ശിവ 🖤: ഭാഗം 24

രചന: RAIZA

"ആദം.. മനസ്സിലെ സാഹിബ്‌ ചീട്ട് കൊട്ടാരം പോലെ തകർന്ന് പോയല്ലേ.. ഇപ്പോൾ നമ്മുടെ മുന്നിൽ ഉണ്ടായിരുന്ന സാഹിബ്‌ തന്നെ യഥാർത്ഥ സാഹിബ്‌.. ഇത്രയും കാലം തെറ്റിദ്ധരിച്ചു.. "


"അതേ ഡാ.. സാഹിബിനെ കുറിച്ചുള്ള ചിന്താഗതി മാറി മറിഞ്ഞു... വൈകിയെങ്കിലും എല്ലാം അറിഞ്ഞല്ലോ.. "


"ഇല്ലല്ലോ.. ഇനി ആ സത്യം കൂടി അറിയേണ്ടേ... "


അസി എന്നെ നോക്കി പറഞ്ഞതും ഞാൻ തല ചെരിച്ചു കൊണ്ട് ശിവയുടെ ഇല്ലത്തേക്ക് നോക്കി.. നടന്ന് നടന്ന് ശിവയുടെ ഇല്ലത്തെത്തിയിരുന്നു.. അങ്ങോട്ട്‌ നോക്കി കൊണ്ട് തന്നെ ഞാൻ അവന് മറുപടി കൊടുത്തു.. 


"അതറിയാല്ലോ.. അയാൾ തന്നെ.. ജേഷ്ഠൻ നമ്പൂതിരി. "


ദേഷ്യം കലർന്ന വാക്കുകളോടെ  ഞാൻ അതും പറഞ്ഞ് മുന്നോട്ട് നടന്നു... അസി പിന്നെ ഒന്നും ചോദിക്കാൻ നിന്നില്ല.. 
നേരെ അസിയുടെ വീട്ടിലേക്ക് തന്നെയാണ് പോയത്.. അവിടെ എത്തിയപ്പോൾ ഹിബ മുറ്റമടിക്കുന്നത് കണ്ടതും ഞാനും അസിയും പരസ്പരം നോക്കി ചിരിച്ചു.. ഞങ്ങളുടെ കളിയാക്കി ചിരി കണ്ട് അവൾ ചൂല് കയ്യിലിട്ട് കുത്തി പുച്ഛത്തോടെ മുഖം തിരിച്ച് അവളുടെ ജോലി തുടർന്നു... 

"ആദമേ.. നിന്റെ പെങ്ങൾ പോരാ.. കണ്ടില്ലേ.. വൃത്തിയിൽ ജോലി ചെയ്യാൻ അറിയില്ല...നിന്റെ വീട്ടിൽ മടിച്ചി ആയിരുന്നോ ഇവൾ "


അസി തമാശയിൽ ചോദിച്ചതും അവൾ അവനെ നോക്കി കൊഞ്ഞനം കുത്തി എന്റെ അടുത്തേക്ക് വന്നു നിന്നു.. 


"എന്റെ പെങ്ങളൂട്ടി ക്ഷീണിച്ചല്ലോ.. എന്താ അസി.. എന്റെ പെങ്ങളെ നീ നോക്കാറില്ലേ.. എന്റെ വീട്ടിൽ ഇവൾ ഇങ്ങനെ ആയിരുന്നില്ലല്ലോ.. കണ്ടോ.. ആകെ ക്ഷീണിച്ചു.. "


ഹിബയെ ചേർത്ത് പിടിച്ച് അവളുടെ നെറ്റിയിലെ വിയർപ്പ് തുള്ളികൾ കൈകൊണ്ട് തുടച്ചു കൊടുത്തു കൊണ്ട് അസിയെ നോക്കി കണ്ണിറുക്കി തമാശയോടെ ഞാൻ പറഞ്ഞു.. അത് കേട്ട് ഹിബ ഒളി കണ്ണാലെ അസിയെ നോക്കി ചിരിച്ചു.. 


