ശിവ 🖤: ഭാഗം 22

shiva

രചന: RAIZA

സ്റ്റേഷനിൽ നിന്നും കവലയിലേക്കുള്ള  കുറുക്കു വഴിയിലൂടെ ഞങ്ങൾ നടന്നു..   രണ്ട് വർഷമായി ഈ വഴികളിലൂടെ നടന്നിട്ട്.. പക്ഷെ..എന്നിട്ടും അകൽച്ച തോന്നുന്നില്ല.. അത്രമാത്രം ഹൃദയത്തിൽ വേരൂന്നിയിട്ടുണ്ട്  ശിവപുരം... 

കവലയിലേക്ക് ഞങ്ങൾ കാലെടുത്തു വെച്ചതും എല്ലാവരും ഞങ്ങളെ തന്നെ നോക്കി.. പീടികയിൽ നിന്നിറങ്ങി അവരൊക്കെ ഞങ്ങൾക്ക് നേരെ വന്നു.. ഇനിയൊരിക്കലും കാണില്ലെന്ന്  കരുതിയവരെയൊക്കെ വീണ്ടും കണ്ടത് കൊണ്ട് തന്നെ കണ്ണുകൾ നിറഞ്ഞു വന്നു.. 

"ആദം... ഇയ്യ്‌ ഒരിക്കലുമിനി വരില്ലെന്നാ കരുതിയെ.. എന്തിനാ ഈ നാടിനെ കണ്ണീരിലാഴ്ത്തി ഇയ്യ്  പോയത് "

മമ്മദ് കാക്ക എന്നെ വന്ന് വാരിപുണർന്ന്  പറഞ്ഞതും മറുപടി പറയാൻ വാക്കുകൾ ഉണ്ടായിരുന്നില്ല.. എന്നോടിപ്പോഴും എല്ലാവർക്കും പഴയ സ്നേഹമുണ്ടെന്ന് ഇപ്പോൾ മനസ്സിലായി.. 

"എന്നാലും കുട്ട്യേ.. നീ ഞങ്ങളെ വിട്ട് പോയല്ലോ.. എന്തിനായിരുന്നു എല്ലാം.ഈ രണ്ടു കൊല്ലം ഈ നാട് ഉറങ്ങി കിടക്കായിരുന്നു "

എല്ലാവരും വന്ന് ഓരോന്ന് പറഞ്ഞതും അവർക്കൊക്കെ നിറഞ്ഞ പുഞ്ചിരി മാത്രം സമ്മാനിച്ചു കൊണ്ട് ഞങ്ങൾ വീട്ടിലേക്ക് നടന്നു.. 
ഹിബയോട് ആർക്കും ഒരു വിരോധമില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി.. എല്ലാവരും കുറ്റബോധത്തോടെയാണ് ഞങ്ങളെ നോക്കിയത്.. ഇവിടെ നിന്ന് പോകുമ്പോൾ ആരും വിലക്കാൻ വന്നിരുന്നില്ല.. അതാവും എല്ലാവരുടെ മുഖത്തും കുറ്റബോധം.. 
രണ്ടു കൊല്ലമായി ഈ നാട് ഉറങ്ങി കിടക്കായിരുന്നെന്ന് പറഞ്ഞത് മാത്രം മനസ്സിലായില്ല.. സകല ഐശ്വര്യങ്ങളും വരാൻ വേണ്ടിയല്ലേ ജേഷ്ഠൻ നമ്പൂതിരിയും മകനും ഈ കളി കളിച്ചത്..... 

അവരെ ഓർമ വന്നതും മനസ്സിൽ അടക്കി വെച്ച ദേഷ്യം നുരഞ്ഞു പൊങ്ങി.... എന്നെയും ശിവയേയും വേദനിപ്പിച്ച അവരെ ഞാൻ വെറുതെ വിടില്ല.. ആ ജേഷ്ഠൻ നമ്പൂതിരി തന്നെയാവും എന്റെ ഉപ്പയെ ചതിച്ചത്.. അത് മനസ്സിലായത് അന്ന് വിഷ്‌ണു അമ്പലത്തിന് മുന്നിൽ വെച്ച് ഓരോന്ന് പറഞ്ഞതിൽ നിന്നാണ്.. എന്നെയും ശിവയേയും  വേർപ്പെടുത്താൻ അവർ ആഗ്രഹിച്ചെങ്കിൽ ഉറപ്പായും അയാൾ തന്നെയാവും എന്റെ ഉപ്പയെ പറഞ്ഞു പറ്റിച്ചത്.. ഞാൻ തേടി നടക്കുന്ന എന്റെ ഇര അയാൾ തന്നെയാണ്.. 
ഇവിടെ നിന്ന് പോകുമ്പോൾ മനസ്സിൽ ഉറപ്പിച്ചിരുന്നു.. അയാൾക്ക്‌ വേണ്ടി ഒരിക്കൽ കൂടി ഈ മണ്ണിൽ കാലു കുത്തണമെന്ന്... 


