ശിവ 🖤: ഭാഗം 21

shiva

രചന: RAIZA

"ദേവൂ.. നീ വീണ്ടും ഇവന്റെ പൊഴി വാക്കുകളിൽ മയങ്ങുവാണോ.. നിന്റെ കണ്ണുനീരിന്റെ ശാപം തന്റെ മേൽ പതിയരുതെന്ന കാരണം കൊണ്ട് മാത്രമാണ് അവൻ വീണ്ടും നിന്നെ വാക്കുകൾ കൊണ്ട് പറ്റിക്കുന്നത്.. മണ്ടിയാവല്ലേ ദേവൂ നീ.  "


"ഡാ... മിണ്ടരുത് നീ. ഇനിയും നിന്റെ വാ തുറന്നാൽ നിന്റെ നാവ് ഞാൻ പിഴുതെടുക്കും.."


"നാണമില്ലല്ലോ ആദം.. എവിടെ നിന്നോ വന്ന പെണ്ണിന് വേണ്ടി ഇങ്ങനെ തിളച്ചു മറിയാൻ.. നിനക്ക് ദേവു ആണ് വലുതെങ്കിൽ എന്തിന് ഈ പെണ്ണിനെ ഇനിയും ഇവിടെ നിർത്തുന്നത്.. സുഹൃത്തിന്റെ പെങ്ങളല്ലേ.. പറഞ്ഞയച്ചൂടെ.. അവൾക് വേണ്ടി എന്തിനാ ദേവുവിനെ വേദനിപ്പിക്കുന്നത് "


വിഷ്ണു ഹിബയെ നോക്കി പറഞ്ഞതും ശിവ എന്നെ നോക്കി.. എന്താണ് പറയേണ്ടതെന്നറിയാതെ ഞാൻ അവളെ നോക്കി... 

"ഏട്ടൻ പറഞ്ഞത് ശെരിയല്ലേ ആദം.. സുഹൃത്തിന്റെ പെങ്ങൾക്ക് വേണ്ടി എന്തിനാ ഇത്ര ദേഷ്യം... കുറച്ചു ദിവസം നാട് കാണാൻ വന്നതല്ലേ അവൾ.. അവളെ തിരിച്ചയക്ക്.. നമ്മുടെ ഇടയിൽ ഒരു കരടായി അവളിനി വേണ്ട.. "

പ്രശ്നം അവസാനിപ്പിക്കാൻ എന്നോണം മയത്തിൽ ഞാൻ പറഞ്ഞു.. എന്നാൽ ആദം വീണ്ടും മൌനത്തിലായത്  എന്നെ ചൊടിപ്പിച്ചു.. അവളുടെ കാര്യം വരുമ്പോൾ മാത്രമുള്ള അവന്റെ ഈ മൗനം സഹിക്കാനോ ക്ഷമിക്കാനോ കഴിയുന്നില്ല.. 


"എന്താ ആദം.. കഴിയുന്നില്ലേ നിനക്ക്... ഇവളെ ഒഴിവാക്കാൻ കഴിയുന്നില്ലേ നിനക്ക്.. "

"ഇല്ല... "

ദേഷ്യത്തോടെ ഞാൻ ചോദിച്ചതിന് പെട്ടന്ന്  കണ്ണടച്ചവൻ ഉത്തരം നൽകിയതും ഹൃദയം നിലച്ചത് പോലെ എനിക്ക് തോന്നി.. അവന്റെ അരികിൽ നിൽക്കുന്ന ഹിബയെയും അവനെയും മാറി മാറി നോക്കി ഞാൻ പിറകിലേക്ക് അടി വെച്ചു... 


"കേട്ടില്ലേ.. നിന്റെ മുഖത്തു നോക്കി തന്നെ പറഞ്ഞില്ലേ അവൻ.. ഞാൻ പറഞ്ഞതല്ലേ ദേവു നിന്റെ ആദം മാറിയെന്ന്. അപ്പോഴൊക്കെ നീ അത് എതിർത്തു.. പറഞ്ഞു ഞാൻ കണ്ണുനീർ മാത്രമാവും ബാക്കിയെന്ന്.. 
ഇനിയെന്ത് നോക്കി നിൽക്കാ നീ.. "


അതും പറഞ്ഞ് വിഷ്ണുവേട്ടൻ എന്റെ കയ്യിൽ പിടിച്ചു വലിച്ച് നടക്കാൻ നിന്നതും ഞാൻ ആദമിനെ നോക്കി.. അവൻ എന്റെ മറ്റേ കയ്യിൽ പിടുത്തം മുറുക്കിയിരുന്നു. 

"ആദിശിവയെ അടർത്തി മാറ്റാൻ മനുഷ്യനായി പിറന്ന ആർക്കും സാധിക്കില്ല.. ആദമിന്റെ ശിവയും ശിവയുടെ ആദമും തന്നെ... ആരാലും അത് മാറ്റപ്പെടില്ല.. "


"വിടെടാ... നിന്റെ മറ്റവളുടെ കയ്യിൽ ഒന്ന് പിടിച്ചപ്പോൾ നീ എന്നെ തല്ലി ചതച്ചു.. ഇപ്പോൾ ഞാൻ പറയാ.. തൊട്ട് പോവരുത് ഇവളെ...  പറഞ്ഞു കഴിഞ്ഞല്ലോ നീ ഹിബയെ നിനക്ക് ഒഴിവാക്കാൻ കഴിയില്ലെന്ന്.. പിന്നെ എന്തിന് ദേവുവിന്റെ പിറകെ വരുന്നത്.. അവളിലെ സുഖം കഴിഞ്ഞോ..ഇനി ഞങ്ങളുടെ ദേവുവിനെയും വേണോ "

അവനത് പറഞ്ഞതും മുഖമടക്കി ഞാനവനെ അടിച്ചു.. തെന്നി മാറിയ അവനെ ഞാൻ അവന്റെ കോളറിൽ പിടിച്ച് എന്റെ നേരെ നിർത്തി.. കോപം കൊണ്ട് കത്തി ജ്വലിച്ച കണ്ണുകളാൽ ഞാനവനെ നോക്കി. 