"ആഹാ.. ഇപ്പൊ എനിക്കായി അല്ലേ കുറ്റം.. ആങ്ങളയും പെങ്ങളും സെറ്റ്. ഞാൻ പുറത്ത്.. "


അസി അതും പറഞ്ഞ് മുഖം വീർപ്പിച്ചതും ഹിബ എന്നെ നോക്കി ചിരിച്ചു കൊണ്ട് അസിയുടെ കയ്യിൽ പിടിച്ച് അവന്റെ തോളിലേക്ക് ചാഞ്ഞു കിടന്നു.. 

" എന്റെ സുൽത്താൻ അല്ലേ എന്റെ അസിക്കാ... ഇന്നേവരെ എന്റെ കണ്ണ് നിറയ്ക്കാതെ ചുണ്ടിൽ പുഞ്ചിരി മായ്ക്കാതെ കൂടെ നിന്നില്ലേ.. ഇതിൽ പരം എന്താണ് വേണ്ടത്.. പിന്നെ.. എന്റെ ആങ്ങള  കണ്ടു പിടിച്ച ആള് മോശമാവുമോ.. നല്ലത് മാത്രമല്ലേ എനിക്കായി നൽകൂ... ".

കുട്ടിത്തം തുളുമ്പുന്ന അവളുടെ മുഖത്ത് നോക്കി  ഞാൻ ചിരിച്ചു.. പക്വത വന്ന അവളുടെ വാക്കുകൾ മനസ്സാകെ നിറയിച്ചു.. അവളെ ചേർത്ത് പിടിച്ചു കൊണ്ട് ഞാനും അസിയും  പരസ്പരം നോക്കി ചിരിച്ചു കൊണ്ട് വീട്ടിലേക്ക് കയറി.. 

============================

ചായ കുടിച്ചതിന് ശേഷം ഞാൻ വീട്ടിലേക്ക് കയറി ചെന്നു.. തുണികൾ എല്ലാം അടുക്കി വെക്കാനുണ്ട്.. ഇന്നലെ ക്ഷീണത്താൽ കിടന്നതാണ്.. എല്ലാം ഇപ്പോഴും ബാഗിൽ തന്നെയുണ്ട്.. 
എല്ലാം അടുക്കി വെക്കുന്നതിനിടയിൽ അസി എന്നെ വിളിക്കുന്നത് ഞാൻ കേട്ടു.. പുറത്തേക്ക് ചെന്നപ്പോൾ അവൻ എന്നോട് വരാൻ പറഞ്ഞു.. 


"എന്താടാ.."


"അതോ.. അത്.. ചുമ്മാ.. "

"എന്താ ഡാ.. സത്യം പറഞ്ഞോ.. രാവിലെ മുതൽ ഞാൻ ശ്രദ്ധിക്കാ. എന്തോ ഒരു കള്ളത്തരമുണ്ട്.. പറയെടാ "

വേലി കടന്ന് മുന്നോട്ട് നടക്കാൻ നിന്നതും ഞാനവനെ തടുത്തു നിർത്തി കൊണ്ട് ചോദിച്ചു.. 

"ഏയ്‌.. എന്ത്.. ഒന്നുമില്ല.. വീട്ടിൽ തന്നെ വെറുതെ ഇരിക്കണ്ടല്ലോ എന്നോർത്ത് നടക്കാൻ വിളിച്ചതാ നിന്നെ... അല്ലാതെ ഒന്നുമില്ല, "


"മ്മ്മ്.. എന്നിട്ട് എങ്ങോട്ടാ പോകുന്നേ.. കവലയിലേക്കോ"


"അല്ല.. ശിവയുടെ ഇല്ലത്തേക്ക്... "

പെട്ടന്ന് എന്റെ മുഖത്തേക്ക് നോക്കാതെ അസി പറഞ്ഞതും ഞാൻ അവനെ നോക്കി നിന്നു.. എന്നെ നോക്കാതെ അവൻ മുന്നോട്ട് നടക്കാൻ തുടങ്ങിയതും നിന്നിടത്ത് നിന്ന് തന്നെ ഞാൻ അവനെ വിളിച്ചു.. 


"അസീ.. ഞാനില്ല... നീ പൊയ്ക്കോ "


അതും പറഞ്ഞ് ഞാൻ തിരിഞ്ഞതും എന്റെ മുന്നിൽ നിൽക്കുന്ന ഹിബയെ കണ്ടു.. 


