ശിവ 🖤: ഭാഗം 15

രചന: RAIZA

സാഹിബിന്റെ മുഖം കണ്ടതും ആദ്യം എന്റെ കണ്ണുകൾ ചലിച്ചത് വീട്ടിലേക്കായിരുന്നു. അവിടെ മുറ്റത്തു തന്നെ നിൽക്കുന്ന ഹിബയെയും ഉമ്മയെയും കണ്ട് നെഞ്ചിൽ ഒരു കാളലോടെ ഞാൻ സാഹിബിന്റെ മുഖത്തേക്ക് തന്നെ നോക്കി... ഗൗരവം നിറഞ്ഞ മുഖത്തോടെ എന്നെ നോക്കി സാഹിബ്‌ എന്നെ മറികടന്നു മുന്നോട്ട് നടന്നു... സാഹിബ്‌ കടന്നു പോയതും പിന്തിരിഞ്ഞു കൊണ്ട് ഞാൻ സാഹിബ്‌ പോകുന്നത് നോക്കി...

എന്തിനാവും സാഹിബ്‌ വീട്ടിലേക്ക് വന്നത്?? ആ ചോദ്യം മനസ്സിലേക്ക് വന്നതും ഞാൻ വീട്ടിലേക്ക് നടന്നു... വേലി കടന്ന് മുറ്റത്തെത്തിയതും ഹിബ എന്റെ അടുത്തേക്ക് ഓടി വന്നു.. "ഇക്കാ....നമുക്ക് പോകാം.. ഇന്നത്തോടെ ശിവപുരം മുഴുവൻ എനിക്ക് കാണണം " "ഓ.. അതിനെന്താ . പോകാം.. " ഹിബയോട് അതും പറഞ്ഞു കൊണ്ട് ഞാൻ ഉമ്മാന്റെ മുഖത്തേക്ക് നോക്കി.. ഞങ്ങളെ നോക്കി ചിരിച്ചു കൊണ്ട് ഉമ്മ അകത്തേക്ക് കയറാൻ തിരിഞ്ഞതും ഞാൻ ഉമ്മാന്റെ അടുത്തേക്ക് പോയി..

"ഉമ്മാ... ആ സാഹിബ്‌ എന്തിനാ വന്നേ" എന്റെ ചോദ്യം കേട്ടതും ഉമ്മ അത്ഭുതത്തോടെ എന്നെ നോക്കി.. സാധാരണ ഞാൻ സാഹിബിനെ കുറിച്ച് ഒന്നും മിണ്ടാറില്ല.. എനിക്കിഷ്ടമല്ലെന്ന് ഉമ്മാക്ക് നല്ലോണം അറിയാം. ഉമ്മ എന്തെങ്കിലും അയാളെ പറ്റി പറഞ്ഞാൽ ഞാൻ വിലക്കാറുണ്ട് ഇതിപ്പോ ഞാൻ അങ്ങോട്ട്‌ ചെന്ന് ചോദിച്ചത് കൊണ്ടാവാം ഉമ്മ എന്നെ അടിമുടി നോക്കി നിന്നു.. "അതെന്താ.. സാഹിബ്‌ ഇങ്ങോട്ട് വരാറില്ലേ. ഇയ്യ് ചോദിക്കുന്നത് കേട്ടാൽ തോന്നും ആദ്യായിട്ട് വരാണെന്ന്.. "

"ആ... അതല്ല.. പെട്ടന്ന്. കണ്ടത് കൊണ്ട് ചോദിച്ചതാ.. പട്ടണത്തിൽ പോകാൻ പറയാനാവും അല്ലേ " "ആഹ്.. അതന്നെ...നാളെ അന്നോട് അങ്ങോട്ട്‌ ചെല്ലാൻ പറഞ്ഞു.. പിന്നെ ഹിബയെ കണ്ട് ആരാന്നൊക്കെ ചോദിച്ചു" അകത്തേക്ക് കയറി കൊണ്ട് ഉമ്മ പറഞ്ഞതും ഞാൻ ഹിബയുടെ മുഖത്തേക്ക് നോക്കി... "എന്നിട്ട്... " "എന്നിട്ടെന്താ.. ഓള് പട്ടണത്തിൽ നിന്ന് വന്നതാണെന്ന് പറഞ്ഞു..".. കൂടുതലൊന്നും പറയാതെ ഉമ്മ അകത്തേക്ക് പോയതും ഞാൻ തിണ്ണയിലിരുന്നു...

