത്തേക്ക് ആയിരുന്നു. " ശിവാ.. എനിക്ക് അറിയാം അവനെ.. ഇവളെ വിളിച്ചിറക്കാൻ പോയ അന്ന് എന്നെ അവൻ എന്തൊക്കെ പറഞ്ഞത് എന്ന് ഇവളോട് ചോദിച്ചാൽ മതി നീ.. അവനു പണമുള്ളതിന്റെ അഹങ്കാരം ആണ്.. എന്റെ പെങ്ങൾ ജീവിക്കേണ്ടത് ഒരു അഹങ്കാരിയുടെ കൂടെയല്ല, നല്ല മനസ് ഉള്ളവന്റെ കൂടെയാണ്.. അതുകൊണ്ട് ഈ വിവാഹം നടക്കില്ല എന്ന് ഞാൻ ഇവളുടെ അമ്മയുടെ മുഖത്ത് നോക്കി പറഞ്ഞു.

" അഭി ദേഷ്യം കാരണം നിയന്ത്രണം വിട്ടിരിക്കുകയാണെന്ന് ശിവാനിക്ക് മനസ്സിലായി.. ശ്രേയയുടെ കണ്ണൊക്കെ നിറഞ്ഞിരുന്നു. " ശ്രേയ.. നീ അപ്പൂസിനെയും കൊണ്ട് അകത്തേക്കു ചെല്ല് " അവളെ പറഞ്ഞയച്ച് ശിവാനി അഭിയുടെ നേർക്ക് തിരിഞ്ഞു. " അഭീ.. നീയെന്തൊക്കെയാണ് വിളിച്ചു പറയുന്നത്.. വീട്ടുകാരെ ഉപേക്ഷിച്ചു ശ്രേയ നിന്റെ കൂടെ വന്നത് നിന്നോടുള്ള ഇഷ്ട്ടകൂടുതൽ കൊണ്ടാണ്. എന്ന് വെച്ച് അവർ അവളുടെ ആരുമല്ലാതെയാകുന്നില്ല..

അവളുടെ ചേട്ടനെ കുറിച്ചാണ് നീ ഇപ്പോൾ ഓരോന്ന് വിളിച്ചു പറഞ്ഞത്. അത് അവൾക്ക് എത്രമാത്രം വേദന ഉണ്ടാക്കുമെന്ന് നീയൊന്നു ആലോചിച്ചു നോക്ക്.. ആദ്യം നിന്റെ എടുത്തു ചാട്ടം കുറയ്ക്ക് അഭീ, എന്തൊക്കെ പറഞ്ഞാലും അത് അവളുടെ അമ്മയും ചേട്ടനും ആണ്.. ആ ബഹുമാനം നീ അവർക്ക് നൽകിയെ മതിയാകു.. " " അവന്റെ വീട്ടിൽ നിന്നും എന്നെ ആട്ടിയിറക്കിയതാ അവൻ.. എന്നിട്ട് ആ വീട്ടിലേക്ക് തന്നെ നിന്നെ ഞാൻ പറഞ്ഞയക്കാൻ അനുവദിക്കണം എന്നാണോ നീ പറയുന്നത് ശിവാ..?? "

" അങ്ങനെയൊന്നും ഞാൻ പറഞ്ഞില്ലല്ലോ അഭീ.. ശ്രേയയുടെ മുന്നിൽ വെച്ച് അവളുടെ വീട്ടുകാരെ കുറിച് മോശമായി സംസാരിക്കരുത് അത് അവൾക്ക് സഹിക്കാൻ കഴിയില്ല.. നമ്മുടെ അച്ഛൻ അമ്മയെ എങ്ങനെ സ്നേഹിച്ചുവോ അതുപോലെ നീയും ശ്രേയയെ സ്നേഹിക്കണം.. അച്ഛൻ അമ്മയെ ബഹുമാനിച്ചത് പോലെ നീയും ശ്രേയയെ ബഹുമാനിക്കണം.. !!" അതും പറഞ്ഞു അവൾ അകത്തേക്കു പോയി. അഭി അറിയാതെ അച്ഛനെ നോക്കി..

ശിവാനി പറഞ്ഞതെല്ലാം ശെരി വെക്കുന്ന രീതിയിൽ ആയിരുന്നു അച്ഛന്റെ മുഖഭാവം . അഭിക്ക് അവൻ പറഞ്ഞ വാക്കുകളിൽ കുറ്റബോധം തോന്നി. മുറിയിൽ അപ്പൂസിന്റെ അടുത്ത് ഇരിക്കുകയായിരുന്നു ശ്രേയ.. ശിവാനി അങ്ങോട്ട് ചെന്നു അവളുടെ അടുത്തു ഇരുന്നു. " ശ്രേയ.. നിനക്കറിയില്ലേ അഭിക്ക് ഇത്തിരി എടുത്തു ചാട്ടം കൂടുതലാണ്.. അവൻ പറഞ്ഞതൊന്നും നീ കാര്യമാക്കേണ്ടാട്ടൊ.. " ശ്രേയ ശിവാനി കാണാതെ കണ്ണുകൾ തുടച്ചു ഒന്ന് ചിരിച്ചു.

