ശിവ 🖤: ഭാഗം 16

shiva

രചന: RAIZA

വീണുടയുന്ന പളുങ്ക് പാത്രത്തിലേക്കും... പ്രത്യേക ശബ്ദത്തോടെ ചിന്നി തെറിക്കുന്ന ആദം വാങ്ങി തന്ന കുപ്പി വളകളിലേക്കും കണ്ണോടിച്ചു കൊണ്ട് ഞാൻ തല തിരിച്ച് അങ്ങോട്ട്‌ തന്നെ നോക്കി... തുറന്നിട്ട ജനൽ പാളിക്കപ്പുറം പരസ്പരം വാരിപുണർന്നു നിൽക്കുന്ന ആദമിന്റെയും ഹിബയുടെയും നിഴലുകൾ ചുമരിൽ തെളിഞ്ഞു നിൽക്കുന്നത് വീണ്ടും കണ്ടതും ശരീരം തളർന്നു പോയി..... പെട്ടന്ന് തന്നെ അവർ വിട്ട് നിന്നതും ആദം തനിച്ചായതും ഇവിടെ നിന്ന് ഞാൻ നോക്കി കണ്ടു.. കുറച്ചു നേരം ശ്വാസം അടക്കി പിടിച്ച് ഞാൻ അങ്ങോട്ട്‌ തന്നെ നോക്കി... ഹിബ മുറിയിൽ നിന്നും പോയെന്ന് മനസ്സിലായി..

ഒരു നിമിഷം മനസ്സാകെ ആടി ഉലഞ്ഞെങ്കിലും അടുത്ത ക്ഷണം തന്നെ അതെല്ലാം മാറി മറിഞ്ഞു... കണ്ണുകൾ ഇറുക്കി അടച് ഞാൻ നെഞ്ചിൽ കൈ വെച്ചു.. 'ന്റെ ദേവാ.. ഭയപ്പെടാൻ മാത്രം എന്താ ഉള്ളത്.. ഞാനൊരു പൊട്ടി തന്നെ.. അവൾ പട്ടണത്തിൽ വളർന്ന് അവിടെ പഠിച്ച കുട്ടി അല്ലേ.. ഇങ്ങനെയൊക്കെ തന്നെ അല്ലേ പെരുമാറാ...നാളെയും അവളെ നാട് കാണാൻ കൊണ്ട് പോകണമെന്ന് പറഞ്ഞ് ആദമിനെ പതപ്പിച്ച് അവസാനം അവൻ സമ്മതിച്ചപ്പോൾ കെട്ടിപ്പിടിച്ചതാവും...

ഞാൻ.... പൊട്ടി... എന്തൊക്കെയോ വിചാരിച്ചു... എന്റെ അല്ലേ ആദം... ആ നെഞ്ചിൽ ഞാൻ മാത്രമല്ലേ ഉള്ളത്.. അവനിലെന്തിനാ എനിക്ക് സ്വാർത്ഥത.. സ്വാർത്ഥത കാണിച്ചാലും കാണിച്ചില്ലേലും ആദമിന്റെ ശിവയും ശിവയുടെ ആദമും തന്നെ.. അതിൽ മാറ്റം വരുത്താൻ ആരാ വരിക.. ആര് വന്നാലും അത് മാറില്ലല്ലോ... ' ഒരു നിമിഷത്തെ മനസ്സിന്റെ തെറ്റിദ്ധാരണ ഓർത്ത് തലക്ക് കൊട്ടി കൊണ്ട് ഞാൻ ചിരിച്ച് ജനൽ പിടിയിൽ വീണ്ടും കൈ വെച്ചു...

ആ സമയം ആദം ജനലിനരികിൽ നിൽക്കുന്നത് കണ്ടതും ഹൃദയം പിടക്കാൻ തുടങ്ങി.. മനസ്സാകെ കുളിര് കോരി. തണുത്ത കാറ്റേറ്റ് പോലും വിറക്കാത്ത ശരീരം ആ നിമിഷം.. അവന്റെയാ ഇത്തിരി വെട്ടത്തിലെ തെളിഞ്ഞ പുഞ്ചിരി മനസ്സിൽ വിരിഞ്ഞതും കൈകാലുകൾ വിറച്ചു... കണ്ണുകൾ കൊതിയോടെ അവനെ നോക്കി നിന്നു.. പൂർണമായി കാണാൻ ആയില്ലേലും ആദം ജനലിനരികിൽ ഉണ്ടെന്നും എന്നെ നോക്കി പുഞ്ചിരി തൂകുന്നുവെന്നും എനിക്കറിയാം.....

