ശിവ 🖤: ഭാഗം 29 || അവസാനിച്ചു

രചന: RAIZA

"ഇത്രയൊക്കെ പറഞ്ഞിട്ടും നിനക്കൊരു മിണ്ടാട്ടവും ഇല്ലല്ലോ.. നിന്റെ വളർത്തു ദോഷം കൊണ്ടല്ലേ നിന്റെ മകൾ വീട്ടിൽ നിന്നും ഇറങ്ങി കണ്ട മാപ്പിള ചെക്കന്റെ വീട് തേടി പോയത്.. ഫൂ... മകളെ ശെരിക്ക് വളർത്താൻ അറിയാത്ത നീയൊക്കെ ഒരച്ഛൻ ആണോ.. നിന്റെയൊരു വാക്ക് മതിയായിരുന്നു എല്ലാം അവസാനിക്കാൻ.. നീ കാരണമാണ് നമ്മുടെ വിശ്വസവും മൂല്യവും ഇന്ന് നാണം കെട്ടു തകർന്നടിഞ്ഞത്.. മോള് മുസ്ലിം ആവാൻ പോവാന്ന്.. പൂജിക്കവളെ.."


പുച്ഛത്തോടെ വല്യച്ഛൻ അത് പറഞ്ഞതും അച്ഛന്റെ മുഖം താഴുന്നതും എല്ലാവർക്ക് മുന്നിലും പരിഹാസ  പാത്രമാവുന്നതും കണ്ട് ഹൃദയം പൊട്ടി ഞാൻ നിന്നു.. മക്കളെ ഓർത്ത് അഭിമാനിക്കേണ്ട സ്ഥാനത്ത് ഞാൻ കാരണം ഇന്നെന്റെ അച്ഛൻ അപമാനിതനായിരിക്കുന്നു... 

"ദേവൂ......"

കൂട്ടം കൂടി നിന്ന ആളുകൾക്ക് മുന്നിൽ അപമാനിതനായ അച്ഛന്റെ ശബ്ദം കട്ടിയേറിയതായിരുന്നു.. ഉള്ളം ഞെട്ടി കൊണ്ട് ഞാൻ അച്ഛനെ നോക്കി.  

"മതിയാക്കിക്കൊ എല്ലാം.  ഇനിയും നിന്റെ ഇഷ്ടത്തിന് വിടാൻ ഞാൻ ഒരുക്കമല്ല.. എന്റെ വാക്ക് ധിക്കരിക്കാൻ ആണ് നിന്റെ തീരുമാനം എങ്കിൽ പുറം ലോകം കാണില്ല നീ.. നിന്റെ ഓരോ ഇഷ്ടത്തിനും വേദനിപ്പിക്കാതെ കൂടെ നിന്നതിന് നീയെനിക്ക് തന്ന സമ്മാനമല്ലേ ഇതൊക്കെ.. കേട്ടില്ലേ എല്ലാവരും എന്നെ കുറ്റപ്പെടുന്നത്... ഇനി എല്ലാം ഞാൻ തീരുമാനിക്കും.. വാ ഇവിടെ... "

എന്റെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് അച്ഛൻ പറഞ്ഞതും ഞാൻ ആദമിനെ നോക്കി.. എന്റെ മറ്റേ കൈ ആദം മുറുകെ പിടിച്ചിരിക്കാണ്.. 
ഒരു ഭാഗത്ത് വളർത്തി വലുതാക്കിയ അച്ഛൻ.. മറു ഭാഗത്ത് തന്റെ
 പ്രാണൻ..!!!!!!!
ആരെ തിരഞ്ഞെടുക്കും എന്നറിയാതെ ഹൃദയം വിങ്ങി പൊട്ടി. 
ഏതൊരു പെൺകുട്ടിയെയും തളർത്തുന്ന സന്ദർഭം.. അച്ഛന്റെ കൂടെ പോയാൽ  പ്രണയത്തിന് ആത്മാർത്ഥത  
ഇല്ലെന്ന് വിലയിരുത്തും.. ജീവനായി കണ്ട ആളെ തിരഞ്ഞെടുത്താൽ  വളർത്തി വലുതാക്കിയ അച്ഛനെ ധിക്കരിച്ചവൾ..... 
ആ സമയത്ത് അവരുടെ മാനസികാവസ്ഥ ആരും കാണാറില്ല.. 

രണ്ട് പേരും എന്റെ കൈകളിൽ മുറുകെ പിടിച്ചതും അവരുടെ രണ്ടു പേരുടെയും കൈ മുന്നിലേക്ക് കൊണ്ട് വന്ന് എന്റെ മുഖത്തോടടുപ്പിച്ച് ഞാൻ പൊട്ടി കരഞ്ഞു... 

