❤️ശിവപാർവതി ❤️: ഭാഗം 14

shiva parvathi

രചന: കടലാസിന്റെ തൂലിക

"ഓഹോ.. അങ്ങനെ ആണോ.. അങ്ങനെ ആണെങ്കിൽ ഞാൻ അറിയാതെ എന്തിനാണ് എന്റെ ചിത്രം വരക്കുന്നത്." എവിടുന്നോ കിട്ടിയ ധൈര്യത്തിൽ ഞാൻ അത് പറഞ്ഞപ്പോൾ ഞെട്ടി തരിച്ചു നിൽക്കുകയായിരുന്നു ശിവേട്ടൻ. ആ ഭാവം ഞാൻ നന്നായി ആസ്വദിക്കുകയും ചെയ്തു. "ഹെലോ... അപ്പോൾ പറ. എന്തിനാണ് ഞാൻ അറിയാതെ എന്നെ വരക്കുന്നത്." "എന്തു വരച്ചൂന്ന.. ഏഹ്.. നീ ഏതാടി.വെറുതെ ഓരോന്ന് പറയുന്നോ.." "ഓഹ്.. ഉത്തരം മുട്ടുമ്പോൾ ഇങ്ങനെ പലതും പറയും. ഞാൻ അത് കാര്യമാക്കുന്നില്ല.ചിത്രം വരച്ചതിന് എന്റെ കയ്യിൽ തെളിവ് ഉണ്ടാല്ലോ.." "എന്തു തെളിവ് "ശിവേട്ടൻ നെറ്റി ചുളിച്ചു കൊണ്ട് ചോദിക്കുന്നതിനോടൊപ്പം ആളുടെ ഉള്ളിൽ പേടിയും ഉണ്ടെന്ന് മനസ്സിലായി. ഞാൻ വേഗം ബാഗിൽ സൂക്ഷിച്ചിരുന്ന ആ ചിത്രം എടുത്ത് ആളുടെ കയ്യിൽ കൊടുത്തു. "ഈ ചിത്രം എനിക്ക് കിട്ടിയത് താങ്കളുടെ മുറിയിലെ മേശയിൽ നിന്നാണ്." "ഓഹ്.. അപ്പോൾ ഞാനില്ലാത്തപ്പോൾ എന്റെ മുറിയിൽ കേറി മോഷണം ആണല്ലേ പരിപാടി" "വിഷയം വഴി തിരിച്ചു വിടല്ലേ മാഷേ.. മാഷിന് ഇതിനെ പറ്റി എന്താണ് പറയാനുള്ളത്." "ഇത് ഞാൻ വരച്ചതല്ല.എനിക്ക് നിന്നെ വരക്കേണ്ട എന്താവിശ്യം ആണ് ഉള്ളത്." "അത് തന്നെ ആണ് എനിക്കും അറിയേണ്ടത്. ശിവേട്ടന്റെ ശത്രു ആയ എന്നെ ശിവേട്ടൻ വരക്കേണ്ട എന്തു കാര്യം ആണ് ഉള്ളത്. പ്രേമം ആണോ മാഷേ.. "ചിരിച്ചു കൊണ്ടുള്ള എന്റെ ചോദ്യം കേട്ട് ആളൊന്ന് ഞെട്ടി.