"വെച്ചേക്കില്ലെടാ ഞാൻ നിന്നെ.. യഥാർത്ഥ  പ്രണയം എന്നാൽ ശരീരം മോഹിച്ചുള്ളതല്ല.. നിന്നെ പോലുള്ള വൃത്തികെട്ട ചിന്തയുള്ളവർക്ക് ഇങ്ങനെയൊക്കെ പറയാനേ അറിയൂ.
ശിവ എന്റെ പെണ്ണാണ്.. എന്റെ മാത്രം.. അവളുടെ ശരീരം മോഹിച്ചല്ല ഞാൻ അവളെ സ്നേഹിച്ചത്, "


"അതേ ഡാ.. അവളുടെ ശരീരമല്ല നിനക്ക് വേണ്ടത്.. നാടിന്റെ ഐശ്വര്യമായ അവളെയാണ്.. അവൾ നിന്നെ ജീവനായി കാണുന്നിടത്തോളം  കാലം നിനക്ക് സകല ഐശ്വര്യങ്ങളും വന്നു ചേരും..
അതിന് വേണ്ടി മാത്രം    അവളെ നീ സ്നേഹിക്കുന്നു.. ശരീരം നൽകാൻ വേറെ ചിലർ ഉണ്ടല്ലോ.. "


ഹിബയെ നോക്കി പുച്ഛത്തോടെ അവൻ പറഞ്ഞതും ദേഷ്യം പിടിച്ചു വെക്കാതെ ഞാനവന്റെ നെഞ്ചിൽ മുഷ്ടി ചുരുട്ടി ഇടിച്ചു.. നിലത്തേക്ക് വീണ അവന്റെ നെഞ്ചിൽ അമർത്തി ചവിട്ടി ഞാൻ നിന്നു.. 

"ഡാ.. ചെറ്റേ.. ഇനി ഇവളെ പറ്റി മോശമായി ഒരക്ഷരം പറഞ്ഞാൽ... ഈ ആദമിന്റെ മറ്റൊരു മുഖം നീ കാണും "

അവന് നേരെ കൈ ചൂണ്ടി കൊണ്ട് ഞാൻ പറഞ്ഞ് ഹിബയെ ചേർത്ത് പിടിച്ച്.. കാഴ്ച കണ്ട് നിൽക്കുന്ന നാട്ടുകാരെ മൊത്തം നോക്കി ഞാൻ ഹിബയെ രണ്ടു കൈ കൊണ്ടും ചേർത്ത് പിടിച്ച് അവളുടെ തലയിൽ തലോടി.. കണ്ണുനീർ ഒലിച്ചിറങ്ങുന്ന അവളുടെ കവിളുകൾ ഞാൻ തലോടി കണ്ണുനീർ തുടച്ചു കൊടുത്തു.. 


"എല്ലാവരോടും കൂടി പറയാ.. ഇവളെ പറ്റി മോശമായി ആരെങ്കിലും പറഞ്ഞാൽ ആ നാവ് ഞാൻ പിഴുതെടുക്കും.. ഈ ആദമിന്റെ ജീവനാണിവൾ.. ഇവളെ ആരെങ്കിലും വേദനിപ്പിച്ചാൽ.... "

കൈ ചൂണ്ടി ഞാൻ എല്ലാവരോടും കൂടെ പറഞ്ഞതും പെട്ടന്ന് ശിവ എന്റെ മുന്നിൽ കയറി നിന്നു.. ആ സമയം അവളെ നോക്കി ഞാൻ കൈകൾ മെല്ലെ താഴ്ത്തി.. എന്നെയും എന്റെ അരികിൽ നിൽക്കുന്ന അവളെയും നോക്കി ശിവ കണ്ണുകൾ ഇറുക്കി അടച്ചു... 
ഒരു നിമിഷം അവൾ കണ്ണടച്ച് നിന്നു.. കൺപോളകളെ ഭേദിച്ചു കൊണ്ട് കണ്ണുനീർ ഒലിച്ചിറങ്ങിയതും അവൾ കണ്ണ് തുറന്നു.... ദേഷ്യം ആളിക്കത്തുന്ന കണ്ണുകളോടെ അവൾ എന്നെ നോക്കി.. 

"ഇനി എന്റെ കൺമുന്നിൽ വന്ന് പോകരുത്.. ശിവയില്ല ഇനി.. ശിവയുടെ ആദമും ഇല്ല.. എനിക്കിനി നിന്നെ കാണേണ്ട.. വന്ന് പോകരുത് എന്റെ മുന്നിൽ "

വിറക്കുന്ന ചുണ്ടുകളോടെ ഒലിക്കുന്ന കണ്ണുനീരോടെ കൈ ചൂണ്ടിയവൾ അതും പറഞ്ഞു കൊണ്ട് മുഖം തിരിച്ചു നടന്നു.. 

