ശിവ 🖤: ഭാഗം 28

shiva

രചന: RAIZA

"ഡാ... നായേ... എവിടെ ഡാ അവൾ "


ഉറഞ്ഞു തുള്ളി കൊണ്ട് വിഷ്ണു എന്റെ നേരെ വന്നതും ഞാനവനെ ഉന്തി മാറ്റി.... 
നാട്ടിലെ പ്രമുഖർ എല്ലാം ഉണ്ട്.. സാഹിബും അച്ഛൻ നമ്പൂതിരിയും ജേഷ്ഠൻ നമ്പൂതിരിയും മൗലവിയും എല്ലാവരും എന്നെ രോഷത്തോടെ നോക്കുന്നത് ഞാൻ കണ്ടു...  ശിവ വീട്ടിൽ നിന്നും ചാടി ആദമിന്റെ വീട്ടിൽ എത്തിയ വിവരം കാട്ടു തീ പോലെ പരക്കാൻ താമസം വന്നില്ല.. അറിഞ്ഞവർ അറിഞ്ഞവർ ഓടി വന്നു.. എല്ലാവർക്ക് മുന്നിലും തല ഉയർത്തി തന്നെ ഞാൻ നിന്നു.. 

"ആദം.. കേട്ടത് ശെരിയാണോ.. നീ ദേവുവിനെ വിളിച്ചിറക്കി കൊണ്ട് വന്നോ.. "

കൊല്ലാനുള്ള ദേഷ്യത്തിൽ വിഷ്ണു എന്റെ മുന്നിൽ വന്നതും അവനെ മാറ്റി കൊണ്ട് സാഹിബ്‌ എന്റെ മുന്നിൽ വന്ന് നിന്ന് ചോദിച്ചു.. 

"ഞാനാരെയും ഇറക്കി കൊണ്ട് വന്നിട്ടില്ല.. എന്നോടുള്ള പ്രണയത്താൽ അവൾ സ്വയം ഇറങ്ങി വന്നതാണ്.. "

"എന്നാൽ അവളെ ഇവരുടെ കൂടെ പറഞ്ഞയക്ക്.. "

"ഒരിക്കലുമില്ല.. എന്നെ വിശ്വസിച്ച് ഇറങ്ങി വന്നവളാണ് എന്റെ ശിവ.. അവളെ ഇവിടെ നിന്ന് കൊണ്ട് പോകാമെന്ന് ആരും വ്യാമോഹിക്കേണ്ട.. ആദം ജീവിച്ചിരിക്കുമ്പോൾ അത് നടക്കില്ല.."

"എന്നാ നിന്നെ കൊല്ലാം ഡാ.. "


അതും പറഞ്ഞ് വിഷ്ണു എന്റെ മുഖത്ത് മുഷ്ടി ചുരുട്ടി ഇടിച്ചതും ഞാൻ അല്പം തെന്നി നീങ്ങി.. ദേഷ്യത്തോടെ അവനെന്റെ ഷർട്ടിൽ പിടിച്ചതും തീ പാറുന്ന അവന്റെ കണ്ണുകൾ ഞാൻ കണ്ടു.. 

"വിഷ്ണു..  ആദം.. നിർത്താ.. നിങ്ങൾ ഇങ്ങനെ തല്ലു കൂടിയിട്ട് ഒരു  കാര്യവുമില്ല..  നാളെ നാട്ടുകൂട്ടം കൂടിയിട്ട് എല്ലാം തീരുമാനിക്കാം.. ആദം.. അവളിപ്പോൾ ഇവരുടെ കൂടെ പോകട്ടെ.. "


"സാധ്യമല്ല... "