ഇത് വരെ മനസ്സ് വേദനിച്ചതെല്ലാം അര നിമിഷം കൊണ്ട് ആവിയായി പോയി.... കണ്ണുകൾ നിറയുന്നുണ്ട്.. സങ്കടം കൊണ്ടല്ല... സന്തോഷം കൊണ്ട്.... എത്ര നേരം കാണാതെ കണ്ട് കൊണ്ട് ഞങ്ങളങ്ങനെ നിന്നുവെന്നറിയില്ല... റാന്തലിന്റെ തിരി മങ്ങി വന്നതും... തണുത്ത കാറ്റ് ഇനിയും ആദമിന്റെ മേൽ പതിയാതിരിക്കാനും റാന്തൽ കെടുത്തി കൊണ്ട് ഞാൻ ജനൽ പൊളി അടച്ചു..... മുറിയിൽ മൂലയിൽ കത്തിച്ചു വെച്ച ദീപം അണയാനായിട്ടുണ്ട്.. അതിനാൽ തന്നെ അവസാന ശ്വാസമെന്നോണം തെളിഞ്ഞു കത്തുന്നുണ്ട്... മനസ്സ് തികച്ചും ശാന്തമായി ഞാൻ കട്ടിലിനടുത്തേക്ക് നടന്നു.... നേരത്തെ ചിതറിയ വളപ്പൊട്ടുകൾ നിലത്തു തന്നെ കിടപ്പുണ്ടെന്ന് ഓർക്കാതെ ഞാൻ മുന്നോട്ട് നടന്നു...

രണ്ടു മൂന്ന് വളപ്പൊട്ടുകൾ കാലിൽ തുളഞ്ഞു കയറിയെങ്കിലും ഒട്ടും വേദനിചില്ല.. ആദം ആയിരുന്നു മനം നിറയെ..... ---------------------------------------------------------- ഹിബയും ഉമ്മയും സംസാരിച്ചിരിക്കുമ്പോഴൊക്കെ എന്റെ കണ്ണുകൾ പുറത്തേക്കായിരുന്നു... ഹിബയാണേൽ നിർത്തുന്ന മട്ടൊന്നും ഇല്ലായിരുന്നു.. അതിനിടയിൽ ഉമ്മ വയ്യെന്നും ഇനി നാളെ പറയാം ഇപ്പൊ ഉറങ്ങാൻ വാ എന്ന് പറഞ്ഞു പോയതും ഹിബ എണീറ്റ് എന്നെ മുറുകെ പുണർന്നു കഴിഞ്ഞിരുന്നു.. ഇന്നവളെ നാടിന്റെ ഭംഗി കാണിച്ചതിനുള്ള സമ്മാനം ആയിരിക്കും....ചിരിച്ചു കൊണ്ടും ഹൃദയം തേങ്ങി കൊണ്ടും ഞാൻ അവളെ രണ്ടു കൈ കൊണ്ടും എന്റെ മാറോടു ചേർത്തു...

അപ്പോഴാണ് എന്റെ ചുമലിൽ അവളുടെ കണ്ണുനീർ പതിഞ്ഞത്.. അപ്പോൾ തന്നെ അവളെന്നിൽ നിന്ന് വിട്ട് നിന്നു.. ഞാൻ എന്തെങ്കിലും ചോദിക്കുന്നതിന് മുൻപ് കണ്ണുകൾ തുടച് കൊണ്ട് നിറഞ്ഞ പുഞ്ചിരിയോടെ അവൾ മുറിയിൽ നിന്നും പോയി... അവളൊരുപാട് സന്തോഷിക്കുന്നുണ്ടെന്നതിന് തെളിവാണ് ആ കണ്ണുനീർ.. അതവൾ പറയാതെ പറഞ്ഞു.... ഹിബ പോയി കഴിഞ്ഞാണ് ഞാൻ തിരിഞ്ഞു നോക്കിയത്.. മെല്ലെ ജനലിനരികിലേക്ക് നീങ്ങി നിന്നതും റാന്തൽ വെളിച്ചത്തിൽ പൊൻ ചെമ്പക ചേലോടെ എന്റെ ശിവ നിൽക്കുന്നത് ഞാൻ കണ്ടു.. ആ സമയം തന്നെ കണ്ണുകൾ അടച്ച് ശ്വാസം മേൽപ്പോട്ട് വലിച്ചു... "ചെമ്പകം... "

മെയ്യാകെ ചെമ്പക മണം പൊതിഞ്ഞതും ചുണ്ടിൽ പുഞ്ചിരി വിടർന്നു.. ആ സമയം തന്നെ ശിവയും പുഞ്ചിരിക്കുന്നത് അക കണ്ണാലെ ഞാൻ കണ്ടു.... ശിവാ.... എന്തൊരഴകാണ് പെണ്ണേ നീ.... ചന്ദ്രിക പോലും നിന്നോട് തോൽക്കുമല്ലോ... ഏറെ നേരം അവളെ നോക്കി നിന്നൊടുവിൽ അവൾ റാന്തൽ കെടുത്തി പോയതും ഞാൻ പൂർണ ചന്ദ്രനെ നോക്കി നിന്നു.. ഞങ്ങളുടെ പ്രണയത്തെ അസൂയയോടെ നോക്കി നിൽക്കുന്ന ചന്ദ്രനെ നോക്കി കള്ളച്ചിരിയോടെ ഞാൻ ജനൽ പാളി അടച്ച് കട്ടിലിൽ കിടന്നു....

