ശിവ 🖤: ഭാഗം 1

shiva

രചന: RAIZA

" പോകാൻ തന്നെ തീരുമാനിച്ചു... അല്ലേ... "


സോഫയിൽ ഇരുന്ന് ബാഗിലെ തുണികൾ അടുക്കി വെക്കുന്നതിനിടയിൽ ആദം ചോദിച്ചതും അസി തന്റെ കണ്ണുകൾ അവനിലേക്ക് ചലിപ്പിച്ചു..  ഗ്ലാസ്‌ ഡോറിനപ്പുറം വിശാലമായ ആ പട്ടണമുഖത്തേക്ക് കണ്ണും നട്ടിരിക്കുന്ന ആദമിനെ കണ്ടതും അവനൊന്ന് നെടുവീർപ്പിട്ടു.  ഇത്ര പെട്ടന്നൊരു തിരിച്ചു പോക്ക് അവർ പ്രതീക്ഷിച്ചതല്ല... അത് കൊണ്ട് തന്നെ ആദമിന്റെ മുഖത്ത് അതിന്റെ നീരസം നന്നായി കാണാം... 
ബാഗിന്റെ സിബ്ബ് ശെരിയാക്കി ബാഗ് ടേബിളിൽ ഒതുക്കി വെച്ച് കൊണ്ട് അസി ആദമിന്റെ അടുത്തേക്ക് നടന്നു.. അവൻ അടുത്ത് വന്ന് നിന്നതൊന്നും ആദം അറിഞ്ഞിട്ടില്ല.. ഏതോ വലിയ ചിന്തയിലാണ്ടു കൊണ്ട് തെളിഞ്ഞ മാനത്തേക്ക് നോക്കി നിൽക്കുവാണ് അവൻ... 

"ആദം..... "


അസിയുടെ  ആ വിളി പ്രതീക്ഷിച്ചെന്ന പോലെ ആദം മാനത്ത് നിന്നും തന്റെ ദൃശ്ടിയെ പിൻവലിച്ചു കൊണ്ട് മുഖം തിരിച്ചു..


"എനിക്കറിയാം ആദം..നിന്റെ അവസ്ഥ.. പക്ഷെ.  ഹിബയുടെ അവസ്ഥയല്ലേ ഇപ്പൊ വലുത്.. അവളുടെ ഡെലിവറി നാട്ടിൽ വെച്ച് ആവുന്നതല്ലേ നല്ലത്.. നമ്മൾ രണ്ടും ജോലിക്ക് പോയാൽ അവൾ എങ്ങനെ ഒറ്റക്ക് നിൽക്കും.. ഇപ്പോൾ ഷിഫിറ്റിങ് ഉണ്ട്.. എന്നാൽ അതും നിൽക്കില്ലെന്ന് ആര് കണ്ടു.. രണ്ടു പേരും രാത്രി ഇവിടെ ഇല്ലെങ്കിൽ ശെരിയാവില്ല.. നാട്ടിൽ ആണേൽ ഉമ്മ ഉണ്ടാവുമല്ലോ.. അല്ലേലും എനിക്കീ നഗരം പിടിച്ചിട്ടില്ല.. നമുക്ക് നമ്മുടെ ആ ഗ്രാമം മതി... എനിക്ക് വേണ്ടിയല്ലേലും നിന്റെ ഹിബക്ക് വേണ്ടി നീ സമ്മതിക്കണം... "


അസിയുടെ ഓരോ വാക്കുകളും ശ്രദ്ധയോടെ കേട്ട് നിന്നു എന്നല്ലാതെ മറുത്തൊന്നും അവൻ മിണ്ടിയില്ല.. അസി പറയുന്നതിൽ കാര്യമുണ്ടെന്ന് അവന് തന്നെ നന്നായിട്ടറിയാം.. പക്ഷെ.. നാട്ടിലേക്ക് പോകാൻ മാത്രം അവന്റെ മനസ്സനുവദിക്കുന്നില്ലെന്ന് അവന്റെ മുഖത്ത് നിന്നും വായിച്ചെടുക്കാം.  


"ആദം.. നീയൊന്നും പറഞ്ഞില്ല.. "


"ഞാനെന്ത് പറയാൻ.. ഹിബക്ക് വേണ്ടിയല്ലേ.. നമുക്ക് പോകാം.. "


ആദം സമ്മതം അറിയിച്ചതും അസി ചിരിച്ചു കൊണ്ട് അവന്റെ കവിളിൽ ഉമ്മ വെച്ചു.  ആ സമയത്താണ് വീർത്തു വന്ന വയറിൽ വലതു കൈ വെച്ച് ഇടതു കയ്യിൽ ചെറിയ ബാഗുമായി റൂമിൽ നിന്നും ഹിബ അങ്ങോട്ടേക്ക് വന്നത്... മെല്ലെ മെല്ലെയുള്ള അവളുടെ നടത്തം കണ്ടതും ആദം അവളുടെ അടുത്തേക്ക് പെട്ടന്ന് നടന്നു.. അവളുടെ കയ്യിൽ നിന്നും ബാഗ് വാങ്ങി കൊണ്ട് അവളുടെ തോളിൽ കൈ വെച്ച് കൊണ്ട് മെല്ലെ അവളെ സോഫയിൽ ഇരുത്തി.  


"ഇതെല്ലാം നീ ചെയ്യേണ്ട കാര്യം ഉണ്ടോ ഹിബാ.. ഞാനും ഇവനും  പിന്നെ എന്തിനാ.. തീരെ ശ്രദ്ധയില്ല ട്ടോ നിനക്ക് "


അസിയുടെ വാക്കുകൾ കേട്ടതും ഹിബ ചിരിച്ചു കൊണ്ട് ആദമിനെ നോക്കി... 


