ശിവ 🖤: ഭാഗം 27

രചന: RAIZA

രാത്രി കിടന്നിട്ടും ഉറക്കം വന്നതേയില്ല.. ശിവയെ എന്നെന്നേക്കുമായി നഷ്ടപ്പെടുമോ എന്നൊരു ഭയം.. ആ ഭയം മനസ്സിൽ കുടിയേറിയ കാരണം കൺപോള ഒന്നടക്കാൻ പോലും കഴിയുന്നില്ല.. 
ശിവയെ നഷ്ടപ്പെടുത്താൻ ആയിരുന്നെങ്കിൽ നാട്ടിലേക്ക് വരേണ്ടിയിരുന്നില്ല എന്ന് വരെ തോന്നി പോയി... അവളെ മറ്റൊരാളുടെ പെണ്ണായി കാണാൻ വയ്യ.. 

രാത്രിയുടെ അന്ത്യയാമം അടുത്തു.. നിലാ വെളിച്ചം കൊണ്ട് മുറിയാകെ ശോഭിച്ചു നിൽക്കുന്നുണ്ട്.. കണ്ണുകൾ തുറന്ന് മലർന്ന് കിടന്ന് ഞാൻ ശിവയെ മനസ്സിൽ ഓർത്തു.... കാറ്റിൽ ആടുന്ന ഇലകളുടെ മർമരത്തിന് പിറകെ ചെമ്പക മണം ജനാലയുടെ അഴിക്കുള്ളിലൂടെ എന്നെ വന്ന് പൊതിഞ്ഞതും ഞാൻ മെല്ലെ എണീറ്റു.. 
ജനൽ പിടിയിൽ കൈവെച്ച് ഞാൻ തല ഉയർത്തി നോക്കി.... 
ദൂരെ.... റാന്തൽ വെളിച്ചത്തിൽ,  എന്റെ നോട്ടവും പ്രതീക്ഷിച്ചു കൊണ്ട് എന്റെ പെണ്ണ് നിൽക്കുന്നത് കണ്ടതും ഹൃദയം പിടഞ്ഞു.. കാഴ്ച്ചയിൽ  വ്യക്തമല്ലാത്ത അവളുടെ മുഖത്ത് വിഷാദം തളം കെട്ടി നിൽക്കുന്നതും ഒരു നേർത്ത നൂല് പോലെ കണ്ണുനീർ ഒഴുകി വരുന്നതും ഞാൻ അകക്കണ്ണാൽ കണ്ടു.. ആ കണ്ണുനീർ ഒന്ന് തുടച്ചു കൊടുക്കാനോ തലോടാനോ കഴിയാതെ  ചങ്കിലെ വേദന കടിച്ചു പിടിച്ചു കൊണ്ട് ഞാൻ  അഴികൾക്ക് മീതെയുള്ള പിടുത്തം മുറുക്കി... 

ഒട്ടും പ്രതീക്ഷിക്കാതെയുള്ള ഈ തടങ്കൽ ഹൃദയഭാരം  ഓരോ നിമിഷവും കൂട്ടി.. അച്ഛൻ ഒന്നരികിൽ വന്നെങ്കിൽ എന്നാശിച്ചു.. എന്നാൽ ഈ നേരം വരെ അച്ഛൻ തിരിഞ്ഞു നോക്കിയില്ല.. ഞാൻ കരയുവാണോ.. ഭക്ഷണം കഴിച്ചോ.. ഒന്നും അറിയാൻ അച്ഛൻ വന്നില്ല.. അത്രമേൽ നിസ്സഹായനാണോ അച്ഛൻ.. 
ആവും... മക്കളുടെ ഇത്തരം  ഇഷ്ടത്തിന് നേരെ കണ്ണടക്കാനേ ഏതൊരു അച്ഛനും കഴിയൂ.. അല്ലെങ്കിൽ സമൂഹത്തിന് മുന്നിൽ എന്നും തല കുനിക്കേണ്ടി വരും.. 

