ശിവ 🖤: ഭാഗം 6

shiva

രചന: RAIZA

"വിശ്വാസം വരുന്നില്ല അല്ലേ ഇങ്ങക്ക്.. ഓൻ തന്നെയാ അത്.. ആദം മാത്രമല്ല ഓന്റെ ഉമ്മയും ഉണ്ടീ നാട്ടിൽ... എങ്ങും പോയിട്ടില്ല... "


കാദർ കാക്കാന്റെ വാക്കുകൾ കേട്ട് വിശ്വാസം വരാത്ത പോലെ മാഷ് അയാളെ നോക്കി നിന്നു...എന്ത് പറയണമെന്നറിയാതെ... വാക്കുകൾ കിട്ടാതെ മാഷ് ആ തിണ്ണയിൽ ഇരുന്നു... അവിശ്വാസവും... അതിന് പുറമെ സന്തോഷവുമെല്ലാം ആ മുഖത്ത് മാറി മാറി വന്നു... 


"എന്താ മാഷേ... "


"ഏയ്‌.. ഒന്നൂല്ല.. ഞാൻ.. പെട്ടന്ന്.. കേട്ടപ്പോൾ... "

വാക്കുകൾ കിട്ടാതെ മാഷ് വീണ്ടുമാ തിണ്ണയിൽ ഇരുന്നു..മാഷിന്റെ മുഖത്തു നിന്നും മാറ്റം തിരിച്ചറിഞ്ഞ കദർക്കാക്ക  ജീപ്പ്  പോയ വഴിയേ നോക്കി കൊണ്ട് പറയാൻ തുടങ്ങി.... 


" അന്നാ കലഹവും വെട്ടും കുത്തുമൊക്കെ ഉണ്ടായത് നേരാ..ഉണ്ടാവാതിരിക്കോ. 
രണ്ടു മരണമല്ലേ നടന്നത്... സുമതിയുടെ പേര് പറഞ്ഞ് നമ്പൂതിരി കുടുംബം ഇളകിയില്ലേ... സാഹിബിന്റെ മകളും കൂടെ ആത്മഹത്യ ചെയ്തപ്പോ
ഈ നാട് രണ്ടായി പിളർന്നില്ലേ... ഓ... ആലോചിക്കാതിരിക്കാ നല്ലത്.. മാഷ്ക്കറീല്ലേ  എല്ലാം.. തമ്മീ തമ്മിൽ അടി കൂടുന്നത് തടയാൻ മാഷും കൊറേ നോക്കിയതല്ലേ..... 
അതൊക്കെ അന്നത്തെ കാലം... എല്ലാം ഒന്നൊടുങ്ങിയത് ആദമിന്റെ വാപ്പ ഈ നാട്ടിൽന്ന് പോയപ്പോഴല്ലേ ..."


പഴയ കാര്യങ്ങൾ പറയുന്നത് കേട്ട മാഷ് ഒരു നിമിഷം ഓർമകളെ അന്നത്തെ കാലത്തേക്ക് കൊണ്ട് പോയി... ഹസ്സന്റെയും സുമതിയുടെയും ബന്ധം  അറിഞ്ഞ സാഹിബ്‌ തന്റെ മകൾക്ക് വേണ്ടി കളിച്ച കളി കൊണ്ടെത്തിച്ചത് രണ്ട് മരണത്തിലേക്കായിരുന്നു... ഭാര്യയും രണ്ട് മക്കളുമായി ഈ നാട്ടിലെത്തിയ ഹസ്സൻ താൻ ചതിക്കപ്പെട്ടുവെന്നറിഞ്ഞപ്പോഴേക്കും സുമതി ഹസ്സന്റെ വരവറിഞ്ഞിരുന്നു    താനും വഞ്ചിക്കപ്പെട്ടു എന്നറിഞ്ഞതും അമ്പല കുളത്തിലെ ആഴമേറിയ ഭാഗത്തേക്ക്‌ ചാടി സുമതി.  ആത്മഹത്യ ചെയ്തു...   അതേ സമയം തന്നെ ഹസ്സന്റെ വരവ് പ്രതീക്ഷിച്ചു കൊണ്ട് കാത്തിരുന്ന സാഹിബിന്റെ മകൾ അവൻ കല്യാണം കഴിച്ചെന്നറിഞ്ഞതും ഉത്തരത്തിൽ കെട്ടി തൂങ്ങി..... 

