❤️ശിവപാർവതി ❤️: ഭാഗം 17

shiva parvathi

രചന: കടലാസിന്റെ തൂലിക

"ഡീ........" ദൈവമേ.. ശിവേട്ടൻ.ഇയാൾ എപ്പോ വന്നു. ഓട്ടോയുടെ ശബ്ദം കേട്ടില്ലല്ലോ.. "നീ എന്താടി എന്റെ മുറിയിൽ ചെയ്യുന്നത്. ഇറങ്ങടി താഴെ." തല്ല് കിട്ടുന്നതിന് മുമ്പ് വേഗം ഇറങ്ങിയേക്കാം.വെപ്രാളത്തിൽ ഇറങ്ങിയപ്പോൾ കാല് പെട്ടന്ന് സ്ലിപ് ആയി. "ദേവിയെ... കാത്തോളിൻ.." താഴേക്ക് വീണു എന്ന് തന്നെ തോന്നിയിരുന്നു.പക്ഷെ താഴേക്ക് വീഴുന്നതിന് മുന്പേ ശിവേട്ടന്റെ കയ്യിൽ ഞാൻ സുരക്ഷിത ആയിരുന്നു. നേരെ നോക്കിയ എന്റെ നോട്ടം ചെന്ന് പതിച്ചത് ശിവേട്ടന്റെ കണ്ണിൽ ആയിരുന്നു. ആ കണ്ണുകളിൽ കണ്ടത് എന്നോടുള്ള പ്രണയം ആയിരുന്നോ.. ശിവേട്ടന്റെ കൈ പതിയെ എന്റെ മുഖത്തെ തലോടി. "ഡീ..." ഒരു അലർച്ച കേട്ട് ഞാൻ ഞെട്ടി ചുറ്റും നോക്കി. ഏഹ്.. ഞാൻ നിലത്ത് നിൽക്കുവാണല്ലോ.. അപ്പോൾ ഞാൻ പുള്ളിയുടെ കയ്യിൽ അല്ലെ.. "പട്ടപകൽ എന്തു സ്വപ്നം കണ്ടിരിക്കുവാണ് നീ." ശിവേട്ടൻ ചോദിച്ചപ്പോൾ സത്യത്തിൽ ചൂളി പോയി. അയ്യേ..

ഞാൻ സ്വപ്നം കണ്ടതായിരുന്നോ.. എന്തൊക്കെ വിചാരിച്ചതാ.. വീഴുന്നു, പിടിക്കുന്നു, കണ്ണും കണ്ണും നോക്കി പ്രണയത്തിൽ ആവുന്നു. ഒരു പെൺകുട്ടി അതും മുറപ്പെണ്ണ് കയ്യിലേക്ക് വീണിട്ടും റൊമാന്റിക് അറിയാതെ നേരെ നിർത്തുന്ന ഒരു മുറച്ചെറുക്കനെ ആണല്ലോ ദൈവമേ നീ എനിക്ക് തന്നത്. യോഗ്യമില്ല ഉണ്ണി.. യോഗമില്ല. "എന്തും ആലോചിച്ചു നിൽക്കുകയാടി.ഇറങ്ങി പോടീ എന്റെ മുറിയിൽ നിന്ന്." "ഓ.... ഇയാൾ".അലറി പൊളിക്കുന്നതിന് മുമ്പ് പുറത്തേക്ക് പോകുന്നതാണ് നല്ലത്. റൂം വിട്ടു പുറത്തിറങ്ങിയപ്പോൾ തന്നെ എന്റെ ഫോൺ ബെല്ലടിച്ചിരുന്നു. അമ്മയാണ്.ഇത്ര നേരം ആയിട്ടും കാണാത്തത് കൊണ്ട് വിളിച്ചതാവും.അത് അറിയാമായിരുന്നത് കൊണ്ട് തന്നെ കാൾ അറ്റന്റ് ചെയ്യാൻ പോയില്ല. "അപ്പച്ചി... ഞാൻ പോകുവാണേ.." "അയ്യോ.. നിക്ക്.ദ ചായ ആയി.'" "വേണ്ട അപ്പച്ചി.പിന്നെ വരാം.അമ്മ വിളിച്ചിരുന്നു.അമ്മക്ക് ഇനി എന്നെ കണ്ടില്ലെങ്കിൽ ഒരു സമാധാനവും ഉണ്ടാവില്ല.ഞാൻ പോട്ടെ." "ഈ ചായ എങ്കിലും കുടിച്ചിട്ട് പോ മോളെ.."

