ശിവ 🖤: ഭാഗം 5

shiva

രചന: RAIZA

പുഞ്ചിരിയോടെ താടിയിൽ തടവി നിൽക്കുന്ന വിഷ്ണുവേട്ടനെ കണ്ടതും ഞാൻ വേഗത്തിൽ വിഷ്ണുവേട്ടന്റെ അടുത്തേക്ക് നടന്നു... വല്യച്ഛന്റെ മകനാണ് വിഷ്ണുവേട്ടൻ.. ആള്  കടുത്ത മതഭ്രാന്തൻ ആണ്.. വിശ്വാസങ്ങളും ആചാരാനുഷ്ടാനങ്ങളും അതിന്റെ മുറപോലെ നടത്തുന്നവൻ.. മറുനാട്ടിലെ കീഴ്ശാന്തിയാണ് വിഷ്ണുവേട്ടൻ.. വല്യച്ഛന്റെ അതേ സ്വഭാവം തന്നെയാണ് ഏട്ടനും.. എന്ത് ആചാരമായാലും കൃത്യതയോടെ ചെയ്യും... ഇങ്ങനൊക്കെ ആയാലും ഒരേ ഒരു കാര്യത്തിൽ മാത്രം വിഷ്ണുവേട്ടൻ എല്ലാം മറക്കും... അത് മറ്റൊന്നുമല്ല.. എന്റേം ആദമിന്റെയും കാര്യം തന്നെ... ഞങ്ങളൊക്കെ ഒരുമിച്ച് കളിച്ചു വളർന്നവർ ആണ്.. അന്നേ ഞങ്ങൾ ഇഷ്ടത്തിലായിരുന്നു... പക്ഷെ.. വിവേകമില്ലാത്ത പ്രായത്തിൽ തോന്നിയതാണെന്ന് കരുതി കളിയായി കണ്ടു... പക്ഷെ.. ശരീരവും മനസ്സും വളരുംതോറും മനസ്സിൽ ഒളിപ്പിച്ച പ്രണയവും വളരുന്നുണ്ടെന്ന് രണ്ടു പേരും മനസ്സിലാക്കി.... 
വിഷ്ണുവേട്ടൻ എപ്പോഴും കൂടെ നിന്നിട്ടേ ഉള്ളൂ.. അന്നും.. ഇന്നും.. ആ ഒരു കാര്യത്തിൽ മാത്രം വല്യച്ഛനെ ധിക്കരിക്കും. എല്ലാം എന്നോടും ആദമിനോടുമുള്ള സ്നേഹം കൊണ്ടാണ്... 


"എന്താ ദേവൂട്ടി... അന്തംവിട്ട് നിൽക്കുന്നേ... "


കൺകൾക്ക് മീതെ ഏട്ടൻ കൈ വീശി കാണിച്ചപ്പോഴാണ് ബോധം വന്നത്... ഒന്ന് ഇളിച്ചു കൊടുത്തപ്പോൾ ഏട്ടൻ ചിരിച്ചു കൊണ്ട് തലയാട്ടി... 


"മ്മ്മ്... മനസ്സിപ്പോഴും  ആദമിന്റെ കൂടെയാണല്ലേ... ആ പഹയനെ കണ്ടില്ല... എവിടെ പോയി.. "


" പട്ടണത്തിലേക്ക് പോകാൻ നിൽക്കാ..സാഹിബ്‌ അവിടെ കാത്തിരിപ്പുണ്ട്.. അവൻ വീട്ടിലും... "


"അവന്റെ സ്വഭാവത്തിന് ഒരു മാറ്റവും ഇല്ല... അല്ലേ... "


വിഷ്ണുവേട്ടന്റെ വാക്കുകൾക്ക് മറുപടിയായി ഞാൻ ചിരിച്ചു... അപ്പോഴാണ് ഒരു കാര്യം ഓർമ വന്നത്... മുഖത്തെ ചിരി മായ്ച്ചു കൊണ്ട് ഞാൻ വിഷ്ണുവേട്ടന്റെ മുഖത്തേക്ക് നോക്കി... 


"അല്ലാ.. വിഷ്ണുവേട്ടൻ എപ്പോ വന്നു... അമ്പലത്തിലേക്ക് വരാഞ്ഞതെന്ത്യേ.. "


"ഞാൻ ഇപ്പൊ വന്നുള്ളൂ.. അടുത്ത  ആഴ്ച മുതൽ നമ്മുടെ കുടുംബക്ഷേത്രത്തിലെ ഉത്സവം തുടങ്ങല്ലേ... ഇനി അത് കഴിഞ്ഞേ പോകൂ... "


"ആഹാ.. ഞാൻ ഇന്നലെ കൂടി വിചാരിച്ചേ ഉള്ളൂ ഉത്സവത്തിന് ഏട്ടൻ എത്തില്ലേ ന്ന്.. എന്തായാലും അച്ഛന് അതൊരു ആശ്വാസമാവും.. "