ഇന്ന് ശിവയെ നേരിട്ട് കാണാനോ സംസാരിക്കാനോ കഴിഞ്ഞില്ല.. ഇനി നാളെയും ഇതേ അവസ്ഥയാണേൽ ആദമിന്റെ മറ്റൊരു മുഖം ജേഷ്ഠൻ നമ്പൂതിരി കാണേണ്ടി വരും...... എന്റെ മുന്നിൽ ചില ലക്ഷ്യങ്ങളുണ്ട്... അതിലേക്ക് എത്തിച്ചേരാൻ ചില കളികൾ കളിക്കണം.. സാഹിബ്‌..ജേഷ്ഠൻ നമ്പൂതിരി... ഇവരിലാരെയാ നോട്ടമിടേണ്ടതെന്ന് സംശയം തന്നെ..ആരെയായാലും അവസാനമൊരാൾ തന്നെ ബാക്കി.. ആ ഒരാൾ തന്നെ എന്റെ ശത്രു.. എന്റെ ഉപ്പാനെ ചതിച്ചവൻ.. അതാരായാലും ഞാൻ വെറുതെ വിടില്ല....

കണ്ണിൽ പക ഇരച്ചു കയറിയതും ഉറച്ച തീരുമാനങ്ങളോടെ ഞാൻ കണ്ണുകൾ അടച്ചു............ സുബ്ഹ് ബാങ്ക് കൊടുക്കുന്നതിന് കുറച്ചു മുന്പാണ് എണീറ്റത്.. അല്ലേൽ ഉമ്മ വിളിച്ച് എഴുന്നേല്പിക്കും.. ഇന്ന് ഉമ്മാക്കെന്ത് പറ്റിയെന്നാലോചിച്ച് ഞാൻ വേഗം എഴുന്നേറ്റു... പള്ളിയിലേക്ക് പോകാനായി ഒരുങ്ങുന്ന സമയത്തൊന്നും ഉമ്മാന്റെ ഓത്തിന്റെ ഈണം കേൾക്കാത്തത് കൊണ്ട് ഞാൻ ഉമ്മാന്റെ മുറിയിലേക്ക് ചെന്നു.. ചാരിയ വാതിൽ തുറന്നതും മങ്ങിയ വെളിച്ചത്തിൽ ഉമ്മാന്റെ അടുത്തിരിക്കുന്ന ഹിബയെ കണ്ടു.. "എന്താ ഹിബാ.. " അതും ചോദിച്ചു കൊണ്ട് ഞാൻ അവരുടെ അടുത്തേക്ക് ചെന്നതും ഹിബ എണീറ്റ് നിന്നു..

കിടക്കയിൽ കിടക്കുന്ന ഉമ്മയിലേക്ക് എന്റെ കണ്ണുകൾ ചലിച്ചു.. നെറ്റിയിൽ നനഞ്ഞ തുണി ഇട്ടിട്ടുണ്ട്.. അടുത്തിരുന്ന് കവിളിൽ തൊട്ടതും ഞാൻ പെട്ടന്ന് കൈ വലിച്ചു. "അള്ളോഹ്.. നല്ല പനിയാണല്ലോ... " വീണ്ടും ഉമ്മാന്റെ തലയിലും കവിളിലും തലോടി ഞാൻ പറഞ്ഞതും ഉമ്മ കണ്ണുകൾ തുറന്നു... "ആഹ്.. നല്ല പനിയാണ്.. ഉമ്മാന്റെ ഞെരക്കം കേട്ട് എണീറ്റതാ ഞാൻ..തൊട്ട് നോക്കിയപ്പോ നല്ല ചൂട്.. അപ്പോൾ തന്നെ തുണി നനച്ച് നെറ്റിയിൽ വെച്ചു.. ചുക്ക് കാപ്പി കുടിപ്പിക്കേം ചെയ്തു.. " ഉമ്മാക്കരികിൽ ഇരുന്ന് തലോടി ഹിബ പറഞ്ഞതും ഉമ്മ അവളുടെ കൈകളിൽ മുറുകെ പിടിച്ച് എന്നെ നോക്കി.. "എനിക്കൊന്നൂല്ലേടാ.. ചെറിയൊരു പനി..

