ശിവ 🖤: ഭാഗം 25

shiva

രചന: RAIZA

അവൾ പോയതും ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു.. ചങ്ക് പിടയുന്ന പോലെ.. അവളുടെ മനസ്സിലെ  ദേഷ്യം മാഞ്ഞു പോയിട്ടില്ലെന്ന് ഒന്നും മിണ്ടാതെ ദേഷ്യത്തോടെയുള്ള  പോക്കിൽ നിന്നും മനസ്സിലായി. 
എന്റെ വിഷമം മനസ്സിലാക്കി കൊണ്ട് ഹിബയെന്റെ തോളിൽ കൈവെച്ചു.. അവളെ നോക്കി സങ്കടം മറച്ചു വെച്ച് ഞാൻ ചിരിച്ചു.. 

"വാ.. പോകാം.. "

പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല. ഹിബയെ ചേർത്ത് പിടിച്ച് ഞാൻ അസിയുടെയും അച്ഛൻ നമ്പൂതിരിയുടെയും അടുത്തേക്ക് പോയി... അവിടെ ചെന്നപ്പോൾ ശിവ അസിയോട് സംസാരിച്ചു നിൽക്കുന്നത് കണ്ടു.. എന്നെ കണ്ടതും  ദേഷ്യത്തോടെ അവൾ മുഖം തിരിച്ചു.. 

"അച്ഛാ.. ഞാൻ കാവിലേക്ക് പോയി വരാം.. "

എന്റെ മുഖത്തേക്ക് നോക്കാതെ അവൾ പുറത്തേക്ക് പോയതും  അവരെയൊക്കെ നോക്കി ഞാൻ ചിരി വരുത്തി ഞാൻ തല താഴ്ത്തി നിന്നു.. 

"ആദം... അന്ന് നീ പോയതിന് ശേഷം ഇന്നാണ് ദേവുവിന്റെ മുഖത്ത് ചിരി വിരിഞ്ഞത് .  അവളുടെ കൊഞ്ചലില്ലാത്ത ഈ അകത്തളവും ഗ്രാമവും ഉറങ്ങി കിടക്കായിരുന്നു.. അവളുടെ മുഖത്തെ തിളക്കം നിനക്കല്ലാതെ മറ്റാർക്കാ കൊണ്ട് വരാൻ കഴിയാ.. "


എന്റെ തോളിൽ കൈ വെച്ച് അച്ഛൻ നമ്പൂതിരി ശിവ പോയ വഴിയേ നോക്കി പറഞ്ഞു..ഒന്നും മനസ്സിലാവാതെ ഞാൻ നമ്പൂതിരിയെ നോക്കി.. 

"എനിക്കൊന്നും മനസിലായില്ല നമ്പൂതിരീ.. ഗ്രാമത്തിന്റെ ഐശ്വര്യം വർധിപ്പിക്കാനല്ലേ അന്നാ പൂജ നടത്തിയതും അവളെ ദേവി ആക്കാൻ തുനിഞ്ഞതും.. എന്നിട്ടിപ്പോ ഗ്രാമം ഉറങ്ങിയെന്നോ"

നിരാശയും പുച്ഛവും കലർന്ന വാക്കുകളോടെ ഞാൻ പറഞ്ഞതും നമ്പൂതിരി എന്നെ നോക്കി ചെറുതായി  പുഞ്ചിരിച്ചു.. ഒരു നെടുവീർപ്പിനാൽ അച്ഛൻ നമ്പൂതിരി പറഞ്ഞു വന്ന കാര്യങ്ങൾ കേട്ട് നിർവികാരതയോടെ ഞാൻ ശിവ പോയ വഴിയേ നോക്കി നിന്നു....... 

"ആദം... അന്നാ പൂജ നടന്നില്ല.. പൂജയുടെ അവസാന ഘട്ടത്തിൽ ശിവന് മുന്നിൽ വിളക്ക് തെളിയിക്കായിരുന്ന  അമ്മ തളർന്നു വീണു... രക്തസമ്മർദ്ദം മൂലം തളർന്നു വീണതാണെന്നാ കരുതിയെ. പക്ഷെ... 
ഹാ.. ശിവന്റെ കാൽപ്പാദത്തിൽ വീണ് മരിക്കാനാവും അമ്മയുടെ യോഗം.. തറവാട്ടിൽ മരണം നടന്നത് കൊണ്ട് തന്നെ പൂജ മുഴുവനാക്കാനായില്ല.. രണ്ടര വർഷത്തിന് ശേഷമുള്ള മൃത്യുയജ്ഞ പൂജ നടത്തിയതിന് ശേഷം മാത്രമേ ശുഭ കാര്യങ്ങൾ ചെയ്താൽ ഫലം ലഭിക്കൂ.. അതിനാൽ തന്നെ ഇത്രയും നാൾ ആ ഒരു കാരണം കൊണ്ട് പൂജ നീട്ടി വെച്ചു."

മനസ്സിൽ സന്തോഷം പൂത്തുലഞ്ഞു നിന്ന നിമിഷമായിരുന്നു.. ഇത്രയും നാൾ മനസ്സ് നീറിയത് ഈ ഒരു കാര്യമോർത്തായിരുന്നു.. അവൾ ദേവി ആയില്ലെന്ന് അറിഞ്ഞപ്പോൾ വല്ലാത്ത സമാധാനം... 
പക്ഷെ.... സ്നേഹ നിധിയായ മുത്തശ്ശി മരണപ്പെട്ടു എന്നറിഞ്ഞപ്പോൾ അത് തീർത്തും നോവ് പടർത്തി . അന്ന് നാട്ടിൽ നിന്ന് പോകുമ്പോൾ ഒന്ന് കാണണം എന്നുണ്ടായിരുന്നു. പക്ഷെ  നടന്നില്ല   ഇനിയൊരിക്കലും കാണില്ലെന്ന സത്യം വിശ്വസിക്കാൻ പ്രയാസം.... 

