❤️ശിവപാർവതി ❤️: ഭാഗം 20

shiva parvathi

രചന: കടലാസിന്റെ തൂലിക

"അയ്യോ.. അത് കഷ്ടം ആയല്ലോ...എന്തിന് വേണ്ടിയാ മുല്ലപ്പൂ വാങ്ങിയത്.നീ ഓട്ടോ പൂജിക്കാൻ പോണോ..രാധ അങ്ങനെയാ പറഞ്ഞത്. നീ പൂജ ചെയ്യാൻ പോകുന്നെന്ന്.മുല്ലപ്പൂ കൊണ്ട് ആരും പൂജിക്കാറില്ലട്ടോ ശിവാ.." അപ്പച്ചിയുടെ നിഷ്കളങ്കമായ മറുപടി കേട്ടപ്പോഴേക്കും എനിക്ക് ചിരി പൊട്ടിയിരുന്നു.പെട്ടന്നുള്ള എന്റെ ചിരി കണ്ടു വീണ്ടും അവർ എന്നെ നോക്കി.അപ്പച്ചി മനസ്സിലാവാത്ത ഭാവത്തിൽ ആണ് നോക്കിയതെങ്കിലും ശിവേട്ടൻ നോക്കിയത് ദേഷ്യത്തിൽ ആണ്.അപ്പോൾ തന്നെ ഞാൻ ഇരുന്നിടത്തു നിന്ന് എഴുന്നേറ്റു. "മോള് എന്താ എഴുന്നേറ്റത്.ചായ കുടിച്ചില്ലല്ലോ.. അത് തണുത്തു പോവും." "ചായ വേണ്ട അപ്പച്ചി. പിന്നെ ഒരിക്കൽ ആവാം.ഉച്ചക്ക് വിട്ടതല്ലേ കോളേജ്.അമ്മ എങ്ങാനും അത് അറിഞ്ഞിട്ടുണ്ടെങ്കിൽ ഇപ്പോൾ എന്നെ അന്വേഷിച് വിഷമിക്കുന്നുണ്ടാവും.ഞാൻ പിന്നെ വരാം.." അപ്പച്ചിയോട് യാത്ര പറഞ്ഞു അവിടെ നിന്ന് ഇറങ്ങാൻ നേരവും വെറുതെ ശിവേട്ടനെ നോക്കിയിരുന്നു.പക്ഷെ ശിവേട്ടൻ നോക്കിയ ഭാവം കാണിക്കാതെ അകത്തേക്ക് പോയി. വീട്ടിൽ എത്തി ഓടി പോയി കുളിച്ചു. സാരിക്കുള്ളിൽ ഭയങ്കര ചൂട് ആണ്.കാണുന്ന പോലെ അല്ല.ചിലപ്പോൾ ആദ്യമായി ഉടുക്കുന്നത് കൊണ്ടാവും.താഴെ വന്ന് എല്ലാവരും ആയി കത്തി അടിച് ഇരുന്നു.

