ശിവ 🖤: ഭാഗം 3

shiva

രചന: RAIZA

അത് മറ്റാരും ആയിരുന്നില്ല.. ആ സാഹിബ്‌ ആയിരുന്നു.. ഉമ്മയോട് എന്നെ പറ്റി പറയാനാവും അവിടെ മൗനം പാലിച്ചു നിന്നത്... മൂപ്പരോടെനിക്ക് തീർത്താൽ തീരാത്ത പകയുണ്ട്.. പണ്ട് എന്റെ ഉപ്പയെ ചതിച്ചത് ഇയാളാണ്.... 
 എല്ലാം  അറിയാമെങ്കിലും സാഹിബ്‌ എന്നാൽ ഉമ്മാക്ക് ജീവനാണ്.. അവരുടെ ചോറാണ് നമ്മുടെ ജീവൻ നിലനിർത്തുന്നതെന്നാണ് ഉമ്മ പറയാറ്... അത് കേട്ട് കലി മൂത്താണ് ഞാൻ പണിക്ക് പോകാൻ തുടങ്ങിയത്.. സാഹിബിന്റെ ദയ കൊണ്ടാണ് ഈ നാട്ടിൽ ജീവിക്കാൻ കഴിഞ്ഞതെന്നാണ് ഉമ്മയുടെ വിചാരം.. എത്ര മനസ്സിലാക്കാൻ ശ്രമിച്ചാലും ഉമ്മ കേൾക്കില്ല... 


എന്നെ കലിപ്പോടെ നോക്കുന്ന ഉമ്മയെ ഒന്ന് നോക്കി കൊണ്ട് സാഹിബിന് മുഖം കൊടുക്കാതെ  ഞാൻ അകത്തേക്ക് കയറി പോയി .
ഒരു വാക്ക് മിണ്ടാതെ പോയത് കൊണ്ടാവാം  സാഹിബ്‌ ഗൗരവത്തിൽ ചുമക്കുന്നത് കേട്ടു...  മുറിയിലെ പടിയിൽ ഇരുന്ന് ദ്രവിച്ച ജനാലയിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ സാഹിബ്‌ വേലി കടന്ന് പോകുന്നത് കണ്ടു.... 
ഇനിയിപ്പോ ഇവിടെ ഒരു ബദർ യുദ്ധം തന്നെ ഉണ്ടാവും... 


"ആദം... !!!"


പറഞ്ഞ് നാവ് ഉള്ളിലേക്കിട്ടില്ല  സൂറാത്ത വിളി തുടങ്ങി... സൂറ എന്റെ ഉമ്മയാണ് ട്ടോ.. സാഹിബ്‌ നല്ലോണം പതപ്പിച്ചിട്ടുണ്ടെന്ന് തോന്നുന്നു.. ഇന്നത്തെ വിളിക്കിത്തിരി കട്ടി കൂടിയോ എന്നൊരു സംശയം.. ഉമ്മ വീണ്ടും വിളിച്ചതും ഞാൻ മുറിയിൽ നിന്നും പൂമുഖത്തേക്ക് പോയി... അവിടെ  തിണ്ണയിലെ മരത്തൂണിൽ ചാരി ഇരിക്കാണ് ഉമ്മ..നല്ല ദേഷ്യം ഉണ്ടെന്ന് ആ മുഖം കണ്ടാൽ അറിയാം..  ഞാൻ വന്നെന്ന് ഉമ്മാക്ക് മനസ്സിലായതും ഉമ്മ തലചെരിച്ച് എന്നെ രൂക്ഷമായി നോക്കി.. അത് കാര്യമാക്കാതെ ഞാൻ മുറ്റത്തെ വലിയ മാവിൻ കൊമ്പിലേക്ക് നോക്കി നിന്നു .  


"ഇയ്യെന്താ  സാഹിബിനോട് ഒരു സലാം പോലും പറയാതിരുന്നേ  ഇങ്ങനെയാണോ ഇയ്യ്  പഠിച്ചിട്ടുള്ളത്.. ആ മുണ്ടൊന്ന് മടക്കുത്തഴിച്ച് അകത്തേക്ക് കയറിയാൽ പോരായിരുന്നോ.. ധിക്കാരം പോലെയാവും സാഹിബിന് തോന്നിയിട്ടുണ്ടാവാ "

"ഓ.. മൂപ്പർക്ക് എന്ത് തോന്നിയാലും എനിക്കൊന്നൂല്ല "


താല്പര്യമില്ലാത്ത മട്ടിൽ ഞാൻ പറഞ്ഞതും ഉമ്മ എഴുന്നേറ്റ് എന്റെ അടുത്തേക്ക് വന്നു 

"ആദം....ഇയ്യ് സർപ്പക്കാവിൽ പോയിരുന്നോ "


എടുത്തടിച്ച പോലെ ഉമ്മ ചോദിച്ചതും ഞാൻ ഉമ്മാന്റെ മുഖത്തേക്ക് നോക്കി.. 