അപ്പോഴേക്കും അഭിയും മുറിയിലേക്ക് വന്നു. അത് കണ്ട് ശിവാനി അപ്പൂസിനെയും എടുത്തു പുറത്തേക് പോയി. " അത് പിന്നെ അന്നത്തെ ദേഷ്യം കൊണ്ട് പറഞ്ഞതാ.. എന്നേക്കാൾ നിനക്ക് ഇഷ്ട്ടം നിന്റെ ചേട്ടനെയാണെന്ന് എനിക്കറിയാം.. സോറി പെണ്ണേ.. " അഭി ക്ഷമ ചോദിച്ചപ്പോഴേക്കും ശ്രേയ അവന്റെ വാ പൊത്തി പിടിച്ചു. " സോറി ഒന്നും വേണ്ടാ.. ഇനിയെന്റെ കണ്ണേട്ടനെ കുറ്റം പറഞ്ഞാൽ നിങ്ങളെ ഞാൻ ഈ മുറിക്ക് പുറത്താക്കും കേട്ടല്ലോ.. "

" നീയും നിന്റെ ചേട്ടനും എന്റെ പുക കണ്ടേ അടങ്ങു അല്ലേ.. 😦" മുറിയിൽ നിന്നും ശ്രേയയുടെ പൊട്ടിച്ചിരി കേട്ടപ്പോൾ അവരുടെ പ്രശ്നങ്ങൾ സോൾവ് ആയെന്ന് ശിവാനിക്ക് മനസ്സിലായി. അവൾ മെല്ലെ അപ്പൂസിനെയും എടുത്തു മുറ്റത്തു കൂടെ നടന്നു.. അങ്ങനെ നാളുകൾ നീങ്ങവേ വീണ്ടും ശ്രേയയുടെ അമ്മ ശിവാനിയുടെ വീട്ടിലേക്കു വന്നു. മുൻപ് സൂര്യയുടെ കൂടെ അവന്റെ വീട്ടിൽ പോയപ്പോൾ അമ്മയെ കണ്ടുള്ള പരിചയം കൊണ്ട് തന്നെ ശിവാനി വേഗം അമ്മയെ വിളിച്ചിരുത്തി.

" മോളെ, അച്ഛൻ കാര്യങ്ങൾ എല്ലാം പറഞ്ഞു കാണുമല്ലോ.. എന്ത് ചെയ്യാനാ മോളെ, എന്റെ രണ്ട് മക്കളെയും ഞാൻ ഒരുപാട് സ്നേഹിച്ചു. അവരുടെ ഇഷ്ട്ടങ്ങൾ എല്ലാം സാധിച്ചു കൊടുത്തു.. അത് കൊണ്ട് തന്നെ ഈ അവസാന കാലത്ത് എനിക്ക് സമാധാനം ഇല്ലാ.. ഇവരുടെ അച്ഛന് ഒന്നുമറിയേണ്ടല്ലോ, അവിടെയിരുന്നു പണം ഉണ്ടാക്കുന്നത് മാത്രമാണ് അദ്ദേഹത്തിന്റെ ജോലി എന്നാണ് വിചാരം.. ഇവൾ പടിയിറങ്ങി പോയതിൽ പിന്നെ കണ്ണൻ ഒന്ന് ചിരിച്ചു കണ്ടിട്ടില്ല..

എന്നോട് മര്യാദക്ക് ഒന്നും മിണ്ടാറില്ല, നേരത്തിനു വീട്ടിൽ വരാറില്ല.. കല്യാണത്തെ കുറിച്ച് പറയുമ്പോൾ അവനു ദേഷ്യം ആയിരുന്നു. പക്ഷേ ഇപ്പോൾ മോളുടെ ഫോട്ടോ കാണിച്ചു തന്നിട്ട് കെട്ടുന്നെങ്കിൽ നിന്നെ മാത്രമേ കെട്ടു എന്ന് പറഞ്ഞു വാശിയിലാണ് അവൻ. ഞാനെന്താ മോളെ ചെയ്യേണ്ടത്.. " ശ്രേയയെ നോക്കി കൊണ്ട് അമ്മ പറഞ്ഞു. കണ്ണും നിറച്ചു ഒരമ്മ എന്റെ മുന്നിൽ നിൽക്കുമ്പോൾ എന്ത് പറയണം ഞാൻ ..?? അമ്മയുടെ രണ്ട് കൈകളും കൂട്ടി പിടിച്ചു മനസ്സിൽ തോന്നിയത് അങ്ങ് പറഞ്ഞു

