❤️ശിവപാർവതി ❤️: ഭാഗം 11

shiva parvathi

രചന: കടലാസിന്റെ തൂലിക

"ഇന്ന് എന്താടി നീ ചോർ കൊണ്ട് പോവാതിരുന്നത്." വന്നു കേറിയപ്പോൾ തന്നെ അമ്മയുടെ ചോദ്യം അതായിരുന്നു. ഞാൻ ഒന്നും പറയാതെ അമ്മയെ ഭാവബേദങ്ങൾ ഇല്ലാജ് നോക്കി അകത്തേക്ക് കയറി. സാധാരണ തിരിച്ചു ഞാൻ എന്തെങ്കിലും പറയേണ്ടതാണ്. ഇന്ന് എന്തോ പറയാൻ ഒന്നും വയ്യ. എവിടെ എങ്കിലും കിടന്നാൽ മതി എന്ന് തോന്നുന്നു. അമ്മ ആണെങ്കിൽ വിടാൻ ഉദ്ദേശം ഇല്ല എന്ന് തോന്നുന്നു. എന്റെ പിന്നാലെ വന്നു പിടിച്ചു നിർത്തി ഒന്ന് കൂടി ചോദിച്ചു. അപ്പോഴാണ് അമ്മ എന്റെ കഴുത്തിൽ ഉള്ള പാട് കണ്ടത്. "അയ്യോ... എന്താടി ഇത്. ആകെ ചുവന്നു കിടക്കുന്നുണ്ടല്ലോ.. "അമ്മ കഴുത്തിൽ തൊട്ട് കൊണ്ട് ചോദിച്ചപ്പോൾ ഞാൻ വേദനയോടെ കണ്ണടച്ചു. "എന്താ പാറുട്ട..പറ."അമ്മയുടെ സ്വരത്തിൽ വേവലാതി പടരുന്നത് ഞാൻ അറിഞ്ഞു.

അപ്പോഴും തിരിച്ചൊന്നും പറയാൻ നിന്നില്ല. "ദേ.. നോക്കിയേ ഒന്നിങ്ങു വന്നേ.. ഇവളുടെ കഴുത്താകെ ചുവന്നു കിടക്കുന്നു." അമ്മ അച്ഛനേയും വിളിച്ചു വരുത്തുന്നുണ്ടായിരുന്നു. അച്ഛന്റെ ഒപ്പം ചേട്ടനും വരുന്നത് കണ്ടു.ഇന്ന് ഇവർ എല്ലാവരും നേരത്തെ വന്നോ.. "എന്താ അച്ഛന്റെ മോൾക്ക് പറ്റിയത്.അമ്മ പറഞ്ഞത് പോലെ കഴുത്ത് ആകെ ചുവന്നു കിടക്കുന്നുണ്ടല്ലോ..വല്ലതും ഊച്ചിയതാണോ മോളെ.." "ഏയ്.. ഇത് ഊച്ചിയത് ഒന്നും അല്ല.കണ്ടില്ലേ നീര്.ഇത് വേറെ എന്തോ ആണ്".കുറെ നേരം എന്റെ കഴുത്ത് സൂക്ഷമായി നിരീക്ഷിച്ചതിന് ശേഷം വലിയ കാര്യം പോലെ ഏട്ടൻ പറഞ്ഞു.ഞാനും അപ്പോഴാണ് ശ്രദ്ധിച്ചത്.ചെറുതായി നീര് വന്നിട്ടുണ്ട്.തൊട്ടു നോക്കിയാണ് അത് മനസ്സിലായത്. "വേറെ എന്ത്.വേദന ഉണ്ടോ മോളെ.." അമ്മ കണ്ണ് നിറക്കുന്നത് കണ്ടപ്പോൾ പാവം തോന്നി.അമ്മ പെട്ടന്ന് കരയും.പക്ഷെ അമ്മയെ കരയിക്കാൻ അച്ഛൻ ഇത് വരെ ഇട വരുത്തിയിട്ടില്ല.