"അച്ഛാ... ക്ഷമിക്ക്... എന്നോട് ക്ഷമിക്ക്.. എന്റെ ആദമില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല... അത് പോലെ അച്ഛനെ ധിക്കരിക്കാനും കഴിയില്ല... എനിക്കെന്റെ അച്ഛനെയും വേണം... ആദമിനെയും വേണം..  പ്ലീസ് അച്ഛാ.. ഞങ്ങളെ ഞങ്ങളുടെ ഇഷ്ടത്തിന് വിട്ടൂടെ... ഒരിക്കലും ഞങ്ങളെ ഒരുമിപ്പിക്കാൻ സമ്മതിച്ചില്ലേലും ഞങ്ങളെ പിരിക്കാൻ നോക്കല്ലേ അച്ഛാ.. മരണം വരെ ഒരുമിക്കാതെ പ്രണയിക്കാൻ ഞങ്ങളെ അനുവദിക്ക്... "

പൊട്ടി കരഞ്ഞു കൊണ്ട് എന്റെ പെണ്ണിന്റെ വാക്കുകൾ അവിടെ ഉയർന്നതും എല്ലാവരും മൗനം പാലിച്ചു.. അച്ഛൻ നമ്പൂതിരിയുടെ തല വീണ്ടും താഴ്ന്നു. പതിയെ ആ കൈ അയഞ്ഞു വന്നത് കണ്ണിൽ തളം കെട്ടി നിന്ന കണ്ണുനീരിന്റെ മറവിൽ ഞാൻ കണ്ടു.... 

അച്ഛൻ നമ്പൂതിരി അവളുടെ കൈ വിട്ട് എന്റെ നേരെ നോക്കി കൈ കൂപ്പി 
കൊണ്ട് തല കുനിച്ചു.. 

"ആദം... ദയവ് ചെയ്ത് ഒരു പ്രശ്നം ഉണ്ടാക്കരുത്.. വിട്ട് താ എന്റെ മോളെ.. നിങ്ങൾക്കൊരിക്കലും സന്തോഷത്തോടെ ജീവിക്കാൻ കഴിയില്ല ആദം.. ഞാൻ നിന്റെ കാല് പിടിക്കാം  "

അച്ഛൻ താണ് കേണു കൊണ്ട് ആദമിന്റെ കാൽക്കൽ വീഴാൻ നിന്നതും  ആ രംഗം കാണാൻ ആവാതെ കൈകൾ മുഖത്തു പൊത്തി ഞാൻ പൊട്ടിക്കരഞ്ഞു.. ഒരച്ഛനും ഈ ഗതി ഉണ്ടാവരുത്.. ഒരു മകൾക്കും ഈ ഗതി ഉണ്ടാവരുത്... 

അച്ഛൻ നമ്പൂതിരി എന്റെ കാൽക്കൽ വീഴാൻ നിന്നതും രണ്ടു കൈകൾ കൊണ്ടും ഞാൻ അദ്ദേഹത്തെ തടുത്തു.. കൂപ്പു കയ്യിൽ എന്റെ കരം ചേർത്ത് തീർത്തും ദയനീയമായി നിസ്സഹായതയോടെ ഞാൻ തേങ്ങി.. 

"നമ്പൂതിരീ... എന്താ ഞാൻ പറയാ...എങ്ങനെ നിങ്ങളെയൊക്കെ പറഞ്ഞു മനസ്സിലാക്കാ..ആദമിന് ശിവയില്ലാതെയും ശിവക്ക് ആദം ഇല്ലാതെയും ജീവിക്കാൻ കഴിയില്ലെന്ന് എങ്ങനെ നിങ്ങളെ പറഞ്ഞ് മനസ്സിലാക്കാ.. ജീവിക്കാൻ അനുവദിച്ചു കൂടേ ഞങ്ങളെ..പൊന്നു പോലെ നോക്കിയില്ലേലും മരണം വരെ നെഞ്ചോട് ചേർക്കില്ലേ ഞാൻ അച്ഛന്റെ മോളെ.. "

എന്റെ വാക്കുകൾ നമ്പൂതിരിയിൽ നോവ് പടർത്തിയെന്ന് ആ കണ്ണുകൾ നിറഞ്ഞൊഴുകിയതിൽ നിന്ന് മനസ്സിലായി.. 

"ആദം.. നിങ്ങൾ വിചാരിക്കുന്നത്രെ എളുപ്പമല്ല മുന്നോട്ടുള്ള ജീവിതം. സമൂഹത്തിലെ ഓരോ കോണിലും ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും നിങ്ങൾക്ക് നേരെ വിരൽ ചൂണ്ടാൻ ഒരുപാട് പേരുണ്ടാവും..  ഈ ലോകത്ത് തന്നിഷ്ടത്തോടെ  ജീവിക്കാൻ  ഭ്രാന്ത്‌ ഉള്ളവർക്കല്ലാതെ  സാധ്യമല്ല കുട്ടീ...നിങ്ങളിപ്പോൾ ചെറുപ്പമാണ്.. ജീവിതത്തിൽ  ഒരറിവും നിങ്ങൾക്കില്ല.. ഇപ്പോൾ ചിലതൊക്കെ വിട്ട് കൊടുക്കേണ്ടി വരും... ഹൃദയം നോവും.. പക്ഷേ.. പിന്നീട് ആലോചിക്കുമ്പോൾ ശെരിയായ തീരുമാനം ആയിരുന്നു അതെന്ന് കാലം തെളിയിക്കും "