അത് മാറിക്കോളും.. നീ പള്ളിയിൽ പൊയ്ക്കോ... എന്റെ മോളുണ്ടല്ലോ എന്റെ കൂടെ " ഹിബയുടെ കൈ ചുണ്ടിൽ മുത്തി നനഞ്ഞ ക്ഷീണിച്ച കണ്ണുകളോടെ ഉമ്മ പറഞ്ഞതും ഞാൻ എണീറ്റു... "ഞാൻ പെട്ടന്ന് പോയി വരാം ഉമ്മാ.. വന്നിട്ട് പട്ടണത്തിലെ ആശുപത്രിയിൽ പോകാം " "ഏയ്‌.. അതൊന്നും വേണ്ടാ... എനിക്കൊന്നൂല്ല.. ഇയ്യാ വൈദ്യരെ കയ്യീന്ന് ഗുളിക വാങ്ങി വന്നാ മതി.. മാറിക്കോളും" ഉമ്മാന്റെ തലയിൽ തലോടി ഞാൻ ഹിബയെ നോക്കി എണീറ്റ് പുറത്തേക്ക് നടന്നു... ഉമ്മാന്റെ അരികിൽ ഹിബ അങ്ങനെ ഇരിക്കുമ്പോൾ മനസ്സിന് വല്ലാത്ത കുളിർമ... എത്ര നന്നായാണ് അവൾ ഉമ്മയെ നോക്കുന്നത്.. ഈ വീടിന്റെ വിളക്കായി ഒരുപാട് നേരത്തെ അവളീ വീട്ടിൽ വരേണ്ടവളായിരുന്നു...

ഉമ്മാക്ക് പനിയായത് കൊണ്ട് മനസ്സിന് സുഖമില്ല... എങ്കിലും ഹിബ ഉറക്കമിളച്ച് ഉമ്മാന്റെ അരികിൽ ഉണ്ടാവുമല്ലോ എന്നോർക്കുമ്പോൾ സമാധാനമുണ്ട്... വേലി കടന്ന് ഞാൻ വേഗത്തിൽ അസിയുടെ അടുത്തേക്ക് പോയി.. അവനെന്നെയും കാത്ത് നിൽക്കുന്നുണ്ടായിരുന്നു.. "ഡാ ഉമ്മാക്ക് എങ്ങനെയുണ്ട്.. " എന്നെ കണ്ടയുടനെ അസി ചോദിച്ചതും ഞാനാകെ അത്ഭുതപ്പെട്ടു.. അവനെ നോക്കി അന്തം വിട്ട് ഞാൻ നിന്നു.. "നീയെങ്ങനെ അറിഞ്ഞേ ഉമ്മാക്ക് പനിയുള്ളത്..

ഞാൻ പോലും ഇപ്പൊ ആണല്ലോ അറിഞ്ഞത്.. " "അത് ഹിബ വീട്ടിൽ വന്നിരുന്നു കുറച്ചു മുൻപ്.. കാപ്പി പൊടി ചോദിച്.. നീ നല്ല ഉറക്കത്തിലാണെന്നും അത് കൊണ്ട് വിളിച്ചില്ലെന്നും പറഞ്ഞു " "അള്ളോഹ്.. അതൊന്നും ഓള് പറഞ്ഞില്ലല്ലോ.. ഈ ഇരുട്ടത്ത് ഒറ്റക്കിറങ്ങേണ്ട കാര്യം ഉണ്ടായിരുന്നോ . എന്നെ വിളിച്ചാൽ മതീന്ന്.. " "നീ ഉറങ്ങിക്കോട്ടെ വിജാരിച്ചാവും.. കാപ്പി പൊടിയുമായി ഓള് ഇറങ്ങിയപ്പോ ഞാനും കൂടെ ഉണ്ടായിരുന്നു.. ഓള് അകത്ത് കയറി വാതിൽ അടച്ചിട്ടാ ഞാൻ തിരിച്ചു പോന്നത്. ഇനി ഒറ്റക്ക് ഇറങ്ങരുതെന്ന് പറഞ്ഞ് വഴക്ക് പറഞ്ഞിട്ടും ഉണ്ട് " "അല്ലേലും വഴക്ക് പറയാൻ നീ ഉഷാറാണ് . ഇനി ഇത് ഓള് ആവർത്തിക്കില്ല... "

ചിരിയോടെ ഞാൻ പറഞ്ഞതും അസിയും ചിരിച്ചു... പിന്നെയവൻ എന്റെ മുഖത്തേക്ക് നോക്കി.. അത് കണ്ട് ഞാനും അവനെ നോക്കി എന്താണെന്ന് ചോദിച്ചു.. ഒന്നുമില്ലെന്ന് പറഞ്ഞ് അവൻ തലയാട്ടിയതും ഒരു കള്ളച്ചിരിയോടെ ഞാൻ മുന്നിലേക്ക് നോക്കി നടന്നു... എന്റെ മനസ്സ് അവനറിയും പോലെ അവന്റെ മനസ്സ് അവന്റെയീ കൂട്ടുകാരനല്ലാതെ മാറ്റാർക്കാ അറിയാ................. ശിവയുടെ ഇല്ലത്ത് എത്തിയതും മതിൽ കടന്നപ്പുറം എന്റെ കണ്ണുകൾ പാഞ്ഞു.. അച്ഛൻ നമ്പൂതിരി എഴുന്നേറ്റിട്ടുണ്ട്.. ശിവ എഴുന്നേൽക്കാൻ ആവുന്നേ ഉള്ളൂ... ഇന്ന് ക്ഷേത്രത്തിൽ വിളക്ക് തെളിയിക്കലുണ്ട്...

