❤️ശിവപാർവതി ❤️: ഭാഗം 13

shiva parvathi

രചന: കടലാസിന്റെ തൂലിക

അത് ഒരു പെണ്ണിന്റെ ചിത്രം ആയിരുന്നു. ആ ചിത്രത്തിൽ ഉള്ള പെൺകുട്ടിയെ കണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു വന്നു. ""ദേവി.... ഇത്.. ഇത് ഞാനല്ലേ..." അത്ഭുതം കൊണ്ട് എന്റെ കണ്ണുകൾ തിളങ്ങിയിരുന്നു അപ്പോഴേക്കും. "എന്റെ ഫോട്ടോ എങ്ങനെ ശിവേട്ടൻ....എനിക് വിശ്വസിക്കാൻ പറ്റുന്നില്ല.എന്നോട് ദേഷ്യവും വെറുപ്പും മാത്രം ഉള്ള ശിവേട്ടന് ഇങ്ങനെ ഒക്കെ ചെയ്യാൻ സാധിക്കുമോ.ശരിക്ക് അങ്ങനെ അല്ലെ.. അപ്പോൾ... ഇതിന്റെ ഒക്കെ അർത്ഥം എന്താ.." ഓരോ സമയം എന്നിൽ സംശയവും സന്തോഷവും വന്നു നിറയുന്നത് ഞാൻ അറിഞ്ഞു.എന്തു കൊണ്ടോ കണ്ണുകൾ ഒക്കെ നിറയുന്നു.അത് വേദനയുടേത് ആയിരുന്നില്ല.മറിച് സന്തോഷത്തിന്റെതായിരുന്നു. ആ ചിത്രത്തിൽ നിന്ന് കണ്ണെടുക്കാനെ തോന്നിയില്ല.വിരലുകൾ പതിയെ അതിന്റെ മേലെ ഓടി നടന്നു. "പാറുട്ട.. "പെട്ടന്ന് അച്ചമ്മ വിളിച്ചപ്പോൾ ആ ചിത്രം അവിടെ വെച്ച് അച്ഛമ്മയുടെ അടുത്തേക്ക് പോയി. "പാറുട്ട.. അച്ഛൻ വിളിച്ചിരുന്നു. ഞായർ അല്ലെ.. ഷോപ്പിംഗിന് പോകാൻ ഉണ്ടെന്ന് പറഞ്ഞു. നിന്നേയും കൂട്ടി വേഗം ചെല്ലാൻ." "ആ.. ഞാൻ ഇതാ വരുന്നു. നമുക്ക് പോകാം." അച്ഛമ്മയോട് അങ്ങനെ പറഞ്ഞെങ്കിലും അവിടെ നിന്ന് പോകാൻ ഒട്ടും തോന്നിയില്ല. വേഗം പോയി ആ ചിത്രം എടുത്ത് ആരും കാണാതെ ബാഗിൽ വെച്ചു.

