ശിവ 🖤: ഭാഗം 2

രചന: RAIZA


ശിവപുരം.... 
(രണ്ടു കൊല്ലം മുൻപ്)


"ഇന്ന് രണ്ടിലൊന്ന് തീരുമാനിക്കണം... ഇതിങ്ങനെ വിട്ടാൽ പറ്റൂല .. "


നാൽക്കവലയുടെ നടുക്ക്  ഉയർന്നു നിൽക്കുന്ന  ആൽമരത്തിന്റെ തറക്ക് ചുറ്റും കൂടി നിന്നവർക്ക് മുന്നിൽ നിന്ന് കൊണ്ടയാൾ ശബ്ദം ഇച്ചിരി കടുപ്പിച്ചു... നാട്ടു കൂട്ടം കൂടിയതാണ്.. ഗ്രാമത്തിലെ  എല്ലാവർക്കും വേണ്ടപ്പെട്ട നമ്പൂതിരിയും  പ്രമാണിയായ  അഹ്മദ് സാഹിബും  ആൽമരത്തറയിൽ എല്ലാം ശ്രദ്ധയോടെ കേട്ടിരിക്കുന്നുണ്ട്.. സാഹിബ്‌ തലയുയർത്തിയാണ് ഇരിക്കുന്നതെങ്കിൽ നമ്പൂതിരി സംയമനം പാലിച്ച് ശാന്തമായി തല താഴ്ത്തി എന്തോ ആലോചിച്ചിരിക്കാണ്... ആൽമരത്തറ ചുറ്റു മതിൽ കൊണ്ട് കെട്ടിയിട്ടുണ്ട്.. ബാക്കിയുള്ളവർ അവിടെയാണ് ഇരിക്കുന്നത്... 
നാട്ടിൽ എന്തെങ്കിലും പരാതിയോ പൊതു പ്രശ്നമോ ഉണ്ടെങ്കിൽ അത് തീർപ്പാക്കുന്നത് നാട്ടുകൂട്ടം കൂടിയിട്ടാണ്... 
ഇത്തവണ പരാതിക്കാരൻ ഗ്രാമത്തിലെ ഒരേ ഒരു മുക്രിയാണ്....


"എന്താ നമ്പൂതിരീ ഇങ്ങക്കൊന്നും പറയാല്ലേ... "


പരസ്പരം നോക്കി എല്ലാവരും പിറുപിറുക്കുന്നു എന്നല്ലാതെ ആരും ഒന്നും പറയാത്തത് കൊണ്ട് തന്നെ മുക്രി നമ്പൂതിരിയുടെ നേരെ തിരിഞ്ഞു.. താഴ്ത്തിയ തല ഉയർത്തി പിടിച്ചു കൊണ്ട് നമ്പൂതിരി എന്തോ പറയാൻ നിന്നെങ്കിലും നേരെ മുന്നിൽ ഇരിക്കുന്ന തന്റെ മൂത്ത ജ്യേഷ്ഠനെ കണ്ടതും അയാൾ മൗനം പാലിച്ചു.. 


" നമ്മളിവിടെ കിടന്ന് വായിട്ടലച്ചിട്ട് ഒരു കാര്യവുമില്ല.. സാഹിബേ.. നിങ്ങളൊരു തീരുമാനം പറയീം  "


മുക്രിക്ക് പിന്തുണയുമായി മൗലവി കൂടി എഴുന്നേറ്റു നിന്നപ്പോൾ സാഹിബ്‌ തന്റെ താടിയിൽ തലോടി കൊണ്ട് എഴുന്നേറ്റു നിന്നു... 


" നമ്മൾ എന്ത് തീരുമാനം എടുത്തിട്ടും കാര്യമില്ല.. ഇതിവിടെ എന്നും ഉള്ളതല്ലേ.. മിണ്ടാതിരിക്കുന്നത് കാലങ്ങൾക്ക് മുൻപ് നടന്നതൊന്നും ആവർത്തിക്കരുതെന്ന് കരുതിയിട്ടാ.... എന്തായാലും നാട്ടുകൂട്ടത്തിൽ പ്രശ്നം വന്ന സ്ഥിതിക്ക്  ചർച്ച ചെയ്തേ പറ്റൂ..."

ഗാഭീര്യം നിറഞ്ഞ ശബ്ദത്തോടെ സാഹിബ്‌ പറഞ്ഞതും നമ്പൂതിരി ഒന്ന് നെടുവീർപ്പിട്ടു.. കവലയിലെ പീടിക തിണ്ണയിൽ ഇരുന്ന് ബീഡി ചുരുട്ടുന്ന കാദർ കാക്കയും ബീവിയും ഇതെന്നും ഉള്ളതല്ലേ എന്ന മട്ടിൽ പുച്ഛിച്ചു കൊണ്ട് അവരുടെ ജോലി തുടർന്നു... 