പാടത്തിലൂടെ ഞങ്ങൾ നടന്ന് ഇടവഴിയിലേക്ക് കയറി... ഹിബ നല്ലോണം ക്ഷീണിച്ചിട്ടുണ്ട്.. അവളെ ചേർത്ത് പിടിച് ഞാൻ നടന്നു.. അസി ഞങ്ങളുടെ  മുന്നിലും നടന്നു... സാഹിബിന്റെ വീടിന് മുന്നിൽ എത്തിയപ്പോൾ തല മെല്ലെ ചെരിച്ചു നോക്കി.. മുറ്റത്തൊന്നും ആരെയും കണ്ടില്ല.. അയാളെ പറ്റി മനസ്സിൽ തെറ്റിദ്ധാരണ മാത്രം ആയിരുന്നോ എന്ന് ഈ രണ്ടു വർഷക്കാലം മനസ്സിനെ അലട്ടിയിരുന്നു. ഞാനും ശിവയും അടുക്കുന്നത് അയാൾക്കിഷ്ടമല്ലെന്ന്  ഉമ്മയോട് പരാതി പറയുന്നതിലൂടെ  പലപ്പോഴും മനസ്സിലായിരുന്നു.. പക്ഷെ.. ഒരിക്കൽ പോലും ഞങ്ങളെ  അകറ്റിയിട്ടില്ല. 
ശിവയുടെ സുമതി അപ്പച്ചി ദേവി ആയതും ഉപ്പയെ പട്ടണത്തിൽ അയച് കളി കളിച്ചതും മൂപ്പർ ആയത് കൊണ്ട് ദേഷ്യം ഉണ്ടായിരുന്നു.. പക്ഷെ.. മറ്റൊരാൾ സാഹിബിനെ പറ്റിക്കുന്നുണ്ടായിരുന്നെന്ന്  പക്വത വെച്ചതിനു ശേഷം ആണ് മനസ്സിലായത്.. അത് ആ ജേഷ്ഠൻ നമ്പൂതിരി തന്നെയെന്ന് ഇപ്പോൾ മനസ്സിലായി.. 


