ശിവ 🖤: ഭാഗം 26

shiva

രചന: RAIZA

ആദം അണിയിച്ചു തന്ന കുപ്പി വളകൾ കിലുക്കി സന്തോഷത്തോടെ അതിലേറെ വിരിഞ്ഞ ചിരിയോടെ ഞാൻ ഇല്ലത്തേക്ക് ഓടി കയറി ..
ചുവന്ന കുപ്പിവളകളോട് എന്നും പ്രിയമാണ്.. ഇനി ആദം പറഞ്ഞത് പോലെ മൈലാഞ്ചിയാൽ കൈയും ചുവപ്പിക്കണം.. എന്റെ ആദമിന്റെ കണ്ണിൽ അങ്ങനെയാണെനിക്ക് മൊഞ്ചേങ്കിൽ അവന് വേണ്ടി ഞാൻ കൈ ചുവപ്പിക്കും.... 

പടികൾ കയറി ഞാൻ അകത്തേക്ക് എത്തിയതും പെട്ടന്ന് മുന്നിലേക്ക് വന്ന ആളെ കണ്ട് ഞാൻ അവിടെ തന്നെ നിന്നു.. 

"മ്മ്മ്.. ഇപ്പോൾ നിലത്തൊന്നും അല്ല അല്ലേ.. "

മുന്നിൽ ഗൗരവത്തോടെ നിൽക്കുന്ന വല്യച്ചനെ കണ്ടതും കുപ്പിവളകൾ നിറഞ്ഞ കൈ ഞാൻ പിറകിലേക്ക് പിടിച്ചു.   അത് കണ്ടു കൊണ്ട് തന്നെ എന്റെ നേരെ കനപ്പിച്ച് നോക്കി അതും പറഞ്ഞു കൊണ്ട് വല്യച്ഛൻ വടിയും കുത്തി പുറത്തേക്ക് നടന്നു.. 

വല്യച്ചനെ ഒന്ന് നോക്കി ഞാൻ മുറിയിലേക്കു പോകാൻ നിന്നതും അച്ഛൻ എന്റെ മുന്നിലേക്ക് വന്നു.. ഇന്നലെ തന്നെ അച്ഛൻ പറഞ്ഞിരുന്നു വല്യച്ചനും വിഷ്‌ണുവേട്ടനും വരുമെന്ന്.. ആദം പറഞ്ഞ കാര്യങ്ങൾ മനസ്സിൽ നിറഞ്ഞു നിൽക്കുമ്പോൾ ഏട്ടനോട് വെറുപ്പ് തോന്നുന്നു.. 

"ദേവൂ.. എന്ത് നോക്കി നിൽക്കാ..വല്യച്ഛൻ ഇപ്പോൾ വന്നേ ഉള്ളൂ.. എന്തെങ്കിലും കുടിക്കാൻ കൊടുക്കാ.. "

അച്ഛന് തലയാട്ടി കൊടുത്തു കൊണ്ട് ഞാൻ അടുക്കളയിലേക്ക് ചെന്നു.. 
വല്യച്ചന് എന്നും പ്രിയം സംഭാരത്തോടാണ്.. അതിനാൽ തന്നെ സ്റ്റീൽ ഗ്ലാസ്സിൽ ഇഞ്ചി ചതച്ചിട്ട് കറിവേപ്പിലയും ഉപ്പുമിട്ട് മോരൊഴിച്ച് അതുമായി ഞാൻ പൂമുഖത്തേക്ക് നടന്നു.... 
ഓരോ ചിന്തകൾ മനസ്സിനെ അലട്ടിയത് കൊണ്ട് തന്നെ വാതിൽക്കൽ എത്തിയതൊന്നും ഞാൻ അറിഞ്ഞില്ല... ചാരു കസേരയിൽ ഇരുന്ന് വല്യച്ഛന്റെ പതുക്കെ എന്നാൽ ഉറച്ച വാക്കുകൾ കേട്ട് അങ്ങോട്ട്‌ പോകാതെ ഞാൻ വാതിലിന്റെ മറവിൽ നിന്നു.. വിഷയം എന്നെ കുറിച്ചാണെന്ന് മനസ്സിലായതും വല്യച്ഛന്റെ വാക്കുകൾ കേൾക്കാനായി ഞാൻ കാതു കൂർപ്പിച്ചിരുന്നു.. 


"നിനക്ക് ഞാൻ പറയുന്നത് വല്ലതും തലക്കകത്തു കയറുന്നുണ്ടോ...."

അൽപ്പം ഉയർന്ന വാക്കുകൾ വല്യച്ഛനിൽ നിന്നും അച്ഛനിലേക്ക് എത്തിയതും തൂണ് ചാരി നിൽക്കുന്ന അച്ഛൻ മൗനം പാലിച്ചു.. 