"എല്ലാം പറഞ്ഞ് അറിഞ്ഞു കാണുമല്ലോ.. പിന്നെ എന്തിനാ ചോദിക്കുന്നത്... "


"ആദം.. ഇയ്യെന്ത് ഭാവിച്ചാണ്.. അന്റെ  ഉപ്പയെ പോലെ തന്നെയാവുകയാണോ ഇയ്യും .. "

"ഉമ്മാ.. ഇതിന്റെ പേരിലൊരു വാക്ക് തർക്കം വേണ്ട... ഞാൻ സർപ്പക്കാവിൽ കയറിയതൊന്നുമല്ല പ്രശ്നം എന്നെനിക്ക് നന്നായിട്ടറിയാം.. ശിവയോട് അടുക്കുന്നതല്ലേ ഉമ്മാന്റെ പ്രശ്നം.. ഉമ്മാന്റെ മാത്രമല്ല.. ആ സാഹിബിന്റെയും.. എന്നാ ഉമ്മ കേട്ടോ.. ആരൊക്കെ എതിർത്താലും ശിവയെ വിട്ട് ഞാനെങ്ങും പോവില്ല.. ഞങ്ങളെ പിരിക്കാൻ ആരും നോക്കേം വേണ്ട... "


എന്റെ ഉറച്ച വാക്കുകൾ കേട്ട് ഉമ്മാന്റെ മുഖത്ത് ദേഷ്യം വർധിക്കുന്ന പോലെ എനിക്ക് തോന്നി.. പക്ഷെ.. ഒട്ടും പതറാതെ ഞാൻ ഉമ്മാന്റെ മുഖത്തേക്ക് നോക്കി.. 


"പണ്ട് അന്റെ ഉപ്പ കാരണം ഈ നാടിന്റെ സർവ്വ ഐശ്വര്യങ്ങളും സമാധാനവും എല്ലാം നഷ്ടപ്പെട്ടിരുന്നു.. ഇപ്പഴെല്ലാം തിരിച്ചു പിടിച്ചപ്പോൾ ഇയ്യായിട്ട് നശിപ്പിക്കാൻ നോക്കാണോ... ഒരു നാടിന്റെ ശാപം മുഴുവൻ അന്റെ മേൽ ഉണ്ടാവും ആദം..."


"ഈ നാടിനെ നശിപ്പിക്കണമെന്നോ ഇവിടുത്തെ ഒത്തൊരുമ നശിപ്പിക്കണമെന്നോ ഉള്ള ഒരു ഉദ്ദേശവും എനിക്കില്ല ഉമ്മാ... എന്റെ ഉപ്പ ഒരു തെറ്റും ചെയ്തിട്ടില്ല.. ചതിച്ചതാ എല്ലാവരും കൂടി... "


"മതി..... ഇനിയൊന്നും പറയേണ്ട...ഉപ്പയെ പോലെ ഇയ്യും ന്നെ കണ്ണീർ കുടിപ്പിക്ക്.. ഇനി അന്നെയും കൂടെ നഷ്ടപ്പെടുത്താൻ വയ്യ...ഒന്ന് പോയല്ലോ.. ഇനി ഇയ്യും.. . "


കണ്ണ് നിറച്ചു കൊണ്ട് ഉമ്മ അകത്തേക്ക് പോയതും നെടുവീർപ്പിട്ട് കൊണ്ട് ഞാൻ ചാരു കസേരയിൽ നീണ്ടു കിടന്നു.... ഉപ്പാന്റെ കാര്യം എപ്പോ പറഞ്ഞാലും ഉമ്മ കരച്ചിൽ തുടങ്ങും.. പാവമാണ് ഉമ്മ.. 
ഉമ്മ പറഞ്ഞത് പോലെ മനഃപൂർവം അല്ലെങ്കിലും ഉപ്പ കാരണം ഒരു  നാൾ ഈ ഗ്രാമം രണ്ടായി തിരിഞ്ഞിരുന്നു. 
ശിവയുടെ അച്ഛനും ഉപ്പയും ആത്മാർത്ഥ സുഹൃത്തുക്കൾ ആയിരുന്നു.. നമ്പൂതിരി അച്ഛന്റെ പെങ്ങൾ സുമതിയുമായി എന്റെ ഉപ്പ ഇഷ്ടത്തിലായി... അതേ സമയം തന്നെ സാഹിബിന്റെ മകൾക്ക് എന്റെ ഉപ്പയോട് പ്രണയവും തോന്നി.... 
അന്നത്തെ കാലം കലി കാലം തന്നെ ആയിരുന്നു.. ഈ ഗ്രാമത്തെ ഒന്നാകെ നശിപ്പിച്ച കാലം... അന്നെനിക്ക് നാല് വയസ്സേ ഉള്ളൂ... ശിവ ജനിച്ചിട്ട് പോലും ഇല്ല... ഭീതിയോടെ.. മരണത്തെ മുഖാമുഖം കണ്ട നാളുകൾ ആയിരുന്നു അന്ന്... അതിത്തിരി വലിയ കഥയാണ്... പിന്നെ പറയാം... 


എന്തായാലും.. ഇപ്പോൾ എല്ലാം കെട്ടടങ്ങി... ഐശ്വര്യവും ഒത്തൊരുമയും തിരിച്ചു വന്നു... ഇനി ഞാൻ കാരണം വീണ്ടും ആ പഴയ കാലം തിരിച്ചു വരുമോ എന്ന പേടിയാണ് ഉമ്മാക്ക്.. അല്ലാതെ ഞാൻ ശിവയെ പ്രണയിക്കുന്നത് കൊണ്ട് ഉമ്മാക്ക് ഒരു കുഴപ്പവുമില്ല... ശിവയെ ഉമ്മാക്ക് ഒരുപാടിഷ്ടമാണ്... 


കരഞ്ഞു  കൊണ്ട് ഉമ്മ പോയത് കൊണ്ട് തന്നെ മനസ്സിൽ വല്ലാത്തൊരു ഭാരം.. അത് മാത്രമല്ല.. ഉമ്മ അവസാനം പറഞ്ഞ വാക്കുകൾ... ഒന്ന് പോയി.. ഇനി നീയും... 

