❤️ശിവപാർവതി ❤️: ഭാഗം 19

shiva parvathi

രചന: കടലാസിന്റെ തൂലിക

കുറച്ചു കഴിഞ്ഞപ്പോഴേക്കും ഡോക്ടർ വന്നു.നല്ല ഗംഭീരം ആയിട്ട് തന്നെ ഡോക്ടറെ സ്വീകരിച്ചു. കുറെ നേരത്തെ പ്രസംഗം ഒക്കെ കഴിഞ്ഞ് ഞങ്ങൾക്ക് ഫോറെൻസിക് മെഡിസിന് വേണ്ടി ഇനി മുതൽ ക്ലാസ്സ്‌ എടുക്കാൻ പോകുന്ന പുതിയ ഡോക്ടർ മാഷിനെ പരിചയപ്പെടുത്തി. ഡോ. വൈശാഖ് എംബിബിസ്. അമേരിക്കയിൽ നിന്ന് phd കഴിഞ്ഞ് ലാൻഡ് ചെയ്തതാണ് പുള്ളി.പുള്ളിക്ക് നല്ല ഗ്ലാമർ ആയത് കാരണം പെൺകുട്ടികൾ ഒക്കെ വിടാതെ വായ് നോക്കുന്നുണ്ടായിരുന്നു. എനിക്കും ഭദ്രക്കും പിന്നെ ഓരോന്ന് ഉള്ളത് കൊണ്ട് പിന്നെ ആ പണിക്ക് പോയില്ല. സ്റ്റേജിൽ നിന്ന് ഡോക്ടർ ഇറങ്ങിയപ്പോൾ തന്നെ ഔട്ടോ ഗ്രാഫ് ഉം കൊണ്ട് പെൺകുട്ടികൾ ഓടുന്നത് കണ്ട് ഞാനും ഭദ്രയും അന്തം വിട്ടു പരസ്പരം നോക്കി. ഒന്ന് രണ്ട് ആൺകുട്ടികളും ഓടുന്നുണ്ടായിരുന്നു ആ കൂട്ടത്തിൽ. പരിപാടി അവസാനിച്ചപ്പോഴേക്കും ഉച്ച ആയിരുന്നു. ആരും ഫുഡ്‌ ഒന്നും കൊണ്ട് വരാത്തതിനാൽ കാന്റീനിൽ പോയി ബിരിയാണി വാങ്ങി കഴിച്ചു. രാവിലത്തെ ക്ഷീണവും പോരാഞ്ഞു ഉച്ചക്ക് കഴിച്ച ബിരിയാണി കൂടി ആയപ്പോൾ കണ്ണിൽ ഉറക്കം പിടിച്ചു തുടങ്ങിയിരുന്നു.ഞാൻ മാത്രം അല്ല എല്ലാവരും. ഈ സമയത്ത് ക്ലാസ്സ്‌ എടുത്ത് കഴിഞ്ഞാൽ ഉറക്കം തൂങ്ങി ഒരു വിധം ആവും എന്ന് ഉറപ്പായിരുന്നു.