"നിന്റെയീ മൗനം തന്നെയാണ് കാര്യങ്ങൾ ഇവിടം വരെ കൊണ്ടെത്തിച്ചത്. മക്കളെ നിലക്ക് നിർത്തണം.. അമ്മയില്ലാത്തതിന്റെ കുറവാ അവൾക്ക്.. നിനക്കവളെ വളർത്താൻ അറിയില്ല.. "

പരിഹാസത്തോടെ വല്യച്ഛൻ പറഞ്ഞതും അച്ഛന്റെ തല താഴുന്നത് വാതിലിന്റെ മറവിൽ നിന്നും ഞാൻ കണ്ടു.. തല കുനിച്ചു നിൽക്കുന്ന അച്ഛനെ കണ്ടതും ചങ്കിലൊരു വേദന വന്നു . 

"ഇനിയും ഇതിങ്ങനെ വെച്ചിരുന്നാൽ പറ്റില്ല.. നമ്മുടെ ഇല്ലത്തിന് തന്നെ നാണക്കേട്.. ഒരന്യ മതസ്ഥന്  നമ്പൂതിരികുട്ടിയെ വിട്ട് കൊടുക്കാൻ മാത്രം അധഃപതിച്ചിട്ടൊന്നൂല്ല ആരും. ദേവകോപത്തിന്റെ പേരും പറഞ്ഞിനി അവളെ അവളുടെ വഴിക്ക് വിടാൻ ഇനി ഞാൻ സമ്മതിക്കില്ല.. കാര്യങ്ങൾ ഞാൻ തീരുമാനിച്ച പോലെ തന്നെ നടക്കും.. നീയൊരു അഭിപ്രായവും പറയേണ്ട "


വല്യച്ഛന്റെ വാക്കുകൾ കേട്ട് ഞാനാകെ തരിച്ചു നിന്നു.. എന്താണ് അവരുടെ തീരുമാനം എന്ന് മനസിലായില്ല. അച്ഛൻ ആണേൽ ഒന്നും മിണ്ടുന്നുമില്ല.. എന്നാലും എന്താവും എല്ലാവരും കൂടെ തീരുമാനിച്ചത്... 
വെപ്രാളത്തോടെ വീണ്ടും അവരുടെ വാക്കുകൾക്കായി ചെവിയോർത്തതും വിഷ്ണുവേട്ടൻ നടന്നു വരുന്നത് ഞാൻ കണ്ടു..ഏട്ടനെ കണ്ടതും ദേഷ്യത്തിൽ ഞാൻ മുഖം തിരിച്ചു.. 


"ആഹാ.. വിഷ്ണൂ നീ വന്നോ.. പൂജക്കുള്ള ഒരുക്കങ്ങൾ ഒക്കെ കഴിഞ്ഞില്ലേ "

"കഴിഞ്ഞു അച്ഛാ. ഇനി നേരം പുലർന്നാൽ മതി. "

"ആഹ്.. ഈ മൃത്യുയജ്ഞ പൂജ കഴിഞ്ഞിട്ട് വേണം ചടങ്ങ് നടത്താൻ.."


"ഏട്ടാ... അത്.. ദേവുവിനോട് ഒന്ന് ചോദിക്കാതെ...."


അച്ഛനത് പറഞ്ഞതും വല്യച്ഛന്റെ വടി നിലത്തമർന്നു.. 

"അവളോട്‌ എന്ത് ചോദിക്കാൻ... മുതിർന്നവരുടെ തീരുമാനം എന്താണേലും അനുസരിക്കുക മാത്രമേ പെൺകുട്ടികൾ ചെയ്യൂ.. അതാണ് വേണ്ടതും.. അല്ലാതെ ധിക്കാരം കാണിക്കലല്ല . ദേവി പ്രതിഷ്ഠക്കവൾ നിന്ന് തരില്ലെന്നത് തന്നെ അവളുടെ ധിക്കാരമാണ്.. അതിനെതിരെ  ഞാൻ ശബ്‌ദിക്കാതിരുന്നത് നമ്മുടെ തറവാട്ടിൽ മാത്രമുള്ള ആചാരം ആയത് കൊണ്ടാണ്.. നിർബന്ധിച്ചു ചെയ്യിക്കാനും പാടില്ലല്ലോ.. എന്നാൽ എല്ലാം അവളുടെ ഇഷ്ടത്തിന് നടക്കില്ല .. നമ്മുടെ വിശ്വാസങ്ങൾക്കും മൂല്യങ്ങൾക്കും ഭംഗം വരുത്തുന്ന അവളുടെ പ്രവർത്തികൾ അവസാനിക്കണമെങ്കിൽ  എന്റെയീ  തീരുമാനം തന്നെ നടക്കണം.."


