ശിവ 🖤: ഭാഗം 9

shiva

രചന: RAIZA

കൊലുസിന്റെ താളത്തോടെ അവളുടെ വരവറിഞ്ഞതും ഞാൻ പുഞ്ചിരിച്ചു കൊണ്ടവിടെ തന്നെ ഇരുന്നു... പതിവിന് വിപരീതമായി അമ്പലക്കുകത്തിലേക്കിറങ്ങാതെ എന്റെ നേരെയവൾ വരുന്നെന്ന് മനസ്സിലായതും ഞാൻ എഴുന്നേറ്റ് അവൾക്ക് നേരെ തിരിഞ്ഞു നിന്നു... നെറ്റിയിൽ ചന്ദനമില്ല... കണ്ണിൽ കരിമഷിയില്ല... എണ്ണ തേച്ചു മിനുക്കിയ മുടി വരികെട്ടിയിരിക്കുന്നു... വെളുത്ത ദാവണിയുടുത്ത് വിടർന്ന മിഴികളോടെ പുഞ്ചിരിയാൽ എന്നെ നോക്കി നിൽക്കുന്ന അവളെ കണ്ട് ഞാൻ ചിരിച്ചു.. കണ്ണുകളിലെ തിളക്കം കണ്ടാലറിയാം എന്തൊക്കെയോ ചോദിക്കാൻ ഉള്ള വരവാണെന്ന്.. "എന്താ പെണ്ണേ.. ഇന്ന് പതിവ് തെറ്റിച്ചല്ലോ..." കണ്ണിറുക്കി കള്ളച്ചിരിയോടെ ആദം പറഞ്ഞപ്പോഴാണ് അത് ഞാൻ ഓർത്തത്.. സാധാരണ കുളി കഴിഞ്ഞ് തൊഴുതു വന്നിട്ടേ ഞങ്ങൾ പരസ്പരം കാണാറുള്ളൂ..

ആ മാഷ് എന്താ പറഞ്ഞതെന്നറിയാനുള്ള ആകാംഷ കാരണം ഞാനെല്ലാം മറന്നു പോയി.. "ശിവാ..." ഒന്നും മിണ്ടാതെ അവൾ നിൽക്കുന്നത് കണ്ടതും കൺകൾക്ക് മീതെ കയ്യോടിച്ചു കൊണ്ട് ഞാൻ അവളെ വിളിച്ചു.. "ആ മാഷെന്താ പറഞ്ഞേ... " മറ്റൊന്നും ചോദിക്കാനോ പറയാനോ നിൽക്കാതെ പെട്ടന്നാ ചോദ്യം ഞാൻ ചോദിച്ചതും ആദമിന്റെ മുഖത്ത് ചിരി വരുന്നത് ഞാൻ കണ്ടു.. "ഹഹ ഹഹ... എനിക്ക് തോന്നി നിന്റെയാ നിൽപ്പ് കണ്ടപ്പോൾ.. ഇത് തന്നെയാണ് ചോദിക്കാൻ ഉള്ളതെന്ന്." "നിന്ന് ചിരിക്കാണ്ട് കാര്യം പറ ചെക്കാ.. " "പേടിക്കാൻ മാത്രമൊന്നുമില്ല ശിവാ.. നമ്മുടെ പ്രണയത്തെ പറ്റി തന്നെ.. അതീ നാടിനെ നശിപ്പിക്കുമെന്ന്... " "എന്നിട്ട് നീയെന്താ പറഞ്ഞേ.. " "ഞാനെന്ത് പറയാനാ.. ആരെന്ത് പറഞ്ഞാലും എന്റെ ശിവയെ എന്നിൽ നിന്നടർത്താൻ ഞാൻ തയ്യാറല്ലെന്ന്. "

എന്റെ വാക്കുകൾ കേട്ടതും അവളുടെ കണ്ണുകൾ ഒന്ന് കൂടി വികസിച്ചു വന്നു.. അതിനനുസരിച്ച് തിളക്കവും കൂടി.. "ആ മാഷ് എന്തിനാ ഇപ്പൊ വന്നേ.. മുത്തശ്ശി പറഞ്ഞു ആ മാഷിന് ഊരുവിലക്കുണ്ടെന്ന്... " നിഷ്കളങ്കമായ മുഖത്തോടെ അവൾ ചോദിച്ചതും എല്ലാം പറയാൻ മനസ്സ് വെമ്പി.. പക്ഷെ.. പാടില്ല.. മാഷ് പ്രത്യേകം പറഞ്ഞിട്ടുണ്ട് ഒരാളും അറിയരുതെന്ന്... അത് കൊണ്ട് തന്നെ ഇപ്പൊ ഒന്നും പറഞ്ഞൂടാ.. അതിന്റെ സമയം ആവട്ടെ. എന്നിട്ട് പറയാം.. എല്ലാവരോടും.. "ഡാ.. ചെക്കാ... എന്താ ഇത്ര ആലോചിക്കാൻ.. " "ഒന്നൂല്ല പെണ്ണേ... ആ മാഷ് കാലം കുറെ ആയി ഇങ്ങോട്ടേക്ക് വന്നിട്ട്.. എല്ലാവരെയും കാണാൻ വന്നതാ.. അപ്പോഴാണ് നമ്മുടെ പ്രണയത്തെ പറ്റി അറിഞ്ഞത്.. ഉപദേശം നൽകാൻ വന്നതാ എന്റെ അടുത്തേക്ക്.. " ആദം പറഞ്ഞ കാര്യങ്ങൾ കേട്ട് ഞാൻ തലയാട്ടി... ഊരുവിലക്ക് കിട്ടാൻ കാരണവും അവൻ പറഞ്ഞു...