"അതേ.. കാലം തെളിയിക്കും.. പക്ഷേ.. ആ തിരിച്ചറിവ് ഉണ്ടാവുന്നത് വരെ മരിച്ചു ജീവിക്കേണ്ടി വരില്ലേ നമ്പൂതിരി.. ഹൃദയമായവളെ തന്നിൽ നിന്നും വേർപ്പെടുത്തിയാൽ എങ്ങനെ മുന്നോട്ട് ജീവിക്കുമെന്നാ നിങ്ങള് പറയുന്നേ.. അനുവദിച്ചൂടെ ഞങ്ങളെ പ്രണയിക്കാൻ... പരസ്പരം ഒരുമിച്ചില്ലേലും മരണം വരെ ഇവൾക്ക് ഞാനും എനിക്കിവളുമെന്ന് പറയാൻ ഞങ്ങളെ അനുവദിച്ചൂടെ.. ആർക്കും ദോഷം വരുത്താതെ ആരെയും നോവിക്കാതെ ഈ ശിവ പുരത്ത് ഞങ്ങൾ ജീവിച്ചോളാം.. ഒരുമിക്കാതെ. എന്നാൽ അകലാതെ.... "

കൈകൂപ്പി ഞാൻ യാചിച്ചതും അച്ഛൻ നമ്പൂതിരി തല കുനിച്ചു.. എല്ലാവരും സഹതാപത്തോടെ നോക്കുന്നുണ്ട്..പക്ഷേ ആരും ഞങ്ങൾക്കനുകൂലമായി ഒന്നും പറയുന്നില്ല.. എല്ലാവരുടെയും മൗനം എന്നെയും ശിവയേയും തളർത്തി.. 

"നമ്പൂതിരീ... എന്റെ ഉപ്പ അനുഭവിച്ച വേദന എത്രത്തോളം എന്ന് ഇന്ന് ഞാൻ മനസിലാക്കുന്നു.. ആ ഉപ്പാന്റെ സുഹൃത്തല്ലേ.. ഉപ്പാന്റെ കൂടെ നിന്ന ആളല്ലേ.. ഞങ്ങളെ അകറ്റുന്നത് എന്തിനാ.. "

"ആദം... ശെരിയാണ്.. നിന്റെ ഉപ്പാന്റെ കൂടെ ഞാൻ നിന്നിരുന്നു.. പക്ഷേ.. നീ അറിയാത്ത ഒന്നുണ്ട്... നിന്റെ ഉപ്പാനെ ചതിച്ചത് എന്റെ ജേഷ്ഠൻ അല്ല.. ഞാൻ തന്നെയാണ്.. "

പെട്ടന്നാ വാക്കുകൾ കേട്ടതും ഞാൻ ഞെട്ടിത്തരിച്ചു നിന്നു.. എന്നെ നോക്കാതെ നമ്പൂതിരി തുടർന്നു. 

"അതേ.. ഞാൻ കാരണമാണ് നിന്റെ ഉപ്പ മറ്റൊരു കല്യാണത്തിന് സമ്മതിച്ചത്.. എന്റെ നിർബന്ധം കൊണ്ട്..നിന്റെ ഉപ്പ മരിച്ചെന്നും അവസാന ആഗ്രഹമായി സുമതി ദേവി ആയതിനു ശേഷം ഞാൻ അവനെ കണ്ടിരുന്നു.. അപ്രതീക്ഷിതമായി അവനെ കണ്ടപ്പോൾ അവൻ വല്ലാത്ത അവസ്ഥയിൽ ആയിരുന്നു . തന്റെ പ്രാണൻ സ്വമേധയാ ദേവി ആയെന്നറിഞ്ഞ അവന്റെ അവസ്ഥ വളരെ ദയനീയമായിരുന്നു.. ഇനിയും അവളെ ഓർത്ത് പാഴാക്കി കളയേണ്ടതല്ല അവന്റെ ജീവിതം എന്നും ഹസ്സൻ മരിച്ചുവെന്ന യാഥാർഥ്യം മനസിലാക്കി സുമതി ജീവിക്കുന്ന പോലെ അവനും ജീവിക്കട്ടെ എന്ന് കരുതി ഞാനാണ് അവനോട് മറ്റൊരു കല്യാണം കഴിക്കാൻ പറഞ്ഞത്.. ഇന്ന് നീ പറഞ്ഞത് പോലെയൊക്കെ അവനും അന്ന് പറഞ്ഞിരുന്നു.. അവളെ മറക്കാൻ കഴിയില്ലെന്ന്.. എന്നാൽ സുമതിയുടെ നിർബന്ധം തന്നെയാണ് നീ ഒരു കല്യാണം കഴിക്കേണ്ടതെന്ന് ഞാൻ അവനെ പറഞ്ഞു വിശ്വസിപ്പിച്ചു.. തന്റെ സുഹൃത്തും സുമതിയുടെ ഏട്ടനുമായ എന്റെ വാക്കുകൾ അവൻ വിശ്വസിച്ചു.... 
എനിക്കതല്ലാതെ മറ്റൊന്നിനും കഴിയുമായിരുന്നില്ല.  എന്റെ കൂട്ടുകാരൻ പ്രാണ വേദന സഹിച്ച് ജീവിക്കുന്നത് കാണാനുള്ള ശക്തി എനിക്കുണ്ടായിരുന്നില്ല.....  പക്ഷേ ഞാൻ ചെയ്തത് തെറ്റായിരുന്നു എന്നെനിക്ക് ബോധ്യമായത് അവളുടെ മരണ ശേഷമായിരുന്നു.. അവളുടെ അവസ്ഥ എന്റെ മോൾക്കും വരല്ലേ എന്ന് കരുതിയിട്ടാണ് ഇത്രയും കാലം ഞാൻ മൗനം പാലിച്ചത്... 
 പക്ഷേ.. നിങ്ങളുടെ കൂടെ ഇനിയും നിൽക്കാൻ ആവില്ല ആദം... "