വല്യച്ഛന്റെ വാക്കുകൾ കേട്ടപ്പോൾ ആദ്യം ഞാൻ കരുതിയത് എന്നെ വീണ്ടും ദേവിയാക്കാൻ ആണ് തീരുമാനം എന്നാണ് . അന്ന് പൂജ മുടങ്ങിയ ശേഷം വല്യച്ചനോട്  ഇനിയും എനിക്കതിനു താല്പര്യമില്ലെന്ന് പറഞ്ഞിരുന്നു.. ആ ദേഷ്യത്തിലാണ് വല്യച്ഛൻ ഇവിടെ നിന്ന് പോയത് . 
വീണ്ടും ആ ആവശ്യം  കുത്തി പൊക്കാൻ ആണ് വല്യച്ഛൻ ശ്രമിക്കുന്നതെന്ന് തോന്നി. പക്ഷേ.. അതൊന്നുമല്ലെന്ന് വല്യച്ഛന്റെ വാക്കുകളിൽ നിന്നും മനസ്സിലായി.. 
അച്ഛൻ നിരാശയോടെ വിദൂരതയിലേക്ക് നോക്കി നിൽക്കുന്നുണ്ട്.. വിഷ്ണു ഏട്ടന്റെ മുഖത്ത് വിജയ ഭാവമുണ്ട്.. എന്താണ് ഇവരുടെയൊക്കെ മനസ്സിലെന്ന് മനസ്സിലാക്കാൻ കഴിയുന്നില്ലല്ലോ.. 

"അപ്പോൾ..  എല്ലാം പറഞ്ഞത് പോലെ..  ശെനിയാഴ്ച ശുഭ മുഹൂർത്തത്തിൽ വിഷ്ണു ദേവുന്റെ കഴുത്തിൽ താലി ചാർത്തും..."

ഒരു നിമിഷം.. !!!!
കാതുകൾക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ല.. കയ്യിലെ സ്റ്റീൽ ഗ്ലാസ്‌ കയ്യിൽ നിന്നും വഴുതി വീണ് നിലത്താകെ സംഭാരം ഒഴുകി... ശബ്ദം കേട്ട് അച്ഛനും വല്യച്ചനും വിഷ്ണു ഏട്ടനും വാതിലിന്റെ ഭാഗത്തേക്ക് നോക്കിയതും  ദേഷ്യത്താൽ മുഖമാകെ വിളറി കൊണ്ട് ഞാൻ അവരുടെ മുന്നിലേക്ക് നിന്നു.. 


"എന്നോട് ചോദിക്കാതെ എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട തീരുമാനമെടുക്കാൻ ആരാ പറഞ്ഞത്.. ഒരിക്കലും ഞാനിതിന്  സമ്മതിക്കില്ല.., "

ദേഷ്യത്തോടെ ഞാൻ പറഞ്ഞതും വല്യച്ഛൻ  കസേരയിൽ നിന്നും എഴുന്നേറ്റ് വടി നിലത്ത് കുത്തി എന്റെ നേരെ നോക്കി. 

"നിന്റെ സമ്മതം ഇവിടെ ആർക്കും ആവശ്യമില്ല.. തറവാടിന്റെ മാനം രക്ഷിക്കാൻ വിഷ്ണുവിന്റെ നല്ല മനസ്സ് കൊണ്ടാ ഈ തീരുമാനം.. പിന്നെ.. നിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട തീരുമാനമെടുക്കാൻ  ഞങ്ങൾക്ക് അവകാശം ഇല്ലെങ്കിലും നിന്റെ അച്ഛന് ആവാമല്ലോ . അല്ലേ.."


അച്ഛൻ ഇപ്പോഴും മൗനം പാലിച്ചു നിൽക്കാണ്.. അച്ഛന്റെ അരികിൽ ചെന്ന് ഞാൻ കൈകൾ മുറുകെ പിടിച്ചു. 

"അച്ഛാ.. എന്തൊക്കെയാ ഇത്.. എനിക്ക് സമ്മതമല്ലെന്ന് അച്ഛന് അറിയില്ലേ. പിന്നെ എന്തിനാ അച്ഛനിതിന് കൂട്ട് നിൽക്കുന്നത്.. "

"ദേവൂ... മുതിർന്നവരുടെ വാക്കുകൾക്ക് ധിക്കാരം പറയാതെ പോ.. "

എന്റെ കൈകൾ തട്ടി അച്ഛൻ പറഞ്ഞതും നിന്ന നിൽപ്പിൽ ഞാൻ ഉരുകി പോകുന്ന പോലെ തോന്നി.. അച്ഛന്റെ വാക്കുകളുടെ ഉടമ വല്യച്ഛൻ ആണെന്നും അനിഷ്ടത്തോടെയാണ് അച്ഛൻ പറയുന്നതെന്നും എന്റെ  മുഖത്തു നോക്കാതെയുള്ള അച്ഛന്റെ വാക്കുകളിൽ നിന്നും എനിക്ക് മനസിലായി...