നാല് ചുമരിൽ തളച്ചിട്ട ശരീരം തളർന്നു പോയെങ്കിലും മനസ്സൊട്ടും പതറിയിട്ടില്ല.. അതെന്റെ ആദമിന്റെ അടുക്കൽ ഭദ്രമാണ്.. അതിനെ ആർക്കും തളച്ചിടാൻ ആവില്ല... 
രാത്രി ഇരുണ്ടു മൂടി പേടിപ്പെടുത്തിയിട്ടും നിലാ വെളിച്ചം ഒന്നാകെ പരന്നു സന്തോഷം നൽകുന്ന പോലെ ഇന്നെന്റെയീ സങ്കടത്തിൽ നിന്ന്   ആദം എന്നെ സന്തോഷിപ്പിക്കും.. 
നേരമിത്രേ ആയിട്ടും ഉറക്കം ലവലേശം കണ്ണുകളെ തലോടിയില്ല.. ആദമിനെ മനസ്സിൽ ഓർത്ത്‌ തേങ്ങി കൊണ്ട് ഞാൻ ജനാലക്കരികിലേക്ക് പോയി... 

നിലാ വെളിച്ചത്തിൽ ഇത്തിരി ദൂരെ നിന്ന് ആദമിനെ കണ്ടതും ഹൃദയം വീണ്ടും വീണ്ടും തേങ്ങാൻ തുടങ്ങി.. കണ്ണുനീർ ഒലിച്ചിറങ്ങി.. എന്തൊക്കെയോ പറയാൻ വെമ്പുന്ന ചുണ്ടുകൾ തേങ്ങലിന്റെ ശക്തിയിൽ വിറച്ചു... ആദമിന്റെ അടുക്കലേക്ക് ഓടി ചെന്ന് ആ നെഞ്ചിൽ വീണ് പൊട്ടി കരയാൻ മനസ്സ് കൊതിക്കുന്നുണ്ട്.. പക്ഷേ.. അതിന് കഴിയില്ലെന്ന യാഥാർഥ്യം മുന്നിൽ തെളിയുമ്പോൾ നിശബ്ദം പരസ്പരം നോക്കി നിൽക്കാൻ അല്ലാതെ മറ്റൊന്നിനും കഴിയുന്നില്ല.... 

"ആദം... എന്റെ ഹൃദയത്തിലെ അവസാന തുടിപ്പിലും ഞാൻ നിന്നെ മാത്രമേ പ്രണയിക്കൂ..ശിവയുടെ ആദം  എന്ന് ആലേഖനം ചെയ്ത ഹൃദയത്തിനുള്ളിൽ നിനക്ക് മാത്രമേ സ്ഥാനമുള്ളൂ.. ശിവ എന്നും ആദമിന്റെ പെണ്ണ് മാത്രമായിരിക്കും..... എന്നും.. മരണം വരെയും...."

 ഇടതടവില്ലാതെ ഒഴുകുന്ന കണ്ണുനീർ തുടച്ചു മാറ്റാനോ കട്ടിലിൽ ചെന്ന് കിടന്ന് മുഖമമർത്തി തേങ്ങാനോ തുനിയാതെ ഞാൻ ആദമിനെ നോക്കി നിന്നു.... 

"ഇല്ല പെണ്ണേ.. ഒരാൾക്കും നിന്നെ ഞാൻ വിട്ട് കൊടുക്കില്ല..ഇട നെഞ്ചിൽ നിനക്കൊരു സ്ഥാനം തന്നിട്ടുണ്ടെങ്കിൽ മിടിപ്പ് നിലക്കുന്നത് വരെ ആരെ കൊണ്ടും അത് മാറ്റാൻ ആവില്ല.. ശിവയുടെ ആദമിന്റെ വാക്കാണിത്.. "

കൺ കുളിർക്കെ അവളെ നോക്കി എത്ര നേരം അങ്ങനെ നിന്നു എന്നറിയില്ല.. അവളെ വിളിച്ചിറക്കി കൊണ്ട് വരണം എന്നുണ്ട്. പക്ഷേ.. ഞാനും അവളും മാത്രമുള്ള ലോകമല്ലല്ലോ ഇത്.. പരിമിതികൾ ഏറെയുണ്ട്.. അതിനാൽ തന്നെ എടുത്തു ചാടിയുള്ള തീരുമാനം നാശത്തിലേക്കേ എത്തിക്കൂ.. സംയമനം പാലിക്കണം.. ധൈര്യത്തോടെ മുന്നോട്ട് പോകണം..എല്ലാവരുടെയും  മുന്നിലും തല ഉയർത്തി നിൽക്കണം.. മരണ ശിക്ഷ വിധിക്കാനുള്ള തെറ്റൊന്നും ഞാൻ ചെയ്തിട്ടില്ല.. പ്രാണനെ പോൽ ഒരാളെ പ്രണയിച്ചു.. അത്രമാത്രം... ലോകത്തിന് മുന്നിൽ അത് പറയാൻ എനിക്കൊരു മടിയുമില്ല... 
 തികഞ്ഞ ആത്മ വിശ്വാസത്തോടെ ഞാൻ അവളെ നോക്കി നിന്നു...