അതേ... ഈ നാട്ടുകൂട്ടം അവർക്ക് ശീലമായതാണ്.. ഈ പ്രശ്നത്തിൽ പല തവണ നാട്ടുകൂട്ടം കൂടി പിരിഞ്ഞതാണ്,  ഒരു തീരുമാനമെടുക്കാനാവാതെ... 


"ആദ്യം അവനെ വിളിക്കണം.....അല്ലാതെ ഒരു ഭാഗം മാത്രം കേട്ട് വിധി പറയുന്നത് ശെരിയല്ലല്ലോ... അവനെ വിളിക്ക്... "


കൂട്ടത്തിലെ കാരണവർ പറഞ്ഞതും മുക്രിയുടെ മുഖം വാടി.  അവൻ വന്നാൽ പ്രശ്നത്തെ നിസ്സാരമാക്കി കളയുമെന്നത് കൊണ്ടും അവനെ തോൽപ്പിക്കാൻ ആവില്ലെന്ന് അറിയാവുന്നത് കൊണ്ടും  മുക്രി അതിനെ എതിർത്തു.. 


"എന്തിനാ അവനെ വിളിക്കുന്നത്.. എല്ലാവർക്കും എല്ലാം അറിയില്ലേ.. ഇനി അവന്റെ ന്യായം കേൾക്കണോ, "


മുക്രിയുടെ ചോദ്യത്തിന് മുന്നിൽ ആരും ഒന്നും മിണ്ടിയില്ല..  ആ സമയം നമ്പൂതിരിയുടെ കണ്ണുകൾ നേരെ പോയത് വലത് വശത്തെ മാവിൻ കൊമ്പിലേക്കാണ്.. പടുത്തുയർത്തിയ മതിൽ കെട്ടിന് അരികിലെ മാവിൻ കൊമ്പിലെ അനക്കം കണ്ടതും നമ്പൂതിരി തലയാട്ടി കൊണ്ട് നാട്ടുകൂട്ടത്തിലേക്ക് തിരിഞ്ഞു... 

ഈ സമയം മാവിൻ കൊമ്പിൽ നിന്നും അവൻ മതിലിലേക്ക് ചാടിയിറങ്ങി... തന്റെ ചങ്ങാതിയുടെ തോളിൽ കൈയ്യിട്ട് കൊണ്ട് അവന്റെ കണ്ണുകൾ നാട്ടുകൂട്ടത്തിലേക്ക് പാഞ്ഞു ചെന്നു....... 


ഓയ്... ഇത് ഞാൻ ആണ് ട്ടോ.. ആദം.. ഇപ്പോ ദേ മരത്തിനു മുകളിൽ നിന്ന് ചാടിയില്ലേ.. ആ.. അത് തന്നെ... 
പേടിക്കേണ്ട.. ആ നാട്ടുകൂട്ടത്തിലെ ചർച്ചാ വിഷയം ഞാൻ തന്നെയാണ്..

"കഴിഞ്ഞോ ടാ.... "


അസിയുടെ തോളിൽ കയ്യിട്ട് നാട്ടുക്കൂട്ടത്തെ വീക്ഷിച്ചു കൊണ്ട് ഞാൻ ചോദിച്ചതും മതിലിനടുത്തുള്ള ശീമക്കൊന്നയില പറിച് വിരലുകൾ മടക്കി പിടിച്ച് തള്ളവിരലിലും ചൂണ്ടുവിരലിലും ചേർത്ത് പൊട്ടിക്കാൻ നോക്കുന്ന അസി നാട്ടുകൂട്ടത്തിലേക്ക് നോക്കി.. 


"ഏയ്‌... ഇപ്പൊ തുടങ്ങിയെ ഉള്ളൂ.. ഇന്ന് നിന്റെ കാര്യം കട്ടപൊകയാ മോനേ... മുക്രി കാക്ക പിടി മുറുക്കിയിരിക്കാ.. "


അവൻ പറഞ്ഞതും ഞാൻ മുക്രിയെ നോക്കി... എന്നെ കുറിച്ചുള്ള പരാതി മൂപ്പിക്കാണയാൾ... അയാൾക്കെന്നെ തീരെ കണ്ണിന് പിടിച്ചൂടാ.. കാര്യം വേറൊന്നുമല്ല.. പള്ളിയിൽ സ്ഥിരമായി മഗ്‌രിബ്ന് ശേഷം ഖുർആൻ  ഓതാറുള്ളത്  ഞാനാണ്...  മാധുര്യം തുളുമ്പുന്ന ശബ്ദം ആണെന്നും ലയിച്ചു പോകുമെന്നും പറഞ്ഞ് എന്നെ പിടിച്ച് ഓതാൻ ആക്കിയത് ഈ നാട്ടുകാർ തന്നെയാണ്.. മുക്രിയുടെ മകന് ആ സ്ഥാനം കിട്ടാത്തത് കൊണ്ട് തന്നെ മൂപ്പർക്കെന്നെ കണ്ണെടുത്താ കണ്ടൂടാ.. അത് മാത്രമല്ല.. ആ സാഹിബിന്റെ ശിങ്കിടിയുമാണ് മുക്രി.. മിക്കവാറും ഇപ്പോഴുള്ള ഈ നാട്ടുകൂട്ടത്തിനു പിന്നിൽ സാഹിബ്‌ തന്നെയാവും.... കാരണം.. അതിത്തിരി വലിയ കഥയാണ്... പതിയെ മറ്റൊരു ദിവസം പറയാം... 
ഇപ്പോൾ ഞാനൊന്ന് ചെല്ലട്ടെ.. അല്ലേൽ ആ മുക്രി സംഗതി വഷളാക്കും...... 

