ശിവ 🖤: ഭാഗം 4

shiva

രചന: RAIZA

അവളുടെ നാമം എന്റെ ചുണ്ടുകൾ മന്ത്രിക്കുന്നത് കണ്ടതും അവളുടെ ചിരിയഴക് പതിന്മടങ്ങ് വർധിച്ചു.. കരിമഷിയില്ലാത്തയാ കണ്ണുകൾ വജ്രം പോൽ തിളങ്ങി... കൂപ്പു കയ്യാൽ എന്റെ മുന്നിൽ നിൽക്കുന്ന അവളെ നോക്കി ഞാൻ കണ്ണിറുക്കി കാണിച്ചതും,  എന്നോട് പോകാൻ പറഞ്ഞു കൊണ്ട്  കണ്ണുകൾ കൊണ്ടവൾ ആംഗ്യം കാണിച്ചു.. പോവില്ലെന്ന് പറഞ്ഞതും തല ചെരിച്ച് അച്ഛൻ നമ്പൂതിരിയെ കാണിച്ചു തന്നു... അതൊന്നും എനിക്ക് പ്രശ്നമില്ലെന്ന മട്ടിൽ തോൾ കുലുക്കി കൊണ്ട് ഞാൻ കയ്യും കെട്ടി നിന്നു.. 

എന്നോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയ അവൾ ചെറു ചിരിയാൽ ശിവഭഗവാന് മുന്നിൽ വീണ്ടും കണ്ണുകൾ അടച്ചു തുറന്നു.. ശിവന്റെ കാൽ കീഴിൽ വെച്ച് പ്രസാദിച്ച ചന്ദനം എടുത്തവൾ  നഗ്ന നെറ്റിയിൽ തൊട്ടതും ഒന്നുകൂടി സൗന്ദര്യവതിയായ പോലെ.. 
ചന്ദനം തൊട്ട് അവൾ എന്റെ നേരെ നോക്കിയതും അനുഗ്രഹം നൽകുന്ന പോലെ ഞാൻ കൈകൾ ഉയർത്തി കാണിച്ചു.. അത് കണ്ടതും അവളെന്നെ നോക്കി കണ്ണുരുട്ടി... 


"ദേവൂ... "


പെട്ടന്ന് അച്ഛൻ നമ്പൂതിരി വിളിച്ചതും എന്നെ നോക്കി കണ്ണുരുട്ടി കൊണ്ട് തന്നെ അവൾ അച്ഛൻ നമ്പൂതിരിയുടെ അടുത്തേക്ക് പോയി. അവൾ പോകുന്നതും നോക്കി ചിരിച്ചു കൊണ്ട് ഞാൻ പുറത്തേക്ക് നടന്നു.. നട തുറക്കാനായി. ഇനി ഇവിടെ നിന്നാൽ ശെരിയാവില്ല.. 

അമ്പലത്തിൽ നിന്നും ഇറങ്ങി ഞാൻ നേരെ പോയത് ആൽമരത്തിന്റെ ചുവട്ടിലേക്കാണ്.. ഞങ്ങളുടെ സ്ഥിരം ഇരിപ്പിടം.. അസി ഇത് വരെ വന്നിട്ടില്ല.  അവന് പത്ര വിതരണമുണ്ട്.. അത് കഴിഞ്ഞാൽ നേരെ ഇങ്ങോട്ട് വരും. 
ആൽത്തറയിൽ ഇരുന്ന് ഞാൻ പിറകിലേക്ക് തിരിഞ്ഞു നോക്കി.. ശിവ വരാൻ സമയമെടുക്കും.. പൂജകളും വഴിപാടുകളും കഴിഞ്ഞ് ഇല്ലത്ത് പോയി ഈറൻ മാറ്റിയുടുത്തിട്ടേ അവൾ വരൂ... അവൾ വരുന്നത് വരെ ഇനി ഇവിടെ ഇരിക്കണം.. വരുന്ന സമയം എന്നെ ഇവിടെ കണ്ടില്ലേ പെണ്ണ് കലിപ്പാവും.. 

വീട്ടിൽ നിന്ന് രാവിലെ ഇറങ്ങിയതാണ്.. ഇനി ശിവയെ കണ്ടിട്ട് വേണം വീട്ടിലേക്ക് പോകാൻ....സാഹിബിന്റെ തോട്ടത്തിലെ തേങ്ങകളും അടക്കകളും പട്ടണത്തിൽ കൊണ്ട് പോയി വിൽക്കാനായി വണ്ടിയുമായി ചെല്ലാൻ പറഞ്ഞിട്ടുമുണ്ട്.. പട്ടണത്തിൽ പോവുകയാണേൽ അന്നത്തെ ദിവസം മുഴുവൻ ഒരു ഒഴിവും ഉണ്ടാവില്ല..  ശിവ ഒന്ന് വന്നിട്ട് വേണം കവലയിൽ നിന്ന് വണ്ടിയുമായി സാഹിബിന്റെ വീട്ടിലേക്ക് പോകാൻ.. 