ഞങൾ എപ്പോഴും തല്ലാണെങ്കിലും അമ്മക്ക് ഞാനും എനിക്ക് അമ്മയും ജീവൻ ആണ്. "എന്താ വാവേ... അച്ഛന്റെ പൊന്ന് എന്താ ഒന്നും പറയാത്തത്.വേദനിച്ചിട്ടാണോ.." അച്ഛൻ അങ്ങനെ ആണ്.എന്നെ ഇപ്പോഴും ചെറിയ കുട്ടിയെ പോലെ ആണ് കാണുന്നത്. വിളിയും അങ്ങനെ ഒക്കെ തന്നെ ആണ്. ഈ അച്ഛൻ എങ്ങനെ ആണ് ശിവേട്ടന്റെ ശത്രു ആയതെന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മതി ആകുന്നില്ല.. ചേട്ടൻ പിടിച്ചു കുലിക്കിയപ്പോൾ ആണ് ഓർമകളിൽ നിന്ന് തിരിച്ചു വന്നത്. "നീ എന്തു സ്വപ്നം കണ്ടു നിൽക്കുകയാണ്.ഞങൾ എത്ര നേരം ആയി ചോദിക്കുന്നു. എന്തു പറ്റിയതാ പാറുട്ട.." "ഓഹ്...ഒന്നും ഇല്ല മക്കളെ.. നിങ്ങൾ ഇങ്ങനെ പേടിക്കാൻ ഒന്നും ഇല്ല.ഇത് ഒരു ക്രീമിന്റെ സൈഡ് എഫക്ട് ആണ്." "അതിന് നീ ക്രീം ഒന്നും തേക്കാറില്ലല്ലോ.." "ആ... പക്ഷെ ഇന്ന് ഒരു ക്രീം തേച്ചു നോക്കി. പക്ഷെ എനിക്ക് പറ്റിയില്ല. തേച്ച ഇടത്തു ചുവന്നു." "അപ്പോൾ നീ കഴുത്തിൽ ആണോ ക്രീം തേച്ചത്.

സാധാരണ എല്ലാവരും മുഖത്തല്ലേ തേക്കുക." "ഓ.. അപ്പോൾ എന്റെ മുഖം ചുവക്കാതെ ആണല്ലേ പ്രശ്നം.അല്ലെങ്കിലും ചേട്ടൻ ഇങ്ങനെ ആണ് എന്നോട് ഒരു സ്നേഹവും ഇല്ല. ഞാൻ പോണ്. ഇനി എന്നെ വിളിക്കണ്ട. എനിക്കൊന്ന് ഉറങ്ങണം." എന്തോക്കെയോ പറഞ് അവിടെ നിന്ന് തടി തപ്പി. അല്ലെങ്കിൽ ചേട്ടൻ എല്ലാം കണ്ടു പിടിക്കും.എന്റെ കള്ള ത്തരം കണ്ട് പിടിക്കുന്ന കാര്യത്തിൽ ചേട്ടൻ പുലി ആണ്. റൂമിൽ ചെന്ന് ഡ്രസ്സ്‌ മാറ്റനോ കുളിക്കാനോ ഒന്നും നിന്നില്ല.നേരെ പോയി കിടന്നു. ഒരുപാട് നേരം വൈകി എഴുന്നേറ്റപ്പോൾ.രാത്രി 9 മണി ആയി. ഞാൻ വെറുതെ ഒന്ന് കണ്ണാടിയുടെ മുമ്പിൽ ചെന്ന് നിന്നു.അവിടെഎന്റെ പ്രതിബിബം കണ്ടു ഞാൻ ഞെട്ടി!! കഴുത്ത് ആകെ നീര് വന്നു വീർത്തിരിക്കുന്നു. ഉമിനീർ ഇറക്കാൻ പോലും പ്രയാസം തോന്നി അപ്പോൾ.