"എന്നെ നോക്കേണ്ട.. അവൻ പറഞ്ഞത് ശെരി തന്നെയാണ്. നിനക്ക് തീരെ ശ്രദ്ധയില്ല.. മ്മ്മ്.. ഇനി നാട്ടിൽ എത്തിയാൽ കാണാം... ഉമ്മ നിന്നെ ശെരിക്ക് പഠിപ്പിച്ചോളും എല്ലാം.. ആ സമയത്ത് എന്നെ വിളിച്ചു വന്നേക്കരുത്.. "


"ഓ.. അപ്പൊ പോകാനുള്ള സമ്മതം ഈ നാവിൽ നിന്നും വീണോ.. അതെപ്പോ.. "

"അതൊക്കെ എപ്പോഴേ വീണു.. ഞാനല്ലേ ഹിബാ ഇവിടെ ജീവനോടെ നിൽക്കുന്നത്.. പിന്നെ അവനെ കൊണ്ട് സമ്മതിപ്പിക്കാതിരിക്കുമോ.. "


അസി പറഞ്ഞതും ഹിബ ആദമിനെ നോക്കി.. ആ സമയം ആദം അവളെ നോക്കി സമ്മതിച്ചെന്ന അർത്ഥത്തിൽ കണ്ണുകൾ അടച്ചു തുറന്നു.... അത് കണ്ടതും ഹിബയുടെ മുഖത്ത് സന്തോഷം വിരിഞ്ഞു നിന്നു..... 


"രണ്ടു പേരോടും കൂടെയാ.. നാളെ രണ്ടര മണിക്കുള്ള ട്രെയിനിൽ ആണ് പോകുന്നത്.. ഇനി രണ്ടും കൂടെ ലേറ്റ് ആക്കരുത്.. നേരത്തെ ഒരുങ്ങി നിന്നോണം.. കേട്ടല്ലോ.  "


"ഓ.. ഉത്തരവ് പ്രഭോ... "


ചിരിച്ചു കൊണ്ട് ആദം തന്റെ റൂമിലേക്ക് പോയി.. ഡ്രസ്സുകൾ എല്ലാം ബാഗിൽ  ഹിബ എടുത്തു വെച്ചിട്ടുണ്ട് .. എല്ലാം റെഡിയായി.  ഇനി നാളേക്ക് കാത്തിരുന്നാൽ മാത്രം മതി.. അതിന് മുൻപ് കമ്പനിയിലേക്ക് പോകണം.. ജോലി റിസൈൻ ചെയ്ത് കൊണ്ട് ലെറ്റർ നൽകാൻ.. 

ഉച്ച തിരിഞ്ഞ ഉടൻ അസിയും ആദമും കമ്പനിയിലേക്ക് പോയി.. തരക്കേടില്ലാത്ത ശമ്പളമുള്ള ജോലിയാണ് രണ്ടു പേർക്കും..ഇനി ഇവിടെക്കൊരു തിരിച്ചു വരവുണ്ടാവില്ലെന്ന് ഉറച്ചു വിശ്വസിച്ചു കൊണ്ട് തന്നെയാണ്  ഇരുവരും ജോലി  വേണ്ടെന്ന് വെക്കുന്നത്.. ഹിബക്കിത് എട്ടാം മാസം ആണ്.. ഡെലിവറി നാട്ടിൽ വെച്ചാവണം എന്നത് അവളുടെ നിർബന്ധമാണ്.. അത് എതിർക്കാൻ ആവാത്തത് കൊണ്ട് തന്നെ ഇഷ്ടമില്ലാതിരുന്നിട്ടും ആദം നാട്ടിലേക്ക് പോകാൻ സമ്മതിച്ചു... ട്രെയിൻ യാത്ര തനിക്ക് കംഫർട്ട് ആവുമെന്ന് പറഞ്ഞതും ഹിബ തന്നെയാണ്..... 


സന്ധ്യ ആയതും അസിയും ആദമും കമ്പനിയിൽ നിന്നും തിരിച്ചെത്തി.. ഇരുവരെയും കാത്ത് ഹിബ ഹാളിൽ തന്നെ ഇരിക്കുന്നുണ്ടായിരുന്നു ... 
എത്ര വൈകിയാലും മൂവരും ഒപ്പം ഇരുന്നേ ഭക്ഷണം കഴിക്കൂ.. ഇടക്ക് നൈറ്റ്‌ ഡ്യൂട്ടി ഉണ്ടാവുമ്പോൾ മാത്രം ഈ പതിവ് തെറ്റും... 
ഭക്ഷണം കഴിക്കൽ കഴിഞ്ഞ് ആദം എന്നത്തേയും പോലെ ബാൽക്കണിയിലേക്ക് പോയി.. പോക്കറ്റിൽ നിന്നും സിഗരറ്റ് എടുത്തു പുകക്കാൻ തുടങ്ങി.. 


"മ്മ്മ്.. വലിച്ച് കയറ്റ്  ... ഹിബ കാണേണ്ട.. "

പെട്ടന്ന് പിന്നിൽ വന്ന് അസി പറഞ്ഞതും അവന്റെ കയ്യിൽ നിന്നും സിഗരറ്റ് താഴെ വീണു.. അസിയെ ഒന്ന് നോക്കി ചിരിച്ചു കൊണ്ട് ആ സിഗരറ്റ് അവൻ ചവിട്ടി അരച്ചു... 