നമ്പൂതിരി പറഞ്ഞ കാര്യങ്ങൾ വിശ്വസിക്കാൻ കഴിഞ്ഞില്ല.. പക്ഷേ സത്യം അതായിരുന്നു.  സത്യം മുന്നിൽ തെളിഞ്ഞിട്ടും എനിക്ക് നമ്പൂതിരിയോട് ഒരു ദേഷ്യവും തോന്നിയില്ല. പകരം യാചിക്കുകയായിരുന്നു.. ഞങ്ങൾക്കും ആ വിധി കല്പ്പിക്കല്ലേ എന്ന്...  

"ദേവൂ... നീ വാ... നാടിനെയും നാട്ടുകാരേയും മുറിപ്പെടുത്തി കൊണ്ട് നീ സ്വാർത്ഥതയാവേണ്ട... എന്റെ മോൾക്ക് ജീവിതം ദുസ്സഹമായി തീരും.. അച്ഛൻ പറയുന്നത് കേൾക്ക് നീ... "

വീണ്ടും വാക്കുകൾ കൊണ്ടെന്നെ തളർത്തി അച്ഛൻ എന്റെ കയ്യിൽ പിടിച്ചതും  ഞാൻ ആദമിനെ ദയനീയമായി നോക്കി..എന്റെ നോട്ടം കണ്ടതും ആർക്കും വിട്ട് കൊടുക്കില്ല എന്ന ഉറപ്പോടെ അവനെന്റെ കയ്യിൽ മുറുകെ പിടിച്ചു.. 

"എല്ലാവരും കേൾക്കെ ഞങ്ങൾ യാചിക്കുവാണ്... ഞങ്ങളെ ജീവിക്കാൻ അനുവദിക്കണം.. ആരെയും വേദനിപ്പിക്കാതെ ഞങ്ങൾ പ്രണയിച്ചോളാം... ഞങ്ങളെ അകറ്റാൻ നോക്കല്ലേ... "


എല്ലാവർക്ക് മുന്നിലും ആദം പറഞ്ഞതും എല്ലാവരും മൗനം പാലിച്ചു   
വിഷ്ണുവേട്ടന്റെയും വല്യച്ഛന്റെയും മുഖത്തു മാത്രം ദേഷ്യം വർധിച്ചുവെന്നല്ലാതെ കുറഞ്ഞില്ല.. 

"അച്ഛാ.. പ്ലീസ് അച്ഛാ.. ആദമിൽ നിന്നും എന്നെ വേർപ്പെടുത്തി കൊല്ലല്ലേ അച്ഛാ.. അവനില്ലാതെ ഈ  ഞാനില്ല... ഒരു നിമിഷം പോലും എനിക്ക് ജീവിക്കാൻ സാധിക്കില്ല . അത്രമേൽ ഞങ്ങൾ അടുത്തു പോയി.. ഞങ്ങളെ അകറ്റുന്നത്  ജീവച്ഛവമായി ഞാൻ ജീവിക്കുന്നത് കാണാൻ ആണോ.. ആദമാണ് എന്റെ സന്തോഷം.. എന്നിൽ നിന്നാ സന്തോഷത്തെ തട്ടി മാറ്റി സങ്കടകടലിൽ മുക്കി കൊല്ലാൻ ആണോ അച്ഛൻ ആഗ്രഹിക്കുന്നത്. ആദമില്ലാത്ത ശിവ ഭ്രാന്തിയായി മാറും... അങ്ങനെ ആവണം എന്നാണോ അച്ഛാ അച്ഛൻ ആഗ്രഹിക്കുന്നത്... "

കരഞ്ഞു പറഞ്ഞു കൊണ്ട് ഉതിർന്നു വീണ്  ഞാൻ അച്ഛന്റെ കാലുകളിൽ വീണതും അച്ഛൻ എന്നെ പിടിച്ചു നിർത്തി. 

"അച്ഛാ... ആദമിന്റെ ശിവയാണ് അച്ഛാ ഞാൻ.. എന്നെ അവനിൽ നിന്ന് വേർപ്പെടുത്തല്ലേ.. മരിച്ചു പോകും ഞാൻ "

തേങ്ങലോടെയുള്ള ശിവയുടെ വാക്കുകൾ കേട്ടതും എന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഭൂമിയിലേക്ക് പതിച്ചു.. എന്റെ മാത്രമല്ല എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു വന്നത് ഞാൻ കണ്ടു... 