"ഇല്ല അച്ഛാ.. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാനിതിന് സമ്മതിക്കില്ല.. എനിക്ക് ജീവനുള്ള കാലത്തോളം മറ്റൊരാളുടെ താലി എന്റെ കഴുത്തിൽ കിടക്കില്ല.. "


"അസത്ത്.. മിണ്ടാതെ പൊയ്ക്കോ മുന്നിൽന്ന്.. ഞാൻ തീരുമാനിച്ച പോലെ നടക്കും കാര്യങ്ങൾ.. ഒരക്ഷരം നീയിനി മിണ്ടില്ല. നിന്റെ അച്ഛൻ നിനക്ക് കൂട്ട് നിൽക്കേം ഇല്ല "


"വല്യച്ഛൻ എന്ത് പറഞ്ഞാലും വിഷ്ണുവേട്ടനുമായുള്ള വേളിക്ക് എനിക്ക് സമ്മതമല്ല..ആദമല്ലാതെ മറ്റൊരാൾ എന്റെ ജീവിതത്തിൽ ഉണ്ടാവുകയുമില്ല.. എന്റെ ജീവിതം എനിക്കിഷ്ടമുള്ള പോലെ ഞാൻ ജീവിക്കും.. ആരും ഇടപെടാൻ വരേണ്ട.. "

"ദേവൂ !!!!......"

ഒരലർച്ചയോടെ അച്ഛന്റെ കൈകൾ എന്റെ മുഖത്തു പതിഞ്ഞതും ഒരടി പിന്നിലേക്ക് ഞാൻ നിന്നു.. വിറക്കുന്ന ചുണ്ടുകളോടെ അച്ഛൻ എന്നെ നോക്കി... 


"ധിക്കാരി.. എന്നെ നാണം കെടുത്തണം അല്ലേ നിനക്ക്.. ഇത്രയും കാലം നിന്റെ ഇഷ്ടത്തിനായിരുന്നല്ലോ എല്ലാം. ഇനിയത് നടക്കില്ല.. ഞാനൊരു നല്ല അച്ഛനല്ലെന്ന് ഇനിയും ആരുടേയും നാവിൽ നിന്നും കേൾക്കാതിരിക്കാൻ ഇങ്ങനെയൊരു തീരുമാനം ആവശ്യമാണ്.. ഞാൻ ജീവനോടെ ഉണ്ടെങ്കിൽ നിന്റെ കഴുത്തിൽ വിഷ്ണു അല്ലാതെ മറ്റാരും താലി ചാർത്തില്ല.., "


"അച്ഛാ.. "

കണ്ണുനീർ ചാലിട്ടൊഴുകി ഞാൻ ദയനീയതയോടെ അച്ഛനെ വിളിച്ചതും അച്ഛൻ മുഖം തിരിച്ചു.. എന്നെ തല്ലിയതിൽ  ഉള്ള് നോവുന്നുണ്ടെന്ന് എനിക്കറിയാം.. അച്ഛൻ തല്ലിയതിൽ എനിക്കൊട്ടും വേദന തോന്നിയില്ല. പക്ഷേ.. അച്ഛന്റെ വാക്കുകൾ എന്നെ ഒത്തിരി വേദനിപ്പിച്ചു.. 

"അകത്തേക്ക് കയറി പോടീ.. ഇനി നിന്റെ നിഴൽ പോലും ആ മാപ്പിള ചെക്കൻ കാണില്ല.. "

"നിങ്ങളൊക്കെ എന്ത് പറഞ്ഞെന്നെ തടവിലാക്കിയാലും ഞാനെന്റെ ആദമിന്റെ മാത്രമാണ്.. ഒരിക്കലും അവനീ കല്യാണം നടത്തില്ല.."

"അവനീ കല്യാണം മുടക്കിയാൽ വെട്ടി നുറുക്കും ഞാൻ... ഇനി നിന്നെ അവൻ കാണേണ്ട "


അതും പറഞ്ഞ് വല്യച്ഛൻ എന്റെ കൈകളിൽ മുറുക്കി പിടിച്ച് എന്നെ അകത്തേക്ക് വലിച്ചു കൊണ്ട് പോയി..അച്ഛൻ മിണ്ടാതെ പുറത്ത് തന്നെ നിന്നു.. വല്യച്ഛന്റെ പിടിയിൽ നിന്നും കുതറി മാറാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല.. ഗോവണി പടിയിൽ എത്തിയതും വല്യച്ഛൻ വിഷ്ണു ഏട്ടനെ വിളിച്ചു.. 

"ഇവളെ ആ മുറിയിൽ പൂട്ടി ഇട്ടേക്ക്.. നിങ്ങളുടെ കല്യാണത്തിന്റെ അന്ന് പുറം ലോകം കണ്ടാൽ മതി.. "

വല്യച്ഛന്റെ വാക്കുകൾ അനുസരിച്ച് വിഷ്ണു ഏട്ടൻ എന്നെ വലിച്ച് മുറിയിലേക്ക് കൊണ്ട് പോയി.. 


"ഹാ.. വിട്... എന്നെ വിടാൻ.. തൊട്ട് പോകരുതെന്നേ "

മുറിയിൽ എത്തിയതും കൈ കുടഞ്ഞു കൊണ്ട് ഞാൻ ദേഷ്യത്തിൽ പറഞ്ഞു.. 