ആദമിന്റെ ഉപ്പയെ ന്യായീകരിച്ചെന്ന ഒറ്റ കാരണം കൊണ്ടാണത്രേ ഊരുവിലക്ക് കൽപ്പിച്ചത്.. അങ്ങനെ ആണേൽ ആ മാഷ് പാവം തന്നെയാവും.. പക്ഷെ.. എന്തോ.. മനസ്സാകെ കലങ്ങി മറിയുന്ന പോലെ.. എന്തോ വലിയ ദുരന്തം വരാനുണ്ടെന്ന് മനസ്സ് മന്ത്രിക്കുന്നു... "ഡി.. പെണ്ണെ.... ഈ നിൽപ്പ് നിൽക്കാനാണോ ഭാവം.. ദേ നട തുറക്കാനായി.. ആളുകൾ ഇപ്പൊ വന്ന് തുടങ്ങും.. നീ വേഗം കുളിച്ചു കയറിക്കേ... " ആദം പറഞ്ഞപ്പോഴാണ് ഞാൻ ചുറ്റും നോക്കിയത്... വെളിച്ചം വെച്ച് തുടങ്ങിയിരിക്കുന്നു..ശ്രീ കോവിലിനുള്ളിൽ നിന്നും അച്ഛന്റെ മന്ത്രോച്ചാരങ്ങൾ കേൾക്കാം.. നട തുറക്കുന്നതിന് മുൻപ് തുളസികതിർ നുള്ളി മാല കോർക്കണം.. ശിവന് അർപ്പിക്കാൻ താമരപ്പൂ എടുക്കണം... എല്ലാം ഓർത്ത് ഞാൻ വേഗത്തിൽ തിരിഞ്ഞു നടന്നു.... ശിവക്ക് കാര്യമായി എന്തോ പറ്റിയിട്ടുണ്ട്...

നല്ല ആലോചനയിൽ തന്നെ ആണല്ലോ.. പോരാത്തതിന് കണ്ണുകളിൽ ഭയവും..... മാഷെ കാര്യം ആലോചിച്ചായിരിക്കും.. എന്നെ അവളിൽ നിന്നും വേർപ്പെടുത്താൻ ആവുമോ ഊരുവിലക്ക് എതിർത്ത് തിരിച്ചു വന്നതെന്നാവും അവളുടെ മനസ്സിൽ.... ആരെതിർത്താലും ആദമിന്റെ മനസ്സിൽ ഒരു പെണ്ണുണ്ടെങ്കിൽ അതെന്റെ ശിവ മാത്രമായിരിക്കും.... കുളി കഴിഞ്ഞവൾ അമ്പലത്തിലേക്ക് പോയെന്ന് ഉറപ്പായതും ഞാൻ അമ്പലത്തിന് മുന്നിലെ കടയുടെ തിണ്ണയിൽ ചെന്നിരുന്നു... പൂജക്കുള്ള സാധനങ്ങൾ മാത്രം വിൽക്കുന്ന കടയാണ്... കർപ്പൂരത്തിന്റെയും ചന്ദനത്തിന്റെയും ഗന്ധം മൂക്കിലേക്ക് ആവാഹിച്ചു കൊണ്ട് ഞാൻ അമ്പലത്തിലേക്ക് നോക്കി ഇരുന്നു.. ഇവിടെ ഇരുന്നാൽ അകത്തേക്ക് കാണാം... ചെറിയ അമ്പലമാണ്... മുന്നിൽ തന്നെ നന്ദിയുടെ വിഗ്രഹം ഉണ്ട്.. അതിന് മുന്നിലായി ശിവഭഗവാനും....

ആളുകൾ വരുന്നതും പോകുന്നതും നോക്കി ഞാൻ ഇരുന്നു.. ആ സമയം അസി സൈക്കിളിൽ അങ്ങോട്ടേക്ക് വന്നു.. അവനെ കണ്ടതും ഞാൻ സ്വല്പം നീങ്ങിയിരുന്നു.. എന്റെ അടുത്തിരുന്നു കൊണ്ടവൻ അമ്പലത്തിലേക്ക് നോക്കി.. "അടുത്ത ആഴ്ച ഉത്സവമാണെടാ.. കച്ചോടക്കാരെല്ലാം ഇന്നെത്താൻ തുടങ്ങും.. അമ്പലത്തിൽ അലങ്കാരം കാണാൻ ഒന്നുമില്ലല്ലോ... " "ഇന്ന് വൈകീട്ടൊരു പൂജയുണ്ട്.. അതിന് ശേഷം ശിവനെ ഗംഗാ ജലം ഉപയോഗിച്ച് ശുദ്ധി വരുത്തും.. അമ്പലം ഒന്നാകെയും....പിന്നെ ശിവ നാമം ജപിച്ച് നൂറ്റി പതിനൊന്ന് ദീപം തെളിയിക്കും.. ഇതൊക്കെ തന്നെ അലങ്കാരം.. " "ആഹാ.. അപ്പൊ ദേവു ഇന്ന് നല്ല തിരക്കിലായിരിക്കുമല്ലോ... ഇന്ന് പാടത്ത് പണിയുണ്ട്... ആ ഹംകിനെ എങ്ങനെ ഒഴിവാക്കാന്ന് ആലോചിച്ചു നിൽക്കായിരുന്നു.. " അവൻ പറയുന്നത് കേട്ടതും ഞാൻ പൊട്ടിചിരിച്ചു..