"വേണ്ട അപ്പച്ചി... പിന്നെ വരാം". അപ്പച്ചിയോട് പറഞ്ഞു അവിടെ നിന്ന് പെട്ടന്ന് ഇറങ്ങി. വീട്ടിൽ എത്തിയപ്പോൾ ആണ് ഓർത്തത്. ഒരു കുന്ന് പഠിക്കാൻ ഉണ്ടെന്ന്. കുറച്ചെങ്കിലും പഠിച്ചാലെ ശരിയാകു.. ഇത് വരെ പഠിച്ചിരുന്ന പോലെ അല്ല. മനുഷ്യന്റെ ജീവൻ വെച്ചുള്ള കളി ആണ്. ആ ബോധ്യം നന്നായി ഉള്ളതിനാൽ ആത്മാർത്ഥമായി പഠിച്ചു. 8 മണി ആയപ്പോഴേക്കും ബോറടിച്ചു തുടങ്ങി.പിന്നെ ഭക്ഷണം കഴിച്ചു വീണ്ടും മുകളിലേക്ക് വന്നു.ഫോൺ എടുത്ത് ശിവേട്ടന്റെ നമ്പർ ഡയൽ ചെയ്തു.പുള്ളിടെ നമ്പർ ഇപ്പോൾ എനിക്ക് കാണാപാഠം ആണ്. ഒരുപാട് റിങ് ചെയ്തതിന് ശേഷം ആണ് ഫോൺ എടുത്തത്. "എന്താടി നിനക്ക് വേണ്ടത്." "എനിക്ക് വേണ്ടത് ഇയാളെ ആണ്." "എടി എടി നിനക്ക് ഭ്രാന്ത് ആണോ.." "അതേല്ലോ.. എനിക്ക് ഭ്രാന്ത് തന്നെയാണ്.അത് നിങ്ങളോട് ആണെന്ന് മാത്രം." "ഭ്രാന്ത് ആണെങ്കിൽ നിന്റെ തന്തയോട് കൊണ്ട് പോയി ഊളമ്പാറയിൽ കാണിക്കാൻ പറ.അല്ലെങ്കിൽ കൊണ്ട് പോയി ചങ്ങലക്ക് ഇടാൻ പറ." "ഭ്രാന്തിനുള്ള മരുന്ന് പെട്ടന്ന് പറഞ്ഞു തന്നല്ലോ..

ഊളമ്പാറയിൽ പോയി നല്ല എക്സ്പീരിയൻസ് ഉണ്ടല്ലേ...പക്ഷെ എന്റെ ഭ്രാന്തിന്റെ മരുന്ന് നിങ്ങളുടെ കയ്യിലെ ഉള്ളു.." "നിന്റെ ഭ്രാന്തിന്റെ മരുന്ന് നിന്റെ കയ്യിൽ തന്നെ ഉണ്ടാവും.നീയല്ലേ വലിയ ഡോക്ടർ." "ഓ... ഞാൻ ഡോക്ടർ ആവുന്നതിൽ കുശുമ്പ് ഉണ്ടോ ശിവേട്ട.." "ഡീ.. നിന്നെ ഞാൻ.. അല്ലെങ്കിൽ വേണ്ട". ഫോൺ വെക്കാൻ ഒരുങ്ങുകയാണെന്ന് എനിക്ക് മനസ്സിലായിരുന്നു. "ഏയ്.. വെക്കല്ലേ വെക്കല്ലേ..ഞാൻ ഇനി എന്നും വിളിക്കും.അപ്പോൾ ഫോൺ എടുക്കണേ.." "പിന്നെ.. നിന്റെ ഫോൺ എടുക്കലല്ലേ എന്റെ പണി.എന്റെ പട്ടി എടുക്കും നിന്റെ ഫോൺ." "അത് ശിവട്ടനും പട്ടിയും കൂടി ആലോചിച്ചു തീരുമാനിച്ചാൽ മതി." അപ്പുറത്ത് നിന്ന് പല്ല് ഞെരിക്കുന്ന ശബ്ദം വ്യക്തമായി കേൾക്കാമായിരുന്നു.ചിരി അടക്കി പിടിച് ഞാനും. "ശിവേട്ടൻ ഫോൺ എടുത്തില്ലെങ്കിൽ ഞാൻ മറ്റേ ഫോട്ടോ എല്ലാവർക്കും കാണിച്ചു കൊടുക്കും." "നീ കാണിക്കടി.ശിവനിനി ആ ഒരു ചീത്ത പേര് കൂടിയേ ബാക്കി ഉള്ളു.. അതും കൂടി ആയിക്കോട്ടെ." ദൈവമേ.. പണി പാളിയോ..