ഏറെ നേരം ഞങ്ങൾ ആ നിൽപ്പ് തുടർന്നു. എന്നാൽ 
ഇനിയും പരസ്പരം കാണേണ്ട എന്നർത്ഥത്തിൽ നിലാവ് കള്ള ചിരിയാലെ  മേഘങ്ങൾക്കിടയിൽ മറഞ്ഞതും ഇരുട്ട് മാത്രമുള്ള ആദമിന്റെ   ജനാലയിലേക്ക് ദയനീയമായി ഞാൻ നോക്കി.... 

=============================

നേരം പുലർന്ന ഉടനെ എന്റെ മുന്നിലെ ലക്ഷ്യം ശിവയുടെ അച്ഛനെ കാണുക എന്ന് മാത്രം ആയിരുന്നു.. അതിനായ് ഞാൻ അമ്പലത്തിന് മുന്നിൽ കാത്തു നിന്നു.. അസി കൂടെ വരാമെന്ന് പറഞ്ഞെങ്കിലും വേണ്ടെന്ന് പറഞ്ഞു. ഹിബ ഒന്നും അറിഞ്ഞിട്ടില്ല.. ഈയൊരു അവസ്ഥയിൽ അവളെ വിഷമിപ്പിക്കേണ്ടെന്ന് കരുതി ഒന്നും പറഞ്ഞില്ല... 

പുലർകാല പൂജയും മറ്റും കഴിഞ്ഞ് അച്ഛൻ നമ്പൂതിരി അമ്പലത്തിൽ നിന്നും പുറത്തേക്ക് വന്നതും ഞാൻ നമ്പൂതിരിയുടെ അടുത്തേക്ക് നടന്നു.. എന്നെ കണ്ടതും നമ്പൂതിരി  ഒന്ന് പതറിയ പോലെ തോന്നി.. 

"നമ്പൂതിരീ... ഞാൻ... "

"വേണ്ട ആദം.. എനിക്കൊന്നും കേൾക്കേണ്ട.. നീയിപ്പോ പോ.. നിനക്കൊരു മറുപടി നൽകാൻ എന്റെ കയ്യിൽ വാക്കുകളില്ല "

ഏതോ അപരിചിതനോട്‌ പറയും പോൽ അച്ഛൻ നമ്പൂതിരി എന്നെ നോക്കാതെ പറഞ്ഞതും ഞാനാകെ  തരിച്ചു പോയി.. നമ്പൂതിരിയുടെ ഭാവമാറ്റം എന്നിൽ അത്ഭുതം ഉളവാക്കി.. 

"നമ്പൂതിരീ .. അപ്പോൾ.. നിങ്ങളും അറിഞ്ഞിട്ടാണോ എല്ലാം "

"അതേ... ഞാനും കൂടി തീരുമാനിച്ചതാണ് എല്ലാം..  എനിക്കെതിര് പറയാൻ ആവില്ല ആദം.. നിങ്ങൾ രണ്ടു പേരും എല്ലാം  മറന്നേക്ക് "

"എത്ര നിസ്സാരമായാണ് നമ്പൂതിരി ഇപ്പോൾ ഇത് പറഞ്ഞത്.. അങ്ങനെ മറക്കാൻ ഇന്നോ ഇന്നെലെയോ ഹൃദയത്തിൽ കയറി കൂടിയതല്ലല്ലോ.. ഓർമ വെച്ച നാൾ മുതൽ ആദമിന്റെ ശിവ എന്നും ശിവയുടെ ആദം എന്നും പറഞ്ഞ് താലോലിക്കാൻ തുടങ്ങിയതാ.. അങ്ങനെ പെട്ടന്നൊരു ദിവസം മറക്കാൻ പറഞ്ഞാൽ കഴിയോ ഞങ്ങൾക്ക്.. ഇത്രയും നാൾ കൂടെ നിന്നിട്ട് എന്താ നമ്പൂതിരി ഇപ്പോൾ ഇങ്ങനെ.. എന്തിന് ഞങ്ങളെ വേദനിപ്പിക്കുന്നു.. "


ദയനീയമായി ഞാൻ പറഞ്ഞതും അച്ഛൻ നമ്പൂതിരിയുടെ ശിരസ്സ് താഴ്ന്നു.. എന്റെ കൈകളിൽ മുറുകെ പിടിച്ചു കൊണ്ട് തീർത്തും നിസ്സഹായ ഭാവത്തിൽ നമ്പൂതിരി എന്നെ നോക്കി.. 

"ക്ഷമിക്ക് ആദം.. ഇതല്ലാതെ മറ്റു വഴി ഈ അച്ഛന് മുന്നിലില്ല.. പ്രണയിക്കാനും പ്രണയിക്കപ്പെടാനും എളുപ്പമാണ് ആദം.. എന്നാൽ സ്വന്തമാക്കാൻ പ്രയാസമാണ്.. ഒരുപാട് കടമ്പകൾ ഉണ്ട്... ഓരോന്നായി മറികടന്ന് വേണം നല്ലൊരു ജീവിതത്തിലേക്ക് മുന്നേറാൻ.. എന്നാൽ ഇവിടെ.. നിങ്ങൾക്ക് രണ്ടു പേർക്കും ഒരു കടമ്പ പോലും മറി കടക്കാൻ ആവില്ല... കാരണം നിങ്ങൾക്ക് മുന്നിലുള്ളത് തൊട്ടാൽ കൈ മുറിയുന്ന ജാതിയുടെ വേലി കെട്ടുകളാണ്.. ഒരിക്കലും ദേഹം മുറിയാതെ അത് കടക്കാൻ ആവില്ല..,"


നമ്പൂതിരിയുടെ വാക്കുകൾക്ക് മറുപടിയായി ഒരക്ഷരം പോലും എന്റെ നാവിൽ വന്നില്ല.. എന്നെ നോക്കി തോളിൽ തട്ടി കൊണ്ട് നമ്പൂതിരി വീണ്ടും തുടർന്നു... 

" ഓരോ മതത്തിനും അവരവരുടെ വിശ്വാസമാണ് വലുത്.. അതിൽ ആരെങ്കിലും എന്തെങ്കിലും ചെറിയ തെറ്റ് ചെയ്താൽ അവർ നോക്കി നിൽക്കില്ല... ഞാനൊരു നമ്പൂതിരിയാണ്.. അതിലുപരി ഒരു അച്ഛനാണ്.. സ്വന്തം മകളെയും വിശ്വാസത്തെയും സംരക്ഷിക്കേണ്ടത് എന്റെ ചുമതലയാണ്.....സ്വന്തം മകളെ നല്ല രീതിയിൽ വളർത്താൻ അറിയാത്ത.. ജാതിയെ കാത്തു സൂക്ഷിക്കാൻ അറിയാത്ത ഞാൻ ശിവന് പൂജ ചെയ്യാൻ അയോഗ്യൻ ആണെന്ന്  നാളെ ആരെങ്കിലും പറഞ്ഞാൽ അത് കേൾക്കാനുള്ള ശക്തി എനിക്കില്ല... പേടിക്കണം ആദം.. സമൂഹത്തെ.. "


"നമ്പൂതിരീ... നിങ്ങൾ പറയുന്നതെല്ലാം ശെരിയായിരിക്കാം.. പക്ഷേ.. ജാതിയോ മതമോ നോക്കിയല്ല ഞാനവളെ സ്നേഹിച്ചത്.. എന്റെ പ്രണയത്തിൽ മതമില്ല..... സമൂഹത്തിനത് അംഗീകരിക്കാൻ കഴിയില്ലെന്നറിയാം.. പക്ഷേ... എനിക്കെന്റെ ശിവയെ മറക്കാനോ മറ്റൊരാൾക്ക്‌ നൽകാനോ കഴിയില്ല..ആര് കൂടെ നിന്നില്ലെങ്കിലും എന്റെ ശിവ എന്റെ കൂടെ ഉണ്ടാവും.. അവളുടെ കൂടെ ഞാനും.... അത് മാത്രം മതി ഞങ്ങൾക്ക്.. ഈ കല്യാണം നടക്കില്ല നമ്പൂതിരീ.. "