അപ്പച്ചിയോട് യാത്ര ചോദിച്ചു അവിടെ നിന്ന് ഇറങ്ങി. പോകാൻ നേരം എന്തിനോ വേണ്ടി ആ വീട്ടിലേക്ക് തന്നെ തിരിഞ്ഞു നോക്കി. അത് എന്തിനാണെന്ന് മാത്രം പിടി കിട്ടിയില്ല. "എന്താ പാറുട്ട.. വരുന്നില്ലേ നീ.." അച്ചമ്മ വിളിച്ചത് കേട്ടപ്പോൾ ആണ് ആ വീടിനെയും നോക്കി ഞാൻ നിൽക്കുവാണെന്ന് മനസ്സിലായത്. "ഏയ്.. ഒന്നും ഇല്ല. വാ പോവാം.."അവിടെ നിന്ന് പോന്നപ്പോൾ എന്തോ ഒരു നിർവികാരത പോലെ.. ശിവേട്ടനെ ഒരു നോക്ക് കാണാൻ വല്ലാത്ത ഒരു മോഹം. പിന്നെ അതൊന്നും കാര്യമാക്കാതെ നടന്നു. അപ്പോഴേക്കും എന്തോ ഒരു വലിയ ഭാരം മനസ്സിനെ വന്നു മൂടുന്നുണ്ടായിരുന്നു. "അമ്മേ.. അവിടെ നിന്നെ.. "ഇത്തിരി നടന്നപ്പോഴേക്കും അപ്പച്ചി ഓടി കിതച്ചു വന്നു. "അമ്മേ...ശിവന് ഓട്ടോ ഉണ്ടല്ലോ.. നനിങ്ങൾക്ക് അതിൽ പോയാൽ പോരെ....ഞാൻ ആണെകിൽ ആ കാര്യം പറയാൻ വിട്ടു. അതിൽ പോവാം അമ്മേ.. ഓട്ടോ സ്റ്റാൻഡ് വരെ നടക്കണ്ടല്ലോ.."അപ്പച്ചി പറയുന്നത് കേട്ട് ഓടി പോയി കെട്ടി പിടിച്ചു ഒരു ഉമ്മ കൊടുക്കാൻ തോന്നി. ഒരു നിമിഷത്തിന്റെ വെപ്രാളത്തിൽ ഞാൻ അത് ചെയ്ത് പോകുമെന്നും തോന്നി. പിന്നെ ഞാൻ എന്നെ തന്നെ അടക്കി നിർത്തി. അച്ഛമ്മ സമ്മതിച്ചപ്പോൾ അപ്പച്ചി ശിവേട്ടനെ ഫോൺ വിളിക്കാൻ പോയി.കൊണ്ട് വിടാൻ ശിവേട്ടൻ സമ്മതിക്കാൻ ആത്മാർത്ഥമായി പ്രാർത്ഥിച്ചു.

വീണ്ടും അപ്പച്ചിയുടെ വീട്ടിലേക്ക് നടന്ന് ഉമ്മറതിരിക്കുമ്പോഴേക്കും ശിവേട്ടന്റെ വണ്ടി മുറ്റത്ത് വന്നു നിന്നിരുന്നു. ഇരിക്കുകയായിരുന്ന ഞാൻ സന്തോഷത്തോടെ ചാടി എഴുന്നേൽക്കുന്നത് കണ്ടു അപ്പച്ചിയും അച്ഛമ്മയും നോക്കി. അത് പിന്നെ ഞാൻ... പെട്ടന്ന് എത്താൻ പറഞ്ഞിട്ടുള്ളത് കൊണ്ട്.. വാ അച്ഛമ്മേ എഴുന്നേൽക്ക്. നേരം വൈകി. ചമ്മിയത് മറച്ചു വെച്ച് അച്ചമ്മയെ എഴുന്നേൽപ്പിച്ചു. ഓട്ടോയുടെ അടുത്തേക്ക് നടക്കുകയാണ് എങ്കിലും മനസ്സ് ഓടുകയായിരുന്നു. എത്ര അടക്കി വെക്കാൻ നോക്കിയെങ്കിലും ശിവേട്ടനെ ഒരു നോക്ക് എങ്കിലും കാണാൻ ഉള്ള ആഗ്രഹം കൊണ്ട് വെറുതെ തല പൊക്കി നോക്കി. ഇല്ല. കാണുന്നില്ല. ആൾക്ക് ഒന്ന് പുറത്തേക്കിറങ്ങി വന്നാൽ എന്താ..ഒരു നിമിഷതെക്ക് മോഹം ദേഷ്യമായി മാറി. ആ ദേഷ്യത്തോടെ തന്നെ ഓട്ടോയിലേക്ക് കയറി. വണ്ടി സ്റ്റാർട്ട്‌ ചെയ്തിട്ടും എന്നോടോ അച്ഛമ്മയോടോ എന്തിന് പറയുന്നു, അപ്പച്ചിയോട് പോലും ശിവേട്ടൻ ഒന്നും മിണ്ടിയില്ല. മൊരടൻ. ഒറ്റയാൻ. ഒന്ന് ചിരിച്ചു സംസാരിച്ചാൽ എന്താ വായിൽ നിന്ന് മുത്ത് കൊഴിയോ.. കണ്ണാടിയിൽ ആളുടെ മുഖം കാണുന്നത് വരെ മാത്രമേ ആ ദേഷ്യം നിലനിന്നുള്ളു.. കണ്ണാടിയിൽ മുഖം കണ്ടപ്പോൾ തന്നെ ദേഷ്യം പുഞ്ചിരിയിലേക്ക് വഴി മാറി. എത്ര നേരം അതിലേക്ക് തന്നെ നോക്കിയിരുനെന്ന് അറിയില്ല.