"അവൾ ഉറങ്ങിയോ... "

മാനത്തെ നക്ഷത്രങ്ങളെ നോക്കി കൊണ്ട് ആദം ചോദിച്ചതും അസിയും അവന്റെ അടുത്ത് ചെന്ന് നിന്നു.. 

"ഇല്ല.. ഹാളിൽ ഇരിക്കുന്നുണ്ട്.. "


അസി പറഞ്ഞതും ആദം ഒരു ദീർഘനിശ്വാസത്തോടെ അവനെ നോക്കി... അവന്റെ നോട്ടത്തിന്റെ അർത്ഥം എന്തെന്ന് അറിയാവുന്നത് കൊണ്ട് തന്നെ അസി മുഖം തിരിച്ചു.. 


"നാളയെ ആലോചിച്ച് നിന്റെ മനസ്സ് കിടന്ന് വിങ്ങി പൊട്ടുകയാണെന്ന് എനിക്കറിയാം ആദം... പക്ഷെ.. എത്ര അകലം പാലിച്ചാലും ഒരു ദിനം കണ്ടു മുട്ടുമെന്ന് നിനക്ക് തന്നെ അറിയില്ലേ.. അതിത്തിരി നേരത്തെ ആയി എന്നേ ഉള്ളൂ.. "


"മ്മ്മ്... പണ്ട്... ഇരുപത്തെട്ട് കൊല്ലം മുൻപ് എന്റെ ഉപ്പയുടെ ഹൃദയം എത്രത്തോളം വേദനിച്ചുവോ... അതിനേക്കാൾ ഇരട്ടി വേദന ഞാൻ നാളെ അനുഭവിക്കാൻ പോകും.. അല്ലേ അസി... "


"ഏയ്യ്... "


ആദമിന്റെ തോളിൽ തട്ടി കൊണ്ട് അസി ചിരിച്ചു.. നാളെ നേരത്തെ ഇറങ്ങണം എന്ന് ഓർമിപ്പിച്ചു കൊണ്ട് അസി കൂടുതൽ ഒന്നും മിണ്ടാതെ റൂമിലേക്ക് പോയി.. ഈ സമയം അവനെ ഒറ്റക്ക് വിടുന്നതാണ് നല്ലതെന്ന് അസിക്ക് തോന്നി... 

അസി പോയതും ആദം ഇരുട്ടിലേക്ക് നോക്കി നിന്നു... 


************


"ആഹാ..  റെഡി ആയോ...ഞാൻ ലേറ്റ് ആയില്ലല്ലോ.. "


വാതിൽ തുറന്ന് അകത്തേക്ക് വന്ന ശരത്തിന്റെ വാക്കുകൾ കേട്ടതും പോകാനുള്ള തയ്യാറെടുപ്പോടെ  ബാഗെല്ലാം റെഡിയാക്കി ഒരുങ്ങി നിൽക്കുന്ന അസിയും ഹിബയും ആദമും അവനെ നോക്കി... 

"ഏയ്‌  ലേറ്റ് ആയിട്ടൊന്നും ഇല്ല.. ഇങ് വാ.. "


അസി അവനെ വിളിച്ച് സോഫയിൽ ഇരുത്തിയതും അവൻ ഹിബയോട് ഓരോ വിശേഷങ്ങൾ ചോദിക്കാൻ തുടങ്ങി.. അവരുടെ നൈബർ ആണ് ശരത്ത്. പോരാത്തതിന് ഒരേ കമ്പനിയിൽ ആണ്  ജോലി ചെയ്യുന്നതും.. റയിൽവേ സ്റ്റേഷനിലേക്ക് പോകാൻ കാറുമായി വന്നതാണ് അവൻ.. 
ശരത്തും ഹിബയും അസിയും  സംസാരിക്കുന്നത്  നോക്കി ആദം സോഫയിൽ ഇരുന്നു...


"ഇനി മതി സംസാരിച്ചത്.. നിന്നോട് അതിന് നിന്നാൽ പിന്നെ ട്രെയിൻ അതിന്റെ പാട്ടിന് പോകും.. ഞങ്ങൾ ഇറങ്ങാ.. "


അസി പറഞ്ഞതും ശരത്ത് ചിരിച്ചു. 
കൂടെ ഹിബയും.. ആദം അപ്പോഴും മറ്റേതോ ലോകത്തായിരുന്നു.. അവന്റെ ശ്രദ്ധ ഇവിടെ ഒന്നുമല്ലെന്ന് മനസ്സിലാക്കിയതും ശരത് അവന്റെ അടുത്തേക്ക് ചെന്ന് ഷോൾഡറിൽ തട്ടി. 


"ആദം... താനിത് ഏത് ലോകത്താണ്.. എന്താ ഒരു സന്തോഷമില്ലാത്തത്.. നാട്ടിലേക്കുള്ള യാത്ര ഒരാഴ്ച മുന്പേ തീരുമാനിച്ച് അസി തുള്ളി കളിക്കുമ്പോഴൊന്നും നിന്റെ മുഖത്ത് ഒരു തരി പോലും സന്തോഷം ഞാൻ കണ്ടിട്ടില്ല.. എന്താ ടാ പറ്റിയേ.  "


ശരത്തിന്റെ വാക്കുകൾ കേട്ട് അവിടെയാകെ മൗനം തളം കെട്ടി നിന്നു.... ഒരു നിമിഷം മൗനം പാലിച്ചെങ്കിലും ഒട്ടും പതറാതെ ആദം അവനെ നോക്കി ചിരിച്ചു... 