"മ്മ്മ്.. ഞാൻ എന്നാൽ അമ്പലത്തിലേക്കിറങ്ങട്ടെ.. കാവിലെ ആൽമരത്തിൽ പൂജിച്ച ചരട് കെട്ടാനുമുണ്ട്... "


"ഓ.. എന്നാ വേഗം ചെന്നാട്ടെ... ഞാൻ പോകുവാ.. പിന്നെ... അങ്ങോട്ടേക്കൊക്കെ വന്നേക്കണേ.. ഏട്ടൻ കുറെ ആയി കലാമണ്ഡലത്തിലേക്ക് വന്നിട്ട്.. "


"ഞാൻ വരാടീ... നീ പൊക്കോളൂ.. ഒന്ന് തൊഴുതു വരട്ടെ.. "


ചിരിച്ചു കൊണ്ട് വിഷ്ണുവേട്ടൻ പോയതും ഞാൻ മുകളിലെ മുറിയിലേക്ക് പോയി.. ദാവണി മാറ്റി ചുരിദാർ എടുത്തിട്ട് കൊണ്ട് ഞാൻ പോകാൻ ഒരുങ്ങി.  ക്ലാസ്സിന് പോകുമ്പോൾ സാധാരണ ഞാൻ ചുരിദാർ ആണ് ധരിക്കാറുള്ളെ.. അല്ലാത്ത സമയമൊക്കെ ദാവണി തന്നെ.... ഷാൾ ഒരു സൈഡിൽ ഒതുക്കിയിട്ട്   മുടി പിറകിലേക്ക് മാടിയൊതുക്കി കൊണ്ട് ഞാൻ കോണിപ്പടികളിറങ്ങി... വല്യച്ഛൻ കിടന്നിട്ടുണ്ട്.. ഈ സമയത്തൊരു മയക്കം പതിവുള്ളതാണ്... വല്യമ്മ മരിച്ചത് മുതൽ വല്യച്ഛൻ ഇങ്ങനെയാണ്.. അല്ലേൽ ഈ സമയമൊക്കെ അമ്പലത്തിൽ ആയിരിക്കും.... 

മുത്തശ്ശി അടുക്കളയിൽ പാചകത്തിലാണ്.. മുത്തശ്ശിയുടെ കൈപ്പുണ്യം അതൊന്ന് വേറെയാണ്.. 
വയസ്സേറെയായിട്ടും ആ കൈപ്പുണ്യം കൈവിട്ട് പോയിട്ടില്ല.. ഇപ്പോഴും ചുറുചുറുക്കോടെ അടുക്കളയിൽ ഓടി നടക്കുന്നത് കാണാം.. 

കോണിപ്പടി ഇറങ്ങിയപ്പോൾ തന്നെ അടുക്കളയിൽ നിന്നും മൂക്കിനെ ആകർഷിപ്പിക്കും തരത്തിൽ മുത്തശ്ശിയുടെ കറിയുടെ മണമെത്തി... നടുമുറ്റം ചുറ്റി കൊണ്ട് വടക്കേ ഭാഗത്തുള്ള അടുക്കളയുടെ മരവാതിലിൽ പിടിച്ചു കൊണ്ട് ഞാൻ തല അകത്തേക്കിട്ടു.. 


"ആഹ്.. ഇങ് പോര് കുട്ട്യേ ഒളിഞ്ഞു നോക്കാതെ.."


എന്നെ കാണും മുൻപ് എന്റെ കൊലുസിന്റെ ശബ്ദം മുത്തശ്ശിയുടെ ചെവിയിൽ എത്തിയത് കൊണ്ടാവാം  പിറകിൽ ഞാൻ ഉണ്ടെന്ന് മുത്തശ്ശി അറിഞ്ഞത്.. ചിരിച്ചു കൊണ്ട് ഞാൻ മുത്തശ്ശിയുടെ അടുത്തേക്ക് പോയി.. 
പ്ലേറ്റിൽ ദോശയും കടുകിട്ട് മൂപ്പിച്ച് അതിലേക്ക് വറുത്ത മുളകിട്ടു വെച്ച ചട്നിയും ഒഴിച്ച് എന്റെ നേരെ നീട്ടിയതും നാവിൽ വെള്ളമൂറി കൊണ്ട് ഞാൻ വാങ്ങി .....ഈ ചട്നിക്ക് സ്വാദ് കൂടുതലാണ്.. എത്ര കഴിച്ചാലും മതി വരില്ല ... 


"ഒന്നിരുന്നു കഴിക്കെന്റെ കുട്ട്യേ....."


ദോശ കണ്ട മതിപ്പിൽ നിന്ന് തന്നെ കഴിച്ചു കൊണ്ടിരുന്ന എന്റെ നേരെ ഓടക്കുഴൽ കയ്യിൽ പിടിച്ചു കൊണ്ട് മുത്തശ്ശി പറഞ്ഞതും ഞാൻ അവിടെ തിണ്ണയിൽ കയറി ഇരുന്നു.. 