ആളുടെ കട്ടി മീശയുടെയും താടിയുടെയും അളവ് വരെ കൃത്യമായി എടുക്കാൻ കഴിഞ്ഞു. പെട്ടന്ന് ശിവേട്ടൻ കണ്ണാടി മുകളിലേക്ക് വെച്ചപ്പോൾ ആണ് പരിസര ബോധം വന്നത്. അയ്യേ... ഞാൻ നോക്കിയത് ശിവേട്ടൻ കണ്ടിട്ടുണ്ടാവുമോ.. മോശം മോശം. കണ്ടിട്ടുണ്ടെങ്കിൽ നാണക്കേട് ആണ്. അയ്യേ.. എന്റെ ദേവി... ഇനി അച്ചമ്മ എങ്ങാനും കണ്ടു കാണുമോ.. എന്റെ കണ്ണുകൾ പെട്ടന്ന് അച്ഛമ്മയുടെ നേരെ പോയി. ഹോ.. ഭാഗ്യം. മൂപ്പത്തി നല്ല ഉറക്കം ആണ്. രക്ഷപെട്ടു.ഒന്ന് പുഞ്ചിരിച്ചു നിന്നപ്പോഴേക്കും വണ്ടി ബ്രേക്ക്‌ ഇട്ടു നിന്നിരുന്നു. പുറത്തേക്ക് നോക്കിയപ്പോൾ വീട് എത്തി എന്ന് മനസ്സിലായി. എന്റെ വീട് എങ്ങനെ ശിവേട്ടന് അറിയാം.. ഇതിന് മുൻപ് ഇവിടെ വന്നിട്ടുണ്ടോ.. ഞാൻ ചിന്തിക്കാതിരുന്നില്ല. കൂടുതൽ ചിന്തിച്ചു സമയം കളയാതെ അച്ഛമ്മയെ വിളിച്ചുണർത്തി ഓട്ടോയിൽ നിന്ന് ഇറങ്ങി. ഒരു നോട്ടം പോലും തിരിച്ചു തരില്ലെന്ന് അറിയാമെങ്കിലും വെറുതെ ഒന്ന് പിന്നിലേക്ക് തിരിഞ്ഞു നോക്കി. അപ്പോഴേക്കും ശിവേട്ടൻ വണ്ടി എടുത്ത് പോയിരുന്നു. ഇതിൽ കൂടുതൽ പ്രതീക്ഷിച്ചില്ലാത്തത് കൊണ്ട് പ്രത്യേകിച്ച് വിഷമം ഒന്നും തോന്നിയില്ല എങ്കിലും എന്തോ ഒരു വിഷമം ഉള്ളിൽ വന്നു മൂടുന്നത് പോലെ.. "ആഹാ.. എത്തിയോ അച്ഛമ്മയും മോളും. എന്താ പാറുട്ട നേരം വൈകിയത്. നമുക്ക് ഷോപ്പിംഗിന് പോവേണ്ടതല്ലേ..