"പാറുട്ട... വന്നേ ഭക്ഷണം കഴിക്കാം." ഈ അവസ്ഥയിൽ ഭക്ഷണം കഴിക്കാൻ പോയാൽ എന്തായാലും കഴിക്കാൻ സാധിക്കില്ല.മാത്രം അല്ല,അമ്മ ഈ നീര് കണ്ടാൽ പേടിക്കുകയും ചെയ്യും. "എനിക്ക് വേണ്ട അമ്മേ.. .ഞാൻ വരുന്ന വഴിയേ കഴിച്ചിട്ടാണ് വന്നത്."ഉള്ള ശബ്ദം വെച്ച് എങ്ങനെയോ ഒപ്പിച്ചു. "അത് നേരത്തെ അല്ലെ.. ഇപ്പോൾ എത്ര മണിക്കൂർ ആയി.നീ വല്ലതും വന്നു കഴിക്ക് പാറുട്ട..." അമ്മ താഴെ നിന്നാണ് പറയുന്നത് എങ്കിലും നല്ല ശബ്ദത്തിൽ ആയിരുന്നു പറഞ്ഞത്. "വേണ്ട അമ്മേ... വിശപ്പില്ല.എനിക്ക് വേണ്ട." വിശപ്പില്ല എന്ന് പറഞ്ഞത് തീർത്തും കള്ളം ആയിരുന്നു.ഉച്ചക്ക് തന്നെ ശരിക്ക് കഴിച്ചില്ല.വിശന്നിട്ട് ആകെ അവശ ആയി. വേഗം കുളിച്ചു വന്നു.അപ്പോൾ ചെറിയ ഉഷാർ വന്നെങ്കിലും വീണ്ടും വിശന്നു.പക്ഷെ ഞാൻ അത് കാര്യമാക്കാൻ നിന്നില്ല.നാളെ ക്ലാസ്സ്‌ ഇല്ലാത്തത് കാരണം പഠിക്കാൻ ഉള്ളത് നാളെ ആയാലും പഠിച്ചാൽ മതി.പക്ഷെ.. മുത്തശ്ശി പറയാം എന്ന് പറഞ്ഞ കാര്യം കേൾക്കണ്ടെ.. ഈ കഴുത്തും വെച്ച് മുത്തശ്ശിയുടെ അടുത്തേക്ക് പോവാൻ തോന്നിയില്ല.

നാളെ എങ്ങനെ എങ്കിലും അച്ഛമ്മയോട് ചോദിച്ചു മനസ്സിലാക്കാം എന്ന് കരുതി. ഡോക്ടർ തന്ന ഗുളികയും കഴിച് വീണ്ടും നിദ്രയിലേക്ക്... ***** പിറ്റേ ദിവസം നേരത്തെ തന്നെ എഴുന്നേറ്റു.അല്ല,എഴുന്നേൽപ്പിച്ചതാണ് അച്ഛമ്മ.അമ്പലത്തിലേക്ക് പോകുവാൻ വേണ്ടി കുളിക്കാൻ പറഞ്ഞു വിട്ടിട്ട് അച്ഛമ്മ പോയി. കണ്ണാടിയിൽ ചെന്ന് നോക്കിയപ്പോൾ നീര് ഇന്നലത്തെക്കാൾ ഒരുപാട് കുറഞ്ഞിട്ടുണ്ട്.ഇപ്പോൾ അത്രയും വലിയ നീര് വന്നിരുന്ന കഴുത്ത് ആണെന്ന് തോന്നില്ല.മരുന്നിന്റെ ഗുണം ആണത്.അതിലുപരി അനുപമ ഡോക്ടറുടെ കൈപ്പുണ്യം ആണെന്ന എല്ലാവരും പറയുന്നത്.ഡോക്ടറെ കുറിച്ച് പറയാൻ എല്ലാവർക്കും നൂറ് നാവാണ്. ഭാവിയിൽ ഞാനും ഒരു ഡോക്ടർ ആവുമ്പോൾ എനിക്കും അനുപമ ഡോക്ടറുടെ പോലെ ഒരു ഡോക്ടർ ആവണം എന്നാണ് ആഗ്രഹം. ഓരോന്ന് ചിന്തിച്ചു നിന്ന് സമയം പോയത് അറിഞ്ഞില്ല. അല്ലെങ്കിലും ഇപ്പോഴായെപ്പിന്നെ ചിന്ത അൽപ്പം കൂടുതൽ ആണ്.