പെട്ടന്ന് തന്നെ കലിപ്പ് മൂഡ് ഓൺ ആയി. "'പിന്നെടി.. പ്രേമിക്കാൻ പറ്റിയ ഒരു മുതല്. നിന്നെ പ്രേമിക്കുന്നതിനേക്കാൾ നല്ലത് ഞാൻ ആ കായലിലേക്ക് എടുത്ത് ചാടുന്നതാ.." "അങ്ങനെ പറയല്ലേ.. എന്റെ കുട്ടികൾക്ക് അച്ഛൻ ഇല്ലാതെ ആവും." "ഡീ... നിനക്കെന്നെ ശരിക്ക് അറിയില്ല". "ആ.. അത് ശരി ആണ്. ശിവേട്ടനെ എനിക്ക് ശരിക്ക് അറിയില്ല. പലരും പറയുന്നത് കേട്ട് കുറെ ഒക്കെ അറിഞ്ഞു. പക്ഷെ അത് പൂർണ്ണമാവില്ലല്ലോ.. അവർ അറിയുന്നതിനേക്കാൾ കൂടുതൽ ഞാൻ ആയിട്ട് അറിഞ്ഞോളാം.." "ഡീ.. നിനക്ക് വട്ടാണോ.." "അതെ. ഞാൻ ഇപ്പോൾ ഒരു ഭ്രാന്തിന്റെ അവസ്ഥയിൽ ആണ്. ആ ഭ്രാന്ത് നിങ്ങളെയും കൊണ്ടെ പോവു.. അത് കൊണ്ട് എന്റെ പൊന്ന് മോൻ ഇപ്പോൾ വണ്ടി എടുക്ക്. നേരം വൈകി. എനിക്ക് കോളേജിൽ പോവാൻ ഉള്ളത് ആണ്. "ശിവേട്ടന്റെ മറുപടിക്ക് കാത്ത് നിൽക്കാതെ ഞാൻ ഓട്ടോയിൽ കയറി ഇരുന്നു. മൂപ്പർ ആണെങ്കിൽ നല്ല ദേഷ്യത്തിൽ ആണ്. ഞാൻ അത് കാര്യമാക്കാൻ നിന്നില്ല. എന്നോട് ഉള്ള ദേഷ്യം തീർത്തത് ഓട്ടോയിൽ ആണ്. അത് കൊണ്ട് അര മണിക്കൂർ സമയം വേണ്ട ഇടത്ത് 10 മിനിറ്റ് കൊണ്ട് എത്തി. പോവാൻ നേരം ഞാൻ ഒരു ബൈ കൊടുത്തെങ്കിലും മൂപ്പർ എന്നെയും നോക്കി പുച്ഛിച്ചു കൊണ്ട് ഓട്ടോ എടുത്ത് പോയി. ശിവേട്ടനെ നോക്കി ചിരിച്ചു കൊണ്ട് ഞാൻ കോളേജിലേക്കും. *** "പാറുട്ട.. മിസ്സ്‌ സമ്മതിച്ചോ പൊയ്ക്കോളാൻ."ഉച്ചക്ക് ഫുഡ്‌ കഴിക്കുമ്പോൾ ആണ് അമ്മ വിളിച്ചത്.ഭദ്ര വന്നിട്ടുണ്ടായിരുന്നില്ലെങ്കിലും ബാക്കി 5.പേരും ഉണ്ടായിരുന്നു. "ഞാൻ ചോദിച്ചിട്ടുണ്ട്. എനിക്ക് അധികം ലീവ് ഇല്ലാത്തത് കൊണ്ട് സമ്മതിച്ചു.

പക്ഷെ മൂന്ന് മണിക്കേ പോവാൻ പറ്റു.. മൂന്ന് മണി ആവുമ്പോൾ നിങ്ങൾ ഇങ്ങോട്ട് കാറും കൊണ്ട് വന്നാൽ മതി." "ആ.. ശരി. എന്നാൽ വെച്ചോളൂ." "ഭദ്ര എന്താടി ഇന്ന് വരാതിരുന്നത്. "അമ്മ ഫോൺ വെച്ചപ്പോൾ തന്നെ ഷാഹിന ചോദിച്ചു. "അവൾക്ക് കള്ള പനി. " "കള്ള പനിയോ.."അരുൺ "മ്മ്.. എന്റെ കൂടെ പെണ്ണ് കാണലിന് വരാൻ പറ്റില്ല അത് തന്നെ കാര്യം.അത് എന്നോട് പറയാതിരിക്കാൻ ഉണ്ടാക്കിയ പേര് ആണ് ഈ കള്ളപ്പനി." "അത് നിനക്ക് ഉറപ്പാണോ.". "മ്മ്.