വേഗം റെഡി ആയി വാ.. അല്ലെങ്കിൽ വേണ്ട. ഈ ഡ്രസ്സ്‌ തന്നെ ഇട്ടാൽ മതി." " അയ്യേ.. ഈ ഡ്രസ്സ്‌ വേണ്ട. ഇത് ഇടുമ്പോൾ പാടത്തെ നോക്കുകുത്തി പോലെ ഉണ്ട്. "അമ്മ പറഞ്ഞതിന് മറുപടി ആയി അപ്പോൾ തന്നെ ഞാൻ പറഞ്ഞു. "ഇത് തന്നെ അല്ലേടി ഞാൻ കാലത്ത് പറഞ്ഞത്. അപ്പോൾ നീ എന്നെ പുച്ഛിച്ചു. ഇപ്പോൾ എന്തു പറ്റി. വഴിയിൽ ആരെങ്കിലും എന്തെങ്കിലും പറഞ്ഞോ." *നിന്നെ ഇങ്ങനെ തന്നെ എടുത്ത് പാടത്തു കൊണ്ട് പോയി വെച്ചാൽ പിന്നെ കോലത്തിന്റെ ആവിശ്യം ഇല്ല*. ശിവേട്ടൻ പറഞ്ഞത് അപ്പോൾ തന്നെ മനസ്സിലേക്ക് ഓടി എത്തി. "അതൊന്നും ഇല്ല.. എനിക്ക് തന്നെ തോന്നി.അമ്പലത്തിൽ ആയത് കൊണ്ട് ആണ് പട്ടുപാവാട എടുത്തത്.ഒരു 5 മിനിറ്റ്.അപ്പോഴേക്കും ഞാൻ റെഡി ആയി വരാം.." അമ്മയോട് അത് പറഞ് ഞാൻ വേഗം റെഡി ആയി താഴേക്ക് ചെന്നു.പിന്നെ ഞങ്ങൾ 4 പേരും കൂടി ഷോപ്പിംഗിന് ഇറങ്ങി. **** കാർ മാളിന്റെ വെളിയിൽ നിന്നപ്പോൾ ഞങ്ങൾ ഇറങ്ങി.ആദ്യം തന്നെ കണ്ട കാഴ്ച ആരുമായോ തല്ല് ഉണ്ടാക്കുന്ന ശിവേട്ടനെ ആണ്.ഞാൻ വേഗം അച്ഛനെ നോക്കി.അച്ഛന്റെയും ചേട്ടന്റെയും മുഖത്ത് പുച്ഛ ഭാവം കണ്ട് എനിക്ക് വല്ലാത്ത വിഷമം തോന്നി. അപ്പോഴും അമ്മയുടെ മുഖത്ത് ഒരു പ്രത്യേക വാത്സല്യം ശിവേട്ടനായി ഉണ്ടായിരുന്നു. "അവൻ ഇപ്പോൾ നിന്നെ കാണുമ്പോൾ കളിയാക്കാറോ ഉപദ്രവിക്കാറോ ഉണ്ടോ.."ശിവേട്ടനെ നോക്കി കൊണ്ട് അച്ഛൻ എന്നോട് ചോദിച്ചു. "ഇല്ല അച്ഛ.. എന്നോട് ഇപ്പോൾ ഒന്നും പറയാറില്ല."

"മ്മ്മ്... എന്തെങ്കിലും ഉണ്ടെങ്കിൽ പറയണം."എപ്പോഴും വാത്സല്യം മാത്രം കാണാറുള്ള അച്ഛന്റെ മുഖത്ത് അപ്പോൾ ഗൗരവം ആയിരുന്നു.എനിക്കത് കണ്ട് എന്തോ വിഷമം ആവാൻ തുടങ്ങി.ഷോപ്പിംഗിന് ഒന്നും പിന്നെ ഒരു താല്പര്യം തോന്നിയില്ല.വെറുതെ എന്തോക്കെയോ നോക്കി പോന്നു. വീട്ടിൽ എത്തി കുളിച് ഫ്രഷ് ആയി കണ്ണാടിക്ക് മുമ്പിൽ നിന്നു. ശിവേട്ടൻ എന്തിനാണ് എപ്പോഴും ഇങ്ങനെ തല്ല് പിടിക്കുന്നത്. അപ്പച്ചിക്ക് അത് വലിയ വിഷമം ആയിരിക്കില്ലേ...