. " അമ്മ സമാധാനമായിരിക്കു.. ഈ വിവാഹത്തിന് എനിക്ക് സമ്മതമാണെന്ന് മോനെ അറിയിച്ചോളു.. " അപ്പോഴേക്കും അഭി രോഷത്തോടെ ചാടി എഴുന്നേറ്റു.. " ശിവാ..!!" " അഭീ.. ഈ അമ്മയുടെ മകളെ അവരിൽ നിന്ന് വേർപിരിച്ചിട്ടും ഇവിടെ വന്നു മാന്യതയോടെ ഇവർ പെരുമാറുന്നുണ്ടെങ്കിൽ അത് ഇവരുടെ സംസ്കാരമാണ്.. എനിക്ക് ഈ അമ്മയെ വിശ്വാസമാണ്.. നമ്മൾ അവരോട് ചെയ്തതിന് പകരമായി ഒരു പ്രായശ്ചിത്തം, അങ്ങനെ കൂട്ടിയാൽ മതി.. "

പിന്നെ അഭി ഒന്നും മിണ്ടിയില്ല. " നന്ദിയുണ്ട് മോളെ ഒരുപാട്.. ഞാൻ ഇറങ്ങട്ടെ.. " തനിക്ക് മുന്നിൽ ആ അമ്മ കൈകൂപ്പിയപ്പോൾ ആ കരം അവൾ സ്നേഹത്തോടെ കൂട്ടിപിടിച്ചു. " ഇവിടെ വരെ വന്നിട്ട് മോളെയും പേരകുട്ടിയെയും കാണാതെ പോകുകയാണോ അമ്മേ.. " ശിവാനി മുറിയിൽ ചെന്നു അപ്പൂസിനെ എടുത്തു കൊണ്ട് വന്നു . ആ നേരം അമ്മയുടെ കണ്ണുകൾ അഭിയിലേക്ക് നീണ്ടു. " കഴിഞ്ഞ തവണ വന്നപ്പോൾ അഭി അപ്പൂസിനെ കാണിച്ചില്ല എന്ന് ഞാൻ അറിഞ്ഞു.

ഇപ്പോൾ അതോർത്തു പേടിക്കേണ്ട.. അമ്മയുടെ പേരകുട്ടിയെ അമ്മ ഇഷ്ട്ടമുള്ള അത്രയും നേരം എടുത്തോളു.. " അപ്പൂസിനെ അമ്മയുടെ കയ്യിലേക്ക് വെച്ച് കൊടുത്തതും അവനെ ചുംബനങ്ങൾ കൊണ്ട് പൊതിയുകയായിരുന്നു ആ അമ്മ.. ആ നേരം കരഞ്ഞു കൊണ്ടിരുന്ന ശ്രേയ പതിയെ അമ്മയുടെ അടുത്തേക് ചെന്നു. രണ്ട് പേരും ഹൃദയം പൊട്ടി കരയുന്നത് പോലെ.. എത്രയൊക്കെ അറുത്തു മുറിച്ചാലും പൊക്കിൾ കൊടി ബന്ധങ്ങൾ പെട്ടെന്ന് മുറിയില്ലാ..

അമ്മയുടെ ജീവൻ ഊറ്റിയെടുത്ത് വളരുന്ന മക്കൾക്കു അമ്മയില്ലാതെ എന്ത് ജീവൻ.. !!!! അന്ന് അമ്മയും ശ്രേയയും ഒരുപാട് നേരം സംസാരിച്ചു.. എല്ലാവരും ഹാപ്പി.. !! അതിനു ശേഷം സൂര്യ അറിയാതെ ഇടയ്ക്കിടെ അമ്മ വീട്ടിലേക്ക് വരും അപ്പൂസിനെയും ശ്രേയയെയും കാണാൻ.. ദിവസങ്ങൾ കഴിഞ്ഞു. അപ്പൂസിന്റെ ഒന്നാം ജന്മദിനം ആയിരുന്നു അന്ന്. അഭിയുടെയും ശ്രേയയുടെയും കുറച്ചു ഫ്രണ്ട്സും അച്ഛന്റെ ഒന്ന് രണ്ട് ക്ലോസ് ഫ്രണ്ട്സും ഞാനും അമ്മയും മാത്രമുള്ള ചെറിയൊരു ആഘോഷം.. നന്നായി എൻജോയ് ചെയ്തു അന്ന്. അമ്മ ഉണ്ടാക്കിയാ സ്പെഷ്യൽ വിഭവങ്ങൾ അഭിയുടെ ദേഷ്യത്തെ അലിയിച്ച് കളഞ്ഞു എന്ന് തന്നെ പറയാം..

അതോടെ അമ്മയോടുള്ള അവന്റെ അകൽച്ച കുറഞ്ഞു. അഭി അങ്ങനെയാ.. അമ്മയെ പ്രണയിച്ചു നടന്ന കാലത്തു അച്ഛൻ കൊറച്ചു കലിപ്പൻ ആയിരുന്നുവെന്ന് അച്ഛൻ പറഞ്ഞിരുന്നു. ആ ദേഷ്യമാണ് ഇപ്പോൾ അഭിക്കു കിട്ടിയത്.. പക്ഷേ അമ്മ മരിച്ചതോടെ അച്ഛന്റെ ദേഷ്യവും മരിച്ചു എന്ന് വേണം പറയാൻ.. അമ്മ പോയതിന് ശേഷം ഒരിക്കൽ പോലും അച്ഛനെ ദേഷ്യം പിടിച്ചു കണ്ടിട്ടില്ല.. അമ്മയോട് അച്ഛൻ കാണിച്ചിരുന്ന ദേഷ്യം അത് അമ്മയോടുള്ള അച്ഛന്റെ പ്രത്യേക സ്നേഹം ആയിരുന്നുവെന്ന് പിന്നീട് ആണ് ഞങ്ങൾക്ക് മനസ്സിലായത്..