ഞാൻ ഇനി എങ്ങനെ അങ്ങേരെ നിലക്ക് നിർത്തും. "എന്താ മോള് കാണിക്കുന്നില്ലേ.. കാണിക്ക്.എപ്പോഴാ കാണിക്കുന്നതെന്ന് പറഞ്ഞാൽ ഞാൻ ആ സമയത്ത് ഹാജർ ആവാം." ശിവേട്ടന്റെ ചോദ്യത്തിൽ ഒരു പരിഹാസം ഉണ്ടായിരുന്നു. അപ്പോൾ എനിക്ക് ഒരു വാശി കേറി. "ഞാൻ കാണിക്കും. പക്ഷെ ആ ചിത്രം മാത്രം ആയിരിക്കില്ല. ഒരു പെട്ടി കൂടി ഉണ്ടാവും". "ഏത് പെട്ടി". "ഒരു മരപ്പെട്ടി. ശിവേട്ടന്റെ അലമാരയുടെ മുകളിൽ ഉണ്ടായിരുന്നത്. ഞാൻ ഇന്ന് അത് തുറന്ന് കണ്ടു. അതിൽ ഉണ്ട് ശിവേട്ടന്റെ എല്ലാ കള്ളത്തരങ്ങളും. ഞാൻ അത് പറയട്ടെ എല്ലാവരോടും. ഏഹ്.. പറയട്ടെ." "നീ.. നീ ശരിക്ക് കണ്ടോ".ശിവേട്ടന്റെ ശബ്ദത്തിൽ ഒരു പേടി പോലെ തോന്നി. "പിന്നെ കണ്ടില്ലേ.. ഞാൻ നല്ല വ്യക്തമായി കണ്ടു.അത് കൊണ്ടു കൂടുതൽ മോൻ ഷെയിൻ ചെയ്യാൻ നിൽക്കണ്ട". വെറുതെ ഒന്ന് എറിഞ്ഞു നോക്കിയതാണ്. പക്ഷെ കൊള്ളിണ്ടിടത്ത് കൊണ്ടു.ഇനി ഈ പിടി വള്ളി വിടാതെ നോക്കാം.