കുറച്ചു സമയം അമ്പലത്തിലേക്ക് വരുന്നവരെയും പോകുന്നവരെയും നോക്കി ആൽത്തറയിൽ ഞാൻ ഇരുന്നു.. ഈ സമയത്തിവിടെ എന്നെ സ്ഥിരം കാണുന്നത് കൊണ്ട് തന്നെ ആരും ഒന്നും ചോദിക്കാൻ നിന്നില്ല.. എന്നെ നോക്കി ചിരിച്ചു കൊണ്ടവരൊക്കെ എന്നെ കടന്നു പോയി.. ഒറ്റക്കിരുന്ന് മുഷിപ്പ് ആകെ പൊതിയുമ്പോളാണ് കൊലുസിന്റെ കിലുക്കം എന്റെ ചെവികളിൽ എത്തിയത്... ചിരിച്ചു കൊണ്ട് തല മാത്രം പിറകിലേക്ക് തിരിച്ചു കൊണ്ട് ഞാൻ നോക്കിയതും വലത് കയ്യിൽ പ്രസാദവും ഇടതു കൈ കൊണ്ട് ധാവണിയിലും പിടിച്ചു കൊണ്ട് അവൾ എന്റെ നേരെ നടന്നു വരുന്നത് ഞാൻ കണ്ടു... ചെരുപ്പിടാത്തത് കൊണ്ട് തന്നെ  പദങ്ങൾ മണ്ണിലമരുമ്പോൾ കൊലുസിന് പ്രത്യേക തരം താളമാണ്... ചുവന്ന ദാവണിയുടുത്ത് നീട്ടിയെഴുതിയ കരിമഷി കണ്ണുകളാൽ.. ഇല്ലിയെടുത്തു മെടഞ്ഞ് പിന്നിലേക്ക്  മാടി ഒതുക്കിയ മുടിയാൽ അവൾ വരുന്നത് നോക്കി ഞാൻ അവിടെ ഇരുന്നു...... 


ഓയ്... ഇനി അൽപ്പം ഞാനും പറയാം.. എന്നെ പറ്റി പറഞ്ഞ് പറഞ്ഞ് മുഷിപ്പിച്ചുവല്ലേ അവൻ.. ആദം അങ്ങനെയാണ്.. എന്നെ കുറിച്ച് പറയാൻ തുടങ്ങിയാൽ അതിനൊരു അവസാനം ഉണ്ടാവില്ല... എന്നെ മനസ്സിലായില്ലേ... 
ഞാൻ തന്നെ...  ദേവ ശിവ... എല്ലാവരുടെയും ദേവു.. ആദമിന്റെ ശിവ... 

എന്നെയും കാത്ത് ആദം കുറെ നേരായി അവിടെ ഇരിക്കുന്നു.. എന്നാൽ വല്യച്ഛൻ ഒന്ന് വിടേണ്ടേ.. വല്യച്ഛൻ ഇന്നലെ വന്നതാ ഇല്ലത്തേക്ക്.. കാലിന് സുഖമില്ലാത്തത് കാരണം  അങ്ങനെ വരാറൊന്നുമില്ല. ഇന്നലെ എന്ത് പറ്റിയെന്നാവോ.. വന്നതും പോരാ.. ഒരുപാട് ഉപദേശങ്ങളും തന്നു.. കാവിൽ എന്നോടൊപ്പം വരേം ചെയ്തു.. ഇതൊന്നും പതിവില്ലാത്തതാണ്.. എന്ത് പറ്റിയെന്നാവോ.. 

സാധാരണ ശിവന്  വിളക്ക് വെച്ച് തുളസി മാല ചാർത്തി കഴിഞ്ഞ് അമ്പലത്തിൽ നിന്നിറങ്ങാറുള്ളതാ ഞാൻ.. ഇന്ന് വല്യച്ഛൻ എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു.. ഓരോന്ന് ചെയ്യിപ്പിച്ചു കൊണ്ട്... അത് കൊണ്ട് തന്നെ പെട്ടന്ന് ഇറങ്ങാൻ പറ്റിയില്ല... 

ആദം എന്നെ കാത്തിരിക്കുന്നുണ്ട്.. എന്നെ നോക്കി ചിരിച്ചിരിക്കുന്ന അവന്റെ അടുത്തേക്ക് ഞാൻ നടന്നു.. ആൽത്തറയിൽ അവന്റെ അടുത്തിരുന്നതും അവനെന്നെ നോക്കി.. ആ സമയം ഞാനവന്റെ ചെവി പിടിച്ചു പൊന്നാക്കി. 


"ആ... പിടി വിടെഡീ പെണ്ണേ..."