അമ്മയില്ലാതെ വളർന്നത് കൊണ്ട് എനിക്കും അഭിക്കും അച്ഛനാണ് എല്ലാം. പക്ഷേ എത്രയൊക്കെ വളർന്നാലും ഉള്ളിന്റെ ഉള്ളിൽ ഒരമ്മയുടെ തലോടൽ ആഗ്രഹിക്കുന്നുണ്ട് ഞാനും അഭിയും, അതിന്റെ ഉദാഹരണമാണ് ശ്രേയയുടെ അമ്മയോടുള്ള ഞങ്ങളുടെ ഈ അടുപ്പം.. 😊 " ഇത്രയും ദിവസം അമ്മയെ ശത്രുവിനെ പോലെ കണ്ടവനാ ഇന്ന് അമ്മയുടെ കയ്യിൽ നിന്ന് ഉരുള വാങ്ങി കഴിക്കുന്നത്.. " മാറി നിന്ന് ഞാൻ അഭിയെ കളിയാക്കിയപ്പോൾ കറികയിലും കൊണ്ട് അവൻ എന്റെ പുറകെ തല്ലാൻ വേണ്ടി വരുന്നുണ്ടായിരുന്നു..

വൈകുന്നേരം അമ്മയെ അഭിയാണ് കൊണ്ടാക്കിയത്.. രാത്രി കിടക്കാൻ നേരം പരിചയമില്ലാത്ത നമ്പറിൽ നിന്ന് കാൾ വന്നപ്പോൾ അവൾ എടുത്തു. " മിസ്. ശിവാനി കൃഷ്ണ... മറന്നോ ഈ ശബ്ദം..?? " സൂര്യാ.. !! മൂന്ന് വർഷം നെഞ്ചിൽ കൊണ്ട് നടന്നവന്റെ ശബ്ദം അത്ര പെട്ടെന്ന് മറക്കാൻ കഴിയുമോ..??? " എങ്ങനെ മറക്കാനാ, മൂന്ന് വർഷം എന്റെ തലക്ക് മുകളിൽ കണ്ടക ശനിയായ് നിന്ന നിന്നെ അത്ര പെട്ടെന്നൊന്നും മറക്കാൻ കഴിയില്ലല്ലോ സൂര്യ നാരായണ വർമ്മേ.. !! "

തിരിച്ചു അതേ നാണയത്തിലുള്ള എന്റെ മറുപടി അവൻ പ്രതീക്ഷിച്ചു കാണില്ല.. 😏 " ഓഹ്.. പണ്ട് എന്റെ മുന്നിൽ മുട്ട് കുത്തി നടന്നവളാ, ഇപ്പോൾ കാലൊന്ന് ഭൂമിയിൽ ഉറച്ച് തുടങ്ങിയപ്പോഴേക്കും നിന്റെ അഹങ്കാരം അങ്ങ് വളർന്നു പന്തലിച്ചല്ലോ.. 😠" " അയ്യോ അങ്ങനെ പറയല്ലേ, അഹങ്കാരത്തിന്റെ കാര്യത്തിൽ നിന്റെ ഏഴയലത്ത് പോലും എത്തില്ല ഞാൻ.. " " ടി.. നീ കൂടുതൽ സംസാരിക്കേണ്ട.. നിന്റെ നാവ് ഞാൻ പിഴുതെറിയും.. ഞാൻ ആരാണെന്ന് അറിയാൻ പോകുന്നതെയുള്ളൂ നീ.. ബർത്ത് ഡേ ഒക്കെ നന്നായി ആഘോഷിച്ചല്ലോ അല്ലേ.. കാത്തിരുന്നോ നീ, അധികം വൈകാതെ തന്നെ ഈ ഭൂമി നിനക്ക് നരകതുല്യമാകാൻ പോകുവാ.. "

" ഞാൻ പൊട്ടത്തി ഒന്നുമല്ല സൂര്യാ, നീയെന്നെ മാത്രമേ കെട്ടു എന്ന് വാശി പിടിച്ചത് എന്നോടുള്ള അടങ്ങാത്ത പ്രേമം കൊണ്ടല്ല പ്രതികാരം ചെയ്യാൻ വേണ്ടിയാണെന്ന് മറ്റാരേക്കാളും നന്നായി എനിക്കറിയാം.. കൂടിപ്പോയാൽ നീയെന്നെ കൊല്ലും.. അത്രയല്ലേ ഉള്ളൂ.. അതിൽ കൂടുതൽ നിന്നെ കൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ല.. " " ഹും.. എന്നെകൊണ്ട് എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന് കാണിച്ചു താരാടി നിനക്ക് ഞാൻ.. നിന്നെ ഞാനുണ്ടല്ലോ.. 😠"