അതും പറഞ്ഞ് നമ്പൂതിരിയുടെ മറുപടിക്ക് കാത്തു നിൽക്കാതെ ഞാൻ തിരിഞ്ഞു നടന്നു.. എന്നിൽ നിന്ന്  നമ്പൂതിരി കേൾക്കാൻ കൊതിച്ച  വാക്കുകൾ തന്നെയാണിത്.. എന്നാൽ കണ്ണുകൾ മൂടി കെട്ടിയിരിക്കാണെന്ന് മാത്രം.. പാവം.. ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണ് നമ്പൂതിരിക്ക്.. 
ആകെ ഉണ്ടായിരുന്ന വഴിയായിരുന്നു ഇത്.. ഇനി എന്ത് ചെയ്യണമെന്നറിയില്ല... നാളെ താലി കെട്ടിനായി അവളെ അമ്പലത്തിൽ എത്തിക്കേണ്ടി വരുമല്ലോ അവർക്ക്... ഇനി എല്ലാം അപ്പോൾ നോക്കാം.. അല്ലാതെ മറ്റൊരു വഴിയുമില്ല.. 

=============================

"എന്താ ആദം ഇനി നിന്റെ തീരുമാനം.. നേരെ ചെന്ന് വിളിച്ചിറക്കി കൊണ്ട് വാടാ.."


വീടിന്റെ ഉമ്മറത്തിരുന്ന് എന്താ ചെയ്യേണ്ടതെന്നറിയാതെ വിദൂരതയിലേക്ക് നോക്കി നിൽക്കുമ്പോൾ ആണ് അസി രോഷത്തോടെ പറഞ്ഞത്.. ആകെയുള്ള കച്ചിത്തുരുമ്പായ അച്ഛൻ നമ്പൂതിരിയും കൈവിട്ടെന്ന് അസിയോട് ഞാൻ പറഞ്ഞിരുന്നു.. 


"അത് വലിയ അപകടം വിളിച്ചു വരുത്തും.. കല്യാണം ഒന്ന് മുടങ്ങി കിട്ടിയാൽ മതി.. അത് സാധ്യമല്ലെന്ന് മനസ്സിലായി.. അവളെ വിളിച്ചിറക്കിയാൽ  എല്ലാവരും നാട്ടുകൂട്ടം കൂടി ഞങ്ങൾക്കെതിരായ തീരുമാനം എടുക്കും.. അതിനാൽ  അത് വേണ്ട അസി.. അവളെ വിളിച്ചു കൊണ്ട് വരാൻ മടിയില്ല.. ഭയം ഒട്ടുമില്ല.. എന്നാൽ അത് വഴി അവളെ എന്നെന്നേക്കുമായി നഷ്ടപ്പെടുത്താൻ വയ്യാത്തത് കൊണ്ടാ മൗനം പാലിക്കുന്നത്.. "


"ആദം.. നിന്റെ അവസ്ഥ എനിക്ക് മനസ്സിലാവും.. നമ്മുടെ മുന്നിൽ ഒരു വഴിയുമില്ലല്ലോ.. എല്ലാം വരുന്നിടത്ത് വെച്ച് കാണാം.. എന്നായാലും ഇതൊക്കെ അഭിമുഖീകരിക്കേണ്ടതല്ലേ.. സാരമില്ല.. നീ വിഷമിക്കാതെ.. "


തോളിൽ കൈ ചേർത്ത് വെച്ച് അസി ആശ്വസിപ്പിച്ചിട്ടും മനസ്സൊട്ടും ശാന്തമായില്ല.. കവലയിലേക്കിറങ്ങിയപ്പോൾ എല്ലാവരും എന്നെ തന്നെ നോക്കുന്നത് ഞാൻ കണ്ടു.. ശിവയുടെ കല്യാണകാര്യം ഗ്രാമം മുഴുവൻ അറിഞ്ഞിട്ടുണ്ട്..എല്ലാവരുടെ  മുഖത്തും എന്നോട് സഹതാപം മാത്രം.. പലയിടത്തും മുറുമുറുപ്പ് കേട്ടു.. 
ഏറെ നേരം അവരുടെ നോട്ടത്തിൽ ഉരുകി ഇല്ലാതാവാൻ വയ്യാത്തത് കൊണ്ട് ഞാൻ വീട്ടിലേക്ക് തന്നെ തിരിച്ചു.. 