"എന്ത് കൊണ്ടില്ല.. നടക്ക് ഇക്കാ.. അസിക്ക അച്ഛൻ നമ്പൂതിരിയെ കാണാൻ പോകാന്നു പറഞ്ഞു.. അപ്പൊ ഞാനും ഉണ്ടെന്ന് പറഞ്ഞ് ഇറങ്ങിയതാ.. എല്ലാവരെയും കാണാമല്ലോ.. ഇക്ക നടന്നെ.. "


ഹിബ എന്നെയും പിടിച്ച് മുന്നോട്ട് ഉന്തിയതും ഞാൻ അസിയെ നോക്കി.. അവൻ ചിരിച്ചു നിൽക്കാണ്.. 


"ഞാനില്ല ഹിബാ.. അവിടെ ആ വിഷ്ണുവിനെയും ജേഷ്ഠൻ നമ്പൂതിരിയെയും കണ്ടാൽ ചിലപ്പോൾ എന്റെ സ്വഭാവം മാറും.. "


"അതിന് അവർ അവിടെ ഉണ്ടായിട്ട് വേണ്ടേ.. വിഷ്ണു തിരിച്ചു പോയി.. ജേഷ്ഠൻ നമ്പൂതിരി അയാളുടെ ഇല്ലത്തേക്കും പോയി.., അവർ ഉണ്ടാവും എന്ന് കരുതിയാണ് നീ വരുന്നില്ലെന്ന് പറയുന്നെങ്കിൽ അത് വേണ്ട..മറ്റെന്തെങ്കിലും ഉണ്ടോ.. "

അവനത് പറഞ്ഞതും ഞാൻ ഇല്ലത്തേക്ക് നോക്കി.. ഉള്ളിനുള്ളിൽ നിന്നൊരു തേങ്ങൽ വന്നതും ഞാൻ തല താഴ്ത്തി. 

"ആദം.. നീ വാ.."

എന്റെ കൈ ചേർത്ത് പിടിച് അസി മുന്നോട്ട് നടക്കുമ്പോൾ തടയാൻ തോന്നിയില്ല..  ഹിബയും എന്റെ ഒപ്പം ചേർന്ന് നടന്നു.. രണ്ടു പേരുടെയും മുഖത്തുള്ള ഭാവത്തിന്റെ അർത്ഥം എന്തെന്ന് മനസ്സിലാവുന്നേ ഇല്ല..ഹിബ ഇടക്കെന്നെ ഒളി കണ്ണിട്ട് നോക്കി ചിരിക്കുന്നുണ്ട്.. എന്തായാലും വരുന്നിടത്ത് വെച്ച് കാണാം എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ മുന്നോട്ട് നടന്നു.. 

 പടിപ്പുര വാതിൽക്കൽ എത്തിയതും കാലുകൾ അവിടെ ഉറച്ച പോലെ തോന്നി.. ശിവയെ ഇവിടെ വെച്ച് കാണുമോ.. കണ്ടാൽ എന്താവും എന്നൊക്കെ ആലോചിച് മനസ്സാകെ ഒരു വെപ്രാളം.. ഇന്നലെ വരെ അവളെയൊന്ന് കണ്ടെങ്കിൽ എന്നായിരുന്നു.. എന്നാൽ ഇപ്പോൾ.. എന്തോ.. മനസ്സ് കലങ്ങി മറിയുന്ന പോലെ...അവളിപ്പോൾ ദേവിയല്ലേ.. എങ്ങനെ ഇവിടെ ഉണ്ടാവാ..സദാ സമയം അമ്പലത്തിൽ പൂജ ചെയ്ത് ശിവന് മാല കോർത്ത് ഇരിക്കുന്നുണ്ടാവും... 
ശിവയെ ഇനി കാണില്ല...അവൾ ഇവിടെ ഉണ്ടാവില്ലെന്ന് വെപ്രാളപ്പെടുന്ന മനസ്സിനെ പറഞ്ഞ് സമാധാനിപ്പിച്ചു.. എങ്കിലും.. അവളുടെ പാദം പതിഞ്ഞ ഇടത്തേക്ക് കയറി ചെല്ലാൻ എന്തോ വിഷമം.. 