ഒരു നിമിഷം മനസ്സാകെ ഭയന്നു... കാര്യമില്ല കാര്യത്തിനാണ്.. എന്നാലും എന്തോ ഭയം.. എന്റെ ഉമ്മാന്റെ മുഖത്തെ പുഞ്ചിരി മായ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല... മനസ്സെന്തിനാ ഇങ്ങനെ വെപ്രാളപ്പെടുന്നതെന്ന് അറിയുന്നില്ല .. എല്ലാം കലങ്ങി തെളിയുന്നത് വരെ സാഹിബിനെ ഭയന്നേ പറ്റൂ.. എന്തും ചെയ്യാൻ മടിക്കാത്ത അയാളിൽ നിന്നെല്ലാം മറച്ചേ പറ്റൂ.. "ഇക്കാ.. " പെട്ടന്ന് ഹിബ വന്ന് തോളിൽ കൈ വെച്ചതും ഞാൻ എഴുന്നേറ്റു നിന്നു.. "നീ ചായ കുടിക്കാൻ വാ.. നമുക്ക് പോകാം...

ഇന്നത്തോടെ ശിവ പുരത്തിന്റെ ഭംഗി മുഴുവൻ കാണിച്ചു തരാം.. " ഞാനത് പറഞ്ഞതും ഹിബയുടെ മുഖം വിടർന്നു..... അവളുടെ ആ കുഞ്ഞു വട്ടമുഖത്തെ സന്തോഷം കണ്ട് മനസ്സ് നിറഞ്ഞു കൊണ്ട് ഞാനവളെയും കൊണ്ട് അകത്തേക്ക് നടന്നു. ============================= ഓഹ്... ഇത് എന്തൊരു വിധിയാണ് ദേവാ... ഈ മുറിക്കുള്ളിൽ ഇങ്ങനെയിരുന്ന് ഭ്രാന്ത് വരുന്നുണ്ട്... പാടത്തിലൂടെ... ഇടവഴിയിലൂടെ... ഓടി നടക്കാൻ കൊതിക്കുന്ന മനസ്സിനെ പൂട്ടിയിട്ട പോലെയായി..

വല്യച്ഛൻ പൂമുഖത്ത് നിന്ന് എണീക്കുന്നെ ഇല്ല.. വല്യച്ഛന്റെ കണ്ണ് വെട്ടിച് പുറത്തേക്ക് ചാടാനും പറ്റില്ല... മറ്റെന്നാൾ കഴിഞ്ഞാൽ ഉത്സവം ആരംഭിക്കുകയായി .നാളെ തൊട്ട് വൃതമാണ് ... താളിയോലകളും മന്ത്രങ്ങളും.. ജപങ്ങളും ഇരുന്ന് വായിച്ചു പഠിക്കാൻ പറഞ്ഞിരിക്കാണ് വല്യച്ഛൻ.. പൂജാമുറിയിൽ അതൊക്കെ മുന്നിൽ വെച്ചിരിക്കാൻ തുടങ്ങിയിട്ട് മണിക്കൂറുകളായി... എന്നാൽ.. ഒന്ന് പോലും തൊടാൻ കഴിയുന്നില്ലാ.. മനസ്സ് മറ്റേതോ ലോകത്താണ്..

ആദമിനെ ഒരു മിന്നായം പോലെ മാത്രം വീണ്ടും കണ്ടു.. സാഹിബ്‌ വന്നില്ലായിരുന്നെങ്കിൽ കുറച്ചു കൂടി നേരം നോക്കി നിൽക്കായിരുന്നു.. ഒന്നും മിണ്ടിയില്ലേലും ആദമിനെ ഒന്ന് കണ്ടാൽ മതി.. എന്നും ഒരുപാട് നേരം ഞങ്ങൾ ഒരുമിച്ച് ഇരിക്കാറുണ്ട്. നൃത്തക്ലാസ്സ്‌ ഉണ്ടെന്ന് പറഞ്ഞിറങ്ങുമെങ്കിലും അധികവും ആദമിന്റെ കൂടെ പാടത്തായിരിക്കും ഞാൻ.. ഇന്ന് നേരമിത്രേ ആയിട്ടും അവനോട് ഒന്ന് മിണ്ടാൻ പോലും കഴിഞ്ഞിട്ടില്ല... ഇന്നലെ ഉച്ചക്ക് കണ്ടതാ അവനാ..