സാഹിബിന്റെ വീട് കഴിഞ്ഞുള്ള ഓരോ കാൽവെപ്പിലും ഹൃദയമിടിപ്പ് വർധിച്ചു കൊണ്ടേയിരുന്നു... ശിവയുടെ ഇല്ലത്തേക്ക് ഒന്ന് തല ചെരിച്ചു നോക്കാൻ പോലും തോന്നിയില്ല.. മണ്ണിൽ പതിഞ്ഞ ഓരോ കാൽവെപ്പിലും ഓരോ തുള്ളി കണ്ണുനീരും പതിഞ്ഞു കൊണ്ടിരുന്നു.. തല താഴ്ത്തി ഞാൻ എങ്ങും നോക്കാതെ മുന്നോട്ട് നടന്നു.. എന്റെ മനസ്സ് വായിച്ചെന്നോണം  ഹിബ എന്നെ തനിയെ വിട്ട് കൊണ്ട് അസിയുടെ ഒപ്പം ചേർന്ന് നടന്നു.. 
ശിവയുടെ ഇല്ലം അവസാനിക്കുന്നിടത്തെ  മൂലയിലെ  ചെമ്പക മരത്തിനടുത്ത്  എത്തിയതും ഞാൻ തല മെല്ലെ ചെരിച്ചു... മതിലിനപ്പുറം  നിൽക്കുന്ന ചെമ്പക മരം നോക്കി ഒരു നിമിഷം ഞാൻ അവിടെ നിന്നു.. ശ്വാസം മേൽപ്പോട്ട് വലിച്ചെങ്കിലും ചെമ്പക മണം ശരീരത്തെ പൊതിഞ്ഞില്ല.. 
നിരാശയോടെ ഞാൻ മുന്നോട്ട് നടന്നു... 
അസിയുടെ വീട്ടിലേക്കാണ്  ആദ്യം കയറിയത്.. ആരും താമസിക്കാത്തത്  കൊണ്ട് എന്റെ വീടാകെ പൊടി പിടിച്ചു കിടക്കുവാണ്. അസിയുടെ ഉമ്മ ആദ്യമൊക്കെ വൃത്തിയാക്കിയിരുന്നു.. പിന്നെ അസുഖം വന്നത് കൊണ്ട് അത് നിർത്തി.. എന്റെ പിറകെ അസിയും പോന്നത് അസിയുടെ ഉമ്മാക്ക് നല്ല വിഷമം ഉണ്ടാക്കിയിരുന്നു. അവിടെ എത്തി ഉമ്മാക്ക് വിളിച്ച് കാര്യങ്ങൾ എല്ലാം പറഞ്ഞ് സമാധാനിപ്പിച്ചതിന്  ശേഷമാണ് ഉമ്മാക്ക് സന്തോഷമായത്.. അസി ദിവസവും ഉമ്മാക്ക് വിളിക്കാറുണ്ട്.. ഉമ്മാന്റെ നിർബന്ധം മൂലം തന്നെയാണ് ഇന്നീ തിരിച്ചു വരവ്.. 

വേലിക്കപ്പുറം നിന്ന് ഞാൻ ഓരോന്ന് ആലോചിച്ചപ്പോഴേക്കും അസിയും ഹിബയും മുറ്റത്തെത്തിയിരുന്നു.. അസി മാസം അയച്ചു കൊടുക്കുന്ന പൈസ കൊണ്ട് വീടൊക്കെ ശെരിയാക്കിയിട്ടുണ്ട്... 
അസി ഉമ്മാനെ നീട്ടി വിളിച്ചതും ഉമ്മ പുറത്തേക്ക് വന്നു.. വിശ്വാസം വരാതെ അത്ഭുതത്തോടെ ഞങ്ങളെ നോക്കി.. വിളിക്കുമ്പോൾ എല്ലാം വരാൻ പറയുമെങ്കിലും പെട്ടന്നൊരുനാൾ മുന്നിൽ കാണുമ്പോൾ ഉള്ള അവസ്ഥ പറഞ്ഞറിയിക്കാൻ പറ്റില്ലല്ലോ.. 
അസിയെ കെട്ടിപിടിച്ചു കൊണ്ട് ഉമ്മ കുറെ കരഞ്ഞു... പിന്നെ ഹിബയെ ചേർത്ത് പിടിച്ച് തലോടി കൊണ്ട് അവളെ പതുക്കെ വീട്ടിലേക്ക് കയറ്റി.. 
വലത് കാൽ വെച്ചവൾ അസിയുടെ ഒപ്പം അകത്തേക്ക് കയറി പോകുന്നത്  കണ്ണുകൾ നിറച്ച് ഞാൻ നോക്കി നിന്നു... 

അതേ...  എന്റെ പെങ്ങൾ.. എന്റെ ഹിബ.. ഇന്നവൾ അസിയുടെ ഭാര്യയാണ്.. അസിയുടെ കുഞ്ഞിന്റെ ഉമ്മയാവാൻ പോകുന്നവളാണ്.. അന്ന് ഹിബയുടെ പേര് പറഞ്ഞ് പ്രശ്നം രൂക്ഷമാവുമ്പോൾ ഒന്നും സത്യം തുറന്നു പറയാൻ ധൈര്യം ഉണ്ടായിരുന്നില്ല... അതിന് കാരണം മാഷ് തന്നെയായിരുന്നു.. മാഷിന് ഞാൻ കൊടുത്ത വാക്ക്.. 