"ന്റെ ദേവൂട്ട്യേ... ആ ഉടുപ്പിലൊക്കെ കരിയാക്കാൻ.... ആ കസേരയിലേക്കങ്ങിരുന്നൂടെ നിനക്ക്.."


"ന്റെ മുത്തശ്ശി കുട്ടീ.. ഇവിടെ ഇരുന്ന് കഴിക്കുന്നെൻന്റെ സുഖോന്നും അവിടെ ഇരുന്നാൽ കിട്ടില്ല.. "


"നിന്നോടൊന്നും പറഞ്ഞിട്ടൊരു കാര്യോല്ല... സുമതീം ഇങ്ങനെ ആയിരുന്നു.. തിണ്ണയിലിരുന്ന് എന്നെ കണ്ടേ വല്ലതും കഴിക്കൂ .. "


ഒരു നെടുവീർപ്പോടെ... കണ്ണിൽ പൊടിഞ്ഞ കണ്ണുനീർ മറച്ചു കൊണ്ട് മുത്തശ്ശി പറഞ്ഞതും എന്റെ മുഖം വാടി.. അപ്പച്ചിയുടെ ഓർമകളുമായി ജീവിക്കുന്ന മുത്തശ്ശി ഒരു നോവ് തന്നെയാണ്.. ഞാനും അപ്പച്ചിയുടെ അതേ പോലെയാണെന്ന് മുത്തശ്ശി എപ്പോഴും പറയാറുണ്ട്.. എന്റെ സ്വഭാവവും അഴകും.. തനി അപ്പച്ചിയുടെ പകർപ്പാണത്രെ... 

അടുപ്പത്ത് തിളയ്ക്കുന്ന സാമ്പാറിലേക്ക് തവിയിട്ട് ഇളക്കി രുചി നോക്കുന്ന മുത്തശ്ശിയെ നോക്കി പാത്രം കഴുകി വെച്ച് ഞാൻ മുത്തശ്ശിയുടെ അടുത്തേക്ക് പോയി.. 
ഉണങ്ങിയ വിറക് കൊള്ളി അടുപ്പിലേക്ക് നീക്കി വെച്ച് മുത്തശ്ശി തിരിഞ്ഞതും മുത്തശ്ശിയുടെ കവിളിൽ ഉമ്മ കൊടുത്തു കൊണ്ട് ഞാൻ കെട്ടിപിടിച്ചു... 


"ന്റെ മുത്തശ്ശി കുട്ടിക്കീ വിഷാദം ചേരില്ലാ ട്ടോ... ദേ... ഈ മുഖത്തെ ചിരി എപ്പോഴും ഉണ്ടാവണം.. ഒന്ന് ചിരിച്ചേ..."


ചുക്കി ചുളിഞ്ഞ കവിളിൽ വലിച്ചു കൊണ്ട് ഞാൻ പറഞ്ഞതും മുത്തശ്ശി ചിരിച്ചു . 


"ആഹാ.. ഈ ചിരി കണ്ടാൽ ഒരു പതിനാറു വയസ്സ് തോന്നിക്കും.. മുത്തശ്ശൻ ഉണ്ടായിരുന്നെങ്കിൽ.... "


കണ്ണിറുക്കി കൊണ്ട് ഞാൻ പറഞ്ഞതും അസത്തെന്ന് പറഞ്ഞു കൊണ്ട് മുത്തശ്ശി എന്റെ ചെവിയിൽ പിടിച്ചു... 


"ഞാൻ പോയി വരാം മുത്തശ്ശി..."


"അവിടെ നിൽക്ക് കുട്ട്യേ... "

പോകാനായി തിരിഞ്ഞതും മുത്തശ്ശി എന്നോട് നിൽക്കാൻ പറഞ്ഞു.. എന്താണെന്നു ചോദിച്ചതും മുത്തശ്ശി എന്റെ നേരെ ഒരു പൊതി നീട്ടി... പൊതിയിലേക്കും മുത്തശ്ശിയുടെ മുഖത്തേക്കും മാറി മാറി നോക്കി കൊണ്ട് ഞാൻ ചിരിച്ചു.. 


"ദേ.  ഇത് കൊടുക്കണം.. കേട്ടോ... "


"ഓ.. കൊടുക്കാമേ... "


ചിരിച്ചു കൊണ്ട് ഞാൻ തിരിഞ്ഞു നടന്നു.. പൊതിയിൽ ആദമിനുള്ള ദോശയാണ്.. മുത്തശ്ശിയുടെ ദോശയും ചട്ണിയും അവന് വല്ല്യ കാര്യാണ്.. 