പാടത്ത് പണി ഉണ്ടാവുന്ന അന്ന് ശിവ നൃത്ത ക്ലാസ്സിന് പോകാറില്ല.. കുട്ടികളോടൊക്കെ പറയും ഇന്ന് ലീവ് ആണെന്ന്.. എന്നിട്ടവൾ ഞങ്ങളുടെ കൂടെ വരും.. വരമ്പിലൂടെ ഓടി കളിച്ചും ചെളി തെറിപ്പിച്ചും... അസിയും അവളും നല്ല വഴക്കാവും അപ്പോൾ.. വരമ്പാകെ മണ്ണിട്ട് തേച്ചു മിനുക്കുമ്പോൾ അവൾക്കൊരു നടത്തുമുണ്ട്.. അസിയുടെ ചീത്ത പറച്ചിലും അവളുടെ കൊഞ്ചലുകളുമായി അന്നത്തെ ദിവസം നല്ല രസമായിരിക്കും... "എന്താ ഡാ ചിരിക്കൂന്നേ... സാഹിബിന്റെ പാടത്താ പണി. ദേവുവിന്റെ കുട്ടിക്കളി കണ്ടു കൊണ്ടെങ്ങാനും അയാൾ വന്നാൽ.... " "ഓ.. പിന്നേ.. അയാളെന്താ ചെയ്യാ.. " "നിനക്കൊക്കെ നിസ്സാരമാണ്... ഇതിനിടയിൽ കിടന്ന് വിയർക്കുന്ന എന്റെ കാര്യം ഒന്ന് നോക്ക്... " "അതിനാരേലും പറഞ്ഞോ ഇടയിൽ നിൽക്കാൻ.. എന്റെ കൂടെ നിന്നാൽ എല്ലാവരും പഴിക്കും.. നീ പൊയ്ക്കോ.. നിന്റെ ഇഷ്ടത്തിന് നടന്നോ.. " പെട്ടന്ന് ദേഷ്യം വന്ന് പറഞ്ഞു കൊണ്ട് ഞാൻ അവനിൽ നിന്ന് മുഖം തിരിച്ചു.. അതൊന്നും അവനിൽ യാതൊരു ഭാവവും ഉണ്ടാക്കിയില്ല...

"ഓ.. നീ പോകാൻ പറഞ്ഞാൽ ഞാനങ്ങു പോകല്ലേ... എനിക്കേയ് മനസ്സില്ല... ഞാനിങ്ങനെ നിങ്ങളുടെ ഇടയിൽ ഉള്ളത് കൊണ്ടാ രണ്ടു പേരും ഒതുങ്ങി നിൽക്കുന്നത്.. അല്ലേൽ എല്ലാം കൂടെ ഒറ്റയടിക്ക് കുളം തോണ്ടിയിരുന്നു..." അവൻ എന്റെ മുഖത്തു നോക്കാതെ പറഞ്ഞതും ദേഷ്യം പോയി ഞാൻ ചിരി കടിച്ചു പിടിച്ചു.. അവൻ പറഞ്ഞത് ശെരിയാണ്.. എന്നെയും ശിവയേയും നിയന്ത്രിക്കാൻ അസിക്ക് മാത്രമേ കഴിയൂ... ഞങ്ങളെ വഴക്ക് പറയാനും തലക്ക് കൊട്ട് തരാനും അവൻ മാത്രമേ മുതിരൂ.. സത്യം പറഞ്ഞാൽ അവന്റെ വാക്ക് മാത്രമേ ഞങ്ങൾ കേൾക്കൂ... ചിലപ്പോൾ ഒക്കെ അവനെ ദേഷ്യം പിടിപ്പിക്കൽ ഞങ്ങളുടെ ശീലമാണ്.. "പൊന്നു മോനെ.. വല്ലാണ്ട് ഇളിക്കല്ലേ.. ഈ കർപ്പൂരമെടുത്ത് അണ്ണാക്കിൽ തിരി കൊളുത്തും ഞാൻ.... ഹാ പിന്നെ. പറഞ്ഞത് മറക്കേണ്ട.. പാടത്താണ് പണി എന്ന് ആ ഹംകിനോട് പറയേണ്ട.. "