അന്ന് മൈലാടി പാറയിൽ വെച്ച് മാഷ് എന്നെ ചേർത്ത് പിടിച്ചു പറഞ്ഞിരുന്നു നിന്റെ പെങ്ങൾ ജീവിച്ചിരിപ്പുണ്ടെന്ന് ..ഒട്ടും പ്രതീക്ഷിക്കാത്ത കാര്യം മാഷ് പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് വീർപ്പുമുട്ടുകയായിരുന്നു. എന്നാൽ എന്റെ ഉപ്പ മാസങ്ങൾക്ക് മുൻപ് മരിച്ചെന്ന് കൂടി മാഷ് പറഞ്ഞപ്പോൾ ആകെ തളർന്നു പോയി ഞാൻ.. എന്നെങ്കിലും ഒരു നാൾ പെങ്ങളെയും കൊണ്ട് എന്നെയും ഉമ്മനെയും കാണാൻ വരുന്ന ഉപ്പയെ കിനാവ് കാണാത്ത ഒരു ദിവസം പോലും ഉണ്ടായിരുന്നില്ല.. പട്ടണത്തിൽ പോകുമ്പോൾ ആൾത്തിരക്കുകളിൽ എല്ലാം തിരഞ്ഞത് എന്റെ ഉപ്പയെ ആയിരുന്നു.. ഉപ്പ മരിച്ചെന്ന വാർത്ത എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരിരുന്നു. അന്നെന്നെ ആശ്വസിപ്പിച്ച  മാഷോട് ഓരേ ഒരു കാര്യം മാത്രമേ ഞാൻ ആവശ്യപ്പെട്ടിരുന്നുള്ളൂ .എന്റെ പെങ്ങളെ എനിക്ക് കാണണമെന്ന്.. 
അവളെ കൊണ്ട് വരണമെന്ന്... 

സാഹിബിന്റെ മകൾ ആത്മഹത്യ ചെയ്തതിൽ ഉപ്പാനോട് തീർത്താൽ തീരാത്ത പകയോടെ ജീവിക്കുന്ന സാഹിബ്‌ ഉപ്പ മരിച്ചെന്നും പെങ്ങൾ ജീവനോടെ ഉണ്ടെന്നും അറിഞ്ഞാൽ കൊല്ലാൻ പോലും മടിക്കില്ലെന്നും അതിനാൽ ഈ നാട്ടിലേക്ക് അവളെ കൊണ്ട് വരില്ലെന്ന് മാഷ് തീർത്തു പറഞ്ഞിരുന്നു.. മരിക്കുന്നതിന് മുൻപ് ഉപ്പയും അത് തന്നെയാണത്രെ പറഞ്ഞത് സാഹിബിന്റെ കണ്ണിൽ നിന്ന് ഇവളെ രക്ഷിക്കണമെന്ന്.... 

കുഞ്ഞു മകളെ ഓർത്ത് തേങ്ങുന്ന ഉമ്മാക്ക് കാണിക്കാൻ ഒരു തവണ എങ്കിലും അവളെ ഇങ്ങോട്ട് കൊണ്ട് വരണമെന്ന് ഞാനന്ന് ശാട്യം പിടിക്കുകയായിരുന്നു..എന്റെ നിർബന്ധത്തിന് വഴങ്ങി  അവളെന്നും ഈ നാട്ടിൽ ജീവിക്കട്ടെയെന്ന് മാഷ് സമ്മതിച്ചു.. പക്ഷെ.. ആരും തന്റെ പെങ്ങൾ ആണെന്ന് അറിയരുതെന്ന് എന്നെ കൊണ്ട് സത്യം ചെയ്യിച്ചു.. അതിനാൽ തന്നെ ഉമ്മയോട് പോലും എനിക്ക് പറയാൻ പറ്റിയില്ല.. ഉമ്മയോട് പറഞ്ഞാൽ എങ്ങനെ എങ്കിലും അത് സാഹിബ്‌ അറിയുമെന്ന പേടി ആയിരുന്നു.. 
ഉമ്മാന്റെ മരണ ശേഷം ഞാൻ ഹിബയുടെ സത്യം  ഉമ്മയിൽ നിന്ന് മറച്ചു വെച്ചത് ചങ്കിൽ വന്നു തറക്കുകയായിരുന്നു.. തന്റെ മകൾ ആണ് തൊട്ടരികിൽ ഉള്ളതെന്ന് അവസാന നിമിഷമെങ്കിലും അറിഞ്ഞിരുന്നെങ്കിൽ ഉമ്മാക്ക് എത്രത്തോളം സന്തോഷമായേനെ.. ആ നോവ് മനസ്സിൽ നിന്നും വിട്ട് പോവാത്തത് കൊണ്ടാണ് അന്ന് ആരോടും മിണ്ടാതെ വീട്ടിൽ ഒതുങ്ങി കഴിഞ്ഞത്...  