ഞാൻ വേഗം കുളിച് ഒരു നല്ല പട്ടുപാവാട എടുത്തിട്ട് താഴേക്ക് പോയി.ഒരുപാട് നാളായി പട്ടുപാവാട ഇട്ടിട്ട്.പ്ലസ് വണ്ണിൽ പഠിക്കുമ്പോഴോ മറ്റോ ആണ് അവസാനം ആയി ഇട്ടത്. പക്ഷെ ഇപ്പോഴും ഡ്രസ്സ്‌ അധികം ടൈറ്റ് ആയിട്ടുണ്ടായിരുന്നില്ല. "ആഹാ.. എന്താണ് നോം ഈ കാണുന്നത്. പട്ടുപാവാടയോ.. ഇനി ഈ കോലം പാടത്തു കൊണ്ട് വെച്ചാൽ മാത്രം മതി". ചേട്ടൻ അവന്റെതായ കമന്റ്‌ പറഞ്ഞപ്പോൾ ഞാൻ ചിണുങ്ങി കൊണ്ട് അച്ഛന്റെ അടുത്തേക്ക് പോയി. "അത്രക്ക് ബോറാണോ അച്ചേ.." "ഏയ്.. അച്ഛന്റെ പോന്നുസ് സുന്ദരി അല്ലെ.. ഇപ്പോൾ കൂടുതൽ സുന്ദരി ആണ്. എവിടെക്കാ മോള് രാവിലെ തന്നെ." "ഞാൻ അച്ഛമ്മയുടെ കൂടെ അമ്പലത്തിൽ പോവുകയാ.." "ഓഹ്.. ദൈവ വിശ്വാസം ഒക്കെ വന്നോ.."അമ്മയാണ് എനിക്ക് വിശ്വാസം ഒക്കെ ഉണ്ട്.ഞാൻ അമ്മയെ നോക്കി പുച്ഛിച്ചു.

"ഇനി രണ്ടും കൂടെ തല്ല് കൂടാൻ നിൽക്കണ്ട. മോള് കഴിച്ചിട്ടു വേഗം പൊയ്ക്കോ.. അച്ഛമ്മ റൂമിലുണ്ട്." "അതുണ്ടല്ലോ അമ്മേ... ഇന്ന് ഞാനും അച്ഛമ്മയും മാത്രം അല്ലെ ഉള്ളു.. ഞാൻ സ്കൂട്ടി എടുത്തോട്ടെ.." "വേണ്ട..." അമ്മ അത് പറഞ്ഞപ്പോൾ പിന്നെ ഞാൻ ഒന്നും ചോദിക്കാൻ പോയില്ല. ചോദിച്ചിട്ടും കാര്യം ഇല്ല. ശിവേട്ടനെ മനസ്സിൽ പ്രാകി ഞാൻ വേഗം ഭക്ഷണം കഴിച് അച്ഛമ്മയുടെ കൂടെ അമ്പലത്തിലേക്ക് പോയി. **** അമ്പലത്തിൽ എത്തി പ്രാർത്ഥന കഴിഞ്ഞിട്ടും പറയേണ്ട കാര്യത്തെ പറ്റി അച്ഛമ്മ ഒന്നും പറഞ്ഞില്ല. പുഷ്‌പാഞ്‌ജലി ചെയ്യാൻ ഇപ്രാവശ്യം ശിവേട്ടന്റെയും അപ്പച്ചിയുടെയും പേര് കൂടെ ഉണ്ടായിരുന്നു. അമ്പലത്തിൽ ഒരിക്കൽ കൂടെ വലം വെച്ച് ഞങ്ങൾ പുറത്തേക്കിറങ്ങി. പുറത്തെ ആൽത്തറയിൽ ഇന്ന് ആരും ഉണ്ടായിരുന്നില്ല. അച്ഛമ്മ എന്നെയും കൂട്ടി ആൽത്തറയിലേക്ക് പോയി. "നിനക്ക് എന്താണ് എന്നോട് ചോദിക്കാൻ ഉള്ളത് എന്ന് വെച്ചാൽ ചോദിച്ചോളൂ..

" "അച്ഛമ്മക്ക് ശിവേട്ടന്റെ അമ്മയുമായി ഇതിന് മുന്പേ കോൺടാക്ട് ഉണ്ടോ.." "മ്മ്.. ഉണ്ട്." "എപ്പോൾ മുതൽ?? അച്ഛനും കുടുംബക്കാരും മുഴുവൻ എതിർത്ത അപ്പച്ചിയെ അച്ഛമ്മ എപ്പോൾ മുതൽ ആണ് ചേർത്ത് പിടിച്ചത്." "പറയുകയാണെങ്കിൽ ഒരുപാട് ഉണ്ട്. ശരിയാണ്.നീ പറഞ്ഞത് പോലെ നിന്റെ അച്ഛനും കുടുംബക്കാരും അപ്പച്ചിയെ കൈ വിട്ട പോലെ ഞാനും ഉപേക്ഷിച്ചതായിരുന്നു നിന്റെ അപ്പച്ചിയെ.. ഒരുപാട് കാലം. ഒളിച്ചോടി തിരിച്ചു വന്നപ്പോഴും ഞാൻ നിന്റെ അപ്പച്ചിയെ സ്വീകരിച്ചില്ല. കുടുംബത്തെ മുഴുവൻ നാണം കെടുത്തിയ പരിപാടി അല്ലെ അവൾ ചെയ്തത്. പക്ഷെ എത്ര കാലം അങ്ങനെ അകന്നു നിൽക്കും. പെറ്റ വയറിനു സ്വന്തം മക്കളുടെ വിഷമം കാണാൻ കഴിയില്ല.ശിവന്റെ പ്രസവസമയത്ത് ആണ് ഞാൻ എന്റെ മോളുടെ അടുത്തേക്ക് പോയത്. ശിവന് പേരിട്ടതും ഞാനാണ്. അപ്പോഴും അവളുമായി ഞാൻ അത്രക്ക് അടുത്തില്ല.