ക്ലാസ്സിൽ കയറി കുറച്ചു കഴിഞ്ഞിട്ടും ആരും വന്നില്ല. ബാഗിൽ തല ചായ്ച് കിടന്നപ്പോൾ നല്ല മുല്ലപ്പൂവിന്റെ മണം മൂക്കിലേക്ക് തുളച്ചു കയറി. ബാഗിൽ വെച്ച മുല്ലപ്പൂവിന്റെ ഓർമ വന്നപ്പോൾ ആരും കാണാതെയത് പുറത്തേക്ക് എടുത്തു. ഒന്ന് രണ്ടെണ്ണവാടിയിട്ടുണ്ടെങ്കിലും ബാക്കി ഉള്ളതെല്ലാം അത് പോലെ തന്നെ ഉണ്ട്. കൂടാതെ നല്ല മത്ത് പിടിപ്പിക്കുന്ന മണവും. എല്ലാവരും മുല്ലപ്പൂ വെച്ചിട്ടുള്ളത് കൊണ്ട് മുല്ലപ്പൂവിന്റെ മണം പുറത്തേക്ക് വന്നാലും കുഴപ്പം ഒന്നും ഉണ്ടാവില്ല എന്ന് എനിക്കുറപ്പായിരുന്നു. ഞാൻ പതിയെ ആ മുല്ലപ്പൂവിൽ തലോടി. അറിയാതെ ചുണ്ടിൽ ഒരു പുഞ്ചിരി മുട്ടിട്ടു. അപ്പോൾ എന്തു കൊണ്ടോ ശിവേട്ടനെ കാണാൻ വല്ലാത്ത ആഗ്രഹം തോന്നി. ഞാൻ അയാളെ പ്രണയിക്കുകയാണോ.. അറിയില്ല. പക്ഷെ... ആണെന്ന് തോന്നുന്നു. ഇനി അല്ലെ.. ഓരോന്നാലോചിച് വെറുതെ പൊട്ടി ചിരിച്ചു. "നീ എന്താടി ഒറ്റക്ക് ചിരിക്കുന്നത്" .പ്രിൻസ് അടുത്തിരുന്നു വന്നു ചോദിച്ചപ്പോൾ ആണ് ഞാൻ ചിരിച്ചത് എല്ലാവരും കണ്ടു എന്ന് മനസ്സിലായത്. എല്ലാവർക്കും ഞാനൊരു ചമ്മിയ ഇളി കൊടുത്തു.പിന്നെ കുറച്ച് നേരം ഞങ്ങൾ എല്ലാവരും കൂടി വർത്താനം പറഞ്ഞിരുന്നിട്ടും ശിവട്ടനെ കാണണം എന്ന് തന്നെ എന്റെ മനസ്സ് പറഞ്ഞു കൊണ്ടിരിക്കുന്നു. പെട്ടന്നാണ് ടീച്ചർ അങ്ങോട്ടേക്ക് കയറി വന്നത്. "സോറി ഗയ്‌സ്. ഇന്നിനി നിങ്ങൾക്ക് ക്ലാസ്സ്‌ ഉണ്ടാവില്ല. വി ഹാവ് എ ഡോക്ടർസ് മീറ്റിംഗ്. സോ യു ക്യാൻ ഗോ നൗ." ടീച്ചർ പറയുന്നത് കേട്ടു മനസ്സ് തുള്ളി ചാടാൻ തുടങ്ങി.

ദൈവം എന്റെ ആഗ്രഹം ഇത്രയും പെട്ടന്ന് നടത്തിത്തരും എന്ന് ഞാൻ വിചാരിച്ചില്ല. ക്ലാസ്സ്‌ ഇല്ലാത്തത് കൊണ്ട് ഒരു ട്രിപ്പ്‌ പോകാം എന്ന് എല്ലാവരും പറഞ്ഞെങ്കിലും എന്തോക്കെയോ പറഞ്ഞു അതിനെ പിന്തിരിപ്പിച്ചു. ഭദ്രയെ അവളുടെ വീട്ടിൽ ആക്കി ശിവേട്ടന്റെ വീട്ടിലേക്ക് പോകാൻ പോയപ്പോഴേക്കും ഭദ്ര പിന്നിൽ നിന്ന് വിളിച്ചു. "പാറുട്ട.. എന്തിനാടി നീ ഇങ്ങനെ അപ്പച്ചിയെ കാണാൻ പോകുന്നത്". നിന്റെ അച്ഛൻ ഇത് അറിഞ്ഞിട്ടുണ്ടെങ്കിൽ സഹിക്കോ അവർക്ക്. "ഇത് ഒരിക്കലും തെറ്റല്ല ഭദ്രേ... ആരെയും കുറ്റം പറയാൻ ഇല്ല ഈ കാര്യത്തിൽ. എല്ലാവരെയും ഒരുമിപ്പിക്കാൻ ആണ് ഞാൻ ശ്രമിക്കുന്നത്. അത് അങ്ങനെ തന്നെ പോട്ടെ." ഭദ്രയോട് യാത്ര പറഞ്ഞു അവിടെന്ന് പോന്നപ്പോഴും എന്തോ ഒരു വിഷമം മനസ്സിനെ അലട്ടുന്ന പോലെ.ശിവേട്ടനെ വഴിയിൽ വെച്ച് കണ്ടെങ്കിലും എന്തോ അങ്ങോട്ട് നോക്കാൻ തോന്നിയില്ല. കാണാത്ത പോലെ വണ്ടി ഓടിച്ചു. അപ്പച്ചിയുടെ വീട് കണ്ടതും സങ്കടം എല്ലാം എവിടെയോ ഓടി ഒളിച്ചു. പകരം സന്തോഷം കയറി വന്നു. ആള് മുറ്റത്ത് തന്നെ ഇരുന്ന് എന്തോ തുന്നുകയാണ്. എന്നെ കണ്ടു അത്ഭുതത്തോടെ എഴുന്നേറ്റ് നിന്നു. അപ്പച്ചിയുടെ ആ എഴുന്നേറ്റ് നിൽപ്പ് കണ്ട് പന്തിക്കേട് തോന്നി ഞാൻ ചുറ്റും നോക്കി. ഞാനല്ല വേറെ ആരും ഇല്ലല്ലോ..