ഞാൻ അവിടെ നിന്നും എണീറ്റ് അടുക്കളയിലേക്ക് പോയി.. ഉമ്മ ഇറച്ചി വെക്കാനുള്ള തയ്യാറെടുപ്പിലാണ്.. കണ്ണൊക്കെ നിറഞ്ഞു തുളുമ്പി നിൽക്കുന്നുണ്ട്.. പാവം.. ഉപ്പ കാരണം ഒരുപാട് കരഞ്ഞിട്ടുണ്ട്.. ഇപ്പൊ ഞാൻ കാരണവും.... 

അടുപ്പിൽ ഊതി കൊണ്ടിരിക്കുന്ന ഉമ്മാന്റെ അടുത്തേക്ക് ചെന്നതും കുനിഞ്ഞു നിന്ന ഉമ്മ നിവർന്നു നിന്ന് കൊണ്ട് എന്നെ നോക്കി. പിന്നെ മുഖം തിരിച്ചു.. കരി പിടിച്ച പത്രങ്ങൾ ഓരോന്ന് കഴുകാൻ വേണ്ടി ഉമ്മ  പുറത്തേക്ക് എടുക്കാൻ തുടങ്ങിയതും ഞാൻ   ഓടക്കുഴൽ എടുത്ത് അടുപ്പിലേക്ക് ഒറ്റ ഊത്ത് ഊതി.. തീ ആളി കത്തിയതും ഞാൻ ഉമ്മയെ നോക്കി ചിരിച്ചു... എന്നാൽ ഉമ്മ എന്നെ നോക്കാതെ പുറത്തെ കിണറ്റിൻ പടവിലേക്ക് പോയി.. 

പത്രങ്ങൾ താഴെ വെച്ച് വെള്ളം കോരാൻ നിന്നതും വിദഗ്ധമായി ഞാൻ കപ്പി എന്റെ കയ്യിലാക്കി.. വെള്ളം കോരി ബക്കറ്റിൽ ഒഴിച്ച് കൊടുത്ത് പടവിൽ കയറി ഇരുന്നിട്ടും ഉമ്മ ഒരക്ഷരം എന്നോട് മിണ്ടിയില്ല.. 
ചട്ടിയും കുടുക്കയും വെണ്ണീർ തേച്ചു കഴുകുന്ന ഉമ്മാന്റെ മുഖത്തേക്ക് തന്നെ ഞാൻ നോക്കി.. ഞാൻ ഒരാൾ അവിടെ ഉണ്ടെന്ന് പോലുമുള്ള ഭാവം ഉമ്മാന്റെ മുഖത്തില്ല.. ആ സാഹിബ്‌ കൊടിയ വിഷം തന്നെയാ ഉമ്മയിൽ കയറ്റിയെ.. ഇനിയിപ്പോ ഒരു വിദ്യ മാത്രം ബാക്കി... 

ഉമ്മയെ നോക്കി ചിരിച്ചു കൊണ്ട് ഞാൻ കപ്പിയിൽ മുറുകെ പിടിച്ചു കൊണ്ട് കിണറ്റിലേക്ക് വീഴാൻ പോകുന്ന പോലെ അഭിനയിച്ചു.. 
ഉമ്മ്മ്മ്മ്മ്മ.... എന്നാർത്ത് വിളിച്ചതും  ഉമ്മ ഞെട്ടിഎഴുന്നേറ്റ് എന്റെ കാലിൽ പിടിച്ചു വലിച്ചു.. 


"ടാ.. പോത്തേ.. പടവിൽ ഇരുന്ന് ഉറങ്ങായിരുന്നോ... അനെക്കെന്താ നൊസ്സുണ്ടോ... "

 ദേഷ്യവും പേടിയും ആശ്വാസവും കലർന്ന ഉമ്മയുടെ വാക്കുകൾ കേട്ടതും ഞാൻ ഉമ്മയെ കെട്ടിപിടിച്ചു.. 


"ഉമ്മാ.. വാക്ക് തരാ ഞാൻ.. 
ഞാൻ കാരണം ഈ നാട് രണ്ടാവില്ല.. ഒരു പ്രശ്നവും ഉണ്ടാവുകയുമില്ല..."

ഉമ്മയിൽ നിന്ന് വേർപ്പെട്ടു കൊണ്ട് ഞാൻ മുഖത്തേക്ക് നോക്കിയതും ഉമ്മയുടെ കണ്ണുകൾ നിറഞ്ഞു വന്നു.. പുഞ്ചിരിച്ചു കൊണ്ട് ഉമ്മ കവിളിൽ തലോടിയതും ഞാൻ മുഖം ചുളിച്ചു.. 


"അയ്യേ.. ഉമ്മാ കരി... ഇങ്ങളെന്ത് പണിയാ കാണിച്ചേ.. "


"പോയി കുളിച്ച് പള്ളീ പോടാ... കുറച്ചു നേരത്തെ എത്തിയാൽ മുസ്ഹഫ് ഓതി ഇരിക്കാല്ലോ... ഇവിടെ തെക്കും വടക്കും നടന്ന് ആൾക്കാരെ കൊണ്ട് പറയിപ്പിക്കാൻ... "

ഉമ്മ എന്നെ ആട്ടിയതും ഞാൻ ചിരിച്ചു കൊണ്ട് അകത്തേക്ക് ഓടി കയറി... തോർത്ത്‌ മുണ്ടെടുത്ത് കുളിക്കാൻ പോയി... സാധാരണ ഞാൻ കിണറ്റിൻ പടവത്ത് നിന്നാ കുളിക്കാറുള്ളത്.. ഇപ്പൊ ഉമ്മ അവിടെ ഉണ്ടായത് കൊണ്ട് സ്ഥലം മാറ്റി.. അല്ലേൽ ചെറിയ കുട്ടികളെ പോലെ ഉമ്മ എന്നെ കുളിപ്പിച്ച് തരും... അതെങ്ങാനും ശിവ കണ്ടാൽ പറയേ വേണ്ട.. കളിയാക്കി കൊല്ലും.... 