"ഏട്ടന്റെ മനസ്സിലിരിപ്പ് എനിക്ക് മനസിലായി..ഒരിക്കലും അത് നടക്കില്ല.. ആദമിന്റെ പെണ്ണാണ് ഞാൻ.."


ദേഷ്യത്തിൽ ഞാൻ പറഞ്ഞിട്ടും വിഷ്ണുവേട്ടൻ പതറിയില്ല.. പരിഹാസത്തോടെ ഏട്ടൻ എന്റെ നേരെ നടന്നു വന്നു.. 

"എടീ.. നീയെന്താ കരുതിയെ നിന്റെ സൗന്ദര്യം കണ്ടിട്ടാണ് ഞാൻ നിന്നെ കെട്ടാൻ പോകുന്നതെന്നോ. ഒരിക്കലുമല്ല.. ഇത്രയും കാലം ദേവി സ്ഥാനം നിനക്കുള്ളത് കൊണ്ടാണ് നിന്നെ വേദനിപ്പിക്കാതെ കൊണ്ട് നടന്നെ.. അതിനാലാണ് നിന്റെയും ആദമിന്റെയും കാര്യത്തിൽ മൗനം പാലിച്ചത്.. എന്നാൽ ഒരു വട്ടം മുടങ്ങി പോയ ദേവി പൂജ ഇനി മുഴുവനാക്കിയാലും  അതിന്റെ തനിമ നഷ്ടപ്പെടും.. ഉദേശിച്ച ഫലം ലഭിക്കില്ല.. അത് മനസ്സിലാക്കിയത് കൊണ്ടാണ് അച്ഛൻ പിന്നെ അതിനെ നിർബന്ധിക്കാതിരുന്നത്.. നീ ദേവി ആയില്ലെങ്കിൽ ഉറപ്പായും ആദമും നീയും അടുക്കുമെന്നറിയാവുന്നത് കൊണ്ടാ ആദം വീണ്ടും ഈ നാട്ടിൽ എത്തിയെന്നു ഞാൻ അറിഞ്ഞപ്പോൾ ഇങ്ങനെ ഒരു തീരുമാനം ഞാൻ എടുത്തത്.. പരമ ശിവന്റെ  മേൽ  ഭക്തിയുള്ള ഇല്ലം ആണിത്.. ഇവിടം അശുദ്ധി ആക്കാനോ നമ്മുടെ വിശ്വാസം തകർക്കാനോ ഞാൻ സമ്മതിക്കില്ല "


"എന്ത് കളി കളിച്ചാലും എന്റെ മനസ്സിൽ നിന്നും ആദമിനെ വേർപ്പെടുത്താൻ ആർക്കും കഴിയില്ല.. ആദമിന്റെ പെണ്ണാണ് ഞാൻ.. അവന്റെ മാത്രം.. ആദം ഇക്കാര്യം അറിയേണ്ട താമസമേ ഉള്ളൂ.. എന്നെ വിളിച്ചിറക്കി കൊണ്ട് പോവും അവന്റെ പെണ്ണായ് "

"അങ്ങനെ അവനീ ഇല്ലത്ത് വന്ന് നിന്നെ കൊണ്ട് പോയാൽ അവന്റെ അവസാനമായിരിക്കും .. ജീവിക്കാൻ സമ്മതിക്കില്ല രണ്ടിനേം "

കൈ ചൂണ്ടി മുന്നറിയിപ്പ് തന്ന് വിഷ്ണു ഏട്ടൻ പോയതും ഞാൻ നിലത്തിരുന്ന് കട്ടിലിൽ തല വെച്ചു കിടന്ന് തേങ്ങി കരഞ്ഞു.. 
നാളുകൾക്കു ശേഷം ആദം അരികിൽ വന്ന് മനസ്സ് സന്തോഷിച്ചതൊക്കെ ഒരൊറ്റ നിമിഷം കൊണ്ടില്ലാതെയായി.. എന്താ ദേവാ ഇങ്ങനെ.. സന്തോഷം ലഭിച്ചിട്ടധികമാവുന്നതിന് മുൻപ് തന്നെ നീ തളർത്തിയല്ലോ.. 
ആദമിന്റെ മാത്രമാണ് ശിവ.. അതിലൊരു മാറ്റവും വരുത്തല്ലേ ദേവാ നീ.... മതം രണ്ടാണെന്ന കാരണം കൊണ്ട് മാത്രം എന്തിന് അത്രമേൽ ഹൃദയം കൈമാറിയവരെ അകറ്റുന്നിവർ......
വരാനിരിക്കുന്ന സംഭവങ്ങൾ കാണാതിരിക്കാൻ എന്നോണം  മനസ്സ് ഭ്രാന്തമായി പൊട്ടി കരഞ്ഞു കൊണ്ട് ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു.....