ഉറപ്പ് ആണ്.നിങ്ങൾ വാ.. ക്ലാസ്സിൽ കേറാം." അവരെയും വിളിച്ചു ക്ലാസ്സിൽ കയറുമ്പോൾ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. **** 3 മണി ആയപ്പോൾ തന്നെ ഞാൻ ക്ലാസ്സിൽ നിന്ന് ഇറങ്ങി.കൂടെ അവരും ചാടി. "പാറുട്ട.. നിന്നെ ഭദ്ര വിളിച്ചിരുന്നോ.." "ആഹ്.. വിളിച്ചിരുന്നു.5,6 മിസ്സ്ഡ് കാൾ കിടപ്പുണ്ട് ഫോണിൽ.പെണ്ണ് കാണലിന് ഞാൻ വിളിച്ചിട്ട് വരാത്തതല്ലേ.. അവിടെ കിടന്ന് അടിക്കട്ടെ.." "അതല്ല പാറുട്ട.. അവൾ എന്റെ ഫോണിൽ രണ്ട് വട്ടം വിളിച്ചിരുന്നു.നീ പറഞ്ഞത് കൊണ്ട് ആണ് ഞാൻ എടുക്കാതിരുന്നത്." "എന്റെ ഫോണിലും വിളിച്ചിരുന്നു.ക്ലാസ്സിൽ ആയത് കൊണ്ട് ഫോൺ സൈലന്റ് ആയിരുന്നു."അനൂപ് കൂടി പറഞ്ഞതോടെ പ്രശ്നം ഗുരുതരം ആണെന്ന് മനസ്സിലായി.

അപ്പോൾ തന്നെ ഭദ്രക്ക് ഫോൺ വിളിച്ചു. "ഹെലോ.. പാറു.." "എന്താടി.എന്താ നിന്റെ സ്വരത്തിന് ഒരു മാറ്റം." "പാറുട്ട.. നീ എന്റെ വീട് വരെ ഒന്ന് വരുവോ.. പ്ലീസ്." "എന്താടാ കാര്യം." "ഒന്നും ഇല്ലടി.. നീ ഒന്ന് വേഗം വാ.." 'ഭദ്രേ.. ഞാൻ ഏട്ടന് പെണ്ണ് കാണാൻ പോവുകയാ.. വണ്ടി ഇപ്പോൾ എത്തും". 'നീ ഇവിടെ വരെ ഒന്ന് വന്നിട്ട് പൊയ്ക്കോളൂ.. പ്ലീസ്. "പറയുന്നതിനോടൊപ്പം കരയുന്ന അവളെ എന്തു പറഞ്ഞു സമാധാനിപ്പിക്കണം എന്ന് എനിക്ക് അറിയില്ലായിരുന്നു. "ഞാൻ.. ഞാൻ ഇപ്പോൾ തന്നെ വരാം."അവളോട് പറഞ്ഞു തീർന്നതും അച്ഛൻ കാറും കൊണ്ട് എത്തിയിരുന്നു. ഞാൻ ഫോൺ വെച്ച് നേരെ കാറിന്റെ അടുത്തേക്ക് പോയി. "അച്ഛ.. ഞാൻ ഇപ്പോൾ ഇല്ല.ഭദ്ര വിളിച്ചിരുന്നു.അത്യാവശ്യം ആയിട്ട് അങ്ങോട്ടേക്ക് ചെല്ലാൻ പറഞ്ഞു.ഞാൻ പോയി വേഗം വരാം." "അയ്യോ.. അപ്പോൾ.." "ഒന്നും പറയണ്ട.ഞാൻ എത്തിക്കോളാം." അച്ഛനെയും പറഞ്ഞു വിട്ട് കിട്ടിയ ഓട്ടോയിൽ കയറി ഭദ്രയുടെ വീട്ടിൽ എത്തി.ഓട്ടോയിൽ ഇരിക്കുമ്പോഴും അവളുടെ ഏങ്ങലടികൾ മാത്രമായിരിന്നു കാതിൽ. അവളുടെ വീട്ടിൽ എത്തി വേഗം അകത്തു കയറി.പ്രതീക്ഷിച്ച പോലെ തന്നെ അവൾ അവളുടെ മുറിയിൽ ഇരിപ്പുണ്ടായിരുന്നു.കണ്ണ് കരഞ്ഞു കലങ്ങി വീർതിരിക്കുന്നത് കണ്ട് എന്റെ നെഞ്ച് പൊള്ളി.