പിന്നീട് എപ്പോഴോ അവൾക്ക് ഹാർട്ട്‌ അറ്റാക്ക് വന്നു എന്ന് അറിഞ്ഞപ്പോൾ ആണ് ഞാൻ അവളെ ഒറ്റക്ക് ആക്കാതെ കൂടെ നിന്നത്." "അറ്റക്കോ.. എന്നിട്ട് അച്ഛൻ അറിഞ്ഞോ ആ കാര്യം." "ദേവൻ അറിഞ്ഞിട്ടില്ല. അറിഞ്ഞാലും കാര്യം ഉണ്ടെന്ന് തോന്നുന്നില്ല.അവന്റെ മനസ്സ് എന്നോ ഉറച് പോയതാണ്." "സ്വന്തം അനിയത്തിക്ക് ഹാർട്ട്‌ അറ്റാക്ക് വന്നു എന്ന് അറിഞ്ഞാലും അച്ഛൻ പോവില്ലെന്നോ.. എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല." "സ്വന്തം അച്ഛനെ കൊന്ന അനിയത്തിയെ ആങ്ങളക്ക് എങ്ങനെ ആണ് സ്നേഹിക്കാൻ കഴിയുക" "എന്ത്??? കൊന്നെന്നോ.!!!!" "കൊല പാതകം അല്ല. പക്ഷെ കൊല പോലെ തന്നെയാണ്. അന്ന് മഹിമ കല്യാണ തലേന്ന് ഒളിച്ചോടിയപ്പോൾ എല്ലാവരുടെയും മുമ്പിൽ നാണം കെട്ടത് ഞങ്ങളുടെ കുടുംബം ആണ്. എല്ലാവരും ഞങ്ങളെ തന്നെ ആണ് പഴിചാരിയത്. കൊഞ്ചിച്ചു വഷളാക്കി എന്നൊക്കെ പറഞ്. അവസാനം ചെറുക്കന്റെ വീട്ടുകാർ വന്നു.

അവർ എന്തോക്കെയോ പറഞ്ഞു കൊണ്ട് പോയി.കൂട്ടത്തിൽ ഒരുപാട് ശാപവാക്കുകളും ഉണ്ടായിരുന്നു. അവർ പോയതിന് പിന്നാലെ പ്രാബേട്ടൻ കുഴഞ്ഞു വീണു. എല്ലാവരും കൂടി ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും....." പറഞ്ഞു തീരുമ്പോഴേക്കും വാക്കുകൾ പൂർത്തി ആക്കാനാവാതെ അച്ഛമ്മ കരയുകയായിരുന്നു. കൂടെ ഞാനും. "ഏത് കാര്യത്തിലും ഉറച്ച നല്ല ഒരു നിലപാട് ഉള്ള ദേവൻ അന്ന് ആദ്യാമായി ആണ് കരഞ്ഞത് ഞാൻ കണ്ടത്. അവന്റെ മനസ്സിന് താളം തെറ്റും എന്ന് പോലും ഞാൻ സംശയിച്ചു.അത്രക്ക് ഉണ്ടായിരിക്കും ദേവന്റെ വിഷമം. ജീവനെ പോലെ സ്നേഹിച്ച പെങ്ങൾ ചതിച്ചു, അച്ഛൻ അന്ന് രാത്രി തന്നെ മരണമടഞ്ഞു. ഇതൊക്കെ മതിയല്ലോ ഒരാളുടെ സമനില തെറ്റാൻ. ഞാനും അന്നൊക്കെ ഭ്രാന്ത് പിടിച പോലെ ഉള്ള അവസ്ഥയിൽ ആയിരുന്നു.