"ശിവാ..... "

കൈ നീട്ടി ഞാൻ വിളിച്ചതും നടന്നു നീങ്ങിയ അവൾ നിന്നു.. പ്രതീക്ഷയോടെ അവളെ ഞാൻ നോക്കിയതും എന്റെ നേരെ നോക്കാതെ അവൾ അവളുടെ അച്ഛന്റെ മുഖത്തേക്ക് നോക്കി.. 

"അച്ഛാ.. പരമശിവന്റെ ദേവിയാവാൻ എനിക്ക് പൂർണ സമ്മതമാണ്.. നാളെയല്ലേ പ്രദോഷ ദിനം.. ഒരുക്കങ്ങൾ നടത്തിക്കോളൂ "


അതും പറഞ്ഞു കൊണ്ട് ശിവ നടന്നു നീങ്ങിയതും ഒരിക്കലും അങ്ങനെ ആവാൻ പാടില്ലെന്ന് മനസ്സിൽ പറഞ്ഞ് ഞാൻ അവളെ പിറകെ ഓടി.. എന്നാൽ വിഷ്ണു എന്റെ മുന്നിൽ വന്ന് എന്നെ തടഞ്ഞു നിർത്തി.. 

"അച്ഛാ... നമ്മുടെ നാടിന്റെ ഐശ്വര്യത്തെ ഇത്രമാത്രം വേദനിപ്പിച്ചതിനും അവളുടെ കണ്ണുനീർ ഈ മണ്ണിൽ പതിച്ചതിനും ഇവന് എന്ത്  ശിക്ഷയാണ് നൽകേണ്ടത്.. "


എല്ലാവരും കേൾക്കെ  ഉറക്കെ അവൻ  അത് ചോദിച്ചതും അച്ഛൻ നമ്പൂതിരി എന്റെ അടുക്കൽ വന്നു. 

"ആദം.. എന്റെ മോളെ എന്തിനാ നീ ഇങ്ങനെ വേദനിപ്പിച്ചത്. ഇപ്പോഴും നിനക്ക് സമയമുണ്ട്...  ഈ കുട്ടിയെ പട്ടണത്തിലേക്ക് പറഞ്ഞയക്ക്... എന്റെ മോളുടെ കണ്ണുനീർ കാണാൻ എനിക്കാവില്ല ആദം..... നിനക്ക് ഒഴിവാക്കാൻ വയ്യെങ്കിൽ... എല്ലാവരെയും സാക്ഷിയാക്കി ഞാൻ വിധിക്കാണ്... ഈ നാടിന്റെ ഐശ്വര്യമായ ദേവ ശിവയുടെ കണ്ണുനീരിന് കാരണക്കാരി ആയ ഈ നിൽക്കുന്ന ഹിബയെ ഈ ശിവപുരത്തിന്റെ മണ്ണിൽ നിന്നും വിലക്കിയിരിക്കുന്നു....... അടുത്ത സൂര്യോദയം ശിവ പുരത്തെ ഉണർത്തുമ്പോൾ ഇവളീ നാട്ടിൽ ഉണ്ടാവാൻ പാടില്ല "


കനത്ത ഗൗരവമേറിയ വാക്കുകൾ എനിക്ക് നേരെ അച്ഛൻ നമ്പൂതിരി തൊടുത്തു വിട്ടതും ദയനീയമായി ഞാൻ നമ്പൂതിരിയെ നോക്കി.. ആ വിധിക്ക് എതിരെ കൂടി നിന്നവർ ആരും ശബ്‌ദിക്കാത്തത് കൊണ്ട് തന്നെ ഹിബക്ക് ഊരുവിലക്ക് ഏർപ്പെടുത്തിയെന്ന് എല്ലാവരും കേൾക്കെ വിഷ്ണു ഉറക്കെ പറഞ്ഞു.. 
തല താഴ്ത്തി നിന്ന് തേങ്ങുന്ന ഹിബയുടെ കൈകൾ മുറുകെ പിടിച്ചു കൊണ്ട് ഞാൻ തല ഉയർത്തി നിന്നു.. 


"ഹിബക്ക് ഊരുവിലക്ക് ഏർപ്പെടുത്തി എങ്കിൽ ഈ ശിവപുരം എനിക്കും അന്യമാണ്... അവളില്ലാത്ത ഈ മണ്ണ് എനിക്കും വേണ്ട.. നാളത്തെ സൂര്യോദയത്തിന് മുൻപ് ഹിബയോടൊപ്പം ഞാനും ഈ നാട്ടിൽ നിന്ന് പോയ്‌ക്കോളാം "


എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ഞാനത് പറഞ്ഞു കൊണ്ട് ഹിബയുമായി ഞാൻ വീട്ടിലേക്ക് നടന്നു..  അസിയും എന്റെ പിറകെ വന്നു. അച്ഛൻ നമ്പൂതിരി ഒട്ടും പ്രതീക്ഷിച്ചിട്ടില്ലെന്ന് ആ മുഖം കണ്ടാൽ അറിയാം.. സാഹിബും ഒന്നും മിണ്ടാതെ നിൽക്കുന്നത് ഞാൻ കണ്ടു.. അയാൾക്കും ഇതായിരുന്നല്ലോ ആവശ്യം... ആദിശിവ പിരിയുന്നത്... നിസ്സഹായനായി  ശൂന്യമായ മനസ്സോടെ ഞാൻ മുന്നോട്ട് നടന്നു....... 