" അയ്യോ സോറി, ഞാൻ അല്പം തിരക്കിലാണ്, ഒരു കാര്യം ചെയ്യ്.. ഒരു 200 പേജിന്റെ വരയിട്ട ബുക്ക്‌ വാങ്ങി നീ എന്നെ ചെയ്യാൻ പോകുന്ന ക്രൂരതകൾ അതിൽ എഴുതിയിട്ട് ആ ബുക്ക്‌ എനിക്ക് അയച്ചു തന്നേക്ക് അല്ലെങ്കിൽ സമയം പോലെ വാട്സ്ആപ്പിൽ ടൈപ് ചെയ്തു അയച്ചാലും മതി, ഞാൻ സൗകര്യപൂർവ്വം വായിച്ചോളാം.. " " ഡീീ... 😠" " ഒന്ന് വെച്ച് പോ സൂര്യാ.. എനിക്ക് വേറെ പണിയുണ്ട്.. " അവന്റെ മറുപടിക്കു കാത്തു നിൽക്കാതെ അവൾ ഫോൺ വെച്ചു. ഇതെല്ലാം കേട്ട് വാതിലിന്റെ അടുത്തു ശ്രേയ ഉണ്ടായിരുന്നു.. ശ്രേയയെ കണ്ടതും ശിവാനി ഒന്ന് പരുങ്ങി. " അത് എന്റെയൊരു ഫ്രണ്ട് വിളിച്ചതാണ്.. " "കണ്ണേട്ടനാണോ ആ ഫ്രണ്ട്....?? "

" അത് പിന്നെ.. " " ചേച്ചി.. ചേച്ചി കണ്ണേട്ടനൊപ്പം ആദ്യമായി വീട്ടിലേക്കു വന്ന അന്ന് ഞാൻ ശെരിക്കും ആഗ്രഹിച്ചിരുന്നു, എന്റെ കണ്ണേട്ടന്റെ പെണ്ണായിട്ട് ചേച്ചി മതിയെന്ന്.. പക്ഷേ ഇപ്പോൾ,.. ഇപ്പോൾ കണ്ണേട്ടൻ ആകെ മാറിപ്പോയി.. പണ്ട് ചേച്ചിയെ സ്നേഹിച്ചിരുന്ന കണ്ണേട്ടൻ ആല്ല ഇപ്പോൾ ഉള്ളത്.. നമുക്ക് ഈ കല്യാണം വേണ്ട ചേച്ചി.. ഞാൻ കാരണം എന്റെ ചേട്ടൻ ഇന്ന് വേറാരോ ആയി മാറിയിരിക്കുകയാണ്.. എന്നോടുള്ള ദേഷ്യം മുഴുവൻ കണ്ണേട്ടൻ ചേച്ചിയോട് തീർക്കും.. വേണ്ട ചേച്ചി.. എനിക്ക് വേണ്ടി ചേച്ചി വേദനിക്കരുത്.. 😣"

" അയ്യേ .. എന്താ ശ്രേയ.. നീ ഇങ്ങനെയൊന്നും ചിന്തിക്കാതെ.. നിന്റെ കണ്ണേട്ടനെ കെട്ടാൻ ഞാൻ സമ്മതിച്ചാലും ഇല്ലെങ്കിലും അവൻ എന്നെ എങ്ങനെയെങ്കിലും കെട്ടും.. ആ റിസ്ക് ഒഴിവാക്കാൻ വേണ്ടിയാണ് ഞാൻ സ്വയം സമ്മതിച്ചത്.. പിന്നെ ഞാനും നിന്റെ ചേട്ടനുമായുള്ള പ്രശ്നം ഇന്നും ഇന്നലെയും തുടങ്ങിയതല്ല.. കണ്ട അന്ന് മുതൽ തുടങ്ങിയതാ.. ഇന്ന് അത് പുനരാരംഭിക്കാൻ നീയൊരു നിമിത്തം ആയെന്ന് മാത്രം.. 😊

അപ്പൂസ് ഉറങ്ങിയില്ലേ.. നീ ചെന്നു കിടന്നോളു.. .. " ശ്രേയ ഒന്നും മിണ്ടാതെ പോയി. താൻ അന്ന് കണ്ട കൊച്ച് കുട്ടിയിൽ നിന്നും ശ്രേയ എത്രയോ പക്വതയാർന്നിരിക്കുന്നുവെന്ന് ശിവാനിക്കു തോന്നി. ദിവസങ്ങൾ മുന്നോട്ട് നീങ്ങവേ വിവാഹം വേഗം നടത്തണമെന്ന് ആവിശ്യവുമായി സൂര്യ വീണ്ടും അമ്മയെ അയച്ചു. ഉപദേശവുമായി വീണ്ടും അഭി വന്നു. " ശിവാ .. അമ്മയില്ലാതെ വളർന്ന കുട്ടിയാണ് നീ.. അതുകൊണ്ട് നിന്റെ ആഗ്രഹങ്ങൾക്ക് ഞാനോ അച്ഛനോ എതിർ നിന്നിട്ടില്ല.. പക്ഷേ ഇത്..???