"ശെരി മാഷെ... " അവന് നേരെ കൈകൂപ്പി പറഞ്ഞതും ശിവ തൊഴുത്തിറങ്ങുന്നത് ഞങ്ങൾ കണ്ടു.. ശിവനെ തൊഴുത് നന്ദിയെ മൂന്ന് വട്ടം വലം വെച്ച് ചെവിയിൽ എന്തോ മന്ത്രിക്കുന്നുണ്ട്.. അത് കഴിഞ്ഞവൾ കണ്ണടച്ച് പ്രാർത്ഥിച്ചു കൊണ്ട് ഞങ്ങൾക്ക് നേരെ തിരിഞ്ഞു... തൊഴുതു കൊണ്ട് തിരിഞ്ഞതും ആദമും അസിയും എന്നെ നോക്കി ഇരിക്കുന്നത് കണ്ടു.. അപ്പോൾ തന്നെ ഞാൻ ചിരിച്ചു കൊണ്ട് കയ്യിലെ പ്രസാദവുമായി അവരുടെ അടുത്തേക്ക് പോയി.. എന്നെ നോക്കി അസി എന്തോ ആദമിനോട് പറയുന്നുണ്ട്.. അസിയെ നോക്കി ഞാൻ നെറ്റി ചുളിച്ചതും അവൻ എന്നെ നോക്കി ഇളിച്ചു.. "എന്താ ഡാ.. ഒരു കള്ള ലക്ഷണം.. " "എന്ത്.. ഒന്നുമില്ലല്ലോ.. " അസി കൈലമർത്തിയതും ഞാൻ ആദമിനെ നോക്കി.. അവൻ എന്നെ നോക്കി ചിരിച്ചതും ഞാൻ എന്താ കാര്യമെന്ന് ചോദിച്ചു..

"ഇന്ന് പാടത്തല്ല പണി എന്ന് പറയായിരുന്നു ഞങ്ങൾ.. " ആദം അത് പറഞ്ഞതും അസി അവന്റെ കാൽ ചവിട്ടി പരത്തി. "ഓഹോ.. അപ്പൊ അതായിരുന്നു അല്ലേ.. അപ്പൊ ഇന്ന് പാടത്ത്... " ശിവ അസിയെ നോക്കി പറഞ്ഞതും അസി അവളെ നോക്കി കണ്ണുരുട്ടി.. "അടങ്ങി ഒതുങ്ങി നിൽക്കാണേൽ മാത്രം വന്നാൽ മതി.. അല്ലേൽ ചെളിയിൽ മുക്കി ഞാൻ നടും" "ഓഹ്.. അടങ്ങി നിന്നോളാമെ.." അസിക്ക് നേരെ കൈകൂപ്പി പറഞ്ഞു കൊണ്ട് ഞാൻ ആദമിന്റെ നേർക്ക് തിരിഞ്ഞു.. "ആ മാഷ് പോയോ... " ശിവയുടെ മനസ്സിൽ നിന്നും അയാളിപ്പോഴും പോയിട്ടില്ലെന്ന് അവളുടെ വിടർന്ന കണ്ണുകൾ എനിക്ക് മനസ്സിലാക്കി തന്നു.. "പത്തു മണിക്കെന്നാ പറഞ്ഞേ..ആവുന്നേ ഉള്ളൂ.. നമുക്ക് കവലയിലേക്ക് നടക്കാം. മാഷെ യാത്ര അയച്ചിട്ട് പാടത്തേക്ക് പോകാം... " ഞാനത് പറഞ്ഞതും ശിവ ഒന്ന് മൂളി.. ഞങ്ങൾ മൂന്ന് പേരും കവലയിലേക്ക് നടക്കാൻ തുടങ്ങി..

അസിയോട് ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്.. മാഷ് പറഞ്ഞതെല്ലാം.. ആരോടും പറയരുതെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ടെങ്കിലും അസിയോട് പറയാതെ പറ്റില്ല.. എന്റെ കൂടെ അവൻ ഉണ്ടാവേണ്ടത് നിർബന്ധമാണ്.. ഒരു പ്രശ്നത്തിൽ പെട്ടാൽ ഒരിക്കലും അവനെന്നെ ഇട്ടേച്ചു പോവില്ല.. അതിനാൽ തന്നെ അവൻ കൂടെ ഉള്ളത് ഒരു ധൈര്യമാണ്.. രണ്ടും കല്പിച്ചുള്ള ഈ കളിക്ക് അസി കൂടെ വേണം... "ഹാ.. മറന്നു.. വിഷ്ണുവേട്ടൻ വന്നിട്ടുണ്ട്.. ഇനി ഉത്സവം കഴിഞ്ഞേ പോകൂ.. " നടത്തത്തിനിടയിൽ ശിവ പറഞ്ഞതും ഞാനും അസിയും പെട്ടന്ന് നിന്നു.. "അവൻ വന്നോ.. എന്നിട്ടെന്താ ഞങ്ങളുടെ അടുത്തേക്ക് വരാതിരുന്നേ " "വരണം എന്ന് പറഞ്ഞിരുന്നു..

പിന്നെ ഉത്സവം ആയത് കൊണ്ട് ക്ഷേത്രത്തിൽ പൂജ ഉണ്ട്.. ഇന്നിനി നല്ല തിരക്കായിരിക്കും.." വിഷ്ണു ഞങ്ങളുടെ കളിക്കൂട്ടുകാരൻ ആണ്... ജേഷ്ഠൻ നമ്പൂതിരിയുടെ മകൻ.. ഞങ്ങളുടെ കൂടെ നടന്നാൽ വഴി തെറ്റുമെന്ന് കരുതി ജേഷ്ഠൻ നമ്പൂതിരി അവനെ നാട് കടത്തി.. അച്ഛന്റെ പോലെയല്ല മകൻ.. ഞങ്ങളെ വലിയ കാര്യമാണ് .. എപ്പോ വന്നാലും വീട്ടിലേക്ക് തിരഞ്ഞു വരും... "അല്ല ശിവാ.. നിനക്കും പൂജ ചെയ്തവിടെ ഇരുന്നൂടെ.. എന്തിനാ ഞങ്ങളുടെ കൂടെ കെട്ടിയെടുക്കുന്നെ.." അസി അത് പറഞ്ഞതും ശിവ അവനെ കണ്ണുരുട്ടി നോക്കി.. "കന്യകക്കുള്ള പൂജ ഇന്നല്ല... ഉണ്ടാവുമ്പോൾ ഞാൻ ചെയ്തോണ്ട്... എന്നെ ഒഴിവാക്കാൻ അങ്ങനെ നോക്കേണ്ട " അസിയും അവളും ഒന്നും രണ്ടും പറഞ്ഞ് വീണ്ടും വഴക്ക് തുടങ്ങി.. അത് കേട്ട് ചിരിച്ചു കൊണ്ട് ഞാനും അവരുടെ കൂടെ കൂടി.. ശിവ ശെരിക്കുമൊരു കൊച്ചു കുട്ടി തന്നെയാണ്.....