ഹിബക്ക് ഊര് വിലക്ക് ഏർപ്പെടുത്തിയതിന് പിറകെ ആദം സ്വയം അവന് വിലക്ക് നൽകിയതും നാളെ ഇവിടുന്ന് പോവുമെന്നും എല്ലാവരും കേൾക്കെ പറഞ്ഞത് നടന്നു നീങ്ങുന്നതിനിടെ എന്റെ കാതിൽ ആഞ്ഞടിച്ചു.. ഒരു തുള്ളി കണ്ണുനീർ പൊഴിക്കാതെ തകർന്ന. ഹൃദയവുമായി ഞാൻ ഇല്ലത്തേക്ക് കയറി.... നേരെ ഇല്ലത്തിന് പിറകിലെ കുളത്തിൽ ചെന്ന് മുങ്ങി കുളിച്ച് ഈറനോടെ ഞാൻ മുറിയിലേക്ക് നടന്നു... 
കണ്ണാടിക്ക് മുന്നിൽ നിന്ന് ഏറെ നേരം എന്നെ തന്നെ ഞാൻ നോക്കി... 

"ആദമിന്റെ ശിവയിനി ഇല്ല.. ഇനിയവൾ പരമശിവന്റെ ദേവി മാത്രം"


ആരോ ഉള്ളിൽ നിന്നത് പറഞ്ഞതും മുഖം പൊത്തി കരഞ്ഞു കൊണ്ട് ഞാൻ നിലത്തേക്ക് വീണു... ആദം അണിയിച്ചു തന്ന കുപ്പി വളകൾ  നിലത്ത് ചിന്നി ചിതറിയതും ഒരു തേങ്ങലോടെ ഞാൻ അവയിലേക്ക് നോക്കി കിടന്നു.. 

=============================

"ഇക്കാ... ഞാൻ കാരണമല്ലേ എല്ലാം ഉണ്ടായത്.. പ്ലീസ് ഇക്കാ.. ഞാൻ പോയ്‌ക്കോളാം.. ഇക്കയും ദേവുവും തമ്മിൽ എത്രത്തോളം സ്നേഹിക്കുന്നെന്ന് ഇവിടെ വന്നപ്പോൾ തന്നെ എനിക്ക് മനസ്സിലായി.. ആ സ്നേഹം ഞാൻ കാരണം ഇല്ലാതാവരുത്.. "


പോകാനുള്ളതെല്ലാം തയ്യാറാക്കി വെക്കുമ്പോൾ ആണ് ഹിബ അരികിൽ വന്ന് കരച്ചിലോടെ പറഞ്ഞത്.. നാളെ നേരം വെളുക്കും മുന്നേ പോകണം.. ഇന്ന് പകൽ മുഴുവൻ ശിവയെ കാണാൻ ഒത്തിരി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. നാളെ അതിരാവിലെ തന്നെ പൂജ തുടങ്ങി അവൾ ദേവിയാവും.പിന്നെ ശിവയെ ആദം ഒരിക്കലും കാണില്ല.. രാവിലെ കവലയിൽ നിന്ന് വന്നതിന് ശേഷം ഒരുപാട് തവണ അവളുടെ ഇല്ലത്തേക്ക് ചെന്ന് അവളെ വിളിച്ചു.. പക്ഷെ അവൾ പുറത്തേക്ക് വന്നില്ല.. അകത്തേക്ക് കടക്കാൻ പടിപ്പുര വാതിൽ തുറന്നു തന്നതുമില്ല... 


"ഇക്കാ... "


എന്റെ മറുപടി കേൾക്കാത്തത് കൊണ്ട് വീണ്ടും അവൾ വിളിച്ചതും ഞാൻ അവളെ  നോക്കി. 


"ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല ഹിബാ.. വിധിയാണ് എല്ലാം.. ശിവയെ അവസാനമായി എനിക്കൊന്ന് കാണണം.. പറയണം എനിക്കെല്ലാം.. പോകുന്നതിന് മുൻപ് അവളെ ഞാൻ കാണും.. എല്ലാ തീരുമാനവും അവളുടെ കയ്യിലാണ്.. നീ വിഷമിക്കേണ്ട.. നിന്റെ തെറ്റല്ല ഇത്... നീ പോയി കിടന്നോ.. നാളെ നേരത്തെ എണീക്കേണ്ടതാണ്"


ഹിബയെ സമാധാനിപ്പിച്ചു കൊണ്ട് ഞാൻ അവളെ പറഞ്ഞയച്ചു..
ഈ നാട്ടിൽ നിന്ന് അവളെ മാത്രം എങ്ങനെ ഞാൻ പറഞ്ഞയക്കും.. എന്റെ ഉമ്മ ഉറങ്ങുന്ന മണ്ണിൽ നിന്ന് അകന്നു പോകാൻ എനിക്കാവില്ല എങ്കിലും പോയേ പറ്റൂ.. ഹിബയെ എങ്ങനെ ഞാൻ തനിച്ചാക്കും... 