പൊന്നിൻ കസവു സാരിയുടുത്ത് ആയിരം ദീപത്തിന് മുന്നിൽ അവളങ്ങനെ നിൽക്കുന്നത് കാണാൻ നല്ല ചേലാവും.. സന്ധ്യക്ക് പ്രത്യേക പരിപാടികളും ഉണ്ട് ഇന്ന് അമ്പലത്തിൽ.. ജേഷ്ഠൻ നമ്പൂതിരി അതിന്റെ തിരക്കിലാവും.. അത് കൊണ്ട് ഇന്ന് ശിവയെ പിടിച്ചു വെക്കാനുള്ള സാധ്യത കുറവാണ്.. ============================= പതിവ് പോലെ അമ്പലക്കുളം ലക്ഷ്യം വെച്ച് അതിരാവിലെ തന്നെ ഞാൻ നടന്നു... ഭാഗ്യത്തിന് ഇന്ന് വല്യച്ഛൻ ഇല്ല.. ഇന്നത്തെ പരിപാടിക്ക് പ്രത്യേക പൂജയുണ്ട്.. അതിനാൽ പൂജാമുറിയിൽ പ്രാർത്ഥനയിലാണ് വല്യച്ഛൻ.. ആദമിനെ കാണാനുള്ള ആവേശത്തോടെ ഞാൻ മുന്നോട്ട് നടന്നു... പ്രതീക്ഷിച്ച പോലെ ആദം അവിടെ ഉണ്ടായിരുന്നു.

നിറഞ്ഞ പുഞ്ചിരിയോടെ ഒരു നിമിഷം ഞാനവനെ നോക്കി നിന്നു... കുളിർ കാറ്റ് വീശും തോറും അവന്റെ നെറ്റിയിൽ തലോടും മുടിയിഴകൾ പാറി കളിക്കുന്നതും അതവൻ മാടി ഒതുക്കുന്നതും നോക്കി ഞാൻ നിന്നു.. പിന്തിരിഞ്ഞാണ് അവൻ നിൽക്കുന്നത്.. എന്നിട്ടും ആ ചുണ്ടിലെ പുഞ്ചിരിയും കവിളിലെ നുണക്കുഴിയും ഞാൻ കാണാതെ കണ്ടു.... കുളി കഴിഞ്ഞ് ഞാൻ വേഗത്തിൽ പടവുകൾ കയറി മുന്നോട്ട് നടന്നു... മഞ്ഞാൽ പതിഞ്ഞു കിടക്കുന്ന മണ്ണിൽ നനഞ്ഞ കാലുകൾ അമർത്തി ഞാൻ അമ്പലത്തിലേക്ക് നടന്നു..

തൊഴുതു കഴിഞ്ഞിട്ട് വേണം ആദമിന്റെ അടുത്തേക്ക് പോകാൻ.. അപ്പോഴേക്കും വല്യച്ഛൻ വരാതിരുന്നാൽ മതിയായിരുന്നു.. അമ്പലത്തിൽ കയറി പരമ ശിവന്റെ പാദത്തിൽ താമരപ്പൂ അർപ്പിച്ചു കൊണ്ട് ഞാൻ കണ്ണുകൾ അടച്ച് കൈകൂപ്പി നിന്നു.... "നീലകണ്ഠാ.. മഹാ ദേവാ... ഈയിടെയായി നിന്നെയോർക്കുന്നില്ലയെന്നത് കൊണ്ടാണോ ആദമിനെ എന്നിൽ നിന്നകറ്റാൻ നോക്കുന്നത്... നിന്റെ തിരു നടയിൽ വെച്ചെന്നും പ്രാർത്ഥിക്കാറുള്ളത് എന്റെ ആദമിനെ എന്നിൽ നിന്നകറ്റല്ലേ എന്ന് മാത്രമല്ലേ ദേവാ...ആദിശിവയെ പിരിക്കരുതേ... " കണ്ണുകൾ തുറന്ന് ചന്ദനം തൊട്ട് ശിവന് തുളസീ മാല ചാർത്തി പ്രദിക്ഷിണം വെച്ച് ഞാൻ പുറത്തേക്ക് നടന്നു....

ആദം എന്നെയും കാത്ത് കൈകൾ കെട്ടി നിൽക്കുന്നുണ്ടായിരുന്നു... ഞാനവന്റെ അടുത്തെത്തി അൽപ്പ സമയം അവന്റെ മുഖത്തേക്ക് നോക്കി നിന്നു... കയ്യിലെ ചന്ദനം അവന്റെ നെറ്റിയിൽ തൊടുവിക്കാൻ ആഗ്രഹമുണ്ട്.. പക്ഷെ.. മുടിയിഴകൾ മറച്ചു കിടക്കുന്നയാ നിസ്കാര തയമ്പ് കാണുമ്പോൾ പുഞ്ചിരിയോടെ അതിലേക്ക് നോക്കി നിന്നു പോകും... ഒന്നിനുമൊന്നിനും അധികാരമില്ല അവകാശമില്ല... പക്ഷെ.. ഹൃദയം പരസ്പരം കൊളുത്തി പോയി...