ഉറച്ച തീരുമാനത്തോടെ ധൈര്യമായി അതും പറഞ്ഞ് ഞാൻ അകത്തു നിന്നും പുറത്തേക്ക് വന്നു .... ഒരുപാട് ആളുകൾ കൂട്ടം കൂടി നിൽക്കുന്നുണ്ട്.. എല്ലാവരുടെയും കണ്ണുകൾ എനിക്ക് നേരെ തന്നെ . എന്നാൽ എന്റെ കണ്ണുകൾ ആദ്യം ചെന്നത് അച്ഛനിലേക്കായിരുന്നു.. ക്ഷമാപണത്തോടെ അച്ഛന് നേരെ നോക്കിയതും അച്ഛൻ തല താഴ്ത്തി നിന്നു.. എല്ലാവരുടെയും മുന്നിൽ നാണം കെട്ടു കൊണ്ടുള്ള അച്ഛന്റെ നിൽപ്പ് സഹിക്കാൻ വയ്യ.. പക്ഷേ.. ഇതല്ലാതെ എന്റെ മുന്നിൽ മറ്റൊരു വഴിയുമില്ല.... 
അച്ഛനിൽ നിന്നും മുഖം തിരിച്ചു കൊണ്ട് ഞാൻ ആദമിന്റെ അടുത്തേക്ക് നടന്നു.. 


"ഞാൻ ആദമിന്റെ പെണ്ണാണ്.. അവന്റെ അരികിൽ നിന്നും ഞാൻ എങ്ങോട്ടും വരില്ല.... ബലമായി ആരും കൊണ്ട് പോകേം വേണ്ട.. "

ആദമിന്റെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് ഞാൻ പറഞ്ഞതും എല്ലാവർക്കുമിടയിലും മുറുമുറുപ്പുയർന്നു.. 

"ഞാൻ അന്നേ പറഞ്ഞതാ.. ഇവരുടെ കാര്യത്തിൽ എന്തെങ്കിലും തീരുമാനം എടുക്കാൻ.. ഇപ്പോൾ എന്തായി. ആദം.. നിനക്ക് ഇവളെ നിക്കാഹ് ചെയ്യണമെങ്കിൽ ഇവൾ മുസ്ലിം ആവണം.. നമ്മുടെ മതത്തിലേക്ക് വന്നാൽ മാത്രമേ നീയും ഇവളും ഒരുമിക്കൂ.. അതല്ലെങ്കിൽ നിന്റെ കൂടെ ഞങ്ങൾ ഉണ്ടാവില്ല.. ഇതിന് കൂട്ട് നിൽക്കെമില്ല... "


ശബ്ദം ഉയർത്തി മൗലവി പറഞ്ഞതും എല്ലാവരും നിശബ്ദരായി... 


"ആഹാ.. ആ ആഗ്രഹം മനസ്സിൽ വെക്കാ മൊയ്ലാരെ... നിങ്ങള് നിങ്ങളെ മതത്തിലേക്ക് ആളെ ചേർക്കാ.. അല്ലേ.. ഞങ്ങളെ കുട്ടിയെ പറഞ്ഞു മയാക്കാമെന്ന് കരുതേണ്ട.."

"തിരുമേനീ.. ആരെയും നിർബന്ധിപ്പിച്ച് മതത്തിൽ ചേർക്കേണ്ട ആവശ്യം ഞങ്ങൾക്കില്ല. ആദം അവളെ ആഗ്രഹിക്കുന്നുവെങ്കിൽ അവൾ മുസ്ലിം ആയി മാറിയാൽ മാത്രമേ ഞങ്ങൾ അംഗീകരിക്കൂ..അതേ ഞാൻ ഉദ്ദേശിച്ചുള്ളു.. "

"അത് നടക്കില്ല... നമ്പൂതിരിമാരൊക്കെ വെറും നോക്കു കുത്തികൾ ആണെന്നാണോ നിങ്ങളുടെയൊക്കെ വിചാരം.. ഞങ്ങൾ ജീവനോടെ ഉണ്ടാവുമ്പോൾ ഒരു നമ്പൂതിരി കുട്ടിയും നിങ്ങളെ മതത്തിലേക്ക് വരില്ല..."