=============================

ഈയൊരു പകൽ കഴിഞ്ഞാൽ  എന്റെ കല്യാണം.. മനസ്സ് കൊണ്ടൊരുപാട്  എതിർത്തിട്ടും ആരും അത് ഗൗനിച്ചില്ല.. ഇപ്പോഴും ഈ നാലുചുമരുകൾക്കുള്ളിൽ തന്നെ.. മുത്തശ്ശിക്ക് വേണ്ടിയുള്ള പൂജക്ക്‌ പോലും എന്നെ പങ്കെടുപ്പിച്ചില്ല.. ഇരുട്ടറക്കുള്ളിൽ ഏകയായി നിശബ്ദതയായി അലമുറയിടുമ്പോളും മനസ്സ് ആദമെന്നാർത്ത് ഭ്രാന്തമാവുകയായിരുന്നു.. അവനെ നഷ്ടപ്പെടുമോ എന്ന ഭയം ഓരോ നിമിഷവും കൂടി കൂടി വന്നു..... 

അച്ഛന്റെ അകന്ന ബന്ധുക്കാരെല്ലാം ഇല്ലത്ത് വന്നിട്ടും മുറിയിൽ നിന്നൊരു മോചനം എനിക്കുണ്ടായില്ല.. ഇവിടെ നിന്നൊന്ന് ഇറങ്ങിയാൽ ആ നിമിഷം ഞാൻ ആദമിന്റെ അടുത്തേക്ക് ഓടി പോവും..... 

സന്ധ്യ കഴിഞ്ഞതും എന്റെ മുറിയുടെ വാതിൽ തുറക്കപ്പെട്ടു... അച്ഛന്റെ ബന്ധുക്കൾ എന്റെ അടുത്ത് വന്നു.. എല്ലാവർക്കും എന്റെയും ആദമിന്റെയും കാര്യം അറിയാവുന്നത് കൊണ്ട് തന്നെ ആരും കൂടുതൽ ഒന്നും ചോദിച്ചില്ല.. നാളെ ഉടുക്കാനുള്ള സാരിയും ആഭരണങ്ങളും താലത്തിൽ വെച്ച് എന്റെ കയ്യിൽ തന്ന് അവർ മുറി വിട്ട് പോയി.. 
നിശബ്ദമായി തേങ്ങാൻ അല്ലാതെ മറ്റൊന്നിനും ആയില്ല.. താലം കയ്യിൽ പിടിച്ചു കൊണ്ട് ഞാൻ തേങ്ങി കരഞ്ഞു...
പെട്ടന്ന്.. ആരോ ചുമലിൽ കൈവെച്ചതും ഞാൻ മുഖം തിരിച്ചു നോക്കി... 
അമ്മു... !!
അച്ഛന്റെ ചിറ്റമ്മയുടെ പേരക്കുട്ടി.. എന്നേക്കാൾ അഞ്ചു വയസ്സിന് ഇളയത്... പുറം നാട്ടിൽ സ്ഥിര താമസമാക്കിയത് കൊണ്ട് ഇവിടേക്ക് അങ്ങനെ വരാറില്ല.....
അവളെ കണ്ടതും ഞാൻ മുഖം തിരിച്ച് തല താഴ്ത്തി.. 
എന്റെ സങ്കടം മനസ്സിലാക്കിയ അവൾ എന്റെ അരികിൽ ഇരുന്ന് തലോടി.. 

"ദേവു ചേച്ചീ... അത്രക്കിഷ്ടമാണോ ആദം ഇക്കയെ "

അവളത് ചോദിച്ചതും കണ്ണുനീർ തുടച്ചു കൊണ്ട് ഞാൻ അവളെ നോക്കി പുഞ്ചിരിച്ചു.. 