ആദ്യമായെന്നെ ചേർത്ത് പിടിച്ചു.. ഇനി ഒരു പക്ഷെ.. അത് അവസാനത്തെ ആയിരിക്കുമോ.... പൂജാ മുറിയിൽ കത്തിച്ചു വെച്ച നിലവിളക്കിനു മുന്നിൽ ഇരുന്ന് കണ്ണുകൾ അടച്ച് നിശബ്ദമായി ഞാൻ തേങ്ങി... മടിയിലെ താളിയോല കെട്ടുകളിൽ കണ്ണുനീർ ഇറ്റ് വീണതും നിലവിളക്കണഞ്ഞത് അകക്കണ്ണാൽ ഞാൻ കണ്ടു... എന്തോ വലിയ ദുരന്തം കാത്തിരിക്കുന്ന പോൽ മനസ്സ് വീണ്ടും വീണ്ടും അടക്കം പറയുന്നുണ്ട്...... ഹൃദയത്തിലെവിടെയോ ചെറിയ തേങ്ങൽ കടന്നു കൂടിയതും ഞാൻ പൂജാമുറിയിൽ നിന്നും ഇറങ്ങി....

.രാവിലെ ഭക്ഷണം കഴിച്ച് കയറിയതാ പൂജാമുറിയിൽ.. ഇപ്പൊ സമയം ഒരുപാടായി.... മുത്തശ്ശി കിടപ്പു മുറിയിൽ ഉണ്ടെന്ന് ജപമാലയുടെ നേരിയ ശബ്ദം മനസ്സിലാക്കി തന്നു... നടുമുറ്റത്തോട് ചേർന്നുള്ള ഇട നാഴിയിൽ വല്യച്ഛൻ വിഷ്ണുവേട്ടനോടും അച്ഛനോടും എന്തോ സംസാരിക്കുന്നുണ്ട്. പുറത്തേക്ക് ഇറങ്ങിയാൽ ഉറപ്പായും അവർ കാണും... നിരാശയോടെ ഞാൻ കോണിപ്പടി കയറാൻ തുടങ്ങി.... എന്നും ഞാൻ കയറുമ്പോൾ കാലിലെ കൊലുസ് പ്രത്യേക താളത്തിൽ ശബ്ദം ഉണ്ടാക്കാറുണ്ട്.. ഇന്നെന്തോ അവയും മൂകമായ പോലെ..... മുറിയിൽ ചെന്നതും ഞാൻ ജനൽ തുറന്നിട്ടു.... ആദമിന്റെ വീട് നോക്കി കുറെ നേരം അവിടെ നിന്നു...

പുറത്തൊന്നും ആരുമില്ല.. ഇത്ര നേരമായിട്ടും ആദം എന്നെ കാണാൻ ശ്രമിച്ചില്ലേ. .വെള്ളിയാഴ്ച ദിവസം മാത്രം ഞങ്ങൾ പകൽ കണ്ടു മുട്ടാറില്ല പക്ഷെ.. ആദം ഇല്ലത്തിന്റെ സൈഡിൽ വന്ന് ചൂളം വിളിക്കാറുണ്ട്... എവിടെ ആണേലും അവന്റെയാ വിളി കാതിൽ മുഴങ്ങുമ്പോൾ ജനലിനരികിലേക്ക് ഞാൻ ഓടി എത്താറുണ്ട്... ഇതിപ്പോ.. ആദം അത് മറന്നോ.... ഏയ്‌.. അവൻ എങ്ങനെ മറക്കാനാണ്.. ചിലപ്പോൾ സാഹിബ്‌ പട്ടണത്തിലേക്ക് പോകാൻ പറഞ്ഞിട്ടുണ്ടാവും.

അതാവും അവനെ കാണാത്തത്..... മ്മ്മ്.. അത് തന്നെയാവും.. വൈകുന്നേരം എന്തായാലും അവൻ എന്നെ വിളിച്ചു വരാതിരിക്കില്ല.... സ്വയം മനസ്സിനെ സമാധാനിപ്പിച്ചു കൊണ്ട് ഞാൻ ജനൽ പിടിയിൽ മുറുകെ പിടിച്ചു. ഓരോ തവണ മുറുകെ പിടിക്കുമ്പോഴും മനസ്സ് അയഞ്ഞു പോകുന്ന പോലെ തോന്നി.... ============================= "Waah....എന്തൊരു ഭംഗിയാ ഇക്കാ..." മൈലാടി പാറയുടെ മുകളിലേക്ക് ഹിബയെ കൊണ്ട് പോയി അവളെ മുന്നോട്ട് തിരിച്ചു നിർത്തിയതും നീണ്ടു കിടക്കുന്ന ശിവപുരം കണ്ട് ഹിബ അന്തംവിട്ട് നിന്നു....