നിനക്ക് തോന്നുന്നുണ്ടോ ഇത് നിന്റെ നല്ലതിന് ആകുമെന്ന്..?? " " തീർച്ചയായും എനിക്കി കല്യാണം സന്തോഷകരമായി ഒന്നും നൽകില്ല.. പക്ഷേ ഇതിൽ നിന്ന് എനിക്ക് രക്ഷപ്പെടാനും പറ്റില്ല ചേട്ടാ.. സൂര്യ, അവനെ എനിക്ക് കഴിഞ്ഞ 5 വർഷമായി അറിയാം.. എന്നെ മാത്രം ടാർഗറ്റ് ചെയ്യുന്ന ഒരുതരം സൈക്കോ ആണവൻ.. ആദ്യമേ അവനു എന്നോട് ദേഷ്യമായിരുന്നു.. ഇപ്പോൾ ഏട്ടൻ ശ്രേയയെ വിവാഹം കഴിച്ചത് അവന്റെ ദേഷ്യം ഇരട്ടിയാക്കി.

അതുകൊണ്ട് ആണ് അവൻ ഇങ്ങനെയൊക്കെ ചെയ്യുന്നത്. പ്രതികരിക്കാൻ അറിയാഞ്ഞിട്ടല്ല ചേട്ടാ.. പ്രതികരിച്ചിട്ടൊന്നും കാര്യമില്ല.. അവൻ നമ്മളൊക്കെ വിചാരിക്കുന്നതിലും അപ്പുറം അപകടകാരി ആണ് .. അവനെ കെട്ടിയാൽ പരീക്ഷണങ്ങൾ ഞാൻ മാത്രം അനുഭവിച്ചാൽ മതിയാകും. എന്നാൽ കെട്ടിയില്ലെങ്കിൽ നമ്മുടെ കുടുംബം മുഴുവൻ അനുഭവിക്കേണ്ടി വരും. " " ഞാൻ സമ്മതിക്കില്ല.. ഇത്രയും ദുഷ്ടനായ അവനെ കെട്ടാൻ ഞാൻ സമ്മതിക്കില്ല ശിവാനി.. !!"

" ചേട്ടാ.. " " നീയെന്തൊക്കെ പറഞ്ഞാലും ഞാൻ ഇത് സമ്മതിച്ചു തരില്ല.. " " അത് ഇപ്പോൾ പറഞ്ഞിട്ട് കാര്യമില്ല.. അവന്റെ പെങ്ങളെ വിളിച്ചിറക്കി കൊണ്ട് വരുമ്പോൾ ഓർക്കണമായിരുന്നു സ്വന്തം വീട്ടിലും ഇതുപോലെ ഒരു പെങ്ങൾ ഉണ്ടെന്ന്..😠" അത് കേട്ട് അഭിയുടെ തല കുനിഞ്ഞു ഒന്നും മിണ്ടാതെ അവൻ പുറത്തേക് ഇറങ്ങി പോയി. "ശ്ശോ.. ഏട്ടനോട് എന്തൊക്കെയാ വിളിച്ചു പറഞ്ഞത്.. 😣" ശിവാനി ആകെ അപ്സെറ്റ് ആയി.

പിന്നീട് സൂര്യയുടെ ചരട് വലിക്കൊത്ത് ശിവാനിയുടെ വീട്ടുകാർ ചലിക്കേണ്ടി വന്നു.. അങ്ങനെ കല്യാണദിവസം അടുത്ത് വന്നു. പിന്നീട് ഒരിക്കൽ പോലും സൂര്യ അവളെ വിളിച്ചിരുന്നില്ല.. അത് അവൾക്ക് അല്പം ആശ്വാസം നൽകിയിരുന്നു. " നിന്നെ പോലെയൊരു ദരിദ്രവാസി പെണ്ണിനെ വിവാഹം കഴിക്കുന്നത് എന്നെ സംബന്ധിച്ച് നാണക്കേട് തന്നെയാണ്. അതുകൊണ്ട് അധികം ആളും ആരവവും ഒന്നും വേണ്ട..അടുത്ത ബന്ധുക്കൾ മാത്രം മതി.. "

വിവാഹം ഉറപ്പിച്ച അന്ന് സൂര്യ പറഞ്ഞ വാക്കുകൾ ആയിരുന്നു അത്. അതിൻപ്രകാരം അടുത്ത ബന്ധുക്കളും കുറച്ചു സുഹൃത്തുക്കളും മാത്രമായിരുന്നു കല്യാണത്തിൽ പങ്കെടുത്തത്.. വേദനിപ്പിച്ചു കൊണ്ടാണ് അവൻ അവന്റെ താലി എന്നെ അണിയിച്ചത്. " പെട്ടെന്നോന്നും അഴിച്ചു മാറ്റാൻ പറ്റരുതല്ലോ.. 😏" താലി കെട്ടുമ്പോൾ കെട്ടു ഒന്ന്കൂടി മുറുക്കി കെട്ടികൊണ്ടവൻ പറഞ്ഞത് ഇന്നും എനിക്ക് ഓർമ്മയുണ്ട്. കണ്ണുകൾ കൊണ്ട് മാത്രമേ എനിക്ക് അവനോട് പ്രതികരിക്കാൻ കഴിഞ്ഞുള്ളൂ..