പടിപ്പുര കഴിഞ്ഞ് ഞങ്ങൾ മുറ്റത്തെത്തി.. തുളസി തറയിലെ  വെള്ളം തെളിഞ്ഞു കിടപ്പുണ്ട്... 
ഞങ്ങൾ വന്നത് അറിഞ്ഞതും അച്ഛൻ നമ്പൂതിരി പുറത്തേക്ക് വന്നു.. എന്നെ കണ്ടതും വിശ്വാസം വരാതെ എന്റെ മുഖത്തേക്ക് തന്നെ ഒരു നിമിഷം നോക്കി നിന്നു... 
ഹിബയെ ഊരുവിലക്ക് കല്പിച്ചത് നമ്പൂതിരി ആയിരുന്നല്ലോ.. എന്നാൽ എങ്കിലും ശിവയും ഞാനും തമ്മിലുള്ള പ്രശ്നം തീരട്ടെ എന്ന് കരുതി കാണും.. പക്ഷെ.. ഞാനും അന്ന് പോയത് നമ്പൂതിരി ഒട്ടും പ്രതീക്ഷിച്ചു കാണില്ല..
ശിവയെ വേദനിപ്പിച്ചതിന് എന്നോട് ദേഷ്യമായിരിക്കുമെന്ന് ഞാൻ തെറ്റിദ്ധരിച്ചു..  എന്നാൽ എന്നെ കണ്ടയുടനെ നമ്പൂതിരി എന്നെ വാരിപുണർന്നു. 


"ആദം.. നീ വന്നല്ലോ... "

കണ്ണുകൾ നിറച്ചു കൊണ്ട് നമ്പൂതിരി പറഞ്ഞപ്പോൾ എനിക്കും പിടിച്ചിട്ട് കിട്ടിയില്ല. കണ്ണുനീർ ഒഴുക്കി കൊണ്ട് ഞാൻ നമ്പൂതിരിയോട് മാപ്പ് പറഞ്ഞു.. 


"ആദം.. ഞാനല്ലേ കുട്ട്യേ മാപ്പ് പറയേണ്ടത്..  ഈ നാട് വിട്ട് നീ പോവാൻ കാരണം ഞാനല്ലേ.. ഹിബയെ പറഞ്ഞയച്ചാൽ എല്ലാം ഒതുങ്ങും എന്ന് കരുതി അന്നങ്ങനെ പറഞ്ഞതാ.. ഇന്നെന്റെ കുട്ടിയുടെ കണ്ണീരിന് കാരണം അവളുടെ അച്ഛൻ തന്നെയാ.. എന്തായാലും നീ വന്നല്ലോ.,"


എന്റെ രണ്ടു ചുമലിലും കൈ വെച്ച് കൊണ്ട് അച്ഛൻ നമ്പൂതിരി വിതുമ്പി.. 
ഹിബയുടെ കൈപിടിച്ച് അന്ന് ഊരുവിലക്ക് ഏർപ്പെടുത്തിയതിന് മാപ്പ് പറഞ്ഞു.. 


"വരാ...അകത്തേക്കിരിക്കാ.."

അച്ഛൻ നമ്പൂതിരി പറഞ്ഞത് അനുസരിച്ച് കൊണ്ട് ഞങ്ങൾ അകത്തേക്ക് കയറി.. നടുമുറ്റത്തോട് ചേർന്നുള്ള ഇടനാഴിയിലെ തിണ്ണയിൽ ഞങ്ങൾ ഇരുന്നു.. എന്റെ ശിവ അവളുടെ കൊലുസ് കിലുക്കി ഓടി നടക്കുന്ന ഇടമാണിത്.. ഹൃദയമിടിപ്പ് കൂടും തോറും കണ്ണുകൾ ആർക്കോ വേണ്ടി ചുറ്റിലും പരതി.... 