"ആര് പറഞ്ഞു സന്തോഷമില്ലെന്ന്... ഞാൻ ഹാപ്പിയാണ്.. പിന്നെ ഇനി ഇങ്ങോട്ടേക്കൊരു തിരിച്ചു വരവ് ഉണ്ടാവുമോ എന്നോർക്കുമ്പോൾ ചെറിയ സങ്കടം.. അത്രേ ഉള്ളൂ.. "


ഹിബയും അസിയും ആദമിനെ നോക്കി നിൽക്കാണെന്ന് അവന് അറിയാമെങ്കിലും ചിരിച്ചു കൊണ്ട് തന്നെ അവൻ ശരത്തിനോട് പറഞ്ഞു.. 


"അപ്പൊ ഇനി ഇല്ല.. അല്ലേ.. "


"അറിയില്ല.. ഞങ്ങളെ കാണാൻ നീ വാ.. ഞങ്ങളുടെ നാട്ടിലേക്ക്.. "


"ഹാ.. വരും.. ഒരിക്കൽ.. ഇപ്പോൾ നിങ്ങൾ ഇറങ്ങാൻ നോക്ക്.. അല്ലേലും ട്രെയിൻ മിസ്സായാൽ ഞാൻ കാരണം ആണെന്ന് പറഞ്ഞ് അസി എന്നേ തിന്നും.. "


അവനോട് ചിരിച്ചു കൊണ്ട്  ആദമും  അസിയും ബാഗുകളുമായി താഴേക്ക് നടന്നു.. ഹിബയെ വലതു കയ്യാൽ ചേർത്ത് പിടിച്ചു കൊണ്ട്  ഇടതു കയ്യിൽ ബാഗുമായി ആദം  കാറിനടുത്തേക്ക് നടന്നു.. അവരുടെ ബാഗുകൾ ഡിക്കിയിൽ വെച്ച് കൊണ്ട് ശരത് താക്കോൽ അസിക്ക് നൽകി.. ഈ സമയം ആദം ഹിബയെ മെല്ലെ ശ്രദ്ധിച്ചു കൊണ്ട് കാറിൽ കയറ്റി ഇരുത്തി. 


"അപ്പൊ.. ഹാപ്പി ജേർണി... "


താക്കോൽ അസിന്റെ കയ്യിൽ കൊടുത്തു കൊണ്ട് ശരത് പറഞ്ഞതും അസി അവനെ വാരി പുണർന്നു..  


"സ്റ്റേഷൻ വരെ എനിക്കും വരണം എന്നുണ്ട്. പക്ഷെ.. നിങ്ങൾ രണ്ടും പോന്നത് കൊണ്ട് എന്റെ ജോലി കൂടി... അപ്പൊ ശെരി.. ഞാൻ പോയി.. കീ അവിടെ ഏൽപ്പിച്ചാൽ മതി  ഞാൻ വാങ്ങിക്കോളാം.. "


ആദമിനെ ചേർത്ത് പിടിച്ചു കൊണ്ട് ശരത് പറഞ്ഞതും അവന് യാത്ര പറഞ്ഞു കൊണ്ട് അസിയും ആദമും വണ്ടിയിൽ കയറി... രണ്ട് കൊല്ലത്തെ ബോംബെ പട്ടണത്തിലെ ജീവിതത്തിന് ശേഷം സ്വന്തം നാട്ടിലേക്ക് പോകാനുള്ള ആവേശം അസിയുടെ മുഖത്ത് പ്രകടമായി... ബാക്ക് സീറ്റിൽ ഹിബ ചാരി ഇരുന്നതും മുൻ സീറ്റിൽ ആദം സീറ്റിൽ ചാരി ഇരുന്ന് കണ്ണുകൾ അടച്ചു..  ഇരുവരെയും നോക്കി കൊണ്ട് അസി റെയിൽവേ സ്റ്റേഷൻ ലക്ഷ്യം വെച്ച് കൊണ്ട് കാർ സ്റ്റാർട്ട്‌ ചെയ്തു...............

ഹെലോ... ഇങ്ങനെ വായിച്ചു പോയാൽ മതിയോ....എന്നെ പരിചയപ്പെടേണ്ടേ... ഞാനാണ് ആദം... ഇത് എന്റെ കഥയാണ്.. എന്റെത്  മാത്രമല്ല...എന്റെ ശിവയുടെയും.. ഞങ്ങളുടെ കഥ... 
രണ്ടു കൊല്ലത്തിനു ശേഷം ഞങ്ങൾ തിരിച്ചു പോകുവാണ്.. ഞങ്ങളുടെ ശിവപുരത്തേക്ക്... തമിഴ്നാടിന്റെയും കേരളത്തിന്റെയും അതിർത്തിയിൽ ഉള്ള , ശിവ ഭക്തർ ഏറെയുള്ള , മണ്ണ് പോലും ശിവന്റെ മന്ത്രം ജപിക്കുന്ന പ്രകൃതിരമണീയമായ ഞങ്ങളുടെ ശിവപുരം....... ഇത്ര പെട്ടന്നൊരു യാത്ര ഞാൻ  ഒട്ടും പ്രതീക്ഷിച്ചതല്ല.. പോകാൻ ഏറെ കൊതിയുണ്ടെങ്കിലും മനസ്സൊട്ടും സമ്മതിക്കുന്നില്ല.. അസിയുടെ നിർബന്ധം കൊണ്ടാണ് ഇപ്പോൾ യാത്ര തിരിച്ചത്.. അവനെന്റെ കളിക്കൂട്ടുകാരൻ ആണ്.. ചെറുപ്പം മുതൽ എന്തിനും ഞങ്ങൾ ഒരുമിച്ചാണ്... അവന്റെ വാക്ക് കേൾക്കാതിരിക്കാൻ ആവാത്തത് കൊണ്ട് പോകാമെന്ന് ഞാൻ സമ്മതിച്ചു.. നാട്ടിലേക്ക് പോകുന്നതിനെ പറ്റി ഹിബ ഒരു വാക്ക് പോലും എന്നോട് പറഞ്ഞിട്ടില്ല.. എന്റെ മനസ്സ് വേദനിക്കുമെന്ന് അവൾക്ക് നന്നായിട്ടറിയാം... 


