❤️ശിവപാർവതി ❤️: ഭാഗം 18

shiva parvathi

രചന: കടലാസിന്റെ തൂലിക

"ഡിയർ സ്റ്റുഡന്റസ്.. ഒരു ഇമ്പോര്ടന്റ്റ്‌ കാര്യം പറയാൻ ആണ് ഞാൻ ഇപ്പോൾ വന്നത്." മിസ്സ്‌ വളരെ സീരിയസ് ആയി പറയുന്നത് കേട്ട് ഞങ്ങൾ എല്ലാവരും മിസ്സ്‌ പറയുന്നതിനായി കാതോർത്തു. "നിങ്ങൾക്ക് 4ത്ത് സെമെസ്റ്ററിൽ തുടങ്ങാറായില്ലേ..ഫോറെൻസിക് മെഡിസിനെ കുറിച്ചുള്ള ഓറിയന്റേഷൻ ക്ലാസ്സ്‌ എടുക്കാൻ നിങ്ങൾക്ക് പ്രശസ്ത ഡോക്ടർ പ്രേം കുമാർ സാർ ആണ്." ടീച്ചർ പറയുന്നത് കേട്ട് ഞങ്ങൾക്ക് അത്ഭുതം ആയി.ഡോക്ടർ വളരെ ഫേമസ് ആണ്.വൺ ഓഫ് ദി ബെസ്റ്റ് ഡോക്ടർ ഇൻ ഇന്ത്യ.പോരാത്തതിന് മലയാളിയും.അദ്ദേഹത്തിന്റെ ഒരു ക്ലാസ്സ്‌ കിട്ടാൻ ഭാഗ്യം വേണം. "അടുത്ത ആഴ്ച ആണ് ഡോക്ടർ ക്ലാസ്സ്‌ എടുക്കാൻ വരുന്നത്. ഡോക്ടർക്ക് ഒരു ഗംഭീര സ്വീകരണം കൊടുക്കണം.നിങ്ങളുടെ ബാച്ച് തന്നെ അതൊക്കെ ചെയ്യണം.എന്താ ഓക്കേ അല്ലെ."

"ഓക്കേ മിസ്സ്‌."ഞങ്ങൾ എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു. പിന്നെ ഉള്ള ദിവസങ്ങൾ മുഴുവനും അതിനുള്ള പ്ലാനിങ് ആയിരുന്നു.അതിനിടയിലൂടെ പഠിത്തവും നടക്കുന്നുണ്ട്. എന്നും രാത്രി ഞാൻ ശിവേട്ടന് വിളിച്ചിരുന്നു.പെട്ടിയുടെ കാര്യമാലോചിച് പേടി ഉള്ളത് കൊണ്ടാണെന്ന് തോന്നുന്നു,ഞാൻ എപ്പോ വിളിച്ചാലും ഫോൺ എടുക്കും.പക്ഷെ കൂടുതൽ സംസാരം ഒന്നും ഉണ്ടാവില്ല.ഒന്നോ രണ്ടോ വാക്ക് പറഞ്ഞു വേഗം ഫോൺ വെക്കും.അതും ഞാൻ ചോദിക്കുന്നതിന് ഉത്തരം മാത്രം.വളരെ കുറച്ചു സമയമേ സംസാരിക്കുകയുള്ളു എങ്കിലും ആ നേരം ഉള്ളിൽ വല്ലാത്ത ഒരു സന്തോഷം ആയിരുന്നു. എത്ര ശ്രമിച്ചിട്ടും പെട്ടിക്കുള്ളിൽ എന്താണെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല.എന്തെങ്കിലും കണ്ടെത്തണം എങ്കിൽ ശിവേട്ടന്റെ വീട്ടിൽ പോയെ മതിയാകു.. ക്ലാസും അസ്സയിന്മെന്റും പരിപാടിയുടെ കാര്യങ്ങളും ഒക്കെ ആയി അതിന് സമയം കിട്ടിയില്ല.