എന്നെയും ഹിബയെയും ചേർത്ത് വിഷ്ണു ഓരോന്ന് പറയുമ്പോഴും സത്യം പറയാൻ മനസ്സനുവദിച്ചിരുന്നില്ല . മാഷിന് കൊടുത്ത വാക്കായിരുന്നു ആരും അറിയില്ല എന്നത്.. പറഞ്ഞാൽ അവൾക്കെന്തെങ്കിലും പറ്റുമോ എന്ന പേടിയും....അന്നിവിടുന്ന് പോകുന്നതിന് മുൻപ് ശിവയോടെങ്കിലും സത്യം പറയണം എന്ന് മനസ്സ് പറഞ്ഞത് കൊണ്ടാണ് അവളെ കാണാൻ പോയത്.. പക്ഷെ.. അന്നവളെ കാണാൻ കഴിഞ്ഞില്ല......

ഓർമ്മകൾ വീണ്ടും കണ്ണിനെ നനയിച്ചതും അസിയുടെ വീട്ടിലേക്ക് കയറാതെ ഞാൻ എന്റെ വീട്ടിലേക്ക് നടന്നു.... വേലി കടന്ന് മുറ്റത്തെത്തിയപ്പോൾ പൂമുഖ തിണ്ണയിൽ ചിരി തൂകി ഇരിക്കുന്ന ഉമ്മാന്റെ രൂപം കണ്ടു.. ഓരോ അടി മുന്നോട്ട് വെക്കുംതോറും ഉമ്മയുമായുള്ള ഓർമ്മകൾ മനസ്സിൽ വന്നു നിറഞ്ഞു... പൊടി പിടിച്ച വാതിൽ തുറന്ന് അകത്തേക്ക് കയറി ഞാൻ ആകെ വീക്ഷിച്ചു... ഓരോ കോണിലും ഇപ്പോഴും ജീവിക്കുന്ന  നിറം മങ്ങാത്ത  ഉമ്മാന്റെ ഓർമ്മകൾക്ക് മുന്നിൽ കണ്ണുനീർ പൊഴിക്കാനല്ലാതെ മറ്റൊന്നിനും കഴിഞ്ഞില്ല..... 

ഉമ്മാന്റെ മുറിയിൽ ചെന്ന് കുറച്ചു നേരം പഴകി ദ്രവിച്ച കട്ടിലിൽ ഇരുന്നു... പിന്നെ പോയത് എന്റെ മുറിയിലേക്കായിരുന്നു... മാറാല പിടിച്ച   മുറിയിലേക്ക് കൈ ചുഴറ്റി ഞാൻ കടന്നു... ആദ്യം തന്നെ ജനാല മലർക്കേ തുറന്നു..കൈകൊണ്ട് മാറാല വകഞ്ഞു മാറ്റി ഞാൻ ശിവയുടെ മുറിയുടെ ജനാലക്കരികിലേക്ക് നോക്കി... 
ഇല്ലാ... അത് അടഞ്ഞ് തന്നെ.. 
ഇനിയൊരിക്കലും അത് തുറക്കുകയുമില്ല... !!


"ഡാ.. ചെക്കാ... "

പെട്ടന്നാ വിളി കാതിൽ മുഴങ്ങിയതും ഞെട്ടി തരിച്ചു കൊണ്ട് ഞാൻ പിറകിലേക്ക് നോക്കി.. 
ഇല്ല.. ആരുമില്ല.. 

ഒരു നെടുവീർപ്പോടെ ജനാല അടച്ച് ഞാൻ കട്ടിലിൽ മുഖം പൊത്തി ഇരുന്നു... 
ശിവാ... ഓർമകളിൽ വന്നെന്നെ കരയിക്കാതെ കണ്മുന്നിൽ വാ നീ.. ആ കാലിൽ വീണ് മാപ്പ് ചോദിക്കണമെനിക്ക്.. നിന്റെ മനസ്സ് വേദനിപ്പിച്ചതിന്... ഈ ലോകം കേൾക്കെ ഉറക്കെ പറയണമെനിക്ക് ആദമിന് എന്നും വലുത് ശിവ തന്നെയെന്ന്.... 