=============================

ഇന്നലെ മുതൽ മനസ്സാകെ അസ്വസ്ഥതമായിരുന്നു.. വിഷ്ണു എന്തൊക്കെയോ തീരുമാനിച്ചെന്നത് വ്യക്തം.. എന്താണെന്നറിയാൻ വല്ലാത്ത ആകാംഷ.. അതിലേറെ വെപ്രാളം.. രാവിലെ അമ്പലത്തിനടുത്ത് ചെന്നെങ്കിലും ശിവയെ കണ്ടില്ല.. മുത്തശ്ശിയുടെ പേരിൽ എന്തോ പൂജ ഉണ്ടെന്ന് പറഞ്ഞിരുന്നു.. അതിന്റെ തിരക്കിലാവും എന്ന് കരുതി ഞാനും അധിക നേരം അവിടെ നിന്നില്ല.. ഇന്നലെ കാവിലേക്കും അവളെ കണ്ടിരുന്നില്ല.ജേഷ്ഠൻ നമ്പൂതിരി ഉണ്ടായതിനാലാവും... സാഹിബിന്റെ പറമ്പിൽ പണി എടുക്കുമ്പോഴും ഓട്ടോ ഓടിക്കുമ്പോഴുമൊക്കെ മനസ്സ് നീറി പുകയുകയായിരുന്നു.. ഹൃദയം നോവുന്ന പോലെ.. എന്തോ വലിയ സങ്കടം വരാൻ ഉള്ളത് പോലെ ഹൃദയം ഇടക്കിടെ ഓർമപ്പെടുത്തി... 
വൈകുന്നേരം ശിവയുടെ ഇല്ലത്തിന് അടുത്ത് ചെന്നെങ്കിലും അവളെ പുറത്തെങ്ങും കണ്ടില്ല...... 

അവളെ കാണാതെ ഒരു ദിവസം കഴിഞ്ഞു പോയി.. രാത്രി ജനലിനരികിൽ ചെന്ന് നിന്നെങ്കിലും അവളെ കാണാൻ കഴിഞ്ഞില്ല... 

പിറ്റേന്നും അവസ്ഥ ഇത് തന്നെയായിരുന്നു.. അസിയോട് കാര്യം പറഞ്ഞപ്പോൾ അവനെന്നെ സമാധാനിപ്പിച്ചു.. 

"ആദം.. നീയിങ്ങനെ വിഷമിച്ചാലോ.. അവൾ എവിടെ പോവാൻ..ഇല്ലത്ത് തന്നെ ഉണ്ടാവും"

"അല്ല അസി.. എന്തോ നടന്നിട്ടുണ്ട്.. എന്റെ മനസ്സങ്ങനെ പറയുന്നു.. വിഷ്ണു എന്നെ വെല്ലുവിളിച്ചതും അവന്റെ കണ്ണിലെ വാശിയും.. ഇപ്പോൾ ശിവയെ കാണാത്തതും.. എല്ലാം കൂട്ടി വായിക്കുമ്പോൾ കാര്യം പന്തിയല്ലെന്ന് തോന്നുന്നു... എനിക്കവളെ ഒന്ന് കാണണം അസീ "

"നീ പറഞ്ഞതൊക്കെ വെച്ച് നോക്കുമ്പോൾ ഇത് വിഷ്ണുവിന്റെ കളി തന്നെയാവും.. എന്താ സംഭവം എന്നറിയാൻ ഇല്ലത്തേക്ക് പോവുക തന്നെ വേണം "


അസി പറഞ്ഞത് ശെരിയാണെന്ന് എനിക്കും തോന്നി.  ഒരുപാട് ചോദ്യങ്ങൾ മനസ്സിലുണ്ട്. 
എല്ലാത്തിനുമുള്ള  ഉത്തരം   ലഭിക്കാനായി  അങ്ങോട്ട്‌ പോവുക തന്നെ വേണം.. 
ഒടുവിൽ... രണ്ടും കല്പിച് ഞാനും അസിയും  ഇല്ലത്തേക്ക് നടന്നു.. 

പടിപ്പുര കഴിഞ്ഞ് മുറ്റത്തെത്തിയതും ചാരു കസേരയിൽ ഇരിക്കുന്ന ജേഷ്ഠൻ നമ്പൂതിരി ഞങ്ങളെ കണ്ടതും എഴുന്നേറ്റു നിന്നു.. 

"ശിവ എവിടെ... "

മറ്റൊന്നും ചോദിക്കാനോ പറയാനോ നിൽക്കാതെ ആദ്യം തന്നെ ഞാൻ ശിവയെ കുറിച്ച് ചോദിച്ചു.. പുച്ഛം നിറഞ്ഞ ചിരിയായിരുന്നു മറുപടി.. 

"ശിവ എവിടെയെന്ന്...??  "

ഇപ്രാവശ്യം കനപ്പിച്ചായിരുന്നു എന്റെ ചോദ്യം.. 