മുണ്ട് മടക്കി കുത്തി തോർത്ത് തോളിലിട്ട് ഞാൻ കുളത്തിലേക്ക് പോയി.. അസിയുടെ വീടിന്റെ പിറകിലാണ് കുളം.. ചെറിയ കുളമാണ്... അധികം ആഴവും വീതിയും ഒന്നുമില്ല.. പായൽ അടിഞ്ഞു കൂടിയത് കൊണ്ട് വഴു വഴുപ്പാണ്... 

"അസിയേ... "


അസിയെ നീട്ടി വിളിച്ചതും ഉമ്മറപ്പടിയിൽ ഇരിക്കുന്ന അവന്റെ വല്ലിമ്മ എന്നെ ഏന്തി വലിഞ്ഞു നോക്കി... കൈ വീശി വല്ലിമ്മാക്ക് സലാം പറഞ്ഞതും വല്ലിമ്മ ചിരിച്ചു കൊണ്ട് സലാം മടക്കി.. എന്നിട്ട് അസിയെ വിളിച്ചു... 
തോർത്ത് തലയിൽ കെട്ടി അസി ഓടി വന്നതും ഞങ്ങൾ ഒരുമിച്ച് കുളത്തിലേക്ക് നടന്നു.. 


"എന്തെങ്കിലും ഉണ്ടായോ ടാ... "


"ഏയ്‌.. എന്ത് ഉണ്ടാവാൻ... എന്നാലും ആ സാഹിബിന് കുറച്ചു കൂടുന്നുണ്ട്.. എനിക്ക് നേരെ കളി കളിക്കാനുള്ള തയ്യാറെടുപ്പ് ആരും അറിയാതെ നടത്തുന്നുണ്ടോ എന്നൊരു സംശയം.."

"അതെനിക്കും തോന്നി.. പക്ഷെ നാട്ടുകൂട്ടത്തിൽ ആരും നിനക്കെതിരായി ഒന്നും പറയില്ലല്ലോ.. അതാവും സാഹിബിന് അടി പതറുന്നത്.. എന്തായാലും ഉമ്മാക്ക് ദേഷ്യം ഒന്നുമില്ലല്ലോ.. അത് മതി.. അല്ലേൽ ഇന്നത്തെ ഇറച്ചികറി കിട്ടില്ല.. നീ കാരണം ഉമ്മാന്റെ കണ്ണിലെ കരടാ ഞാൻ.. നിനക്ക് കൂട്ട് നിൽക്കുന്നത് ഞാൻ ആണെന്നാ ഉമ്മാന്റെ വിചാരം."


"അത് അങ്ങനെ തന്നെ ആണല്ലോ. "


മുണ്ട് മാറി തോർത്ത് ചുറ്റി ഷർട്ട്‌ അഴിച്ചിട്ട് ചിരിച്ചു കൊണ്ട് അതും പറഞ്ഞ് ഞാൻ കുളത്തിലേക്ക് എടുത്തു ചാടി... ചാടലിന്റെ ശക്തി കൊണ്ട് അസിയുടെ മേലേക്ക് വെള്ളം ഒന്നായി തെറിച്ചു.. 


"ആഹ്.. ടാ.. അതാണല്ലോ ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ്... നിന്റെ കൂടെ കൂടുന്നത്.. എന്ത് ചെയ്യാം പട്ടിയുടെ വാല് എത്ര കാലം കുഴലിൽ ഇട്ടാലും വളഞ്ഞു തന്നെ ആവുമെന്ന് പറഞ്ഞ പോലെ.. എത്ര വഴി തിരിഞ്ഞു ഞാൻ പോയാലും കൃത്യമായി നിന്റെ മുന്നിൽ തന്നെ വരും... ആഹ്.. എന്റെ യോഗം "


മുഖത്തെ വെള്ള തുള്ളികൾ തോർത്ത്‌ കൊണ്ട് തുടച്ച് തുണി മാറ്റി തോർത്ത് എടുത്തു കൊണ്ട് അസി പറഞ്ഞതും കുളത്തിൽ മലർന്ന് കിടന്ന് കൊണ്ട് ഞാൻ ചിരിച്ചു... 


കുളിയും തേവാരവും കഴിഞ്ഞ് വീട്ടിലെത്തി ചിരട്ടപ്പെട്ടി കൊണ്ട് ഉമ്മ തേച്ചു വെച്ച വടിവൊത്ത വെള്ള തുണിയും കുപ്പായവും ഇട്ട് ഉമ്മാക്ക് സലാം പറഞ്ഞു കൊണ്ട് അസിയെയും വിളിച്ച് ഞാൻ പള്ളിയിലേക്ക് പോയി.. 
പള്ളിയിലെത്തിയപ്പോൾ ആദ്യം കണ്ടത് തന്നെ മുക്രിയെ.. ഞങ്ങളിൽ നിന്ന് മുഖം തിരിച്ചു പോയ മുക്രിയെ പിറകെ ചെന്ന് തടുത്തു നിർത്തി സലാം പറഞ്ഞതും ഞങ്ങളെ ഒന്നിരുത്തി നോക്കി മൂപ്പർ സലാം പറഞ്ഞു... 