കൈകൾ മുഖത്തു നിന്നും എടുത്ത് ഞാൻ കട്ടിലിൽ മലർക്കെ കിടന്നു.. പൊടി പിടിച്ച കട്ടിൽ ആണെന്ന് കാര്യമാക്കാതെ ഞാൻ നീണ്ടു നിവർന്ന് കിടന്നു.. 
ഇവിടെ കാൽ കുത്തിയ മുതൽ മനസ്സ് തളർന്നു പോവാണ്.. ഹൃദയമിടിപ്പ് കൂടുകയാണ്.. വരാനിരിക്കുന്ന സംഭവങ്ങൾ എന്തെല്ലാം എന്നറിയാനാവാതെ ഉള്ളം തേങ്ങുകയാണ്... 
ഓരേ ഒരു പ്രാർത്ഥന മാത്രം.. എന്റെ ശിവയെ ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ...!!!

"ഡാ.. ആദമേ.. "

പെട്ടന്ന് അസിയുടെ ശബ്ദം പുറത്ത് നിന്ന്  കേട്ടതും   കണ്ണുകൾ തുടച്ചു കൊണ്ട് ഞാൻ അവിടെ നിന്നും എഴുന്നേറ്റ്  പുറത്തേക്ക് നടന്നു.. 


"ആഹാ.. നീ ആദ്യം തന്നെ ഇങ്ങോട്ട് കയറിയോ.. വന്നേ ഉമ്മ വിളിക്കുന്നുണ്ട്.. എന്തെങ്കിലും കഴിക്കാം..  ഉമ്മ ആരോടോ ഇവിടം വൃത്തിയാക്കാൻ ഏൽപ്പിച്ചിട്ടുണ്ട്.. അത് കഴിഞ്ഞ് കയറിയാൽ മതി.. വന്നേ "

അസി എന്നെയും വലിച്ചു കൊണ്ട് അസിയുടെ വീട്ടിലേക്ക് നടന്നു... ഇവിടെ നിന്ന് പോകാൻ ഇഷ്ടമില്ലെന്നാലും അസി വിളിച്ചത് കൊണ്ട് മാത്രം അവന്റെ കൂടെ പോയി.. 

അസിയുടെ വീടിന്റെ അകത്തേക്ക് കയറിയപ്പോൾ കണ്ടത് ഹിബയുടെ കാല് തടവി കൊടുക്കുന്ന ഉമ്മയെയാണ്... 
അന്നിവിടം വിട്ട് നേരെ പട്ടണത്തിലേക്കാണ്  പോയത് . അവിടെ നിന്ന് ഷബീർ ആണ് ബോംബെക്ക് കൊണ്ട് പോയത്.. അവിടെ വെച്ചാണ് ഹിബയെ ഞാൻ  അസിക്ക് കൈപിടിച്ചു കൊടുത്തത്.. അസിക്ക് ഹിബയെ ഇഷ്ടമാണെന്ന് അവൻ പറയാതെ തന്നെ പലപ്പോഴും ഞാൻ മനസ്സിലാക്കിയിരുന്നു.. അവനവളെ കൈ പിടിച്ചു കൊടുക്കുമ്പോൾ യഥാർത്ഥ കൈകളിൽ തന്നെയാണ് അവളെ നീ ഏല്പിച്ചതെന്ന്  ഉമ്മ കാതിൽ വന്നു  പറയും പോലെ തോന്നിയിരുന്നു... 
അന്ന് തന്നെ അസിയുടെ ഉമ്മാനോടും വിവരം പറഞ്ഞിരുന്നു.. ആരോടും പറയരുതെന്ന് പ്രത്യേകം പറയുകയും ചെയ്തിരുന്നു..... 


