ശിവ 🖤: ഭാഗം 7

രചന: RAIZA

ആദം എന്റെ കണ്ണുകളിലേക്ക് നോക്കുംതോറും ഹൃദയമിടിപ്പ് വല്ലാതെ കൂടുന്ന പോലെ.. അരികിലിങ്ങനെ ഇരിക്കാറുണ്ടെങ്കിലും ഇന്നെന്തോ.. കഴിയുന്നില്ല അവന്റെ നോട്ടം നേരിടാൻ... രോമമൊട്ടുമില്ലാത്ത അവന്റെ കവിളിൽ വിരിയുന്ന നുണക്കുഴി കാണാൻ തന്നെ ഭംഗിയാണ്.. അത് വിരിയാൻ കരണമാകുന്നയാ കള്ള ചിരിയും ഹൃദയത്തിലങ്ങനെ തുളച്ചു കയറാണ്... 

രണ്ട് പേർക്കുമിടയിൽ മൗനം കൂട്ടിന് വന്നതും പെട്ടന്നാരോ ആദമെന്ന് വിളിച്ചു.. ഇരുന്നിടത്ത് നിന്ന് തന്നെ തല ചെരിച്ചു കൊണ്ട് ഞങ്ങൾ രണ്ടു പേരും ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി ... അത് അയാൾ ആയിരുന്നു.. പാട വരമ്പത്തു വെച്ച കണ്ട ആ മനുഷ്യൻ.. അയാൾ.. ഇവിടെ..??? 

പരിചയമില്ലാത്ത അയാളെ കണ്ട് ഞാൻ ശിവയുടെ മുഖത്തേക്ക് നോക്കി.. അവളും അയാളെ നോക്കി നിൽക്കാണ്.. ഇരുന്നിടത്ത് നിന്നും എണീറ്റ് കൊണ്ട് ഞാൻ അയാൾക്ക് മുന്നിൽ നിന്നു.യാതൊരു ഭാവവും മുഖത്ത് വരുത്താതെ  അയാൾ ഞങ്ങളുടെ അടുത്തേക്ക് വന്നു.. ഇതിന് മുൻപ്  ഇവിടെ എങ്ങും കണ്ടിട്ടില്ല.. എന്റെ പേര് എങ്ങനെ ഇയാൾക്കറിയും... 


"എന്നെ മനസ്സായിലായിട്ടുണ്ടാവില്ല.. അല്ലേ.. അതല്ലേ രണ്ടു പേരുടെയും മുഖത്തീ അന്ധാളിപ്പ്.. "


വളരെ സൗമ്യമായി അയാൾ പറഞ്ഞതും ഞാൻ പതിയെ ചിരിച്ചു കൊണ്ട് ശിവയെ നോക്കി.. അവളിപ്പോഴും എന്തോ ഭയം പോലെ അയാളെ നോക്കി നിൽക്കാണ്.. 


"മുമ്പിവിടെയൊന്നും  കണ്ടിട്ടില്ല... അതാ.. മനസ്സിലാവാതെ.... "


"ഹഹഹ.. നിങ്ങൾക്ക് മുന്നേ ഞാനിവിടെ ഉണ്ട്.. നിങ്ങൾ കണ്ടില്ലെന്നത് സത്യം.. വർഷങ്ങൾക്ക് മുമ്പ് ഇവിടെ നിന്നും പോയതാ.. അന്ന് മോൾ ജനിച്ചിട്ടില്ല.. നീ ഉണ്ട്‌.. എന്നെ കണ്ടിട്ടുമുണ്ട്.. നമ്മൾ സംസാരിച്ചിട്ടുമുണ്ട്.. പക്ഷെ.. ഓർമയുണ്ടാവില്ല.. അഞ്ചു വയസ്സല്ലേ നിനക്കുണ്ടായിരുന്നുള്ളൂ "

അയാൾ പറഞ്ഞ ഓരോ വാക്കുകളും കേട്ട് എന്റെ ചിന്തകൾ പല വഴിക്ക് പോയി.. ആരാണിയാൾ.. അവസാനം എത്തിച്ചേർന്നത് ആ ചോദ്യത്തിൽ ആയിരുന്നു.. 


"സമയം ഒരുപാട് ആയില്ലേ.. മോള് പൊയ്ക്കോളൂ... ആദം ഇവിടെ നിൽക്കട്ടെ.. എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്.. "


ശിവയെ നോക്കി അയാൾ പറഞ്ഞതും അവൾ എന്റെ മുഖത്തേക്കും അയാളെ മുഖത്തേക്കും മാറി മാറി നോക്കി.. 