ജുമുഅക്ക് ശേഷം വീട്ടിൽ എത്തി ഉമ്മ ഉണ്ടാക്കിയ സ്വാദേറിയ ഇറച്ചിയും ചോറും കഴിച്ച് റൂമിലെ പടിയിൽ വിരിച്ച പായയിൽ നീണ്ടു നിവർന്നു കിടന്നു... ഈ ദിവസം എന്നുമുള്ള ശീലമാണത്.. ചെറിയ മയക്കം.. 

പിന്നെ എണീക്കുന്നത് നാല് മണിക്കാണ്.. കടുപ്പത്തിലൊരു ചായയും കുടിച്ച് ഞാനും അസിയും കവലയിലേക്കിറങ്ങി... ഉമ്മയാണേൽ സാഹിബിന്റെ വീട്ടിലേക്കും.. ഉമ്മ അവിടുത്തെ പണിക്കാരിയാണ്.. എത്ര പോകേണ്ടെന്ന് പറഞ്ഞാലും കേൾക്കില്ല... പിന്നെ പിന്നെ ഞാനും അതിനെ കുറിച്ച് പറയാൻ പോവാറില്ല.. അവിടുത്തെ കാര്യസ്ഥനെ പോലെ ആയിരുന്നു എന്റെ ഉപ്പ... 
ഇപ്പൊ അവിടെ എന്ത് ഉണ്ടായാലും വിളിക്കുന്നത് എന്നെയാണ്.. പട്ടണത്തിൽ പോകേണ്ട കാര്യമൊക്കെ ഉണ്ടായാൽ ഉമ്മയെ പറഞ്ഞു വിട്ട് എന്നെ വിളിപ്പിക്കും.. കാര്യം എനിക്ക് അയാളോട് ദേഷ്യം ഒക്കെ ഉണ്ടെങ്കിലും ആരെങ്കിലും സഹായം ചോദിച്ചാലോ എന്തെങ്കിലും പണി പറഞ്ഞാലോ അതിന്റെ കൃത്യതയോടെ ഞാൻ ചെയ്യും.. ആത്മാർത്ഥമായി തന്നെ... 


നാൽക്കവലയിൽ എത്തിയതും ഞങ്ങൾ നേരെ ചെന്നത് ഞങ്ങളുടെ സ്ഥിരം ഇരിപ്പിടത്തെക്കാണ്.. ഇനി മഗ്‌രിബ് വരെ ഇവിടെ ഇങ്ങനെ ഇരിക്കും... വെറുതെ ഒരു പണിയും ഇല്ലെന്ന് വിചാരിക്കരുത് ട്ടോ... എന്റെ ഭാഗ്യവും ഐശ്വര്യവും ഒക്കെ ദേ..അവിടെ നിർത്തിയ ആ വണ്ടിയിൽ ആണ്.. അതേ.. ഓട്ടോ തന്നെ... എന്തെങ്കിലും ചരക്ക് കൊണ്ട് പോകാൻ ഉണ്ടെങ്കിലും പട്ടണത്തിലേക്ക് പോകാൻ ഉണ്ടെങ്കിലും ഞാൻ വേണം എല്ലാവർക്കും.. അസിയും ഉണ്ട് കൂടെ.. ഇത് മാത്രമല്ല.. എല്ലാ പണിയും ഞാൻ ചെയ്യും... അതിലൊന്നും എനിക്കും അസിക്കും ഒരു കുഴപ്പവുമില്ല.... 


മഗ്‌രിബ് ബാങ്ക് കൊടുത്തതും ഞാനും അസിയും പള്ളിയിലേക്ക് പോയി.. ഇഷാ നമസ്കാരം വരെ ഖുർആൻ ഓതിയിരുന്നു.. നാട്ടിലെ ഒരേ ഒരു പള്ളിയാണ്.. ഇവിടെ മത പഠനം ഉണ്ട്.. ദറസ്.. ഞാനും അസിയും മുൻപ് പഠിച്ചിരുന്നു.. പക്ഷെ എന്റെയും ശിവയുടെയും പ്രണയം പുറം നാട്ടിൽ നിന്നും വന്ന ഉസ്താദ് അറിഞ്ഞതും എന്നെ പുറത്താക്കി.. ഞാൻ പോന്നത് കൊണ്ട് എന്റെ പിറകെ അസിയും അവിടെ നിന്നും ചാടി.. 


നമസ്കാരം കഴിഞ്ഞ് ദറസ് പഠിക്കുന്ന കുട്ടികളോട് വിശേഷം പറഞ്ഞിരുന്ന് പള്ളിയിൽ നിന്നിറങ്ങി.. ഒരുപാട് വൈകിയിട്ടുണ്ട്... 
 വീട്ടിലേക്കുള്ള നടത്തത്തിനിടയിൽ ശിവ മനസ്സിലേക്ക് കടന്നു വന്നു... ഇന്ന് പെണ്ണിനെ കണ്ടിട്ടേ ഇല്ല.. ഇനിയിപ്പോ ചെന്ന് കാണണം... 
അസി വീട്ടിലേക്ക് കയറിയതും അവന്റെ വീടിന് അടുത്തുള്ള ഇടവഴിയിലൂടെ ഞാൻ നടന്നു... ക്ഷേത്രത്തിലേക്കുള്ള കുറുക്കു വഴിയാണിത്.. ഞാനും ശിവയും അല്ലാതെ മറ്റാരും ഇന്നേ വരെ ഇതിലൂടെ പോയിട്ടില്ല. പോകാൻ ആർക്കും ധൈര്യമില്ല.. കാരണം ഈ വഴി പോകുമ്പോൾ  സർപ്പക്കാവ് കഴിഞ്ഞു വേണം ക്ഷേത്രത്തിലേക്ക് പോകാൻ....സർപ്പക്കാവിൽ ഒരു സർപ്പം സദാ വിഹരിച്ചു നടക്കുന്നുണ്ടാവും... അതിനാൽ തന്നെ ഈ വഴി പോകാൻ ആരും ഭയക്കും... 