"അല്ല സൈതാല്യേ.. ഇത്രേം കെടന്ന് കീറാൻ മാത്രം അവനെന്താ ചെയ്തത്.. "


ആഹാ.. നമ്മളെ കരളിന്റെ കഷ്ണമായ  മമ്മദ് കാക്ക  എന്നെ പിന്താങ്ങി രംഗത്ത് വന്നിട്ടുണ്ട്.


"എന്റെ മമ്മദ് കാക്കാ.. അപ്പൊ ഞാനീ പറയണതൊന്നും ഇങ്ങള് കേട്ടില്ലേ...നമ്മുടെ മതത്തിൽ പെട്ട ഒരാൾ ആ സർപ്പക്കാവിൽ പോകേണ്ട എന്താവശ്യ ഉള്ളേ... അവരുടെ കുട്ടിക്കളിക്ക് എല്ലാവരും നിന്ന് കൊടുക്കല്ലേ... "


"മുക്രി പറയുന്നതിലും കാര്യമുണ്ട് സാഹിബെ.. കുറെ കാലായല്ലോ ഇത് കാണുന്നു.. കാര്യം നമ്മൾ സ്നേഹത്തിലും സൗഹാർദ്ദത്തോടെയും കഴിയുന്നുവെങ്കിലും ആചാരങ്ങളും വിശ്വാസങ്ങളും സ്വകാര്യമായി കാത്ത് സൂക്ഷിക്കുന്നവരല്ലേ... അവൻ അമ്പലത്തിൽ കയറിക്കോട്ടെ.. കുഴപ്പല്ല്യ.. പക്ഷെ.. സർപ്പക്കാവ് ശുദ്ധിയോടെ അതിന്റെ തനിമയോടെ നിലനിർത്തുന്നതാ... അതിലവൻ കയറിയത് തെറ്റ് തന്നെയാ... "

"എന്റെ നമ്പൂതിരീ.. അത് ഇങ്ങളൊക്കെ നോക്കേണ്ടത് തന്നെയല്ലേ.. എല്ലാത്തിനും അവന് അവകാശം അങ്ങ് തീറെഴുതി കൊടുത്ത പോലെയാണ്.. ഇങ്ങളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല..  ദേ ഇങ്ങളെ അനിയൻ നമ്പൂതിരി വിചാരിക്കേണ്ടേ.. "


നമ്പൂതിരിയെ നോക്കി മുക്രി പറഞ്ഞതും നമ്പൂതിരി ജ്യേഷ്ഠനെ നോക്കി.. മുഖത്ത് ഗൗരവമാണെന്ന് കണ്ടതും നമ്പൂതിരി  ചർച്ച അവസാനിപ്പിക്കാൻ എന്നോണം സാഹിബിനെ നോക്കി എഴുന്നേറ്റു.. 


"ആദം... അവനെ എല്ലാർക്കും അറിയാല്ലോ.. പിന്നെ ഇന്നീ നാട്ടുകൂട്ടം.. അതിന്റെ ഒരു ആവശ്യോല്ല...സർപ്പക്കാവിൽ അന്യ മതസ്ഥർക്ക് പ്രവേശിക്കാൻ പറ്റില്ല എന്നൊന്നുമില്ല.. സർപ്പക്കാവിൽ ശിവന് ഇഷ്ടമില്ലാത്തവർ പ്രവേശിച്ചാൽ സർപ്പം അവരെ വെച്ചേക്കില്ലെന്ന വിശ്വാസമുണ്ട്... ഇനിയിപ്പോ ആദം സർപ്പക്കാവിൽ കയറിയാലും ശിവന് ഏറെ പ്രിയപ്പെട്ടവൻ തന്നെ ആദം.. അത് കൊണ്ട് ആദമിന്റെ ഭാഗത്ത് ഒരു തെറ്റുമില്ലെന്നാണ് ഞാൻ പറഞ്ഞു വരുന്നത്.. 
ജേഷ്ഠൻ നമ്പൂതിരി മാപ്പാക്കണം."