അങ്ങനെ കാത്ത് കാത്തിരുന്നു ആ ദിവസം വന്നെത്തി.രാവിലെ തന്നെ എഴുന്നേറ്റ് കുളിച്ചു.ഇന്ന് എല്ലാവരും സെറ്റ് സാരി ആണ് വേഷം.നേരത്തെ പറഞ്ഞുറപ്പിച്ചത് കൊണ്ട് അതെല്ലാം ഓക്കേ ആക്കിയിരുന്നു.എനിക്ക് സാരി ഉടുക്കാൻ അറിയാത്തത് കൊണ്ടു തലേ ദിവസം തന്നെ യൂട്യൂബിൽ നോക്കി സാരി എടുക്കാൻ പഠിച്ചു വെച്ചു.പക്ഷെ എത്ര നോക്കിയിട്ടും സാരി ഉടുക്കാൻ എനിക്ക് പറ്റിയില്ല.കുറെ ചുളിവ് വന്നത് മാത്രം മിച്ചം.അവസാനം അമ്മ തന്നെ സാരി എടുത്ത് തന്നു. സെറ്റ് സാരി ഒക്കെ ഉടുത്തു അതിന് മാച്ച് ആയ ചിമിക്കി കമ്മലും അമ്മയുടെ ഒരു മാങ്ങാ മാലയും ഒരു ചന്ദന കുറി കൂടി ഇട്ടു വന്നപ്പോൾ മൊത്തത്തിൽ ഒരു ആന ചന്തം വന്നിട്ടുണ്ട്.പിന്നെ നേരം വൈകിപ്പിക്കാതെ താഴേക്ക് പോയി. താഴെ എത്തിയപ്പോൾ അമ്മ എന്നെ അന്തം വിട്ടു നോക്കുന്നുണ്ടായിരുന്നു.

പതിയെ അമ്മയുടെ കണ്ണുകൾ നിറയുന്നത് കണ്ടപ്പോൾ മനസ്സിലായി ആദ്യമായി സാരി ഉടുത്തതിന്റെ ആഫ്റ്റർ എഫക്ട് ആണെന്ന്. നേരം വൈകിയത് കൊണ്ടു പിന്നെ ഞാൻ അത് മൈൻഡ് ചെയ്യാതെ വണ്ടി എടുത്ത് പോയി.ഭക്ഷണം കഴിക്കാത്തത് അമ്മ എന്തോക്കെയോ പറയുന്നുണ്ടെങ്കിലും അത് കാര്യമാക്കാൻ നിന്നില്ല. ഭദ്രയുടെ വീട്ടിൽ എത്തിയപ്പോൾ ഭദ്ര നല്ല അടിപൊളി ആയി ഒരുങ്ങിയിട്ടുണ്ട്.ഇപ്പോൾ കണ്ടപ്പോൾ എന്റെ ചേട്ടൻ എപ്പോ കെട്ടി എന്ന് ചോദിച്ചാൽ മതി. ഡോക്ട്ടറിനെ വെൽക്കം ചെയ്യണ്ട ഡ്യൂട്ടി എനിക്ക് ആയതിനാൽ അതികം ഒന്നും ആലോചിക്കാതെ ഭദ്രയെയും കൂട്ടി വേഗത്തിൽ കോളേജിൽ പോയി. അവിടെ എത്തിയപ്പോൾ ആണ് ആ പച്ചയായ സത്യം ഞാൻ മനസ്സിലാക്കുന്നത്... ഞാനും ഭദ്രയും ഒഴിച് ബാക്കി എല്ലാ പെൺകുട്ടികളും തലയിൽ മുല്ലപ്പൂ ചൂടി നിൽക്കുന്നു.