ഉച്ച വെയിൽ കൊണ്ട് തിളങ്ങി നിൽക്കുന്ന ഗ്രാമത്തിന്റെ ഭംഗി അവൾ ആസ്വദിച്ചു... വെയിൽ മുഖത്തേക്ക് തട്ടി അസ്വസ്ഥമാക്കുന്നുവെങ്കിലും മരങ്ങളെ തട്ടി തലോടി ഒഴുകി വരുന്ന കാറ്റ്, തട്ടത്തെ ഉയർത്തി പിടിച്ചു കൊണ്ടവൾ പുണരുന്നുണ്ട്. അവളുടെ കൊഞ്ചലും കളിയും കണ്ട് ശിവയെ ഓർമ വന്നു... അവളും ഇത് പോലെ തന്നെയാണ്.. ഇവിടെ വരുമ്പോളെല്ലാം അവളിങ്ങനെ കാറ്റിനെ വിഴുങ്ങി കൊണ്ടിരിക്കും.. കൈകൾ വിട്ട് പിടിച് മുഖം ഉയർത്തി കണ്ണുകൾ അടച്ച് കാറ്റ് മുഴുവൻ ശരീരത്തിൽ പകർത്തി കൊണ്ടവൾ അങ്ങനെ നിൽക്കുന്നതു കാണാം... പോരാത്തതിന് ഈ പാറ മുഴുവൻ അവൾ അവളുടെ കൊലുസിട്ട പാദത്താൽ ഓടി നടക്കും.....

ശിവയുടെ പുഞ്ചിരിയും വിടർന്ന മുഖവും മനസ്സിലേക്ക് വന്നതും കൈകൾ കെട്ടി നിന്ന് ശിവപുരത്തെ നോക്കി ഞാൻ കണ്ണടച്ച് പുഞ്ചിരിച്ചു.... നേരം ഉച്ച കഴിഞ്ഞു... മിന്നായം പോലെ അല്ലാതെ അവളെ കണ്ടിട്ടില്ല..ആ ചെക്കാ എന്ന വിളി കേട്ടിട്ടില്ല... മുത്തു പൊഴിക്കും ചിരിയും കരിമഷി കണ്ണുകളും ഇന്ന് കണ്ടില്ല... അതോർത്തതും ഞാൻ കണ്ണുകൾ തുറന്നു... "ഹിബാ.. നമുക്ക് പോകാം.." കുറച്ചപ്പുറം തണലിൽ ഇരുന്ന് തമാശ പറഞ്ഞ് ചിരിക്കുന്ന അസിയെയും ഹിബയെയും നോക്കി ഞാൻ പറഞ്ഞതും അവർ പരസ്പരം നോക്കി കൊണ്ട് എഴുന്നേറ്റു.. "ഇത്ര പെട്ടന്നോ... എനിക്കിവിടെ നല്ല ഇഷ്ടമായി.. ഇപ്പോൾ തന്നെ പോകണോ "

അവളുടെ ഓരോ വാക്കും കേൾക്കുമ്പോൾ ശിവയെ ആണ് ഓർമ വരുന്നത്.. "ഡാ.. ചെക്കാ... ഇപ്പോൾ തന്നെ പോകണോ... കുറച്ചു കഴിഞ്ഞ് പോകാം.." ഹിബയുടെ മുഖത്തേക്ക് നോക്കി ശിവയുടെ വാക്കുകൾ ഓർത്തു.. ഇവിടെ വന്നാൽ പിന്നെ ശിവ എന്നെ പിടിച്ചിരുത്തും. ഇവിടെ നിന്ന് പോകുന്നതേ അവൾക്ക് ഇഷ്ടമില്ല.. "മ്മ്മ്മ്.. ഇത് ദേവു ഇല്ലാഞ്ഞിട്ടാ ഹിബാ." അസി പറഞ്ഞതും ഞാൻ ചിരിച്ചു കൊണ്ട് മുന്നോട്ട് നടന്നു... പോവുക തന്നെയാണെന്ന് മനസ്സിലായതും ഹിബ ചിണുങ്ങി കൊണ്ട് എന്റെ പിറകെ വന്നു..