എന്റെ കണ്ട ഉടനെ അവൾ ഓടി വന്നു കെട്ടിപിടിച്ചു കരഞ്ഞു കൊണ്ടിരിക്കുന്നു.ഞാൻ അവളുടെ പുറത്ത് തട്ടി ആശ്വസിപ്പിച്ചും. "പാറുട്ട.. എന്നെ..എന്നെ പെണ്ണ് കാണാൻ ആൾക്കാർ വരുന്നു എന്ന്.എനിക്ക് ഈ കല്യാണം വേണ്ട.അവളുടെ കണ്ണിൽ നിന്ന് അപ്പോഴും കണ്നീർ ഒഴുകി കൊണ്ടിരിക്കുന്നു.." "അതിന് നീ അവരെ കണ്ടോ.." "ഇല്ല.കണ്ടിട്ടില്ല.പക്ഷെ.. പക്ഷെ എനിക്ക് ഇത് വേണ്ട.എനിക്കിപ്പോൾ ഒരു കല്യാണവും വേണ്ട." "കല്യാണം ഇപ്പോൾ നടത്താതിരുന്നാൽ പോരെ..പെണ്ണ് കാണലും നിശ്ചയം നടത്തുന്നത് കൊണ്ടും കുഴപ്പം ഇല്ലല്ലോ.." "വേണ്ട പാറുട്ട.. പ്ലീസ്.എനിക്ക് ഈ കല്യാണം വേണ്ട.എങ്ങനെ എങ്കിലും ഒന്ന് അമ്മയെ പറഞ്ഞു സമ്മതിപ്പിക്ക് പാറുട്ട... പ്ലീസ്." "അതിന് ഞാൻ.." "പ്ലീസ് ടി..നീ പറഞ്ഞാൽ അമ്മ കേൾക്കും. എനിക്ക് അറിയാം.നീ അങ്ങനെ പറഞ്ഞില്ലെങ്കിൽ ഞാൻ ആത്മഹത്യ ചെയ്യും."കണ്ണ് നീരിനിടയിലും ഉറച്ച ശബ്ദത്തോടെ അവൾ പറയുന്നത് കേട്ട് ഞാൻ ഞെട്ടി. "എടാ.. നീ ഇങ്ങനെ ഒന്നും പറയല്ലേ.. ഓക്കേ ഞാൻ ജാനമ്മയോട് പറയാം.പക്ഷെ.. എനിക്ക് ഒന്ന് അറിയണം.എന്തിനാണ് നീ ഈ കല്യത്തിന് സമ്മതിക്കാത്തത്.അതിനുള്ള കാരണം പറ." "ഒന്നും ഇല്ല".അവൾ താഴെ നോക്കി കൊണ്ട് പറഞ്ഞു.അപ്പോൾ തന്നെ ഞാൻ അവളുടെ തല പിടിച്ചുയർത്തി.

അവളുടെ നിറഞ്ഞ കണ്ണുകൾ കണ്ട് എന്റെ കണ്ണിൽ നിന്നും വെള്ളം വന്നു തുടങ്ങി. "നിനക്ക് ആരെ എങ്കിലും ഇഷ്ടം ആണോ.." എന്റെ ചോദ്യം കേട്ടു ആദ്യം അവൾ ഒന്ന് ഞെട്ടി. പിന്നെ വീണ്ടും കരഞ്ഞു തുടങ്ങി "പാറുട്ട.. എന്നോട് നീ ക്ഷമിക്കടി..ഷാഹിനയും ഉണ്ണിമായയും ഒക്കെ നിന്റെ ചേട്ടനെ സ്വന്തം ചേട്ടനായി കാണുമ്പോൾ എനിക്ക്.. എനിക്ക് അതിന് പറ്റുന്നില്ല. എനിക്കറിയാം ഞാൻ ചെയ്യുന്നത് തെറ്റാണെന്ന്. ഇപ്പോഴൊന്നും അല്ല. കുഞ്ഞിലേ തുടങ്ങിയതാ.. എനിക്ക്... എനിക്ക് നിന്റെ ചേട്ടനെ....." "ഭദ്രേ.. അവരെത്തി. "ജാനമ്മ ഉറക്കെ വിളിച്ചു പറഞ്ഞപ്പോൾ ഞാൻ അവളെ നിസഹായത്തോടെ നോക്കി. അവളുടെ കണ്ണിൽ നിന്ന് കണ്ണുനീർ ചാലിട്ട് ഒഴുകുന്നത് കണ്ട് എനിക്ക് മനസ് വല്ലാതെ ആവൻ തുടങ്ങി. "ദ.. ചെക്കൻ നിന്നെ കാണാൻ വേണ്ടി ഇങ്ങോട്ട് വരുന്നുണ്ട്. "ജാനമ്മ വന്നു പറഞ്ഞപ്പോൾ അവൾ എന്റെ കയ്യുടെ മേലെ കൈ മുറുക്കി. ജാനമ്മ പുറത്തേക്ക് പോയപ്പോൾ തന്നെ ഒരു ഷൂസിന്റെ കാലടി ഒച്ച കേട്ടു. ആ ശബ്ദം അടുത്തേക്ക് വരും തോറും അവൾ എന്റെ കയ്യിൽ ഉള്ള പിടി മുറുക്കി കൊണ്ടിരിക്കുന്നു. ആള് വാതിൽക്കൽ എത്തി എന്ന് കണ്ടതും ഓൺ തെ സ്പോട്ടിൽ അവൾ കണ്ണടച്ചു. "ഹ ഹ ഹ ഹ. "എന്റെ പൊട്ടി ചിരി കേട്ടാണ് അവൾ കണ്ണ് തുറന്നത്.

നേരെ നോക്കിയത് ചേട്ടന്റെ മുഖത്തേക്ക് ആണ്. അതായത് എന്റെ ഏട്ടൻ!! "ഹ ഹ ഹ ഹ. ഇനി എനിക്ക് പിടിച്ചു നിൽക്കാൻ പറ്റില്ലേ.. ഹ ഹ ഹ. "ഞാൻ അവിടെ നിന്ന് പൊട്ടി ചിരിക്കുമ്പോഴും ഇവിടെ ഒരുത്തി കണ്ണും മിഴിച്ചു നിൽക്കുവാണ്. അവളുടെ ഭാവം കണ്ട് ചേട്ടനും ചിരി വരുന്നുണ്ടായിരുന്നു. പക്ഷെ ചേട്ടൻ ആ ചിരി അടക്കി പിടിച്ചു. "മാധവേട്ട.. ഇവളുടെ കിളി ഇപ്പോഴൊന്നും കൂട്ടിൽ കേറും എന്ന് തോന്നുന്നില്ല.അത് കൊണ്ട് ഞാൻ പോവാണേ.. ചേട്ടൻ സമാധാനത്തിൽ കാര്യങ്ങൾ ഒക്കെ പറഞ്ഞു മനസ്സിലാക്ക്.ഞാൻ പുറത്ത് ഉണ്ടാവും." അവളുടെ അന്തം വിട്ടുള്ള നിൽപ് കണ്ട് അവളോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ലെന്ന് മനസ്സിലായി. പുറത്ത് നിന്ന് ഞാൻ വാതിൽ പൂട്ടി. എന്നിട്ട് പൊട്ടി പൊട്ടി ചിരിക്കാൻ തുടങ്ങി. കുറെ ചിരിച്ചു വയർ വേദനിച്ചപ്പോൾ ഞാൻ ഹാളിലേക്ക് പോയി. ഹാളിൽ എന്റെയും അവളുടെയും അച്ഛനമ്മാർ കൂടാതെ വേറെ ആരും ഉണ്ടായിരുന്നില്ല. ഇവിടെ എനിക്ക് സുപരിചിതം ആയതിനാൽ ഞാൻ വേഗം പോയി ചായ എടുത്തു കുടിച്ചു. "എന്നാലും എന്റെ പാറുട്ട.. എന്തായിരുന്നു നിന്റെ അഭിനയം. ഓസ്കാർ കിട്ടുമെടി നിനക്ക്. ഓസ്കാർ. "അമ്മ മൂക്കത്ത് വിരൽ വെക്കുന്നത് കണ്ട് ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു. "അവളുടെ കരച്ചിൽ കണ്ടപ്പോൾ പലവട്ടം കാര്യങ്ങൾ ഞാൻ പറയാൻ തുടങ്ങിയതാ.. പിന്നെ മോള് പറഞ്ഞത് കൊണ്ട് മാത്രം ആണ് പറയാഞ്ഞത്." "ഞാൻ അവളെ ഒന്ന് ഞെട്ടിക്കണം എന്ന് മാത്രം വിചാരിച്ചുള്ളൂ..