നമ്പൂതിരി അത് പറഞ്ഞതും ചിരിച്ചു കൊണ്ട് കൈവെള്ളയിലിരുന്ന ശീമക്കൊന്നയില വിരലുകൾക്കിടയിൽ  ഞാൻ വെച്ചടിച്ചതും  ട്ടെ!! എന്ന ശബ്ദം ഉണ്ടായതും ഒപ്പമായിരുന്നു... ശബ്ദം കേട്ട് എല്ലാവരും ഞങ്ങളെ നോക്കിയതും ഞാനും അസിയും അവരുടെ നേരെ നോക്കി.. എന്നെ കണ്ണുരുട്ടി നോക്കുന്ന നമ്പൂതിരിയെ കണ്ടതും  അമളി മനസ്സിലാക്കിയ ഞാൻ ഇളിച്ചു കൊണ്ട് മതിലിൽ നിന്നും ചാടിയിറങ്ങി.  തുണിയുടെ മടക്കുത്തഴിച്ചു കൊണ്ട് ഞാൻ അവരുടെ അടുത്തേക്ക് ചെന്നു... 
എന്നെ കണ്ടതിന്റെ നീരസം മുക്രിയുടെ മുഖത്തുണ്ട്.. അരികിൽ ചെന്ന് സലാം പറഞ്ഞതും സലാം മടക്കി താല്പര്യമില്ലാത്ത മട്ടിൽ മുഖം തിരിച്ചു ... 


"ആദം... നിനക്കെന്തെങ്കിലും പറയാനുണ്ടോ..  "


ഗൗരവത്തോടെ സാഹിബ്‌ മുഖത്തേക്ക് നോക്കാതെ ചോദിച്ചതും എളിമയോടെ ഞാൻ മുന്നോട്ട് നിന്നു.. 


"പറയാനുണ്ട്....എന്റെ ഭാഗം കേൾക്കാതെ മറുഭാഗം മാത്രം കേട്ട ഈ നാട്ടുകൂട്ടത്തോട്  കുറെ പറയാനുണ്ട് .. "


"നിന്റെ ഭാഗം എന്തിന് കേൾക്കണം... അതെല്ലാർക്കും അറിയുന്ന കാര്യമാണല്ലോ.. ഇന്നലെ ഞാനെന്റെ കണ്ണ് കൊണ്ട് കണ്ടതുമാ..ഇനി നിന്റെ കളി നടക്കില്ല "


എന്നെ പുച്ഛിച്ചു കൊണ്ട് മുക്രി ഇടയിൽ കയറിയതും ഞാൻ നാട്ടുകൂട്ടത്തിന് നേരെ തിരിഞ്ഞു.. 


" എനിക്കീ നാട്ടുകൂട്ടത്തോട് ഒരേ ഒരു കാര്യം മാത്രമേ പറയാൻ ഉള്ളൂ... 
സർപ്പക്കാവിൽ ഞാൻ കയറിയെന്നല്ലേ എന്റെ മേൽ ആരോപിക്കപ്പെട്ട കുറ്റം... അതൊരു കുറ്റമാണോ നമ്പൂതിരീ... അന്യ മതസ്ഥർ കയറാൻ പാടില്ലെന്നൊന്നും ശിവൻ പറഞ്ഞിട്ടില്ലല്ലോ.. പിന്നെ എന്റെ മേലുള്ള വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ മാത്രമാണ് മുക്രി ഇന്നിവിടെ നാട്ടുകൂട്ടം വിളിപ്പിച്ചത്... അതിനെതിരെ നടപടിയെടുക്കണം... "


"ആഹാ.. ഇപ്പൊ വാദി പ്രതിയായോ.. "


"ആയല്ലോ.. അല്ല കാക്കാ.. ഞാൻ അവിടെ പോയെന്ന് തീർത്തു പറയാൻ മാത്രം എന്നെ അവിടെ കണ്ടോ.. "


പെട്ടന്നുള്ള എന്റെ ചോദ്യത്തിന് മുക്രി ഒന്ന് പതറിയെന്ന് മുഖം കണ്ടാൽ അറിയാം.. 


"അത്. അത് പിന്നെ.. കാണണം എന്നില്ലല്ലോ.. അന്റെയാ വണ്ടി നമ്മളവിടെ കണ്ടുക്ക്.. അത് മതിയല്ലോ.. "


"ഒരു വണ്ടി കണ്ടതിനാണോ ഇവിടെ ഇത്രയും ബഹളം. വണ്ടി അവിടെ നിർത്തി ഞാനൊന്ന് മൂത്രമൊഴിക്കാൻ നിന്നതാണെങ്കിലോ... എന്നെ കണ്ടുവെന്നതിന് ഒരു തെളിവുമില്ലാതെ പിന്നെ എന്തിനാ ഇപ്പൊ ഈ നാട്ടുകൂട്ടം.. "


"ഇയ്യങ്ങനെ സമർത്ഥനാവൊന്നും വേണ്ടാ.. നീയും ദേവൂം കൂടെ ഈ നാടിന്റെ ഒത്തൊരുമയാ നശിപ്പിക്കുന്നെ... അത് ഞാൻ സമ്മതിക്കില്ല "