 അവൾ പോയതും ഞാൻ ജനാല തുറന്നിട്ടു.. പക്ഷെ.. അവളുടെ ജനാല അടഞ്ഞു കിടക്കായിരുന്നു.  ഇത്രയും നാൾ അവൾ അനുഭവിച്ച വേദന ഇപ്പോൾ ഞാൻ അനുഭവിക്കുന്നു.. എന്നും ഞാൻ വരുന്നതും നോക്കി ഉറങ്ങാതെ എത്ര നേരം അവൾ അവിടെ നോക്കി നിന്നിട്ടുണ്ടാവും... പാവമാണ് എന്റെ പെണ്ണ്...   മനസ്സിൽ എന്നോടുള്ള സ്നേഹം മരിക്കില്ലെന്നറിയാം.. ഹിബയെ ഓർത്ത് മാത്രം എന്നോട് ദേഷ്യം വെക്കുന്നതാണെന്നും അറിയാം.. 
ഇല്ല പെണ്ണേ.. ഈ ഒരു കാരണം കൊണ്ട് എന്നിൽ നിന്നടരാൻ ഞാൻ സമ്മതിക്കില്ല.... 


നാളെ അവളെ ചെന്ന് കാണണം എന്ന ഉദ്ദേശിച്ചത്തിൽ ഞാൻ കണ്ണടച്ചു... ഉതിർന്നിറങ്ങുന്ന കണ്ണുനീർ തലയിണയോട് ചേർന്നതും ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു. 

=============================


"ദേവൂ... പൂജക്കിരിക്കാ.. "

കുളിച്ച് പട്ടുചേല ചുറ്റി സർവ്വാഭരണ വിഭൂഷിയായി ഹോമത്തിന് മുന്നിൽ ഞാൻ നിന്നതും വല്യച്ഛൻ എന്നോട്  ഇരിക്കാൻ പറഞ്ഞു.. ഒരു പാവയെ പോലെ ഞാൻ ഇരുന്നു.. അച്ഛൻ ആണ് പൂജയുടെ കർമ്മങ്ങൾ ചെയ്യുന്നത്.. എന്റെ മുഖത്തേക്ക് നോക്കാതെ മന്ത്രങ്ങൾ ഉരുവിട്ട് പൂജ ചെയ്യുന്ന അച്ഛനെ നോക്കാൻ ശക്തിയില്ലാതെ ഞാൻ ആളി കത്തുന്ന ഹോമത്തിലേക്ക് നോക്കി ഇരുന്നു.. 
ഹൃദയം കിടന്ന് വെന്തുരുകുന്നുണ്ട്... കണ്ണുനീർ ഒഴുകാതെ പിടിച്ചു വെക്കാൻ പാടു പെടുന്നുണ്ട്.. അരികിലെ ശിവ ഭഗവാനെ തല ചെരിച്ചു നോക്കി ഞാൻ ദയനീയതയോടെ കൈകൂപ്പി.. 

"ദേവാ.. എന്തിനീ പരീക്ഷണം.. എന്തിനെന്നെ ആദമിൽ നിന്നും വേർപ്പെടുത്തി.. വ്രതം നോറ്റ് ഞാൻ പ്രാര്ഥിക്കാറുള്ളത് ആദമിനെ എന്നിൽ നിന്നടർത്തി മാറ്റല്ലേ എന്ന് മാത്രമല്ലേ.. എന്നിട്ടും എന്റെ പ്രാർത്ഥന നീ കേട്ടില്ലല്ലോ ദേവാ.. "

കണ്ണടച്ച് ഞാൻ പ്രാർത്ഥിച്ചതും അച്ഛൻ എനിക്ക് നേരെ തുളസി മാല നീട്ടി.. 

"ദേവന് ചാർത്തൂ "

വിറയാർന്ന കൈകളോടെ ഞാൻ അത് വാങ്ങി ശിവഭഗവാനെ നോക്കി.. 
ഈ മാല ചാർത്തി കഴിഞ്ഞ് അവസാന പൂജയും കഴിഞ്ഞ് ഭഗവാന്റെ പാദം നമസ്കരിച്ച് ഹോമത്തിന് ചുറ്റും മൂന്ന് പ്രദിക്ഷണം വെച്ചാൽ.. ഞാൻ പരമ ശിവന്റെ ദേവിയായി മാറും... 
ആദമിന്റെ ശിവ... പരമശിവന്റെ ദേവി... 


കണ്ണുകൾ ഇറുക്കി അടച്ച് ഞാൻ മാല ശിവന് നേരെ നീട്ടി.... 

----------------------------------------------------------


"ആദം... നീ കാര്യത്തിലാണോ.. "

"അതേ അസി.. എനിക്കെന്റെ ശിവയോട് സംസാരിക്കണം.. എന്റെ ഭാഗത്ത് തെറ്റില്ലെന്ന് പറയണം.. കാണണം അസി എനിക്കവളെ "

റയിൽവേ സ്റ്റേഷനിൽ നിന്ന് അസിയുടെ കൈകളിൽ പിടിച്ച് ചെറിയ കുട്ടിയെ പോലെ തേങ്ങുമ്പോൾ അരികിൽ ഹിബ നിൽക്കുന്നുണ്ടായിരുന്നു.. ഞങ്ങൾ പോവാൻ ഇറങ്ങിയപ്പോൾ അസിയും ഉണ്ടെന്ന് പറഞ്ഞ് ഒപ്പം ചേരുകയായിരുന്നു.. അമ്പലത്തിൽ നിന്ന് മന്ത്രങ്ങൾ ഉയരുംതോറും ഹൃദയമിടിപ്പ് വർധിച്ചു കൊണ്ടിരിക്കയാണ് . 