"നമ്പൂതിരീ... ആര് കൂടെ നിന്നില്ലേലും നമ്പൂതിരി ഞങ്ങളെ കൂടെ ഉണ്ടായാൽ മതി.. അച്ഛനെ ധിക്കരിച്ച പേരിൽ എന്റെ ശിവ ഹൃദയം പൊട്ടി കരയുന്നത്  കാണാൻ  എനിക്ക് ആവില്ല.. "

ആദം അത് പറഞ്ഞതും അച്ഛൻ എന്നെ കെട്ടിപിടിച്ച് കരഞ്ഞു.. 

"മോളേ... നിന്നെ വേദനിപ്പിക്കണമെന്ന് കരുതിയിട്ടല്ല ഞാൻ.. എന്നെ കൊണ്ട് ഒന്നും ചെയ്യാൻ കഴിയാതെ പോയി.. പക്ഷേ.. ഇപ്പോൾ ഞാൻ പറയാ.. എനിക്കെന്റെ മോളാണ് വലുത്.. അവളുടെ സന്തോഷമാണ് വലുത്.. "

അച്ഛൻ എന്റെ നെറ്റിയിൽ തുരുതുരെ മുത്തി കൊണ്ട് പറഞ്ഞതും സന്തോഷം കൊണ്ട് ഞാൻ അച്ഛനെ വാരി പുണർന്നു... എന്നാൽ അടുത്ത ക്ഷണം എല്ലാം തകിടം മറിഞ്ഞു.. 

"ഇളയച്ചാ... എന്താ നിങ്ങൾക്ക് ഭ്രാന്തുണ്ടോ... ഇവളെ താളത്തിനൊത്ത് തുള്ളുകയാണോ വീണ്ടും.. ആരൊക്കെ അവരുടെ പക്ഷത്ത് നിന്നാലും ഞാൻ സമ്മതിക്കില്ല.. നമ്മുടെ വിശ്വസവും മൂല്യവും തകർത്തു കൊണ്ട് ഇവരെ പ്രണയിക്കാൻ വിടാൻ ഞാൻ സമ്മതിക്കില്ല.."


വിഷ്ണു വീണ്ടും വാക്കുകൾ ഉയർത്തിയതും ഞാൻ ശിവയുടെ കൈകൾ മുറുകെ പിടിച്ചു.. 

"ഡാ.. നീ പറയുന്നുണ്ടല്ലോ വിശ്വാസങ്ങൾ ഞാൻ തകർത്തെന്ന്.. ഞങ്ങൾ ഒന്ന് ഒരുമിച്ചെന്ന് കരുതി തകരുന്നതാണോ നിങ്ങളുടെ വിശ്വാസം... "

"അതേ ഡാ.. നീയിവളെ നിന്റെ മതത്തിൽ ചേർക്കില്ലെന്നാരു കണ്ടു.. ശിവന് ദിനേന പൂജ ചെയ്യുന്നവളാ അവൾ.. ആ അവളെ നിനക്ക് വിട്ട് തരാൻ ഞാൻ ഒരുക്കമല്ല.. "

"എന്നെ കൊന്നിട്ടല്ലാതെ നിനക്കിവളെ കിട്ടില്ല വിഷ്ണു. "


ഞാനത് പറഞ്ഞതും അവനെന്റെ നേരെ വടി ഉയർത്തി.. അപ്രതീക്ഷിതമായ അടി കാരണം ഞാൻ നിലത്തേക്ക് വീണു.. 

"ആദം......"

വിഷ്ണുവേട്ടൻ ആദമിനെ തല്ലിയതും ഞാനവനെ ആർത്തു വിളിച്ചു.. കിടന്നിടത്ത് നിന്ന് എഴുന്നേറ്റ് ആദമും അവനെ തിരിച്ചു തല്ലി... അവർ തമ്മിൽ പൊരിഞ്ഞ അടി ആയതും പലരും അവരെ പിന്തിരിപ്പിക്കാൻ നോക്കി.. എന്നാൽ അവരുടെ അടി മുറുകുകയായിരുന്നു.... ആദമിന്റെ ദേഹത്ത് ഓരോ തവണ അടി വീഴുമ്പോഴും ഞാൻ ആർത്തു വിളിച്ചു.. അച്ഛൻ എന്നെ മുറുകെ പിടിച്ചു നിന്നു.. അസി വിഷ്ണുവിനെ നേരെ ചെന്നെങ്കിലും അവനും അവരെ തടുക്കാൻ ആയില്ല.. 

വിഷ്ണുവിന്റെ കണ്ണിൽ ദേഷ്യം ആളിക്കത്തുകയായിരുന്നു.. അതിനേക്കാൾ ദേഷ്യത്തോടെ ഞാൻ അവനെ നേരിട്ടു... തടുക്കാൻ വന്ന അസിയെ അവൻ ഇടിച്ചിട്ടു.. അസിയുടെ ചുണ്ടിൽ നിന്നും ചോര പൊടിഞ്ഞതും എന്റെ ദേഷ്യം വർധിച്ചു.. കാൽ പൊക്കി അവന്റെ അടിവയറിൽ ചവിട്ടിയതും അവൻ തെറിച്ചു വീണു.. 