"അങ്ങനെ പറയാതെ നമ്പൂതിരീ.. ഇവൾക്ക് താല്പര്യമുണ്ടെങ്കിൽ, ആരെതിർത്തിട്ടും കാര്യല്ല. ഈ കാര്യത്തിൽ ഞങ്ങൾ ആദമിന്റെ കൂടെ നിൽക്കും.. "


"ഞങ്ങൾ സമ്മതിക്കില്ലതിന്....അത് പ്രതീക്ഷിച്ചാരും നിൽക്കേണ്ട .  നമ്പൂതിരി കുട്ടിയെ നിങ്ങൾക്ക് വിട്ട് തരാൻ അല്ലേ... ഇവിടെ വാടീ  "

അതും പറഞ്ഞ് ജേഷ്ഠൻ നമ്പൂതിരി മുന്നോട്ട് വന്നതും മൗലവിയും വേറെ ചിലരും അത് തടഞ്ഞു.. 

"ഓള് ഓളെ സ്വന്തം ഇഷ്ടത്തിന് ഇറങ്ങി വന്നതല്ലേ.. പിന്നെ അവളെ ബലമായി കൊണ്ട് പോകുന്നതെന്തിനാ"


"ഞങ്ങളെ കുട്ടിയാ.. എന്ത് വേണമെന്ന് ഞങ്ങൾ തീരുമാനിക്കും.. നിങ്ങള് പറഞ്ഞ പോലെ ദേവു നെ മുസ്ലിം ആക്കി കൊണ്ട് പ്രശ്നം ഒതുക്കാം എങ്കിൽ തിരിച്ചും ആവാമല്ലോ.. ആദം ഞങ്ങളിലേക്ക് വരട്ടെ "


"അതൊരിക്കലും നടക്കില്ല... "

"എന്നാൽ ഇതും നടക്കില്ല മൊയ്ലാരെ"

ശൗര്യത്തോടെ ജേഷ്ഠൻ നമ്പൂതിരി മൗലവിക്ക് നേരെ ചീറ്റി..മൗലവിയെ ഉന്തിയതും ദേഷ്യത്തിൽ മൗലവി ജേഷ്ഠൻ നമ്പൂതിരിയുടെ ചുമലിൽ പിടിച്ചു പിറകിലോട്ട് തള്ളി.. 
പിന്നെ അവിടെ നടന്നത് രണ്ടു മതവും തമ്മിലെ തല്ലായിരുന്നു.. എന്നെ ന്യായീകരിച്ചും കുറ്റപ്പെടുത്തിയും ശബ്ദങ്ങൾ ഉയർന്നു പൊങ്ങി.. രാത്രിയുടെ ഇരുണ്ട കറുപ്പിൽ ഇത്തിരി വെട്ടത്തിൽ എല്ലാവരും പരസ്പരം കലഹിച്ചു.. പരസ്പരം സ്നേഹത്തിലും സഹകരണത്തോടെയും കഴിഞ്ഞിരുന്ന നാട്ടുകാർ ഇന്ന്  വെട്ടിക്കൊല്ലാനുള്ള ദേഷ്യത്തിൽ കൊമ്പ് കോർക്കുന്നത് കണ്ടു നിൽക്കാൻ ആവുന്നില്ല... അവസാനം കയ്യാങ്കളിയിൽ എത്തിയതും എന്റെ ശബ്ദം ഉയർന്നു... 


"നിർത്ത്.... !!!!.. ഇനിയും ഞങ്ങളുടെ പേര് പറഞ്ഞ് ഇവിടെ ഒരു തർക്കം വേണ്ട.. ഞങ്ങൾ കാരണം ഈ നാട് രണ്ടാവാൻ പാടില്ല.. "


എന്റെ ശബ്ദം ഉയർന്നതും എല്ലാവരും അടങ്ങി... എന്റെ നേരെ നടന്നു വന്ന വിഷ്ണു എന്നെയും അവളെയും മാറി മാറി നോക്കി.. 

"എന്നാ ഇവളെ വിട്ട് താ.. എന്നെന്നേക്കുമായി.. മറന്നേക്കിവളെ.. നിങ്ങൾ ഒരുമിച്ചാൽ ഈ നാട് പിളരും.. അത് വേണ്ടെങ്കിൽ ഇന്നിവിടെ വെച്ച് എല്ലാം അവസാനിപ്പിക്ക് ആദം.. "

തീപാറും നോട്ടത്താൽ അവൻ പറഞ്ഞതും മറുപടി പറയാൻ എനിക്ക് കഴിഞ്ഞില്ല.. ശിവ എന്നെ പറ്റിച്ചേർന്നു നിൽക്കാണ്.. അവളെ അടർത്തി മാറ്റി അവർക്ക് നൽകാൻ മനസ്സനുവദിച്ചില്ല... 