ഞങ്ങൾ കവലയിൽ എത്തിയപ്പോഴേക്കും മാഷ് പോകാനായി തയ്യാറെടുത്തിരുന്നു.. പട്ടണത്തിലേക്ക് പോകാനുള്ള ജീപ്പ് നിർത്തിയിട്ടിട്ടുണ്ട്.. ആൾക്കാർ നിറഞ്ഞാൽ ജീപ്പെടുക്കും... ഞങ്ങളെ കണ്ടതും മാഷ് പുഞ്ചിരിച്ചു.. "ഞാൻ പോവുകയാണ്... ഇനി ഒരു തിരിച്ചു വരവുണ്ടോയെന്നറിയില്ല...സന്തോഷമായി... ഒട്ടും പ്രതീക്ഷിക്കാത്തവരെ കണ്ടതിന്...പ്രതീക്ഷിക്കാത്ത കാര്യം നടന്നതിന്.." എന്റെ തോളിൽ തട്ടി മാഷ് പറഞ്ഞ വാക്കുകൾ ശിവക്ക് മനസ്സിലായില്ലെന്ന് അവളുടെ മുഖം കണ്ടാൽ അറിയാം.. ജീപ്പെടുക്കാൻ ആയതും മാഷ് കണ്ണുകൾ കൊണ്ടെന്നെ സമാധാനിപ്പിച്ചു കൊണ്ട് ചെവിയിൽ പതുക്കെ മൊഴിഞ്ഞു..

എല്ലാം കേട്ട് പുഞ്ചിരിയോടെ ഞാൻ മാഷിന് തലയാട്ടി കൊടുത്തു.. മാഷ് കയറിയതും ജീപ്പ് പോകാൻ ഒരുങ്ങി... കണ്ണിൽ നിന്നും മറയുന്നത് വരെ ഞങ്ങൾ ആ ജീപ്പിനെ നോക്കി നിന്നു... എന്തൊക്കെയാ ആ മാഷ് പറഞ്ഞതെന്ന് ഒരു പിടിയും കിട്ടിയില്ല.. എന്തായാലും പേടിക്കാൻ ഒന്നുമില്ലെന്ന് തോന്നുന്നു.. ആദം ചിരിച്ചു കൊണ്ടല്ലേ നിന്നത്.. എന്താവും അവന്റെ ചെവിയിൽ പറഞ്ഞത്... അത് കഴിഞ്ഞ് എന്നെ നോക്കി ചിരിക്കുകയും ചെയ്തല്ലോ.. ഞങ്ങളുടെ പ്രണയത്തിന് എതിരാണെൽ ഇങ്ങനെ ആവില്ല പ്രതികരണം... എന്തായാലും ആ മാഷ് പോയല്ലോ... അത് തന്നെ വലിയ ഭാഗ്യം... മാഷ് പോയതും ഞങ്ങൾ പാടത്തേക്ക് നടന്നു... പണിക്കാർ വന്ന് തുടങ്ങിയിട്ടുണ്ട്... ആദമും അസിയും അവരുടെ വീട്ടിലേക്ക് പോയി വന്നതിന് ശേഷമേ പാടത്തേക്കിറങ്ങൂ.. എന്തെങ്കിലും കഴിച്ചാൽ അല്ലേ പണിയെടുക്കാൻ പറ്റൂ.. ഇന്നെന്തായാലും നല്ല രസമായിരിക്കും...

ശിവ ഇല്ലത്തേക്ക് കയറിയതും ഞാനും അസിയും വീട്ടിലേക്ക് നടന്നു.. ഉമ്മ പോയിട്ടുണ്ട്.. സാഹിബിന്റെ പാടത്താണ് പണി.. അതിനാൽ തന്നെ പണിക്കാർക്കുള്ള ഭക്ഷണം തയ്യാറാക്കണം.. അതിനാണ് നേരത്തെ പോയത്... എനിക്ക് വേണ്ടിയുള്ളതെല്ലാം എടുത്തു വെച്ചിട്ടുണ്ട്.. അത് കഴിച്ച് കഴിഞ്ഞ് ഞാൻ വീടാകെ ഒന്ന് നോക്കി.. ആകെ മാറാല പിടിച്ചിട്ടുണ്ട്.. അടുക്കും ചിട്ടയുമില്ലാതെ സാധനങ്ങൾ വാരി വലിച്ചിട്ടിരിക്കുന്നു.. ഉമ്മാക്ക് ഒതുക്കി വെക്കാനുള്ള സമയം ഇല്ലാഞ്ഞിട്ടാണ്... അതൊക്കെ നോക്കി നിന്ന് എന്തൊക്കെയോ ആലോചിച്ചു... പെട്ടന്ന് എന്തോ ഓർമ വന്നതും ഞാൻ വീടാകെ തട്ടിക്കൊട്ടി... അസി വന്ന് വിളിച്ചപ്പോൾ ആണ് ഞാൻ പുറത്തേക്കിറങ്ങിയത്.. ഇപ്പൊ കുറച്ചൊക്കെ വൃത്തി തോന്നിക്കുന്നുണ്ട്.. മനസ്സിൽ തൃപ്തി വന്നതും ഞാൻ വീട്ടിൽ നിന്നിറങ്ങി... ശിവ ഞങ്ങളെ കാത്ത് വഴിയിൽ തന്നെ ഉണ്ടായിരുന്നു...