അച്ഛനോട് അന്നത്തെ വിശേഷങ്ങൾ ഒക്കെ പറഞ്ഞു കേൾപ്പിച്ചാണ് റൂമിലേക്ക് പോയത്.റൂമിലെത്തി വേഗം ശിവേട്ടനെ വിളിച്ചു.ഇന്ന് കണ്ടതാണെങ്കിൽ പോലും ആ ശബ്ദം കേൾക്കാതെ എന്തോ പോലെ.കുറച്ചു കാര്യങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു തല്ലും കൂടി അന്നത്തെ ഫോൺ വിളി തീർന്നു. പിന്നീട് ഉള്ള ദിവസങ്ങൾ വേഗം കടന്നു പോയ പോലെ തോന്നി.3 ഡ് സെമെസ്റ്റർ എക്സാമിന്റെ ഡേറ്റ് പബ്ലിഷ് ചെയ്തു.പിന്നെ അങ്ങോട്ട് അതിനുള്ള തയ്യാറെടുപ്പ് ആയിരുന്നു.പക്ഷെ എത്ര തിരക്കിൽ പെട്ടാലും രാത്രി ആവുമ്പോൾ ശിവേട്ടനെ വിളിക്കാതിരിക്കില്ല.ഇടക്ക് ഒക്കെ ഞങ്ങൾ എവിടെ എങ്കിലും വെച്ച് കാണുകയും ചെയ്യും.ഇടക്ക് കാണാം ഹോസ്പിറ്റൽ ഗ്രൗണ്ടിൽ നിൽക്കുന്നത്.എന്നെ കണ്ട ഉടനെ ഓട്ടോയിൽ കയറി പോവുകയും ചെയ്യും.അതിനെ പറ്റി ചോദിച്ചാൽ പറയും ഓട്ടം വന്നതാണെന്ന്. എന്റെ തോന്നലാണോ എന്ന് അറിയില്ല.ശിവേട്ടന് ഇപ്പോൾ നല്ല മാറ്റം വന്ന പോലെ.ആദ്യമൊക്കെ താല്പര്യം ഇല്ലാത്ത പോലെ ആണ് സംസാരിച്ചിരുന്നത് എങ്കിൽ ഇപ്പോൾ അതിലും ഒരു ആത്മാർത്ഥത പോലെ. ദേഷ്യത്തിന് ഒന്നും മാറ്റം ഇല്ലെങ്കിലും ഇപ്പോഴത്തെ ദേഷ്യത്തിനുളിൽ ഒരു സ്നേഹം ഒളിഞ്ഞു കിടക്കുന്ന പോലെ. ഞാൻ അയാളെ കൂടുതൽ മനസ്സിലാക്കുകയാണ് ഓരോ ദിവസവും... തേർഡ് സെമെസ്റ്റർ എക്സാം കഴിയാൻ കാത്ത് നിൽക്കാതെ തന്നെ 4ത്ത് സെമെസ്റ്റർ തുടങ്ങി.ആ ചുള്ളൻ ഡോക്ടർ എടുക്കുന്നത് കൊണ്ട് ആരും ഒന്നും പറയാൻ പോയില്ല.

എല്ലാവർക്കും ആ ഡോക്ടറുടെ ക്ലാസ്സിൽ ഒന്ന് ഇരുന്നാൽ മതി എന്നാണ്. വൈശാഖ് ഡോക്ടർ ഒരു പൊളി ഇൻട്രോ ഒക്കെ ആയാണ് ക്ലാസ്സിലേക്ക് വന്നത്. ഇൻട്രോയുടെ ആവിശ്യം ഒന്നും ഉണ്ടായിരുന്നില്ല. കുട്ടികൾ എല്ലാം അതിന് മുന്പേ സാറിന്റെ അമ്മയുടെ പേര് വരെ ചോർത്തിരിയിരുന്നു. സാർ സ്റ്റിൽ ബാച്ച്ലർ ആയത് കൊണ്ട് കല്യാണം കഴിഞ ലേഡി ഡോക്ടർസ് ഉൾപ്പെടെ എല്ലാവർക്കും ഒരു പ്രത്യേക പരിഗണന ഉണ്ടായിരുന്നു സാറിനോട്.പിന്നെ നമ്മുടെ പാവം കോഴി കുഞ്ഞുങ്ങളെ പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ..എന്തൊക്കെ പറഞ്ഞാലും ആള് ശിവേട്ടന്റെ അത്ര പോരാ.. അത് പറയുമ്പോൾ ഭദ്ര കളിയാക്കുമെങ്കിലും ഞാൻ അത് പറഞ്ഞു കൊണ്ടേ ഇരിക്കും. പതിവ് പോലെ അന്നും ഭക്ഷണം കഴിക്കാതെ ആണ് വീട്ടിൽ നിന്ന് ഇറങ്ങിയത്.സ്കൂട്ടി തിരിച്ചു കിട്ടിയതിൽ പിന്നെ ഭക്ഷണം ഒക്കെ പുറകോട്ട് ആണ്.മുമ്പ് ഫുഡ്‌ കഴിച്ചില്ലെങ്കിൽ വിളിക്കാൻ വരുമ്പോൾ ഭദ്ര വണ്ടിയിൽ കയറ്റില്ല. വൈശാഖ് സാർ ക്ലാസ്സ്‌ എടുത്ത് കൊണ്ടൊരിക്കുമ്പോൾ ആണ് പെട്ടന്ന് എനിക്ക് തലകറക്കം അനുഭവപ്പെട്ടത്.രാവിലെ ഒന്നും കഴിക്കാത്തത് കൊണ്ട് ആണെന്ന് ഉറപ്പ് ആയിരുന്നു.ശർദ്ധിക്കാൻ വരുന്ന പോലെ ഒക്കെ തോന്നിയെങ്കിലും ആരോടും ഒന്നും പറഞില്ല. പെട്ടന്ന് ചെവിയിൽ ഒരു മൂളക്കം മാത്രം കേട്ടു.പിന്നെ ഒന്നും ഓർമ ഇല്ല.

ആരോ മുഖത്തു വെള്ളം തെളിച്ചത് അറിഞ്ഞാണ് കണ്ണ് ചിമ്മി തുറന്നത്.ആദ്യം തന്നെ കണ്ടത് ഡോക്ടറെ ആണ്.പിന്നെ തൊട്ടടുത്തു ഭീതിയോടെ നിൽക്കുന്ന ഭദ്രയെയും.ഞാൻ ചെറുതായി പുഞ്ചിരിക്കാൻ ശ്രമിച്ചു. "പേടിക്കാൻ ഒന്നും ഇല്ല.ബിപി ലോ ആയതാണ്.ഗ്ലൂകോസ് ന്റെ ആവിശ്യം ഇല്ല.കഞ്ഞി വെള്ളം കുടിച്ചാൽ മതിയാവും". ഡോക്ടർ ഓരോന്ന് പറഞ്ഞപ്പോൾ ചുറ്റും നോക്കി.ഭാഗ്യം ആശുപത്രി അല്ല.കോളേജിൽ തന്നെ ഉള്ള ഒരു റൂം ആണ്.ഹോസ്പിറ്റലിൽ കൊണ്ട് പോയെങ്കിൽ ഇപ്പോൾ ഗ്ലൂകോസ് ഇട്ടു കിടന്നേനെ. പെട്ടന്ന് ഡോക്ടർ എന്റെ കയ്യിൽ പിടിച് പൾസ് ഒക്കെ നോക്കി. "എന്താ പെട്ടന്ന് തല കറങ്ങാൻ കാരണം,രാവിലെ ഒന്നും കഴിച്ചില്ലേ.." "ഇല്ല.പറയുന്നതിനോടൊപ്പം നല്ല ഒരു ഇളിയും കൊടുത്തു".അത് വരെ എനിക്ക് എന്തെങ്കിലും പറ്റിയോ എന്ന് ഭയന്നിരുന്ന ഭദ്രയുടെ മുഖം മാറി. ഇപ്പോൾ കണ്ടാൽ ഒരു ഭദ്ര കാളി ലൂക്ക് ഉണ്ട്. "നല്ല ആളാ.. ഡോക്ടർസ് തന്നെ ഇങ്ങനെ ആയാൽ പിന്നെ പഷൻഡ്‌സ് ന്റെ കാര്യം എന്താവും." ഡോക്ടർ ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ ഞാൻ തിരിച് ഒന്നു ചിരിച്ചു. "ബൈ ദ വെ. ഞാൻ കുറച്ചു ദിവസം ആയിട്ടുള്ളു വന്നിട്ട്. അത് കൊണ്ട് മുഴുവൻ സ്റുഡന്റ്സിന്റെയും പേര് പഠിക്കാൻ പറ്റിയിട്ടില്ല.എന്നാലും.. ഐ തിങ്ക് പാർവതി എന്നാണോ പേര്."