"എത്രയെന്ന് പറയാൻ ആവില്ല അമ്മൂ.. ഒന്നറിയാം.. ആ ഹൃദയം  മിടിക്കുമ്പോൾ ആണ്  എന്നിൽ ജീവൻ നില നിൽക്കുന്നത്.. "

ഞാനത് പറഞ്ഞതും കണ്ണിമ ചിമ്മാതെ അവളെന്നെ നോക്കിയിരുന്നു.... എന്റെ കയ്യിൽ അവൾ പിടുത്തമിട്ടതും ഞാൻ എന്തെന്ന അർത്ഥത്തിൽ  അവളെ നോക്കി.. 

"ദേവു ചേച്ചീ.. എല്ലാവരും പൂജാമുറിയിൽ പൂജയിലാണ്.. വിഷ്ണുവേട്ടൻ അമ്പലത്തിലേക്ക് പോയി.. പുറത്താരുമില്ല.."


വാക്കുകൾ പകുതിക്ക് വെച്ചവൾ നിർത്തിയതും എന്റെ കയ്യിൽ പിടിച്ചവൾ എഴുന്നേറ്റു.. മുറിയുടെ പുറത്തേക്കെന്നെയും കൊണ്ട് നടക്കുമ്പോൾ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു.. പൂജാ മുറിയിലെ മണിയുടെ ശബ്ദത്തിൽ എന്റെ കൊലുസിന്റെ കിലുക്കം ലയിച്ചതും ഞാനും അമ്മുവും വേഗത്തിൽ പുറത്തേക്ക് നടന്നു... 

"ദേവൂ ചേച്ചീ.. വേഗം പൊക്കോ.. തിരിഞ്ഞു നോക്കേണ്ട... "

എന്നെ പുറത്തേക്ക് ഉന്തി കൊണ്ട് പിറകിലേക്ക് നോക്കി വെപ്രാളത്തോടെ പറഞ്ഞതും നിറഞ്ഞ മിഴികളാൽ ഞാനവളെ നോക്കി.. എന്നോട് പോകാൻ പറഞ്ഞു കൊണ്ടവൾ വാതിൽ അടച്ചതും എവിടേക്കും നോക്കാതെ ഞാൻ ആദമിന്റെ വീട്ടിലേക്കോടി.... 

=============================


കൊലുസിന്റെ കിലുക്കം കാതിൽ പതിഞ്ഞതും കട്ടിലിൽ നിന്നും ഞാൻ എഴുന്നേറ്റു... മുന്നിൽ കരഞ്ഞു തളർന്ന മിഴികളോടെ നിൽക്കുന്ന ശിവയെ കണ്ടതും വിശ്വാസം വരാത്ത രീതിയിൽ ഞാനവളെ നോക്കി.. എന്തെങ്കിലും പറയാൻ തുടങ്ങുന്നതിന് മുൻപ് ഒരു പൊട്ടിക്കരച്ചിലോടെ അവളെന്റെ നെഞ്ചിലേക്ക് ചാഞ്ഞു കിടന്നു.... 
അവളെ അടർത്തി മാറ്റാൻ കൈകൾ ചലിക്കാതെ ഹൃദയം സതംഭിച്ചു കൊണ്ട് ഞാനാ നിൽപ്പ് തുടർന്നു... 
ഷർട്ടിൽ മുറുകെ പിടിച്ച് എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി കരയുന്ന അവളെ ഇരു കൈകൾ കൊണ്ടും ഞാൻ വാരിപുണർന്നു.. അവളുടെ ഓരോ കണ്ണുനീരും നെഞ്ചിൽ തട്ടുമ്പോൾ അവിടം പൊള്ളുന്ന പോലെ തോന്നി... 

"പെണ്ണേ... ഇനിയും നിന്റെ കണ്ണുനീർ വീഴ്ത്തി നെഞ്ച് പിളർക്കാതെ.... "


ആദം അത് പറഞ്ഞതും അവനിൽ നിന്നും വിട്ട് നിന്ന് കൊണ്ട്  ഞാൻ കണ്ണുകൾ തുടച്ചു....