ഹിബയെ വീട്ടിൽ കൊണ്ടാക്കി ഞാനും അസിയും നേരെ പോയത് സാഹിബിന്റെ വീട്ടിലേക്ക് ആയിരുന്നു.. നാളെ നേരത്തെ തന്നെ അങ്ങോട്ട്‌ ചെല്ലാൻ പറഞ്ഞിരുന്നു.. സാഹിബിന്റെ ജീപ്പിന് എന്തോ കേട് ഉണ്ടെന്നും അത് നോക്കാൻ ചെല്ലാൻ പറഞ്ഞെന്നും ഉമ്മ പറഞ്ഞു.. അതിനാലാണ് ഇപ്പോൾ പോകുന്നത്.. സാഹിബിന്റെ വീട്ടിലേക്ക് നടക്കുന്ന വഴി ശിവയുടെ ഇല്ലത്തേക്ക് നോക്കാൻ മറന്നില്ല.... ============================= മുറിയിൽ തന്നെ ഇരുന്ന് ചടച്ചതും ഞാൻ കോണിപ്പടിയിറങ്ങി അടുക്കളയിലേക്ക് പോയി . മുത്തശ്ശിയുടെ വറുത്തരച്ച ചെരങ്ങാ കറിയും അരിമുളക് ചതച്ചിട്ട കോവക്കാ ഉപ്പേരിയും കൂട്ടി ചോറ് കഴിച്ച് ഞാൻ നടുമുറ്റത്തെ പടിയിൽ ചെന്നിരുന്നു...

ഊണ് കഴിച്ച് വല്യച്ഛൻ മയങ്ങിയിട്ടുണ്ട്... അച്ഛൻ പുറത്ത് എന്തോ പണിയിലാണ്.. വിഷ്ണുവേട്ടൻ ഇടനാഴിയിൽ ഇരുന്ന് നിലവിളക്കിന്റെ തിരി ശെരിയാക്കുന്നുണ്ട്... ആദമിനെ ഇന്ന് കണ്ടോ എന്ന് ചോദിക്കാനായി ഞാൻ എഴുന്നേറ്റ് വിഷ്ണുവേട്ടന്റെ അടുത്തേക്ക് ചെന്നു... എന്റെ കൊലുസിന്റെ ശബ്ദം കേട്ടതും ഏട്ടൻ തല ഉയർത്തി എന്നെ നോക്കി ചിരിച്ചു. വീണ്ടും ജോലിയിൽ ഏർപ്പെട്ടു.. ചോദിക്കണോ വേണ്ടയോ എന്ന സംശയത്താൽ ഒരു നിമിഷം ഞാൻ വിഷ്ണുവേട്ടനെ നോക്കി. പിന്നെ മെല്ലെ നിലത്തിരുന്നു...

വിഷ്ണുവേട്ടൻ ചെയ്യുന്ന പോലെ തുണി ഉള്ളം കയ്യിലിട്ട് മടക്കി കൈ കൊണ്ട് മിനുസപ്പെടുത്തി.. ഓരോന്ന് ചെയ്യുമ്പോഴും ഇടം കണ്ണിട്ട് ഞാൻ വിഷ്ണുവേട്ടനെ നോക്കുന്നുണ്ടായിരുന്നു.. "എന്താ ദേവൂ.. ഒരു കള്ള ലക്ഷണം" എന്റെ മുഖത്തേക്ക് നോക്കാതെ നിലവിളക്കിലെ പൊടി ഊതി വിഷ്ണുവേട്ടൻ പറഞ്ഞതും ചിരിച്ചു കൊണ്ട് ഞാൻ കയ്യിലെ വിളക്ക് നിലത്തു വെച്ചു . "വിഷ്‌ണുവേട്ടാ... അതേയ്.. ഏട്ടൻ ഇന്ന് ആദമിനെ കണ്ടോ " "മ്മ്മ്.. എനിക്ക് തോന്നി ഇതിനാവും എന്ന്.. " എന്നെ നോക്കി തലയാട്ടി ചിരിച്ചു കൊണ്ട് രണ്ടു കയ്യിലും നിലവിളക്ക് പിടിച്ചു കൊണ്ട് വിഷ്‌ണുവേട്ടൻ എഴുന്നേറ്റു.. കൂടെ ഞാനും.. നടുമുറ്റം ചുറ്റി പൂജാമുറിയിലേക്ക് പോകാനായി ഏട്ടൻ മുന്നോട്ട് നടക്കാൻ തുടങ്ങിയതും ഞാൻ അവിടെ തന്നെ നിന്നു...