"ആ.. അതെ." "ഓക്കേ പാർവതി. നെക്സ്റ്റ് പിരീഡ് ക്ലാസ്സിൽ കേറിയാൽ മതിയാകും.ഭദ്ര വേണമെങ്കിൽ പാർവതിയുടെ കൂടെ നിന്നോളൂ.." "ഓക്കേ ഡോക്ടർ". സാർ പോവുമ്പോൾ എനിക്കായ് മാത്രം ഒരു പുഞ്ചിരി തരാൻ മറന്നില്ല. സാർ പോയതും അവൾ എനിക്ക് കഞ്ഞി വെള്ളം എടുത്ത് തന്ന് എന്റെ അടുത്ത് ഇരുന്നു. "സാർ ആള് കുഴപ്പം ഒന്നും ഇല്ലല്ലേ.. "ഞാൻ ചോദിച്ചു. "എന്തു കുഴപ്പം ഇല്ലെന്ന്. എനിക്ക് വലിയ ഇഷ്ടം ഒന്നും ആയില്ല. നീ തല കറങ്ങി വീണപ്പോൾ നിന്നെ ഇങ്ങോട്ട് സാർ ഒറ്റക്ക് ആണ് എടുത്ത് കൊണ്ട് വന്നത്. പ്രിൻസും വിഷ്ണുവും ഒക്കെ പിടിക്കാം എന്ന് പറഞ്ഞിട്ടും കൂട്ടാക്കിയില്ല." "ഏഹ്.. അതെന്താ അങ്ങനെ." ചോദിച്ചു തീരുമ്പോഴേക്കും ബാക്കി പടകളും എത്തിയിരുന്നു. പിന്നെ അവരുമായി കത്തി അടിച്ചു അവിടെ ഇരുന്നു.. *** വീട്ടിൽ എത്തി ചായ കുടിക്കുമ്പോൾ പതിവിന് വിപരീതം ആയി ചേട്ടനും ഉണ്ടായിരുന്നു അവിടെ. "പാറുട്ട..ഭദ്രയുടെയും മാധവന്റെയും നിശ്ചയം നടത്തണ്ടേ നമുക്ക്." "യെന്തിന്. അവൾ എന്തായാലും ചേട്ടന് തന്നെ ഉള്ളത് ആണ്. പിന്നെ എന്തിനാ ഇപ്പോൾ ഒരു നിശ്ചയം." "അത് വേണം മോളെ..നമുക്ക് ആർക്കും ഇപ്പോൾ അത്യാവശ്യം അല്ലെങ്കിലും ഉറപ്പിച്ചിട്ടാൽ അത് അവളുടെ വീട്ടുകാർക്കും ഒരു ധൈര്യം ആണ്. ഇവർക്ക് ഒന്നിച്ചു കറങ്ങാൻ പോകുകയാണെങ്കിലും അത് കുഴപ്പം ഇല്ല.

