ശിവ 🖤: ഭാഗം 20

shiva

രചന: RAIZA

ഒരു നിമിഷം.. ഭൂമി നിശ്ചലമായി... ഗ്രാമത്തെ തഴുകി തലോടും കാറ്റത് നിലച്ചു... ആടിയുലയുന്ന  ഇലകളും കലപില കൂട്ടിയ കിളികളും നിശബ്ദരായി.. 
മൂകമായാ അവസ്ഥയിൽ കണ്ണുനീർ പോലും നിശ്ചലമായി... 
ആദം ശിവയെ തല്ലിയ കൈകൾ താഴ്ത്താനാവാതെ സ്തബ്ധനായി  അവളെ നോക്കി നിന്നു...... കൂട്ടം കൂടി നിന്ന നാട്ടുകാർ ഹൃദയത്തിൽ ഭാരം കയറ്റി വെച്ച പോൽ അത്രയേറെ വിഷമത്തോടെ അവരെ നോക്കി നിന്നു .. 

ശിവ... ആദം തല്ലിയ കവിളിൽ തന്റെ വലത് കരം ചേർത്ത് വെച്ച് അവിശ്വസനീയമായി  അവനെ നോക്കി... ഒരു നിമിഷം... അവളുടെ കണ്ണിൽ നിന്നുമൊരു തുള്ളി കവിളിലൂടെ ഒലിച്ചിറങ്ങി ഭൂമിയിലേക്ക് പതിച്ചു........


ശിവയിൽ നിന്നൊട്ടും  പ്രതീക്ഷിക്കാത്ത വാക്കുകൾ കേട്ട് അറിയാതെ അവളെ തല്ലി പോയതാണ്.. മനസ്സറിഞ്ഞല്ല അവളാ പറഞ്ഞതെന്ന് എനിക്കറിയാം.. എവിടെ നിന്നോ ഒരു ദിവസം വന്ന പെണ്ണിന് വേണ്ടി ഞാൻ ആത്മാർഥമായി സ്നേഹിക്കുന്ന പെണ്ണിനെ ഇങ്ങനെ വേദനിപ്പിക്കുമ്പോൾ ആർക്കായാലും  അരിശം തോന്നും..... 
ഒന്നും പറയാനാവുന്നില്ലല്ലോ എനിക്ക്.. 
കവിളിൽ പൊത്തി പിടിച്ചു നിൽക്കുന്ന
ശിവയെ  ദയനീയമായി  ഞാൻ നോക്കി.. എന്നെ നോക്കി രണ്ടടി അവൾ പിറകോട്ടു വെച്ചതും ഞാൻ മുന്നോട്ട് രണ്ടടി വെച്ച് അവളെ വിളിച്ചു.. എന്നാൽ ഒന്നും പറയേണ്ടെന്ന രീതിയിൽ അവൾ കൈ ഉയർത്തി എന്നെ തടഞ്ഞു കൊണ്ട് മുഖം തിരിച്ചു.. 

"ശിവാ... ഞാൻ.. ഞാൻ അറിയാതെ... ക്ഷമിക്ക് നീ... നീ കരുതും പോലെയൊന്നുമല്ല  കാര്യങ്ങൾ.. എന്നെ ഒന്ന് മനസിലാക്ക്  നീ.. നിന്റെ ആദം അത്തരക്കാരനാണോ...ആണോ ശിവാ.. "

അതും പറഞ്ഞു കൊണ്ട് ഞാൻ അവളുടെ മുന്നിൽ കയറി നിന്നതും കണ്ണുനീർ നിറഞ്ഞ കണ്ണുകൾ  അടച്ചവൾ മുഖം തിരിച്ചു..... 


ആദം എന്റെ മുഖത്തേക്ക് അടിച്ചപ്പോൾ ശരീരം കുഴഞ്ഞു പോകുന്ന പോലെയാണ് തോന്നിയത്... അവനെത്ര അടിച്ചാലും വേദനിക്കുമായിരുന്നില്ല. പക്ഷെ.. ഇത്.. ഈ അടി ഹിബക്ക് വേണ്ടിയല്ലോ എന്നോർക്കുമ്പോൾ ഹൃദയം കീറി മുറിക്കുന്ന വേദന.. 
എന്റെ മുന്നിൽ വന്ന് ആദം എന്തൊക്കെ പറഞ്ഞിട്ടും അവന് നേരെ നോക്കാൻ പോലും തോന്നുന്നില്ല... 
ശെരിയാണ്.. ശിവയുടെ ആദം അത്തരക്കാരനല്ല. ശിവയുടെ ആദം ശിവയുടെ മാത്രമാണ്.. സ്വാർത്ഥതയല്ല അത്.. വിശ്വാസമാണ്.. 
പക്ഷെ... ഇപ്പോൾ.. ആദം ശിവയുടേതല്ലല്ലോ.. അതവൻ പറയാതെ പറഞ്ഞല്ലോ.. 