ഒന്ന് നടന്നു നിന്ന് കൊണ്ട് ഏട്ടൻ എന്നെ തിരിഞ്ഞു നോക്കി.. "ഞാൻ കണ്ടായിരുന്നു.. ക്ഷേത്രത്തിൽ നിന്ന് വരുമ്പോൾ. ആ പുതിയ കുട്ടി ഇല്ലേ.. അവളുടെ കൂടെ മൈലാടി പാറയുടെ ഭാഗത്തേക്ക്‌ പോകുന്നത്.. " അതും പറഞ്ഞ് ശിവ നാമം ഉരുവിട്ട് കൊണ്ട് ഏട്ടൻ പോയതും തൂണിൽ കൈവെച്ചു കൊണ്ട് ഞാൻ തിണ്ണയിൽ ഇരുന്നു.. "ആ പുതിയ കുട്ടി ഇല്ലേ..അവളുടെ കൂടെ മൈലാടി പാറയുടെ ഭാഗത്തേക്ക്‌ പോകുന്നത്.. " വിഷ്ണുവേട്ടന്റെ ആ വാക്കുകൾ കാതിൽ വീണ്ടും വീണ്ടും അലയടിക്കുന്ന പോലെ.. അപ്പോൾ ആദം ഹിബയുടെ കൂടെ ആണോ... അതാണോ എന്നെയൊന്ന് വിളിക്കാൻ വരാത്തത്. ആദമിനെ കാണാതെ ഞാനിവിടെ നീറി ഇരിക്കുമ്പോൾ ആദം സന്തോഷത്തോടെ അവളുടെ കൂടെ നടക്കാണോ....????

ഏയ്‌.. അങ്ങനെ ആവില്ല.. ഹിബ എന്നെ പോലെയാണ്.. പറന്നു നടക്കാൻ ആഗ്രഹിക്കുന്നവൾ. അവളുടെ നിർബന്ധം ആയിരിക്കും ഇന്ന് ശിവപുരം കാണണം എന്നത്.. അതാവും ആദം മൈലാടി പാറയുടെ അവിടേക്ക് കൊണ്ട് പോയത്. അവിടെ ചെന്നാൽ നാടിന്റെ ഭംഗി മുഴുവൻ കാണാമല്ലോ.. അവിടെ ചെന്നാൽ ആർക്കാ തിരിച്ചു പോരാൻ തോന്നാ.. ഹിബയുടെ സ്വഭാവം വെച്ച് അവൾ ആദമിനെ അവിടെ പിടിച്ചു വെച്ചിട്ടുണ്ടാകും. അതാവും ആദമിനെ ജനലിലൂടെ നോക്കിയിട്ടൊന്നും കാണാത്തത്...

ചിരിച്ചു കൊണ്ട് അതൊക്കെ ചിന്തിച്ച് ഞാൻ എഴുന്നേറ്റു... ഒരു നെടുവീർപ്പോടെ ഞാൻ എന്റെ തലക്ക് കൊട്ട് കൊടുത്തു. ഛെ.. ഞാൻ എന്തൊക്കെയാ ചിന്തിച്ചു കൂട്ടിയെ.. ആദം എന്നെ മറന്നു.. അവനിപ്പോ സന്തോഷത്തിലാണ്.. അയ്യേ.. ഇതൊക്കെ അവനോട് പറഞ്ഞാൽ എന്റെ തലക്ക് കൊട്ട് തന്ന് എന്ന് കളിയാക്കി ചിരിക്കും... ആദമിനെ ആലോചിച്ചു ചിരിച്ചു കൊണ്ട് ശിവ മുറിയിലേക്ക് നടന്നു... എന്നാൽ.. ആ ചിരിയുടെ മറവിൽ എന്തിനോ വേണ്ടി ഹൃദയം തേങ്ങുന്നുണ്ടായിരുന്നു.... അതറിയാതെ... മനസ്സിലാവാതെ ചിരിച്ചു കൊണ്ടവൾ കൊലുസ് കിലുക്കി കൊണ്ട് കോണിപ്പടി കയറി പോയി.... =============================

സാഹിബിന്റെ ജീപ്പ് ആളെ കൊണ്ട് വന്ന് ശെരിയാക്കിയപ്പോഴേക്കും നേരം ഒരുപാട് ആയിരുന്നു.. വീട്ടിൽ ചെന്നപ്പോൾ ഹിബ ഉറങ്ങുന്നത് കണ്ടു.. ഉമ്മ എന്തോ പണിയിലാണ്.. മുറിയിൽ ചെന്ന് ജനൽ തുറന്നിട്ടു.. എന്നാൽ ശിവയുടെ ജനൽ അടഞ്ഞു കിടക്കായിരുന്നു.. ഇനി രാത്രി സർപ്പക്കാവിൽ വെച്ചേ അവളെ കാണാൻ പറ്റൂ... കണ്ണടച്ച് തുറന്നു കൊണ്ട് ഞാൻ മുറി വിട്ട് പുറത്തേക്ക് നടന്നു.. കുളി കഴിഞ്ഞ് പള്ളിയിലേക്ക് പോകണം.. ഇന്നവിടെ ദിക്ർ ഉണ്ട്. അതിൽ കൂടി നേരം വൈകിയേ എത്തൂ... അസിയെയും കൂട്ടി ഞാൻ പള്ളിയിലേക്ക് പോയി... ദിക്ർ ക്ലാസ്സ്‌ കഴിഞ്ഞ് ഇഷാ നമസ്കാരവും കഴിഞ്ഞാണ് വീട്ടിലേക്ക് തിരിച്ചത്.