"നോക്കെടാ പോത്തേ.. മോളെ കാലിൽ നീര് വന്നേക്കുന്നത്. പൂർണ ഗർഭിണി ആയ ഇവളെ ഇത്രയും ദൂരം നടത്തിച്ചല്ലോ രണ്ടു പേരും "

ഉമ്മ ഞങ്ങളെ വഴക്ക് പറഞ്ഞതും ഹിബ ഞങ്ങളെ നോക്കി കളിയാക്കി ചിരിച്ചു.  അത് കണ്ടതും അസി അവളുടെ തലയിൽ മെല്ലെ കൊട്ട് കൊടുത്തു.. 

"ഉമ്മാ.. ഗർഭിണികൾ കുറച്ചൊക്കെ നടക്കണം.. ഇവൾക്ക് ശീലം ഇല്ലാത്തത് കൊണ്ടല്ലേ ക്ഷീണിച്ചത്. അവിടെ ഇവൾ അനങ്ങത്തില്ലാ.. തടിയൊക്കെ ഒന്നിളകട്ടെ ഉമ്മാ.. "

"പോടാ.. ഈ പാവത്തിനെ ഇത്രയും ദൂരം നടത്തിച്ചിട്ട്  നിന്ന് പ്രസംഗിക്കാ ചൂട് പിടിച്ചു കൊടുത്തേ ഓൾക്ക്.. ഞാൻ ആദമിന് കഴിക്കാൻ എടുക്കട്ടെ"

അതും പറഞ്ഞ് ഉമ്മ എണീറ്റതും ഞാൻ ചിരിച്ചു കൊണ്ട് ഹിബയുടെ അടുത്തിരുന്നു.. അസി  നിലത്ത് ചമ്രം പടിഞ്ഞിരുന്ന് അവളുടെ കാൽ അവന്റെ തുടയിൽ വെച്ച് തിരുമ്മി കൊടുത്തു.. അത് നോക്കി ഞാൻ ഇരുന്നതും ഉമ്മ എന്നെ കഴിക്കാൻ വിളിച്ചു..... 

=============================

നേരം ഇരുട്ട് വീണതും അസിയുടെ വീട്ടിൽ നിന്ന് ഞാൻ എന്റെ വീട്ടിലേക്ക് നടന്നു.. ഇപ്പോൾ ആകെ വൃത്തിയാക്കിയിട്ടുണ്ട്.. യാത്രാ ക്ഷീണം ഉള്ളത് കൊണ്ട് ഞാൻ നേരെ മുറിയിൽ ചെന്നു... അടഞ്ഞു കിടന്ന ജനാല നോക്കി ഞാൻ കട്ടിലിൽ കിടന്നു.. തുറന്നു നോക്കണോ വേണ്ടയോ എന്ന് ഉരുവിട്ട് അവസാനം എണീറ്റ് ജനാലക്കരികിലേക്ക് നടന്നു.. 

പതിയെ കൈകൾ കൊണ്ട് ജനാല തുറന്നതും പിറകെ ആരോ വന്നത് പോലെ എനിക്ക് തോന്നി.. തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് ഹിബയെ ആയിരുന്നു.. 

"എന്തിനാ ഹിബാ നീയിപ്പോൾ ഇങ്ങോട്ട് വന്നത്.. ദേ നേരം ഇരുട്ടിയാൽ  ഗർഭിണികൾ പുറത്തേക്കിറങ്ങരുതെന്നാ. ഉമ്മ ഉണ്ടായിരുന്നെങ്കിൽ നിന്റെ ചെവി പിടിച്ചു പൊന്നാക്കിയിരുന്നേനെ "

തമാശയോടെ ഞാൻ പറഞ്ഞതും അവൾ കണ്ണ് നിറച്ചു കൊണ്ട് തല താഴ്ത്തി നിന്നു.. ഉമ്മയെ ഓർത്ത് കൊണ്ടുള്ള കരച്ചിലാണെന്ന് മനസ്സിലായതും ഞാനവളെ ചേർത്ത് നിർത്തി തലോടി.. 