"എന്താ പെണ്ണേ.." "എവിടെർന്നു ചെക്കാ ഇന്നലെ.. ഞാനെത്ര കാത്തു നിന്നെന്നറിയോ" അവന്റെ നേരെ മുഖം കോട്ടി ഞാൻ പറഞ്ഞതും അവനാ ചിരി ചിരിച്ചു.. ആ കള്ളച്ചിരി തന്നെ.. അത് കണ്ട് എനിക്കും ചിരി വന്നു.. ഞങ്ങൾ രണ്ടു പേരും മുന്നോട്ട് നടക്കാൻ തുടങ്ങി.. "ഇന്നലെ ആ ഹിബ ഒന്ന് വിടേണ്ടേ.. വായാടി പെണ്ണ്.. " ആദം ഹിബയെ കുറിച്ച് പറഞ്ഞതും ഞാൻ ഉള്ളിൽ ചിരിച്ചു... ഇന്നലെ അവർ മൈലാടി പാറയിലേക്ക് പോയതും അവൾ അവിടെ നിന്നും പോരാൻ കൂട്ടാക്കിയില്ലെന്നും പറഞ്ഞ് വാതോരാതെ സംസാരിക്കുന്ന ആദമിനെ നോക്കി ഞാൻ നടന്നു. മനസ്സിൽ ആദമിനോടുള്ള പ്രണയം ഓരോ നിമിഷവും വർധിച്ചു കൊണ്ടേയിരുന്നു...

ഹിബയെ പറ്റി ഓരോന്ന് പറയുമ്പോൾ ശിവ പുഞ്ചിരിയോടെ എന്നെ തന്നെ നോക്കി നടക്കുന്നത് ഇടം കണ്ണാലെ ഞാൻ കണ്ടു.. മറ്റൊരു പെണ്ണിനെ കുറിച്ച് വാതോരാതെ പറഞ്ഞിട്ടും പ്രണയത്തോടെ നോക്കാൻ എന്റെ ശിവക്കെ കഴിയൂ... എന്നിലുള്ള വിശ്വാസം തന്നെ ഇതിന് പിന്നിൽ.. ആ വിശ്വാസം ഒരിക്കലും തകരാതിരുന്നെങ്കിൽ........ ശിവ ഇല്ലത്തേക്ക് പോകാൻ നിന്നപ്പോഴാണ് ഉമ്മാന്റെ പനി ഓർമ വന്നത്.. അപ്പോൾ തന്നെ ഞാനത് അവളോട്‌ പറഞ്ഞു.. "പനിയോ... ദേവാ... എന്നിട്ട് കുറവില്ലേ.. ഇവിടെ മരുന്നിരിപ്പുണ്ട്.. മുഞ്ഞയില അരച്ച് അത് നെറ്റിയിൽ തേച്ചാൽ മതി. പെട്ടന്ന് മാറും.. ഞാൻ അതെടുത്തു വരാം.. " അതും പറഞ്ഞവൾ ഇല്ലത്തേക്ക് ഓടി പോയതും ചിരിച്ചു കൊണ്ട് ഞാൻ വീട്ടിലേക്ക് നടന്നു.....

============================= ആദമിന്റെ ഉമ്മാക്ക് പനിയാണെന്നറിഞ്ഞതും മനസ്സൊന്ന് വിങ്ങി ... ആദമിന്റെ അടുത്ത് നിന്നും ഓടി പോയത് നേരെ തൊടിയിലേക്കായിരുന്നു . കാലിൽ തലേന്ന് കൊണ്ട വളപ്പൊട്ടിൻ മുറിവ് ഉണ്ടെങ്കിലും അതൊന്നും കാര്യമാക്കാതെ മുഞ്ഞയില പറിച് ഞാൻ നേരെ അകത്തളത്തിലേക്കോടി. ..ഇലയരച്ച് കടണി പാത്രത്തിലാക്കി വെച്ചു... മുറിയിൽ ചെന്ന് വസ്ത്രം മാറി ഞാൻ ചായ പോലും കുടിക്കാതെ പോകാനൊരുങ്ങി.. "എങ്ങോട്ടാ ദേവൂ നിയ്യീ പായുന്നെ. ..ചായ ഒന്നും വേണ്ടേ നിനക്ക്" കോണിപ്പടി ഓടിയിറങ്ങി മേശൻമേൽ വെച്ച കടണി പാത്രമെടുത്ത് ഞാൻ പോകാൻ ഒരുങ്ങിയതും മുത്തശ്ശി ശാസനയോടെ മുന്നിൽ വന്നു നിന്നു .