"ശിവാ... എന്തെങ്കിലും പറയ് പെണ്ണേ നീ.  ഞാൻ നിന്നെ ഒഴിവാക്കാൻ ശ്രമിച്ചുവെന്ന് നീ കരുതുന്നുണ്ടോ.. എന്റെ പ്രണയം അഭിനയമായിരുന്നോ.. ആർക്കെങ്കിലും വേണ്ടി ആദം ശിവയെ മറക്കുമോ.. അവളെയല്ലാതെ  മറ്റൊരു പെണ്ണിനെ ആദം പ്രണയിക്കുമോ.  നിന്റെ ശിവന് തുല്യമല്ലേ പെണ്ണേ ഞാൻ.. മറ്റാരെയും മനസ്സിൽ കൊണ്ട് നടക്കാതെ എന്റെ പെണ്ണിനെ മാത്രം പ്രണയിച്ച എന്നെയാണോ നീ ഈ വാക്കുകൾ കൊണ്ട് വേദനിപ്പിക്കുന്നത് "


"മതി.. ആദം.. നീ ഈ ചോദിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരം തന്നെയല്ലേ എന്റെ കവിളിൽ പതിഞ്ഞ നിന്റെ വിരലുകൾ.. ഇവൾക്ക് വേണ്ടിയല്ലേ എന്നെ നീയിപ്പോൾ വേദനിപ്പിച്ചത്.. പറഞ്ഞതിൽ എനിക്കൊരു കുറ്റബോധവും ഇല്ല ആദം.. നിന്റെ ഓരോ പ്രവർത്തികൾ തന്നെയാണ് അങ്ങനെ എന്നെ കൊണ്ട് പറയിപ്പിച്ചത്.  അല്ലെങ്കിൽ.. നീ തന്നെ പറ.. സുഹൃത്തിന്റെ പെങ്ങൾ.. ആ ഒരു കാരണം കൊണ്ട് മാത്രം നീ ഇങ്ങനെ പെരുമാറുമോ.. ഇവൾക്ക് നിന്നോടുള്ള അടുപ്പം കാണുമ്പോൾ അങ്ങനെ എനിക്ക് തോന്നുന്നില്ല.. അസിയും നീയും ഒരു പോലെയല്ലേ ഇവൾക്ക്.. ഇവളുടെ കാക്കുവിന്റെ സുഹൃത്തുക്കൾ.. പക്ഷെ.. അങ്ങനെ തോന്നുന്നില്ലല്ലോ.. എന്ത് കൊണ്ട് നിന്നോട് മാത്രം ഇവൾ കൂടുതൽ അടുക്കുന്നു.. നീ മാത്രം എന്ത് കൊണ്ട് അവളെ കൂടുതൽ ചേർത്ത് പിടിക്കുന്നു.. കുറച്ചു ദിവസത്തിനെന്ന് പറഞ്ഞ് ഇപ്പോഴും ഇവളീ നാട്ടിൽ നിൽക്കുന്നതെന്തിനാ . പറ ആദം.. "


ശിവ പറയുന്നതിനൊന്നും മറുപടി പറയാനാവാതെ ഞാൻ തലതാഴ്ത്തി നിന്നു.. ഉത്തരം  എന്റെ പക്കൽ ഇല്ലാഞ്ഞിട്ടല്ല.. പക്ഷെ.. കഴിയില്ല പറയാൻ ഒന്നും.. ദയനീയമായി ഞാൻ അവളെ നോക്കി കണ്ണുകൾ കൊണ്ട് ഒരായിരം കഥകൾ പറഞ്ഞിട്ടും അവളിൽ തങ്ങിയ കണ്ണുനീർ കൊണ്ടവൾ അതൊന്നും കണ്ടില്ല.. 