തലേദിവസം ഓർഡർ ചെയ്തതാണത്രേ എല്ലാവരും.ഞങ്ങൾക്ക് ആണെങ്കിൽ അത് കണ്ടിട്ട് സഹിച്ചില്ല.ഭയങ്കര തിരക്ക് ആയതിനാൽ ഒരുപാട് ദൂരെ ഉള്ള പൂക്കടയിൽ പോയി മുല്ലപ്പൂ വാങ്ങാൻ കഴിയില്ല.എല്ലാവരുടെ തലയിലും മുല്ലപ്പൂ കണ്ടിട്ടാണെങ്കിൽ സഹിക്കുന്നുമില്ല. "എടി.. മാധവേട്ടനോട് വാങ്ങി കൊണ്ടു വരാൻ പറഞ്ഞാലോ.." "ആഹ്.. അത് നല്ല ഐഡിയ ആണ്." ഭദ്ര പറഞ്ഞത് കേട്ട് അപ്പോൾ തന്നെ ചേട്ടനെ ഫോൺ ചെയ്തു.രണ്ട് വട്ടം വിളിച്ചിട്ടും ചേട്ടൻ ഫോൺ എടുത്തില്ല.പിന്നെ അച്ചനെ വിളിച്ചു.അച്ഛനും ഫോൺ എടുത്തില്ല.അവൾ അവളുടെ അച്ഛനും വിളിക്കുന്നുണ്ടായിരുന്നു.ആരെയും വിളിച്ചിട്ട് കിട്ടാതെ ആയപ്പോൾ ദേഷ്യം വന്നു.അതെ ദേഷ്യത്തോടെ അമ്മയെ വിളിച്ചു.ഫോൺ എടുത്ത് അമ്മ പറഞ്ഞപ്പോൾ ആണ് അറിഞ്ഞത് അവർ രണ്ട് പേരും സൈറ്റിൽ ആണെന്ന്.അവിടെ ആണെങ്കിൽ എന്തായാലും ഇപ്പോഴൊന്നും ഫോൺ എടുക്കില്ല.എന്തു ചെയ്യും എന്ന് ആലോചിച്ചപ്പോൾ ആണ് പെട്ടന്ന് ശിവേട്ടന്റെ മുഖം മനസ്സിലേക്ക് വന്നത്.

"ഭദ്രേ.. നമുക്ക് ശിവേട്ടനോട് പറഞ്ഞാലോ.." "നിനക്കെന്താടി വട്ടാണോ.. മൂപ്പര് കടയിൽ പോയി നിനക്ക് മുല്ലപ്പൂ വാങ്ങി കൊണ്ട് വരും എന്ന് തോന്നുന്നുണ്ടോ.." "അതൊക്കെ ഞാൻ സെറ്റ് ആക്കിക്കോളാം.നീ അവരുടെ അടുത്തേക്ക് ചെല്ല്".ഭദ്രയെ പറഞ്ഞു വിട്ട് ശിവേട്ടനെ ഫോൺ ചെയ്യുമ്പോൾ ചെറിയ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു. വിചാരിച്ച പോലെ കുറച്ചു വൈകി ആണ് പുള്ളി ഫോൺ എടുത്തത്. "എന്താടി.. നിനക്ക് ഉറക്കം ഇല്ലെ.. ഇത്ര രാവിലെ തന്നെ മനുഷ്യനെ ശല്യപ്പെടുത്താതെ വെച്ചിട്ട് പോടീ..." ഏഹ്.. നേരം വെളുത്തില്ലേ അപ്പോൾ.ഞാൻ സമയം നോക്കിയപ്പോൾ 8 മണി ആയിട്ടുണ്ടായിരുന്നു. "8 മണി ആയി മനുഷ്യ.. എണീക്കാൻ നോക്ക്" "ഞാൻ എനിക്ക് തോന്നിയ സമയത്ത് എഴുന്നേൽക്കും. അതിന് നിനക്കെന്താ.." ഓ.. കണ്ട്രോൾ തരു ദേവിയെ.. "ശിവേട്ട.. എനിക്ക് കുറച്ചു മുല്ലപ്പൂ വാങ്ങി കൊണ്ടു വരണം." "നിനക്ക് മുല്ലപ്പൂ എന്റെ പട്ടി..."