"ശിവ ഭഗവാന് മുന്നിൽ കളിക്കരുതെന്ന് ഞാൻ പറഞ്ഞിട്ടില്ലേ ചെക്കാ.. "


"ആ... അതിന് ഞാൻ ശിവ ഭഗവാന്റെ മുന്നിൽ അല്ലല്ലോ. പിറകിൽ അല്ലേ നിന്നത്.. "


ഞാനത് പറഞ്ഞതും ചെവിയിലെ പിടുത്തം അവളൊന്ന് കൂടി മുറുക്കി 


"ഹാവൂ.. എടി പെണ്ണേ.. വേദനിക്കുന്നു...ഇനി ചെയ്യില്ല.. സത്യം.."

ആദം വേദന കൊണ്ട് എന്റെ മുന്നിൽ നിന്ന് ചിണുങ്ങിയതും ഞാൻ ചെവിയിലെ പിടുത്തം വിട്ടു . നല്ല വേദന ആയെന്ന് തോന്നുന്നു...സാരമില്ല.. അത് വേണം.. ഞാൻ പ്രാർത്ഥിക്കുമ്പോൾ എപ്പോഴും ഉള്ളതാ മുന്നിൽ നിന്നൊരു കളി.. 


"വേദനിച്ചോ... "


"പോടീ.. മൂധേവി... "


അവളെ അങ്ങനെ വിളിച്ചതും അവളുടെ മുഖം ചുവന്നു തുടുക്കാൻ തുടങ്ങി. ഇനിയും പിടിച്ചു വലിച്ചാൽ ചെവി വേറെ വെക്കേണ്ടി വരുമെന്ന അവസ്ഥ ആയത് കൊണ്ട് അപ്പൊ തന്നെ ഞാൻ മയത്തിൽ അവളെ നോക്കി. 


"ദേവി.. ദേവി... "


അതും പറഞ്ഞു കൊണ്ട് ഞാൻ ചിരിച്ചതും അവളും ചിരിച്ചു.. എന്റെ തൊട്ടടുത്തേക്കവൾ നീങ്ങി ഇരുന്നതും ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.. പിന്നെ പതിയെ മുഖം തിരിച്ചു കൊണ്ട് ചിരിച്ചു.. ഇപ്പോഴീ നീങ്ങി വരവ് എന്തിനെന്ന് എനിക്ക് നന്നായിട്ടറിയാം... 


"ടാ.. ചെക്കാ... "


പ്രതീക്ഷിച്ച പോലെ അവൾ വിളിച്ചതും ചിരി കടിച്ചു പിടിച്ചു കൊണ്ട് ഞാൻ അവളെ നോക്കി എന്തെന്ന് ചോദിച്ചു. 


"ശിവനെ കളിയാക്കല്ലേ ട്ടോ... "


എന്റെ കയ്യിൽ കെട്ടിയ കറുത്ത ചരടിൽ പിടിച്ചു വലിച് മുഖം കോട്ടി കൊണ്ട് അവൾ തല താഴ്ത്തി പറഞ്ഞതും പൊട്ടിച്ചിരിക്കാൻ തോന്നി.. പക്ഷെ ഇപ്പോൾ ചിരിച്ചാൽ പണി പാളുമെന്ന് അറിയാവുന്നത് കൊണ്ട് ഞാൻ ചിരി കടിച്ചു പിടിച്ചു... 
എപ്പോഴും പറയാറുള്ളതാണിത്.. തൊഴുതു നിൽക്കുന്ന അവളെ കാണാൻ വല്ലാത്ത ഭംഗിയാണ്.. അത് കൺ നിറയെ കാണാൻ വേണ്ടിയാണ് ശിവഭഗവാന്റെ  പിറകിൽ ചെന്ന് നിൽക്കുന്നത്.. ആ സമയത്ത് കണ്ണിറുക്കിയും  അനുഗ്രഹം കൊടുക്കുന്ന പോലെയുമൊക്കെ കാണിച്ച് ഞാൻ കുസൃതി ഒപ്പിക്കും.. അതിനവൾ എന്റെ ചെവി പിടിച്ചു പൊന്നാക്കേം ചെയ്യും... 


"കളി കുറച്ചു കൂടുണ്ട് ട്ടോ.. ശിവൻ പൊറുക്കൂല.. "


ചിണുങ്ങി കൊണ്ട് അവൾ വീണ്ടും പറഞ്ഞതും ഞാൻ ആൽത്തറയിൽ നിന്നും ചാടിയിറങ്ങി അവൾക്കഭിമുഖമായി നിന്നു.. അവളെന്നെ നോക്കിയതും ചെവിയിൽ പിടിച്ച് ഞാൻ ഏത്തമിടാൻ തുടങ്ങി.. 


"ദേ.. പത്തു  വരെ മതീല്ലേ.. "


അവൾ ചിരിച്ചതും ഞാൻ കൈ ചെവിയിൽ നിന്നെടുത്ത് അവളുടെ അടുത്തേക്ക് നീങ്ങി നിന്നു.. 