പുള്ളി ഒന്നും മിണ്ടുന്നില്ലല്ലോ.. ഇനി വെച്ചിട്ട് പോയോ.. "ഹെലോ..ഹെലോ.." "മ്മ്..വെച്ചിട്ട് പോയിട്ടില്ല". "ഞാൻ ഇനി മുതൽ എന്നും വിളിക്കും.ഫോൺ എടുത്തോളണം.അല്ലെങ്കിൽ അറിയാമല്ലോ എന്നെ.ഞാൻ പറഞ്ഞാൽ എല്ലാവരും വിശ്വസിക്കുകയും ചെയ്യും." "മ്മ്". "എന്നാൽ ശരി ഗുഡ് നൈറ്റ്‌." "മ്മ്." "ഗുഡ് നൈറ്റ്‌ പറ." "ഗുഡ് നൈറ്റ്‌." ഇന്ന് ശിവേട്ടൻ ഫോൺ വെച്ചപ്പോൾ ഒരു പ്രത്യേക സന്തോഷം തോന്നി. അങ്ങനെ ആ ശിവനെ തളച്ചു.ഇനി ആ പെട്ടിയിൽ പിടിച്ചു വേണം കയറാൻ. അയ്യോ.. ഇത്രയും ഉണ്ടായിരുന്നുള്ളു കാര്യം. ഇതൊക്കെ നിസാരം.എന്നാലും ഒരു പെട്ടിയുടെ കാര്യം പറഞ്ഞപ്പോഴേക്കും പുലി പൂച്ച ആയത് എങ്ങനെ.എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ലല്ലോ.. കൊട്ടുവാ വന്നപ്പോൾ സമയം നോക്കി.12 മണി ആയിരിക്കുന്നു.ഇനിയും ഉറക്കത്തെ പിടിച്ചു നിർത്തിയാൽ ശരിയാവില്ല എന്ന് തോന്നിയത് കൊണ്ട് ഞാൻ നല്ല അന്തസായി ഉറങ്ങി. ****

"അയ്യോ.. ഒരൊറ്റ പെട്ടിയുടെ കാര്യം പറഞ്ഞപ്പോഴേക്കും പുള്ളി ഫ്ലാറ്റ് ആയോ.അതിനും മാത്രം എന്തായിരിക്കും ആ പെട്ടിയിൽ." ക്ലാസ്സിൽ ഇരുന്ന് ഇന്നലത്തെ ഫോൺ വിളി വിശദീകരിച്ചപ്പോൾ ഉള്ള ഭദ്രയുള്ള മറുപടി ആണ്. "ആ പെട്ടിയിൽ എന്താണെന്നും എനിക്ക് അറിയില്ല.പക്ഷെ തത്കാലം ഇത് കൊണ്ട് ഒറ്റയാനെ ഒതുക്കാൻ പറ്റും.അത് എനിക്ക് അറിയാം." ഞാൻ പറഞ്ഞു തീർന്നപ്പോഴേക്കും ഭദ്ര ഒരു കൊട്ടുവാ കൂടി ഇട്ടിരുന്നു. "ഇതിപ്പോൾ കുറെ ആയല്ലോ.ഇന്നലെ നീ ഉറങ്ങിയില്ലേ ഭദ്രേ.." "ആ ഉറങ്ങി". "ഏട്ടനുമായുള്ള ഫോൺ വിളി തുടങ്ങിയ കാര്യം ഞാൻ അറിഞ്ഞു.ഇന്നലെ എത്ര മണി വരെ ഉണ്ടായിരുന്നു കാളിങ്." "മൂന്ന്"

.അവൾ ഇളിച്ചു കൊണ്ടു പറയുന്നത് കേട്ട് ഞാൻ ഞെട്ടി. "അട പാവി. 10 മണിക്ക് ശേഷം ഞാൻ വിളിച്ചാൽ എന്നെ ചീത്ത പറയുന്ന നീ ആണോ രാത്രി 3 വരെ എന്റെ ഏട്ടനുമായി സംസാരിക്കുന്നത്". അത് പറഞ്ഞപ്പോൾ അവൾ നന്നായി ഇളിച്ചു തന്നു. 'ആദ്യമായത് കൊണ്ടാ.. ശരിയാവുമായിരിക്കും..അല്ലെ.." "മ്മ്..മ്മ്മ്..." ഞാൻ ഒന്ന് ആക്കി മൂളിയപ്പോഴേക്കും മിസ്സ്‌ ക്ലാസ്സിലേക്ക് വന്നിരുന്നു. "ഡിയർ സ്റ്റുഡന്റസ്.. ഒരു ഇമ്പോര്ടന്റ്റ്‌ കാര്യം പറയാൻ ആണ് ഞാൻ ഇപ്പോൾ വന്നത്." മിസ്സ്‌ വളരെ സീരിയസ് ആയി പറയുന്നത് കേട്ട് ഞങ്ങൾ എല്ലാവരും മിസ്സ്‌ പറയുന്നതിനായി കാതോർത്തു. ... തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story