"മുത്തശ്ശി.. ആദമിന്റെ ഉമ്മാക്ക് പനിയാണ്.. ഞാനീ മരുന്ന് കൊടുത്തിട്ടിപ്പോ വരാം.. " "ആണോ.. എന്നാ വേഗം പോയി വാ.. ഹാ.. പിന്നേയ്.. നെറ്റിയിൽ ഇടുമ്പോൾ നനഞ്ഞ തുണി മീതെ ഇടാൻ മറക്കേണ്ട.. " പുറത്തേക്ക് വേഗത്തിൽ നടക്കുന്നതിനിടയിൽ മുത്തശ്ശി വിളിച്ചു പറഞ്ഞതും ശെരിയെന്നു വിളിച്ചു കൂവി കൊണ്ട് ഞാൻ ഇല്ലം കടന്നു... ആദമിന്റെ വീട്ടിലെ വേലി കടന്ന് അകത്തേക്ക് കയറിയപ്പോൾ ആദം പൂമുഖത്ത് എന്നെയും കാത്തു നിൽപ്പുണ്ടായിരുന്നു.. "ഉമ്മ എവിടെ.. " ചോദ്യ ഭാവത്തിൽ ഞാൻ നോക്കിയതും ആദം മുറിയിൽ ഉണ്ടെന്ന് പറഞ്ഞു.. അകത്തേക്ക് കയറിയപ്പോൾ ഉമ്മ കട്ടിലിൽ കിടക്കുന്നത് കണ്ടു.. ഹിബ അരികിൽ ഇരുന്ന് തലോടുന്നുണ്ട്.

"ഉമ്മാ.... " എന്റെ വിളി കേട്ടതും ഉമ്മ തല ഉയർത്തി എന്നെ നോക്കി... ക്ഷീണിച്ച കണ്ണുകളും വാടിയ മുഖവും കണ്ടപ്പോൾ മനസ്സിന് വല്ലാത്ത വേദന.. എന്നെ കണ്ടിട്ട് ആർക്കോ വേണ്ടി ചിരിച്ച് ഉമ്മ ഹിബയുടെ കൈകൾ പിടിച്ചു... അതിൽ ചെറിയ സങ്കടം തോന്നി എങ്കിലും കാര്യമാക്കാതെ ഞാൻ അവരുടെ അടുത്തേക്ക് ചെന്നു.. എന്നെ കണ്ടിട്ട് ഹിബ ചിരിച്ച് എഴുന്നേറ്റു നിന്നു.. "ഇതെന്താ ദേവൂ.. " എന്റെ കയ്യിലെ പാത്രം കണ്ട് ഹിബ ചോദിച്ചതും ഞാൻ ഉമ്മാന്റെ മുഖത്തേക്ക് നോക്കി.. "മുഞ്ഞയില അരച്ചതാണ് ..ഇത് നെറ്റിയിൽ പുരട്ടിയാൽ പെട്ടന്ന് മാറിക്കോളും.. " അതും പറഞ്ഞ് ഞാൻ ഉമ്മാന്റെ അരികിൽ ഇരുന്ന് ഉമ്മാന്റെ തലമുടിയിൽ തലോടി...

എന്റെ തലോടലിൽ ഒന്നും മിണ്ടാതെ ഉമ്മ മുഖം തിരിച്ചു... നനഞ്ഞ തുണി നെറ്റിയിൽ നിന്നെടുത്തു മാറ്റി പച്ചില അരച്ചത് പുരട്ടാൻ നിന്നതും ഉമ്മ എന്നെ തടഞ്ഞു.. "ഹിബാ... മോള് പുരട്ടി തന്നേ..ദേവൂ.. നീ പൊയ്ക്കോ.. ഹിബ ഉണ്ടല്ലോ എന്റെ കൂടെ.. എനിക്ക് കുഴപ്പൊന്നൂല്ല ..ഇത് കുറച്ചു കഴിഞ്ഞാൽ മാറും.. ഈ പെണ്ണിത് എന്നെ പിടിച്ചു വെച്ചേക്കുവാ. എണീക്കാൻ അയക്കാതെ " "ഇങ്ങ് താ ദേവൂ.. ഉമ്മാക്ക് ഞാൻ പുരട്ടി കൊടുക്കാം.. " ഉമ്മാന്റെ വാക്കുകൾക്ക് പിറകെ ഹിബ എന്റെ കയ്യിൽ നിന്നും പാത്രം വാങ്ങിയതും ഉള്ളിൽ തികട്ടി വന്ന സങ്കടം മറച്ചു വെച്ച് ഞാൻ പുഞ്ചിരിച്ചു... ഹിബ പാത്രം കയ്യിൽ പിടിച്ച് എന്റെ നേരെ നോക്കി നിന്നതും എന്തോ ഓർത്തെന്ന പോലെ ഞാൻ പെട്ടന്ന് എഴുന്നേറ്റു കൊടുത്തു..