"ചുമ്മാ കാണിക്കുന്നതല്ലേ.. പിന്നെ നിന്നെ അങ്ങനെ കൺകുളിർക്കെ അധിക നേരമായാൾ കാണേണ്ട എന്ന് കരുതിയിട്ടാ ഞാൻ കുസൃതി കാണിക്കുന്നേ.. "


"ആര്.... "

ചന്ദനം തൊട്ട നെറ്റിയവൾ ചുളിച്ചു കൊണ്ട് ചോദിച്ചതും രണ്ടു കൈ കൊണ്ടും ഞാൻ ചെവി പൊത്തിപ്പിടിച്ചു.. 

"നിന്റെ ശിവൻ... നീയിങ്ങനെ കണ്ണടച്ച് അയാളെ മുന്നിൽ നിന്നാൽ അയാൾക്ക് നിന്നോട് പ്രേമം തോന്നിയാലോ.. "


"ഡാ...., "


പ്രതീക്ഷിച്ച പോലെ അവളെന്നെ തല്ലാനായി ആൽത്തറയിൽ നിന്ന് ചാടിയതും രണ്ടു കൈ കൊണ്ട് അവളുടെ കൈ പിടിച് എന്നോട്  ചേർത്ത് പിടിച്ചു.. 


"ചുമ്മാ ദാ പെണ്ണെ.. നിന്നെയിങ്ങനെ വട്ട് പിടിപ്പിക്കാൻ നല്ല ചേലാ... നിന്റെ ശിവൻ ഞാൻ അല്ലേ.. അപ്പൊ നീയെന്നെ മാത്രം നോക്കിയാൽ മതി "


ആദം എന്നെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞതും ചിരിച്ചു കൊണ്ട് ഞാനവന്റെ കണ്ണിലേക്കു നോക്കി.. 


" നീയെന്റെ ശിവൻ തന്നെയാ.. അതിലൊരു സംശയവുമില്ല.. എന്നാലും... "


"നീയെന്റെ ഹവ്വയല്ലേ പെണ്ണേ.....ശിവ ഭാഗവാൻ ആണേൽ പോലും നിന്നെ ഒരുപാട് നേരം നോക്കി നിൽക്കുന്നത് എനിക്ക് സഹിക്കൂല. "


ഞാനത് പറഞ്ഞതും നാണത്താൽ അവളെന്നെ നോക്കി തലതാഴ്തി കൊണ്ട് എന്നിൽ നിന്ന് വിട്ടു നിന്നു.. ആ സമയം തന്നെ സൈക്കിളിൽ അസി അവിടേക്ക് വന്നു.. 


"ആഹാ.. രണ്ടും കൂടി ഇവിടെ നിന്ന് തന്നെ ശ്രിങ്കരിക്കണം കേട്ടോ.. ഇനി അടുത്ത നാട്ടുകൂട്ടത്തിന് ഒരു കാരണം ഉണ്ടാക്കിക്കോ.. "


പെട്ടന്നവൻ അങ്ങനെ പറഞ്ഞതും ശിവ ഒന്നും മനസ്സിലാവാത്ത പോലെ എന്നെ നോക്കി... സത്യം പറഞ്ഞാൽ ഇന്നലെ നാട്ടുകൂട്ടം കൂടിയതൊന്നും ഇവളറിഞ്ഞിട്ടില്ല.. 
അസിയെ നോക്കി ഞാൻ കണ്ണുരുട്ടിയതും അമളി മനസ്സിലാക്കിയ അവൻ ഇളിച്ചു കാണിച്ചു.. 


"ആദം.. സത്യം പറഞ്ഞോ.. ഇന്നലെ നാട്ടുകൂട്ടം കൂടിയോ.. "


ഞാൻ ചോദിച്ചതും രണ്ടും കൂടെ കഥകളി കളിക്കാൻ തുടങ്ങി.. അസിയുടെ നാവിൽ നിന്ന് തന്നെ അതറിഞ്ഞപ്പോ ആൽത്തറയിൽ ഞാൻ ഇരുന്നു.. 


"ന്റെ ശിവാ... വെറുതെയല്ല വല്യച്ഛൻ ഇന്നലെ കുറെ ഉപദേശിച്ചതും കാവിൽ എനിക്കൊപ്പം വന്നതൊക്കെ.. ഛെ.. നിക്കപ്പോ ഓടിയില്ലല്ലോ... "


നഖം കടിച്ചു കൊണ്ടവൾ പറഞ്ഞതും ഞാൻ ചിരിച്ചു കൊണ്ട് അവളുടെ അടുത്തിരുന്നു. 