മുറ്റത്തേക്കിറങ്ങി വേഗത്തിൽ നടന്നു... മതിലിനരികിൽ വീണു കിടക്കുന്ന ചെമ്പക പൂവെടുത്ത് മുടിയിഴക്കുള്ളിൽ വെച്ച് ഞാൻ മുന്നോട്ട് നടന്നു... ഏന്തി വലിഞ്ഞു നോക്കിയപ്പോൾ ആദം പുറത്തെ തിണ്ണയിൽ ഇരിക്കുന്നത് കണ്ടു.. മിക്കവാറും ഇന്നത്തെ പലഹാരം പറ്റിയിട്ടുണ്ടാവില്ല..... 


വിശന്നു വലഞ്ഞു വീട്ടിലേക്ക് വന്നപ്പോൾ ഉമ്മാന്റെ വക കഴിക്കാൻ ഉപ്പുമാവ്.... എനിക്കാണേൽ അത് കാണുന്നതേ ദേഷ്യമാണ്... സാഹിബിന്റെ വീട്ടിലേക്ക് പോകാൻ ഉള്ളത് കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കി വെക്കുന്നതാണ്..അധിക ദിവസവും ഇത് തന്നെ സ്ഥിതി... ഇന്നുമിനി വയ്യെന്ന് മനസ്സിൽ വിചാരിച്ച് ഉമ്മാനോട് കട്ടൻ എടുക്കാൻ പറഞ്ഞ് പുറത്തെ തിണ്ണയിൽ ഇരുന്ന് വയറിന്റെ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കുമ്പോളാണ് ശിവ വേലി ചാടി വരുന്നത് കണ്ടത്... അവളെ കണ്ടതും ഞാൻ എഴുന്നേറ്റു നിന്നു... 


"അയ്യോ.. എന്താടാ ചെക്കാ.. എന്നെ കണ്ട് ബഹുമാനമൊക്കെ വരാൻ  തുടങ്ങിയോ... "


മനുഷ്യൻ ഇവിടെ വയർ കത്തി ഇരിക്കുമ്പോളാ അവളുടെയൊരു തമാശ..  അവളെ നോക്കാതെ അവളുടെ ചുമലിൽ കൈവെച്ചു തിരിച്ചു നിർത്തി കൊണ്ട് തോളിലെ ബാഗ് തുറന്ന് അതിലേ പൊതി കയ്യിലെടുത്തു.. 


"അയ്യേ.. ബഹുമാനിക്കാൻ പറ്റിയ സാധനം.. എനിക്കറിയാ എന്റെ മുത്തശ്ശി എനിക്കിത് കൊടുത്തയക്കുമെന്ന്... "


"ഓ..... "

മുഖം കോട്ടി കൊണ്ട് അവൾ കൊഞ്ഞനം കുത്തി കാണിച്ചതും ഞാൻ പൂമുഖത്തെ തിണ്ണയിൽ ഇരുന്ന് പൊതി തുറന്നു.. 


"വാഹ്... ഇത് തുറന്നപ്പോൾ തന്നെ വയറു നിറഞ്ഞു.... "

"ആണോ.. എന്നാ പിന്നെ കഴിക്കേണ്ട.. വയറു നിറഞ്ഞില്ലേ... "


അതും പറഞ്ഞു കൊണ്ട് അവളാ പൊതി എടുക്കാൻ വന്നതും ഞാൻ പൊതി കയ്യിലെടുത്തു.. അപ്പോഴേക്കും ഉമ്മ പുറത്തേക്ക് വന്നു. 


"ആഹ്.. ആരിത്.. ദേവു മോളോ... 
മ്മ്മ്... ഇത് കിട്ടുമെന്ന് അറിയാവുന്നത് കൊണ്ടല്ലേ.. ഞാൻ ഉണ്ടാക്കിയതിന് കുറ്റം പറയുന്നത്... "


അവളെ നോക്കിയ ശേഷം എന്നെ നോക്കി ഉമ്മ പറഞ്ഞതും അവൾ ഇളിക്കാൻ തുടങ്ങി.. 


"മോളെ... ഉപ്പുമാവ് ഉണ്ട്.. എടുക്കട്ടെ.. മോള് കഴിച്ചീനോ... "


"വേണ്ട ഉമ്മാ.. ഞാൻ കഴിച്ചിട്ടാ ഇറങ്ങിയേ "


"ചിലവായി പോവാനുള്ള ഉമ്മാന്റെ ഐഡിയ ആണ് മോളേ...അല്ലാതെ നിന്നെ ഊട്ടാനുള്ള കൊതികൊണ്ടല്ല.. "


ദോശ കഴിക്കുന്നതിനിടെ ഞാൻ പറഞ്ഞതും ഉമ്മ എന്നെ നോക്കി കണ്ണുരുട്ടി.. ഉമ്മ മാത്രമല്ല.. അവളും.. 