ഞാൻ അച്ഛന്റെ അനുഗ്രം വാങ്ങുമ്പോൾ പുച്ഛത്തോടെ മാറി നിൽക്കുകയായിരുന്നു അവൻ.. അഭിയുടെ നെഞ്ചിലേക്ക് വീണു അവനെ അനുസരിക്കാത്തതിൽ ക്ഷമ ചോദിക്കുമ്പോൾ കൂട്ടുകാർക്കൊപ്പം തമാശ പറഞ്ഞു പൊട്ടിച്ചിരിക്കുകയായിരുന്നു സൂര്യ. അപ്പൂസിനെ കെട്ടിപിടിച്ചു ചുംബിക്കുമ്പോൾ വാച്ചിലെ കറങ്ങി കൊണ്ടിരിക്കുന്ന സൂചിയെ നോക്കി അവന്റെ ക്ഷമയില്ലായ്മയെ എന്നെ അറിയിക്കുകയായിരുന്നു അവൻ.. എല്ലാ ചടങ്ങുകൾക്കുമോടുവിൽ എന്റെ വീട് വിട്ടിറങ്ങുമ്പോൾ കരഞ്ഞ എന്നെ ഇതെന്റെ തോൽവിയുടെ ആദ്യപാടിയണെന്ന് പറഞ്ഞു കളിയാക്കുകയായിരുന്നു അവൻ..

മൗനത്തെ കൂട്ട് പിടിച്ചിരുന്നു ഞാൻ. വീട്ടിൽ നിലവിളക്കുമായി എന്നെ വരവേറ്റ അമ്മയുടെ മുഖം മാത്രമായിരുന്നു ആ വീട്ടിൽ എനിക്ക് ഏക ആശ്വാസം.. ബന്ധുക്കൾ ആരൊക്കെയോ ഉണ്ട് ..അവരെല്ലാം തന്റെ ദേഹത്തുള്ള വെറും 7 പവനെ മുൻനിർത്തി തന്റെ കുറ്റവും കുറവുകളെയും കുറിച്ചുള്ള ഗംഭീരചർച്ചയിൽ ആയിരുന്നു.. അതൊന്നും കാര്യമാക്കാതെ അമ്മയോട് ചേർന്ന് നിന്നു ഞാൻ.. രാത്രി മുറിയിലേക്ക് പാലുമായി പോകുമ്പോൾ കൈകൾ വിറച്ചത് നാണം കൊണ്ടായിരുന്നില്ല,

അവന്റെ റിയാക്ഷൻ എങ്ങനെ ആകുമെന്ന് ഓർത്തുള്ള പേടി കൊണ്ടായിരുന്നു.. വാതിൽ തുറന്നു മുറിയിൽ കയറിയപ്പോൾ തന്നെ കണ്ടു, സോഫയിൽ കാലിന് മുകളിൽ കാലും കയറ്റി വെച്ചിരിക്കുന്ന സൂര്യയെ.. ഒരുതരം വിജയിഭാവമായിരുന്നു ആ മുഖത്ത്.. " രാക്ഷസക്കോട്ടയിലേക്ക് സീതാ ദേവീ.. നിനക്ക് സ്വാഗതം.. !!😏" നെഞ്ചും വിരിച്ചുള്ള അവന്റെ ഇരിപ്പ് കണ്ടിട്ട് തന്നെ അവളുടെ ഹൃദയം നിലച്ചത് പോലെ.. ഇത്രയും കാലം അവൻ എന്ത് ചെയ്താലും അതിനൊരു പരിധി ഉണ്ടായിരുന്നു.

എന്നാൽ ഇന്ന് താൻ അവന്റെ ഭാര്യയാണ്.. എന്തും ചെയ്യാം.. ആരും ചോദിക്കാൻ വരില്ല.. എന്തിനുമുള്ള സ്വാതന്ത്ര്യമുണ്ട് അവനു.. ശിവാനിക്ക് കൈകാലുകൾ വിറച്ചു തുടങ്ങി. " ഹാ.. അവിടെ തന്നെ നിൽക്കാതെ ഇങ്ങോട്ട് വാ സീതേ.. ഈ രാവണൻ നിന്നെയൊന്നു നന്നായി കാണട്ടെ.. " അവന്റെ വാക്കുകൾക്ക് അവളെ ഭയപ്പെടുത്താൻ തക്കത്തിൽ നല്ല മൂർച്ചയുള്ളതായി തോന്നിയവൾക്ക്.. പേടി കാരണം ഒന്ന് അനങ്ങാൻ പോലും കഴിയുന്നില്ല..