"അതിന് നീയെന്തിനാ പെണ്ണേ പേടിക്കുന്നെ "


"പിന്നെ പേടിക്കാതെ  .. ഞാൻ കാരണമല്ലേ നീ സർപ്പക്കാവിൽ കയറിയെ... ഇനി വല്യച്ഛൻ ഇല്ലത്ത്‌ സ്ഥിര താമസമാക്കുമോ ആവോ "


"അയാളൊന്നും പറയൂല.. അയാളെന്നല്ല ആരും ഒന്നും നിന്നെ പറയില്ല.. "


"ആഹ്.. ആ സമാധാനത്തിൽ രണ്ടും കൂടി പ്രേമിച്ചു നടന്നോ.. ഒടുക്കം എല്ലാരും കൂടെ ഒറ്റക്കെട്ടായി നിങ്ങൾക്ക് നേരെ തിരിയുമ്പോൾ കാണാം.. "

ഇടക്ക് കയറി അസി പറഞ്ഞതും ഞാനും ആദമും ഒരുമിച്ച് ചിരിച്ചു.. ഞങ്ങളെ ആർക്കും പിരിക്കാൻ ആവില്ലെന്ന് ഞങ്ങൾക്കല്ലേ അറിയൂ..എന്റെ ശിവന്റെ അനുഗ്രഹം എന്നിൽ ഉള്ളിടത്തോളം കാലം എന്റെ ആദമിൽ നിന്ന് എന്നെ പിരിക്കാൻ ആർക്കുമാവില്ല.... 


"ഡാ പോത്തേ.. ഇരുന്ന് ഇളിക്കാതെ വേഗം വാ.. ആ സാഹിബ്‌ അവിടെ കാത്തിരിക്കുന്നുണ്ടാവും.. "


അസി പറഞ്ഞപ്പോളാണ് പട്ടണത്തിൽ പോകേണ്ട കാര്യം ഓർമ വന്നത്.. ശിവയെ കണ്ടപ്പോൾ ആ കാര്യം മറന്നു പോയിരുന്നു... ശിവയോട് പോയി വരാമെന്ന് പറഞ്ഞു കൊണ്ട് ഞാൻ അസിയുടെ സൈക്കിളിൽ കയറി... ചിരിച്ചു കൊണ്ടവൾ പോയി വാ എന്ന് പറഞ്ഞതും അസി സൈക്കിൾ ചവിട്ടി മുന്നോട്ട് പോയി.. 


ആദമും അസിയും പോകുന്നത് നോക്കി ഞാൻ അവിടെ നിന്നു... പിന്നെ ഇല്ലത്തേക്ക് നടന്നു.. പാട വരമ്പത്തൂടെ ഞാൻ മുന്നോട്ട് നടക്കുമ്പോൾ മനസ്സിൽ നിറയെ വല്യച്ഛൻ ആയിരുന്നു... ഇന്നലെ വല്യച്ഛൻ കുറെ ഉപദേശിച്ചു..വിശ്വാസത്തെയും ആചാരങ്ങളെ പറ്റിയും ഒരുപാട് പറഞ്ഞു... എല്ലാം കേട്ടിരിക്കുമ്പോഴും അറിഞ്ഞിരുന്നില്ല നാട്ടുകൂട്ടം കൂടിയ കാര്യവും ആദം സർപ്പക്കാവിൽ കയറിയത് എല്ലാവരും അറിഞ്ഞെന്നും... 

എന്നിട്ടും വല്യച്ഛൻ എന്നെ വഴക്ക് പറഞ്ഞില്ല.. ഞാനും ആദമും  പ്രണയത്തിലാണെന്ന് എല്ലാവർക്കും അറിയാം.. ആരും ഒന്നും പറഞ്ഞിട്ടില്ല ഇത് വരെ... അതിന് കാരണവും ഉണ്ട്.... 

പണ്ട് ഇവിടെ നടന്നൊരു വലിയ ദുരന്തം... അതിനിയും ആവർത്തിച്ച് വീണ്ടും ഈ നാട് നശിക്കരുതെന്ന് കരുതിയിട്ടാവും ആരും ഒന്നും പറയാത്തത്... 
അന്ന് ഞാൻ ജനിച്ചിട്ട് പോലുമില്ല.. മുത്തശ്ശി പറഞ്ഞ അറിവാണ് എല്ലാം.. 
അപ്പച്ചിയുടെയും ആദമിന്റെ ഉപ്പയുടെയും പ്രണയം.... എല്ലാം മുത്തശ്ശി കഥ പോലെ പറഞ്ഞു തന്നിട്ടുണ്ട്... വിശ്വസിക്കാൻ കഴിയാത്ത കഥ.. 