നടക്കുന്ന വഴിയൊക്കെ ഞാൻ മൗനത്തിലായത് കൊണ്ടാവാം അസി എന്നോട് ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നത്.. അവന് മറുപടി കൊടുത്തു എന്നല്ലാതെ ഞാൻ മനസ്സിൽ ശിവയെ ചിന്തിച്ചു കൊണ്ട് നടന്നു... അത് മനസ്സിലാക്കി കൊണ്ട് തന്നെ അസി പിന്നെ ഒന്നും ചോദിക്കാൻ നിന്നില്ല..... വീട്ടിൽ ചെന്ന് കയറി ഭക്ഷണം കഴിച്ച് ശിവയെ കാണാം എന്ന് വിചാരിച്ചതാണ്.. പക്ഷെ ഉമ്മയും ഹിബയും കൂടി എന്നെ പിടിച്ചു വെച്ചു.. മുറിയിലേക്ക് അവർ രണ്ടു പേരും വന്ന് ഓരോ തമാശ പറഞ്ഞിരുന്നു...

അവരുടെ സന്തോഷം കണ്ട് അവരെ മുറിയിൽ നിന്ന് പറഞ്ഞയക്കാനും തോന്നിയില്ല... എന്റെ ഒപ്പം കട്ടിലിൽ വന്നിരുന്ന് ഹിബ ഓരോന്ന് പറഞ്ഞു.. ശെരിക്കും വായാടി തന്നെ.. അവളുടെ കൂടെ ചിരിക്കുമ്പോഴൊക്കെ ഉള്ളിൽ നീറ്റലായി കണ്ണുകൾ ജനൽ കടന്ന് പുറത്തേക്ക് നോക്കി കൊണ്ടിരുന്നു... ============================= രാത്രി സർപ്പക്കാവിൽ ചെന്ന് ദീപം തെളിയിച്ച് കുറെ നേരം ആദമിനെ കാത്തിരുന്നു.. ഇപ്പോഴാണ് വല്യച്ഛന്റെ കണ്ണ് വെട്ടിച്ച് പുറത്തിറങ്ങിയത്.. ആദം വരുമെന്ന് ഉറപ്പുള്ളതിനാൽ അവനെ കാത്ത് തറയിൽ ഇരുന്നു.. ഇരുണ്ട കറുത്ത രാവിനെയോ മൂളുന്ന ചീവീടുകളെയോ..

ഭയപ്പെടുത്തുന്ന നിശബ്ദതയെയോ വക വെക്കാതെ പുഞ്ചിരിയോടെ ആദം വരുന്ന വഴിയേ നോക്കി ഞാൻ ഇരുന്നു.... എന്നാൽ ഏറെ നേരം ഇരുന്നിട്ടും ആദം വന്നില്ല.. നിരാശയോടെ ഞാൻ മെല്ലെ എണീറ്റ് ഇല്ലത്തേക്ക് നടന്നു.... ഭക്ഷണം വേണ്ടെന്ന് പറഞ്ഞ് മുറിയിലേക്ക് പോകാൻ നിന്നെങ്കിലും അത്താഴ പട്ടിണി കിടക്കാൻ പാടില്ലെന്ന് പറഞ്ഞ് മുത്തശ്ശി എന്നെ കഴിപ്പിച്ചു.. എന്തൊക്കെയോ കഴിച്ചെന്നു വരുത്തി ഞാൻ മുറിയിലേക്ക് പോയി...... "ദേവൂ... " കിടക്കയിൽ തല താഴ്ത്തി ഇരിക്കുമ്പോൾ ആണ് എന്നെ വിളിച്ച് വിഷ്ണുവേട്ടൻ അകത്തേക്ക് വന്നത്.. ചിരി വരുത്തി കൊണ്ട് ഞാൻ എഴുന്നേറ്റു.. "ദേവൂ... നിന്റെ വിഷമം എനിക്ക് മനസ്സിലായി..