"ആദം.. നീ വേഗം പോയി വാ.. ട്രെയിൻ ഇപ്പോൾ വരും.. അതിന് മുൻപ് വേഗം പോയി വാ.. അവളോട്‌ സംസാരിക്ക്.. "

അസി പറഞ്ഞതും ഞാൻ ഹിബയെ നോക്കി ഒന്നും മിണ്ടാതെ വേഗത്തിൽ അമ്പലത്തിലേക്ക് ഓടി.. ഇവിടെ നിന്ന് ഒരുപാട് ദൂരമുണ്ട് അമ്പലത്തിലേക്ക്.. പക്ഷെ.. അതൊരു ദൂരമായി എനിക്ക് തോന്നിയില്ല.. മറ്റൊന്നും ആലോചിക്കാതെ ഞാൻ എന്റെ ശിവയുടെ അടുത്തേക്ക് വേഗത്തിൽ ഓടി.. ഒരു നിമിഷം വൈകിയാൽ എന്റെ ശിവയെ എനിക്ക് നഷ്ടമാവും... 

ഓടി തളർന്ന് ഞാൻ അമ്പലത്തിനു മുന്നിൽ എത്തിയതും മുട്ട് കുത്തി ഞാനാ മണ്ണിൽ ഇരുന്നു.. പൂജ തുടങ്ങിയിട്ടേ ഉള്ളൂ എന്ന് തോന്നുന്നു.. ഒരിക്കലും ഇത് പൂർത്തിയാവാൻ പാടില്ല.. 
മനസ്സിൽ ഉറപ്പിച്ചു കൊണ്ട് ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചതും പിന്നിൽ നിന്നെന്നെ ആരോ ചവിട്ടി വീഴ്ത്തി... നിലത്തേക്ക് കമിഴ്ന്നു വീണ ഞാൻ പെട്ടന്ന്  മലർന്നു കിടന്നതും എന്റെ നെഞ്ചിൽ ആരോ കാലുകൾ അമർത്തി... ആരെന്ന് നോക്കാൻ തല ഉയർത്തിയതും കണ്ടത് വിഷ്ണുവിനെ ആയിരുന്നു.. 


"ഡാ.. എന്തിനാ നീ വന്നത്.. പൂജ മുടക്കാൻ അല്ലേ.. സമ്മതിക്കില്ലെടാ ഞാനതിന്.. ഒരുപാട് കഷ്ടപ്പെട്ടിട്ടാ ഇന്നീ ദിവസം ഞങ്ങൾക്ക് അനുകൂലമായത്.. നിന്നെയും അവളെയും വേർപ്പെടുത്താൻ കാലം കുറെ ആയി ഞാൻ ശ്രമിക്കുന്നു.. പക്ഷെ.. കഴിഞ്ഞിട്ടില്ല.. ഓരോ തവണ നിങ്ങളെ ഞാൻ പിന്താങ്ങുമ്പോഴും അതിലേറെ ഞാനും അച്ഛനും നിങ്ങളെ വേർപ്പെടുത്താൻ ശ്രമിച്ചു കൊണ്ടിരുന്നു.. നീയും അവളും കാവിലേക്ക് പോകുമ്പോൾ എല്ലാം നിഴലായി ഞാനോ അച്ഛനോ നിങ്ങളുടെ പിറകെ ഉണ്ടായിരുന്നു.. 
ചെറിയൊരു പഴുതിനായി  അലയുമ്പോഴാണ് ആ ഹിബ കടന്നു വന്നത് ... അതേടാ.. ഞാൻ തന്നെയാണ് ദേവുവിൽ വിഷം കുത്തി നിറച്ചത്.. എന്നിട്ടും അവൾക്കൊരു കുലുക്കവും ഉണ്ടായിരുന്നില്ല.. ആദമിനെ അവൾക്ക് വിശ്വാസം ആണ് പോലും... ഹഹഹ.. എന്നിട്ടിപ്പോ എന്തായി... ഞാൻ പറഞ്ഞാലൊന്നും അവൾ അവളുടെ ആദമിനെ വെറുക്കില്ലെന്നെനിക്ക് മനസ്സിലായത് കൊണ്ടാ ഞാനാ നാടകം കളിച്ചത്.. നീ തന്നെ അവളുടെ വിശ്വാസം തകർത്തു... മതിയെടാ നിന്റെ കളി.. ഞങ്ങളുടെ ദേവു ന്റെ നിഴലിൽ പോലും നിന്റെ രൂപം പതിയരുത് . നിനക്ക് പ്രേമിക്കാൻ നമ്പൂതിരി കുട്ട്യേ തന്നെ വേണം അല്ലേടാ "


അതും പറഞ്ഞവൻ കയ്യിലെ വടി കൊണ്ടെന്റെ കാലിൽ ശക്തിയായി അടിച്ചു.. 

ആാാ.... 

വേദന സഹിക്കവയ്യാതെ ഞാനർത്തതും അവനെന്നെ ചവിട്ടി മറിച്ചിട്ടു.. എന്നെ എണീക്കാൻ സമ്മതിക്കാതെ വീണ്ടും വീണ്ടും അവനെന്നെ തല്ലാൻ തുടങ്ങി.  