"അവൾ എവിടെ ആണേലും നിനക്കെന്താ ഡാ.. എന്ത് ധൈര്യത്തിലാ ഇവിടെ വന്നീ ശബ്ദം ഉയർത്തുന്നത്.. കടക്ക് പുറത്ത് "

"അവൾ എവിടെ എന്നറിയാതെ ഞാൻ പോകുമെന്ന് തിരുമേനി വിചാരിക്കേണ്ട.... ശിവാ. ശിവാ.... "

ഉറക്കെ ഞാൻ വിളിച്ചതും വിഷ്ണു പുറത്തേക്ക് വന്നു.. 

"അവൾ ഇവിടെ തന്നെയുണ്ട്.. നീയെത്ര വിളിച്ചാലും അവളിനി പുറത്തേക്ക് വരില്ല.. ഇനി നിന്റെ മുന്നിൽ വരികയുമില്ല.. "


"ഡാ... "

ദേഷ്യത്തിൽ അതും പറഞ്ഞ് ഞാൻ പടിയിൽ കാൽ വെച്ച് അവന്റെ നേരെ ചെന്നതും അവനെന്നെ മുറ്റത്തേക്ക് ഉന്തി. 

"അകത്തേക്ക് കയറി പോകരുത്.. നിനക്ക് ചവിട്ടി അശുദ്ധി ആക്കാനുള്ളതല്ല ഞങ്ങളുടെ ഇടം.. പടിക്ക് പുറത്ത് നിന്ന് സംസാരിച്ചാൽ മതി.. "

"എവിടെയാടാ ശിവ... "

പല്ലിറുമ്പി മുഷ്ടി ചുരുട്ടി ദേഷ്യം അടക്കി വെച്ച് ഞാൻ അവനോട് ചോദിച്ചു. 

"ഞാൻ പറഞ്ഞല്ലോ അവൾ ഇവിടെ തന്നെയുണ്ടെന്ന്.. നിനക്ക് മുന്നിൽ ഇനി അവൾ വരില്ലെന്ന് മാത്രം "

"ആണത്തമില്ലാത്തവനേ.. അവളെ എന്ത് ചെയ്തു.. പൂട്ടിയിട്ടോ.. "

"അതേ ഡാ.. പൂട്ടിയിട്ടിരിക്കാണ്.. അവളുടെ നിഴൽ പോലുമിനി നിനക്ക് കാണാൻ കഴിയില്ല.. "

"തോന്നൽ മാത്രം.. നിങ്ങളൊക്കെ എന്ത് കളി കളിച്ചാലും എന്നിൽ നിന്നവളെ വേർപ്പെടുത്താൻ കഴിയില്ല.."


"ഹഹഹ.. ആരു പറഞ്ഞു കഴിയില്ലെന്ന്.. നിങ്ങളെ ഒരിക്കലും ഞാൻ ഒരുമിപ്പിക്കില്ല.. ഇനിയവൾ ആദമിന്റെ പെണ്ണല്ല.. എന്റെ പെണ്ണാണ്.. ഈ വിഷ്ണുവിന്റെ പെണ്ണ്"


വിഷ്ണുവിന്റെ വാക്കുകൾ കേട്ടതും ഒരു നിമിഷം പകച്ചു നിന്നു.. അസിയും ഒന്നും മനസ്സിലാവാതെ എന്റെ മുഖത്തേക്ക് നോക്കി... പുച്ഛത്തോടെ എന്റെ നേരെ വന്ന് മുന്നിൽ നിൽക്കുന്ന വിഷ്‌ണുവിനെ നോക്കി എന്നല്ലാതെ ഒന്നും പറയാൻ കഴിഞ്ഞില്ല. 

"ഞെട്ടി അല്ലേ... സത്യമാ പറഞ്ഞത്.. അവളിനി എന്റെ പെണ്ണാണ്.. മറ്റെന്നാൾ ഞാനവളുടെ കഴുത്തിൽ താലി ചാർത്തും... പിന്നെയവൾ എന്റെ മാത്രമാണ്.. "


"ഡാ....."


അലറി കൊണ്ട് ഞാൻ അവന്റെ കോളറിൽ പിടിച്ചതും അസിയെന്നെ പിടിച്ചു മാറ്റി.. ഒട്ടും കൂസലില്ലാതെ പുച്ഛത്തോടെ വിജയ ഭാവത്തോടെ ചിരിച്ചു നിൽക്കുന്ന അവനിലേക്ക് വീണ്ടും ഞാൻ അലറി അടുത്തു. 


"നടക്കില്ലെടാ ഒന്നും.. ആദം ജീവനോടെ ഇരിക്കുമ്പോൾ എന്റെ പെണ്ണിനെ തൊടാൻ പോലും ഞാൻ സമ്മതിക്കില്ല.. അവളെന്റെയാ.. എന്റെ മാത്രം.. വിടില്ലെടാ നിന്നെ.. കണക്കുകൾ ഒരുപാടുണ്ട്.. കരുതിയിരുന്നോ.. "

ജേഷ്ഠൻ നമ്പൂതിരിയെയും വിഷ്ണുവിനേയും നോക്കി കടുപ്പിച്ച് ഞാൻ പറഞ്ഞതും അസിയെന്നെ പിറകിലേക്ക് വലിച്ചു.. വിഷ്ണുവിന് നേരെ തീപാറും നോട്ടം നോക്കി കൊണ്ട് ഞാൻ തിരിഞ്ഞു നടന്നു... 