അന്ന് ആർക്കും അറിയില്ലായിരുന്നു അപ്പച്ചിയുടെ പ്രണയം.. ഒരാൾക്ക് ഒഴികെ.. എന്റെ അച്ഛന്..  അച്ഛന്റെ പ്രിയ സുഹൃത്ത് ആയിരുന്നു ആദമിന്റെ ഉപ്പ.. അത് കൊണ്ട് തന്നെ അവരുടെ പ്രണയത്തിന് കൂട്ട് നിന്നത് എന്റെ അച്ഛനായിരുന്നു... പക്ഷെ.. ആയുസ്സ് ഉണ്ടായിരുന്നില്ല ആ പ്രണയത്തിന്... സാഹിബിന്റെ മകൾക്ക് ആദമിന്റെ ഉപ്പയോട് തോന്നിയ അനുരാഗം... അതായിരുന്നു എല്ലാത്തിനും കാരണം.. അപ്പച്ചിയുടെയും ആദമിന്റെ ഉപ്പയുടെയും ബന്ധം സാഹിബിന്റെ മകൾ അറിഞ്ഞതും സാഹിബ്‌ ഒരു കളി കളിച്ചു... ആദമിന്റെ ഉപ്പയെ കച്ചവടത്തിനായി  പട്ടണത്തിലേക്ക് പറഞ്ഞയച്ചു.. ആ സമയം അപ്പച്ചിയോട് ആദമിന്റെ ഉപ്പ മരിച്ചുവെന്നും ആദമിന്റെ ഉപ്പയോട് അപ്പച്ചി ദേവി ആയെന്നും പറഞ്ഞു ധരിപ്പിച്ചു.. 

അന്നത്തെ ഒരു ആചാരമായിരുന്നു ദേവി സ്ഥാനം.. അത് ഏറ്റെടുക്കാൻ ഏറ്റവും യോഗ്യ ഇല്ലത്തെ ഒരേ ഒരു പെൺതരിയായ അപ്പച്ചിയായിരുന്നു.. ദേവി ആവാൻ ഒരുങ്ങുമ്പോൾ കല്യാണമോ മറ്റ് ഇഷ്ടാനിഷ്ടങ്ങളോ ബലി കഴിക്കേണ്ടി വരും..മനസ്സിലെ പ്രണയം കാരണം അപ്പച്ചി എതിർത്തിരുന്നു.. എന്നാൽ പ്രാണൻ മരിച്ചെന്നും അവന്റെ അവസാന ആഗ്രഹം സുമതി അപ്പച്ചി ഒരു ദേവി ആയി നാടിന്റെ ഐശ്വര്യം നിലനിർത്തണം എന്നാണെന്ന് സാഹിബും നാട്ടിലെ ഉസ്താദ്മാരൊക്കെ ചേർന്ന് ധരിപ്പിച്ചു.. ഒരുപാട് എതിർത്തെങ്കിലും ജീവനായി കണ്ട ആളുടെ അവസാന ആഗ്രഹപ്രകാരം അപ്പച്ചി ദേവിയായി അമ്പലത്തിൽ പ്രതിഷ്ഠ വെച്ചു .. 


ആദമിന്റെ ഉപ്പയോട് പറഞ്ഞു പരത്തിയത് മറ്റൊരു കഥ ആയിരുന്നു.. സ്വമേധയാ സുമതി അപ്പച്ചി ദേവി ആയെന്ന്... സാഹിബിനെ ഒരുപാട് വിശ്വാസമുള്ള ആദമിന്റെ ഉപ്പ അത് വിശ്വസിച്ചു... 
അതിന് ശേഷം ആദമിന്റെ ഉപ്പ നാട്ടിലേക്ക് വന്നത് ആറുകൊല്ലത്തിന് ശേഷമായിരുന്നു... കല്യാണം കഴിച്ച് അഞ്ചു വയസ്സുള്ള ആദമുമായും അവന്റെ ഉമ്മയുമായും ഈ നാട്ടിൽ കാലു കുത്തിയപ്പോളാണ് സത്യങ്ങൾ എല്ലാവരും അറിഞ്ഞത്... 
തന്റെ മകളെ ആദമിന്റെ ഉപ്പയെ കൊണ്ട് കെട്ടിക്കാൻ വിചാരിച്ച സാഹിബിന് തലക്കടി കിട്ടിയ പോലെയായിരുന്നു ആദമിന്റെ ഉപ്പയുടെ  വരവ്.. 
സാഹിബ്‌ ചതിച്ചപ്പോൾ സാഹിബിനെയും ആരോ ചതിച്ചു.. ഇടയിൽ കിടന്ന് ആരോ കളിച്ചിട്ടുണ്ട്... ആദമിന്റെ ഉപ്പ കല്യാണം കഴിച്ചതൊന്നും സാഹിബ്‌ അറിഞ്ഞിരുന്നില്ല.. 

ആറുകൊല്ലമായി ആദമിന്റെ ഉപ്പാക്ക് വേണ്ടി കാത്തിരിക്കുന്ന സാഹിബിന്റെ മകളും... ആദമിന്റെ ഉപ്പ ജീവനോടെ ഉണ്ടെന്ന് അറിയാതെ ദേവിയായി പ്രതിഷ്ടയിരിക്കുന്ന അപ്പച്ചിയും.. ഒന്നും അറിയാതെ  നാട്ടിലേക്ക് വന്ന ആദമിന്റെ ഉപ്പയും... 
അതിന് ശേഷം.. ഈ നാട്.. വലിയൊരു ദുരന്തത്തിന് സാക്ഷ്യം വഹിച്ചു... 