അവളുടെ അവസ്ഥ കണ്ട് അവൻ തന്നെ എഴുന്നേറ്റു വന്നു. അത് കണ്ടതും അവൾക്ക് പേടിയേറി.. പതിയെ അവളുടെ അടുത്തേക് നടന്നടുത്തു അവൻ.. പേടിച്ചു നിൽക്കുന്ന അവളിൽ നിന്ന് പാല് ഗ്ലാസ് വാങ്ങി ചുമരിലേക്ക് ഒരു ഏറു കൊടുത്തു.. അവ വീണുടയുന്ന ശബ്ദം കേട്ട് ശിവാനി ഞെട്ടി കൊണ്ട് ചെവികൾ പൊത്തി.. അവന്റെ ചുണ്ടിലൊരു പുച്ഛച്ചിരി വിരിഞ്ഞു. " നമുക്ക് കിടക്കാം .. " ഒരു വഷളൻ ചിരിയോടെ അവൻ അവളെ പിടിച്ചു അവനോട് ചേർത്ത് കട്ടിലിൽ കൊണ്ട് പോയി ഇരുത്തി.

അവന്റെ നീക്കങ്ങൾ പ്രവചനാതീതമാണ്.. !! അവൾ ഓർത്തു.. ഒരു ഭാഗത്തു അവൻ കിടന്നു. " കിടക്ക് ശിവാ.." അവൾ സംശയിച്ച് നിന്നു. " കിടക്കെടി.. !!! " അടുത്ത നിമിഷം അലർച്ചയായിരുന്നു.. അവൾ വേഗം മറ്റേ അറ്റം ചേർന്നു കിടന്നു.. രണ്ട് പേരും റൂഫിലേക്ക് നോക്കി മലർന്നു കിടക്കുകയാണ്. വ്യത്യാസം എന്തെന്നാൽ അവൻ സന്തോഷത്തിലും അവൾ ശ്വാസം പോലും വിടാതെയുമാണ് കിടക്കുന്നത്.. " നല്ല രസമുണ്ടല്ലേ ശിവാ ഇങ്ങനെ കിടക്കാൻ..

ഓരോ നിമിഷവും പേടിച്ചു വിറച്ചു കൊണ്ടുള്ള നിന്റെയി കിടത്തം എനിക്ക് നൽകുന്ന ആനന്ദം എത്രത്തോളം ആണെന്ന് നിനക്ക് പറഞ്ഞാൽ മനസ്സിലാകില്ല.. 😏 ഇനി എന്റെ ദിവസമാണ് .. നിന്നെ വേദനിപ്പിക്കണമെന്ന് എനിക്ക് എപ്പോൾ തോന്നുന്നോ അപ്പോൾ തന്നെ ഞാൻ അത് ചെയ്തിരിക്കും അതിനി ഏത് നേരമായാലും ഏത് സ്ഥലമായാലും.. 😏" അവൻ പതിയെ കണ്ണുകൾ അടച്ചു കിടന്നു. എന്നാൽ ശിവാനി ഉറങ്ങിയില്ല. അവൾ പേടിയോടെ അങ്ങനെ കിടന്നു..

ഒന്ന് പൊട്ടിക്കരയണമെന്ന് തോന്നി അവൾക്ക്.. ദിവസങ്ങൾ പോകവേ അവൻ തന്റെ ഓരോ പരീക്ഷണവും തുടങ്ങി.. യു.കെയിലേക്കുള്ള എന്റെ ഹയർ ജോബ് വിസ റെഡി ആയിരിക്കുന്ന സമയം ആയിരുന്നു അത്. 6 മാസത്തിനുള്ളിൽ ജോയിൻ ചെയ്യണമെന്ന് കരാറും ഉണ്ടായിരുന്നു.. എന്നാൽ ആ വിവാഹത്തോടെ എന്റെ കരിയറും നഷ്ട്ടമായി. അവനു വേണ്ടി എന്റെ ജോലിയും ഉപേക്ഷിച്ചു.. കല്യാണം കഴിഞ്ഞു ഇത്രയും നാളായി, ഇതുവരെ എന്റെ വീട്ടിലേക്കു ഒന്ന് പോയിട്ടില്ല.. അച്ഛനെ ഒന്ന് കാണാൻ അനുവദിച്ചിട്ടില്ല.. അങ്ങനെ പോലും എന്നോട് ഒരിറ്റ് ദയ അവൻ കാണിക്കുന്നില്ല... @@@@@@@@@@@@@@@@ ശിവാനി കണ്ണുകൾ തുടച്ചു. അഞ്ചുവിന്റെയും ശ്രേയയുടെയും കണ്ണുകൾ നിറഞ്ഞിരുന്നു.....തുടരും...... ❣️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story