"ഭയപ്പെടേണ്ട കുട്ടീ.. ഞാൻ ഇവിടുത്തെ മാഷ് ആയിരുന്നു.. ഗോവിന്ദൻ മാഷ്.. നിന്റെ അച്ഛന് എന്നെ അറിയാം.. ആദമിനോട് കുറച്ചു ചോദിക്കാൻ ഉണ്ടായിരുന്നു.. അവനോട് സംസാരിച്ചു കഴിയുമ്പോഴേക്കും സമയം വൈകും.. മോളെ ഇല്ലത്ത് അന്യോഷിക്കും..മോള് നടന്നോളൂ "


എന്നെ ഇവിടെ ഇട്ടേച്ചു പോവാനുള്ള അവളുടെ പേടി മനസ്സിലാക്കിയെന്നോണം അയാൾ പറഞ്ഞതും മനസ്സിൽ എവിടെയോ ആ പേര് വീണ്ടും വീണ്ടും മുഴങ്ങി.. മാഷ്... ഓർമകളിൽ എവിടെയോ തങ്ങി നിൽക്കുന്ന.. എന്നാൽ ഓർത്തെടുക്കാൻ കഴിയാത്ത പേര്... 


"ശിവ.. നീ പൊക്കോ.. ഞാൻ കുറച്ചു കഴിഞ്ഞാൽ പൊയ്ക്കോളാം.. "


കണ്ണുകൾ കൊണ്ട് ആദം എന്നെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞതും അവനെ നോക്കി മൂളി അയാളെ ഒന്ന് കൂടെ നോക്കി കൊണ്ട് ഞാൻ തിരിഞ്ഞു നടന്നു.... കാവിൽ നിന്ന് മറയാൻ നിന്നതും ഞാനൊന്ന് തിരിഞ്ഞു നോക്കി.. ആദമിനെ ചേർത്ത് പിടിച്ച് അവിടെ നിന്നും പോകാൻ നിൽക്കാണ് അയാൾ... 
എന്തോ ... വലിയ വിപത്ത് വരാൻ ഉണ്ടെന്ന് മനസ്സ് പറയും പോലെ... എന്റെ ആദമിനെ എന്നിൽ നിന്നകറ്റാൻ ആണോ അയാൾ വന്നിരിക്കുന്നത്.. 

ശിവാ....അരുതാത്തതൊന്നും സംഭവിക്കല്ലേ... 

കണ്ണടച്ച് പ്രാർത്ഥിച്ചു കൊണ്ട് ഞാൻ കണ്ണുകൾ തുറന്നതും കാവിൽ കത്തിച്ചു വെച്ച  വിളക്ക്  പെട്ടന്ന് കെട്ടു..  ഒരു ഞെട്ടലോടെ അരികിലെ വള്ളിപ്പടർപ്പിൽ കൈ വെച്ച് മുന്നോട്ട് നോക്കിയതും ആദമിന്റെ തോളിൽ കയ്യിട്ട് ഇടവഴി മറയുന്ന അയാളെ ഞാൻ കണ്ടു.............     


************


കാവിൽ നിന്നും ഞങ്ങൾ നടന്ന് ഇടവഴിയിലേക്ക് തിരിഞ്ഞു. എന്റെ കൂടെ നടക്കുന്നുവെന്നല്ലാതെ ആ മാഷ് ഒന്നും മിണ്ടുന്നില്ല... ഞാനും ഒന്നും പറയാനോ ചോദിക്കാനോ പോയില്ല..മനസ്സിൽ മുഴുവനും ആ പേര് കിടന്ന് കളിക്കായിരുന്നു... ഗോവിന്ദൻ മാഷ്... 


നടന്ന് നടന്ന് ഞങ്ങൾ മൈലാടി പാറയുടെ മുകളിലെത്തി.. ഈ പാറയുടെ മുകളിൽ ഇരുന്നാൽ ശിവപുരം മുഴുവനും കാണാം.. നിലാവിൽ കുളിച്ചു നിൽക്കുന്ന ശിവപുരത്തെ ഒരു പുഞ്ചിരിയാൽ നോക്കി നിൽക്കുമ്പോഴാണ് മാഷ് എന്റെ ചുമലിൽ കൈ വെച്ചത്.. 


"ആദം..  നിനക്കെന്നെ മനസ്സിലായില്ലേ കുട്ടീ... "


സൗമ്യമായി വാത്സല്യം തുളുമ്പുന്ന ശബ്ദത്തിൽ മാഷ് സംസാരിച്ചു തുടങ്ങി... 


"വർഷങ്ങൾക്ക് മുൻപ് ഈ നാട്ടിൽ നടന്ന ലഹള നിനക്കറിയില്ലേ.. അന്ന് പേടിച്ചരണ്ട കണ്ണുകളാൽ സഹായത്തിനായി നീയെന്നെ നോക്കിയ നോട്ടം ഇന്നും ഞാൻ മറക്കില്ല.. "


"മാഷ്.... !!!!.."