ദേവിയായി പ്രതിഷ്ഠ ഇരുന്നവളുടെ മരണം നാടിനെയാകെ പിടിച്ചു കുലുക്കി... സർവ്വ ഐശ്വര്യങ്ങളും നാടിന് ലഭിക്കാൻ കാരണമാകുന്ന ദേവിയുടെ ശരീരം ചിതക്കുള്ളിൽ കത്തിയമരുമ്പോൾ ഈ നാട് അക്രമാസക്തമായി തീർന്നിരുന്നു... 
ഹസ്സന്റെ നേർക്ക് രണ്ട് മതവും തിരിഞ്ഞതും ഒളിക്കാൻ ഇടമില്ലാതെ അവൻ നാട് വിട്ടു..... 

"ഹസ്സൻ തന്റെ ചെറിയ കുഞ്ഞുമായി ഈ നാട്ടിൽ നിന്ന് പോയിട്ട് ഇന്നേവരെ ഒരു വിവരവുമില്ല.. മരിച്ചോ ജീവിച്ചിരിപ്പുണ്ടോ ഒന്നുമറീല്ല... ആ ലഹളക്കിടയിൽ ഭാര്യയേയും മകനെയും കൈവിട്ടു പോയിരുന്നു... മകളെ നെഞ്ചോട് ചേർത്ത് കണ്ണ് നിറച്ചു കൊണ്ടവൻ ഭയത്താൽ വണ്ടി കയറി പോയത് ഇന്നുമെന്റെ കണ്ണിലുണ്ട് മാഷേ... "


"ഹസ്സന്റെ ഭാര്യയും മോനെയും നാട്ടിൽ നിന്ന് പുറത്തേക്കിയെന്നാ കരുതിയെ..ഇപ്പൊ കണ്ടപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല.. "


"മ്മ്മ്.. നാട് രോഷം കൊള്ളുമ്പോൾ അവർക്കൊരു അഭയം കൊടുത്തത് ശ്രീധരൻ നമ്പൂതിരി തന്നെയായിരുന്നു.. നമ്പൂതിരിയുടെ ചെങ്ങായീന്റെ ഭാര്യയും മകനും അല്ലേ.. മതത്തിന്റെ പേര് പറഞ്ഞ് അടി കൂടുന്നവർക്ക് എറിഞ്ഞു കൊടുക്കാൻ തോന്നീട്ടുണ്ടാവില്ല... എല്ലാം ഒന്ന് ഒടുങ്ങിയപ്പോൾ നാട്ടുകൂട്ടം അവരെ വെറുതെ വിട്ടു.. അല്ലേലും ആ പാവങ്ങൾ എന്ത് ചെയ്തിട്ടാ... "

"മ്മ്മ്... അത് ഏതായാലും നന്നായി.. "


"ഹസ്സനേം മോളേം കുറിച്ച് പിന്നൊരു വിവരോം കിട്ടീല മാഷേ.. ജീവിച്ചിരിപ്പുണ്ടോ ആവോ.. അതോ ഈ നാട്ടിൽ കാലുകുത്താൻ പേടിച്ചിട്ടാവോ.. "

"ജീവിച്ചിരിപ്പുണ്ടേൽ മകനേം ഭാര്യയെയും തിരഞ്ഞു വരാതിരിക്കുമോ.. അവനങ്ങനെ പേടി ഉള്ള കൂട്ടത്തിൽ അല്ലല്ലോ..  ആയിരുന്നേൽ നെഞ്ച് വിരിച്ചു നിൽക്കില്ലായിരുന്നല്ലേ... അവസാനം അടി പതറിയപ്പോഴല്ലേ മകളെയും കൊണ്ട് നാട്ടിൽ നിന്ന് പോയേ..."


"അത് ശെരിയാ മാഷേ.. ഹസ്സന്റെ അതേ സ്വഭാവം തന്നെയാ ആദമിനും..
പിന്നെ.. നമ്പൂതിരിയുടെ മകൾ ഇല്ലേ.. ദേവു.. അവർ ഇഷ്ടത്തിലാ.. "


കാദർ കാക്ക അത് പറഞ്ഞതും മാഷിന്റെ മുഖത്ത് വീണ്ടും ഞെട്ടൽ വന്നു.. അത് മനസ്സിലാക്കി കൊണ്ടെന്നോണം കാദർ കാക്ക നെടുവീർപ്പിട്ട് കൊണ്ട് തുടർന്നു.. 