സീറ്റിൽ നേരെ ഇരുന്ന് കണ്ണുകൾ തുറന്ന് മിററിലൂടെ ബാക്ക് സീറ്റിലേക്ക് നോക്കിയപ്പോൾ ഹിബ കണ്ണുകൾ അടച്ചിരിക്കുന്നത് കണ്ടു.. ഉറക്ക ക്ഷീണം ഉണ്ടാവും.. ഓരോന്ന് ഓർത്ത്‌ ഇന്നലെ ഉറങ്ങിയിട്ടുണ്ടാവില്ല... അവളെ നോക്കി കൊണ്ട് ഞാൻ സീറ്റിൽ ഇരുന്ന് മുഖം സൈഡിലേക്ക് തിരിച്ചു.. അസി പതുക്കെയാണ് ഡ്രൈവ് ചെയ്യുന്നത്.. നാട്ടിൽ പോകുന്നതിനുള്ള എല്ലാ സന്തോഷവും അവന്റെ മുഖത്തുണ്ട്.. 


റയിൽവേ സ്റ്റേഷൻ എത്താൻ ആയതും എന്തോ ഓർത്തിട്ടെന്ന പോലെ അസിയോട് ഞാൻ വണ്ടി നിർത്താൻ പറഞ്ഞു.. പെട്ടന്ന് നിർത്തിയത് കൊണ്ട് തന്നെ ഹിബ ഉണർന്നിട്ടുണ്ട്.. 


"എന്താ ടാ.. എന്തിനാ ഇവിടെ നിർത്താൻ പറഞ്ഞത്.. "


പുറത്തേക്ക് നോക്കി കൊണ്ട് അസി ചോദിച്ചതും മിററിലൂടെ ഹിബയെ ഒന്ന് നോക്കി കൊണ്ട് ഞാൻ അസിയെ നോക്കി.. 

"അത്... അത്.. എനിക്കൊന്ന്..... "


"മ്മ്മ്മ്.. അമ്പലത്തിൽ പോകണം അല്ലേ... "


സൈഡിലുള്ള ശിവക്ഷേത്രത്തിന്റെ ബോർഡ് കണ്ടതും അസി അത് നോക്കി കൊണ്ട് ചോദിച്ചതും ഞാനും പുറത്തേക്ക് നോക്കി.. 


"എന്താടാ... എല്ലാം കഴിഞ്ഞെന്ന് നീ  തന്നെ പറഞ്ഞിട്ടിപ്പോൾ ഏതോ സ്വപ്നം കാണുന്നെന്ന പേരിൽ വീണ്ടും നീ.... "


നീരസത്തോടെ അവൻ പറഞ്ഞതും 
ഞാൻ പുറത്തേക്ക് നോക്കി.. 


"അസി... തൊഴുതു വരാനും പൂജിക്കാനും ഒന്നുമല്ലല്ലോ.. അവിടെ ചെന്ന് വെറുതെ നിൽക്കാൻ അല്ലേ.. അവിടെ അങ്ങനെ നിൽക്കുമ്പോൾ ശിവ അരികിൽ ഉള്ളത്  പോലെ തോന്നും... വല്ലാത്തൊരു ഫീൽ ആണ്.. ആർക്കും മനസ്സിലാവില്ല."


"ആദം...., "


പെട്ടന്ന് അസി എന്നെ വിളിച്ചതും ഞാൻ ഹിബയെ നോക്കി. അവളുടെ മുഖം മങ്ങുന്നെന്ന് മനസ്സിലായതും ഞാൻ അസിയെ നോക്കി... സാരമില്ലെന്നവൻ കണ്ണുകൾ കൊണ്ട് കാണിച്ചെങ്കിലും അവളുടെ മുഖം ഒരു നോവായി മനസ്സിൽ കിടന്നു. ഹിബ ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കി ഇരിക്കാണ്.. അസി എന്നോട് വേഗം പോയി വരാൻ പറഞ്ഞതും ഞാൻ കാറിൽ നിന്നും ഇറങ്ങാൻ നിന്നു.. 


"അല്ല.. നാളെയല്ലേ തിങ്കളാഴ്ച.. പിന്നെ ഇന്നെന്താ പോകുന്നേ.. സാധാരണ തിങ്കളാഴ്ച സ്വപ്നം കണ്ടുണർന്നതിന് പിറകെയല്ലേ നീ ക്ഷേത്രത്തിലേക്ക് പോകാറ്.. "


അസി സംശയത്തോടെ ചോദിച്ചതും അവന് ചിരിച്ചു കൊടുത്തു കൊണ്ട് ഞാൻ ക്ഷേത്രത്തിന് മുന്നിൽ നിന്നു.. പട്ടണത്തിൽ നിന്നും ഉള്ളിലേക്കുള്ള ക്ഷേത്രം ആണിത്.. അസി പറയുന്നത് പോലെ തിങ്കളാഴ്ചകളിൽ എന്റെ ഉറക്കം കളയുന്ന ആ സ്വപ്നത്തിന് പിന്നാലെ ഞാൻ വരുന്നയിടം.. ഇന്ന് പക്ഷെ.. സ്വപ്നം കണ്ടത് കൊണ്ടല്ല.. ശിവനെ കാണാനുമല്ല വന്നത്...... 