************

അസിയുടെ കൂടെ സൈക്കിളിൽ കവലയിൽ ചെന്ന് അവിടെ നിന്ന് ജീപ്പെടുത്ത് ഞങ്ങൾ സാഹിബിന്റെ വീട്ടിലേക്ക് പോയി.. ഈ ജീപ്പ് സാഹിബിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ്.. ചരക്ക് കൂടുതൽ ഉണ്ടാവുമ്പോൾ സാധാരണ ജീപ്പ് ആണെടുക്കാറ്... 

ജീപ്പുമായി ഞങ്ങൾ വീട്ടിലെത്തി.. സാഹിബിന്റെ മുറ്റത്ത് ജീപ്പ് നിർത്തിയിട്ടു.. സാഹിബ്‌ പറമ്പിൽ തന്നെയുണ്ട്.. പണിക്കാരെ കൊണ്ട് തേങ്ങ ചാക്കിൽ നിറപ്പിക്കുകയാണ്.. എന്നെ നോക്കിയതും ഞാൻ മുഖം തിരിച്ചു.. അതങ്ങനെ തന്നെയാണ്.. എല്ലാ പണിയും അയാൾക്ക് എടുത്തു കൊടുക്കുമെങ്കിലും ഒരക്ഷരം ഞാൻ മിണ്ടാറില്ല.. അയാൾ എന്നോടും.. കൂലി പോലും ഉമ്മാന്റെ കയ്യിൽ ആണ് കൊടുക്കാറ്... 

തേങ്ങ നിറക്കാനായി അസി പറമ്പിലേക്ക് പോയതും ഞാൻ വീട്ടിലേക്ക് പോയി.. ചായ കുടിക്കാതെ ഇറങ്ങിയത് കൊണ്ട് നല്ല വിശപ്പുണ്ട്... ശിവ ഇത് വരെ എത്തിയില്ലെന്ന് തോന്നുന്നു.. ഇല്ലത്തെ മുറ്റത്ത് ജേഷ്ഠൻ നമ്പൂതിരി നിൽക്കുന്നത് കണ്ടു.. കൂടെ മുത്തശ്ശിയും.. ജേഷ്ഠൻ നമ്പൂതിരി കാണാതെ മുത്തശ്ശിയെ കൈവീശി കാണിച്ചു കൊണ്ട് ഞാൻ വീട്ടിലേക്ക് നടന്നു... 

************


ആ ദുരന്തത്തിന് ശേഷം ഐശ്വര്യങ്ങളെല്ലാം തകർന്നടിഞ്ഞ സമയത്താണ് എന്റെ ജനനം.. ഞാനീ മണ്ണിൽ പിറന്ന് വീണ ശേഷം എല്ലാം ശാന്തമായെന്നാണ് മുത്തശ്ശി പറഞ്ഞത്.. ജനിച്ച ഉടനെ അമ്മ എന്നെ വിട്ട് പോയി തീരാ വേദന എന്നിൽ സമ്മാനിച്ചെങ്കിലും എന്റെ വരവോടെ ഈ നാട്ടിൽ ഐശ്വര്യവും സമാധാനവും തിരിച്ചു വന്നു... 
എന്റെ കണ്ണുനീർ ഈ മണ്ണിൽ പതിഞ്ഞാൽ നാട് മുടിയുമെന്നാണ് എല്ലാവരും പറയുന്നത്..  അതാണ് എന്റെ ഇഷ്ടത്തിന് ആരും ഒന്നും പറയാത്തത്..  ഞാൻ ശിവ ഭഗവാന്റെ പ്രിയ ഭക്‌തയാണെന്നും എന്നെ നോവിച്ചാൽ ശിവൻ വെണ്ണീറാക്കും... അങ്ങനെ.. അങ്ങനെ.. 
അതൊക്കെ കേൾക്കുമ്പോൾ എനിക്ക് ചിരി വരും ... 


ഓരോന്ന് ആലോചിച്ചു കൊണ്ട് പാടം കഴിഞ്ഞത് അറിഞ്ഞില്ല.. 
പാടവും തോടും നോക്കി.. വെള്ളത്തിൽ കുറച്ചു നേരം കളിച്ച് നടവരമ്പ് കയറി ഇടവഴിയിലെത്തി..
സാഹിബിന്റെ മുറ്റത്ത് ജീപ്പ് കിടപ്പുണ്ട് 
അസിയെ അവിടെ കണ്ടു.. ആദം വീട്ടിൽ പോയിട്ടുണ്ടാവും.. സാഹിബിനോട് വല്ലാത്ത ദേഷ്യമാണ് അവന്.. 
ഇല്ലത്തേക്ക് കയറാൻ നേരം 
അവന്റെ വീട്ടിലേക്ക്  നീട്ടി വലിഞ്ഞു ഞാൻ നോക്കി.. പുറത്തൊന്നും കാണാനില്ല... ചിരിച്ചു കൊണ്ട് ഞാൻ മുന്നോട്ട് നോക്കിയതും വല്യച്ഛൻ  മുത്തശ്ശിയോട് സംസാരിച്ചു നിൽക്കുന്നത് കണ്ടു..
എന്നെ നോക്കിയാണ് സംസാരിക്കുന്നത്.. ചുണ്ടിലെ ചിരി പെട്ടന്ന് മായ്ച്ചു കൊണ്ട് ഞാൻ അവരുടെ അടുത്തേക്ക് നടന്നു.  