" അവർ നല്ല കൂട്ടാ മാഷേ.. ഈ നാടിന് പ്രിയപ്പെട്ടവർ... ഹാ.. എന്ത് ചെയ്യാൻ.. ഒരേ ജാതി ആണേൽ അങ്ങ് ഒരുമിപ്പിക്കായിരുന്നു.. ഇതിപ്പോ അന്നത്തെ പോലെ ആവാതിരിക്കാൻ ആവതും ശ്രമിക്കുന്നുണ്ട്.. ദേവു ഈ നാടിന്റെ ഐശ്വര്യം തന്നെയാ.. അന്നീ നാട് രണ്ടായി പിളർന്ന് എല്ലാം തകർന്ന് നിൽക്കുമ്പോഴാ അവളുടെ ജനനം.. പിന്നീടങ്ങോട്ട് എല്ലാം വീണ്ടെടുക്കലായിരുന്നു... ആ കൊച്ചിനെ ദേവി ആക്കണം എന്നൊക്കെയാ അവരുടെ തീരുമാനം.. പക്ഷെ.. നിർബന്ധിച്ചു പ്രതിഷ്ഠ ഇരുത്തിയാൽ അതും ഈ നാടിന് കേടാണെന്ന പറയുന്നേ.. ശിവന്റെ അനുഗ്രഹം വേണ്ടുവോളം ലഭിച്ച കുട്ടിയാത്രെ... എന്തയാലും.. അവരുടെ ഈ പോക്ക് നല്ലീനല്ല... അവരോടുള്ള സ്നേഹം കാരണം ആരും എതിർക്കേമില്ല.. "


അതും പറഞ്ഞ് കൊണ്ട് കാദർ കാക്ക നിലത്തിരുന്ന് ബീഡി ചുരുട്ടാൻ തുടങ്ങി.. മാഷ് ഗാഢമായ ചിന്തയിലായിരുന്നു... മനസ്സിൽ എന്തൊക്കെയോ കണക്ക് കൂട്ടലുകൾ നടത്തുന്നുണ്ടെന്ന്  ഗൗരവം നിറഞ്ഞ മുഖം വിളിച്ചു പറയുന്നുണ്ട്. 
ഒടുവിൽ എന്തോ തീരുമാനിച്ചു കൊണ്ട് മാഷ് അവിടെ നിന്നും എണീറ്റ് യാത്ര പറഞ്ഞു കൊണ്ട്  ലക്ഷ്യ സ്ഥാനത്തേക്ക് നടന്നു.... 


************

പട്ടണത്തിലേക്കുള്ള വഴി മുഴുവൻ മനസ്സിൽ നിറഞ്ഞു നിന്നത് ശിവയുടെ വാക്കുകൾ ആയിരുന്നു... അസി എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും അതൊന്നും കേൾക്കാൻ മനസ്സ് തയ്യാറായില്ല... കണ്ണടച്ച് കിടന്ന് കൊണ്ട് മനസ്സിൽ ശിവയെ ഓർത്തു... 
അച്ഛൻ നമ്പൂതിരി അങ്ങനെ പറയണം എന്നുണ്ടെങ്കിൽ കാര്യമായി എന്തോ ഉണ്ടായിട്ടുണ്ടാവണം.. എന്നെ മറക്കാൻ ഒരിക്കലും അച്ഛൻ നമ്പൂതിരി പറയില്ല.. കാരണം ശിവക്ക് എന്നോടുള്ള ഇഷ്ടം എത്രത്തോളമെന്ന് നമ്പൂതിരിയെക്കാൾ കൂടുതൽ മറ്റാർക്കും അറീല.. 

പാവം.. ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.. ഒരു ഭാഗത്ത് മകളുടെ ഇഷ്ടം.. മറു ഭാഗത്ത്‌ വിശ്വാസങ്ങളും ആചാരങ്ങളും.. സമൂഹവും.. 
എന്ത് വന്നാലും എന്റെ പെണ്ണിനെ ഞാൻ മറക്കില്ല.. ഒരു ശിവനും വിട്ടു കൊടുക്കേം ഇല്ല... 