"എന്നോട് ദേഷ്യമുണ്ടോ നമ്പൂതിരീ.. ശിവയെ വേദനിപ്പിച്ചതിന്‌ "

"ഏയ്‌.. ഒട്ടുമില്ല. പക്ഷേ.. ദേഷ്യം തോന്നിയിരുന്നു.. എല്ലാം നീ മറച്ചു വെച്ചതാണെന്ന് അറിഞ്ഞപ്പോൾ ". 

കണ്ണുമിഴിച്ച് ഞാൻ നമ്പൂതിരിയെ നോക്കി.. അസിയും ഹിബയും ചിരി തൂകി നിൽക്കാണ്.. അപ്പോൾ അച്ഛൻ നമ്പൂതിരിയും എല്ലാം അറിഞ്ഞോ.. അത് ഹിബയും അസിയും അറിഞ്ഞത് കൊണ്ടാണോ അവർക്കിത്ര സന്തോഷം.. രാവിലെ മുതൽ ഞാൻ രണ്ടിനെയും ശ്രദ്ധിക്കുന്നുണ്ട്.. എന്നിൽ നിന്ന് എന്തൊക്കെയോ മറച്ചു വെക്കുന്ന പോലെ തോന്നിയിരുന്നു.. അപ്പോൾ ഇതൊക്കെ ഇവർ നേരത്തെ അറിഞ്ഞിരുന്നു.. ഇന്നലെ വന്ന് കയറിയപ്പോൾ അസിയുടെ ഉമ്മ പറഞ്ഞിട്ടുണ്ടാവും എല്ലാം.. അതോ.. അതിന് മുൻപ് തന്നെ അറിഞ്ഞിരുന്നോ.. അതാണോ അസി നാട്ടിലേക്ക് പോകാമെന്ന് പറഞ്ഞ് എന്നെ നിർബന്ധിച്ചു കൊണ്ടിരുന്നത്.. ആദ്യമൊക്കെ ഞാൻ എതിർത്തിരുന്നു. പിന്നെ ഹിബയുടെ വിഷയം എടുത്തിട്ടാണ് അസിയെന്നെ നിർബന്ധിപ്പിച്ചത്.. എന്തായാലും... അച്ഛൻ നമ്പൂതിരിയിപ്പോൾ പറഞ്ഞ കാര്യങ്ങൾ ഇതിന് മുൻപ് തന്നെ അവർക്കറിയാം.. അതെനിക്ക് മനസ്സിലായി.. യാതൊരു ഞെട്ടലും രണ്ടിന്റെയും മുഖത്തില്ല... 
ഇനിയിപ്പോ ഈ നാട്ടിൽ എല്ലാവരും എല്ലാം അറിഞ്ഞത് അസിയുടെ ഉമ്മ കാരണമാണോ... 
അത് ചോദിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.. 

"അന്നങ്ങനെ ചെയ്യാനാണ് എനിക്ക് തോന്നിയത്.. പേടിയായിരുന്നു.. എല്ലാത്തിനോടും. ഇവളുടെ സുരക്ഷ മാത്രമേ ഞാൻ ചിന്തിച്ചുള്ളൂ.. "

"ആഹ്.. സാരമില്ല. എല്ലാം കഴിഞ്ഞതല്ലേ.. വിട്ടേക്ക്..ഇപ്പോൾ സന്തോഷം മാത്രമേ ഉള്ളൂ.. നീ തിരിച്ചു വന്നല്ലോ . "

"നമ്പൂതിരീ.. എങ്ങനെയാ സത്യങ്ങൾ എല്ലാവരും അറിഞ്ഞത്..."


"നീ പോയി മാസങ്ങൾക്ക് ശേഷം നിന്റെ ആ സുഹൃത്ത് വന്നിരുന്നു.. ഷബീർ.. അവനാണ് എല്ലാം പറഞ്ഞത്.. മാഷിന്റെ വാക്ക് കേട്ടാണ് നീയെല്ലാം മറച്ചു വെച്ചതെന്നൊക്കെ പറഞ്ഞു.. കൂട്ടത്തിൽ നിന്റെ ഉപ്പ മരിച്ചതും പറഞ്ഞു.. "

ഒന്ന് നിർത്തി അച്ഛൻ നമ്പൂതിരി വീണ്ടും തുടർന്നു... 

"അവനെ ഒരിക്കൽ കൂടി കാണണം എന്നുണ്ടായിരുന്നു.. രണ്ടു ശരീരവും ഒരൊറ്റ മനസ്സുമായി കഴിഞ്ഞതല്ലേ ഞങ്ങൾ.. കാണാൻ പറ്റിയില്ല..."


നമ്പൂതിരിയുടെ മുഖത്ത് ദുഃഖം തളം കെട്ടി നിന്നതും ഞാൻ വിഷയം മാറ്റി.. 

"എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ... പിന്നെ വരാം.."

നമ്പൂതിരിയോട് യാത്ര പറഞ്ഞ് ഞാനും അസിയും ഹിബയും പുറത്തേക്ക് നടന്നു.. ഇറങ്ങാൻ നേരം ഞാൻ അസിയെ ഒന്ന് നോക്കി.. എന്നിട്ടവന്റെ അരികിൽ ചേർന്ന് നിന്നു. 