അല്ലെങ്കിൽ ആളുകൾ ഓരോന്ന് പറഞ്ഞുണ്ടാക്കും." മുത്തശ്ശി പറഞ്ഞത് ശരി ആണെന്ന് എനിക്കും തോന്നി. ഞാൻ മാധവേട്ടനെ നോക്കി. അപ്പോൾ തന്നെ നല്ല ഒരു ഇളി മാധ്വട്ടൻ എനിക്കായ് തന്നു. അവൻ തന്നെ ആയിരിക്കും എല്ലാത്തിൻടെയും ആണി എന്ന് എനിക്ക് നല്ല പോലെ ഉറപ്പ് ആയിരുന്നു "സരസ്വതിയും മാധവനും കൂടി അവന്റെയും ഭദ്രയുടെയും ജാതകം കണിയാന്റെ അടുത്ത് കൊണ്ട് പോയി കാണിച്ചു.ജാതകത്തിൽ എന്തോ പൊരുത്തക്കേട്. എന്ന് വെച്ച് അവരെ ഒരുമിപ്പിക്കാതെ പറ്റില്ലല്ലോ.. ആലപ്പുഴയിൽ ഉള്ള ശിവപാർവതി ക്ഷേത്രത്തിൽ പോയി മനമുരുകി പ്രാർത്ഥിച്ചാൽ എല്ലാം മംഗളം ആവും എന്നാണ് പറഞ്ഞത്." മുത്തശ്ശി പറയുന്നത് ഒക്കെ ഒരു കഥ പോലെ കേൾക്കുകയായിരുന്നു ഞാൻ. "നിങ്ങൾക്ക് ഇനി രണ്ട് ദിവസം എന്തായാലും ക്ലാസ്സ്‌ ഇല്ലല്ലോ..അവർ നാളെ തന്നെ അമ്പലത്തിലേക്ക് പൊയ്ക്കോട്ടേ അല്ലെ അമ്മേ.." "ആ.. പൊയ്ക്കോട്ടേ.. "അച്ഛമ്മക്ക് പകരം ഞാൻ ആണ് മറുപടി പറഞ്ഞത്. "ഞാൻ ഭദ്ര മോളെ വിളിച്ചിരുന്നു. അവൾക്ക് കുഴപ്പം ഒന്നും ഇല്ല. പക്ഷെ നീ കൂടി ഒന്ന് വരണം എന്ന് പറഞ്ഞു.അപ്പോൾ നിങ്ങൾ മൂന്നാളും കൂടി നാളെ ശിവപാർവതി ക്ഷേത്രത്തിൽ പൊയ്ക്കോളൂ.." "അയ്യോ ഞാനൊ.. ആ ക്ഷേത്രം ഒത്തിരി ദൂരെ അല്ലെ.. ഞാൻ ഒന്നും ഇല്ല അങ്ങോട്ട്."

ഞാൻ വാശി പിടിച്ചെങ്കിലും പ്രത്യേകിച്ച് പ്രയോജനം ഒരു ഉണ്ടായില്ല. അവസാനം പോകാമെന്നു സമ്മതിച്ചു.രാവിലെ 3 ന് തന്നെ പോകാം എന്ന് തീരുമാനിച്ചു. ഫുഡ്‌ കഴിച് ഭദ്രയെ വിളിച് നാളത്തേക്ക് ഉള്ള ഡിസ്കഷൻ കഴിഞ്ഞപ്പോഴേക്കും നേരം 9.30 ആയിരുന്നു. അപ്പോഴാണ് ശിവേട്ടനെ വിളിച്ചില്ല എന്ന കാര്യം ഓർമ വന്നത്. സാധാരണ 7 മണിക്ക് തന്നെ ഫോൺ വിളിക്കും. കൂടി പോയാൽ 8 മണി. അതിനപ്പുറം പോവാറില്ല. വേഗം ഓടി പോയി ഫോൺ എടുത്ത് ശിവേട്ടനെ വിളിച്ചു. പതിവിന് വിപരീതം ആയി ഒറ്റ റിങ്ങിൽ തന്നെ ഫോൺ എടുത്തു എനിക്ക് അത്ഭുതം തോന്നി.എന്റെ കാളും കാത്ത് ഫോൺ കയ്യിൽ തന്നെ പിടിച്ചു നിൽക്കുകയാണെന്ന് അതോടെ മനസ്സിലായി. "എന്താ മാഷേ.. എന്റെ കാളിന് വേണ്ടി കാത്തിരിക്കുകയായിരുന്നോ.." "പിന്നേ.. കാത്തിരിപ്പ്. അതും നിന്റെ ഫോണിന്. ഒന്ന് പോയെടി.." "ഓ.. അപ്പോൾ പിന്നെ എന്തിനാ ആദ്യത്തെ റിങ്ങിൽ തന്നെ ഫോൺ എടുത്തത്." "ആ.. അത് പിന്നെ.. ഞാൻ ഒരാളെ വിളിക്കാൻ ഫോൺ എടുത്തത് ആണ്." "അങ്ങനെ ആണെങ്കിൽ ആളെ വിളിച്ചോ.. ഞാൻ ഫോൺ വെച്ചോളാം.."മനപ്പൂർവം ഒന്ന് എറിഞ്ഞു നോക്കിയതാണ്. "അത് പിന്നെ.. ഇപ്പോൾ വിളിക്കണം എന്നില്ല. നിനക്ക് പറയാൻ ഉള്ളത് പറഞ്ഞോ.."പുള്ളിക്കാരന്റെ തപ്പി പിടിച്ചുള്ള മറുപടി കേട്ടു എനിക്ക് ചിരി വരുന്നുണ്ടായിരുന്നു. "അപ്പോൾ ഞാൻ വെക്കേണ്ട എന്ന്. അല്ലെ.." "എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ പറഞ്ഞിട്ട് പോടീ..."