"ആഹ്.. കേട്ടോ.. എല്ലാവരും കേട്ടില്ലേ.. ഇപ്പൊ മനസ്സിലായില്ലേ എനിക്ക് നേരെ മനഃപൂർവം കെട്ടിച്ചമച്ചതാണെന്ന്.. അല്ലേൽ ഇപ്പൊ അവളെ ഇതിലേക്ക് വലിച്ചിഴക്കേണ്ട വല്ല കാര്യവും ഉണ്ടോ.. എനിക്ക് നീതി വേണം..,,"


കയ്യും കെട്ടി നിന്ന് ഞാനത് പറഞ്ഞതും സാഹിബ്‌ എഴുന്നേറ്റു നിന്ന് എന്നെ ഒന്ന് നോക്കി.. എന്നിട്ട് വടിയും കുത്തി പോയി... നാട്ടുകൂട്ടം അവസാനിച്ചു എന്നതിന്റെ തെളിവാണ് ആ മൗനം പാലിച്ചു കൊണ്ടുള്ള പോക്ക്... 
ആ പോക്ക് കണ്ടതും ഞാൻ മുണ്ട് വീണ്ടും മടക്കി കുത്തി... എന്നെ നോക്കി പിറുപിറുത്തു കൊണ്ട് മുക്രിയും  പോയതും എല്ലാവരും എഴുന്നേറ്റ് പിരിഞ്ഞു പോയി.. 

സാഹിബ്‌ ഒന്നും മിണ്ടാതെ പോയതിന് പിന്നിൽ കാരണങ്ങൾ ഉണ്ട്... എന്റെയും ശിവയുടെയും കാര്യത്തിൽ ആരും ഒന്നും മിണ്ടില്ല... അത് പണ്ടേ നാട്ടുകൂട്ടം തീരുമാനിച്ചതാണ്.. അത് കൊണ്ടാണ് അവളുടെ പേര് വന്നപ്പോൾ നാട്ടുകൂട്ടം അവസാനിപ്പിച്ചു പോയത്.. മനസ്സിലായില്ലേ.. ദേവു.. എന്റെ ശിവ.. 
ഈ ഗ്രാമത്തിലെ എല്ലാവരുടെയും ദേവൂട്ടി.. എന്റെ ശിവ... 

ഞങ്ങളുടെ പ്രണയം ഈ നാട്ടിലെ ഓരോ പുൽക്കൊടിക്ക് വരെ അറിയാം... പരസ്പരം ബഹുമാനിച്ച് ഒത്തൊരുമയോടെ ജീവിക്കുന്നവർ ആയത് കൊണ്ട് തന്നെ ഞങ്ങളുടെ കാര്യം എടുത്തിട്ട് തമ്മിൽ അടി ഉണ്ടാക്കാൻ ആർക്കും ഇഷ്ടമല്ല.. അതിന് കാരണം കാലങ്ങൾക്ക് മുൻപ് ഇവിടെ നടന്നൊരു സംഭവം തന്നെയാണ്.....  

എല്ലാവരും പിരിഞ്ഞു പോയതും ഞാൻ നമ്പൂതിരിയെ ഒളിഞ്ഞു നോക്കി... ശിവയുടെ അച്ഛൻ ആണ് ട്ടോ നമ്പൂതിരി... ജേഷ്ഠൻ നമ്പൂതിരിയെന്ന് നാട്ടുകാർ വിളിക്കുന്നത് ഇദ്ദേഹത്തിന്റെ കാരണവരെയാണ്... മൂപ്പർക്ക് കാലിന് ദീനം വന്നത് കൊണ്ട് ക്ഷേത്രത്തിലെ പൂജകൾ ചെയ്യുന്നതും നടത്തിപ്പും എല്ലാം ശിവയുടെ അച്ഛനാണ്.... 

എന്നെ നോക്കി കണ്ണുരുട്ടി കൊണ്ട് നമ്പൂതിരി മുഖം തിരിച്ചു പോകാൻ നിന്നതും ഞാൻ അങ്ങോട്ട്‌ ഓടി.. 

"അയ്യോ.. അച്ഛൻ നമ്പൂതിരി പോകാണോ... "


മുന്നിൽ കയറി നിന്ന് ഞാൻ ചോദിച്ചതും നമ്പൂതിരി എന്നെ തുറിച്ചു നോക്കി.. ഞാനൊന്ന് ഇളിച്ചു കൊടുത്തതും നമ്പൂതിരി എന്റെ ചെവി പിടിച്ചു തിരിച്ചു.. 


"എടാ കിഴങ്ങാ. നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ആ പാട്ട വണ്ടിയുമായി വരല്ലേന്ന്... ശിവൻ കാത്തു...അല്ലേൽ ഇപ്പൊ കാണാമായിരുന്നു "


"ഓ.. വിട് നമ്പൂതിരീ... പള്ളിയിൽ നിന്നിറങ്ങാൻ താമസിച്ചപ്പോ ഞാൻ വണ്ടിയെടുത്തതല്ലേ.. നേരം വൈകിയാൽ ശിവ എന്നെ വെച്ചേക്കുമോ... ഇതിപ്പോ എന്ത് ചെയ്താലും അച്ഛനും മോളും കൂടെ എന്റെ ചെവി പൊന്നാക്കും.. "


ചിണുങ്ങി കൊണ്ട് ഞാൻ പറഞ്ഞതും നമ്പൂതിരി എന്റെ ചെവിയിൽ നിന്നും കയ്യെടുത്തു.. 