പിന്നെ ഈ അപ്പച്ചി ആരെയാ ഈ നോക്കുന്നെ.. "പാറുട്ട.. അടിപൊളി ആയിട്ടുണ്ടല്ലോ.. നല്ല ഭംഗി ഉണ്ട് ഇന്ന് കാണാൻ." "അപ്പോൾ സാധാ ദിവസം ഭംഗി ഇല്ലന്ന്. അല്ലെ.. "ഞാൻ അപ്പച്ചിയോട് പിണങ്ങിയ പോലെ കാണിച്ചു. "അതല്ല.ഇന്ന് സെറ്റ് സാരി ഒക്കെ എടുത്തു വന്നപ്പോൾ വലിയ ഒരു പെണ്ണിനെ പോലെ.. നിന്നെ ഇങ്ങനെ കാണുമ്പോൾ എനിക്ക് പണ്ടത്തെ എന്നെ തന്നെയാണ് ഓർമ വരുന്നത്. " അപ്പച്ചി ഇത് കരഞ്ഞു സീൻ ആക്കും എന്ന് മനസ്സിലായപ്പോൾ തന്നെ ഞാൻ അപ്പച്ചിയേയും കൊണ്ട് അകത്തേക്ക് കയറി. അപ്പോഴാണ് എനിക്ക് ആ പെട്ടിയുടെ കാര്യം ഓർമ വന്നത്. ശിവേട്ടന്റെ മുറിയിലേക്ക് പോകാൻ ആയി ഞാൻ എഴുന്നേറ്റതും ശിവേട്ടൻ വീട്ടിലേക്ക് വന്നതും ഒരുമിച്ചായിരുന്നു.എഴുന്നേറ്റ പോലെ അപ്പോൾ തന്നെ തിരിച്ചിരുന്നു. ശിവേട്ടൻ വീട്ടിലേക്ക് കയറി വന്ന് എന്തോ തിരയുന്ന പോലെ കാണിച്ചു. "നീ എന്താ ശിവ ഈ നേരത്ത്." "ഒന്നുമില്ല.വെറുതെ വന്നതാണ്." "അല്ല.. ഈ നേരത്ത് ഇവിടെ കാണാറില്ലേ.." അപ്പച്ചി ചോദിക്കുന്നത് കേട്ട് ഇടം കണ്ണിട്ട് ശിവേട്ടൻ എന്നെ നോക്കുന്നുണ്ടായിരുന്നു. ഞാനത് കൃത്യമായി കാണുകയും ചെയ്തു. ഞാൻ വരുന്നത് കണ്ടിട്ട് ഇങ്ങോട്ട് കയറി വന്നതാണോ ശിവേട്ടൻ എന്ന് എനിക്ക് നല്ല സംശയം തോന്നി. അപ്പോഴും ശിവേട്ടന്റെ തിരച്ചിൽ അവസാനിച്ചിരുന്നില്ല.