"ന്റെ കുട്ട്യേ.. എവിടെ ആയിരുന്നു... നിനക്കിന്ന് ക്ലാസ്സിന് പോകേണ്ടേ.."

ദാവണി ശെരിയാക്കി കൊണ്ട് ഞാൻ മുത്തശ്ശിക്ക് ചന്ദനം തൊടുവിച്ചതും മുത്തശ്ശി ചോദിച്ചു.. 


"പോവാം മുത്തശ്ശി... ഈ പ്രസാദം അമ്മക്ക് നൽകട്ടെ... "


അതും പറഞ്ഞു കൊണ്ട് ഞാൻ  പറമ്പിലെ തെക്കേ ഭാഗത്തേക്ക്‌ പോയി.. അവിടെയാണ് അപ്പച്ചിയുടെയും അമ്മയുടെയും ഓർമ്മകൾ ഉള്ളത്..വിളക്ക് കത്തിച്ചു വെച്ചിടത്ത് പ്രസാദം വെച്ചു കൊണ്ട് ഞാൻ തിരികെ നടന്നു... 
മുത്തശ്ശി ക്ലാസ്സ്‌ എന്ന് പറഞ്ഞത് പഠിക്കുന്ന കാര്യം അല്ല ട്ടോ.. ഈ നാട്ടിലെയും മറു നാട്ടിലെയും കുട്ടികളെ സംഗീതവും നൃത്തവും പഠിപ്പിക്കുന്നത് ഞാനാണ്.. ശിവ ക്ഷേത്രത്തിന് സമീപം തന്നെ കലാ മണ്ഡലമുണ്ട്.. പണ്ട് അച്ഛൻ കഥകളി പഠിപ്പിച്ചിരുന്നു.. ഇപ്പോൾ ഞാനാണ് എല്ലാവർക്കും നൃത്തം പഠിപ്പിച്ചു കൊടുക്കുന്നത്... 

മുത്തശ്ശിയെയും വല്യച്ഛനെയും നോക്കി ഞാൻ അകത്തേക്ക് കയറി.  
എന്നെ ഒന്ന് നോക്കിയതല്ലാതെ വല്യച്ഛനും  ഒന്നും പറഞ്ഞില്ല... 
കാര്യം വല്യച്ഛന്  ആദമുമായി ഞാൻ അടുക്കുന്നത് ദേഷ്യം വരുത്തുന്നുണ്ടെങ്കിലും ഒരക്ഷരം മിണ്ടാറില്ല... എല്ലാം ഉള്ളിലൊതുക്കുവാണെന്ന് എനിക്കറിയാം.. അതിന് കാരണം .. 
എന്നെ വേദനിപ്പിച്ചാൽ ദേവി ആവാൻ ഞാൻ വിസമ്മതിക്കുമെന്ന് പേടിച്ചിട്ടാണ്.. അപ്പച്ചിയുടെ മേൽ സംഭവിച്ച തെറ്റ് ഇനിയും നടന്നാൽ അതീ നാടിന് തങ്ങില്ല.. സ്വമേധയാ അല്ലാതെ ദേവി ആവാൻ നിർബന്ധിക്കാനും പാടില്ല.. എന്നെങ്കിലും ഞാൻ സമ്മതിക്കുമെന്ന പ്രതീക്ഷയാവും എല്ലാവർക്കും.. ദേവിയായി ഞാൻ പ്രതിഷ്ഠയിരുന്നാൽ  ഇല്ലത്ത് സർവ്വ ഐശ്വര്യങ്ങളും വന്ന് ചേരും... 
പക്ഷെ.. ഞാൻ സമ്മതിക്കില്ല...  എന്തിനാ ദേവിയായി ഞാൻ...
എന്റെ ശിവന് പാർവതിയുണ്ടല്ലോ.. 
എന്നാൽ.. എന്റെ ആദമിന്  ഞാൻ മാത്രമല്ലേ ഉള്ളൂ..... 


   "ദേവൂ... "


ആദമിനെ മനസ്സിൽ വിചാരിച്ചു കൊണ്ട് ഞാൻ കോണിപ്പടികൾ കയറി റൂമിലേക്ക്‌ പോകാൻ നിന്നതും പെട്ടന്ന് പിന്നിൽ നിന്നും ആ വിളി വന്നു... ശബ്ദത്തിന്റെ ഉടമയെ പരിചയമുള്ളത് കൊണ്ട് തന്നെ  ഞാൻ  ചിരിച്ചു കൊണ്ട് തിരിഞ്ഞു നോക്കി...


   "വിഷ്ണുവേട്ടൻ..... ".......(തുടരും)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story