പക്ഷെ അവൾ ഇങ്ങനെ കരയും എന്ന് ഞാനും വിചാരിച്ചില്ല". "അപ്പോൾ വിശ്വ.. വാക്ക് ഉറപ്പിക്കാൻ എന്നാണ് നിങ്ങൾ അങ്ങോട്ട് വരുന്നത്." "ഞങ്ങൾക്ക് അങ്ങനെ ഒന്നും ഇല്ല.ഇന്നെങ്കിൽ ഇന്ന്.എന്റെ മകളെ നിങ്ങളെ ഏല്പിക്കുന്നതിൽ എനിക്ക് സന്തോഷമേ ഉള്ളു." "ഭാമ എവിടെ ജാനമ്മേ.."ഭാമ ഭദ്രയുടെ അനിയത്തി ആണ്. പ്ലസ് ടു വിൽ പഠിക്കുന്നു. "അവൾ ക്ലാസ്സിന് പോയേക്കുവാണ്. കുറച്ചു കഴിയുമ്പോൾ വരും." "അല്ല.. ഇനി നിനക്ക് ഞങ്ങൾ കണ്ട് പിടിക്കട്ടെ ഒരു ചെക്കനെ.." "അയ്യോ.. വേണ്ടായേ.. എംബിബിസ് കിട്ടുന്നത് വരെ എങ്കിലും ഞാൻ ഇങ്ങനെ കല്യാണം കഴിക്കാതെ നടന്നോട്ടെ.." "അത്രയും ഒക്കെ വേണോ.." "വേണം. അച്ഛൻ വാക്ക് തന്നതാ.. എംബിബിസ് കഴിയാതെ കെട്ടിക്കില്ല എന്ന്." "മ്മ്.. ഓക്കേ ഓക്കേ." "ഞാൻ എന്നാൽ അവളുടെ കിളികൾ ഒക്കെ തിരിച്ചു വന്നോ എന്ന് പോയി നോക്കിയിട്ട് വരാം.."അവരോട് ഒരു കണ്ണിറുക്കി പറഞ്ഞപ്പോൾ അവരും ചിരിക്കുന്നുണ്ടായിരുന്നു. വേഗം അവളുടെ മുറിയിലേക്ക് പോയി പൂട്ടിയിട്ട വാതിൽ മലർക്കേ തുറന്നു.അവിടുത്തെ കാഴ്ച കണ്ട് എന്റെ കിളി പോയി. മാധവേട്ടന്റെ നെഞ്ചിൽ കിടക്കുന്ന ഭദ്ര..!!!! ""നോ......"" പെട്ടന്ന് എന്റെ അലർച്ച കേട്ട് അവർ വിട്ടു മാറി.ഏട്ടൻ ഓടി വന്നു എന്റെ വാ പൊത്തി. "ഒരബദ്ധം. നാറ്റിക്കരുത്". "എന്താ ഇത്.ഏഹ്.. നോം എന്താ ഈ കാണുന്നത്.കല്യാണം വേണ്ട എന്ന് പറഞ്ഞ ഭദ്ര അല്ലെ ഇത്.ഞാൻ പറയട്ടെ നിനക്ക് ഇപ്പോൾ കല്യാണം വേണ്ട എന്ന്."