"ഇല്ല.. അതൊരിക്കലും ഞാൻ ചെയ്യില്ല.. ഇവളെ മറക്കണം എന്നാൽ മരിക്കണം എന്നാണ്.. എന്റെ പെണ്ണിനെ ഞാൻ ആർക്കും വിട്ട് തരില്ല... "

കണ്ണടച്ച് ഉള്ളിലെ ഭയം മറച്ചു വെച്ച് ഞാനത് പറഞ്ഞതും വിഷ്ണു എന്റെ നേരെ ചീറി അടുത്തു . 


"ഡാ..... "

അതും പറഞ്ഞവൻ എന്നെ ചവിട്ടി വീഴ്ത്തിയതും ശിവയുടെ കൈ എന്റെ കയ്യിൽ നിന്നും വഴുതി കൊണ്ട് ഞാൻ നിലത്തേക്ക് വീണു.. 

"എത്ര പറഞ്ഞാലും നിനക്ക് മനസ്സിലാവില്ല.. അല്ലേടാ പട്ടീ.. "

അതും പറഞ്ഞ് വിഷ്ണു കയ്യിൽ കരുതിയ വടിയുമായി എന്നെ തല്ലാൻ ഒരുങ്ങിയതും സാഹിബ്‌ വടി പിടിച്ചു വെച്ചു... ശിവ തേങ്ങി തേങ്ങി കരയുന്നുണ്ട്.. അസി വന്നെന്നെ എണീപ്പിച്ചു നിർത്തിയതും ഞാൻ വിഷ്ണുവിനെ ദേഷ്യത്തോടെ നോക്കി.. ആ സമയം സാഹിബിന്റെ ശബ്ദം ഉയർന്നു.. 

"വിഷ്ണൂ... നീയൊന്ന് അടങ്.. വെട്ടാനും കുത്താനും നിന്നാൽ പ്രശ്നം രൂക്ഷമാവുകയേ ഉള്ളൂ.. "

"പിന്നെ എന്താണ് സാഹിബ്‌ വേണ്ടത്.. ഈ ചെറ്റക്ക് കൂട്ട് നിൽക്കണോ.. നിങ്ങളുടെ മതത്തിലെ പെൺകുട്ടിയാണ് ഇന്നീ സ്ഥാനത്തെങ്കിൽ അവളെ നമ്പൂതിരി ആക്കാൻ വിടുമോ നിങ്ങൾ.."

വിഷ്ണുവിന്റെ  ആ ചോദ്യം കൂരമ്പ് പോൽ സാഹിബിന്റെ മേൽ തറച്ചുവെന്ന് സാഹിബിന്റെ മുഖഭാവത്തിൽ നിന്നും മനസ്സിലായി.. അല്പ നേരം മൗനം പാലിച്ചു കൊണ്ട് സാഹിബ്‌ മുഖത്ത് ഗൗരവം വരുത്തി.. 

"ആദം.. എല്ലാം അവസാനിപ്പിച്ചേക്ക്.."

എന്റെ മുഖത്തേക്ക് നോക്കാതെ സാഹിബ്‌ പറഞ്ഞതും ഞാൻ തളർന്നു.. എന്നാൽ മനസ്സ് പതറിയില്ല. 

"ഇല്ല സാഹിബ്‌.. ഒന്നും അവസാനിപ്പിക്കില്ല.. അതിനെനിക്ക് കഴിയില്ല... ശിവയെ എന്നിൽ നിന്ന് വേർപ്പെടുത്താൻ ആരെയും ഞാൻ സമ്മതിക്കില്ല.. പണ്ട് എന്റെ ഉപ്പാനെ ഒരുപാട് വേദനിപ്പിച്ചതല്ലേ എല്ലാവരും.. എന്നെ അതിന് കിട്ടില്ല.. ആദം ശിവയുടേതാണ്.. "

എന്റെ ഉറച്ച വാക്കുകൾ
അവിടെയാകെ മുഴങ്ങിയതും സാഹിബ്‌ ദേഷ്യത്താൽ മൗനം പാലിച്ചു.. 