ആദമിനെ കണ്ടില്ല അല്ലേ.. അത്താഴം വേണ്ടെന്ന് പറഞ്ഞപ്പോഴേ എനിക്ക് തോന്നി... " വീണ്ടും തലതാഴ്ത്തി ഞാൻ നിന്നതും ഏട്ടൻ എന്റെ അടുത്തേക്ക് വന്നു.. "ദേവൂ... ആദമിനെ ഞാൻ കണ്ടിരുന്നു.. അവനാ കുട്ടിയുടെ ഒപ്പം നല്ല സന്തോഷത്തിലാണ്.. എന്നെ കണ്ടിട്ടും അവൻ നോക്കുകയോ നിന്നെ പറ്റി ചോദിക്കുകയോ ചെയ്തില്ല.. അവനാകെ മാറിയ പോലെ " "ഏയ്‌.. എന്തൊക്കെയാ ഏട്ടാ ഈ പറയുന്നേ.. അവൻ ഏട്ടനെ കണ്ടു കാണില്ല... അതാവും മിണ്ടാതെ പോയത്.. എനിക്കറിയില്ലേ എന്റെ ആദമിനെ " ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞതും വിഷ്ണു ഏട്ടനും ചിരിച്ചു.. "ഞാൻ പറഞ്ഞു എന്നേ ഉള്ളു ദേവൂ... ഒരു കാര്യം... അവളും നീയും തമ്മിൽ എത്രയോ വ്യത്യാസം ഉണ്ട്..

അവളൊരു മുസ്ലിം കൂടിയാണ്... ആദം അവളിലേക്ക് ചാഞ്ഞാൽ അതിൽ അത്ഭുതപ്പെടാനില്ല.. " അതും പറഞ്ഞ് ഏട്ടൻ പോയതും ഞാൻ കട്ടിലിൽ ഇരുന്നു... ഏയ്‌.. എന്റെ ആദമിനെ എനിക്കറിയില്ലേ.. പുതിയ ഒരാൾ വന്നെന്ന് കരുതി അവനൊരിക്കലും എന്നേ മറക്കില്ല.. എന്റെ സ്ഥാനം.. അതെന്നും അവന്റെ ഹൃദയത്തിൽ ഉണ്ടാവും.. പുഞ്ചിരിയോടെ ഞാൻ ജനാലക്കരികിലേക്ക് നടന്ന് ജനൽ തുറന്നിട്ടു.. ആ സമയം ആദമിന്റെ ജനൽ പൊളി തുറന്നു കിടക്കുന്നത് കണ്ടതും ഹൃദയമിടിപ്പ് വർധിച്ചു....

ഇത്തിരി വെട്ടമുള്ള അവന്റെ മുറിയിലേക്ക് കണ്ണുകളോടിച്ചുവെങ്കിലും അവന്റെ നിഴൽ പോലും കണ്ടില്ല... വീണ്ടും അങ്ങോട്ട്‌ തന്നെ നോക്കി നിൽക്കുമ്പോഴാണ് രണ്ടു നിഴൽ ഞാൻ കണ്ടത്... ഒന്ന് ആദം തന്നെ... മറ്റേത്...???? ആ നിഴലുകളെ വെളിച്ചം വിഴുങ്ങിയതും ജനൽ പിടിയിൽ ഞാൻ കൈകൾ വെച്ചു... ആ സമയം ജനൽ ഭാഗത്തേക്ക് നീങ്ങി വന്ന രൂപം കണ്ട് ചുണ്ടുകൾ ചലിച്ചു.... "ഹിബ..?? "

നേരമിത്രയായിട്ടും അവൾ ആദമിന്റെ മുറിയിലുള്ളത് നേരിൽ കണ്ടിട്ടും മനസ്സ് പതറിയില്ല... എന്നാൽ... അടുത്ത നിമിഷം തന്നെ.. ആ കാഴ്ച കണ്ട് ജനൽ പിടിയിൽ പിടിച്ച പിടുത്തം അയഞ്ഞു... കണ്ണുകൾ നിറഞ്ഞു.... തളർന്നു പോവുമെന്ന് തോന്നിയതും ജനാലയ്ക്കരികിലെ മേശയിൽ ഞാൻ കൈകൾ വെച്ചു... ആ സമയം കൈകൾ തട്ടി മേശയിൽ വെച്ചിരുന്ന കുപ്പി വളകൾ ഒതുക്കി വെച്ച പളുങ്ക് പാത്രം താഴെ വീണ് ചിന്നി ചിതറി.........(തുടരും)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story