"ഒരു വാക്ക് പറഞ്ഞില്ലല്ലോ.. "

അവനോട് ഞാൻ അങ്ങനെ പറഞ്ഞതും അവനെന്നെ നോക്കി ചെറു ചിരിയാലെ മറുപടി നൽകി.. 

"അന്നേ പറഞ്ഞിരുന്നെങ്കിൽ ഇന്നീ മനസ്സിൽ ഇത്രത്തോളം സന്തോഷം ഉണ്ടാവുമായിരുന്നില്ല.. മുഖത്തെ ഈ ചിരിക്കിത്ര ഭംഗിയും കാണില്ല.."


അവനത് പറഞ്ഞ് ഹിബയുടെ കൈ പിടിച്ച് കൊണ്ട് മുന്നോട്ട് നടന്നതും സന്തോഷത്താൽ കണ്ണ് നിറഞ്ഞു.. ഷബീർ ആണ് നാട്ടിൽ വന്ന് സത്യങ്ങൾ എല്ലാം പറഞ്ഞതെന്ന് അച്ഛൻ നമ്പൂതിരി പറഞ്ഞപ്പോൾ തന്നെ എനിക്ക് മനസ്സിലായി ഇതിന് പിന്നിൽ അസി തന്നെയാണെന്ന്.. അവൻ പറഞ്ഞത് പോലെ അന്ന് തന്നെ അവനിക്കാര്യം പറഞ്ഞിരുന്നെങ്കിൽ ഇത്ര സന്തോഷം കാണില്ലായിരുന്നു.. ഒട്ടും പ്രതീക്ഷയില്ലാത്ത അത്രമേൽ ഇഷ്ടപ്പെട്ടത് പെട്ടന്ന് കൈവെള്ളയിൽ എത്തിച്ചേരുമ്പോൾ അതിനിത്തിരി മധുരം കൂടുതൽ തന്നെയാണ്...... 

മനസ്സ് നിറഞ്ഞു കൊണ്ട് ഞാൻ പടികൾ പതിയെ ഇറങ്ങി.. ഹിബയും അസിയും പടിപ്പുര എത്താനായിട്ടുണ്ട്.. മുന്നോട്ട് നടക്കാൻ നിന്നതും ഒരു നിമിഷം നിന്നു കൊണ്ട് ഞാൻ തല തിരിച്ച് അച്ഛൻ നമ്പൂതിരിയെ നോക്കി... 

"ശിവക്കറിയുമോ എല്ലാം... "

അതേ എന്ന് നമ്പൂതിരി തലയാട്ടിയതും ചിരിച്ചു കൊണ്ട് ഞാൻ മുന്നോട്ട് നടന്നു... 
എല്ലാം അറിഞ്ഞിട്ടാണല്ലേ നേരത്തെ അവൾ ജാഡ കാണിച്ചത്.. അന്നേരം മുഖത്ത് ദേഷ്യം വെച്ചത് ഹിബയെ കുറിച്ചുള്ള സത്യം അവളിൽ നിന്ന് മറച്ചത് കൊണ്ടാവും.. 
ഇനിയിപ്പോ ആ കാന്താരി പെണ്ണിനെ കുപ്പിയിലാക്കണമല്ലോ.... 

അസിയും ഹിബയും വീട്ടിലേക്ക് തിരിഞ്ഞതും ഞാൻ നേരെ കാവ് ലക്ഷ്യം വെച്ച് നടന്നു.... 

=============================

എന്റെ പിറകെ തന്നെ ആദം വരുമെന്ന് ഉറപ്പായിരുന്നു.. അച്ഛൻ പറഞ്ഞിട്ടുണ്ടാവും സത്യങ്ങൾ ഞാൻ അറിഞ്ഞത്.. എന്നോട് ഒരു വാക്ക്, ഒരു സൂചന പോലും നൽകാത്തതിൽ അവനോട് ഒരുപാട് ദേഷ്യമുണ്ട്.. അതാണ് മിണ്ടാൻ ഏറെ കൊതിയുണ്ടായിട്ടും ഒരുപാടൊരുപാട് പറയാൻ ഉണ്ടായിട്ടും ദേഷ്യം നടിച്ച് മുഖം തിരിച്ചത്.. 
എന്നെ ഇത്രമാത്രം വേദനിപ്പിച്ചതിന് ഇത്രയെങ്കിലും തിരിച്ചു കൊടുക്കേണ്ടേ.... 

കാവിൽ എത്തി ആദമിനെ കാത്ത് ഞാൻ നിന്നു.. ഉറപ്പായിരുന്നു വരുമെന്ന്.. ആ ഉറപ്പ് തെറ്റിയില്ല.. പിറകിൽ കരിയിലകൾ ചവിട്ടിയമരുന്ന ശബ്ദം കേട്ടതും മനസ്സിൽ ചിരിച്ചു കൊണ്ട് പുറമെ ദേഷ്യം വരുത്തി ഞാൻ തിരിഞ്ഞു നോക്കി... 
എന്നെ നോക്കി കൈകെട്ടി കള്ള  ചിരിയോടെ  നിൽക്കുന്ന ആദമിനെ കണ്ടതും മുഖത്തെ ദേഷ്യമെല്ലാം ആവിയായി പോയി.. 
അവനെന്റെ അടുത്തേക്ക് വരാൻ നിന്നതും പെട്ടന്നാണ് അത് സംഭവിച്ചത്. 

സ്സ്സ്... 

സീൽക്കാര ശബ്ദത്തോടെ അവനു  നേരെ പാമ്പ് പത്തി വിടർത്തി നിന്നതും ആദം ഒരടി പിറകിലേക്ക് നിന്നു.. 