"ഇനി ഏതാനും നിമിഷം മാത്രം.. അത് കഴിഞ്ഞാൽ അവൾ ദേവി ആണെടാ... പൊയ്ക്കോ നീ.. ഒരിക്കലും അവൾക്ക് മുന്നിൽ വരാതെ പൊയ്ക്കോ "


കയ്യിലെ വടി എന്റെ മേൽ എറിഞ്ഞ് രോഷത്തോടെ അവൻ പറഞ്ഞതും ചോരയൊലിക്കുന്ന  ശരീരവുമായി ഞാൻ മെല്ലെ എണീറ്റു നിന്നു.. കാലുകൾ നല്ല വേദനയുണ്ട്.. എണീറ്റു നിൽക്കാൻ പ്രയാസം.. എങ്കിലും ശിവയെ കാണാൻ വേണ്ടി മാത്രം ഞാൻ അവന് മുന്നിൽ എണീറ്റു നിന്നു.. 

"നീയെന്ത് തരം താണ കളി കളിച്ചാലും എന്നിൽ നിന്നവളെ വേർപ്പെടുത്താൻ ആവില്ല. അവളുടെ ശരീരം മാത്രമേ ഇപ്പോൾ പൂജക്കിരിക്കുന്നുള്ളൂ.. മനസ്സിപ്പോഴും എന്റെ അടുത്താടാ "

അതും പറഞ്ഞ്  അവനെ തള്ളി മാറ്റി ഞാൻ മുന്നോട്ട് നടന്നതും അവനെന്നെ പിടിച്ചു വലിച്ച് പിറകോട്ട് ഉന്തി.. 

"അമ്പലം അശുദ്ധി ആക്കാതെ മാറി പോടാ.. നിന്നെ അവൾക്ക് കാണേണ്ട.. അവൾ പറഞ്ഞതല്ലേ കണ്മുന്നിൽ വന്ന് പോകരുതെന്ന്.. പിന്നെ എന്തിനാ നീ പിറകെ വരുന്നത്.. അവളിപ്പോൾ ഏറ്റവും വെറുക്കുന്നത് നിന്നെയാണ്.. നിന്നെ മാത്രം "

"ഇല്ല.. ഒരിക്കലുമില്ല.. എന്നെ വെറുക്കാൻ എന്റെ ശിവക്കാവില്ല... എനിക്കവളെ കാണണം... ശിവാ..... ശിവാ.... "


അലറി വിളിച്ചു കൊണ്ട് ഞാൻ മുന്നോട്ട് നടക്കാൻ തുടങ്ങിയതും ജേഷ്ഠൻ നമ്പൂതിരി പുറത്തേക് വന്നു.. എന്നെ ദേഷ്യത്തോടെ നോക്കി കയ്യിലെ വടി നിലത്ത് ആഞ്ഞു കുത്തി.. 

"കടന്ന് പോടാ ഇവിടുന്ന്.. ഞങ്ങളുടെ ദേവിയാണ് അവളിപ്പോ.. പൂജ കഴിയാറായി.. ഇനി മൂന്ന് പ്രാവശ്യം പ്രദിക്ഷണം വെക്കണം.. അത് കഴിഞ്ഞാൽ ശിവപുരത്തിന്റെ ദേവിയാണ് അവൾ.. പൂർണ മനസ്സോടെയാണ് അവളീ പൂജക്കിരിക്കുന്നത് . ഇനി അവളുടെ കണ്മുന്നിൽ കണ്ടു പോകരുതെന്നും എന്നെന്നേക്കുമായി പോകാനും അവൾ തന്നെയല്ലേ നിന്റെ മുഖത്തു നോക്കി പറഞ്ഞത്.... ആട്ടി പുറത്താക്ക് വിഷ്ണു ഇവനെ "


ജേഷ്ഠൻ നമ്പൂതിരി പറഞ്ഞ ഉടനെ വിഷ്ണു എന്നെ വീണ്ടും ഉന്തി താഴെയിട്ടു... 

"പൊയ്ക്കോ... ഇനി നിന്നെ ഇവിടെ കണ്ടാൽ... "


കൈ ചൂണ്ടി പറഞ്ഞു കൊണ്ട് അവൻ അമ്പലത്തിന് അകത്തേക്ക് കയറി പോയി.. 

മെല്ലെ എണീറ്റ് ഞാൻ തിരിഞ്ഞു നടക്കുമ്പോൾ അമ്പലത്തിന് അകത്തു നിന്നും എന്റെ  ശിവ... മന്ത്രങ്ങൾ ഉരുവിടുന്നത് എന്റെ കാതിൽ പതിഞ്ഞു.. 
തകർന്ന മനസ്സുമായി ഞാൻ റെയിൽ വേ സ്റ്റേഷനിലേക്ക് നടന്നു... 
പൂർണ മനസ്സോടെയാണ് അവളീ പൂജക്കിരിക്കുന്നതെന്ന ജേഷ്ഠൻ നമ്പൂതിരിയുടെ വാക്കുകൾ കാതിൽ നിന്ന് മാഞ്ഞു പോകുന്നില്ല..  