അതേ...മാഷ് തന്നെ... മാഷിന്റെ ആ വാക്കുകൾ ഓർമകളെ കുത്തി തുറന്ന് ഓരോ നിമിഷങ്ങളെയും ഓർത്തെടുത്തു... ഉപ്പാന്റെ കൈപ്പിടിച്ച് ഉമ്മാനെ വലയം ചെയ്ത് പേടിച്ചരണ്ട് ഞാൻ നിന്നപ്പോൾ... എന്നെ ആശ്വസിപ്പിച്ചത് ഈ മാഷ് ആയിരുന്നു... എല്ലാവരും ഞങ്ങളെ കൊല്ലാൻ പോലും മടിക്കാതെ വാളും കത്തിയും ആയി വന്നപ്പോൾ മാഷ് മാത്രമാണ് ഞങ്ങൾക്കൊപ്പം നിന്നത്... പക്ഷെ.. പ്രശ്നം രൂക്ഷമായപ്പോൾ...കൂട്ടം കൂടി വന്ന നാട്ടുകാരിൽ നിന്നും ഓടി രക്ഷപ്പെടുന്നതിനിടയിൽ ഞാനും ഉമ്മയും ഒരു വഴിക്കും.. ഉപ്പയും കുഞ്ഞു പെങ്ങളും മറ്റൊരു വഴിക്കുമായി... അന്ന് ഞാനും ഉമ്മയും ഒളിച്ചത് സർപ്പക്കാവിൽ ആയിരുന്നു... പാമ്പിന്റെ സീൽക്കാര.ശബ്ദത്തിൽ പേടിച്ച് വിറച്ച് എന്ത് ചെയ്യണം എന്നറിയാതെ നിന്നപ്പോൾ ഞങ്ങൾക്ക് തുണയായത് ശിവയുടെ അച്ഛൻ ആയിരുന്നു..... ഇല്ലത്തേക്ക് ഞങ്ങളെ കൊണ്ട് പോയി രഹസ്യമായി പാർപ്പിച്ചു... 
എല്ലാം അടങ്ങിയപ്പോൾ വേദനയോടെ ഞാനും ഉമ്മയും അറിഞ്ഞു... ഉപ്പയെയും  കുഞ്ഞു പെങ്ങളെയും കാണാനില്ലെന്ന്.. പിന്നീട് എത്ര അന്യോഷിച്ചിട്ടും കണ്ടെത്താൻ ആയില്ല... 

എല്ലാം ഓർത്തെടുത്തപ്പോൾ കണ്ണ് നിറഞ്ഞൊഴുകി... എന്റെ ചുമലിൽ തട്ടി മാഷ് ആശ്വസിപ്പിച്ചു.. 


"മറക്കാൻ പറ്റുമോ മാഷേ... വെട്ടിക്കൊല്ലാൻ നിന്ന ഈ നാട്ടുകാരിൽ നിന്ന് ഞങ്ങളെ രക്ഷിക്കാൻ ശ്രമിച്ചത് മാഷല്ലേ.. ഞങ്ങൾക്ക് വേണ്ടി വാദിച്ചത് കൊണ്ടല്ലേ ഊര് വിലക്ക് കൽപ്പിച്ചത്.."

"ഹാ.. മതത്തിന്റെ പേരിൽ അടി ഉണ്ടാകാതിരിക്കാൻ അന്ന് ആവുന്നതും ഞാൻ ശ്രമിച്ചു... ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. രണ്ട് മതത്തിലും ഓരോ മരണം നടന്നതല്ലേ... ഒന്ന് ഈ നാട്ടിലെ ദേവി.. മറ്റൊന്ന് ഈ നാട്ടിലെ പ്രമാണിയുടെ ഒരേ ഒരു മകൾ.. സഹിക്കാൻ കഴിയുമോ.. "


"എന്ത് കൊണ്ട് സഹിച്ചൂടാ മാഷേ.. എന്റെ ഉപ്പയെ പറ്റിച്ചതല്ലേ എല്ലാവരും ചേർന്ന്.. അതിന്റെ ശിക്ഷ തന്നെയാ ഈ നാടിന് കിട്ടിയത്.. സ്നേഹിച്ച പെണ്ണിനെ തന്നിൽ നിന്നകറ്റി.. അതും ചതിയിലൂടെ... അന്നീ നാട്ടിൽ കുടുംബവുമായി കാലുകുത്തിയ എന്റെ ഉപ്പ താൻ സ്നേഹിച്ച പെണ്ണും താനും ഒരുപോലെ വഞ്ചിക്കപ്പെട്ടു എന്നറിഞ്ഞപ്പോഴുള്ള ഉപ്പാന്റെ അവസ്ഥ എന്തായിരിക്കും... തകർന്നു പോയിട്ടുണ്ടാവും... എന്റെ ഉപ്പാന്റെ നെഞ്ച് പിളർത്തിയതിനുള്ള ശിക്ഷ തന്നെയാ ഈ നാടിന് കിട്ടിയത്... "