"ഡാ... ഇനി നിന്റെ നിഴൽ ആദിശിവയുടെ മേൽ പതിക്കാൻ ഞാൻ സമ്മതിക്കില്ല.. നിന്റെ കണ്മുന്നിൽ ഞങ്ങൾ പ്രണയിക്കുമെടാ.. മരണം വരെയും.. നിനക്ക് ഞങ്ങളെ പിരിക്കാൻ ആവില്ല"

ദേഷ്യത്തോടെ ഞാൻ പറഞ്ഞതും അവൻ നിലത്ത് നിന്നെണീറ്റു.. 


"ഡാ പട്ടീ... നിനക്കവളെ കിട്ടില്ലെടാ... "

അതും പറഞ്ഞ് വിഷ്ണു പെട്ടന്ന് അരയിൽ നിന്നും കത്തി വലിച്ചൂരി എന്റെ നേർക്ക് പാഞ്ഞു വന്നു...  പെട്ടന്നായതിനാൽ എനിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല.. 

എല്ലാവരും വിറങ്ങലിച്ചു നിന്ന സമയം... മൗനം തളം കെട്ടി നിന്നിടത്ത് ഓരേ ഒരു നാമം അലയടിച്ചു.. 


"ആദം !!!!!......"

ആർത്തു കരഞ്ഞു കൊണ്ടവൾ എന്റെ മുന്നിൽ വന്ന് നിന്നതും വിഷ്ണുവിന്റെ കത്തി അവളുടെ വയറ്റിൽ ആഴ്ന്നിറങ്ങി.. 

"ആാാ...... "

അവളിൽ നിന്നും ഒരലർച്ച വന്നതും ഞാനവളെ തള്ളി മാറ്റി.. അടുത്ത ക്ഷണം വിഷ്ണുവിന്റെ അടുത്ത കുത്ത് എന്റെ അടിവയറ്റിൽ തുളഞ്ഞു കയറി... കണ്ണിൽ നിന്നും വെള്ളം ഒലിച്ചിറങ്ങി അവന്റെ കഴുത്തിൽ ഞാൻ പിടി മുറുക്കിയതും വീണ്ടും വീണ്ടും അവൻ എന്റെ വയറ്റിൽ കത്തി അമർത്തി.. 


"ആദം.... "

വിഷ്‌ണുവിനെ ചവിട്ടി വീഴ്ത്തി അസി എന്നെ താങ്ങി പിടിച്ചു.. എന്നാൽ അവനിൽ ഒതുങ്ങാതെ ഞാൻ തളർന്ന് മണ്ണിലേക്ക് വീണു..

"ആ.. ദം... "

ഒരു ഞെരക്കത്തോടെ എന്റെ അരികിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന ശിവയെ കണ്ടതും ഹൃദയം പിടഞ്ഞു... 


"ആദം..... 
ദേവൂ..... "

ഈ രണ്ടു നാമങ്ങൾ അവിടെയാകെ അലയടിച്ചു.. കൂട്ടം കൂടി എല്ലാവരും അവർക്ക് ചുറ്റും വന്നു നിന്നു.. അച്ഛൻ നമ്പൂതിരി പൊട്ടി കരഞ്ഞു കൊണ്ട് ശിവയുടെ തല മടിയിൽ വെച്ചു.. അസി ആദമിന്റെയും.. 

"മാറി പോ എല്ലാവരും.. ആരും അടുത്തേക്ക് വന്ന് പോകരുത്... ഇപ്പോൾ എല്ലാവർക്കും ആശ്വാസമായില്ലേ.. എല്ലാവർക്കും അവരവരുടെ മതത്തെ പോറലേൽക്കാതെ കിട്ടിയില്ലേ.. ഇനിയെന്തിന് അവരെ ശല്യം ചെയ്യുന്നു... പോ ദൂരെ.. ഒരുമിച്ച് ജീവിക്കാൻ അനുവദിച്ചില്ല. മരിക്കാൻ എങ്കിലും അവരെ അനുവദിക്ക് "

ദേഷ്യത്തോടെ അസി  ഭ്രാന്തമായി അതും പറഞ്ഞു കൊണ്ട് ആദമിന്റെ കവിളിൽ തലോടി.

അസിയുടെ മടിയിൽ കിടന്ന് ഞാൻ തല ചെരിച്ചു നോക്കി.. കൈകൾ നീട്ടി നിലത്ത് കിടക്കുവാണ് ശിവ. അരികിൽ ആർത്തു കരഞ്ഞ് അച്ഛനും ഉണ്ട്... ഞാനവളെ നോക്കിയതും എന്റെ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കി കൊണ്ട് അസി എന്നെ അവളുടെ അരികിലേക്ക് നീക്കി.. വിറക്കുന്ന കൈകൾ അവളിൽ കോർത്തു വെച്ചപ്പോൾ പിടക്കുന്ന ശ്വാസത്തോടെ കണ്ണുനീർ പൊഴിച്ചു കൊണ്ട് അവളെന്നെ നോക്കി.. എന്റെ പെണ്ണാവാൻ കൊതിച്ചവൾ മണ്ണിൽ അമർന്നു കിടക്കുന്നത് കാണാൻ ആവാതെ എന്റെ  കണ്ണുകൾ  മെല്ലെ മെല്ലെ അടഞ്ഞു വന്നു ... 