ആദമിന്റെ മൗനം വീണ്ടും വീണ്ടും എന്നെ കുത്തി കൊല്ലുന്നു.... ആദം ശിവയെ അല്ലാതെ മറ്റൊരാളെ പ്രണയിക്കില്ലെന്നും മനസ്സിൽ ശിവ മാത്രമേ ഉള്ളുവെന്നും എന്നേക്കാൾ നന്നായി മറ്റാർക്കും അറിയില്ല.. പക്ഷെ.. എന്ത് കൊണ്ട് ആദം ഹിബയെ ഒഴിവാക്കാതെ അടുപ്പിച്ചു നിർത്തുന്നു.. ഉത്തരമില്ലാത്ത ചോദ്യമായത് മാറുമ്പോൾ വിശ്വാസങ്ങൾ തകർന്നടിയുന്നു .. 


"മൗനം കൊണ്ട് നീയെന്നെ കൊല്ലുകയാണ് ആദം.. ശിവയുടെ ആദം ഇങ്ങനെ അല്ല.. ഒരിക്കലും ആദം ശിവയെ വേദനിപ്പിക്കില്ല.. "

"ശിവാ.. എന്നെയൊന്ന് മനസ്സിലാക്ക്.. ഞാൻ പറയുന്നതൊന്ന് കേൾക്ക് നീ.. "


"എന്ത് കേൾക്കാനാ ആദം... ആദമിന്റെ മനസ്സിൽ ശിവ അല്ലാതെ മറ്റാരുമില്ല.. അതല്ലേ.. അത് ആദം പറയാതെ തന്നെ ശിവക്കറിയാം... പക്ഷെ.. എനിക്ക് കേൾക്കേണ്ടത് അതല്ല.. ഹിബയോടുള്ള നിന്റെ അടുപ്പം... അത് മാത്രം അറിഞ്ഞാൽ മതി.. എന്ത് കൊണ്ടിവളെ  പട്ടണത്തിലേക്ക് തിരിച്ചയക്കാൻ നിനക്ക് സമ്മതമല്ല.."


ശിവ വീണ്ടും അത് തന്നെ പറഞ്ഞതും എന്ത് പറയണം എന്നറിയാതെ ഞാൻ തളർന്നു.. ഹിബയെ നോക്കിയപ്പോൾ അവൾ തല താഴ്ത്തി നിൽക്കുന്നത് കണ്ടു.. ശിവയാണേൽ എന്റെ വാക്കിന്‌ കാതോർത്ത് എന്നെ തന്നെ നോക്കാണ്... എല്ലാം വരുന്നിടത്ത് വെച്ച് കാണാം എന്ന ചിന്തയിൽ ഞാൻ കണ്ണുകൾ ഇറുക്കി അടച്ച് തുറന്നു കൊണ്ട് ശിവയെ നോക്കി. 

"ശിവാ.. ഞാൻ.. ഞാൻ പറയാം.. അത്.. ഹിബ.. "

അവൾക്ക് നേരെ നിന്ന് ഞാൻ പറയാൻ തുടങ്ങിയതും പെട്ടന്ന് സാഹിബ്‌ ആളുകളെ വകഞ്ഞു മാറ്റി കൊണ്ട് ഞങ്ങൾക്ക് നേരെ വന്നു നിന്നു.. അയാളെ കണ്ടതും പറയാൻ വന്നത് വിഴുങ്ങി കൊണ്ട് ഞാൻ ശിവയെ നോക്കി... അവളുടെ വാടിയ  മുഖം ഖൽബിൽ തുളഞ്ഞു കയറാണ്.... സാഹിബിനെയും ഹിബയെയും ശിവയേയും മാറി മാറി നോക്കി ഞാൻ തല താഴ്ത്തി നിന്നു.. 

"എന്താ ആദം... വാക്കുകൾ കിട്ടുന്നില്ലേ പറയാൻ.. പൊള്ളയായ വാക്കുകൾക്ക് മീതെ സത്യം പറയാൻ നിന്റെ നാവുകൾക്കാവുന്നില്ല.. അതല്ലേ സത്യം... എല്ലാം മനസ്സിലായി.. എല്ലാം. വിഷ്ണുവേട്ടൻ പറഞ്ഞത് പോലെ  ഇവളിലേക്ക് നീ ചാഞ്ഞത് ഇവളൊരു മുസ്ലിം ആണെന്നത് കൊണ്ടാണ്.. സമൂഹത്തെ പേടിക്കാതെ ജീവിക്കാല്ലോ അല്ലേ.. എന്നോട് അടുത്താൽ നാം ഒരുമിച്ചാൽ സമൂഹത്തിന്റെ വെറുപ്പ് സമ്പാദിക്കേണ്ടി വരും.. അല്ലേ ആദം.."