ആളിക്കത്തുന്ന വൈരാഗ്യവുമായി നുരഞ്ഞു പൊന്തുന്ന രോഷം വാക്കുകളിൽ ഒതുക്കി കൊണ്ട് ഞാൻ പറഞ്ഞതും കണ്ണിമ ചിമ്മാതെ മാഷ് എന്നെ നോക്കി നിന്നു..


"സാഹിബ്‌ മാത്രമല്ല മാഷേ.. മറ്റാരോ ഇതിനിടയിൽ കളിച്ചിട്ടുണ്ട്... ഉപ്പാന്റെ കല്യാണം കഴിഞ്ഞത് സാഹിബ്‌ അറിഞ്ഞിട്ടില്ല...അതുമല്ല.. ഉപ്പാന്റെ പ്രണയം ആത്മാർഥമായിരുന്നു.. എന്നിട്ടും മറ്റൊരു കല്യാണത്തിന് ഉപ്പ  തയ്യാറാവുമെന്ന് എനിക്ക് തോന്നുന്നില്ല... കണ്ടുപിടിക്കും ഞാനത്...എന്റെ ഉപ്പയെയും പെങ്ങളൂട്ടിയെയും ഞങ്ങളിൽ നിന്നും അടർത്തി മാറ്റിയവരെ വെറുതെ വിടില്ല ഞാൻ... "

കോപത്താൽ കത്തി ജ്വലിച്ചു നിൽക്കുന്ന അവനെ നോക്കി കൊണ്ട് മാഷ് ഒരു നിമിഷം ചിനതകുലനായി നിന്നു... തന്റെ മുഖത്തേക്ക് നോക്കാതെ ഇരുൾ മായ്ക്കാനായി തെളിഞ്ഞു നിൽക്കുന്ന നിലാവിനെ നോക്കി നിൽക്കുന്ന അവന്റെ  നേർ ചെന്ന് നിന്നു.. 

"ആദം... നിന്റെ ഉള്ളിലെ പകവീട്ടാനാണോ ദേവയുമായി അടുക്കുന്നത്... അവൾ വഴി ഈ നാടിനെ തകർക്കാൻ ആണോ നിന്റെ ഉദ്ദേശം..... "


മാഷ് എന്നെ നോക്കി അത് പറഞ്ഞതും ഞാൻ മാഷേ നോക്കി പുഞ്ചിരിച്ചു... കോപം മാറി പെട്ടന്ന് പുഞ്ചിരി വന്നത് കൊണ്ട് തന്നെ മാഷ് എന്നിൽ നിന്ന് കണ്ണെടുക്കാതെ എന്റെ വാക്കുകൾക്കായി കാതോർത്തിരുന്നു.. 


"മാഷേ... ഈ നാടിനെ തകർക്കണമെന്ന ഒരു ഉദ്ദേശവും എനിക്കില്ല... പകയുണ്ട്.. ഈ നാടിനോടല്ല.. ചിലരോട് മാത്രം..ഞങ്ങളെ ഇവിടെ നിന്നും പറഞ്ഞയക്കാതെ അഭയം തന്നത് തന്നെ ആ സാഹിബിന്റെ കുരുട്ട് ബുദ്ധിയാണ്... എന്നെങ്കിലും ഞങ്ങളെ തിരഞ്ഞ് ഉപ്പ വരുമെന്ന് അയാൾക്കറിയാം.. അത് കൊണ്ട് തന്നെയാണ് ഞങ്ങളെ പിടിച്ചു വെച്ചിരിക്കുന്നത്... 
പിന്നെ.. ശിവ.... ഒരിക്കലും എന്റെ ശിവയെ വെച്ച് ഞാൻ കളിക്കില്ല മാഷേ... അവളെന്റെ ജീവനാണ്... പക തീർക്കാനല്ല ഞാനവളെ സ്നേഹിക്കുന്നത്.. അവളെന്റെയാ മാഷേ... "

"ആദം.... ഇത്ര നേരം പക്വതയോടെ സംസാരിച്ച നീ തന്നെയാണോ ഇങ്ങനെ പറയുന്നത്... എന്താണ് നീ ചെയ്യുന്നതെന്ന ബോധം നിനക്കുണ്ടോ... നിന്റെ ഉപ്പാനെ പോലെ ആവുകയാണോ നീ... നോക്ക് ആദം... നീ ഇപ്പോൾ ചെയ്യുന്നത് തെറ്റാണ്.. ആ തെറ്റിന്റെ ഫലം ഈ നാട് രണ്ടായി പിളരുന്നതായിരിക്കും... "