"അവനങ്ങനെ പലതും പറയും..  വാ മോളെ.. "


"ഇല്ല ഉമ്മാ.. ഞാൻ കഴിച്ചിട്ടാ ഇറങ്ങിയേ.. ഇനി പിന്നെ ആവാം.. "

ഉമ്മാനോട് വേണ്ടെന്ന് പറഞ്ഞതും ഉമ്മ ചിരിച്ചു കൊണ്ട് എന്റെ തലയിൽ തലോടി.. ആദം നല്ല തീറ്റയിലാണ്.. ഞാൻ ഇവിടെ നിൽക്കുന്നത് നോക്കുന്നേയില്ല... 


"ഡാ ചെക്കാ... വരുന്നുണ്ടോ.. ഞാൻ പോകുവാ... "


"നിൽക്കെടീ.. ദാ വരുന്നു... "


കൈ കഴുകി കൊണ്ട് ഞാൻ പറഞ്ഞപ്പോഴേക്കും ഉമ്മാനോട് പോവാണെന്ന് പറഞ്ഞു കൊണ്ട് അവൾ മുറ്റത്തേക്കിറങ്ങിയിരുന്നു.. 

"ഉമ്മാ.. അസ്സലാമുഅലൈക്കും... പോയി വരാം.. "


ഉമ്മാനോട് സലാം പറഞ്ഞു കൊണ്ട് ഞാൻ അവളുടെ അടുത്തേക്ക് നടന്നു.. അവളുടെ തലക്കൊരു കൊട്ട്  കൊടുത്തതും അവളെന്റെ കൈപ്പല നോക്കിയൊരു പിച്ച് തന്നു..... 

ആദമും ശിവയും കുട്ടികളെ പോലെ കുസൃതി കാണിച്ച് വേലി കടന്ന് പോയതും അവന്റെയുമ്മ പുഞ്ചിരിയോടെ കണ്ണുകൾ നിറച്ച് നോക്കി നിന്നു.  

'ന്റെ റബ്ബേ... ന്റെ കുട്ടികളെ നീ വേദനിപ്പിക്കല്ലേ... അർഹതയില്ലേൽ പിന്നെയെന്തിനാ നീയവരെ മോഹിപ്പിക്കുന്നത്... അഞ്ചു നേരം നിസ്കരിച്ച് ചുണ്ടിൽ ദിക്റിന്റെ നനവ് മായാത്ത ന്റെ കുട്ടിയെ നീ കരയിക്കല്ലേ റബ്ബേ..... ഇതിനെന്തു പ്രതിവിധിയാണ് നിന്റെ പക്കലുള്ളത്...'


കണ്ണീരിന്റെ നനവുള്ള ആ പ്രാർത്ഥനയിൽ ചങ്കിൽ കുത്തുന്ന വേദന കൂടി ഉണ്ടായിരുന്നു... അവരുടെ ചിരിച്ചു കൊണ്ടുള്ള പോക്ക് കണ്ടു കൊണ്ട് നെടുവീർപ്പോടെ ആ ഉമ്മ അകത്തേക്ക് കയറി പോയി..... 

"ആദം....."

വേലി കടന്ന് ഞങ്ങൾ നടക്കാൻ തുടങ്ങിയതും ശിവ എന്റെ മുഖത്തു നോക്കാതെ വിളിച്ചു... ആ വിളിയിൽ തന്നെ എനിക്ക് മനസ്സിലായി എന്തോ എന്നോട് പറയാനുണ്ടെന്ന്... നടത്തത്തിനിടയിൽ വഴിയോരത്തെ ചെടിയിലെ ഇലകൾ ഊരി കയ്യിലെടുത്ത് കൊണ്ട് അവളെ നോക്കി എന്തെന്ന് ചോദിച്ചതും അവളെന്റെ മുഖത്തേക്ക് നോക്കി.. 


"ഇന്നലെ അച്ഛനെന്നോട് ഒരു കാര്യം പറഞ്ഞു   "


പറയാൻ അനുവാദം വേണമെന്ന പോലെ അവളെന്റെ മുഖത്തേക്ക് നോക്കിയതും കയ്യിലെ ഇലകൾ മുകളിലേക്കെറിഞ്ഞു കൊണ്ട്  'പറയൂ'
എന്ന് പറഞ്ഞതും അവൾ മുന്നോട്ട് നോക്കി . 