അവനെയും എന്നെയും സാധാരണ അവസ്ഥയിൽ ആക്കിയത് നിന്റെ അമ്മ ആണ്. നിന്റെ അമ്മയുമായുള്ള ദേവന്റെ കല്യാണം ആദ്യമേ നിശ്ചയിച്ചതായിരുന്നു.2 ദുരന്തങൾ ഒന്നിച്ചുണ്ടായ വീട്ടിലേക്ക് മകളെ കല്യാണം കഴിച്ചു വിടില്ല എന്ന് നിന്റെ അമ്മ വീട്ടുകാർ പറഞ്ഞെങ്കിലും അമ്മ കല്യാണത്തിൽ തന്നെ ഉറച്ചു നിന്നു. അവനെയും എന്നെയും മാറ്റി എടുത്തു, ഞങ്ങൾക്ക് മാധവനെയും നിന്നെയും തന്നു. നമ്മുടെ വീട് ഒരു കൊച്ചു സ്വർഗം ആക്കിയത് അവളുടെ മിടുക്ക് ആണ്. സരസ്വതി തന്നെയാണ് നമ്മുടെ വീട്ടിലെ മാലാഖ. മഹിമയുടെ കാര്യം നേരെ തിരിച് ആയിരുന്നു. ഞങ്ങൾക്ക് ഞങ്ങളുടെ സന്തോഷം തിരിച്ചു കിട്ടിയപ്പോൾ അവളുടെ സന്തോഷം നഷ്ടപ്പെടുകയാണ് ചെയ്തത്. ശിവനെ അവൾ ഗർഭിണി ആയിരിക്കുമ്പോൾ ആണ് ശിവന്റെ അച്ഛന്റെ മരണം. അവൾ അയാളെ ഒരുപാട് സ്നേഹിച്ചിരുന്നു. അവൾ ജീവൻ ആയിരുന്നു അയാൾ.

അയാളുടെ മരണവും അവളെ വല്ലാതെ വേദനിപ്പിച്ചു.ചില നേരങ്ങളിൽ ഉറക്കെ പൊട്ടി ചിരിക്കുകയും ഉറക്കെ കരയും ചെയ്തിരുന്ന മഹിമയെ അയൽക്കാർ ഒക്കെ കൂടി മെന്റൽ ഹോസ്പിറ്റലിൽ ആക്കി. അവിടുത്തെ ട്രിക്മെന്റ് കഴിഞ്ഞപ്പോഴേക്കും ശിവനെ പ്രസവിച്ചിരുന്നു.അവനെ പ്രസവിച്ചത് പോലും അവൾ അറിഞ്ഞിരുന്നില്ല. പിന്നീട് കുഞ്ഞിന് വേണ്ടി മാത്രം ആണ് അവൾ ജീവിച്ചത്.അയാൾ ഒരു അനാഥൻ ആയത് കൊണ്ട് തന്നെ കൂട്ടിന് ആരും അവൾക്ക് ഉണ്ടായിരുന്നില്ല. അടുത്ത വീടുകളിൽ പണിക്ക് പോയും തയ്യൽ കടയിൽ പോയും ഒക്കെ ആണ് ശിവനെ വളർത്തിയത്. ശിവന്റെ കാര്യം ആണ് ഏറെ കഷ്ടം. ഒറ്റക്ക് ആയിരുന്നു അവന്റെ വളർച്ച.ലാളിച്ചു വളർത്തേണ്ട ശൈശവ കാലത്തും അവനെ നോക്കാൻ ആരും ഉണ്ടായിരുന്നില്ല.