"എന്റെയും ശിവയുടെയും ഇഷ്ടത്തെ പറ്റിയാണ് മാഷ് ഉദ്ദേശിക്കുന്നതെങ്കിൽ അത് വേണ്ട മാഷേ.. ആരെന്ത് പറഞ്ഞാലും എന്റെ ശിവയെ ഞാൻ മറക്കൂല. ഞങ്ങൾ കാരണം ഈ നാടിന് ഒന്നും സംഭവിക്കില്ല.. ശരീരം ചേർന്ന് ഒരുമിച്ചാൽ അല്ലേ സമൂഹത്തിന് പ്രശ്നമുള്ളൂ... മനസ്സാൽ മരണം വരെ ഞങ്ങൾ ഒരുമിച്ച് ജീവിക്കും.. അതിൽ നിന്ന് ഒരാൾക്കും ഞങ്ങളെ തടയാൻ ആവില്ല .. "

ഉറച്ച സ്വരത്തോടെയുള്ള എന്റെ വാക്കുകൾ കേട്ട് മാഷ് കണ്ണുകൾ അടച്ച് തലയാട്ടി.. കൈകൾ കെട്ടി നിന്ന് നിലാവിൽ കുളിച്ചു നിൽക്കുന്ന ശിവപുരത്തെ നോക്കി കൊണ്ട് ഞാൻ തുടർന്നു... 


"മാഷേ... എന്തിന്നാണീ അടിയും വഴക്കും... ആർക്ക് വേണ്ടി.. മനുഷ്യനും മൃഗവും തമ്മിൽ അല്ലല്ലോ ഒരുമിക്കുന്നത്.. ഒരാണും പെണ്ണും അല്ലേ... ആ കണ്ണ് കൊണ്ട് കാണാതെ മതത്തെ വലിച്ചിടുന്നത് എന്തിനാ.. അത് കൊണ്ടല്ലേ പ്രശ്നം മുഴുവൻ ഉണ്ടാവുന്നത്.. "


"ആദം... നീ ഈ പറയുന്നതൊക്കെ കടലാസിൽ എഴുതാനും വായിച്ചു രസിക്കാനുമൊക്കെ നല്ലതാ.. പക്ഷെ.. ജീവിതത്തിൽ പകർത്തുകയെന്നത് വിഷമകരമാണ്.. ഓരോരുത്തർക്കും അവരുടെ വിശ്വാസങ്ങളും ആചാരങ്ങളും തന്നെയാണ് വലുത്.. അതിൽ ആരെങ്കിലും തെറ്റ് വരുത്താൻ നിന്നാൽ അവർ പ്രതികരിച്ചു പോകും... അതിലവരെ തെറ്റ് പറഞ്ഞിട്ട് കാര്യമില്ല... രണ്ടു മതങ്ങൾ തമ്മിൽ ഒരിക്കലും ഒന്നാകില്ല കുട്ടീ... പ്രത്യേകിച്ച് മുസ്ലിം സമുദായവും ഹിന്ദു വർഗ്ഗവും... കുറച്ചു ബുദ്ധി ഉണ്ടേൽ ഒന്നാലോചിച്ചു നോക്കൂ. രണ്ടിലും എത്ര വ്യത്യാസമുണ്ടെന്ന്..."


"മാഷേ... രണ്ടു മതം ഒന്നാകണമെന്ന് ഞാൻ പറഞ്ഞിട്ടില്ല . അത് അസാധ്യമാണെന്നും എനിക്കറിയാം.. മനുഷ്യൻ ഉണ്ടാക്കിയെടുത്തതല്ലേ... അത് അത്ര പെട്ടന്നൊന്നും മാറ്റം വരില്ല.. പക്ഷെ... ശിവയെ ഞാൻ അത്രക്ക് ഇഷ്ടപ്പെട്ടു പോയി... അവളെ മറക്കാൻ കഴിയില്ല.. അത് തെറ്റാണെന്ന് എനിക്കിപ്പോഴും തോന്നുന്നില്ല.. അർഹതയില്ലാത്തത് ആണെന്ന് അറിയാവുന്നത് കൊണ്ടാവാം തെറ്റാണെന്ന് തോന്നാത്തത്.. "