"ഇന്നലെ ഞാൻ ഉറങ്ങാൻ കിടന്നപ്പോൾ അച്ഛൻ എന്റെ അരികിൽ വന്നിരുന്നു.. മുടിയിലൊക്കെ തലോടി.. എന്തോ.. അച്ഛന്റെ മുഖം കണ്ടപ്പോൾ വല്ലാണ്ടായി.. "


കാര്യം പറയാതെയുള്ള അവളുടെ വാക്കുകൾ കേട്ട് ഒരു നിമിഷം ഞാൻ നിന്നു.. ഒരടി മുന്നിലേക്കവൾ വെച്ചതും എന്റെ നിറുത്തം കണ്ട് മുഖം ചെരിച്ചു കൊണ്ടെന്നെ നോക്കി.. 
അവളുടെ അടുത്തേക്ക് നീങ്ങി നിന്നതും അവൾ തലതാഴ്ത്തി... കാര്യമായൊരു തേങ്ങൽ അവൾക്കുള്ളിൽ ഉണ്ടെന്ന് അവളുടെ കണ്ണുകളെന്നോട് പറഞ്ഞു കൊണ്ടിരുന്നു... ഇടക്കെന്നെ പാളി നോക്കി ചിരിച്ചെന്ന് വരുത്തുന്ന അവളുടെ താടിയിൽ പിടിച്ച് മുഖം ഉയർത്തി കൊണ്ട് അവളുടെ നീട്ടിയെഴുതിയ കരിമഷികണ്ണിലേക്ക് ഞാൻ നോക്കി.. 


"എന്താ പെണ്ണേ... "


ആദം എന്നോട് ചോദിച്ചതും ഞാൻ അവന്റെ കണ്ണിലേക്കു നോക്കി നിന്നു.. കറുപ്പോ കാപ്പിയോ അല്ലാത്ത സമ്മിശ്ര നിറത്തോടെയുള്ള അവന്റെയാ കണ്ണിൽ എന്നെ കണ്ടതും ഞാൻ കണ്ണുകൾ അടക്കാതെ ചിരിച്ചു കൊണ്ട് ഞാൻ അതിലേക്ക് തന്നെ നോക്കി... അവന്റെ കണ്ണിലൂടെ കാണുമ്പോൾ ഇത്രക്ക് ഭംഗിയുണ്ടോ ഞാൻ... 


"എന്താടീ പെണ്ണേ.. പൈങ്കിളി കാമുകിമാരെ പോലെ.. "


തലക്കൊരു കൊട്ട് തന്നതും മുഖം കോട്ടി കൊണ്ട് തല ഉഴിഞ്ഞ് ഞാൻ മുന്നോട്ട് നടന്നു.. എന്റെയൊപ്പം അവനും വന്നതും ഞാൻ നടത്തം പതുക്കെയാക്കി... 


"ശിവാ.... പറ.. എന്താ നീ പറഞ്ഞു വന്നത്?  ഇന്നലെ അച്ഛൻ നമ്പൂതിരി എന്താ നിന്നോട് പറഞ്ഞത്... "


"ആദമിനെ മറക്കാൻ കഴിയോ എന്ന് ചോദിച്ചു... "


എന്റെ മുഖത്തേക്ക് നോക്കാതെയുള്ള വാക്കുകൾ കേട്ട് ഞാൻ പുഞ്ചിരിച്ചു കൊണ്ട് മുന്നോട്ട് നോക്കി.. സാഹിബിന്റെ വീട് എത്തി.. ചാക്കെല്ലാം കയറ്റി കഴിഞ്ഞെന്ന് തോന്നുന്നു.. വടിയും കുത്തി പിടിച്ച് എന്നെയും കാത്ത് നിൽക്കുവാണ്... മൂപ്പരുടെ വീടിന്റെ മതിലിനടുത്തെത്തിയതും നടത്തം മതിയാക്കി ഞാൻ അവളെ നേരെ നോക്കി... 


"കവല വരെ ജീപ്പിൽ ഞാൻ ആക്കി തരാം . ഒറ്റക്ക് പോകേണ്ട.. "


ആഹ് എന്നവൾ ചിരിച്ചു കൊണ്ട് പറഞ്ഞതും ഞാൻ ഗേറ്റ് തുറന്ന് അകത്തേക്ക് കടന്നു.. ഗേറ്റിന്റെ ശബ്ദം കേട്ടാവണം  സാഹിബും അസിയും എന്നെ നോക്കി.. മുണ്ട് മടക്കി ഞാൻ ഗേറ്റ് രണ്ടും മലർക്കെ തുറന്നതും ശിവ ഒരു ഭാഗത്തേക്ക് നീങ്ങി നിന്നു..  അവളെ നോക്കി ചിരിച്ചതും ഞാൻ തിരിഞ്ഞു നടന്നു.. പിന്നെ എന്തോ ഓർത്തെന്ന പോലെ തിരിച്ച് അവളുടെ അടുത്തേക്ക് തന്നെ പോയി.. എന്റെ വരവ് കണ്ടതും ചിരിച്ചു കൊണ്ടവൾ എന്താ എന്ന് കണ്ണുകൾ കൊണ്ട് ചോദിച്ചു.. ഗേറ്റിൽ പിടിച്ച് തല ചെരിച്ചു കൊണ്ട് ഞാൻ ചോദിച്ചു.