"പട്ടി ഒന്നും വേണ്ട തത്കാലം ശിവേട്ടൻ വാങ്ങി തന്നാൽ മതി.വേഗം വേണം.കോളേജിലേക്ക് കൊണ്ട് വന്നാൽ മതി.ഇല്ലെങ്കിൽ അറിയാലോ പെട്ടി." "നീ കുറെ ആയല്ലോ ഈ പെട്ടിയുടെ പേരും പറഞ്ഞു പേടിപ്പിക്കാൻ തുടങ്ങിയിട്ട്.ആ പെട്ടി നീ ഒരിക്കലും കണ്ട് പിടിക്കാൻ കഴിയാത്ത ഒരു സ്ഥലത്തേക്ക് ഞാൻ ഇന്ന് തന്നെ മാറ്റും. ഇനി എന്തു ചെയ്യാൻ പറ്റും നിനക്ക്." ദേവിയെ.. പെട്ടോ ഞാൻ.ഇനി ഇപ്പോൾ എന്തു ചെയ്യും.ആഹ്.. ഐഡിയ. "ആ പെട്ടി നിങ്ങൾ നശിപ്പിച്ചാലും പെട്ടിക്കകത്തുള്ളതൊക്കെ ഞാൻ വീഡിയോ പിടിച്ചു വെച്ചിട്ടുണ്ട്.ആ പെട്ടി ശിവേട്ടന്റെതാണെന്ന് വ്യക്തമായ തെളിവും ഉണ്ട്.ഇനി എന്തു പറയുന്നു മുല്ലപ്പൂ വാങ്ങി കോളേജിലേക്ക് വരുന്നതല്ലേ നല്ലത്." പറഞ്ഞു തീർന്നപ്പോഴേക്കും അപ്പുറത്തെന്ധോ വീണു പൊട്ടുന്നത് നല്ല വ്യക്തമായി കേട്ടു. "പെട്ടന്ന് വാങ്ങി കൊണ്ട് വരണെ.. വാങ്ങുമ്പോൾ ഭദ്രക്കുള്ളതും കൂടി വാങ്ങിക്കോ..

ഞാൻ കാത്തിരിക്കും".അത്ര മാത്രം പറഞ്ഞു തിരിഞ്ഞു നിന്നപ്പോൾ ആണ് ബാക്കിൽ ഭദ്ര നിൽപ്പുള്ളത് കണ്ടത്.അവളെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു. "വല്ലതും നടക്കോ.." "നടന്നു കഴിഞ്ഞു." **** ഹും അഹങ്കാരി.അവൾക്ക് എത്ര ധൈര്യം ഉണ്ടായിട്ട.. ഈ ശിവൻ ആരാണെന്ന് അവൾക്ക് അറിയില്ല.കാണിച്ചു കൊടുക്കുന്നുണ്ട് ഞാൻ.ഈ ശിവനെ ഇന്നേ വരെ ആരും ഭീഷണി പെടുത്തിയിട്ടില്ല.ഒരു പെട്ടിയുടെ പേരും പറഞ്ഞു കുറെ ആയി ഇട്ടു കളിപ്പിക്കുന്നു.പെണ്ണായ് പോയി.അല്ലെങ്കിൽ വലിച്ചു കേറി ഭിത്തിയിൽ ഒട്ടിച്ചേനെ.. ചേ..നേരം വൈകുവാണല്ലോ.. വാങ്ങി കൊടുത്തില്ലെങ്കിൽ പിന്നെ അത് മതി.ഇതൊക്കെ അവൾക്ക് പോയി വാങ്ങിയാൽ പോരെ.. വെറുതെ മനുഷ്യനെ മിനക്കെടുത്താൻ.ആ പിശാശ് കാരണം ഇന്നത്തെ ഉറക്കവും പോയി.ആരെ ആണാവോ ഇന്ന് കണി കണ്ടത്. അതിന് ആരെയും കണി കണ്ടില്ലല്ലോ..