"അതേ.. അർഹത ഇല്ലാത്തത് തന്നെയാണ് ആദം... നീ പറഞ്ഞില്ലേ മനസ്സാൽ ഒരുമിച്ച് ഞങ്ങൾ ജീവിതം മുഴുവൻ ജീവിച്ചു തീർക്കുമെന്ന്... അതൊന്നും നടക്കില്ല കുട്ടീ... എത്ര കാലം അങ്ങനെ ജീവിക്കും. നീയൊരു ആണല്ലേ... ആഗ്രഹങ്ങൾ കാണില്ലേ.. അവളോ.. അവൾക്കും ഉണ്ടാവില്ലേ... എന്തിനാ രണ്ടു പേരുടെയും ജീവിതം നശിപ്പിക്കുന്നത്... "

മാഷ് പറയുന്ന കാര്യങ്ങൾ കേട്ട് ഞാനൊന്ന് പുഞ്ചിരിച്ചു... ഞങ്ങൾ പിരിഞ്ഞാൽ ആണ് ഞങ്ങളുടെ ജീവിതം നശിക്കുകയെന്ന് മാഷിന് അറിയില്ലല്ലോ.... 


"മാഷേ..  എന്തൊക്കെ പറഞ്ഞാലും മനസ്സ് മാറില്ല... മനസ്സിലങ്ങനെ അവൾ നിറഞ്ഞു നിൽക്കാണ്... ഇന്നും ഇന്നലെയും ഉണ്ടായതല്ല...പക്വത വെക്കുന്നതിന് മുന്പേ ഉള്ള പ്രണയമാണ്... അന്നാരും അതിനൊന്നും പറഞ്ഞില്ല... അന്നേ ഞങ്ങളെ പറഞ്ഞു മനസ്സിലാക്കിയിരുന്നെങ്കിൽ ഒരു പക്ഷെ.. ഇങ്ങനെ ഉണ്ടാവുമായിരുന്നില്ല... ഈ നാടിന്റെ ഐശ്വര്യമായ അവളെ വേദനിപ്പിക്കാതെ വളർത്തിയത് കൊണ്ട് തന്നെ ഞങ്ങളുടെ പ്രണയവും അത് പോലെ വളർന്നു.. ദേ.. ഇന്നും ഒരാള് പോലും ഞങ്ങൾക്കെതിരല്ലല്ലോ... "

"ആഹ്.. ആ ഒരു കാരണം പറഞ്ഞ് ഈ നാട്ടുകാരെ ചൂഷണം ചെയ്യാം എന്നാണോ.. ഞാനൊരു മുന്നറിയിപ്പ് തരികയാണ് ആദം.. ഈ നാട് നശിക്കും.. നിങ്ങളുടെ പോക്ക് ഇങ്ങനെ ആണെങ്കിൽ... "


"ഒരിക്കലുമില്ല മാഷേ.. അതിന് ഞാൻ സമ്മതിക്കില്ല .. ഉപ്പാന്റെ കൂടെ നിന്ന ആളല്ലേ    എന്നിട്ടെന്താ എന്റെ കാര്യത്തിൽ ഇങ്ങനെ പറയുന്നേ... "


പെട്ടന്ന് ഞാനത് ചോദിച്ചതും മാഷിന്റെ മുഖം വാടിയത് പോലെ .. സഹതാപത്തോടെ എന്നെ നോക്കിയതും ഞാൻ പുഞ്ചിരിച്ചു.. 


"നിന്റെ ഉപ്പയുടെ അവസ്ഥ നിനക്കും വരരുതേ എന്ന് കരുതി പറഞ്ഞതാ... ഉപ്പ നിരപരാധിയായിരുന്നു.. അത് കൊണ്ടാണ് ആരൊക്കെ തള്ളി പറഞ്ഞിട്ടും ഉപ്പാക്ക് വേണ്ടി ഞാൻ ശബ്ദമുയർത്തിയത്... അത്രമേൽ സ്നേഹിക്കുന്നവരെ പിരിച്ചത് കൊണ്ട് തന്നെയാണ് ഈ നാട് വലിയ ദുരന്തത്തിന് സാക്ഷ്യം വഹിച്ചത് ...അതും ചതിയിലൂടെയല്ലേ പിരിച്ചത് ... നിനക്കും ആ ഗതി വരല്ലേ എന്ന് കരുതിയിട്ടാ ഞാൻ നിന്നെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നത്.. "


"എന്റെ ഉപ്പയെ ചതിച്ച പോലെ എന്നെയാരും ചതിക്കില്ല   അതിന് ഞാൻ നിന്ന് കൊടുക്കുകയുമില്ല.. പാവമാണ് എന്റെ ഉപ്പ.. എത്ര വേദന സഹിച്ചിട്ടുണ്ടാവും... എന്റെ ഉമ്മയും തന്നെ.  ഉപ്പയെയും പെങ്ങളെയും നഷ്ടപ്പെട്ടതിന്റെ വേദന ഇന്നും ഈ നെഞ്ചിൽ ഉണ്ട് മാഷേ... അവളുടെ കൊഞ്ചലുകൾ കണ്ട് കൊതി തീരും മുൻപേ അകറ്റിയില്ലേ അവളെ... "


കണ്ണുനീർ മറച്ചു വെച്ച് ഞാൻ പറഞ്ഞതും മാഷ് എന്റെ അടുത്തേക്ക് നീങ്ങി വന്നു... എന്നെ ആശ്വസിപ്പിച്ചു കൊണ്ട് മാഷ് എന്റെ തോളിൽ തട്ടി... 


