ശിവ 🖤: ഭാഗം 8

രചന: RAIZA

 നേരം വെളുക്കുന്നതിന് മുൻപ് തന്നെ ഞാൻ എണീറ്റു.. സത്യം പറഞ്ഞാൽ ഉറങ്ങിയിട്ടില്ല.. മനസ്സിൽ മുഴുവൻ ആദമിനെ ആ മാഷ് കൊണ്ട് പോയ കാഴ്ചയായിരുന്നു... എന്താ അവിടെ ഉണ്ടായേ എന്നറിയാതെ ഒരു സുഖവും കിട്ടില്ല.. ആദമിനെ കാണാൻ ഇനിയും കുറച്ചു സമയം കൂടി കാത്തിരിക്കണം.. പള്ളിയിൽ നിന്നിറങ്ങാൻ അവൻ താമസിക്കും.. മുറിയിൽ നിന്നും ഞാൻ താഴേക്കിറങ്ങി. അച്ഛൻ കുളിക്കാൻ വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്.. ഇല്ലത്ത് തന്നെ കുളം ഉണ്ട്.. പിറകിലായി.. അച്ഛൻ ഇവിടെ നിന്ന് കുളിച്ച് ശുദ്ധിയായേ അമ്പലത്തിൽ കയറൂ.. എന്നാൽ ഞാൻ അമ്പലകുളത്തിൽ നിന്നേ കുളിക്കൂ.. ചെറുപ്പം മുതലേ ശീലമായതാണ്.. പണ്ട് സുമതി അപ്പച്ചി ചാടി മരിച്ച കുളം ആണത്.. അശുദ്ധിയായ വെള്ളം ശുദ്ധിയാക്കാൻ വേണ്ടി മുത്തശ്ശി എന്നെ അതിൽ കുളിപ്പിച്ചു..

പിന്നീടങ്ങോട്ട് ക്ഷേത്രത്തിന്റെ പഴയ പ്രതാപം തിരിച്ചു കിട്ടിയെന്നൊക്കെയാണ് മുത്തശ്ശി പറയുന്നത്.. എനിക്കും അമ്പല കുളത്തിൽ കുളിക്കുന്നതാണ് ഇഷ്ടം. താമരകൾ നിറഞ്ഞു നിൽക്കുന്ന വെള്ളത്തിൽ കുളത്തിന് നടുവിൽ നിന്ന് മുങ്ങി നിവരാൻ നല്ല രസമാണ്.. മാത്രമല്ല.. ആ താമര പൂക്കളിലാകെ ശിവമന്ത്രത്തിന്റെ ചൈതന്യവുമുണ്ട്... കുളിക്കാനായി പോകുന്ന അച്ഛനെ കണ്ടപ്പോഴാണ് ആ മാഷ് പറഞ്ഞ കാര്യം ഓർമ വന്നത് . നിന്റെ അച്ഛന് എന്നെ അറിയാം എന്ന്.. അച്ഛനോട് ചോദിച്ചു നോക്കിയാലോ.. ആ മാഷ് നല്ലവനാണോ എന്നറിയാലോ.. അച്ഛനോട് ചോദിക്കാനുറച്ച് ഞാൻ മുന്നോട്ട് നടന്നതും അച്ഛൻ എന്നെ കടന്നു പോയി.. ശിവ മന്ത്രം ജപിച്ച് മറ്റൊന്നും ശ്രദ്ധിക്കാതെ നേരെ നടുമുറ്റം ചുറ്റി പിറകിലേക്കുള്ള വാതിലിലൂടെ അച്ഛൻ പോയി... ഈ സമയത്ത് അച്ഛനെ ഒന്നിനും കിട്ടില്ല..

ഞാൻ ഇവിടെ നിൽക്കുന്നത് അച്ഛൻ ശ്രദ്ധിച്ചു കാണില്ല... ഇനിയിപ്പോ മുത്തശ്ശിയോട് ചോദിക്കേണ്ടി വരും... അതേ ഇനി മാർഗമുള്ളൂ എന്ന് മനസ്സിൽ വിചാരിച്ചു കൊണ്ട് ഞാൻ പൂജാമുറിയിലേക്ക് പോയി.. മുത്തശ്ശി നാമം ജപിച്ചിരിക്കാണ്.. കുളിച്ച് ഈറനുടുത്ത് കണ്ണടച്ച് കൈകൾ കൂപ്പി ശിവ നാമം ചൊല്ലി ഇരിക്കുന്ന മുത്തശ്ശിയെ നോക്കി ഞാൻ പൂജാമുറിയുടെ വാതിൽക്കൽ ചെന്ന് നിന്നു... കുളിക്കാത്തത് കൊണ്ട് എനിക്ക് അകത്ത് കയറാൻ പറ്റില്ല.. മുത്തശ്ശിയാണേൽ ഞാൻ വന്നത് അറിഞ്ഞിട്ടുമില്ല.. മുത്തശ്ശിയെ അറിയിക്കാനായി ഞാൻ കാലനക്കി കൊലുസ് കിലുക്കി ശബ്ദം ഉണ്ടാക്കി... അത് ഏറ്റു.. ഉടൻ തന്നെ മുത്തശ്ശി കണ്ണുകൾ തുറന്ന് തല ചെരിച്ച് എന്നെ നോക്കി..