ഇവിടെ വന്നു കയറിയ ഉടനെ ആദ്യം പ്രതീക്ഷിച്ചത് മുത്തശ്ശിയെ ആയിരുന്നു.. ചുക്കി ചുളിഞ്ഞ കവിൾ കാണിച്ചുള്ള ചിരിയിൽ ആദം കുട്ട്യേ എന്നുള്ള ആ വിളി ഒന്ന് കേട്ടെങ്കിൽ എന്ന് മനസ്സ് കൊതിച്ചു.. മുത്തശ്ശി ചിലപ്പോൾ പൂജാമുറിയിലാവും.. ജേഷ്ഠൻ നമ്പൂതിരിയും വിഷ്ണുവും ഇവിടെ ഇല്ലെന്ന് അസി പറഞ്ഞപ്പോൾ അമ്പരപ്പ് തോന്നിയിരുന്നു.. നാട്ടിലേക്ക് പോകാൻ തയ്യാറെടുക്കുമ്പോൾ തന്നെ ഉള്ളിൽ അടക്കി വെച്ച പക നീറി പുകയുന്നുണ്ടായിരുന്നു.. 
ഇന്നിപ്പോ അവരിവിടെ ഇല്ലെന്ന് പറഞ്ഞപ്പോൾ മനസ്സിൽ നിരാശ തോന്നി.. 
എന്തായാലും അവർ വരും.. ഉറപ്പാണ്.. ഞാൻ ഈ ശിവപുരത്ത് കാൽ കുത്തിയെന്ന് അറിഞ്ഞാൽ ഉടൻ അവരെത്തും.... വരട്ടെ.. !!!

അകത്തേക്ക് കയറി ഇരുന്ന് അച്ഛൻ നമ്പൂതിരി ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു.. ശിവയെ കുറിച്ച് ചോദിക്കണം എന്നുണ്ടായിരുന്നു.. പക്ഷെ.. നാവ് അനങ്ങിയില്ല.. അസിയോ ഹിബയോ ചോദിച്ചതുമില്ല.. അവരൊന്ന് ചോദിച്ചെങ്കിൽ എന്ന് മനസ്സ് കൊതിച്ചു.. പക്ഷെ.. സംസാരത്തിനിടയിൽ ഒരിക്കൽ പോലും ശിവ എന്ന പേര് അവിടെ വന്നില്ല. അച്ഛൻ നമ്പൂതിരിയും ഒന്നും പറഞ്ഞില്ല... വന്നിട്ട് ഇത്ര നേരമായിട്ടും അവളെ കണ്ടില്ല.. അവൾ ഇവിടെ ഉണ്ടായിരുന്നെങ്കിൽ എപ്പോഴേ എന്റെ അടുത്തേക്ക് ഓടി വന്നിരുന്നു. 
വരുമോ...??? അതോ എന്നോടിപ്പോഴും ദേഷ്യം ഉണ്ടാവുമോ.. 

 അവളെ കാണാത്തതിലുള്ള സങ്കടം കാരണം  മനസ്സ്  വീർപ്പു മുട്ടിയത് കൊണ്ട് മനസ്സിൽ നിന്നാ വിഷയം മാറ്റാൻ ഞാൻ തീരുമാനിച്ചു... 


" മുത്തശ്ശി എവിടെ പോയി.. പൂജാമുറിയിലാണോ.. വന്നിട്ട് കണ്ടില്ലല്ലോ "

ചുറ്റിലും നോക്കി ഞാൻ ചോദിച്ചതും അച്ഛൻ നമ്പൂതിരി  ഒന്നും മിണ്ടാതെ നെടുവീർപ്പിട്ട് കൊണ്ട്  തൂക്ക് വിളക്കിലെ തിരി നേരെയാക്കി കൊണ്ടിരുന്നു.. നമ്പൂതിരി കേട്ടില്ലെന്ന് കരുതി ഞാൻ വീണ്ടും ചോദിക്കാൻ നിന്നതും അസി എഴുന്നേറ്റു കൊണ്ട്  എന്റെ കയ്യിൽ പിടിച്ചു.. 


"ആ.. അത്.. വാ.. നമുക്ക് പോകാം.. നേരം കുറെ ആയി.. "

ചിരിക്കാൻ ശ്രമിച്ചു കൊണ്ട് അസി പറഞ്ഞതും ഒന്നും മനസ്സിലാവാതെ ഞാൻ അവനെ നോക്കി.. 