"വിഷമിക്കേണ്ട ആദം... ഉപ്പ തന്റെ മകളെയും കൊണ്ട് ഇവിടെ നിന്ന് പോയിട്ടില്ലായിരുന്നെങ്കിൽ അവർ കൊന്നിരുന്നു..  നീയും നിന്റെ ഉമ്മയും കൈവിട്ടു പോയത് കൊണ്ടല്ലേ അവർ മാത്രം രക്ഷപെട്ടത്... "


"എന്ത് രക്ഷപ്പെടൽ... എവിടെയാണെന്ന് അറിയില്ല.. ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും... "


എന്റെ വാക്കുകൾ ഇടറുന്നത് ഞാൻ നന്നായി അറിഞ്ഞു.. അത് കൊണ്ട് തന്നെ സംസാരം മതിയാക്കി പോകാൻ ഞാൻ തീരുമാനിച്ചു.. 


"മാഷേ.. പോകാം.. നേരം ഒരുപാടായി.. ഉമ്മ കാത്തിരിപ്പുണ്ടാവും.. മാഷ് വരുന്നോ വീട്ടിലേക്ക്.. "

"ഏയ്‌.. ഇല്ല.  പൊടിപിടിച്ച വീടെന്നെ കാത്ത് നിൽപ്പുണ്ട്.. അന്നെല്ലാം ഉപേക്ഷിച്ചു പോയതല്ലേ.. പൊടിയാണേലും ഇന്നൊരു ദിവസം അവിടെ ചെന്ന് കിടക്കട്ടെ... നാളെ രാവിലെ ഞാൻ തിരിച്ചു പോകും.. "

"ഓഹ്..ഇത്ര പെട്ടന്നോ... "


"മ്മ്.. എല്ലാവരെയും കാണാൻ വേണ്ടി വന്നതാ.. പ്രതീക്ഷിക്കാത്ത പലരെയും കണ്ടു.. സന്തോഷം മാത്രം... "


"എന്നാ നാളെ കവലയിൽ ഞാൻ വരാം... "


അതും പറഞ്ഞ് ഞാൻ തിരിഞ്ഞു നടന്നതും മാഷ് എന്നെ വീണ്ടും വിളിച്ചു... എന്താണെന്ന് ചോദിച്ചപ്പോൾ മാഷെന്റെ അടുത്തേക്ക് നടന്നു വന്നു.. 


"എനിക്കൊരു കാര്യം പറയാൻ ഉണ്ട്..."


"എന്താ.. മാഷേ..... "


************


നേരം ഒരുപാടായിട്ടും തിരിഞ്ഞു മറിഞ്ഞു കിടന്നിട്ടും ഉറക്കം വരുന്നേയില്ല.. ആ മാഷിന് എന്താവും ആദമിനോട് പറയാൻ ഉണ്ടാവുക.. പെട്ടന്നൊരു ദിനം പ്രത്യക്ഷപ്പെട്ടത് എന്നിൽ നിന്നവനെ അകറ്റാൻ വേണ്ടിയായിരിക്കുമോ... 

എന്റെ ശിവാ.. നീ കാണുന്നില്ലയോ എന്റെ വേദന.. എന്റെ ദേവനെ എന്നിൽ നിന്നകറ്റല്ലേ... 

ബെഡിൽ നിന്നും എഴുന്നേറ്റ് ജനലിനരികിലേക്ക് ഞാൻ  നടന്നു.. മരത്തിന്റെ ജനാല തുറന്ന് പുറത്തേക്ക് നോക്കി കുറച്ചു സമയം നിന്നു.. ആദമിന്റെ മുറിയുടെ ജനാല അടഞ്ഞു കിടക്കാണ്.. അവനിനിയും വന്നിട്ടില്ലേ... ആ ജനാല ഒരിക്കലും അവൻ അടച്ചിടാറില്ല.... 

അയാൾക്കെന്താണ് ആദമിനോട് പറയാൻ ഉള്ളതെന്ന് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല... നാളെ നേരത്തെ തന്നെ അവനോടു കാര്യം ചോദിക്കണം.. അല്ലാതെ ഒരു സമാധാനവും ഉണ്ടാവില്ല..  