ഇങ്ങനെ കാണുന്നവരും ആയി ഒക്കെ തല്ല് പിടിച്ചാൽ എല്ലാവർക്കും കൂടുതൽ വെറുപ്പ് അല്ലെ ഉണ്ടാവുക.. അച്ഛനും ചേട്ടനും ശിവേട്ടനെ ഇഷ്ടം അല്ലെ ഇനി... ആലോചിച്ചപ്പോൾ ഒരു വിഷമം എന്നെ പിടികൂടി. പെട്ടന്ന് ശിവേട്ടൻ വരച്ച ചിത്രത്തെ കുറിച്ച് ഓർമ വന്നു.ബാഗ് തുറന്ന് അപ്പോൾ തന്നെ അത് കയ്യിൽ എടുത്തു. വെറുതെ വിരലുകൾ ഓടിച്ചു.അതിലേക്ക് നോക്കുമ്പോൾ എന്റെ വിഷമങ്ങൾ എല്ലാം അലിഞ്ഞു പോകുന്നത് പോലെ..അതിലേക്ക് നോക്കുന്ന ഓരോ നോട്ടത്തിലും പേരറിയാത്ത വികാരങ്ങൾ എന്നെ വന്നു പൊതിയുന്നു. 'എന്തിനായിരിക്കും ശിവേട്ടൻ എന്നെ വരച്ചത്.വരക്കുക എന്നൊക്കെ പറഞ്ഞാൽ ഭാവനയിൽ കണ്ട് കൊണ്ട് അല്ലെ ചെയ്യേണ്ടത്.അപ്പോൾ ശിവേട്ടൻ എന്നെ ഓർക്കാറുണ്ടോ..

ഇനി ഇപ്പോൾ നോക്കി വരച്ചതാണെങ്കിലും എന്റെ ചിത്രം എങ്ങനെ ശിവേട്ടന് കിട്ടി.ഞാൻ എന്തായാലും കൊടുത്തിട്ടില്ല.അച്ഛമ്മയും കൊടുക്കാൻ യാതൊരു ചാൻസും ഇല്ല.അപ്പോൾ പിന്നെ......എന്റെ ഫോട്ടോ ഞാൻ അറിയാതെ എടുത്തതാണോ.. ഏയ്.. ആയിരിക്കില്ല.ആ സാധനം അങ്ങനെ ഒക്കെ ചെയ്യോ.. എല്ലാ ചിത്രത്തിൽ നിന്നും വ്യത്യാസ്തമായി എന്നെ മുഴുവൻ വരയ്ക്കാൻ കാരണം എന്തായിരിക്കും.ഇനി വല്ല പ്രേമവും. അങ്ങനെ ആണെങ്കിൽ എന്താ തുറന്ന് പറയാത്തത്. അയ്യേ.. നാണക്കേട്. നിനക്കെന്താ പാറുട്ട പറ്റുന്നത്.എന്തിനാ ഇങ്ങനെ ഒക്കെ ചിന്തിക്കുന്നത്.ശേ ശേ.ശിവേട്ടനെ പോലെ ഒരു ഒറ്റയാൻ ആരെയെങ്കിലും ഇഷ്ടപ്പെടും എന്ന് തോന്നുന്നുണ്ടോ.. വെറുതെ ബോറടിച്ചപ്പോൾ വരച്ചതാവും എന്റെ ചിത്രം.അല്ലെങ്കിൽ വേറെ ആരെങ്കിലും വരച്ചതാവും. വേറെ ആരെങ്കിലും വരച്ചതാണെങ്കിലും എന്തിന് ആ ചിത്രം ശിവേട്ടൻ സൂക്ഷിക്കുന്നു. ഈൗ.... എനിക്ക് എന്താ.ശോ.. ആകെ വട്ടാവുന്നല്ലോ.. ഭദ്രയെ വിളിച് പെണ്ണ് കാണലിന്റെ കാര്യം പറയാം. അതാണ് നല്ലത്.' ഫോൺ എടുത്ത് ഭദ്രയെ വിളിച്ചു. "എന്താ പാറുട്ട.. നിനക്ക് ഉറക്കവും ഇല്ലെ.." "ഉറക്കമോ.. നീ എന്തൊക്കെ ആണ് ഈ പറയുന്നത്.നീ ഇത്ര വേഗം ഉറങ്ങിയോ.." " വേഗമോ.. പാതിരാത്രി ആയി പാറുവേ.. ഞാൻ ഒന്ന് ഇറങ്ങിക്കോട്ടെ.."