"ഏയ്.. അതൊന്നും വേണ്ട."അവൾ എനിക്ക് ഒരു ഇളി തന്നു. "നീ എന്റെ വീട്ടിൽ വന്നു പുട്ട് കേറ്റുമ്പോൾ ഉള്ള ഏട്ടന്റെ നോട്ടം കണ്ടപ്പോൾ ഞാൻ വിചാരിച്ചു പറക്കും തളികയിലെ ബാസന്ധിയെ നോക്കുന്നത് പോലെ ഉള്ള നോട്ടം ആണെന്ന്.പിന്നെ ആ നോട്ടം നിന്റെ പിന്നാലെ പിന്തുടരുന്നത് കണ്ടപ്പോൾ ആണ് എന്റെ ഏട്ടന്റെ ഉള്ളിലെ കാമുകനെ ഞാൻ അറിഞ്ഞത്.നമ്മളെ കൂട്ടി പാർക്കിലും ബീച്ചിലും ഷോപ്പിംങിനും ഒക്കെ പോയത് നിന്നെ കാണുവാൻ വേണ്ടി ആണെന്ന് അവന്റെ വായിൽ നിന്ന് തന്നെ കേട്ടപ്പോൾ ഞാൻ കുറെ കൊടുത്തിട്ടുണ്ട്. നിനക്കും അത് പോലെ അവനോട് തിരിച്ചു ഇഷ്ടം ഉണ്ടോ എന്ന് അറിയാൻ ആണ് ഈ പെണ്ണകാണൽ നാടകം പറഞ്ഞത്.എന്റെ അമ്മയുമുണ്ടായിരുന്നു ആദ്യം എനിക്ക് കൂട്ടിന്.നിന്റെ അന്നത്തെ തലവേദന കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി നിനക്കും അസ്ഥിക്ക് പിടിച്ച പ്രേമം ആണെന്ന്.എന്നാലോ.. അവൾ പറയൂല. അത് കൊണ്ട് ഞാൻ തന്നെ മുൻകൈ എടുത്ത് എല്ലാവരോടും പറഞ്ഞു.എല്ലാവർക്കും സമ്മദം.ഇന്നലെ വരെ നിന്റെ ഇഷ്ടം നീ തുറന്ന് പറയാൻ വേണ്ടി ഞാൻ വെയിറ്റ് ചെയ്തു.അപ്പോഴും പറ്റിയില്ല. ഇത്ര നാളും നിഴൽ പോലെ കൂടെ നടന്ന എന്നോട് നീ കാര്യങ്ങൾ മറച്ചു വെച്ചതിന് ചെറിയ ഒരു പണിഷ്മെന്റ് ആയി കണ്ടാൽ മതി.

എന്നാലും ഭദ്രേ.. നീ എന്നോട് എല്ലാം മറച്ചു വെച്ചില്ലേ...." പറഞ്ഞു തീർന്നതും അവൾ എന്നെ ഇറുക്കി കെട്ടിപിടിച്ചു. "സോറിഡാ.. നിനക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന് കരുതിയ ഞാൻ.. നിനക്ക് എന്നോട് വെറുപ്പ് തോന്നിയാലോ.. നിന്നെക്കാൾ വലുതല്ലടാ എനിക്ക് ഒന്നും." പറയുന്നതിനോട് ഒപ്പം അവൾ കരയുന്നുമുണ്ടായിരുന്നു. "നീ ഇങ്ങനെ കരയല്ലേ പെണ്ണെ.. നീ നേരത്തെ കരയുന്നത് കണ്ട് എനിക്ക് എന്ധോരം വിഷമം ആയെന്ന് അറിയോ.." ഞങ്ങളുടെ രണ്ട് പേരുടെ കണ്ണും ഒരുപോലെ നിറഞ്ഞിരുന്നു. "ഹോ.. സമാധാനം ആയി.അപ്പോൾ നാത്തൂൻ പോര് കാണാതെ എനിക്ക് മരിക്കാം." "അങ്ങനെ ഒന്നും വിചാരിക്കണ്ട.പോര് ഇല്ലെങ്കിലും ഞങ്ങൾ ഇടക്ക് നല്ല തല്ല് ആണ്." "അതൊക്കെ ഇനി ഞാൻ നോക്കിക്കോളാം.."ചേട്ടൻ ഇളിച്ചു കൊണ്ട് പറഞ്ഞപ്പോൾ ഞാൻ പെട്ടന്ന് പൊട്ടി ചിരിച്ചു പോയി.ഒപ്പം ഭദ്രയും. "'എടാ കള്ള ചേട്ട... "... തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story