"ഡാ... നിന്റെ ഉപ്പാക്ക് സംഭവിച്ചത് നിനക്കും സംഭവിക്കേണ്ടെങ്കിൽ നിർത്തിക്കോ എല്ലാം. ഉപ്പാനെ കൊല്ലാതെ വിട്ടത് നിന്റെ ഭാഗ്യം.. എന്നാൽ നിനക്കാ ഇളവ് പോലും ലഭിക്കില്ലെടാ . "

അതും പറഞ്ഞ് ജേഷ്ഠൻ നമ്പൂതിരി എന്റെ നേരെ വന്നതും ഞാൻ അയാളെ ദേഷ്യത്തോടെ നോക്കി.. 

"എനിക്കറിയാം.. എന്റെ ഉപ്പാനെ ചതിച്ചത് നിങ്ങൾ തന്നെ ആണെന്ന്.. അതിന് പകരം വീട്ടാൻ അറിയാഞ്ഞിട്ടല്ല.. പ്രായമുള്ള ആളായി പോയി.. അല്ലെങ്കിൽ ഞാൻ.."

"അല്ലെങ്കിൽ നീ എന്ത് ചെയ്യുമെടാ..നിന്റെ മനസ്സിലിരുപ്പ് എന്താണെന്ന് മനസിലായി.. ഞങ്ങളോടുള്ള പ്രതികാരം കൊണ്ടാണല്ലേ ഇവളോട് അടുത്തത്..ഞങ്ങളെ നാണം കെടുത്തണം അതല്ലെടാ നിന്റെ ഉദ്ദേശം.. "


"ആഹ്.. അത് തന്നെയാണ്.. നിങ്ങളുടെ കുടുംബത്തെ നാണം കെടുത്തണം എന്നുണ്ടായിരുന്നു.. എന്റെ ഉപ്പാനെ ചതിച്ചതിന്.. നിങ്ങളെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു.. പക്ഷേ.. ആ ഒരു കാരണം കൊണ്ടല്ല ശിവയുമായി ഞാൻ അടുത്തത്.. എന്തൊക്കെ പറഞ്ഞ് തളർത്താൻ നോക്കിയാലും ഇവളെ എന്നിൽ നിന്നും അടർത്തി മാറ്റാൻ ആരും നോക്കേണ്ട.."

ആദമിന്റേത് ഉറച്ച വാക്കുകൾ ആയിരുന്നു.. അവനരികിൽ നിൽക്കുമ്പോൾ ധൈര്യം തോന്നുന്നു എങ്കിലും എന്തോ ഉൾഭയം മനസ്സാകെ തിങ്ങി നിറഞ്ഞു.. ഞങ്ങളെ സ്നേഹത്തോടെ നോക്കിയ പല കണ്ണുകളിലും ഇന്ന് വെറുപ്പ് നിഴലിക്കുന്നത് ഞാൻ കണ്ടു.. നാട്ടിലെ ഓരോരുത്തർക്കും ആദിശിവ എന്നാൽ ജീവനായിരുന്നു.. എന്നാൽ.. ഇന്ന് ജാതിക്കണ്ണുകളോടെ എല്ലാവരും ഞങ്ങളെ ഉറ്റു നോക്കുമ്പോൾ തളർന്നു പോകുന്നു.... 

അച്ഛൻ ഇപ്പോഴും ഒന്നും മിണ്ടാതെ നിൽക്കുകയാണ്.. ഇല്ലത്ത് നിന്നും ഇറങ്ങി പോരും എന്ന് അച്ഛൻ ഒരിക്കലും ചിന്തിച്ചു കാണില്ല.. പാവം.. എല്ലാവരുടെയും മുന്നിൽ ഞാൻ കാരണം നാണം കെട്ടു.. 
അച്ഛന്റെ നേർക്ക് വല്യച്ഛൻ നടന്നടുത്തതും ദയനീയമായി ഞാൻ അച്ഛനെ നോക്കി..........(തുടരും)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story