"കളി കുറച്ചു കൂടുന്നുണ്ട് ട്ടോ.. പാടില്ല... കഴിഞ്ഞ കാലത്തെ ഒന്നും മറന്നിട്ടില്ലല്ലോ... "


"എന്റെ അച്ഛൻ നമ്പൂതിരീ... ഒന്നും പറയല്ലേ.. ഞങ്ങളിങ്ങനെ പാറി നടന്നോട്ടെ    ഈ കൈലാസത്തിൽ.. "


കൈകൂപ്പി കൊണ്ട് ഞാൻ പറഞ്ഞതും നമ്പൂതിരി ചിരിച്ചു കൊണ്ട് എന്റെ തലയിൽ കൊട്ടി കൊണ്ട് എന്നെ കടന്നു പോയി... 
പാവമാണ് അച്ഛൻ നമ്പൂതിരി....എന്നെ ഒരുപാട് ഇഷ്ടമാണ്.. എന്റെ ഉപ്പയുടെ അടുത്ത സുഹൃത്ത്... നാട്ടിൽ മുഴുവൻ പാട്ടായ എന്റെയും ശിവയുടെയും പ്രണയം അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കുന്നു... എല്ലാം ഈ നാടിന് വേണ്ടി തന്നെയാണ്.... 


"നല്ല അച്ഛൻ... ഈ നമ്പൂതിരി ഇങ്ങനെ മൗനം പാലിക്കുന്നത് കൊണ്ടാ നിങ്ങൾ രണ്ടു പേരുടെയും കളി കൂടുന്നത്... "


"അതിന് നിനക്കെന്തെങ്കിലും കുഴപ്പം ഉണ്ടോ ഡാ "

"ഓ.. ഒന്നുമില്ലേയ്... എന്നെങ്കിലും ഊര് വിലക്ക് വന്നാൽ നിന്റെ കൂടെ വരണമല്ലോന്ന് ഓർത്ത് പറഞ്ഞു പോയതാ... "

കൈകൂപ്പി അവൻ പറഞ്ഞതും ഞാൻ ചിരിച്ചു കൊണ്ട് അവന്റെ തോളിൽ കയ്യിട്ട് കൊണ്ട് വീട്ടിലേക്ക് നടന്നു... കവലയിലെ എല്ലാവരും എന്നെ നോക്കി ചിരിക്കുന്നുണ്ട്.. എല്ലാവർക്കും ഞാൻ പ്രിയപ്പെട്ടതാണ്.. നാട്ടുകൂട്ടം എന്റെ വിഷയം ആണ്, അല്ലേൽ എനിക്കെതിരാണെന്ന് കണ്ടാൽ ഒറ്റ എണ്ണം അവിടേക്ക് വരില്ല.  എന്നെ വേദനിപ്പിക്കാൻ ആർക്കും ഇഷ്ടമല്ല.. കാരണം ഞാൻ ശിവയുടെ ദേവൻ ആണല്ലോ... അതായത് ശിവയുടെ പ്രാണൻ... ശിവയെന്നാൽ ഈ നാടിന്റെ ഐശ്വര്യമാണ്... അവളുടെ കണ്ണുനീർ ഈ മണ്ണിൽ പതിച്ചാൽ വെണ്ണീർ ആയിപ്പോവുമെന്നാ പറയുന്നത്... അതിനാൽ എന്നെയും അവളെയും വേർപിരിക്കാൻ ആരും ശ്രമിക്കില്ല.. അത് പോലെ ഒരുമിപ്പിക്കുകയുമില്ല.... 

നേർത്ത പുഞ്ചിരിയോടെ ഞാൻ ഒരു ദീർഘനിശ്വാസം വിട്ടു... 