" എന്നിട്ട്... നീയെന്താ മറുപടി കൊടുത്തേ..... "


അവളോടത്‌ ചോദിച്ചതും അവൾ എന്റെ അടുത്തേക്ക് നീങ്ങി വന്നു.. കരിമഷി കണ്ണുകൾ വിടർത്തി കൊണ്ടവൾ നേരിയ പുഞ്ചിരിയോടെ പറഞ്ഞു.  


"ഈ മാപ്പിള ചെക്കനെ മറക്കാൻ കയ്യൂലാന്ന്..... "


മനസ്സിൽ പ്രതീക്ഷിച്ച ഉത്തരം കിട്ടിയതും കള്ളച്ചിരിയോടെ തലയാട്ടി കൊണ്ട് ഞാൻ തിരിഞ്ഞു നടന്നു... 
സാഹിബിന്റെ അടുത്തെത്തിയതും എന്റെ മുഖത്തേക്ക് നോക്കാതെ ചാവി നീട്ടി... അസിയുടെ നേർക്ക് ഞാനാ ചാവി എറിഞ്ഞു കൊടുത്തു കൊണ്ട് ജീപ്പിൽ കയറി... സാഹിബ്‌ ഒന്ന് ചുമച്ചു കൊണ്ട് അകത്തേക്ക് കയറി പോയി.. 


"അസി... വേഗം വണ്ടിയെടുക്ക്... ഇപ്പൊ തന്നെ നേരം വൈകി... "


"ഓ... എന്തോ... "

നേരം വൈകിച്ചത് ഞാൻ തന്നെയാണെന്ന് അറിഞ്ഞു കൊണ്ട് തന്നെ ഞാൻ പറഞ്ഞതും അവനെന്നെ നോക്കി പേടിപ്പിച്ചു.. ഇളിച്ചു കൊണ്ട് വണ്ടിയെടുക്കാൻ പറഞ്ഞതും ഒന്ന് മൂളി കൊണ്ട് അവൻ വണ്ടിയെടുത്തു.... 
ഗേറ്റ് കടന്നതും അസിയോട് ഞാൻ വണ്ടി നിർത്താൻ പറഞ്ഞു... ശിവയെ കണ്ടതും അവൻ തലയാട്ടി കൊണ്ട് വണ്ടി നിർത്തി... ശിവ എന്റെ അടുത്ത് മുന്നിൽ തന്നെ കയറിയതും അസി തലയിൽ കൈവെച്ചു.. 


"പടച്ചോനേ... ഇതിനി ആ മുക്രി എങ്ങാനും കണ്ടാൽ മതി അടുത്ത നാട്ടുകൂട്ടത്തിനൊരു കാരണമായി.. "


"ഓ.. പിന്നേ.. ഞങ്ങളൊന്ന് അടുത്തിരുന്നാൽ ഭൂമി ഇടിഞ്ഞു താഴൊന്നുമില്ല.. ഡ്രൈവർ വണ്ടിയെടുക്ക്... "


"പോടീ പോത്തേ.. ഡ്രൈവർ നിന്റെ മറ്റവൻ... "


"ഓ.  അതും എന്റെ തലയിലായി.. രണ്ടും മിണ്ടാതിരുന്നില്ലേൽ തൂക്കിയെടുത്ത് വെളിയിലെറിയും ഞാൻ.. "


ആദം പറഞ്ഞതും അസി വണ്ടിയെടുത്തു...കാഴ്ചകൾ കാണാൻ വേണ്ടി ഞാൻ തല ചെരിച്ച് വെറുതെ പിറകോട്ടു നോക്കിയതും ഞങ്ങളുടെ ജീപ്പ് പോകുന്നതും നോക്കി സാഹിബ്‌ മുറ്റത്ത് നിൽക്കുന്നത് ഞാൻ കണ്ടു.. സാഹിബിനെ കണ്ടതും തല ഉള്ളിലേക്കിട്ട് ഞാൻ ആദമിന്റെ ഷർട്ടിൽ അവൻ പോലുമറിയാതെ പിടുത്തം മുറുക്കി... സാഹിബിനെ പേടിയാണെനിക്ക്.. അപ്പച്ചിയോട് ചെയ്ത പോലെ ആദമിനെ എന്നിൽ നിന്നകറ്റുമോ എന്ന പേടി... 

************

ഈ സമയം കവലയിൽ..... 


പട്ടണത്തിൽ നിന്നും വന്നൊരു ജീപ്പ് കവലയുടെ മധ്യ ഭാഗത്ത് നിർത്തിയതും മധ്യവയസ്കനായ ഒരാൾ അതിൽ നിന്നും ഇറങ്ങി.. തോളിൽ നിന്നും ഊർന്നിറങ്ങിയ സഞ്ചി ശെരിയാക്കി കൊണ്ട്.. കട്ടി കണ്ണട കണ്ണിലേക്കു വെച്ച് കൊണ്ടയാൾ കവല മൊത്തം തന്റെ കണ്ണുകൾ കൊണ്ട് വീക്ഷിച്ചു.. കാവി മുണ്ടും ജുബ്ബയുമണിഞ്ഞ അയാളെ കവലയിലെ പീടികയിൽ ഇരുന്ന് ബീഡി നിറക്കുന്ന കാദർ കാക്ക സൂക്ഷിച്ചു നോക്കി... 