ആദം എന്റെ കൈകോർത്തു പിടിച്ചപ്പോൾ എന്തിനോ വേണ്ടി കണ്ണുകൾ നിറഞ്ഞൊഴുകി... എന്തൊക്കെയോ പറയാൻ വെമ്പി നിൽക്കുന്ന ചുണ്ടുകൾ...എന്നാൽ ഒരു വാക്കും പുറത്തേക്ക് വരാത്ത അവസ്ഥ.. 

"ആദം... "

"ശിവാ.. നീ എന്നും ആദമിന്റെ പെണ്ണാണ്... ആദമിന്റെ ശിവ "

  പതിയെ.. തന്റെ അവസാന ശ്വാസത്തിൽ ആദം എന്റെ നേരെ നോക്കി പറഞ്ഞ ആ വാക്കിൽ നിറഞ്ഞൊഴുകിയ കണ്ണുനീരിലും ഞാൻ പുഞ്ചിരിച്ചു. പതിയെ പതിയെ ആദമിന്റെ കണ്ണുകൾ അടയുന്നത് ഞാൻ കണ്ടതും എന്റെ കണ്ണുകളിൽ ഇരുട്ട് കയറി........... !!!!!


   അതേ.. ആദിശിവ ഒരുമിച്ചില്ല.. എന്നാൽ അവർ പിരിഞ്ഞതുമില്ല.. മരണത്തിന്റെ മടിത്തട്ടിൽ ഇരുന്നവർ  എല്ലാവരുടെയും മുന്നിൽ ജയിച്ചു...ആദം പറഞ്ഞ പോലെ ആദമിന്റെ ഹൃദയമിഡിപ്പായിരുന്നു ശിവയുടെ ജീവൻ.. ആ മിടിപ്പ് നിലച്ചതും ശിവയുടെ ജീവൻ എന്നെന്നേക്കുമായി അവളുടെ ശരീരത്തിൽ നിന്നും വിട്ട് പോയി...... 

=============================


ചലനമറ്റ് കിടക്കുന്ന ആദിശിവയെ ചേർത്ത് പിടിച്ചുള്ള അസിയുടെ പൊട്ടി കരച്ചിൽ മാത്രം പിന്നെ അവിടെ മുഴങ്ങി... ഒരുമിച്ച് കളിച്ചു നടന്ന രണ്ടു കൂട്ടുകാർ കണ്മുന്നിൽ പിടഞ്ഞു മരിക്കുമ്പോൾ കരയാനല്ലാതെ മറ്റൊന്നിനും അവനായില്ല.. 
പാതി അടഞ്ഞ അവരുടെ രണ്ടു പേരുടെയും കണ്ണുകൾ അടച്ചവൻ കൈകോർത്തു പിടിച്ച അവരുടെ കൈകൾ തന്റെ കൈക്കുള്ളിലാക്കി.. 

"ആദിശിവ... ഒരിക്കലും നിങ്ങളെ വേർപ്പെടുത്താൻ ആർക്കുമാവില്ല.. ഇവിടെ ഭൂമിയിൽ നിങ്ങൾക്ക് ജീവിക്കാൻ ആവില്ല......അത് കൊണ്ട് തന്നെ സന്തോഷത്തോടെ മരിക്കുക.. അവിടെ നിങ്ങൾക്കൊരൊറ്റ മതമേ ഉള്ളൂ... ആരെയും പേടിക്കാതെ നിങ്ങൾ രണ്ടു പേരും പ്രണയിച്ചു ജീവിക്ക്.. ഒരു  ബന്ധവും ബന്ധനവും നിങ്ങളെ വിലക്കില്ല.. ആദമിന്റെ ശിവയും ശിവയുടെ ആദമുമായി പ്രണയിക്ക്‌.. "


 പൊട്ടി കരച്ചിലോടെ അസി അവരുടെ മേൽ മുഖം അമർത്തി കരഞ്ഞു.. ആർക്കും പിടിച്ചു മാറ്റാൻ ധൈര്യം വന്നില്ല.. 

"ഇക്കാ....."

ആർത്തു വിളിച്ചു വന്ന ഹിബയെ ആശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടാതെ അവളെ ചേർത്ത് പിടിച്ച് അസി തേങ്ങി കരഞ്ഞു... 