അവളുടെ ഫോൺ വിളി കേട്ടിട്ടല്ലേ ഉണർന്നത്. ഓരോന്ന് പിറു പിറുത്തു കൊണ്ട് പെട്ടന്ന് പോയി റെഡി ആയി.നേരം വൈകിയാൽ ഇനി അത് മതി.കവലയിൽ ഒരു പൂക്കട ഉണ്ട്.അങ്ങോട്ടേക്ക് പോകണ്ട.അവിടെ അവന്മാർ ഉണ്ടാവും.അവർക്ക് അവൾ എന്നെ ഇങ്ങനെ വിളിക്കുന്ന കാര്യം അറിയില്ല.പൂവ് വാങ്ങാൻ പോകുന്ന കാര്യം അറിഞ്ഞാൽ പ്രശ്നം ആണ്.പിന്നെ വിത്തും പേരും എല്ലാം പറഞ്ഞു കൊടുക്കണം.അല്ലെങ്കിലേ ഇപ്പോഴായെപ്പിന്നെ ഞാൻ മാറി എന്ന് അവർ പറഞ്ഞു നടക്കുന്നുണ്ട്.എല്ലാം ആ പീറ പെണ്ണ് കാരണം ആണ്.അവൾക്കുള്ളത് ഞാൻ കൊടുക്കുന്നുണ്ട്.അവസരം വരട്ടെ. രാവിലെ തന്നെ എങ്ങോട്ടാണെന്ന് അമ്മ ചോദിക്കുന്നുണ്ടെങ്കിലും ഒരു കൂട്ടുകാരനെ കാണാൻ ആണെന്ന് മാത്രം പറഞ്ഞു കൊണ്ട് ഇറങ്ങി.കുറെ അപ്പുറം ഉള്ള പൂക്കടയിൽ നിന്ന് പൂവാങ്ങലായിരുന്നു ലക്ഷ്യം.

പൂക്കടയിലോ പരിസരത്തോ ഭാഗ്യത്തിന് ആരും ഉണ്ടായിരുന്നില്ല.ആ ധൈര്യത്തിൽ അങ്ങോട്ടേക്ക് തന്നെ കേറി ചെന്നു.എന്നെ പൂക്കടയിൽ ആരെങ്കിലും കണ്ടാൽ നാണക്കേട് ആണ്. "ചേട്ടാ.. കുറച്ചു മുല്ലപ്പൂ.." "എന്തോരം വേണം." "അത്.. അത് പിന്നെ.." ശേ.. എത്ര വേണം എന്ന് പറഞ്ഞില്ലല്ലോ.. അത് ചോദിക്കാൻ വിട്ടു. അവൾക്കും വേറെ ഒരു പെണ്ണിനും വേണം എന്നല്ലേ പറഞ്ഞത്.ആ പിശാശ്നെ കാണാൻ ഇത്തിരി ചേല് ഉണ്ടെങ്കിലും മുടി കുറവാ.. അപ്പോൾ എന്തോരം വേണ്ടി വരും.മറ്റേ പെണ്ണിനും വേണ്ടേ.. ചെ.ആകെ കൂടി കൺഫ്യൂഷൻ ആയല്ലോ.. അവൾക്ക് വിളിച്ചു നോക്കണോ.. അയ്യേ വേണ്ട.അല്ലെങ്കിലേ അവൾക്ക് അഹങ്കാരം ആണ്.ഇനി ഒന്ന് കൂടി കൂടും.ഒരു കിലോ വാങ്ങിയാലോ.. "എന്താ ശിവ ഇവിടെ". ആരോ അരികിൽ ഉള്ള പോലെ തോന്നിയപ്പോൾ തിരിഞ്ഞ് നോക്കി.അപ്പുറത്തെ വീട്ടിലെ ചേച്ചി ആണ്.എന്നെ പൊതുവെ പേടി ആണെങ്കിലും കുശലം ചോദിക്കും ഇടക്ക്.നാട്ടിലെ മഞ്ഞ പത്രം ആണ്.