"ഏയ്‌.. എന്തായിത്.. കരയാതെ.. നീ കരയുന്നത് ഉമ്മാക്ക് സഹിക്കൂല ട്ടോ.. നീ പോയി കിടന്നോ.. ഇനി അങ്ങോട്ട്‌ പോകേണ്ട.. ഉമ്മാന്റെ മുറിയിൽ കിടന്നോ.. അസിയോട് ഇങ്ങോട്ട് വരാൻ ഞാൻ പറഞ്ഞോളാം.. കരയാതെ.. നല്ല കുട്ടിയായി പോയി ഉറങ്ങിക്കോ "

ചിരിച്ചു കൊണ്ട് ഞാനവളുടെ കണ്ണുകൾ തുടച്ചു കൊടുത്തു.. എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ടവൾ തിരികെ നടന്നു.. പിന്നെ എന്തോ ഓർത്തെന്ന പോലെ എന്നെ തിരിഞ്ഞു നോക്കി... എന്താണെന്ന് ഞാൻ ചോദിച്ചതും തുറന്നിട്ട ജനാലയെയും എന്നെയും നോക്കി അവൾ നിരാശയോടെ നിന്നു.. 

"കണ്ടില്ല.. അല്ലേ.. "

സങ്കടം കലർന്ന വാക്കുകളോടെ അവൾ പറഞ്ഞതും തല ചെരിച്ച് ജനാലക്കരികിലേക്ക് നോക്കി ഞാൻ പുഞ്ചിരിച്ചു.. 


"നീ പോയി കിടന്നോ.. "

ഒരു നെടുവീർപ്പോടെ എന്നെ നോക്കി അവൾ പോയതും അവൾ പോകുന്നതും നോക്കി ഞാൻ നിന്നു. 
അവളുടെ മുന്നിൽ നിന്ന് ശിവയെ പറ്റി ഞാനും അസിയും സംസാരിക്കാറില്ല.. അവൾ കാരണമാണ് പ്രശ്നങ്ങൾ ഉണ്ടായതെന്നും ഞാനും ശിവയും പിരിഞ്ഞതെന്നും പറഞ്ഞ് അവളാകെ വിഷമത്തിലായിരുന്നു.. നാട്ടിൽ നിന്ന് പോയി ആദ്യമൊക്കെ ആരോടും മിണ്ടാതെ ശിവയെ ഓർത്ത് ഞാൻ  തേങ്ങിയിരുന്നു.. അത് ഹിബക്ക് നോവുന്നുണ്ടെന്ന് മനസ്സിലാക്കിയ ഞാൻ ഉള്ള് നീറിയാണേലും പുറമെ സന്തോഷം അഭിനയിച്ചു കൊണ്ടിരുന്നു.. അവൾ കാരണമാണ് ഞങ്ങൾ പിരിഞ്ഞതെന്ന ചിന്ത മാറ്റിയെടുക്കാൻ അതിലൂടെ കഴിഞ്ഞിരുന്നു. എങ്കിലും ഇടക്ക് ശിവയുടെ ഓർമ്മകൾ വല്ലാതെ എന്നെ അലട്ടുന്നത് അവൾക്ക് വേഗം മനസ്സിലാവുമായിരുന്നു.... 


അവൾ പോയതും ഞാൻ ജനലിന്റെ അടുത്തേക്ക് നടന്നു... കണ്ണുകൾ നേരെ പോയത് ശിവയുടെ മുറിയിലെ ജനലിന്റെ ഭാഗത്തേക്കായിരുന്നു....എന്നാൽ അടഞ്ഞു തന്നെ കിടക്കുന്ന ജനൽ കണ്ട് ഹൃദയം നന്നായി വേദനിച്ചു... 

"പെണ്ണെ.. ഞാൻ വന്നത് അറിഞ്ഞോ നീ... അറിഞ്ഞെന്നാലും ഇനിയൊരു കൂടിക്കാഴ്ച ഉണ്ടാവുമോ.. സ്വപ്നത്തിൽ കാണും പോലെ  നീ പരമ ശിവന്റെ ദേവിയായോ പെണ്ണെ...ഇന്നും ഇടനെഞ്ചിൽ നീയുണ്ട്.. മറക്കാൻ കഴിയാതെ.. ആദമിന്റെ ശിവയായി തന്നെ.. കണ്ടു മുട്ടുമോ നമ്മളിനി... "


ഉള്ളിൽ നീറും ചോദ്യത്തോടെ കണ്ണുകൾ അടച്ചതും അതിനുത്തരം എന്നോണം ചെമ്പക മണമൊഴുകും കാറ്റെന്റെ മുഖത്തെ തലോടി.............(തുടരും)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story