അവൾ പറഞ്ഞപ്പോൾ ആണ് സമയം നോക്കിയത്.12 മണിയോട് അടുത്തിരുന്നു സമയം.മാളിൽ പോയി നേരം വൈകിയാണ് വന്നതെന്ന് അപ്പോൾ ഓർത്തു. "ഞാൻ വെക്കുവാണേ.. എനിക്ക് ഉറക്കം വരുന്നു." "ഏയ്.. വെക്കല്ലേ വെക്കല്ലേ.. നാളെ നമ്മൾ പെണ്ണ് കാണാൻ പോകുന്നു." "പെണ്ണ് കാണാനോ.. "ശബ്ദത്തിലുള്ള ഞെട്ടലിൽ നിന്ന് മനസ്സിലായി ഭദ്ര ഉറക്ക പിച്ചയിൽ നിന്ന് ഉണർന്നിട്ടുണ്ടെന്ന്. "ആടി.. പെണ്ണ് കാണാൻ.ഞാൻ ചേട്ടൻ കെട്ടാൻ പോകുന്ന പെണ്ണിനെ കാണാൻ പോയിട്ടില്ലല്ലോ..നീ കൂടെ ഉണ്ടെങ്കിൽ എനിക്ക് ഒരു കൂട്ടായിരുന്നു. നാളെ ഉച്ചക്ക് ശേഷം നമുക്ക് കോളേജിൽ നിന്നും മുങ്ങാം. എന്നിട്ട് പെണ്ണ് കാണാൻ പോവാം." "അയ്യോ.. കോളേജിൽ നിന്ന് മുങ്ങാൻ ഒന്നും പറ്റില്ല. നീ പൊയ്ക്കോ പാറുട്ട. ഞാൻ ഇല്ല പെണ്ണ് കാണാൻ." "അത് വേണ്ട. നീ ഉണ്ടെങ്കിലേ ഞാൻ പോകു.. അല്ല അല്ല. നിന്നേം കൊണ്ടേ ഞാൻ പോവു.. നീ കോളേജിൽ നിന്നും മുങ്ങാത്തത് ഒന്നും അല്ലല്ലോ.. നമുക്ക് മുങ്ങാന്നെ." "അത് വേണ്ട പാറുട്ട.. ഞാൻ ഇല്ല. നിന്റെ ചേട്ടന്റെ പെണ്ണ് കാണൽ അല്ലെ.. നീ പൊയ്ക്കോ.." "ഞാൻ നിന്നേം കൊണ്ട് പോവു... നീ കോളേജിൽ വരില്ലേ.. നിന്നെ ഞാൻ അവിടെ നിന്ന് പൊക്കി കോളം." "ഞാൻ കോളേജിലേക്ക് ഇല്ല പാറുട്ട.." "അത് എന്താ.." "അത്... അത് ഒന്നും ഇല്ലടാ.. ഒരു ചെറിയ പനി പോലെ.. അത് ആരെയും പകർത്തണ്ട എന്ന് വിചാരിച്ചു.