രാവിലെ മഹിമ ജോലിക്ക് പോകുന്ന മഹിമ അവനെ പൂട്ടി വാതിലടച്ചു പോവും. പിന്നെ രാത്രി ആണ് തിരിച്ചു വരിക.അയൽക്കാർ പോലും അവർ ആ പിഞ്ചു കുഞ്ഞിനെ നോക്കാൻ വന്നില്ല. ഒരുപാട് കഷ്ടപ്പെട്ടിട്ടും കാര്യമായ വരുമാനം അവർക്ക് ലഭിച്ചില്ല. ഒറ്റക്ക് താസിക്കുന്ന ഒരു പെണ്ണ് സമൂഹത്തിൽ അനുഭവിക്കേണ്ടി എല്ലാം അനുഭവിച്ചാണ് അവൾ ശിവനെ വളർത്തിയത്.അവളുടെ ആ തുച്ഛമായ വരുമാനത്തിൽ രണ്ട് വയർ കഴിഞ്ഞു പോകുന്നത് എങ്ങനെ ആണെന്ന് അവൾക്ക് തന്നെ അറിയില്ല. ഇതൊക്കെ മഹിമ പറഞ്ഞു കേട്ടപ്പോൾ ശരിക്കും ഞങ്ങൾ ചെയ്തത് അവരോട് ചെയ്തത് ക്രൂരത ആണെന്ന് തോന്നിയിട്ടുണ്ട്.ഒരുപാട് ആളുകൾ ഉണ്ടായിട്ടും ഒറ്റക്ക് കഴിയുന്ന അവസ്ഥ.. ശിവനെ പ്രസവിച്ചു രണ്ട് മാസം കഴിഞ്ഞാണ് മാധവനെ പ്രസവിച്ചത്. സർവ സൗകര്യങ്ങളോടും കൂടിയാണ് മാധവനെ വളർത്തിയത്. രാജാകീയം ആയി വളർന്ന മാധവനും ഒരു നേരത്തെ വിശപ്പ് അടക്കാൻ പാടു പെടുന്ന ശിവനും...

രണ്ട് പേരും എന്റെ പേരക്കുട്ടികൾ തന്നെ അല്ലെ.." മുത്തശ്ശി അത് പറഞ്ഞു കണ്ണ് തുടക്കുമ്പോൾ എന്റെ കണ്ണും എന്തു കൊണ്ടോ നിറഞ്ഞിരുന്നു. "സ്കൂൾ പഠന കാലവും ശിവൻ ഏറെ ബുദ്ധിമുട്ട് സഹിച്ചും ഒറ്റപ്പെട്ടും തന്നെ ആണ് വളർന്നത്.നിങ്ങൾ രണ്ട് പേരും ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നല്ല വിദ്യാഭ്യാസത്തോടും സംസ്കാരത്തോടും വളരുമ്പോൾ സ്കൂളിൽ ഒന്ന് ചേർക്കാൻ പോലും മഹിമയെ കൊണ്ട് കഴിഞ്ഞില്ല. അവസാനം ചേർത്തു ഏതോ ഒരു സ്കൂളിൽ. നിങ്ങൾ നല്ല വസ്ത്രങ്ങളും പുതിയ ബുക്കുകളും എല്ലാം വാങ്ങുമ്പോഴും കൂട്ടുകാരുടെ കൂടെ കളിച് നടക്കുമ്പോഴും ശിവൻ ഇതൊന്നും ഇല്ലാതെ അമ്മക്ക് സഹായം എന്നോണം പണി എടുക്കാൻ തുടങ്ങിയിരുന്നു. പഠിക്കാൻ മിടുക്കൻ ആയിരുന്നു ശിവൻ. പണികൾക്കിടയിലും നന്നായി പഠിക്കുമായിരുന്നു. മഹിമക്ക് ആദ്യത്തെ അറ്റക്കിന് ശേഷം അവൻ പഠനം നിർത്തി അവന്റെ അമ്മയെ കൊണ്ട് പണി ചെയ്യിപ്പിക്കാതെ മുഴുവൻ ജോലിയും അവൻ ഏറ്റടുത്തു.

അവൻ ചെയ്യാത്ത പണി ഇല്ലെന്ന് വേണം പറയാൻ. സ്കൂൾ കാലത്തും എന്തു കൊണ്ടോ അവന് കൂട്ടായി ആരും വന്നില്ല.അവസാനം വന്നത് ചേരിയിലെ ചില കുട്ടികൾ ആണ്. അവൻ അവരുടെ ഒപ്പം കൂടി. ചില നേരത്ത് ഉള്ള അവന്റെ ഗുണ്ടായിസം ഒക്കെ ഈ ചേരിയിലെ ആ പഴയ കൂട്ടുകാർക്ക് വേണ്ടി ആണ്. സ്നേഹിക്കാൻ ആരും ഇല്ലാത്ത അവനെ സ്നേഹിച്ചാൽ ചങ്ക് പറിച് കൊടുക്കും അവൻ.. അവനെ പോലെ ഒരാളെ സ്നേഹിക്കാനും വേണം ഒരു ഭാഗ്യം." അത് കേട്ടപ്പോൾ എന്തു കൊണ്ടോ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.... തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story