"മുത്തശ്ശിയെ കാണാതെ എങ്ങനെ  പോവാ.. എന്നാ പിന്നെ അത് മതിയാവും മുത്തശ്ശിക്ക്..... ഞാൻ നോക്കട്ടെ.. എവിടെയെന്ന്.. നിങ്ങള് ഇവിടെ ഇരിക്ക്  "


ചിരിച്ചു കൊണ്ട് അതും പറഞ്ഞ് ഞാൻ നടുമുറ്റത്തേക്ക് നോക്കി.. നടുമുറ്റം ചുറ്റിയാൽ വീണ്ടുമൊരു ഇടനാഴിയുണ്ട്.. അവിടെയാണ് പൂജാമുറിയും ഗോവണിയും.. ശിവയുടെ മുറി മേലെയാണ്. പൂജാമുറി ഗോവണിയുടെ അടുത്തുള്ള മുറിയിലും ആണ്.. അവിടെ ചെന്നാൽ മുത്തശ്ശിയെ കാണാം. 
പൂർണ സ്വാതന്ത്ര്യത്തോടെ ഞാൻ മുന്നോട്ട് നടന്നു.. അസിയോ അച്ഛൻ നമ്പൂതിരിയോ എന്നെ തടഞ്ഞില്ല.. 

മുന്നോട്ടുള്ള ഓരോ കാൽവെപ്പിലും കണ്ണുകൾ അതിനേക്കാൾ വേഗത്തിൽ മുന്നോട്ട് ചലിക്കുന്നുണ്ടായിരുന്നു. മനസ്സിൽ നിറഞ്ഞു നിന്നത് അവൾ തന്നെ ആയിരുന്നു.. എന്റെ ശിവ.... അല്ല.. ദേവി..... 

ആ വാക്ക് മനസ്സിൽ നീറ്റൽ ഉണ്ടാക്കി എങ്കിലും വർധിച്ചു കൊണ്ടിരിക്കുന്ന ഹൃദയമിടിപ്പിന്റെ ഉത്തരം തേടുകയായിരുന്നു ഞാൻ. നടുമുറ്റം ചുറ്റി ഞാൻ അകത്തേക്ക് കാൽ വെച്ചതും ഉള്ളിലൊരു വിറയൽ പോലെ ശരീരം കുളിരു കോരി.. ഹൃദയമിടിപ്പ് ശരവേഗത്തിൽ കുതിച്ചു... മെയ്യാകെ തളർത്തുന്ന ചെമ്പക മണം ശ്വാസത്തിൽ അലിഞ്ഞതും ഞാൻ കേട്ടു.. ഹൃദയതാളം വ്യത്യാസപെടുത്തുന്ന കൊലുസിന്റെ കിലുക്കം...... 
ഗോവണിയുടെ മുകളിലേക്ക് ഞാൻ കണ്ണുകളോടിച്ചു... 

കിലുങ്ങുന്ന  കൊലുസിട്ട നഗ്ന പദങ്ങൾ  ഗോവണിപടിയിൽ പതിഞ്ഞതും കണ്ണുകൾ വിടർത്തി ഞാൻ മേലേക്ക് നോക്കി.. ആ സമയം ചുവന്ന കുപ്പിവളകളിട്ട രണ്ടു കൈകൾ ഗോവണിപിടിയിൽ അമർന്നു.. 
ഒരു നിമിഷം കണ്ണടച്ച്  ഞാൻ മുന്നോട്ട് കാൽ വെച്ചതും ഗോവണിപ്പടികളിലൂടെ ഊർന്നിറങ്ങി അമ്മേ.... എന്ന ശബ്ദത്തോടെ അവളെന്റെ മേലേക്ക് പതിച്ചു..... 