ശിവ നാമം ഒന്ന് കൂടി ചൊല്ലി ജപം മതിയാക്കി മുത്തശ്ശി എഴുന്നേറ്റു... "എന്താ ദേവൂ.. അമ്പലത്തിൽ പോണില്ലേ.. " "ആഹ്.. പോകാൻ നിൽക്കാ മുത്തശ്ശി.." "എന്താ ഈ മുടിയൊക്കെ കെട്ടി വെച്ചേ.. എണ്ണയിട്ട് വാരിയൊതുക്ക്. " "ചെയ്യാം മുത്തശ്ശി... " "നിനക്കെന്തെങ്കിലും പറയാനുണ്ടോ കുട്ടീ... " എന്നോട് എണ്ണയിട്ട് മുടി ഒതുക്കി വെക്കാൻ പറഞ്ഞ് മുത്തശ്ശി പോകാൻ നിന്നതും തിരിഞ്ഞു നോക്കി എന്നോട് ചോദിച്ചു.. ചോദിക്കണോ വേണ്ടയോ എന്നൊരു നിമിഷം ഞാൻ ആലോചിച്ചു.. ചോദിക്കാൻ തന്നെ തീരുമാനിച്ചു.. "മുത്തശ്ശിക്കീ ഗോവിന്ദൻ മാഷിനെ അറിയോ.. " പെട്ടന്ന് ഞാനത് ചോദിച്ചതും മുത്തശ്ശി സംശയത്തോടെ എന്നെ നോക്കി..

"നിനക്കെങ്ങനെ മാഷെ അറിയാം.. " "അപ്പൊ മുത്തശ്ശിക്ക് മാഷെ അറിയോ" കണ്ണുകൾ വിടർത്തി ഞാൻ ചോദിച്ചതും മുത്തശ്ശി ചിരിച്ചു . "പിന്നെ അറിയാതെ... ഗോവിന്ദൻ മാഷെ അറിയാത്തവരായി ഈ നാട്ടിൽ ആരേലും ഉണ്ടോ.. ശിവപുരത്തെ ഒരേ ഒരു പള്ളിക്കൂടത്തിലെ മാഷ് ആയിരുന്നു ഗോവിന്ദൻ മാഷ്.. പുറംനാട്ടിലെ മാഷന്മാർ ഉണ്ടായിരുന്നേലും നമ്മുടെ നാട്ടിലെ ഏക മാഷാണ് ഗോവിന്ദൻ മാഷ്... ഹാ.. എന്ത് ചെയ്യാം.. നാട്ടുകൂട്ടം ഊരുവിലക്ക് കല്പ്പിച്ചു.... " "ഊരുവിലക്കോ.. എന്തിന്... " ആശ്ചര്യത്തോടെ ഞാൻ ചോദിച്ചതും മുത്തശ്ശി വഴക്ക് പറയാൻ തുടങ്ങി.. "അതൊക്കെ എന്തിനാ കുട്ടീ നീ അറിയണെ.. നീയിപ്പോ എവിടുന്നാ മാഷെ പേര് കേട്ടെ.. " "അത്.. അത് ഞാൻ കവലയിൽ ആരോ പറഞ്ഞ് കേട്ടതാ... " "മ്മ്മ്... നീ പോവാൻ നോക്ക്... പിന്നെയാ തുളസിചെടീൽ വെള്ളമൊഴിക്കാൻ മറക്കേണ്ട.."

മുത്തശ്ശി കൂടുതൽ ഒന്നും പറയാത്തത് കൊണ്ട് തന്നെ ആ മാഷെ പറ്റി അറിയാൻ ആദം തന്നെ വഴി... ഇനിയിപ്പോ അവനെ കാണുന്നത് വരെ ആരോടും ചോദിക്കാതെ ഇരിക്കാ നല്ലത്.. ഊരുവിലക്ക് കൽപ്പിച്ച മാഷ് തിരിച്ചു വന്നെന്ന് അറിഞ്ഞാൽ ഇനി പ്രശ്നങ്ങൾ ഉണ്ടാവോ ആവോ... കെട്ടി വെച്ച മുടി പരത്തിയിട്ട് മുടിയിഴകളിൽ വിരലുകൾ ചലിപ്പിച്ചു കൊണ്ട് ഞാൻ മുടി ഒതുക്കി... ഓരോ മുടിയിഴകളും നേർത്ത് വരുന്ന വരെ എണ്ണ കൊണ്ട് തലോടി... കാച്ചിയ എണ്ണയുടെ മണം മൂക്കിലേക്ക് ഇരച്ചു കയറിയതും മുടി വാരി കെട്ടി കൊണ്ട് ഞാൻ പുറത്തേക്കിറങ്ങി... സർപ്പക്കാവിനടുത്തുകൂടെ നടന്ന് അമ്പലകുളത്തിലേക്കെത്തി... ആൽമര മറവ് കഴിഞ്ഞ് ഞാനെത്തി നോക്കിയതും എന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു... ആദം പുറംതിരിഞ്ഞവിടെ ഇരിക്കുന്നുണ്ടായിരുന്നു..........(തുടരും)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story