"ഗൗരി... !!!! "


ശൗര്യത്തോടെ ശിവ വിളിച്ചതും ആ പാമ്പ് പത്തി താഴ്ത്തി കരിയിലകൾക്കിടയിലൂടെ ഇഴഞ്ഞു പോയി.. 
ഗൗരി ആ പാമ്പിന്റെ പേരാണ്.. ശിവയെ ഇത്രയും നാൾ വേദനിപ്പിച്ചതിനുള്ളതാണ് ആ ചീറ്റൽ.സർപ്പം പോയതും ഞാനവളുടെ അടുത്തേക്ക് ചെന്നു.. എന്നാൽ എന്നെ നോക്കാതെ അവൾ മുഖം തിരിച്ച് പോകാൻ നിന്നു... എന്നെയും മറികടന്ന് കാലടി വെച്ചതും അവളുടെ കയ്യിൽ പിടിച്ച് ഞാൻ പിറകോട്ട് വലിച്ച് എന്നോടടുപ്പിച്ചു.. 

"ശിവാ.... "

ഏറെ നാൾക്ക് ശേഷം അവന്റെ നാവിൽ നിന്നും ആ വിളി കേട്ടതും കണ്ണുകൾ നിറഞ്ഞൊഴുകി. അവന്റെ ചുടു നിശ്വാസം എന്റെ മേൽ പതിച്ചതും ഞാൻ തല താഴ്ത്തി തേങ്ങി... 

"ക്ഷമിക്ക് പെണ്ണെ.. ഞാൻ "

വാക്കുകൾ മുഴുവനാക്കാതെ അവളെന്റെ വായ പൊത്തി പിടിച്ച് അരുതെന്ന് തലയാട്ടി.. 

"ഞാനല്ലേ ചെക്കാ ക്ഷമ ചോദിക്കേണ്ടത്.. കാര്യമറിയാതെ ഞാൻ എന്തൊക്കെയാ പറഞ്ഞത്.. കാൽക്കൽ വീണ് മാപ്പിരക്കേണ്ടത് ഞാനല്ലേ..ഹിബയെയും നിന്നെയും ചേർത്ത്.. ഞാൻ.. "

ഇടറിയ വാക്കുകൾക്കൊടുവിൽ വീണ്ടും  അവൾ തേങ്ങിയതും  ഞാനവളുടെ മുഖം ഉയർത്തി പിടിച്ചു.. 

"പോട്ടെ.. തെറ്റ് എന്റെയുമാണ്.. നിന്നോടെങ്കിലും ഞാൻ പറയണമായിരുന്നു.. അന്ന് ഞാൻ വന്നതുമാ പറയാൻ.. പക്ഷേ ആ വിഷ്‌ണു സമ്മതിച്ചില്ല.. "


വിഷ്‌ണുവിനെ പറ്റി എല്ലാം ഞാനവളോട് തുറന്നു പറഞ്ഞു.. അവൾക്ക് വിശ്വാസമാവില്ലെന്നറിയാം.. പക്ഷേ.. സത്യം അവളറിയണം.. വിഷ്ണുവിന്റെ യഥാർത്ഥ മുഖം അവളറിയണം.. അതിനാൽ തന്നെ അവൻ കളിച്ച നാടകം അവളോട് ഞാൻ പറഞ്ഞു.. 


"ആദം.. എനിക്ക്.. എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.. പലപ്പോഴും ഏട്ടൻ വന്നെന്നോട് നിന്നെ പറ്റി ഓരോന്ന് പറയുമായിരുന്നു.. പക്ഷേ.. ഇത്രത്തോളം കളി കളിക്കുമെന്ന് ഞാൻ കരുതിയില്ല... അന്ന് പൂജ മുടങ്ങിയതിന് ശേഷം ഏട്ടൻ തിരിച്ചു പോയി.. പിന്നെ ഇടക്കേ വരാറുള്ളു.. ഇനി മുത്തശ്ശിയുടെ മൃതുയജ്ഞ പൂജ ക്ക് വരും രണ്ടു ദിവസം കഴിഞ്ഞാൽ.. അതിന് ശേഷം... "

പറഞ്ഞത് മുഴുവനാക്കാതെ അവളെന്നെ നോക്കിയതും ഞാൻ ചിരിച്ചു.. 

"അതിന് ശേഷം ഒന്നും സംഭവിക്കില്ല.. ആദമിൽ നിന്ന് ശിവയെ ആരും വേർപ്പെടുത്തില്ല.. "


ഒരുറപ്പെന്നോണം ആദം പറഞ്ഞതും ഞാൻ പുഞ്ചിരിച്ചു.. മനസ്സിൽ സന്തോഷവും ആശ്വാസവും അലതല്ലുകയാണ്... ആദം അരികിൽ നിൽക്കുമ്പോൾ ലോകത്തെ പേടിക്കേണ്ടെന്ന് മനസ്സ് കൂടെ കൂടെ പറയുന്ന പോലെ.... 

"പെണ്ണെ...  "

ആദം എന്നെ വിളിച്ചതും ഞാൻ അവന്റെ കണ്ണുകളിലേക്ക് നോക്കി... 

"എന്നെ ഇവിടെ എത്തിക്കാൻ നീയാ ശിവനെ കൂട്ട് പിടിച്ചു അല്ലേ.. "

അവനങ്ങനെ ചോദിച്ചതും ഞാൻ ചിരിച്ചു കൊണ്ട് അവനിൽ നിന്നും വിട്ട് നിന്നു..സർപ്പക്കല്ലിൽ തേച്ചു വെച്ച ചന്ദനം നെറ്റിയിൽ തൊട്ട് കൊണ്ട് ഞാൻ അവനെ നോക്കാതെ പറഞ്ഞു.. 