ഇതിന് മാത്രം എന്താണാവോ അവിടെ തിരയാൻ. പെട്ടന്ന് കയ്യിൽ കിട്ടിയ ഒരു സ്ക്രൂ ഡ്രൈവർ എടുത്ത് ഒരു സ്വിച്ചും കയ്യിൽ പിടിച്ചു എന്തോക്കെയോ ചെയ്യാൻ തുടങ്ങി. ചെയ്യുന്നത് റൂമിൽ വെച്ച് ആയിരുന്നില്ല., ഞങ്ങളുടെ അടുത്ത് നിന്ന് കുറച്ചു മാത്രം മാറി കസേര ഇട്ടായിരുന്നു. അത് കൊണ്ടപ്പച്ചിയോട് കൂടുതൽ ഒന്നും ചോദിക്കാൻ പോയില്ല. കുറച്ചു കൂടി വിവരങ്ങൾ അപ്പച്ചിയുടെ അടുത്ത് നിന്നും ചോർത്തി എടുക്കണം എന്ന് വിചാരിച്ചിരുന്നു. ഇനി അത് നടക്കില്ലല്ലോ എന്ന് ഓർത്ത് ശോകം അടിച്ചു നിന്നു. അപ്പോഴേക്കും അപ്പച്ചി ചായയും കൊണ്ട് വന്നിരുന്നു. ഞങ്ങൾ 3 പേരും ഒരേ കപ്പ് ചായ എടുത്ത് കുടിക്കാൻ തുടങ്ങി. ആദ്യാമയാണ് ശിവേട്ടൻ ഒരു സ്ഥലത്ത് അടങ്ങി ഇരിക്കുന്നത് ഞാൻ കാണുന്നത്. അതും എന്റെ അടുത്ത്. എന്നെ കണ്ടിട്ട് ഒന്ന് കണ്ണുരുട്ടി പേടിപ്പിക്കുക കൂടി ഇന്ന് ചെയ്തില്ല. അത് എനിക്ക് വല്ലാത്ത അത്ഭുതം ആണ് തന്നത്. "ശിവ.. നീ ഇന്ന് പൂക്കടയിൽ പോയിരുന്നോ മുല്ലപ്പൂ വാങ്ങാൻ." പറഞ്ഞു തീരലും ശിവേട്ടന് തരിപ്പിൽ ചായ കയറിയതും ഒരുമിച്ചായിരുന്നു. അപ്പച്ചി ശിവേട്ടന് തലയിൽ തട്ടി കൊടുക്കുന്നുണ്ടായിരുന്നു. പ്രതീക്ഷിക്കാതെയുള്ള അപ്പച്ചിയുടെ ചോദ്യം കേട്ടതാണ് ശിവേട്ടന്റെ ചുമയുടെ കാരണം എന്ന് എനിക്ക് മനസ്സിലായി. "നീ മുല്ലപ്പൂ വാങ്ങിയോ ശിവ.. "

അപ്പച്ചി അത് വിടാനുള്ള ഉദ്ദേശം ഇല്ലെന്ന് തോന്നുന്നു. "ആ.. വാങ്ങി." "എന്നിട്ട് അത് എവിടെ. അപ്പുറത്തെ രാധ പറഞ്ഞല്ലോ നീ വണ്ടിയിൽ ഇടാൻ മുല്ലപ്പൂ വാങ്ങാനായി പൂക്കടയിൽ നിൽക്കുന്നത് അവൾ കണ്ടു എന്ന്." "വണ്ടിയിൽ ഇടാനോ.. "ഞെട്ടി കൊണ്ട് ഞാൻ ചോദിച്ചപ്പോൾ പറഞ്ഞത് ഉറക്കെ ആയി എന്ന് എനിക്ക് മനസ്സിലായത്. അവർക്ക് രണ്ട് പേർക്കും കൂടി ഞാൻ ഒരു ഇളി അങ്ങ് കാച്ചി. ശിവേട്ടൻ എന്നെ കണ്ണുരുട്ടി നോക്കുന്നുണ്ടായിരുന്നു. ആഹാ.. അപ്പോൾ ഇന്നത്തെ കോട്ട ആയി. "ആ പെണ്ണും പിള്ള അത് ഫ്ലാഷ് ആക്കിയോ.. എന്റെ കയ്യിൽ കിട്ടട്ടെ അതിനെ. "പതുക്കെ ശിവേട്ടൻ മുറുമുറുക്കുന്നത് ഞാനെ കേട്ടുള്ളു.. ഞാൻ മാത്രമേ കേട്ടുള്ളു.. അപ്പോഴേക്കും കാര്യങ്ങളുടെ ഇരിപ്പ് വശം എനിക്ക് പിടി കിട്ടിയിരുന്നു. "മുല്ലപ്പൂ എവിടെ എന്ന് പറഞ്ഞില്ലല്ലോ ശിവ.. " "മുല്ലപ്പൂ എന്റെ കയ്യിൽ നിന്ന് കളഞ്ഞു പോയി."എന്നെ നോക്കിയാണ് അത് പറഞ്ഞത്.ഞാൻ അപ്പോഴും ഇളിച്ചു കാണിച്ചു. "അയ്യോ.. അത് കഷ്ടം ആയല്ലോ...എന്തിന് വേണ്ടിയാ മുല്ലപ്പൂ വാങ്ങിയത്.നീ ഓട്ടോ പൂജിക്കാൻ പോണോ..രാധ അങ്ങനെയാ പറഞ്ഞത്. നീ പൂജ ചെയ്യാൻ പോകുന്നെന്ന്.മുല്ലപ്പൂ കൊണ്ട് ആരും പൂജിക്കാറില്ലട്ടോ ശിവാ.." അപ്പച്ചിയുടെ നിഷ്കളങ്കമായ മറുപടി കേട്ടപ്പോഴേക്കും എനിക്ക് ചിരി പൊട്ടിയിരുന്നു... തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story