മുല്ലപ്പൂവിന്റെ അളവ് പറഞ്ഞില്ല.കടക്കാരൻ ചോദിക്കുന്നത് കേട്ടു ഞാൻ നോക്കിയത് അതിന്റെ മുഖത്തേക്ക് ആണ്.വലിയ എന്തോ ഒരു കാര്യം കണ്ടു പിടിക്കാൻ എന്ന പോലെ നിൽക്കുവാണ് അത്. "എന്തിനാ ശിവ മുല്ലപ്പൂ.." "അത് പിന്നെ... ആഹ് ഓട്ടോക്ക് ഇടാൻ." "ഓട്ടോയുടെ മുമ്പിലാണോ അതോ പിന്നിലാണോ അതോ ഉള്ളിലാണോ.." "എല്ലായിടത്തും ഇടാം." "അതെന്താ ശിവ വല്ല പൂജ ഉണ്ടോ ഓട്ടോക്ക്."വീണ്ടും അവർ ചോദിച്ചപ്പോൾ ഞാൻ അവരെ കണ്ണുരുട്ടി നോക്കി. അപ്പോൾ തന്നെ അവർ അവിടെ നിന്ന് സ്ഥലം കാലി ആക്കി. "എന്നാൽ ഒരു പതിനഞ്ചു മുഴം എടുക്കട്ടെ.." അത് മതിയാവോ..ഒരു 30 പറയണോ.. അല്ലെങ്കിൽ വേണ്ട.അത് മതി. അവൾക്കും കൂട്ടുകാരിക്കും അല്ലെ..കുറച്ചു വെച്ചാൽ മതി. "ആ.. വേഗം എടുക്ക്." "എത്ര രൂപയ.." "തൊള്ളയിരം " തൊള്ളയിരം രൂപയോ.. വെറും പതിനഞ്ചു മുഴത്തിനോ.. കല്യാണ പെണ്ണുങ്ങൾ മിനിമം ഒരു 50 മുഴം എങ്കിലും വെക്കുന്നുണ്ടാവും.വെറുതെ അല്ല കല്യാണത്തിന് നല്ല ചിലവ് ആണെന്ന് പറയുന്നത്.

കൂടുതൽ ഒന്നും ആലോചിക്കാൻ നിൽക്കാതെ കടക്കാരൻ മുല്ലപ്പൂ പൊതിഞ്ഞു കയ്യിലേക്ക് വെച്ച് തന്നപ്പോൾ അതുമായി വേഗം ഞാൻ കോളേജിലേക്ക് പോയി. **** "ഡീ.. ശിവേട്ടൻ വരില്ലേ ഇനി.9.15 ആയല്ലോ.."ഭദ്ര പറയുന്നത് കേട്ടു ഞാൻ വീണ്ടും പുറത്തേക്ക് നോക്കാൻ തുടങ്ങി. "പരിപാടി തുടങ്ങാൻ ആയി.ഇനി കാക്കേണ്ട.നമുക്ക് അങ്ങോട്ട് പോവാം.. "അവൾ വീണ്ടും പറയുന്നത് കേട്ടു എന്റെ മുഖം വാടി.കുറച്ചു സമയം ആയിട്ടേ ഉള്ളു പറഞ്ഞിട്ടെങ്കിലും ആ സമയത്തിനുള്ളിൽ തന്നെ ഒത്തിരി പ്രതീക്ഷിച്ചു പോയിരുന്നു.ഇനി വന്നില്ലെങ്കിൽ.... "സാരമില്ലടി.. മുല്ലപ്പൂ അല്ലെ.. നമുക്ക് എങ്ങനെ എങ്കിലും സെറ്റ് ആക്കാം." അവൾ പറയുന്നതിന് ശരി എന്നോണം ഞാനും തല ആട്ടി നിരാശയോടെ തിരിച്ചു നടക്കാൻ തുടങ്ങിയപ്പോൾ ആണ് ശിവട്ടന്റെ ഓട്ടോയുടെ ശബ്ദം കെട്ടത്.അപ്പോൾ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നി.