നാളെ ചോദിക്കാമെന്ന് സ്വയം ആശ്വസിപ്പിച്ചു കൊണ്ട് ഞാൻ കട്ടിലിൽ ചെന്ന് കിടന്നു.. കണ്ണുകൾ അടച്ചിട്ടും ഹൃദയം എന്തിനോ വേണ്ടി മിടിപ്പ് വർധിപ്പിച്ചു കൊണ്ടേയിരുന്നു..... 

************

തിരിച്ചു വീട്ടിൽ എത്തിയത് എങ്ങനെയെന്ന് എനിക്ക് തന്നെ അറിയില്ല.. നേരം ഒരുപാടായിരുന്നു... കണ്ണുകളിൽ ആകെ ഇരുട്ട് കയറിയിരുന്നു... ഹൃദയത്തിൽ സന്തോഷം അലതല്ലുന്ന പോലെ.. 
അയാളുടെ ഓരോ വാക്കുകളും കാതിൽ നിന്ന് മായുന്നില്ല... 


ഉമ്മ കിടന്നത് കൊണ്ട് തന്നെ  ചോറ് എടുത്ത് കഴിക്കാനോ ഉമ്മാനെ വിളിക്കാനോ നിൽക്കാതെ ഞാൻ മുറിയിലേക്ക് പോയി.. കട്ടിലിൽ ഇരുന്ന് ഇരു മുഖം പൊത്തിയതും മനസ്സിൽ മാഷിന്റെ രൂപം തെളിഞ്ഞു വന്നു.. ഒപ്പം മാഷിന്റെ വാക്കുകളും.. 
കണ്ണുനീർ ഒഴുകി വരുന്നത് ഞാനറിഞ്ഞു... ഒപ്പം ചുണ്ടിൽ പുഞ്ചിരിയും... 
ഗൗരവമേറിയ മാഷിന്റെ ഓരോ വാക്കുകളും കല്പനകളും ഓർത്തെടുത്ത് മനസ്സിൽ കുറെ തീരുമാനങ്ങൾ  ഞാൻ എടുത്തു.  എല്ലാം തീരുമാനിച്ചുറപ്പിച്ചു തന്നെയാണ് ആദം കളിക്കിറങ്ങുന്നത്... കാണാൻ പോകുന്നേ ഉള്ളൂ എല്ലാവരും.... 


മനസ്സിൽ പല രൂപങ്ങളും തെളിഞ്ഞു വന്നതും പുച്ഛഭാവം മുഖത്തു നിറഞ്ഞു..കട്ടിലിൽ ചെരിഞ്ഞു കിടന്നതും ജനാല അടച്ചിരിക്കുന്നത് ഞാൻ  കണ്ടു.. അപ്പോൾ തന്നെ ഞാനത് തുറന്നു... 

ചെമ്പകം... !!!! മനം മയക്കുന്ന ചെമ്പകമണം മൂക്കിലേക്ക് ഇരച്ചു കയറി..  ആ മണം എന്നെയാകെ പൊതിഞ്ഞതും ശിവ മനസ്സിലേക്ക് ഓടിയെത്തി..അവളുടെ  മുറിയുടെ ഭാഗത്തേക്ക് നോക്കിയെങ്കിലും അവളെ കണ്ടില്ല.. ജനാല തുറന്നിട്ടിട്ടുണ്ട് റാന്തൽ വിളക്ക് സമീപം തൂക്കി ഇട്ടിട്ടുമുണ്ട്.. എന്നെ നോക്കി ഒരുപാട് നേരമവൾ അവിടെ ഇരുന്നിട്ടുണ്ടാവും... പാവം.. എന്നെ മാഷോടൊപ്പം ഇട്ടേച്ചു പോവാൻ ഒട്ടും മനസ്സില്ലെന്ന് അവളുടെ കണ്ണുകൾ എന്നോട് പറഞ്ഞിരുന്നു.. 
നാളെ നേരത്തെ തന്നെ അവളെ പോയി കാണണം.. മാഷ് പറഞ്ഞ കാര്യങ്ങൾ അവളോട്‌  പറയാൻ കഴിയില്ല.. അവളോടെന്നല്ല ആരോടും... 

നാളെ അവളെ കണ്ട് മാഷ് പറഞ്ഞ കാര്യങ്ങളിൽ നിന്ന് കുറച്ചൊക്കെ പറയണം എന്നുറപ്പിച്ചു കൊണ്ട് ഞാൻ സമാധാനത്തോടെ അതിയായ സന്തോഷത്തോടെ കണ്ണുകൾ അടച്ചു........(തുടരും)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story