സമയം പത്തുമണി കഴിഞ്ഞിട്ടുണ്ട്... ഇരുട്ടിന്റെ തീവ്രത കൂടി കൂടി വരുന്നുണ്ട്.. ഒട്ടും ഭയമില്ലാതെ ഞാൻ സർപ്പക്കാവിലേക്ക് കടന്നു... മൂങ്ങയുടെ മൂളലുകളും ചീവീടുകളുടെ അലോസരപ്പെടുത്തുന്ന ശബ്ദവും ഇലകൾ ചവിട്ടുന്ന ശബ്ദവുമല്ലാതെ മറ്റൊന്നും കേൾക്കുന്നില്ല....ഇപ്പൊ ശിവ ഉണ്ടായിരുന്നെങ്കിൽ ചെരിപ്പില്ലാതെയാണ് നടക്കുക. 
അവളെങ്ങനെയാണ്.. ശിവ മന്ത്രമുള്ള ഈ മണ്ണ് എന്റെ കാലിൽ പതിയുന്നത് പുണ്യമാണെന്ന് പറഞ്ഞ് കൊലുസ് കിലുക്കി കൊണ്ട് ഈ കാവാകെ നിറഞ്ഞു നിൽക്കുമവൾ.... 
പുഞ്ചിരി കൈവിടാതെ ഞാൻ മുന്നോട്ട് നോക്കിയതും സർപ്പപ്രതിമക്ക് മുന്നിൽ കത്തിച്ചു വെച്ച ദീപം ജ്വലിച്ചു നിൽക്കുന്നത് കണ്ടു.... 
അപ്പൊ ശിവ വന്ന് പോയിട്ടുണ്ട്... 

ഇനി അവിടെ നിന്നിട്ട് കാര്യമില്ലെന്ന് മനസ്സിലായത് കൊണ്ട് ഞാൻ തിരിച്ചു വീട്ടിലേക്ക് നടന്നു... ജേഷ്ഠൻ നമ്പൂതിരി ഇല്ലത്ത് വന്നിട്ടുണ്ടാകും... ഇന്നത്തെ നാട്ടുകൂട്ടത്തിന്റെ പ്രശ്നം ഞാൻ സർപ്പക്കാവിൽ കയറി എന്നാണല്ലോ.. അപ്പൊ അവളെ ഉപദേശിക്കാനാവും വന്നിട്ടുണ്ടാവുക.. അതാവും അവൾ പെട്ടന്ന് പോയത്.. ഇനിയിപ്പോ നാളെ അതിരാവിലെ ക്ഷേത്രത്തിൽ പോകണം അവളെ കാണാൻ... 


വീട്ടിൽ എത്തിയപ്പോൾ ഉമ്മ ഉറങ്ങാതെ എന്നെയും കാത്തിരിക്കുന്നത് കണ്ടു... 
ഒരുമിച്ചിരുന്ന് ചോറ് തിന്ന് മുറിയിലേക്ക് പോയി.. 
 പടിയിൽ  ചെന്ന് കിടന്നിട്ടും ഉറക്കം വന്നതേയില്ല.. നിലാവുണ്ട്... ജനൽ പാളി മെല്ലെ തുറന്നു കൊണ്ട് ഞാൻ തല ഉയർത്തി നോക്കി.. ഇവിടെ നിന്നും നോക്കിയാൽ ശിവയുടെ മുറി കാണാം.. അവളാ ജനലിനരികിൽ വന്നിരുന്ന് നിലാവിനെ നോക്കുന്നത് കൺ നിറയെ ഞാൻ കണ്ടിരിക്കാറുണ്ട്.. ഒരു ദിവസം അവളെന്നെ പേടിപ്പിച്ചിട്ടുമുണ്ട്.. ഉറക്കത്തിൽ ഞാൻ വെള്ളം കുടിക്കാൻ എഴുന്നേറ്റപ്പോ വെള്ള സാരി ഉടുത്ത രൂപം ആ ജനലിനരികിൽ ഇരിക്കുന്നു... പെട്ടന്ന് പ്രേതം ആണോന്ന് തോന്നി പോയി.. രാത്രിയിൽ അവൾ വെളുത്ത ദാവണിയെ ഉടുക്കൂ.. നെറ്റിയിൽ വെളുത്ത ഭസ്മവും ഉണ്ടാവും... 

അവളുടെ ആ രൂപം മനസ്സിൽ കണ്ടു കൊണ്ട് പതിയെ ഞാൻ കണ്ണുകൾ അടച്ചു..... 

************


അതിരാവിലെ ബാങ്കൊലി കേട്ട് കൊണ്ടാണ് എണീറ്റത്.. ഗ്രാമത്തിലെ എല്ലാവരും അങ്ങനെ തന്നെയാണ്..
എന്തിന്.. പൂജാരി.. അതായത് ശിവയുടെ അച്ഛൻ നമ്പൂതിരി വരെ ബാങ്ക് കേട്ടാണ് എണീക്കാറുള്ളത്.. 
അപ്പോഴും എണീക്കാത്തവർക്കായി അടുത്തത് തയ്യാറായി നിൽക്കും.. വേറൊന്നുമല്ല.. അമ്പലത്തിലെ ശിവ മന്ത്രങ്ങൾ.. അതും കൂടി ഗ്രാമത്തെ തൊട്ടുണർത്തിയാൽ പിന്നെ ഉറങ്ങുന്ന ശീലം ആർക്കുമില്ല.. 