ആരുമില്ലായിരുന്നു എങ്കിൽ ഞാൻ ഓടിപ്പോയി ശിവേട്ടനെ കെട്ടിപിടിച്ചേനെ.. അത്രയും ഉണ്ടായിരുന്നു സന്തോഷം. ഞാൻ ഭദ്രയുടെ കൈ പിടിച്ചു വേഗത്തിൽ ഓട്ടോയുടെ അടുത്തേക്ക് പോയി. പെട്ടന്ന് എന്നെ കണ്ടിട്ട് ആവണം പുള്ളി അന്തം വിട്ടു നോക്കുന്നുണ്ടായിരുന്നു.പിന്നെ തല ഒന്ന് കുടഞ്ഞു ഒരു പൊതി എന്റെ കയ്യിൽ തന്നു. "കുറച്ച് ഉള്ളു.. ഇനി അത് പറഞ്ഞു അടുത്ത ഭീഷണി വേണ്ട".പുള്ളിക്കാരൻ അത് പറഞ്ഞു ഓട്ടോയും എടുത്ത് പോയി. എന്നെ ഈ സെറ്റ് സാരിയിൽ കണ്ടിട്ട് ഒന്നും പറഞ്ഞില്ലല്ലോ.. ആഹ്.. അത് പോട്ടെ.മുല്ലപ്പൂ കുറച്ചു ഉള്ളു എങ്കിലും അഡ്ജസ്റ്റ് ചെയ്യാം. സന്തോഷത്തോടെ തന്നെ ആണ് ആ പൊതി തുറന്നത്.അതിനുള്ളിലെ മുല്ലപ്പൂ കണ്ടു ഞങ്ങൾ പരസ്പരം അന്തം വിട്ടു നോക്കി. ഒരു റോൾ മുഴുവൻ മുല്ലപ്പൂ!!!!! "ഡീ.. നിന്റെ കണവന് വട്ടാണോ.. കല്യാണ പെണ്ണ് പോലും ഇത്രയും മുല്ലപ്പൂ വെക്കോ.. എന്നിട്ട് ഇത് കുറവ് ആണെന്ന്.നമ്മൾ ഇത് എവിടെ കൊണ്ട് പോയി വെക്കാനാണ്.

നമ്മൾ എന്താ വല്ല കല്യാണപെണ്ണുങ്ങൾ ആണോ.." "ശിവേട്ടന് അതിനെ കുറിച്ച് ഒന്നും അറിയാത്തത് കൊണ്ട് ആണ്." "മ്മ് മ്മ്.. എന്തായാലും കുറച്ച് നമുക്ക് എടുത്തിട്ട് ബാക്കി മറ്റുള്ളവർക്കും കൊടുക്കാം.." "അത് വേണ്ടടി.. ശിവേട്ടൻ എനിക്ക് ആദ്യമായി തന്ന സമ്മാനം അല്ലേ.. ഞാൻ സൂക്ഷിച്ചു വെച്ചോളാം.." "എടി.. ഇനി ഇത് നമുക്ക് എന്തിനാ..സീനിയർസിനോ ജൂനിയർസിനോ കൊടുക്കാം." "വേണ്ടടി.. അത് വാടിയാലും ഞാൻ സൂക്ഷിച്ചു വെച്ചോളാം.. ഒരു ഓർമ്മക്ക്." "മ്മ്മ്മ്മ്.. കാമുകനും വട്ടാണ്.കാമുകിക്കും വട്ടാണ്.ഒരു പോലെ വട്ടുള്ള രണ്ട് ജന്മങ്ങൾ.ഇവരുടെ ഇടയിലേക്ക് ഞാനില്ലേ...." ഭദ്ര വല്ലാത്ത ഒരു നോട്ടം നോക്കി പോയപ്പോൾ ചിരിച്ചു കൊണ്ട് അതിനെ സ്വീകരിക്കുകയായിരുന്നു ഞാൻ.... തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story