"ശിവാ... നിന്നെ ഞാൻ തെറ്റ് പറയുകയല്ല.. നിന്റെ അവസ്ഥ എന്താണെന്നെനിക്ക് മനസ്സിലാവും.. പക്ഷേ.. നീയിപ്പോൾ ചെയ്തത് ശെരിയായില്ല.. ഈ രാത്രിയിൽ നീ എന്റെ അടുത്തേക്ക് ഇറങ്ങി വന്നതിനെ ചോദ്യം ചെയ്യാൻ നാളെ ഒരുപാട് പേരുണ്ടാവും.. അവർക്ക് മുന്നിൽ പിടിച്ചു നിൽക്കാനാവില്ല പെണ്ണേ നമുക്ക്.. "

"പിന്നെ എന്താ ഞാൻ ചെയ്യേണ്ടത് ആദം.. ആ മുറിക്കുള്ളിൽ ഇരുന്ന് നിന്നെയോർത്ത് തേങ്ങി തേങ്ങി ഹൃദയത്തെ കൊല്ലണമായിരുന്നോ.. അതോ നാളെ വിഷ്ണുവേട്ടന് മുന്നിൽ കഴുത്ത് നീട്ടി കൊടുക്കണോ.. എന്താ ഞാൻ ചെയ്യേണ്ടത് ആദം.. "


"അറിയാം പെണ്ണെ നിന്റെ അവസ്ഥ.. നമുക്കൊന്നും ചെയ്യാനാവില്ല. എല്ലാം വരുന്നിടത്തു വെച്ച് കാണാം.. നിന്റെ ആദം നിന്നെ തനിച്ചാക്കില്ല.. "


ഒരുറപ്പ് അവൾക്ക് നൽകുമ്പോഴും ഉള്ളിൽ ഭയം നിറഞ്ഞു നിന്നു.. അവൾ ഇല്ലത്ത് ഇല്ലെന്നറിഞ്ഞാൽ ആ നിമിഷം വിഷ്ണു ആളുകളെയും കൂട്ടി ഈ പടിക്കൽ എത്തും.. പിന്നീട് സംഭവിക്കാൻ പോകുന്നത് ഊഹിക്കാൻ പോലും ആവില്ല... ശിവയെ ഇപ്പോൾ തിരിച്ചയക്കാനും വയ്യ.... 
ആകെ വല്ലാത്തൊരവസ്ഥയിലായതും അസിയുടെ അടുത്തേക്ക് പോകാൻ ഞാൻ തീരുമാനിച്ചു.ശിവയെ മുറിയിൽ കൊണ്ടാക്കി ഞാൻ പുറത്തേക്ക് നടന്നു..... മുറ്റത്തേക്കിറങ്ങാൻ നിന്നതും അസി എന്റെ നേരെ വരുന്നത് ഞാൻ കണ്ടു.. 


"ആദം.. ദേവു... ഓള് വന്നല്ലേ..വീട്ടിലേക്ക് ഓടി കയറുന്നത് ഞാൻ കണ്ടിരുന്നു.. പ്രശ്നം വഷളാവുകയാണല്ലോ ഡാ.. ഈ കാര്യം അവർ അറിഞ്ഞാൽ... "

"അറിയില്ല അസീ.. എന്തൊക്കെയാ നടക്കുന്നതെന്ന്.. ശിവയെ തിരിച്ച് ഇല്ലത്തേക്ക് തന്നെ പറഞ്ഞയക്കാൻ മനസ്സ് വരുന്നില്ല...അവളെ നഷ്ടപ്പെടുത്താൻ വയ്യെനിക്ക്... "

മുറ്റത്തെ ചവിട്ട് പടിയിൽ ഇരുന്ന് മുഖം പൊത്തിയതും എന്നെ ആശ്വസിപ്പിക്കാൻ ആവാതെ അസി എന്റെ തോളിൽ കൊട്ടി.... 


"ആദം.....  "


പെട്ടന്നവന്റെ ശബ്ദം മാറിയതും മുഖത്തു നിന്നും കൈകൾ മാറ്റി തല  ഉയർത്തി ഞാനവനെ നോക്കി.. അവന്റെ കണ്ണുകൾ എന്റെ നേർക്കല്ലെന്ന് മനസ്സിലായതും ഞാനും അങ്ങോട്ട്‌ നോക്കി... 
എന്റെ വീട് ലക്ഷ്യം വെച്ച് വരുന്ന ആളുകളെ കണ്ടതും ഇരുന്നിടത്ത് നിന്നും ഉള്ളിൽ നുരഞ്ഞു പൊങ്ങിയ കാളലോടെ  ഞാൻ എഴുന്നേറ്റു നിന്നു.........(തുടരും)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story