നിസ്കാരം കഴിഞ്ഞ് ഞാൻ വേഗത്തിൽ അമ്പലത്തിലേക്ക് നടന്നു... ശിവ ഇപ്പൊ വരും... എന്നുമുള്ള ശീലമാണ് അവൾക്ക്.. കുളിച്ച് ഈറനടുത്ത്  ശിവന് ചാർത്താനുള്ള തുളസിക്കതിർ മാലക്കായി തുളസികതിർ ഇറുത്ത്... ഇടതടവില്ലാതെ ശിവ മന്ത്രം ജപിച്ച് ശിവന് വിളക്ക് തെളിയിക്കും.... 

അമ്പലത്തിന്റെ പിറകിലെ ആൽമരതറയിൽ ഞാൻ ഇരുന്നതും കൊലുസിന്റെ കിലുക്കം എന്റെ കാതുകളിൽ വന്ന് നിറഞ്ഞു... ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെ ഞാൻ തിരിഞ്ഞിരുന്നു... ആ താളം അടുത്തെത്തി കൊണ്ടിരിക്കുംതോറും ഹൃദയമിടിപ്പ് കൂടാൻ തുടങ്ങി.. കൊലുസിന്റെ താളത്തെക്കാൾ ശരവേഗത്തിൽ എന്നിൽ അലിഞ്ഞത് ആ ചെമ്പകമണമാണ്... മൂക്ക് വിടർത്തി കൊണ്ട് വർധിച്ച ഹൃദയമിടിപ്പോടെ ഞാൻ കണ്ണുകൾ അടച്ചിരുന്നു.... 

പെട്ടന്ന് ആ കിലുക്കം നിന്നതും എന്റെ ചുണ്ടിലെ പുഞ്ചിരി വിടർന്നു.. ഇപ്പോൾ അവൾ എന്നെ നോക്കി നിൽക്കുന്നുണ്ടാവും... 
വീണ്ടും കൊലുസിന്റെ താളം മുഴങ്ങി.. അമ്പലകുളത്തിലെ ഓരോ പടവുകൾ ഇറങ്ങുമ്പോഴും ആ താളത്തിൽ വ്യത്യാസം വരുന്നത് എന്റെ കാതുകളിൽ പതിഞ്ഞു... പിന്തിരിഞ്ഞിരിക്കുന്നത് കൊണ്ട് ഒന്നും കാണാൻ കഴിയില്ല.. പക്ഷെ അകകണ്ണാൽ എല്ലാം എനിക്ക് കാണാൻ കഴിയും.. 


പടവുകൾ ചാടിയിറങ്ങി ഒടുവിൽ വെള്ളത്തിലേക്കവൾ ഇറങ്ങിയതും കൊലുസ് താളം നിലച്ച് പകരം വെള്ളം പ്രത്യേക താളത്താൽ ഓളമുണ്ടാക്കി...താമരയാൽ വെള്ളമൊരുത്തിരി കാണാത്ത ആ അമ്പലകുളത്തിന്റെ നടുവിൽ  വെള്ളത്തിന്റെ  കുളിരിൽ അവൾ മുങ്ങി നിവർന്നു നിൽക്കുന്നത് കണ്ണുകൾ അടച്ചു കൊണ്ട് ഞാൻ കണ്ടു. ചെമ്പകത്തിന്റെ ത്രസിപ്പിക്കുന്ന ഗന്ധം മൂക്കിൽ ഇരച്ചു കയറുംതോറും മനസ്സാകെ മത്തു പിടിക്കുന്നുണ്ട്.. ചെമ്പകതൈലം തേച്ചു മിനുക്കിയ അവളുടെ കറുത്ത മുടി താമരകളെ തലോടി വെള്ളത്തിൽ നീണ്ടു കിടക്കുന്നത് കാണാൻ നല്ല കൊതിയുണ്ട്..... 

വെള്ളത്തെ രണ്ടു കൈകൊണ്ടും വകഞ്ഞു മാറ്റുന്നത് കാതിൽ പതിഞ്ഞതും ഞാൻ എഴുന്നേറ്റു നിന്നു.. നീരാട്ട് കഴിഞ്ഞ് അവൾ കയറാനുള്ള പുറപ്പാടാണ്... 
കൈ കൂപ്പി കൊണ്ട് കണ്ണടച്ചാവും അവൾ കയറുക.... കൂപ്പിയ കൈക്കുള്ളിൽ ഒരു താമരയും ഉണ്ടാവും.. അത് ശിവന് അർപ്പിക്കാൻ ഉള്ളതാണ്.. 

വെള്ളത്തിൽ നിന്നും പടവിലേക്ക് കാൽ വെച്ചതും കൊലുസിന്റെ കൂടെ വെള്ളത്തുള്ളികളുടെ താളവും കാതിൽ മുഴങ്ങി... ഓരോ പടവുകൾ കയറുമ്പോഴും വിറക്കുന്ന ചുണ്ടുകളോടെ ശിവ മന്ത്രവും കേൾക്കാം... അവസാന പടവും കയറി പെട്ടന്ന് കൊലുസ് ന്റെ താളം നിലച്ചതും  ഇടം കണ്ണാൽ അവളെന്നെ നോക്കുവാണെന്ന് മനസിലായി..ചുണ്ടിൽ ഒരു പുഞ്ചിരി എന്നിൽ വിടർന്നതും വീണ്ടും കൊലുസിന്റെ താളത്തോടെ അവൾ നടന്നു പോയി.....