അവളോടൊപ്പം ഞങ്ങൾ പാടത്തേക്ക് നടന്നു...... അഞ്ചാറു പണിക്കാർ ഉണ്ട് പാടത്ത്.. ചിലർ വരമ്പ് മാടുന്നു.. ചിലർ കള പറിക്കുന്നു.. ചിലർ ഞാറു നടുന്നു.. മൂന്നാല് പടങ്ങൾ ഉണ്ട്.. ഞാനും അസിയും പാടത്തേക്കിറങ്ങി.. തോട്ടിന് അരികിൽ ഉള്ള പാടത്തേക്കാണ് ഇറങ്ങിയത്.. ശിവ തോട്ടിലെ വെള്ളത്തിൽ കളിക്കാൻ ഇറങ്ങിയിട്ടുണ്ട്.. ഇനിയിപ്പോ കയറി വരും.. എന്നിട്ട് ചെളിയിലേക്കിറങ്ങും.. തോട്ടിൽ കുറെ കുട്ടികൾ ഉണ്ട്‌.. അവരൊക്കെ മീൻ പിടിക്കാണ്.. കൊലുസണിഞ്ഞ കാൽ പദങ്ങൾ വെള്ളത്തിലേക്ക് തൂക്കിയിട്ട് ഞാൻ ഇരുന്നു... മീൻ കുഞ്ഞുങ്ങൾ കാലിൽ ഇക്കിളിയാക്കുന്നത് കാണാൻ നല്ല രസമാണ്... സമയം ഒരുപാട് ആയി... കുട്ടികൾ പറിച്ചു കൊണ്ട് വന്ന മാങ്ങയും ചാമ്പക്കയുമൊക്കെ തിന്നത് കൊണ്ട് ഒട്ടും വിശപ്പില്ല.. അതിനാൽ തന്നെ ഇല്ലത്തേക്ക് പോയതുമില്ല.. പൂജ ആയത് കൊണ്ട് ഇല്ലത്ത് ആരും ഉണ്ടാവില്ല.. അല്ലേൽ മുത്തശ്ശി എന്നെ കൊന്നിരുന്നു.. അസിയും ആദമും കഞ്ഞി കുടിക്കാൻ കയറിയപ്പോഴും ഞാൻ തോട്ടിൽ കളിക്കായിരുന്നു.. ആദം വരാൻ പറഞ്ഞെങ്കിലും ഞാൻ ചെന്നില്ല..

തോട്ടിനപ്പുറം വലിയ പറമ്പുണ്ട്.. നല്ല തണൽ ആണവിടെ.. ഓരോ മരങ്ങൾക്കിടയിലൂടെ നടന്ന് ഞാൻ സമയം നീക്കി... ഉച്ച തിരിഞ്ഞതും ഞാൻ അവിടെ നിന്നും പാടത്തേക്കിറങ്ങി.. സാഹിബ്‌ അവിടെ ഒന്നും ഇല്ലാത്തത് കൊണ്ട് തന്നെ ഞാൻ അവരുടെ അടുത്തേക്ക് പോയി.. എന്നെ കണ്ട് അസി കയറി പോ എന്ന് പറയുന്നുണ്ടെങ്കിലും അവനെ കൊഞ്ഞനം കുത്തി കാണിച്ചു കൊണ്ട് ഞാൻ ചെളിയിലൂടെ നടന്നു.... ആ സമയത്താണ് പെട്ടന്ന് കാലിൽ എന്തോ കുത്തിയത്.. ആ... എന്ന് പറഞ്ഞ് ഞാൻ ഒരു കാൽ പൊന്തിച്ചതും ചോര ഒലിക്കുന്നത് കണ്ടു.. ശിവയെ അസി ചീത്ത പറഞ്ഞിട്ടും ഒരു കൂസലിമില്ലാതെ അവൾ പാടത്തെ ചെളിയിലേക്കിറങ്ങി... അവൾ അങ്ങനെ തന്നെയാണ്... ഇതൊക്കെയാണ് അവൾക്കിഷ്ടം. പെട്ടന്ന് അവൾ ആ എന്ന് പറഞ്ഞ് കാൽ പൊന്തിച്ചതും ചെളി നിറഞ്ഞ വെളുത്ത കാലടിയിൽ ചോര വരുന്നത് കണ്ടു..