 പാടത്തിന് അപ്പുറം ആണ് ഞങ്ങളുടെ വീട്.. വീടെന്നാൽ ചെറിയ കൂര... ആ കൂരക്ക് തൊട്ടപ്പുറമാണ് ശിവയുടെ നാലു കെട്ടു  തറവാട്..
ഈ  കൊച്ചു ഗ്രാമത്തിൽ ആകെ 60 കുടുംബങ്ങളാണ്.. അതിൽ 35 കുടുംബവും മുസ്ലിങ്ങളും ബാക്കി നമ്പൂതിരികളും ആണ്.. ഒത്തൊരുമയോടെ പരസ്പര സഹകരണത്തിൽ വസിക്കുന്നവരാണ് എല്ലാവരും.... 
നെൽവയലുകൾക്കിടയിലൂടെയുള്ള പാട വരമ്പത്തൂടെ ഞാനും അസിയും മുന്നോട്ട് നടന്നു.. വിത്ത് വിതക്കാനായി പാടം ഉഴുതു മറിച്ചിട്ടുണ്ട്.. ചെളിയുടെ മണം മാനമാകെ നിറഞ്ഞതും ഞാനും അസിയും കുറച്ചു നേരം അവിടെ നിന്നു... ഇപ്പൊ ശിവ ഉണ്ടായിരുന്നെങ്കിൽ ഈ പാടമാകെ ഓടി നടക്കും... ചെളിയിലൂടെ അവളുടെ നഗ്ന പദങ്ങൾ പൂഴ്ത്തി ഉഴുതു മറിച്ച പടത്തെ  മീനുകളെ കൈകൊണ്ട് പിടിച്ച് അവയെ തോട്ടിൽ കൊണ്ട് വിടും... വട്ട് പെണ്ണ് തന്നെയാണ്.. ആ വട്ടിന് ഒപ്പം തുള്ളാൻ ഞാനും ഞങ്ങളെ വഴക്ക് പറഞ്ഞ് കൂടെ നിൽക്കുന്ന അസിയും... അതൊരു വല്ലാത്ത അവസ്ഥ തന്നെയാണ്... 

"വേഗം നടക്കെന്റെ ആദമേ....എന്ത് ആലോചിച്ചു നിൽക്കാ...
 ഇന്നത്തെ നാട്ടുകൂട്ടം നിന്റെ പേരിൽ ആയിരുന്നെന്ന് അറിഞ്ഞാൽ അതോടെ തീർന്നു.. പച്ച വെള്ളം തരൂല ഉമ്മ... "


"നീ വായ അടച്ചിരുന്നാൽ മാത്രം മതി.. ഒന്നും എഴുന്നള്ളിക്കേണ്ട.. "


"ഓ.  ഇപ്പൊ എനിക്കായി കുറ്റം.. അല്ല.. ഭവതി എവിടെ.. ഇനി ഒരു ദർശനം കിട്ടാൻ എത്ര കാത്തിരിക്കണം എന്നാവോ... "


മുണ്ട് മടക്കി കൊണ്ട് പാടത്ത് നിൽക്കുന്ന  കുട്ടികളോട് വഴിയിൽ നിന്ന് മാറാൻ പറഞ്ഞു കൊണ്ട് അസി പറഞ്ഞതും എനിക്ക് ചിരി വന്നു.. ഇനി നേരിൽ കണ്ടാൽ ശിവയും അസിയും നല്ല അടിയാവും.... 

"ഹിഹിഹി.. എന്തായാലും ഇന്നിനി അവളെ കാണില്ല.നാളെ അതിരാവിലെ കണ്ടോ.. "


" പോടാ എരുമേ... അവളെയൊന്ന് കാണട്ടെ.. രണ്ടിന്റെയും ദേവി ദേവൻ കളി ഞാനിന്ന് നിർത്തി തരാം. "


"ചൂടാവല്ലേ അസി... അവൾക്കൊരു തുണ ആയിട്ടല്ല ഞാൻ സർപ്പക്കാവിൽ  പോകുന്നത്.. അവൾ പറഞ്ഞിട്ടുമല്ല... അവളാ ദീപം കത്തിച്ചു വെച്ച് തൊഴുതു നിൽക്കുമ്പോൾ  കൺ നിറയെ കണ്ടു നിൽക്കാൻ വേണ്ടിയാ പോകുന്നത്.. "


"മ്മ്മ്.. കണ്ടു നിൽക്കൽ.. എന്നാണാവോ നിന്നെ ഈ നാട് കടത്തുന്നത്.. ആ ജേഷ്ഠൻ നമ്പൂതിരി നിന്നെ നോക്കിയ ആ നോട്ടം... അയ്യോ.... "


"ഹിഹിഹി. ഹിഹി.. "


"കിണിക്കാതെ നടക്ക് "


അവനെന്നെ മുന്നോട്ട് ഉന്തിയതും ചിരിച്ചു കൊണ്ട് ഞാൻ നടന്നു... ദിവസവും ഞാൻ ശിവയോടൊപ്പം സർപ്പക്കാവിൽ പോകാറുണ്ട്... അസിക്കും നമ്പൂതിരിക്കും അല്ലാതെ മറ്റാർക്കും അതറിയില്ല.. ഇപ്പൊ ഇതാ മുക്രിക്ക് ചെറിയ സംശയവും ഉണ്ട്... 
ആരെതിർത്താലും ഞാൻ അവളുടെ കൂടെ പോവും... 
നമ്പൂതിരി പറഞ്ഞത് പോലെ സർപ്പക്കാവിൽ പ്രവേശിക്കാൻ അനുമതി  ശിവന്റെ പ്രിയപ്പെട്ടവർക്ക് മാത്രമാണ്.. ശിവന് പ്രിയം എന്റെ ശിവയെ ആണ്.. അവളുടെ ജീവൻ ഞാനും.. അത് കൊണ്ട് തന്നെ കാവൽ നിൽക്കുന്ന സർപ്പം എന്റെ നേരെ നോക്കുക പോലുമില്ല.... 