"മുപ്പത് നാളത്തെ വ്രതമായിരുന്നു.. ഒരുപാട് കാത്തിരുന്നു.. വരുമെന്ന് വിജാരിച്ച്.. പക്ഷേ.. ഹൃദയത്തിൽ നോവുണർത്തുന്നതായിരുന്നു ഓരോ ദിനങ്ങളും.. എന്നും ശിവന് മുന്നിൽ ചെന്ന് പ്രാർത്ഥിക്കും.. ആദം തിരിച്ചു വരണേ എന്ന്.. അവസാനം ഈ കഠിന വ്രതം തന്നെ വേണ്ടി വന്നു.. എല്ലാം ഓരോ വിശ്വാസമാണ് ആദം.. പരമ ശിവന് മേൽ മാത്രമല്ല.. എന്റെ ആദമിൽ ഉള്ള വിശ്വാസവും ഉണ്ടതിൽ.. എനിക്കറിയാമായിരുന്നു.. നീയെന്റെ അരികിൽ തന്നെ വരുമെന്ന്... "


"നിന്റെ കണ്ണുനീർ ശിവന്റെ പാദത്തിൽ പതിഞ്ഞുവല്ലേ.. എന്നും ഭയപ്പെടുത്തുന്ന ഒരു സ്വപ്നം ഞാൻ കാണാറുണ്ട്.. നീ ദേവി ആയിരിക്കുന്നത്.. ഉള്ളിൽ വല്ലാതെ നോവുണർത്തുന്ന സ്വപ്നം.... ആ സ്വപ്നം നിന്നെയെന്നിൽ നിന്നകറ്റുന്നതാണെന്നാ ഞാൻ വിചാരിച്ചത്.. പക്ഷേ   അങ്ങനെയല്ലെന്ന് ഇപ്പോൾ മനസ്സിലായി.. "

"ഇനി എന്നെ തനിച്ചാക്കി പോകുമോ ആദം "

നിഷ്കളങ്കമായി അവൾ ചോദിച്ചതും ഞാൻ അവളുടെ അടുത്തേക്ക് ചെന്നു.. അവളുടെ രണ്ടു കൈയും എന്റെ കൈക്കുള്ളിലാക്കി.. 

"ശിവാ... നാം ഒരുമിക്കുമോ ഇല്ലെയോ എന്ന് വിധിയുടെ കയ്യിലാണ്.. പക്ഷേ..ഞാൻ വാക്ക് തരികയാണ്..ഒരിക്കലും ഞാൻ നിന്നെ തനിച്ചാക്കില്ല ... "

"മതി ആദം.. ഈ വാക്ക് കേട്ടാൽ മതി... എന്നുമെന്റെ അരികിൽ ഉണ്ടായാൽ മതി.. ആരെയും നമുക്ക് വേദനിപ്പിക്കേണ്ട... "

ഇടമുറിയാതൊഴുകുന്ന കണ്ണുനീർ പുഞ്ചിരിക്ക് വഴി മാറിയതും ആദം എന്റെ കയ്യിൽ മുറുകെ പിടിച്ച് മുന്നോട്ട് നടന്നു... 


കൈകോർത്തു പിടിച്ച് ഞാനും ശിവയും  ഇടവഴിയിലൂടെ നടന്നു.. നാളുകൾക്കു ശേഷം വീണ്ടും ഞങ്ങളെ ഒരുമിച്ച് കണ്ട സന്തോഷത്തിലാവാം കിളികൾ കൊഞ്ചലോടെ ശബ്ദം ഉണ്ടാക്കുന്നുണ്ട്... ഇലകളാകെ തലയാട്ടി ഞങ്ങളെ വരവേൽക്കുന്നുണ്ട്........

ഇനിയെന്നും കാണാം എന്ന വാക്കോടെ ഞാനവളെ ഇല്ലത്തേക്ക് പറഞ്ഞയച്ചു.. മനസ്സിനിപ്പോൾ വല്ലാത്തൊരു ആശ്വാസം തോന്നുന്നുണ്ട്.......

ഞാൻ നേരെ വീട്ടിലേക്ക് കയറി..അസിയുടെ വീടിന് ഉമ്മറത്തു നിന്ന് അസിയും ഹിബയും നോക്കി ചിരിക്കുന്നുണ്ട്.. അവർക്ക് നേരെ കണ്ണിറുക്കി കൊണ്ട് ഞാൻ വേലി കടന്ന് മുന്നോട്ട് നടന്നു..... 

=============================

മുഖത്ത് നിറഞ്ഞു തുളുമ്പുന്ന സന്തോഷത്താൽ ഞാൻ ഇല്ലത്തേക്ക് കയറി ചെന്നപ്പോൾ പടിക്കൽ തന്നെ അച്ഛൻ എന്നെയും നോക്കി നിൽക്കുന്നുണ്ടായിരുന്നു... അച്ഛന് ചിരിച്ചു കൊടുത്തു കൊണ്ട് ഞാൻ അകത്തേക്കോടി... വേഗത്തിൽ കോണിപ്പടി കയറി ... 
കൊലുസിന്റെ കിലുക്കം വീണ്ടും ഓരോ മൂലകളിലും മുഴങ്ങി കൊണ്ടിരുന്നു...............