"ഡാ.. സ്വപ്നം കണ്ടു കിടക്കാണോ.. "


ബ്രേക്ക്‌ ചവിട്ടി അസി വിളിച്ചപ്പോൾ ആണ് എഴുന്നേറ്റത്.. മനസ്സിൽ ഓരോന്ന് ആലോചിച്ചു കൊണ്ട് എപ്പോഴാ ഉറങ്ങി പോയെന്ന് അറിയില്ല..കണ്ണ് തിരുമ്മി നോക്കി.. പട്ടണത്തിൽ എത്തിയിട്ടുണ്ട്.. ഇനി ചരക്കെല്ലാം ഇറക്കണം.. ശിവക്ക് കുപ്പിവള വാങ്ങണം.. അതവൾക്ക് ജീവനാണ്.... 


************


നൃത്ത ക്ലാസ്സ്‌ കഴിഞ്ഞപ്പോഴേക്ക് സന്ധ്യ ആയിരുന്നു.. എന്നും ഇത്ര വൈകാറില്ല.. ഇന്ന് ഒരുപാട് കുട്ടികൾ ഉണ്ടായിരുന്നു... വിഷ്ണുവേട്ടൻ വരാമെന്ന് പറഞ്ഞിട്ട് ആ വഴിക്കൊന്നും കണ്ടില്ല.. മിക്കവാറും അമ്പലത്തിൽ ഇരുന്നിട്ടുണ്ടാവും... 

കവല കഴിഞ്ഞ് പാട വരമ്പത്തേക്ക് എത്തിയതും എതിരെ ഒരാൾ വരുന്നത് കണ്ടു.. ജുബ്ബയും കാവി മുണ്ടും ധരിച്ച സഞ്ചി തൂക്കിയ ഒരാൾ.. ഇതിന് മുൻപ് കണ്ടു പരിചയമില്ല.. അടുത്തെത്തിയതും ഞാൻ ചിരിച്ചു കൊണ്ട് വഴി മാറി കൊടുത്തു.. എന്നെ തന്നെ നോക്കി കൊണ്ടയാൾ നടന്നു നീങ്ങി പോയി... പിന്തിരിഞ്ഞു എന്നെ തന്നെ നോക്കുന്നത് കണ്ടതും ഞാൻ വേഗത്തിൽ മുന്നോട്ട് നടന്നു.. 
ആരാണെന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല... ആദം വന്നോ ആവോ.. വന്നിരുന്നേൽ അവനോടു ചോദിക്കാമായിരുന്നു.. അവനറിയാത്ത ആരും ഈ നാട്ടിൽ ഉണ്ടാവില്ല... 

പാടം കഴിഞ്ഞ് ഇടവഴിയിലേക്ക് കയറിയതും സാഹിബിന്റെ വീടിന് മുന്നിൽ ജീപ്പ് നിർത്തിയിട്ടിരിക്കുന്നത് കണ്ടു... അപ്പോൾ ആദം എത്തിയിട്ടുണ്ട്... നിറഞ്ഞ ചിരിയാൽ ഞാൻ വേഗത്തിൽ ഇല്ലത്തേക്ക്  നടന്നു .. മുറ്റത്ത് തന്നെ മുത്തശ്ശിയും വിഷ്ണുവേട്ടനും നിൽക്കുന്നുണ്ടായിരുന്നു... അവരെ നോക്കി ചിരിച്ചു കൊണ്ട് ഞാൻ അകത്തേക്ക് കയറി പോയി..... 
ആദമിനെ കാണാൻ പോകാൻ ഉദ്ദേശിച്ചു കൊണ്ട് ഞാൻ വേഗം കുളിച്ചു.. ദാവണി ഉടുത്തു കൊണ്ട് താഴേക്കിറങ്ങി.. 


"ഈ സന്ധ്യാ നേരത്തിതെങ്ങോട്ടാ കുട്ടീ... പൂജാമുറിയിൽ വിളക്ക് വെച്ച് നാമം ജപിക്കൂ ദേവൂ.. "


പുറത്തേക്കിറങ്ങാൻ കാലെടുത്തു വെച്ചതും മുത്തശ്ശി വഴക്ക് പറയാൻ തുടങ്ങി.. അപ്പോൾ തന്നെ ബാങ്കും കൊടുത്തു ... ഇനിയിപ്പോ ആദമിനെ ഇപ്പോഴൊന്നും കാണാൻ പറ്റില്ല..  