എന്റെ പെണ്ണേ.. അത്രമാത്രം എന്നെ വെറുത്തോ നീ....ഹൃദയം വെന്തുരുക്കി എന്തിന് നീ സന്തോഷം അഭിനയിക്കുന്നു.. എനിക്കറിയാം മനസ്സ് കൊണ്ടല്ല നീയീ പൂജ ചെയ്യന്നതെന്ന്.. 
ഒന്നും ചെയ്യാൻ കഴിഞ്ഞില്ലല്ലോ പെണ്ണേ എനിക്ക്..... 

അവശതയോടെ ഓരോ അടി വെക്കുമ്പോഴും അവളുടെയൊരു പിൻ  വിളിക്കായി മനസ്സ് കൊതിച്ചു.. പക്ഷെ.. ഇടതടവില്ലാതെ അന്തരീക്ഷത്തിൽ ലയിച്ചു കൊണ്ടിരിക്കുന്ന അവളുടെ മന്ത്രങ്ങൾ ആ പ്രതീക്ഷയെ തട്ടി തെറിപ്പിച്ചു.... 

അസിയുടെയും ഹിബയുടെയും അരികിൽ എത്തിയപ്പോൾ ട്രെയിൻ വന്നു നിന്നിരുന്നു... അവർ അക്ഷമരായി എന്നെയും കാത്ത് നിൽക്കാണ്.. 
എന്റെ കോലം കണ്ടതും  കരഞ്ഞു കൊണ്ട് ഹിബ എന്റെ നെഞ്ചിലേക്ക് വീണു..

"ആദം... സാരമില്ലടാ... മറന്നേക്ക് എല്ലാം.. ഇനിയീ നാട്ടിലേക്ക് നിന്റെ നിഴൽ പോലും പതിപ്പിക്കരുത്.. വാ.. "

എന്റെ തോളിൽ തട്ടി കൊണ്ട് അവൻ എന്നെയും ഹിബയെയും ട്രെയിനിൽ കയറ്റി... 


ഓം.. നമഃ ശിവായ... ഓം നമോ ഭഗവതേ  രുദ്രായ.......... 


ട്രെയിൻ നീങ്ങും തോറും മന്ത്രങ്ങൾ എന്റെ കാതിലേക്ക് തുളച്ചു കയറി.. ഒരു കയ്യകലത്തിൽ എന്റെ ശിവയുടെ പ്രണയം ഓർമയായി തീരുന്നത് പൊട്ടിക്കരച്ചിലൂടെ ഞാൻ നോക്കി നിന്നു... ശിവപുരത്തിന്റെ മണ്ണിൽ നിന്നും അകന്നു പോകുംതോറും ചെമ്പക മണം മനസ്സിൽ നിന്നകന്നകന്നു പോയി.............

&&&&&&&&&&&&&&&&&&&&

"ഡാ... ആദം... നീയെന്താ സ്വപ്നം കണ്ടു നിൽക്കാണോ.. മുന്നിൽ നിന്ന് മാറെടാ. ഞങ്ങളും കൂടി ഇറങ്ങട്ടെ.. അല്ലേൽ ട്രെയിൻ ഞങ്ങളെയും കൊണ്ട് പോകും ട്ടോ... "


ഓർമ്മകൾ കണ്ണിനെ നനയിച്ച് കണ്ണുനീർ തുള്ളികളായി മണ്ണിലേക്ക് വീണതും  ഞാൻ തല താഴ്ത്തി നിന്നു.. ആ സമയം കയ്യിലെ ബാഗ് എന്റെ മേലേക്ക് ഇട്ട് കൊണ്ട് അസി എന്നോട് മാറാൻ  പറഞ്ഞു.. അവനെ നോക്കി ചിരിക്കാൻ ശ്രമിച്ചു കൊണ്ട് ഞാൻ ആ ബാഗ് കയ്യിൽ എടുത്തു കൊണ്ട് കുറച്ചു മാറി നിന്നു.. ഹിബയുടെ കയ്യിൽ മുറുകെ പിടിച്ച് അതീവ ശ്രദ്ധയോടെ അസി അവളെ ട്രെയിനിൽ നിന്ന് ഇറക്കി.. 


"ഇനിയെങ്ങനെ പോകും.. നടക്കുകയല്ലാതെ വേറെ വഴിയില്ല.. "

ചുറ്റും നോക്കി അസി പറഞ്ഞതും ഞാനും ആകെ നോക്കി.. 

"ആഹ്.. നടന്നാൽ മതി.. അല്ലേൽ  തന്നെ ഇരുന്ന് നടു വേദനിക്കാൻ തുടങ്ങി.. നമുക്ക് മെല്ലെ നടക്കാം "


ഹിബ നടക്കാം എന്ന് പറഞ്ഞതും അത് സമ്മതിച്ചു കൊണ്ട്  ഹിബയുടെ കൈയിൽ മുറുകെ പിടിച്ച് അസി മുന്നിൽ  നടന്നു...... അവർ നടന്നു നീങ്ങുന്നതും നോക്കി ഒരു നിമിഷം ഞാൻ അവിടെ തന്നെ നിന്നു.. 

ശിവപുരത്തിന്റെ ഗന്ധം മുഴുവൻ മൂക്കിലേക്ക് വലിച്ചെടുത്തു കൊണ്ട് കണ്ണുകൾ അടച്ചു തുറന്ന്  ഞാൻ പതിയെ കാലുകൾ മുന്നോട്ട് വെച്ചു.. 

"ശിവാ... ഞാൻ നിന്റെ അരികിലെത്തി പെണ്ണേ.."..........(തുടരും)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story