ഈറനുടുത്ത്.. മുടിയഴിച്ചിട്ട അവളെ കൺ നിറയെ കാണണമെന്ന് ആഗ്രഹമുണ്ട്... താമരകൾക്ക് നടുവിൽ മുങ്ങി നിവരുന്ന അവളെ കൊതി തീരും വരെ എനിക്ക് കാണാനും കഴിയും.. പക്ഷെ.. ഇന്നേവരെ ഞാനതിന് ശ്രമിച്ചിട്ടില്ല... 
കാരണം.. അവളുടെ സൗന്ദര്യമോ... ആ കറുത്ത മുടിയോ.. നീട്ടിയെഴുതിയെ മിഴികളോ.. ഒന്നുമല്ല അവളോടെനിക്ക് പ്രണയം തോന്നാൻ കാരണം... അതേ.... അത് മാത്രം... അവളെന്റെതാണെന്നുള്ള തോന്നൽ... അതാണെന്നേ അവളെ തീവ്രമായി പ്രണയിക്കാൻ പ്രേരിപ്പിക്കുന്നത് . 

അവളുടെ പാദങ്ങൾ പതിഞ്ഞ മണ്ണിൽ എന്റെ പാദങ്ങൾ ചേർത്ത് വെച്ച് ഞാൻ അവളുടെ പിറകെ പോയി... അമ്പലക്കുളത്തിലേക്ക് ഒന്ന് എത്തി നോക്കാൻ മറന്നില്ല...ഇപ്പോഴാ വെള്ളത്തിന്‌ ചെമ്പക മണം ആയിരിക്കും.. മനസ്സാകെ നിറഞ്ഞ പോലെ ശരീരവും ആ മണത്താൽ നിറക്കാൻ ആ കുളത്തിലേക്കൊന്ന് ഇറങ്ങിയാൽ മതി.. പക്ഷെ.. ഞാൻ ചെയ്യില്ല... ശിവക്ഷേത്രം ശുദ്ധി വരുത്തുന്നത് ഈ വെള്ളം ഉപയോഗിച്ചാണ്... ഈ വെള്ളത്തെ ഞാൻ അശുദ്ധമാക്കില്ല.. അവരുടെ വിശ്വാസം ഞാൻ കാരണം മങ്ങലേൽക്കില്ല.. 

ക്ഷേത്രത്തിനകത്തേക്ക് ഞാൻ കയറിയതും അച്ഛൻ നമ്പൂതിരി പൂജക്കുള്ള ഒരുക്കങ്ങൾ നടത്തുന്നത് കണ്ടു.. നട തുറക്കാൻ ആവുന്നേ ഉള്ളൂ... തുളസികതിർ  കോർത്തു മാലയാക്കി  ചെമ്പ് തളികയിൽ വെച്ചിട്ടുണ്ട്... ക്ഷേത്ര ചുമരിലെ വിടവുകൾക്കിടയിലൂടെ ഞാൻ നോക്കിയതും ശിവ കൈകൂപ്പി ശിവ മന്ത്രം ജപിച്ച് ശിവനെ തൊഴുതു നിൽക്കുന്നത് കണ്ടു.. വിളക്ക് കത്തിച്ചു വെച്ചിട്ടുണ്ട്.. ശിവന്റെ പാദത്തിൽ താമര പൂവിരിപ്പുണ്ട്...
ഇടതു ഭാഗത്തൂടെ ഞാൻ മെല്ലെ  ശിവ ഭഗവാന്റെ പിറകിൽ  ചെന്ന് നിന്നു.. മെല്ലെ തല ചെരിച്ചു നോക്കി......
 

കത്തിച്ചു വെച്ച നിലവിളക്കിനു മുന്നിൽ നനഞ്ഞ താമരപ്പൂ പോലെ  ഈറനുടുത്ത്  കണ്ണുകൾ അടച്ചവൾ  നിൽക്കുന്നു.... ഇടുപ്പിന് താഴെ നീണ്ടു കിടക്കുന്ന മുടിയിഴകളിൽ നിന്നും വെള്ളം ഇറ്റ് വീഴുന്നുണ്ട്.. കൈകളിൽ ചുവപ്പ് കുപ്പിവളകൾ... 
വിറക്കുന്ന പനിനീരിതൾ തോൽക്കും ചുണ്ടുകൾ മന്ത്രം ജപിക്കുന്നുണ്ട്... 
പൊൻ ചെമ്പകത്തിന്റെ നിറമാണവൾക്ക്... മുഖത്തു നിന്നും ഇറ്റ് വീഴുന്ന വെള്ള തുള്ളികളിൽ കത്തിച്ചു വെച്ച നിലവിളക്കിന്റെ ശോഭ നിറഞ്ഞു നിൽക്കുമ്പോൾ ശെരിക്കും.... ശെരിക്കും ദേവിയെ പോലെയുണ്ടവൾ...... 

പെട്ടന്ന് അവൾ കണ്ണ് തുറന്നതും എന്റെ ചുണ്ടിലെ പുഞ്ചിരി വിടർന്നു നിന്നു... വിടർന്ന കണ്ണാൽ അവളെന്നെ നോക്കി നിന്നതും എന്റെ കണ്ണുകൾ അവളുടെ കണ്ണുകളിലേക്ക് ആഴ്ന്നിറങ്ങി..... 
ഐശ്വര്യമുള്ള മുഖത്തോടെ നിലവിളക്കിന്റെ ശോഭയിൽ എനിക്ക് മുന്നിൽ ജ്വലിച്ചു നിൽക്കുന്ന അവളെ കണ്ട് ചുണ്ടുകൾ പതിയെ മന്ത്രിച്ചു.. 

      'ശിവാ... '..........(തുടരും)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story