പുറത്തേക്ക് വെച്ച കാൽ ഉള്ളിലേക്കിട്ട് കൊണ്ട് ഞാൻ പൂജാമുറിയിൽ വിളക്ക് വെക്കാൻ ഒരുങ്ങി... 
നാമം ജപിച്ച് പ്രാർത്ഥിച്ചു കഴിഞ്ഞപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു... അച്ഛനും വല്യച്ചനും വിഷ്ണുവേട്ടനും അടുത്ത ആഴ്ച നടത്തുന്ന ഉത്സവത്തിന്റെ ചർച്ചയിലാണ്... 

കുറച്ചു നേരം അവരുടെ സംസാരം കേട്ട് ഞാൻ മുറിയിലേക്ക് പോയി... അവിടെ തെക്കേ അറ്റത്തുള്ള ജനാലയിൽ ഇരുന്നതും മധുവൂറും സ്വരത്തിൽ ആദമിന്റെ ഖുർആൻ വരികൾ എന്റെ കാതുകളിൽ അലയടിച്ചു.  അവൻ ഓതുന്നത് കേട്ടാൽ മതിമറന്നിരുന്നു പോകും.. അത്രക്ക് ഭംഗിയാണാ ഓത്തിന്..  


കുറച്ചു സമയം അതും കേട്ട് അവിടെ ഇരുന്നു.. പെട്ടന്ന് ആ ശബ്ദം നിലച്ചതും അവൻ പള്ളിയിൽ നിന്നും ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണെന്ന് മനസ്സിലായി..  വേഗം തന്നെ ഞാൻ താഴേക്ക് ഓടി.   സർപ്പക്കാവിൽ വിളക്ക് വെക്കാനെന്നു മുത്തശ്ശിയോട് പറഞ്ഞു കൊണ്ട് ഞാൻ ഇല്ലത്തിന്റെ പിറകിലെ വഴിയിലൂടെ സർപ്പക്കാവിലേക്ക് നടന്നു.....  


************


പട്ടണത്തിൽ നിന്ന് ഏറെ വൈകിയാണ് എത്തിയത്.. ക്ലാസ് കഴിഞ്ഞ്  ഇറങ്ങുന്ന ശിവയെ ചെന്ന് കാണലും ഒരുമിച്ച് നടക്കലും പതിവുണ്ടെങ്കിലും ഇന്ന് ക്ഷീണം കാരണം ഉറങ്ങി പോയി..  ഉമ്മാന്റെ ചീത്ത കേട്ടാണ് എണീറ്റത്. മഗ്‌രിബ് ബാങ്ക് കൊടുത്തിരുന്നു.. അസിയെ കൂട്ടി പള്ളിയിൽ പോയി... പിന്നെ ഇറങ്ങുന്നത് ഒമ്പത് മണി കഴിഞ്ഞാണ്.. 

ശിവ എന്നെയും കാത്ത് സർപ്പക്കാവിൽ നിൽക്കുന്നുണ്ടെന്നറിയാവുന്നത് കൊണ്ട് തന്നെ അസിയെ പറഞ്ഞയച്ചു കൊണ്ട് ഞാൻ സർപ്പക്കാവ് ലക്ഷ്യം വെച്ച് നടന്നു... 

ഇരുൾ നിറഞ്ഞ വഴിയിലൂടെ നടന്ന് ഒടുവിൽ ഞാൻ അവളുടെ അരികിൽ എത്തി.. വിളക്ക് തെളിയിച്ച് എന്നെയും കാത്ത് അവിടെ ഇരിക്കാണവൾ.. 

"ആഹാ.. വന്നോ... എത്ര നേരായി കാത്തിരിക്കുന്നു.. "


"എത്ര വൈകിയാലും കാത്തിരിക്കാൻ നീയുണ്ടെന്നറിയാമല്ലോ എനിക്ക്... "


"സാഹിത്യം പറയാതെ ഇങ് താ.. "


കൈ നീട്ടി കൊണ്ടവൾ പറഞ്ഞതും ഷർട്ട്‌ ഒന്ന് പൊക്കി അരയിൽ തിരുകിയ പൊതി ഞാൻ എടുത്ത് അവൾക്ക് നേരെ നീട്ടി.. കണ്ണുകൾ വിടർത്തി കൊണ്ടവൾ അത് വാങ്ങി തുറന്നു.. 