സന്ധ്യക്ക്  വിളക്ക് വെച്ച് ശിവ നാമം ജപിച്ച് പ്രാർത്ഥിച്ചു കഴിഞ്ഞ് ഉമ്മറത്തു നിന്നും അകത്തേക്ക് കയറിയതും ചാരു കസേരയിൽ ഇരുന്ന് എന്തോ വലിയ ആലോചനയിൽ കണ്ണുകൾ അടച്ചിരിക്കുന്ന അച്ഛനെ കണ്ടു... ഉടനെ തന്നെ ഞാൻ അച്ഛന്റെ അടുത്ത് പോയി നിലത്തിരുന്നു.. ഞാൻ വന്നത് മനസ്സിലാക്കിയത് കൊണ്ട് തന്നെ കണ്ണുകൾ തുറക്കാതെ അച്ഛൻ എന്റെ തലയിൽ തലോടി.. 

"എന്താ അച്ഛാ.. അച്ഛന് എന്തോ വല്ലായ്മ പോലെ.. "

മുഖമാകെ ക്ഷീണിച്ച പോലെ തോന്നിയതും അച്ഛന്റെ കൈ തടവി കൊണ്ട് ഞാൻ ചോദിച്ചു.. 

"ഏയ്‌.. ഒന്നുമില്ല മോളേ... ഞാൻ വെറുതെ ഓരോന്ന്.... "

"മ്മ്മ്.. മനസ്സിലായി.. എന്നെ കുറിച്ച് ആലോചിക്കുകയാവും അല്ലെ.."

"ദേവൂ.. നാളെ കഴിഞ്ഞാൽ മുത്തശ്ശിയുടെ മൃത്യുയജ്ഞ പൂജ നടത്തണം.. നിന്റെ വല്യച്ചനും വിഷ്ണുവുമൊക്കെ നാളെ വരും.. വന്നാൽ പിന്നെ മുടങ്ങിയ പൂജ നടത്താൻ പറയാനേ അവർക്ക് നേരമുണ്ടാവൂ..ഇനീം ഞാനെന്റെ മോളെ എങ്ങനെയാ വേദനിപ്പിക്കാ.. "


"അച്ഛാ.. എന്റെ അച്ഛനിങ്ങനെ വിഷമിക്കാതെ.. എന്നെയൊന്നും അടിച്ചേല്പിക്കാതെ നോവിക്കാതെ നോക്കുന്നുണ്ടല്ലോ.. അത് മതിയെനിക്ക്.. ആരില്ലേലും എന്റെ അച്ഛൻ എന്റെ കൂടെ ഉണ്ടാവുമല്ലോ. "

അച്ഛന്റെ കയ്യിൽ പിടിച്ചു പറഞ്ഞതും അച്ഛൻ മൗനം പാലിച്ചു.. കണ്ണടച്ച് തുറന്ന് അച്ഛൻ എന്നെ നോക്കി.. 

"ദേവൂ.. നിന്റെ അച്ഛൻ നിസ്സഹായനാണ് മോളേ. ഇന്ന് ഞാൻ കൂടെ നിന്നാൽ നാളെ ഒരുപക്ഷെ ഒരുപാട് പേർ അച്ഛനെ പഴിക്കും.. ഞാനൊരു നല്ല അച്ഛനല്ലെന്ന് വിലയിരുത്തും.. അന്ധവിശ്വാസത്തിന്റെ തടങ്കലിൽ നിന്ന് നിന്നെ മോചിപ്പിക്കാൻ അച്ഛന് സാധിച്ചെന്ന് വരാം. പക്ഷേ... അതിൽ കൂടുതൽ ഈ അച്ഛനെ കൊണ്ട് കഴിയില്ല മോളേ.... "


അതും പറഞ്ഞ് അച്ഛൻ എണീറ്റു പോയതും ഉള്ളിൽ തികട്ടി വന്ന സങ്കടത്തോടെ ഞാൻ അവിടെ തന്നെ ഇരുന്നു.. ദയനീയമായ എന്റെ അവസ്ഥ കാണാൻ വയ്യാത്തത് കൊണ്ട് തന്നെ അച്ഛൻ എന്നെ തിരിഞ്ഞു പോലും നോക്കാതെ മുറിക്കുള്ളിലേക്ക് പോയി.. 
എന്റെയും ആദമിന്റെയും കാര്യത്തിൽ  ഞങ്ങളുടെ കൂടെ നിൽക്കില്ലെന്ന്  അച്ഛൻ  പറയാതെ പറഞ്ഞു.....ഈ  ഗ്രാമം ഞങ്ങൾക്ക് എതിരെ നിന്നാൽ അച്ഛനും അവർക്കൊപ്പം നിൽക്കേണ്ടി വരും. 

എന്തൊക്കെയാണ് സംഭവിക്കാൻ പോകുന്നെന്ന് അറിയില്ല.. എന്തോ വലിയ വിപത്ത് വരാൻ ഉണ്ട്.. അത് മാത്രം അറിയാം...... 
കത്തി ജ്വലിച്ചു നിൽക്കുന്ന നിലവിളക്കിന്റെ വെളിച്ചം കണ്ണുനീരിൽ മറഞ്ഞതും ഞാൻ മുറിയിലേക്ക് നടന്നു... 