കാദർ കാക്കാനെ ലക്ഷ്യം വെച്ച് കൊണ്ട് പതിയെ അയാൾ നടന്നു... 
മണ്ണ് കൊണ്ട് പാകിയ നിലത്തിരുന്ന  കാദർ കാക്ക എഴുന്നേറ്റു നിന്നു. 


"എന്നെ മനസ്സിലായോ... "


കനമേറിയ ആ ശബ്ദം കേട്ടതും കാദർകാക്കാന്റെ കണ്ണുകൾ വിടർന്നു.. 


"ഗോവിന്ദൻ മാഷ്.... "


തന്നെ മനസ്സിലായെന്ന് അറിഞ്ഞതും അയാൾ ഒന്ന് പുഞ്ചിരിച്ചു.. തോളിലെ തോർത്ത്‌ എടുത്ത് പീടിക തിണ്ണ തുടച്ചു കൊണ്ട് കാദർ കാക്ക മാഷോട് ഇരിക്കാൻ പറഞ്ഞു. 


"മാഷിരിക്ക്... അന്ന് പോയതല്ലേ... പിന്നെ വന്നില്ലല്ലോ.. എത്ര ആയെന്നറിയോ... "


തിണ്ണയിൽ ഇരുന്ന് സഞ്ചി തോളിൽ നിന്ന് ഊരി മാറ്റി മാഷ് ചിരിച്ചു... 


"മറന്നിട്ടില്ല... കാലം കുറെ ആയിരിക്കുന്നു... ദൈവത്തിന്റെ വിളി എപ്പോ വരുമെന്ന് അറിയില്ലല്ലോ.. എല്ലാവരെയും കാണാമെന്നു കരുതി.."


"മാഷിന് കുടിക്കാൻ എന്തെങ്കിലും... "


"ഏയ്‌.. വേണ്ട... പിന്നെ എന്തൊക്കെ.. സുഖമല്ലേ... "


"അൽഹംദുലില്ലാഹ്.. അള്ളാഹുവിന്റെ ഹൈർ കൊണ്ട് അങ്ങനെ പോകുന്നു."


കാദർകാക്ക പറഞ്ഞു നിർത്തിയതും ആദമിന്റെ ജീപ്പ് കവലയിൽ വന്ന് നിർത്തി.. ശബ്ദം കേട്ടതും മാഷും കാദർ കാക്കയും അവിടേക്ക് നോക്കി.. ശിവ ഇറങ്ങിയതും ആദം ചിരിച്ചു കൊണ്ട് എന്തൊക്കെയോ പറയുന്നുണ്ട്.. അൽപ്പ സമയത്തിന് ശേഷം ശിവ നടന്നു പോയതും എതിർ ദിശയിലൂടെ ജീപ്പ് കുതിച്ചു പാഞ്ഞു.. 

കാദർകാക്കയുടെ മുഖത്ത് പുഞ്ചിരി വന്നതും മാഷ് ശിവ പോകുന്നതും ജീപ്പ് പോയ വഴിയും നോക്കി സംശയത്തോടെ കാദർകാക്കാനെ നോക്കി . 


"അത്.... "


"ഇങ്ങക്ക് മനസ്സിലായില്ല അല്ലേ.. .. ശ്രീധരൻ നമ്പൂതിരിയുടെ മോളാ.. സുമതി മോളെ തനി പകർപ്പാ അവൾ.. ഈ നാടിന്റെ ഐശ്വര്യം... "


"അപ്പോൾ.. ആ ജീപ്പിൽ ആരാ... കൃഷ്ണൻ നമ്പൂതിരിയുടെ മകൻ വിഷ്ണു ആണോ... "


"ഏയ്‌.. അല്ലാ... മാഷിന് ആളെ മനസ്സിലായില്ലേ... ആദം ആണത്... നാലോ അഞ്ചോ വയസ്സിൽ കണ്ടതല്ലേ അവനെ.. ഓർമ കാണില്ല.."


"ഏത് ആദം....??? "


ഇരുന്നിടത്ത് നിന്നും എണീറ്റ് കൊണ്ട് മാഷ് ചോദിച്ചതും കാദർ കാക്ക മറുപടി നൽകി.. 


"ആദം തന്നെ മാഷേ... ഹസ്സന്റെ മകൻ ആദം... "


കാദർ കാക്കാന്റെ മറുപടി കേട്ടതും മാഷ് ഞെട്ടി കൊണ്ട് ജീപ്പ് പോയ വഴിയേ നോക്കി നിന്നു.............(തുടരും)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story