കണ്ണടച്ചാണേലും അവളുടെ ചെമ്പക മണത്താൽ  കൃത്യമായി തന്നെ അവളെ ഞാൻ  ഇരു കൈ കൊണ്ടും സുരക്ഷിതമായി പിടിച്ചു.. 
നീണ്ടു കിടക്കുന്ന മുടിയിൽ കൈ ചേർത്തവളുടെ ഇടുപ്പിൽ രണ്ടു കൈ കൊണ്ടും താങ്ങി നിർത്തി കൊണ്ട് ഞാൻ ഒരു നിമിഷം കണ്ണടച്ച് തന്നെ നിന്നു... അവളുടെ ഹൃദയതാളത്തിലെ വ്യത്യാസം  എന്റെ കാതുകളിൽ പതിഞ്ഞു.....
ഇനിയും എന്റെ പെണ്ണിന് നേരെ കണ്ണടച്ച് നിൽക്കാൻ മനസ്സനുവദിക്കാത്തത് കൊണ്ട് ഞാൻ കണ്ണുകൾ മെല്ലെ തുറന്നു......... 

=============================


ആദം.... !!!!!!!!!!
 
തൊട്ട് മുന്നിൽ നിൽക്കുന്ന അവനെ അപ്രതീക്ഷിതമായി കണ്ടതിനാലുള്ള സന്തോഷം കാരണമാണോ അതോ ഇത്രയും നാൾ കാണാത്തതിൽ ഉള്ള ഹൃദയത്തിന്റെ വേദന കൊണ്ടാണോ എന്നറിയില്ല.. കണ്ണുകൾ നിറഞ്ഞൊഴുകി... 
മുറിയിൽ നിന്ന് താഴേക്ക് ഇറങ്ങുമ്പോൾ തന്നെ ഹൃദയമിടിപ്പ് വല്ലാതെ കൂടിയിരുന്നു.. ഗോവണി ഇറങ്ങി വന്നപ്പോൾ ആദമിന്റെ രൂപം കണ്ടതും ശരീരം തളർന്നു പോയി.. കാൽ വഴുതി വീണത് ആദമിന്റെ കൈകളിലേക്കും.... 
പഴയ ആദമല്ല.... താടിയൊക്കെ വെച്ച് തടിച്ച് പുതിയ രൂപം.. എന്തൊക്കെ മാറിയാലും കണ്ണുകളിലെ ആ പ്രണയം മാത്രം മാഞ്ഞു പോയിട്ടില്ല..... 

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയതും ഒരായിരം തവണ കണ്ണുകൾ കൊണ്ട് ഞാൻ മാപ്പ് പറഞ്ഞു....
അവൾക്കൊരു മാറ്റവുമില്ല.. ആ പഴയ ശിവ തന്നെ.. കയ്യിൽ കിലുങ്ങുന്ന കുപ്പിവളകൾ.. നെറ്റിയിൽ ചന്ദനം.. വാലിട്ടെഴുതിയ കണ്ണുകൾ... ചുവന്ന ദാവണി.....
കണ്ണുകളിലെ ആ തിളക്കത്തിന് പോലും ഒരു മങ്ങലും വന്നിട്ടില്ല... 

എത്ര നേരം ഞങ്ങൾ ഒന്നും മിണ്ടാതെ ആ നിൽപ്പ് നിന്നുവെന്നറിയില്ല.. കണ്ണുകൾ കൊണ്ട് ഒരായിരം പരിഭവം  ഞങ്ങൾ പറഞ്ഞു തീർത്തു....
എന്നോടൊരു ദേഷ്യവും ഇല്ലെന്ന്  ഒരോ നിമിഷവും ആ പുഞ്ചിരി തെളിയിച്ചു കൊണ്ടിരുന്നു... എന്നാൽ.. പെട്ടന്ന്.....എന്റെ തൊട്ട് പിറകിൽ ഹിബ വന്നു നിന്നതും അവളുടെ പുഞ്ചിരി മാഞ്ഞു പോയി... 
നിറവയറുമായി ഹിബയെ  എന്റെ തൊട്ടരികിൽ കണ്ടതും ദേഷ്യത്തോടെ എന്റെ മുഖത്തേക്ക് നോക്കി.. എന്റെ കയ്യിൽ നിന്നും കുതറി മാറിക്കൊണ്ടവൾ മുഖം തിരിച്ച് അവിടെ നിന്നും പോയി..........(തുടരും)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story