"ആദം.. ഇനി.. ഇനിയെന്താ ചെയ്യാ.. അവരിങ്ങനെ കളിക്കുമെന്ന് കരുതിയില്ല.. എല്ലാം കൈവിട്ടു പോയല്ലോ ആദം.."


അവളുടെ ഇല്ലത്തിന് അപ്പുറത്തെ ഇടവഴിയിലെ കല്ലിൽ തല താഴ്ത്തി ഇരുന്നതും അസിയെന്റെ ചുമലിൽ കൈവെച്ചു കൊണ്ട് പറഞ്ഞു.. 


"അറിയില്ല അസീ.. എന്താ ചെയ്യേണ്ടതെന്ന്.. കാര്യങ്ങൾ ഇവിടം വരെ എത്തുമെന്നും വിഷ്ണു ഇങ്ങനെ തീരുമാനിക്കുമെന്നും ഒട്ടും പ്രതീക്ഷിച്ചില്ല.. ഇനിയീ കല്യാണം മുടക്കി അവളെ വിളിച്ചിറക്കി കൊണ്ട് വന്നാൽ ഉറപ്പായും ഒരു കലാപം അവൻ ഉണ്ടാക്കും.. ഗ്രാമത്തിലെ നാട്ടുകാർ മുഴുവൻ അപ്പോൾ അവന്റെ കൂടെയാവും.. തളർന്നു പോവാണല്ലോ അസി ഞാൻ.. "


"ഏയ്‌.. എന്തായിത്.. ആരില്ലേലും ഞാൻ ഉണ്ടാവും നിന്റെ കൂടെ.. നിന്നിൽ നിന്നവളെ വേർപ്പെടുത്താൻ ആർക്കും സാധിക്കില്ല... നീ ഇങ്ങനെ തളരല്ലേ... ആദം ഇങ്ങനെയാണോ.. ഉശിരുള്ളവനല്ലേ.. എന്ത് വന്നാലും നെഞ്ച്  വിരിച്ച് നിൽക്കണം.."

അസിയുടെ വാക്കുകൾ മനസ്സിൽ പതിഞ്ഞെങ്കിലും മുന്നോട്ടുള്ള കാര്യങ്ങൾ ഓർത്ത്  വീണ്ടും തളരുകയാണ്.. എന്താണ് ചെയ്യേണ്ടതെന്ന് അറിയുന്നില്ല... നാളത്തെ ഒരു ദിവസം മാത്രമേ മുന്നിൽ ഉള്ളൂ.. അത് കഴിഞ്ഞാൽ കാര്യങ്ങൾ കൈവിട്ടു പോവും.. വിഷ്ണുവും ജേഷ്ഠൻ നമ്പൂതിരിയും തീരുമാനം മാറ്റില്ലെന്നറിയാം.. ഇനി ആകെ ഉള്ള വഴി അവളുടെ അച്ഛനാണ്..... അച്ഛനോട് പറഞ്ഞ് ഈ കല്യാണം മുടക്കണം.. 
മനസ്സിൽ ചെറിയൊരു പ്രതീക്ഷയോടെ ഞാൻ ശിവയുടെ മുറിയുടെ ജനൽക്കരികിലേക്ക് നോക്കി.. ആ സമയം തുറന്നു കിടക്കുന്ന ജനാലക്കരികിൽ അവൾ വന്നു നിന്നതും ഞാൻ എഴുന്നേറ്റു നിന്നു...
കണ്ണുകളാകെ കരഞ്ഞ് ചുവന്നിട്ടുണ്ട്.. നിസ്സഹായയായി ആ കണ്ണുകൾ കൊണ്ട് കാര്യങ്ങൾ അവളെന്നോട് പറഞ്ഞതും  ദൂരെ നിന്ന് കണ്ണുകൾ  കൊണ്ട് തന്നെ  ആശ്വസിപ്പിക്കാൻ അല്ലാതെ മറ്റൊന്നിനും എനിക്ക് കഴിഞ്ഞില്ല.. 

"പെണ്ണേ.. ആദം ജീവിച്ചിരിക്കുന്ന കാലത്തോളം നിന്നെ മറ്റാരും സ്വന്തമാക്കില്ല.. ആദമിന്റെ ശിവയെ ആദമിൽ നിന്നാരും അടർത്തി മാറ്റുകയുമില്ല.."

ഉറച്ച വാക്കിനാൽ കണ്ണടച്ച് തുറന്നവളെ ആശ്വസിപ്പിച്ചു കൊണ്ട് ഞാൻ വീട്ടിലേക്ക് നടന്നു... 

"ഇനി ഓരേ ഒരു വഴി മാത്രം.. ശിവയുടെ അച്ഛനെ കാണണം... ".......(തുടരും)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story