പിറ്റേന്ന് പ്രഭാതം ഉദിച്ചത് ആദി ശിവ ഇല്ലാത്ത പുലരിയിൽ ആയിരുന്നു.. 
അപ്രതീക്ഷിതമായ നാടിനെ നടുക്കിയ ദുരന്തം എല്ലാവരിലും നോവ് പടർത്തി... വിഷ്ണുവിനെ  ദുരഭിമാന കൊലക്കേസ് ചുമത്തി പോലിസ് അറസ്റ്റ് ചെയ്തു.. ഏക മകളുടെ വിയോഗത്തിൽ ആ അച്ഛൻ കിടപ്പിലായി.... 
നാടും നാട്ടുകാരും തേങ്ങി... എല്ലാവർക്കും പ്രിയപ്പെട്ട ആദമും ശിവയും ഇനിയില്ലെന്ന സത്യം ഉൾക്കൊള്ളാനാവാതെ നാട് വിതുമ്പി.. അവരെ ഒരുമിപ്പിച്ചിരുന്നെങ്കിൽ ഈ നോവ് ഉണ്ടാവുമായിരുന്നില്ലെന്നവർക്ക് തോന്നി..... !!!!!!!!!!
വൈകി മാത്രം ഉദിച്ച ആ തിരിച്ചറിവിൽ ശിവപുരം ഹൃദയം പൊട്ടി വിതുമ്പി... 
ഗ്രാമത്തിലെ ഓരോ പുൽക്കൊടിയും വാടി തളർന്നു...  ഇനി അവരുടെ പാദം പതിയില്ലെന്നോർത്ത് മണ്ണ് കരഞ്ഞാർത്തു വിളിച്ചു...... 
മതിലിനരികിലെ ചെമ്പകം മാത്രം ആർക്കോ വേണ്ടി പൂത്തു നിന്നു... ചൂടാൻ ആളില്ലെന്നറിയാതെ.... ഭംഗി ആസ്വദിക്കാൻ പ്രണയത്തോടെ നോക്കാൻ ആളില്ലെന്നറിയാതെ ചെമ്പകം വിരിഞ്ഞു നിന്നു. തൊടിയിലെ മൺകൂനയിലേക്ക് ചെമ്പക പൂവുകൾ ഓരോന്നായി വീണു കിടന്നു.. അവയുടെ  മണം കാറ്റിൽ പരന്നൊഴുകിയതും  പള്ളിക്കാട്ടിലെ മൈലാഞ്ചി ചെടിയുടെ ഇലയനങ്ങി... 
      "ആദിശിവയുടെ  പ്രണയം മരിച്ചിട്ടില്ലെന്നതിന്  പ്രകൃതി നൽകിയ തെളിവായിരുന്നു അത്....."


അവസാനിച്ചു......

$$$$$$$$$$$$$$$$$$$$$$$$$$$$$

പ്രണയം.. അതാർക്കും ആരോടും തോന്നാം.. അതൊരു തെറ്റല്ല.. പക്ഷേ.. തെറ്റാവും അർഹിക്കാത്തത് ആഗ്രഹിക്കുമ്പോൾ.. മതത്തിന്റെ അതിർവരമ്പുകൾ ഭേദിച്ച് ഒരു ഒരുമിക്കൽ ആർക്കും സാധ്യമല്ല.. ഓരോ മതത്തിനും അവരുടേതായ വിശ്വാസങ്ങളും മൂല്യങ്ങളും ഉണ്ട്.. അതിൽ ചെറിയൊരു പിഴവ് ആരെങ്കിലും വരുത്തിയാൽ   അവർ കൂട്ടത്തോടെ പ്രതികരിക്കും.. അതിലാരെയും തെറ്റ് പറഞ്ഞിട്ട് കാര്യമില്ല.. ആദമും ശിവയും ഒരു ഉദാഹരണം മാത്രം.. നാടിന്  അത്രമേൽ പ്രിയപ്പെട്ട രണ്ടു പേർ ആയിട്ടും അവരുടെ മുന്നിൽ പോലും  മതത്തിന്റെ വേലിക്കെട്ടുകൾ ഉയർന്നു വന്നു.... മതം അങ്ങനെയാണ്... അത്രമേൽ പവിത്രതയോടെ ഓരോരുത്തരും കാത്തു സൂക്ഷിക്കുന്നത്.. അതിന് ഭംഗം വരുത്തുന്ന കാര്യങ്ങൾ സമൂഹത്തിൽ നടന്നാൽ ഒരാളും നോക്കി നിൽക്കില്ല.. 

എല്ലാ പ്രണയവും ഒരുമിക്കണം എന്നില്ല.. ചിലത് വിടരും മുന്നേ കൊഴിഞ്ഞു പോവും.. ചിലത് ചിലർ ചേർന്ന് തല്ലി കൊഴിക്കും... അത്രമേൽ പടർന്നു കയറിയ ഒന്ന് വേരറ്റു പോവുമ്പോൾ നാം ജീവിക്കാൻ മറന്നു പോവും.. ചിലരെ അത് ഭ്രാന്തമാക്കും.. 
പ്രണയം.. എത്ര ആത്മാർഥമാണേലും സമൂഹത്തിൽ അതിന് പരിമിതികളുണ്ട്.. സമൂഹത്തെ നോവിപ്പിക്കുമെങ്കിൽ മതത്തെ ബാധിക്കുമെങ്കിൽ ഒരിക്കലും അത്തരമൊരു പ്രണയത്തിന് മുതിരാൻ നിൽക്കരുത്.. ഹൃദയത്തിൽ വേരൂന്നി പോയാൽ പിന്നെ പറിച്ചു മാറ്റൽ അസാധ്യമാവും.. അതിനാൽ പ്രണയിക്കണം.. കിട്ടുമെന്ന് ഉറപ്പുള്ളതിനെ... അല്ലെങ്കിൽ ഹൃദയം നീറി കൊണ്ടല്ലാതെ ആർക്കും  ജീവിക്കാൻ ആവില്ല.. 
ആരെയും നോവിപ്പിക്കാത്ത സമൂഹത്തിന് ദോഷം വരുത്താത്ത പ്രണയമാവട്ടെ ഓരോരുത്തരുടെയും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story