"ഒക്കെ ഒക്കെ. നാളെ ഞാനും ഭദ്രയും ചേട്ടനും കൂടി ആലപ്പുഴയിൽ ശിവപാർവതി ക്ഷേത്രത്തിൽ പോകും. പ്രണയിനികൾ ഒന്നിച്ചു നിന്ന് പ്രാർത്ഥിച്ചാൽ കല്യാണം നടക്കും എന്ന് ഉറപ്പാ.. ശിവേട്ടനും വരോ ഞങ്ങളുടെ കൂടെ." "പിന്നെടി.. നിനക്ക് വേണ്ടി ഞാൻ ഇത്രയും ദൂരം വരല്ലേ.. അതല്ലേ എന്റെ പണി. നീ വെറുതെ ഇരിക്കുന്നത് കൊണ്ടാണ് ഇത്. എനിക്ക് ഇവിടെ നൂറു കൂട്ടം പണി ഉണ്ട്." "ശിവേട്ടൻ വരും എനിക്ക് ഉറപ്പുണ്ട്. ഞാൻ നിർബന്ധിക്കില്ല. പാർവതി വിളിച്ചാൽ ശിവൻ വരും എന്ന് തന്നെ ആണ് എന്റെ വിശ്വാസം." "മ്മ്.. ഇപ്രാവശ്യം എന്താണാവോ തമ്പുരാട്ടിക്ക് കൊണ്ട് വരേണ്ടത്." "കഴിഞ്ഞ വട്ടം മുല്ലപ്പൂ ആയിരുന്നില്ലേ.. ഇപ്രാവശ്യം റൂസപ്പൂ തന്നെ ആയ്ക്കോട്ടെ.. വെറുതെ തന്നാൽ പോരാ.. എല്ലാവരും കേൾക്കെ ഉറക്കെ എന്നെ പ്രൊപ്പോസ് ചെയ്തിട്ട് വേണം തരാൻ." ""പാഹ്ഹ്"" ആ 'പ' കേട്ടപ്പോൾ തന്നെ ഞാൻ ഫോൺ ഓഫ്‌ ചെയ്തു. പിന്നെ ഒന്ന് കൂടി വിളിച് ഗുഡ് നൈറ്റ്‌ പറഞ്ഞു വെച്ചു. ദൈവമേ.. എന്റെ പ്രണയം സത്യം ആണെകിൽ ശിവേട്ടനെ നീ എനിക്കായ് വിധിച്ചതാണെങ്കിൽ ശിവേട്ടൻ അമ്പലത്തിലേക്ക് വരണെ.. ആത്മാർത്ഥമായി ഒന്ന് പ്രാർത്ഥിച്ചിട്ട് വേഗം ബെഡിലേക്ക് മറിഞ്ഞു.... തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story