ശിവയോട് അങ്ങനെ അല്ലെന്ന് തലയാട്ടിയിട്ടും അത് കാണാതെ അവൾ മുഖം തിരിച്ചു... 

"ഇനി ഈ ശിവയില്ല ആദം.. ആദമിന്റെ ആയിരുന്നല്ലോ ശിവ.. ആദമിനിപ്പോൾ  ശിവയുടെ ആവശ്യമില്ല.. അത് കൊണ്ടിനി ശിവയില്ല.. ദേവു.. ദേവുവാണ് ഞാനിപ്പോ.. ശിവയല്ല.."


അതും പറഞ്ഞവൾ തിരിഞ്ഞു നടക്കാൻ നിന്നതും ഹൃദയം പിടഞ്ഞു.. എന്റെ ജീവൻ എന്നിൽ നിന്നകന്നു പോകുന്ന പോലെ തോന്നിയതും  നാട്ടുകാർ എല്ലാം നോക്കി നിൽക്കാണെന്നത് കാര്യമാക്കാതെ അവളുടെ കയ്യിൽ പിടിച്ചു വലിച് എന്റെ നെഞ്ചിലേക്കവളെ വലിച്ചിട്ടു . അവളുടെ അരയിലൂടെ രണ്ടു കയ്യുമിട്ട് അവളെ പോകാൻ സമ്മതിക്കാതെ ബലമായി എന്നോട് ചേർത്ത് വെച്ചു... 
കണ്ണുനീർ വറ്റിയ അവളുടെ കരിമഷിക്കണ്ണുകൾ വീണ്ടും നിറഞ്ഞു വരുന്നത് ഞാൻ കണ്ടു.. ചുണ്ടുകൾ വിതുമ്പുന്നുണ്ട്..  തേങ്ങുന്ന അവളുടെ  ഹൃദയമിടിപ്പ് എന്റെ കാതുകളിൽ മുഴങ്ങി... 

"ശിവാ... "

പതിയെ ഞാൻ വിളിച്ചതും അവൾ മുഖം ഉയർത്തി കൊണ്ടെന്നെ നോക്കി.. കണ്ണുകൾ പരസ്പരം കോർത്ത് ഒരു നിമിഷം ഞങ്ങൾ നിന്നു. 

"ശിവയില്ലേൽ ആദമും ഇല്ല.. എന്നെയൊന്ന് മനസ്സിലാക്ക്  നീ.. കണ്ണുകൾ തുറന്നൊന്നു നോക്ക് നീ . എന്റെ ഹൃദയത്തിൽ നീയല്ലാതെ മറ്റൊരു പെണ്ണുണ്ടോ.. എന്റെ ഹൃദയം നിനക്കല്ലാതെ മറ്റാർക്കാണ് കാണാൻ കഴിയുക ശിവാ.. എന്റെ മിടിപ്പല്ലേ പെണ്ണേ നിന്റെ ജീവൻ.. എല്ലാം അറിഞ്ഞിട്ടും എന്തിനെന്നെ നോവിക്കുന്നു.. എന്റെ അവസാന ശ്വാസത്തിലും എന്റെ പെണ്ണ് ശിവ മാത്രമായിരിക്കും.. ആദമിന്റെ ശിവ.. അതെന്നും അങ്ങനെ തന്നെയാണ് പെണ്ണെ "


ആദമെന്റെ കണ്ണുകൾ നോക്കി പറഞ്ഞതും എന്റെ കണ്ണിൽ നിന്നും കണ്ണുനീർ ചാലിട്ടൊഴുകി.. അവന്റെ നെഞ്ചിൽ കിടന്ന് പൊട്ടിക്കരയാൻ മനസ്സ് വെമ്പി.. എന്റെ ആദമിനെ എനിക്ക്  വിശ്വസമാണെന്ന് എല്ലാവരും
കേൾക്കെ പറയാൻ നാവ് തുടിച്ചു.. 
പക്ഷെ.. പെട്ടന്ന്.. വിഷ്ണുവേട്ടൻ എന്റെ കയ്യിൽ പിടിച്ച് ആദമിൽ നിന്നും എന്നെ വേർപ്പെടുത്തി.................(തുടരും)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story