"ന്റെ ശിവാ.. മനസ്സിൽ വിചാരിച്ചേ ഉള്ളൂ ഈ നിറത്തിൽ തന്നെ ആയിരിക്കണേന്ന്.. "


"എന്റെ ശിവയുടെ മനസ്സ് എനിക്കല്ലാതെ ആർക്കാ അറിയാ പെണ്ണേ.. മറ്റവന് തീരെ അറിയില്ല... "


"ആർക്ക്... "


പുരികം പൊക്കി കൊണ്ട് അവൾ രണ്ട് കയ്യും ഊരക്ക് കൊടുത്തു കൊണ്ട് ചോദിച്ചതും ശിവൻ എന്നർത്ഥത്തിൽ  കൈകൾ കൂപ്പി ഞാൻ മേലേക്ക് നോക്കി.. അത് കണ്ടതും അവൾ കണ്ണുരുട്ടി കൊണ്ട് എന്റെ ചെവിയിൽ പിടിച്ചു വലിച്ചു.. 


"ഹാവൂ.. വിട് പെണ്ണേ.. എപ്പോ നോക്കിയാലും നീയീ ചെവി വലിക്കുന്നത് എന്തിനാ.. "


"അതോ.. താടി ഇല്ലാത്തത് കൊണ്ട്... "


"ഓ.. എന്തോ.... "


"ആ ടാ ചെക്കാ.. നിനക്കാ താടി ഒന്ന് വളർത്തിക്കൂടെ.. ഇതിപ്പോ ഒരു രോമം കണ്ടു പിടിക്കാൻ ടോർച് അടിക്കേണ്ടി വരും.  "


"അയ്യോ.. നമ്മക്കീ താടി ഒന്നും വേണ്ടായേ... നോക്കിക്കോ.. നാട്ടുകൂട്ടം ഊരുവിലക്ക് കല്പ്പിക്കുന്ന അന്ന് ഞാൻ ഇവിടെ നിന്ന് പോകും.. എന്നിട്ടൊരു വരവ് വരും.. താടിയൊക്കെ നീട്ടി വളർത്തി.... "

ഞാനത് പറഞ്ഞതും പെട്ടന്നവളുടെ മുഖം മങ്ങി... 


"എന്റെ ആദം എങ്ങും പോവില്ല.. പോയാൽ അല്ലേ താടി വളർത്തി വരാ.. അങ്ങനെയിപ്പോ താടി വളർത്താൻ പോകേണ്ട.. "


"ഹഹഹ.. പൊട്ടി പെണ്ണേ.. അപ്പോഴേക്കും സങ്കടം വന്നോ.. "


"ഡാ ചെക്കാ.. വല്ലാതങ്ങ് ചിരിക്കല്ലേ.. അങ്ങനെ എന്നെ വിട്ട് പോകാമെന്നു കരുതേണ്ട. പോയാൽ തന്നെ വരുത്താനുള്ള സൂത്രമൊക്കെ എനിക്കറിയാം. "


"ഓഹോ.. എന്നാ ദേവി ഒന്ന് പറഞ്ഞാട്ടേ... "


"അയ്യോടാ.. ഇപ്പൊ പറയില്ല.. എന്നെ വിട്ട് പോയി.. തിരിച്ചു വരുമ്പോൾ പറയാം ട്ടോ... "


ചിരിച്ചു കൊണ്ടവൾ പറഞ്ഞതും ഞാനും ചിരിച്ചു.. 
ആ ചിരിക്കിടയിൽ ഞങ്ങളുടെ കണ്ണുകൾ പല കഥകളും പറയുന്നുണ്ടായിരുന്നു... ചന്ദനം തൊട്ട അവളുടെ നെറ്റിയിലേക്ക് ഊർന്നിറങ്ങിയ മുടിയിഴകൾ കാറ്റിൽ സ്ഥാനം തെറ്റി കളിക്കുന്നുണ്ടായിരുന്നു.. ഒരു നിമിഷം മതി മറന്നിരുന്ന ഞാൻ വേഗം മുഖം തിരിച്ചു..  


 "ആദം....... "


വാക്കുകൾ കിട്ടാതെ ഞങ്ങൾ രണ്ടു പേരും മൗനം പാലിച്ചിരിക്കുമ്പോഴാണ് പിന്നിൽ നിന്നൊരു വിളി ഞങ്ങളിലേക്കെത്തിയത്..........(തുടരും)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story