വേറെ ഒന്നും ഇല്ല. ഞാൻ ഫോൺ വെക്കുവാണ്ട്ടോ. തല വേദനിക്കുന്നു." അവൾ ഫോൺ വെച്ചപ്പോൾ തന്നെ നാളത്തെ പ്ലാനിംഗിനെ കുറിച്ച് ആലോചിച്ചു ഞാനും ഉറങ്ങി. **** പിറ്റേ നേരത്തെ ഞാൻ ഒരുങ്ങി.ഭദ്രയെ വിളിച്ചപ്പോൾ പനി ആണ്, കോളേജിലേക്ക് ഇല്ലെന്ന് പറഞ്ഞു. അവൾ ഇല്ലാത്തത് കൊണ്ട് ഒറ്റക്ക് ആണ് കോളേജിൽ പോവേണ്ടത്.അത് കൊണ്ട് തന്നെ കോളേജിൽ പോവാൻ വലിയ താല്പര്യം ഉണ്ടായിരുന്നില്ല. അച്ഛനും ചേട്ടനും വേഗം പോയതിനാൽ ബസ് തന്നെ ആയി ശരണം. ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ ആണ് ശിവട്ടന്റെ ഓട്ടോ കിടക്കുന്നത് കണ്ടത്.പിന്നെ ഒന്നും ആലോചിക്കാതെ വേഗം പോയി അതിൽ ചാടി കയറി ഇരുന്നു. "മെഡിക്കൽ കോളേജ്." "നീയോ.. നീയെന്ത എന്റെ വണ്ടിയിൽ.ഇറങ്ങടി." "ഓഹോ.. ഇതിൽ എനിക്ക് കേറാൻ പാടില്ല എന്ന് ഒന്നും എഴുതി വെച്ചിട്ടില്ലല്ലോ.. മര്യാദക്ക് വണ്ടി എടുക്കുന്നതാണ് നല്ലത്.ഇല്ലെങ്കിൽ ഞാൻ ഒച്ച വെച്ച് ആളെ കൂട്ടും.ആളുകൾ കൂടിയാൽ അറിയാലോ.. പെണ്ണിന്റെ വാക്കിന് ആണ് ഇവിടെ വില." ഞാൻ പറയുന്നത് കേട്ട് പുള്ളിക്കാരൻ പല്ല് കടിച്ചു പിടിച്ചു.വേറെ നിവർത്തി ഇല്ലാത്തത് കൊണ്ട് ആണെന്ന് തോന്നുന്നു, എന്തോക്കെയോ പിറു പിറുത്തു കൊണ്ട് വണ്ടി മുന്നോട്ട് എടുത്തു. ബസ്സ്റ്റോപ്പിൽ നിന്ന് കോളേജിലേക്ക് അത്യാവശ്യം നല്ല ദൂരം ഉണ്ടായിരുന്നു.

അത് കൊണ്ട് തന്നെ വണ്ടി ഓടുന്ന വഴി ദൂരത്തിൽ മുഴുവനും കണ്ണാടിയിലൂടെ ഞാൻ ശിവേട്ടനെ വായ്നോക്കാൻ തുടങ്ങി. വായനോട്ടം നല്ല അന്തസ് ആയി പുരോഗമിക്കുന്നതിന് ഇടയിൽ ആണ് പെട്ടന്ന് വണ്ടി ബ്രേക്ക്‌ ഇട്ടു നിർത്തിയത്. പുറത്തേക്ക് നോക്കിയപ്പോൾ ഒരു വിജനമായ സ്ഥലം ആണ്. "ഇറങ്ങടി.." ഓട്ടോയിൽ നിന്ന് ഇറങ്ങി കൊണ്ട് ശിവേട്ടൻ പറഞ്ഞു. "ഞാൻ ഒന്നും ഇറങ്ങൂല". "ച്ചി ഇറങ്ങടി.ശിവേട്ടൻ ദേഷ്യത്തിൽ ആണെന്ന് കണ്ട് ഞാൻ പെട്ടന്ന് ഓട്ടോയിൽ നിന്ന് ഇറങ്ങി". "എന്താടി നിന്റെ ഉദ്ദേശം.ഇന്നലെ മുതൽ ഞാൻ കാണുന്നുണ്ട്.പിറകിൽ ഇരുന്ന് കൊണ്ടുള്ള നിന്റെ നോട്ടം.എന്തിന്റെ ധൈര്യത്തിൽ ആണ് നീ അങ്ങനെ ചെയ്യുന്നത്.ആണുങ്ങളുടെ കയ്യുടെ ചൂട് അറിയാതെ ആണ്." "ഓഹോ.. അങ്ങനെ ആണോ.. അങ്ങനെ ആണെങ്കിൽ ഞാൻ അറിയാതെ എന്തിനാണ് എന്റെ ചിത്രം വരക്കുന്നത്."എവിടുന്നോ കിട്ടിയ ധൈര്യത്തിൽ ഞാൻ അത് പറഞ്ഞപ്പോൾ ഞെട്ടി തരിച്ചു നിൽക്കുകയായിരുന്നു ശിവേട്ടൻ. ... തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story