കാറിനടുത്ത് നിന്നും ഞാൻ ക്ഷേത്രത്തിലേക്ക് ഓരോ അടിയും വെച്ചു.. അമ്പലത്തറയിൽ ഇരിക്കുന്ന സ്വാമി എന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു.. ഞാൻ ഇവിടെ വരുമ്പോൾ എല്ലാം ആ സ്വാമി അവിടെ ഇരിക്കുന്നത് കാണാം.. പരസ്പരം നോക്കി പുഞ്ചിരിക്കും എന്നല്ലാതെ ഒന്നും ഇത് വരെ സംസാരിച്ചിട്ടില്ല... 
ക്ഷേത്രത്തിൽ പ്രവേശിക്കാനുള്ള വാതിലിൽ എത്തിയതും ഞാൻ വലത് ഭാഗത്തെ ഇടവഴിയിലൂടെ  നടന്നു. എന്റെ ഉദ്ദേശം സർപ്പക്കാവ് ആയിരുന്നു... രണ്ട് കൊല്ലം ഇവിടെ ആയിരുന്നിട്ടും എപ്പോഴും വന്നിട്ടും സർപ്പക്കാവ് മാത്രം കണ്ടിട്ടില്ല.. ശരത് പറഞ്ഞാണ് സർപ്പക്കാവ് ഉള്ളത് അറിഞ്ഞത്.. 
സർപ്പകാവിലേക്ക് ഓരോ അടിയും വെക്കും തോറും ഓർമ്മകൾ എന്നെ വലിഞ്ഞു മുറുക്കുന്ന പോലെ തോന്നി... ഒറ്റതിരിയാൽ കത്തിച്ചു വെച്ച ദീപത്തിന് മുന്നിൽ ഞാൻ നിന്നതും സർപ്പ പ്രതിമ എന്റെ കണ്ണിലുടക്കി .... നാട്ടിലെ സർപ്പക്കാവ് ആണേൽ ഒരു സർപ്പം എപ്പോഴും കാവലായ് ഉണ്ടാവും.....
ഉണങ്ങിയ ഇലകൾ ചവിട്ടി കൊണ്ട് ഞാൻ മുന്നോട്ട് നടന്നു.. കണ്ണുകൾ കൊണ്ട് ചുറ്റും നോക്കി.. ഇല്ലാ... ഒന്നുമില്ല.... പ്രതീക്ഷിച്ചതൊന്നും അനുഭവപ്പെടാത്തത് കൊണ്ട് തന്നെ ഞാൻ നെടുവീർപ്പോടെ തിരിഞ്ഞു നടന്നു.. 
 'എന്തെങ്കിലും അടയാളം നീയെനിക്ക് കാണിച്ചു തരുമെന്ന് കരുതി.. എന്നാൽ.. നീയെന്നെ തോൽപ്പിക്കുവാണല്ലോ ശിവാ.. എന്നിട്ടും എന്തിന് നീയെന്റെ  സ്വപ്നത്തിൽ വരുന്നു.... '


കണ്ഠമിടറി കൊണ്ട് ഞാൻ ക്ഷേത്രത്തിന് മുന്നിലേക്ക് നടന്നു... അസി  പുറത്തേക്ക് ഇറങ്ങി നിൽക്കുന്നുണ്ട്.. എന്നെ കാണാത്തത് കൊണ്ട് ഇറങ്ങിയതാവും.. അവനും ഹിബയും മാനത്തേക്ക് നോക്കി നിൽക്കാണ്.. വേറൊന്നും അല്ല.. ഹെലികോപ്റ്റർന്റെ ശബ്ദം കേട്ടിട്ട്.. 
രണ്ടു പേരും ചെറിയ കുട്ടികളെ പോലെ നോക്കുന്നത് കണ്ടിട്ട് എനിക്ക് ചിരി വന്നു.. കത്തുന്ന സൂര്യനെ ഉള്ളം കയ്യാൽ പാതി മറച്ചു കൊണ്ട് ഞാൻ മാനത്തേക്ക് നോക്കി.... ആ സമയം കണ്ണുകളിലേക്ക് ഒരു തിളക്കം പാഞ്ഞു വന്നതും ഞാൻ കയ്യെടുത്തു കണ്ണുകൾ ഇറുക്കി അടച്ചു.. 


"എന്താണത്...??? "

മനസ്സിലെ ചോദ്യം പുറത്തേക്ക് വന്നതും അതിനുള്ള ഉത്തരം നൽകിയത് ആ സ്വാമി ആയിരുന്നു... 