എന്റെ സ്ഥാനത്ത് അവളിരുന്ന് ഉമ്മാക്ക് മരുന്ന് പുരട്ടി കൊടുത്തതും ഉമ്മാനോട് പിന്നെ വരാമെന്ന് പറഞ്ഞ് ഞാൻ തിരിഞ്ഞു നടന്നു... ഉമ്മാന്റെ ഓരോ അവഗണനയും സൂചി മുനപോൽ നെഞ്ചിൽ കുത്തി തുളക്കാണ് .ഉമിനീർ പോലും ഇറങ്ങാത്ത വിധം വേദന ചങ്കിൽ ആളിയിട്ടും കണ്ണൊട്ടും നിറഞ്ഞില്ല ..പുഞ്ചിരിച്ചു കൊണ്ട് തന്നെ ഞാൻ പുറത്തേക്ക് നടന്നു... "ആഹാ... ഇത്ര വേഗം പുരട്ടി കഴിഞ്ഞോ... ഞാൻ കരുതി ഇന്നിനി നീ ഉമ്മാന്റെ അടുത്ത് നിന്നും പോകില്ലെന്ന്.. എന്ത് പറ്റി " ചിരിച്ചു കൊണ്ട് ആദം പറഞ്ഞതും അവന് മുഖം കൊടുക്കാത്ത രീതിയിൽ ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.. "ഞാനെന്തിനാ ആദം.. ഹിബ ഉണ്ടല്ലോ.. അവളെന്റെ ഉമ്മാനെ പൊന്നു പോലെ നോക്കും..

ഞാൻ പോട്ടെ.. ചായ കുടിക്കാൻ വിളിച്ചപ്പോ മുത്തശ്ശിയോട് ഇപ്പൊ വരാമെന്ന് പറഞ്ഞിറങ്ങിയതാ " അതും പറഞ്ഞ് ഞാൻ അവന്റെ മുഖത്തേക്ക് നോക്കാതെ പുറത്തേക്കിറങ്ങാൻ കാലെടുത്തു വെച്ചതും ആദം എന്റെ കയ്യിൽ പിടിച്ചു... അവന്റെ സാമിപ്യം കൊണ്ട് ഉള്ളിലെ സങ്കടം മുഴുവൻ പുറത്തെത്തുമെന്ന് ഭയന്നതും കണ്ണടച്ച് തുറന്നു കൊണ്ട് ഞാൻ ചിരിച്ച് തിരിഞ്ഞു നോക്കി.. "എന്താ ഡാ ചെക്കാ.. " ചിരിച്ചു കൊണ്ട് ഞാൻ ചോദിച്ചതും അവൻ എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി... അവന്റെ ഓരോ നോട്ടത്തിലും എന്റെ മനസ്സ് മുഴുവൻ അവൻ വായിച്ചെടുക്കുന്ന പോലെ എനിക്ക് തോന്നി.. "എന്താ പെണ്ണെയിത് . പോട്ടെ.. സാരമില്ല..

നമ്മുടെ ഉമ്മയല്ലേ.. " മെല്ലെ ആദം പറഞ്ഞതും ഞാൻ അവനെ തല ചെരിച്ച് കൊതിയോടെ നോക്കി.. ആ സമയം തന്നെ ഹിബ അങ്ങോട്ട് വന്നു... പെട്ടന്ന് ഞാൻ ആദമിൽ നിന്ന് വിട്ട് നിന്നെങ്കിലും കൈകൾ മുറുകെ പിടിച്ചു തന്നെ ആയിരുന്നു... "ഇക്കാ.. ഉമ്മ വിളിക്കുന്നു... " "ഞാനിപ്പോ വരാം" ഹിബയോട് അത് പറഞ്ഞ് ആദം എന്നോടെന്തോ പറയാൻ തിരിഞ്ഞതും ഹിബ ചിരിച്ചു കൊണ്ട് ആദമിന്റെ കൈകൾ പിടിച്ചു വലിച്ചു . "മ്മ്മ്.. ഇങ് പോരെന്റെ ഇക്കാ..

ഇക്കാന്റെ ദേവു നെ ആരും കൊണ്ട് പോവില്ല.. ദേവൂ.. ഇക്ക ഇപ്പൊ വരും ട്ടോ " ചിരിയാൽ ഹിബ ഞങ്ങളെ നോക്കി പറഞ്ഞ് ആദമിന്റെ കൈകൾ വലിച്ചതും ഇപ്പൊ വരാമെന്ന് എന്നോട് പറഞ്ഞ് ആദം അവളുടെ പിറകെ പോയി.. എന്റെ കയ്യിൽ നിന്നും അവന്റെ അവസാന ചെറു വിരലും ഉതിർന്നു പോയതും കൈ നീട്ടി കൊണ്ട് തന്നെ ഞാൻ അവർ പോകുന്നതും നോക്കി ശൂന്യമായ മനസ്സോടെ അവിടെ നിന്നു.........(തുടരും)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story