. അത് കണ്ടതും ഞാനും അസിയും അവളുടെ നേരെ ചെന്നു.. "എന്താ ശിവാ.... " അവളെ വരമ്പത്ത് ഇരുത്തി കൊണ്ട് ഞാൻ ചോദിച്ചു... കാലിൽ പിടിച്ചു നോക്കി.. എന്തോ മുള്ള് കുത്തിയതാണ്.. അത് മെല്ലെ വലിച്ചെടുത്തതും ചോര പിന്നെയും വന്നു.. വേദനിച്ചിട്ടാവണം.. അവളെന്റെ കയ്യിൽ മുറുകെ പിടിച്ചിട്ടുണ്ട്.. നല്ല കടച്ചിൽ ഉള്ള മുള്ള് തന്നെയാണ് കുത്തിയിട്ടുള്ളത്.. തലയിൽ കെട്ടിയ മുണ്ട് ചീന്തി അവളുടെ കാലിൽ കെട്ടിയതും അസി അവളുടെ തലയിൽ ഒരു മേട്ടം കൊടുത്തു.. "അപ്പോഴേ ഞാൻ പറഞ്ഞില്ലേ പോത്തേ അവിടെ നിന്നാൽ മതിയെന്ന്... എന്നിട്ടും അത് കേൾക്കാതെ ഇറങ്ങി വന്നു.. പോരാത്തതിന് ചെരിപ്പും ഇല്ല.. അതെങ്ങനെ ചെരിപ്പെന്ന സാധനം ഇവൾക്ക് അലർജി അല്ലേ... " അസി അവളെ ഓരോന്ന് പറയുമ്പോഴൊക്കെ ഞാൻ ചിരിച്ചു കൊണ്ട് നിൽക്കായിരുന്നു..

ഇനി ചെരിപ്പിടാതെ കണ്ടു പോകരുതെന്ന് പറഞ്ഞ് അവൻ പാടത്തേക്കിറങ്ങി പോയതും ഞാൻ കുലുങ്ങി ചിരിച്ചു.. "എന്താ ഡാ ചെക്കാ...ആ കൊസി പറഞ്ഞത് കേട്ടില്ലേ.. ചെരിപ്പിടണമെന്ന്..പിന്നേ.. ഞാനിപ്പോ ഇടും.. " മുഖം കോട്ടി കൊണ്ട് തല ഉഴിഞ്ഞവൾ പറഞ്ഞതും ഞാൻ ചിരി കടിച്ചു പിടിച്ചു.. "എന്റെ ശിവാ... നീ നിനക്കിഷ്ടമുള്ള പോലെ നടന്നോ.. നീ എങ്ങനെ ആണോ.. അങ്ങനെ ആണെനിക്കിഷ്ടം.. ആർക്ക് വേണ്ടിയും മാറ്റേണ്ട. " എന്റെ അടുത്തിരുന്ന് ആദം പറഞ്ഞതും ഞാൻ അവന്റെ മുഖത്തേക്ക് നോക്കി.. ഇതാണ് അവനിലേക്ക് ഞാൻ കൂടുതൽ അടുക്കാൻ കാരണം.. എന്നെ ഞാനായി ഇഷ്ടപ്പെടുന്നത്.. എന്റെ വട്ടിനെല്ലാം കൂട്ട് നിൽക്കും...

ഒരു നിമിഷം പോലും കാണാതിരിക്കാൻ കഴിയില്ല... ന്റെ ശിവാ... ഞങ്ങളെ പിരിക്കരുതേ.. എന്നുമീ സ്നേഹം. ഉണ്ടാവണേ.. നന്ദിയുടെ ചെവിയിലെന്നും ഞാൻ പ്രാർത്ഥിക്കാറുള്ളത് അത് മാത്രമാണ്.. ആദിശിവ പിരിയല്ലെന്ന്... ഞങ്ങളെ പിരിക്കാൻ ശിവന് മാത്രമേ കഴിയൂ.. ആ ശിവൻ തന്നെ ഞങ്ങളെ ഒരുമിപ്പിക്കുകയും ചെയ്യും.. നന്ദിയുടെ ചെവിയിൽ എന്തെങ്കിലും ആഗ്രഹം പറഞ്ഞ് പ്രാർത്ഥിച്ചാൽ ഉറപ്പായും അത് നടക്കും.. ആദം എന്റെ കാലിലെ മുറിവ് ശെരിക്ക് കെട്ടുന്ന തിരക്കിലാണ്.. അവനാകെ മണ്ണിൽ കുളിച്ചിട്ടുണ്ട്.. കള്ളിമുണ്ടും വെളുത്ത ബനിയനുമാണ് വേഷം.. പാട വരമ്പത്തെ തഴുകുന്ന കുളിർകാറ്റേറ്റ് അവന്റെ നെറ്റിയിലെ മുടിയിഴകൾ സ്ഥാനം മാറുന്നത് കാണാൻ നല്ല ഭംഗിയുണ്ട്..കള്ള ചിരിയാൽ നുണക്കുഴി വിരിയുന്നതും നോക്കി കണ്ണിമ ചിമ്മാതെ ഇരുന്നതും അവനെന്റെ തലക്കൊരു മേട്ടം തന്നു..