"അതേ.. അത് തന്നെ.. കത്തുന്ന സൂര്യൻ ഉച്ചിയിൽ നിൽക്കുമ്പോൾ അതിലേറെ പ്രകാശത്തിൽ വെട്ടി തിളങ്ങുന്ന നക്ഷത്രം... ഇനി നിമിഷങ്ങൾ മാത്രം... പരസ്പരം  സന്ധിക്കലിനുള്ള  നിമിഷങ്ങൾ.....അതൊരു മുന്നറിയിപ്പാണ്.. ശിവൻ നൽകുന്ന മുന്നറിയിപ്പ്.. "


ഉറക്കെയുള്ള ആ സ്വാമിയുടെ വാക്കുകൾ കേട്ടതും ഞാൻ ആ സ്വാമിയെ നോക്കി.. അസിയും ഹിബയും അയാൾ പറഞ്ഞ വാക്കുകളുടെ പൊരുൾ അറിയാതെ സംശയത്തിൽ നിൽക്കുമ്പോൾ പൊരുൾ അറിഞ്ഞു കൊണ്ട് തന്നെ സംശയത്തിൽ ഞാൻ നിന്നു.... 
എന്റെ നോട്ടം കണ്ടതും സ്വാമി മാനത്തേക്ക് നോക്കി.. 


"മുപ്പത് നാൾ വ്രതമെടുത്ത് പരമ ശിവന് മുന്നിൽ അർപ്പിച്ച ആഗ്രഹം.... അതും തന്റെ പാതി... തിളങ്ങുന്നതെന്തോ അത്... അത് തന്നെ.. മിഴിനീർ മുത്തുകൾ... ശിവന്റെ തൃക്കണ്ണ് പതിഞ്ഞ കണ്ണിലെ മിഴിനീരുകൾ... അതും ജീവന്റെ പാതിക്ക് വേണ്ടി... ഒന്നും അവസാനിച്ചിട്ടില്ല.. തുടങ്ങിയിട്ടേ ഉള്ളൂ... "


അതും പറഞ്ഞു കൊണ്ട് ആ സ്വാമി കണ്ണുകൾ അടച്ചതും മനസ്സിൽ ഒരുപാട് ചോദ്യങ്ങളുമായി ഞാൻ കാറിനകത്തേക്ക് കയറി.. ഹിബയും അസിയും എന്നെ മിഴിച്ചു നോക്കുന്നുണ്ട്.. കാർ സ്റ്റാർട്ട് ചെയ്യാതെ എന്നെ തന്നെ നോക്കി ഇരിക്കുന്ന അസിയെ ഒന്ന് തുറുപ്പിച്ചു നോക്കിയതും പ്രതീക്ഷിച്ച ചോദ്യം വന്നു... അസിയിൽ നിന്നായിരുന്നില്ല.. ആ ചോദ്യം ഹിബയായിരുന്നു ചോദിച്ചത്. 


"ഇക്കാ.. ആ സ്വാമി എന്തൊക്കെയാ പറഞ്ഞത്.. എനിക്കൊന്നും മനസ്സിലായില്ല.. ഇക്കയെ നോക്കിയാണല്ലോ പറഞ്ഞത്.. "

"മ്മ്മ്.. അതിവനുള്ളത്  തന്നെയാ ഹിബാ.. എന്താണെന്നതിനുത്തരം അങ്ങ് ശിവപുരത്തുണ്ടാവും... "


അതും പറഞ്ഞു കൊണ്ട് അസി വണ്ടിയെടുത്തതും ഞാനും മനസ്സിൽ പറഞ്ഞു.. 
  'അതേ... അതിനുള്ള ഉത്തരം ശിവപുരത്തുണ്ടാവും.... '

റയിൽവേ സ്റ്റേഷനിൽ എത്തിയതും ഹിബയെ അവിടെയുള്ള ചെയറിൽ ഇരുത്തി.. ശിവപുരത്തേക്കുള്ള ട്രെയിൻ നിർത്തിയിട്ടുണ്ട്.. രണ്ടരക്കാണ് പുറപ്പെടുക.. ബാഗുകൾ എല്ലാം കൊണ്ട് വെച്ചതിനു ശേഷം ഹിബക്ക് കഴിക്കാൻ ഉള്ളത് വാങ്ങി കൊണ്ട് ഞങ്ങൾ കംപാർട്ട്മെന്റിൽ കയറി..  വിൻഡോ സീറ്റിനടുത്ത് ഞാൻ ഇരുന്നതും എന്റെ തൊട്ടടുത്ത് ഹിബ വന്നിരുന്നു.. അസിയാണേൽ ഞങ്ങൾക്ക് മുന്നിലും ഇരുന്നു.... 

സമയം ആയതും ട്രെയിൻ പുറപ്പെട്ടു... 
സമയം നീങ്ങുംതോറും ഹൃദയത്തിൽ എന്തോ കൊളുത്തി വലിക്കുന്ന പോലെ.. അന്ന്... രണ്ട് കൊല്ലങ്ങൾക്ക് മുൻപ് ട്രെയിൻ കയറുമ്പോൾ അമ്പലത്തിൽ നിന്നും കേട്ട ശിവ മന്ത്രങ്ങൾ ഇപ്പോഴും കാതിലുണ്ട്.. എല്ലായിപ്പോഴും  അവ കേൾക്കുമ്പോൾ പുഞ്ചിരി തൂകിയിരുന്ന ഞാൻ... അന്നാ മന്ത്രങ്ങൾ കേൾക്കുംതോറും പൊട്ടിക്കരഞ്ഞിട്ടുണ്ട്... ട്രെയിൻ അകന്നകന്നു പോയിട്ടും കാതിൽ നിന്നും അവ മാഞ്ഞു പോയിരുന്നില്ല.. എന്റെ ശിവയെ എന്നിൽ നിന്നും അകറ്റിയ മന്ത്രധ്വനിയായിരുന്നു അവ..!!!!!!!