=============================

പതിവ് പോലെ തന്നെ ഓരോ കാര്യവും മുന്നോട്ട് പോയി... ശിവപുരത്തിന്റെ മണ്ണിനോട്  മനസ്സ് ഇഴകി ചേർന്നു.. ബോംബെ ജീവിതം മനസ്സിൽ നിന്നും ഒരു ദിവസം കൊണ്ട് മാഞ്ഞു പോയി... 
പള്ളിയിൽ പോക്കും അത് കഴിഞ്ഞുള്ള നടത്തവും ഞാനും അസിയും ആവോളം ആസ്വദിച്ചു.. ഇനി പഴയ പോലെ തന്നെ ജോലികളിൽ മുഴുകണം.. സാഹിബിന്റെ പറമ്പിൽ പണിക്കായി ചെല്ലണം.. പഴയ  പൊടി പിടിച്ചു കിടക്കുന്ന ഓട്ടോ നന്നാക്കിയെടുക്കണം......

സാഹിബിന്റെ വീട്ടിൽ ചെന്ന് പറമ്പിലൂടെ നടന്നു.. കൃഷിയെല്ലാം കുറഞ്ഞു വന്നിട്ടുണ്ട്. എങ്കിലും തെങ്ങും അടക്കയും കുരുമുളകും എല്ലാം ആവോളം ഉണ്ട്.. നെൽ കൃഷി മാത്രം പതിയെ അപ്രത്യക്ഷമായ പോലെ തോന്നി.. 
ഞങ്ങൾ വീണ്ടും പണിക്ക് വന്നതിൽ സാഹിബിന് നല്ല സന്തോഷം ആയിട്ടുണ്ട്. പഴയ ജീപ്പ് ഇപ്പോഴും ഒരു കേടും വരാതെ അവിടെയുണ്ട്.. സാഹിബിന്റെ പേര മകനാണ് അത് എടുക്കാറുള്ളതെന്ന് അറിഞ്ഞു.. എന്നെ കണ്ടതും സന്തോഷത്തോടെ അവൻ ചാവി എന്നെ ഏല്പിച്ചു... 

പുതിയ തുടക്കം എന്നോണം അക്കരെ ഗ്രാമത്തിലെ കവലയിലെ പീടികയിൽ കൊടുക്കാൻ തേങ്ങയുമായി ഞാനും അസിയും ജീപ്പിൽ യാത്ര തിരിച്ചു.....


തിരികെ എത്തിയത് വൈകുന്നേരത്താണ്. ചാവി സാഹിബിനെ ഏൽപ്പിച്ച് കൂലിയുമായി ഞാനും അസിയും വീട്ടിലേക്ക് നടന്നു... 

ശിവയുടെ ഇല്ലം കഴിഞ്ഞതും അവൾ ഞങ്ങൾക്ക് എതിരെ നടന്നു വരുന്നത് കണ്ടു.. ഹിബയുടെ അടുത്ത് നിന്ന് വരുന്ന വരവാവും.. 


"ആഹാ.. എത്തിയോ.. എനിക്കുള്ളത് എവിടെ "

ഒരു കൈ ഇടുപ്പിൽ വെച്ച് മറു കൈ നീട്ടി അവൾ ചോദിച്ചതും അസിയെന്നെ നോക്കി ചിരിച്ച് മുന്നിൽ നടന്നു പോയി.. അവൻ പോയതും ഷർട്ടിന്റെ ഉള്ളിൽ നിന്നും ഒരു പൊതിയെടുത്ത് ഞാനവൾക്ക് നേരെ നീട്ടി.. 

"മറന്നിട്ടില്ല അല്ലേ.. "


"അങ്ങനെ ഞാൻ മറക്കുമോ പെണ്ണേ"

"ഞാൻ പോകട്ടെ.. അച്ഛൻ അന്യോഷിക്കുന്നുണ്ടാവും. നേരം കുറെയായി ഹിബയുടെ അടുത്ത് വന്നിട്ട്.."

അതും പറഞ്ഞ് ചിരിച്ചു കൊണ്ട് ഞാൻ അവനെ മറി കടന്നതും പെട്ടന്നവൻ എന്റെ മുന്നിൽ കയറി നിന്നു.. 

"എന്തെങ്കിലും പ്രശ്നം ഉണ്ടോ. "

എന്റെ കണ്ണുകളിൽ നോക്കി അവൻ പറഞ്ഞതും ഞാൻ പെട്ടന്ന് അവനിൽ നിന്ന് മുഖം തിരിച്ചു.. ഇന്നലെ അച്ഛൻ പറഞ്ഞതൊന്നും തത്കാലം ആദം അറിയേണ്ട. എന്തിനാ അവനെയും വിഷമിപ്പിക്കുന്നത്.. 
ഞാൻ പറഞ്ഞിട്ടില്ലേലും ആദം എന്റെ മനസ്സ് വായിച്ചെടുക്കുമെന്നറിയാം.. എങ്കിലും ഞാൻ ചിരിച്ചു കൊണ്ട് ഒന്നുമില്ലെന്ന് തലയാട്ടി.. 
കൈകൾ അവന് നേരെ നീട്ടി ആ പൊതി അവന്റെ കയ്യിൽ കൊടുത്തു. 


ശിവ പൊതി എനിക്ക് നൽകിയതും ഞാൻ പുഞ്ചിരിച്ചു.. പൊതി അഴിച്ച് കുപ്പിവളകൾ അവളെ അണിയിച്ചു കൊടുക്കുമ്പോഴൊക്കെ അവളെന്നെ നോക്കി നിൽക്കായിരുന്നു.. എന്തോ ഒരു വിഷമം അവളിൽ ഒളിഞ്ഞു കിടപ്പുണ്ട്.... ആ കണ്ണിലെ മിഴിനീർ തിളക്കം കണ്ടാൽ അറിയാമത്... 