"ഇങ്ങനെ നോക്കി ഇരിക്കാതെ ഇല്ലത്തേക്ക് പൊയ്ക്കോ.. രാവിലെ ഇറങ്ങിയതല്ലേ പെണ്ണേ.. അവിടെ ആരും ഇല്ലാത്തത് നിന്റെ ഭാഗ്യം.. " "ഇനീ കാല് വെച്ച് ഞാൻ എങ്ങനെ പോകും " ഞാനത് പറഞ്ഞതും നിൽക്കെന്ന് പറഞ്ഞു കൊണ്ടവൻ പാടത്ത് നിന്നും കയറി . തോട്ടിലിറങ്ങി കാലും കയ്യും മുഖവും കഴുകി... മുഖത്തേക്ക് വെള്ളത്തുള്ളികൾ തെറിക്കുംതോറും അവന്റെ മൊഞ്ചു കൂടുന്നുണ്ട്.. അത് നോക്കി ഞാൻ അവിടെ തന്നെ ഇരുന്നു.. കൈകാലുകൾ കഴുകി അവൻ എന്റെ അടുത്തേക്ക് വന്നു.. അസിയോട് ഇപ്പൊ വരാമെന്ന് പറഞ്ഞ് വിളിച്ചു കൂവി കൊണ്ട് അവനെന്റെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് എന്നെ എഴുന്നേൽപ്പിച്ചു .. ആദ്യമായാണ് അവനെന്റെ കയ്യിൽ ഇങ്ങനെ പിടിക്കുന്നത്.. ഹൃദയത്തിലെന്തോ പെട്ടന്ന് തരിപ്പ് കയറിയ പോലെ... എന്നെ അവന്റെ അടുത്തേക്ക് നീക്കി നിർത്തിയതും അവൻ മുറുകെ പിടിച്ച കൈ ഞാൻ കൊതിയോടെ നോക്കി നിന്നു..

"തുള്ളി ചാടി നടക്കാതെ മെല്ലെ നടക്ക്" അതും പറഞ്ഞ് അവൻ കൈ വിടാൻ നിന്നതും അതിന് സമ്മതിക്കാതെ ഞാൻ കൂടുതൽ മുറുക്കി.. ഒരു ചിരിയോടെ അവനെന്നെ നോക്കിയതും ഞാൻ മുഖം തിരിച്ച് നടന്നു.. അവനെന്റെ പിറകെ എന്റെ കൈ പിടിച്ച് നടന്നു.. അസി ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ട്.. പാടത്ത് ഇപ്പൊ ആരുമില്ല.. എല്ലാവരും പോയിട്ടുണ്ട്.. അത് കൊണ്ടാണ് അസി ഒന്നും പറയാതെ തലയാട്ടി ചിരിച്ചത്.. ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഞങ്ങളെയവൻ ചെളിയെടുത്ത് എറിഞ്ഞിരുന്നു. പാടത്ത് നിന്നും ഇടവഴിയിലേക്ക് കയറാൻ നിന്നതും അവൻ എന്റെ കൈ പിടിച്ച് അവന്റെ അടുത്തേക്ക് വലിച്ചതും ഞാൻ പെട്ടന്ന് അവനെ നോക്കി.

"അതേയ്.. ഇനിയും ഈ കൈ പിടിച്ചങ്ങനെ പോകാനാണോ ഭാവം.. നിന്റെ വല്യച്ചനോ മറ്റോ കണ്ടാൽ.. " ആദം പറഞ്ഞത് ശെരിയാണ്.. ഇല്ലം എത്താനായത് ഞാൻ ശ്രദ്ധിച്ചിരുന്നില്ല.. അവന്റെ കൈപിടിച്ച് ഈ നാട് മുഴുവൻ നടക്കണമെന്നത് എന്റെ ആഗ്രഹമാണ്.. അപൂർണമായാണേലും ഇന്നത് സാധിച്ചു.. ഇനി എല്ലാവരും കാൺകെ അവന്റെ കൈ പിടിച്ച് നടക്കണം.. ആരെകൊണ്ടും ഞങ്ങളുടെ കൈ വേർപ്പെടുത്താൻ സാധിക്കരുത്... മുറുകെ പിടിച്ച ഞങ്ങളുടെ കൈകളിലേക്ക് നോക്കി ഞാൻ കണ്ണടച്ച് പ്രാർത്ഥിച്ചു...

ആ സമയം ഇടവഴിയിലൂടെ ഒരു വണ്ടിയുടെ ശബ്ദം കേട്ടു.. പെട്ടന്ന് ഞാൻ കണ്ണുകൾ തുറന്നു... അതൊരു കാർ ആയിരുന്നു.. ഈ നാട്ടിൽ ആർക്കും കാറില്ല..... സംശയത്തോടെ ഞാനും ആദമും അങ്ങോട്ടേക്ക് നോക്കി.. ആ സമയം അതിൽ നിന്നും രണ്ടു പേർ ഇറങ്ങി വന്നു... അവരെ കണ്ട പാടെ ഞാൻ ആദമിന്റെ മുഖത്തേക്ക് നോക്കി.. അവന്റെ മുഖം വിടർന്ന് വരുന്നത് ഞാൻ കണ്ടു.. അതിനനുസരിച്ച് എന്റെ കൈയിലെ പിടുത്തം അയഞ്ഞു വന്നതും ഞാൻ അറിഞ്ഞു.... പൂർണമായി എന്റെ കയ്യിൽ നിന്നും അവന്റെ കൈ വേർപ്പെട്ടതും ഹൃദയമിടിപ്പ് കൂടിയ പോലെ എനിക്ക് തോന്നി.........(തുടരും)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story