ഓർമ്മകൾ കണ്ണുനീർ തുള്ളി സമ്മാനിച്ചതും ഇടം കണ്ണാൽ ഞാൻ ഹിബയെ നോക്കി.. ഭാഗ്യം അവൾ കണ്ടിട്ടില്ല.. പുസ്തകം വായിച്ചിരിക്കാണ്.. അസി ഉറക്കം പിടിച്ചിട്ടുണ്ട്.. അവരെ ഒന്ന് നോക്കിയ ശേഷം ഞാൻ പുറത്തേക്ക് നോക്കി ചാരിയിരുന്നു.... 

"ആഹാ.. മോള് ക്യുട്ട് ആണല്ലോ.."

"അപ്പൊ ഞാനോ.. "


"മോളും സുന്ദരിയാ..."


ഹിബയുടെ കൊഞ്ചൽ കേട്ട് കൊണ്ടാണ് എണീറ്റത്.. കാറ്റ് മുഖത്തെ തലോടി എപ്പോഴാണ് ഉറങ്ങിയെന്ന് അറിയില്ല.. 
അസിയും ഹിബയും രണ്ട് കൊച്ചു പെൺകുട്ടികളോട് കൊഞ്ചി കളിക്കാണ്.. ഹിബക്ക് അവരെ നന്നായി ഇഷ്ടപ്പെട്ടുവെന്ന് തോന്നുന്നു.. അഞ്ചോ ആറോ വയസ്സ് തോന്നിക്കും.. പട്ടു പാവാട ഉടുത്ത രണ്ടു സുന്ദരി കുട്ടികൾ.. ഇരട്ടകൾ  ആണ്. 
അവരെ നോക്കി പുഞ്ചിരിച്ച ശേഷം ഞാൻ പുറത്തേക്ക് നോക്കി.. ട്രെയിനിന്റെ വേഗത കൂടും തോറും വഴികൾ ഇടുങ്ങി വരുന്നുണ്ട്..  ശിവപുരം എത്താനായിരിക്കുന്നു.. 
അസിയും ഞാനും ബാഗുകൾ എല്ലാം എടുത്ത് സീറ്റിൽ വെച്ചു... ട്രെയിനിന്റെ വേഗത കുറഞ്ഞു വന്നതും ഹൃദയമിടിപ്പ് വർധിക്കാൻ തുടങ്ങി.. കയ്യിൽ തൂക്കിയ ബാഗുമായി ഞാൻ ട്രെയിൻ നിൽക്കാൻ കാത്ത് നിന്നു.. 

"അച്ചോടാ.. ഇത്ര നേരായിട്ടും പേര് ചോദിച്ചില്ലല്ലോ.. എന്താ മക്കളെ പേര്."


ഹിബ ആ കുട്ടികളോട് വീണ്ടും കൊഞ്ചി നിൽക്കാണ്.. കൂട്ടിന് അസിയും ഉണ്ട്.. എന്റെ മനസ്സും നോട്ടവും എല്ലാം പുറത്തേയ്ക്കായിരുന്നു.. എന്നാൽ പെട്ടന്ന് ആ കുട്ടികൾ പേര് പറഞ്ഞതും ഞാൻ അവരെ നോക്കി.. 


"ദേവ... 
ശിവ.. "


ആ കുട്ടികൾ പേര് പറഞ്ഞതും ട്രെയിൻ നിന്നതും ഒപ്പമായിരുന്നു... ദേവശിവ..... ആ നാമം മനസ്സിൽ ഓടിയെത്തി... ഹിബയും അസിയും എന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കാണ്. അവരെ നോക്കാതെ ഞാൻ വാതിലിനടുത്തേക്ക് നടന്നു... വാതിലിൽ കൈ വെച്ചു കൊണ്ട് ഞാൻ മുന്നോട്ട് നോക്കിയതും ശിവപുരം എന്നെഴുതിയ ബോർഡ് കണ്ടു... 
ചുറ്റിലും ആൽമരങ്ങൾ നിറഞ്ഞു നിൽക്കുന്ന ഇരുളിനേക്കാൾ ഭയാനകമായ ഉൾക്കാടുകൾ ഉള്ള... ശിവമന്ത്രത്താൽ ജ്വലിച്ചു നിൽക്കുന്ന മതസൗഹാർദ്ദത്തിന് പേര് കേട്ട ഞങ്ങളുടെ നാട്.. ശിവപുരം... ശിവ ഭക്തിയും വിശ്വാസങ്ങളും ആചാരങ്ങളും അതിന്റെ തനിമയോടെ കാത്ത് സൂക്ഷിക്കുന്ന പരമശിവന്റെ നാട്... ശിവമന്ത്രങ്ങളുടെ നാട്......... 


" നിന്റെ വാക്ക് എതിർത്തു കൊണ്ട് ഞാൻ വരുന്നു ശിവാ.. നിന്റെ അടുത്തേക്ക്... "

മനസ്സിൽ ഉരുവിട്ട് കൊണ്ട് ഞാൻ കണ്ണുകൾ തുറന്നു...  ശിവപുരത്തിന്റെ മണ്ണിൽ   കാൽ കുത്തിയതും ചെമ്പകമണമുള്ള കാറ്റ് എന്നെയാകെ വന്ന് പൊതിഞ്ഞു... ആ കാറ്റിലൂടെ ചെമ്പക മണമുള്ള  ഓർമ്മകൾ  എന്റെ മനസ്സിലേക്ക് കടന്നു വന്നു... 

    
             (തുടരും)

Share this story