പറഞ്ഞ് പറഞ്ഞ് വീടെത്താൻ ആയി.. ആദ്യം എത്തുന്നത് സാഹിബിന്റെ വലിയ വീടിന് മുന്നിലാണ്.. അത് കഴിഞ്ഞാൽ ശിവയുടെ മനയും... പിന്നെ എന്റെയും അസിയുടെയും ചെറിയ വീടും... സാഹിബിന്റെ വീട് കഴിഞ്ഞ് ശിവയുടെ നാലുകെട്ട് മനയിലേക്ക് ഞാൻ എത്തി നോക്കി.. ഈ ദിവസം അവൾ ക്ഷേത്രത്തിൽ തന്നെ ആയിരിക്കും... കടുത്ത ശിവ ഭക്തയാണവൾ.. ഇനി ഇന്ന് ത്രിസന്ധ്യക്ക് മാത്രമേ ഞാനും അവളും കാണൂ.. അതിന് കാരണം ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകതയാണ്... വെള്ളിയാഴ്ച... ആഴ്ചയിൽ ഈ ഒരു ദിവസം ഇറച്ചി എനിക്ക് നിർബന്ധമാണ്.. ജുമുഅ കഴിഞ്ഞു വന്നാൽ ഉമ്മാന്റെ ഇറച്ചികറി കൂട്ടി ചോറ് തിന്നണം. അത് ശീലമായി... ശിവാക്കാണേൽ അതിന്റെ മണം പോലും പിടിക്കില്ല..അതിനാൽ ഞാൻ അവളെ കാണാൻ പോവില്ല.. ഞാൻ അരികിൽ ഇല്ലാത്തത് കൊണ്ട് അവൾ അവളുടെ  ശിവന്റെ അടുത്തേക്ക് പോകും.. 


അവളുടെ വിശ്വാസവും എന്റെ വിശ്വാസവും ഉയർത്തി പിടിച്ചു കൊണ്ടുള്ള ഞങ്ങളുടെ പ്രണയം ഈ നാട്ടുകാരുടെ മനസിൽ അസൂയ അല്ലാതെ വരുത്തില്ല. 
നോട്ടം കൊണ്ട് പോലും കളങ്കം വരുത്താത്ത പ്രണയം ആയത് കൊണ്ട് തന്നെ എല്ലാവർക്കും ഞങ്ങളെന്നാൽ ജീവനുമാണ്..  ആഴ്ചയിൽ ഈ ഒരു ദിവസം മാത്രം പരസ്പരം ഞങ്ങൾ കാണില്ല.... ആ ദിവസം ഈ ഗ്രാമം ഉറങ്ങിയ പോലെ ആയിരിക്കും.... 


ശിവയുടെ നാലുകെട്ട് കഴിഞ്ഞതും ഞാൻ പുഞ്ചിരിച്ചു കൊണ്ട് തിരിഞ്ഞു നോക്കി.. ചെമ്പകമരം എന്നെ നോക്കി കണ്ണിറുക്കുന്ന പോലെ..  പണ്ട് ഞാനും അവളും കൂടെ നട്ടു പിടിപ്പിച്ചതാ ആ ചെമ്പകം... ഞങ്ങളുടെ പ്രണയം വളർന്നു വലുതായ പോലെ മരവും വലുതായി..   അവളുടെ  ആ കറുത്ത മുടിയിഴക്കുള്ളിൽ എപ്പോഴും ഒരു തുളസി കതിരും ചെമ്പകപൂവും ഉണ്ടാവും... 


ചെമ്പകത്തിന്റെ  മണം മൂക്കിലേക്ക് മുഴുവൻ ആവാഹിച്ചു കൊണ്ട് ഞാൻ മുന്നോട്ട് നടന്നു....  അസി അവന്റെ വീട്ടിലേക്ക് കയറി പോയതും ഞാൻ മെല്ലെ  എന്റെ വീട്ടിലേക്ക് വെച്ച് പിടിച്ചു..
ഇന്ന് നാട്ടുകൂട്ടം കൂടുന്ന കാര്യം ഉമ്മാക്കറിയാം.. എന്നാൽ എന്താ കാര്യമെന്ന് അറിയില്ല.. ഇനിയിപ്പോ അറിഞ്ഞാൽ ഉപദേശത്തോടുപദേശമാവും..

മുൾ വേലി കൊണ്ടുള്ള അതിർത്തി മുറിച്ചു കടന്നു കൊണ്ട് ഞാൻ മുന്നോട്ട് നോക്കിയതും എന്നെ  ദേഷ്യത്തോടെ നോക്കി നിൽക്കുന്ന ആളെ കണ്ട്  ഞാൻ ചിരിച്ചു നിന്നു... എന്നാൽ  അപ്പുറത്ത്  നിൽക്കുന്ന ആളെ കണ്ടതും ഞാൻ ദേഷ്യത്തിൽ മുഖം തിരിച്ചു...............(തുടരും)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story