"ഇനിയീ കൈകളിൽ മൈലാഞ്ചി ചോപ്പ് കൂടി വേണം.. എന്നാൽ മൊഞ്ചു കൂടും "


"ആണോ ഡാ ചെക്കാ.. "


കള്ളച്ചിരിയോടെ അതും പറഞ്ഞവൾ കൊലുസ് കിലുക്കി ഓടി പോയതും ഞാൻ ചിരിച്ചു കൊണ്ട് അവളെ നോക്കി.. പിന്നെ തിരിഞ്ഞു   നടന്നു... രണ്ടു മൂന്നടി മുന്നോട്ട് വെച്ചതും ആരോ എന്റെ തോളിൽ കൈ വെച്ചു... ആരെന്ന് തല തിരിച്ചു നോക്കിയതും എന്റെ മുഖത്തെ പേശികൾ ദേഷ്യത്താൽ വലിഞ്ഞു മുറുകി.. 

"വിഷ്ണു... "

പല്ലിറുമ്പി കൊണ്ട് ഞാനവന്റെ കൈ തട്ടി മാറ്റി.. 

"നീ വന്നല്ലേ.. എനിക്കറിയാമായിരുന്നു ഞാൻ ഈ നാട്ടിൽ കാലു കുത്തിയാൽ നീ വരുമെന്ന്.. ആദം ഒന്നും മറന്നിട്ടില്ല.. "


അവനെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടെങ്കിലും എല്ലാം അടക്കി ഞാൻ അവനിൽ നിന്ന് മുഖം തിരിച്ചു.. 


"മറക്കരുത്.. ഒന്നും മറക്കരുത്.. ഞാനും ഒന്നും മറന്നിട്ടില്ല. അതേ ഡാ.. നീ വന്നത് അറിഞ്ഞു കൊണ്ട് തന്നെയാണ് ഞാൻ പെട്ടന്ന് വന്നത് 
.ദേവു ന്റെ മനസ് നീ മാറ്റിയിട്ടുണ്ടെന്നറിയാം.. "


"നിനക്ക് തെറ്റി.. അവളുടെ മനസ്സ് ഞാൻ മാറ്റിയിട്ടില്ല.. അതെന്നും അങ്ങനെ തന്നെ ഉണ്ട്.. ഒരു മാറ്റവും സംഭവിക്കാതെ... "

പുച്ഛത്തോടെ  ഞാൻ പറഞ്ഞതും അവൻ എന്നെ നോക്കി പല്ലിറുമ്പി.. 

"ഡാ.... നീ ജയിക്കാൻ ഞാൻ സമ്മതിക്കില്ല.. ഒരിക്കലും നിന്നെയും ദേവുവിനെയും ഞാൻ ഒരുമിപ്പിക്കില്ല..അവൾ ഇനി ദേവി ആവാൻ തയ്യാറാവില്ലെന്നറിയാം..  അതിനി ആയില്ലേലും നിനക്കവളെ കിട്ടില്ല.. ഞങ്ങളുടെ തറവാട്ടിന്റെ മാനം കളയാൻ ഞാൻ നിന്നെ അനുവദിക്കില്ല.. നോക്കിക്കോ ആദം.. അവളിൽ നിന്നും നിന്നെ അകറ്റാൻ നിന്റെ മരണമാണ് നല്ലതെങ്കിൽ അതും ഞാൻ ചെയ്യും "


എനിക്ക്  നേരെ കൈ ചൂണ്ടി അവൻ പറഞ്ഞതും ഞാനവന് നേരെ പുച്ഛത്താൽ ചിരിച്ചു.. 

"നീ എന്ത് വേണേലും ചെയ്തോ ഡാ.. എന്ത് ചെയ്താലും ഞങ്ങളെ വേർപിരിക്കാൻ നിന്നെ കൊണ്ടാവില്ല.."


"കാണാം.. എന്താണ് നടക്കാൻ പോകുന്നതെന്ന്. എല്ലാം തീരുമാനിച്ചുറപ്പിച്ചിട്ടാണെടാ എന്റെ വരവ്   "


എന്നെ വെല്ലുവിളിച്ചു കൊണ്ടവൻ പോയതും ഉള്ളിലൊരു ആന്തലോടെ ഞാനവനെ നോക്കി നിന്നു.. അവനെന്തൊക്കെയോ ഉറപ്പിച്ചിട്ടുണ്ടെന്ന് അവന്റെ ഓരോ വാക്കുകളും തെളിയിക്കുന്നുണ്ട്.. ഈ നാടിനെ രണ്ടാക്കി ഞങ്ങൾക് നേരെ തിരിക്കുമോ അവൻ.. 
സാഹിബ്‌ പറഞ്ഞത് പോലെ ഈ നാട് 
ഇനിയൊരുവട്ടം കൂടി പിളർന്നാൽ പിന്നെ ഒരിക്കലും പഴയ പോലെ ആവില്ല.. 
അറിയില്ല എന്താണ് ചെയ്യേണ്ടതെന്ന്...ഗ്രാമത്തിലെ സാഹോദര്യം കാത്തു
സൂക്ഷിക്കേണ്ടതുണ്ട്.. എന്നാൽ അങ്ങനെ ചെയ്താൽ എനിക്കെന്റെ ശിവയെ നഷ്ടമാവും.. അവളെ നഷ്ടപ്പെടുത്താനും വയ്യ...
എല്ലാം വരുന്നിടത്ത് വെച്ച് കാണാം... 
അതല്ലാതെ മറ്റൊന്നും ആലോചിച്ചിട്ട് കാര്യമില്ല.. 
ശൂന്യമായ മനസ്സോടെ ഞാൻ വീട്ടിലേക്ക് നടന്നു...........(തുടരും)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story