❤️ശിവപാർവതി ❤️: ഭാഗം 21

shiva parvathi

രചന: കടലാസിന്റെ തൂലിക

രാവിലെ മൂന്ന് മണിക്ക് തന്നെ ആലപ്പുഴയിലേക്ക് പോകാൻ ഒരുങ്ങി.കാറിലായിരുന്നു യാത്ര.ചൂട് വെള്ളത്തിൽ കുളിച്ചിട്ടും നല്ല തണുപ്പ് ഉണ്ടായിരുന്നു.അത് കൊണ്ട് ഞാൻ ഒരു ബ്ലാങ്കറ്റ് എടുത്തിരുന്നു.ഭദ്രയും ഞാനും പിറകിലെ സീറ്റിൽ ഇരുന്നു.ഏട്ടൻ വണ്ടി ഓടിക്കുകയും.സാരി ഉടുക്കാൻ ആണ് ഉദ്ദേശിച്ചത് എങ്കിലും അപ്പോഴത്തെ മടി കൊണ്ട് ഒരു ചുരിദാർ എടുത്തിട്ടു.വണ്ടി സ്റ്റാർട്ട്‌ ചെയ്യുന്നതിന് ഒപ്പം ഞാൻ എന്റെ ഉറക്കവും സ്റ്റാർട്ട്‌ ചെയ്തു.അങ്ങനെ യാത്രായി ശിവപാർവതി ക്ഷേത്രത്തിലേക്ക്... വെളുപ്പിന് 7 മണി ആയി കാണാണം ഞങ്ങൾ അവിടെ എത്തുമ്പോൾ.ഞാനും ഭദ്രയും പൂര ഉറക്കം ആയിരുന്നെങ്കിലും ചേട്ടൻ ഉറങ്ങിയിരുന്നില്ല.അത് കൊണ്ട് ഇങ്ങോട്ട് എത്താൻ പറ്റി.ഉറക്കത്തിനിടയിലും പലപ്പോഴും ശിവേട്ടനെ സ്വപ്നം കണ്ട് ഞെട്ടി എഴുന്നേറ്റു.അവിടെ നിന്ന് ഇങ്ങോട്ടുള്ള നാല് മണിക്കൂർ യാത്രയിൽ ഓർത്തത് മുഴുവൻ ശിവേട്ടനെ ആണെന്ന് പറയാം.ശിവേട്ടൻ വരുമോ എന്ന ടെൻഷൻ നല്ല പോലെ ഉണ്ടായിരുന്നു. വണ്ടിയിൽ നിന്ന് ചാടി ഇറങ്ങി ആദ്യം നോക്കിയത് ശിവേട്ടനെ ആണ്.ചുറ്റും കണ്ണുകൾ പരതി എങ്കിലും ആരെയും കണ്ടില്ല. "നമുക്ക് ഒരു ചായ കുടിച്ചാലോ.. "ഏട്ടൻ ചോദിച്ചപ്പോൾ ഞാനും സമ്മതിച്ചു.അമ്പലത്തിലേക്ക് അപ്പോൾ പോകാൻ എന്തു കൊണ്ടോ തോന്നിയില്ല. ചായ കുടിക്കുമ്പോഴും കണ്ണുകൾ ചുറ്റും ഓടി നടക്കുകയായിരുന്നു. വരില്ലേ ഇന്ന്.ഞാൻ പ്രാർത്ഥിച്ചത് എല്ലാം വെറുതെ ആയോ.. തല പതിയെ താഴ്ന്നു.

ചായ കുടിച് ഇറങ്ങിയിട്ട് അമ്പലത്തിനു പുറത്തെ ആല്മരത്തിൽ വെറുതെ ഇരുന്നു.തണുത്ത കാറ്റ് ഞങ്ങളെ വീശി കടന്നു പോയി.നിശബ്ദതയിലും കിളികളുടെ ശബ്ദം നല്ല വ്യകതമായി കേട്ടിരുന്നു.നല്ല ഒരു കാലാവസ്ഥ.പക്ഷെ ആസ്വദിക്കാൻ കഴിയുന്നില്ല.ഏട്ടന്റെ തോളിൽ ചാരി കിടക്കുകയായിരുന്നു ഭദ്ര.അവർ അവരുടേത് ആയ ലോകത്തു ആണെന്ന് തോന്നി.അത് കണ്ടിട്ടും എനിക്ക് സന്തോഷിക്കാൻ കഴിയുന്നില്ല.ഹൃദയം വെറുതെ വിങ്ങുന്നത് പോലെ.എന്താണെന്നറിയാത്ത ഒരു ഭാവം.ആകെ ഒരു മൂടി കെട്ടൽ.ആരും ഇല്ലായിരുന്നു എങ്കിൽ ഒന്ന് പൊട്ടി കരയാമായിരുന്നു എന്ന തോന്നൽ.. എന്തിന്?മനസ് എന്നോട് തന്നെ ചോദിച്ചിട്ടും ഉത്തരം കിട്ടിയില്ല.ഇനി ശിവേട്ടൻ വരാത്തതിനാൽ ആണോ.. ആയിരിക്കും.ഒത്തിരി പ്രതീക്ഷിച്ചിരുന്നില്ലേ ഞാൻ.എന്റെ പ്രണയം സത്യമാണെങ്കിൽ.. വിധി എന്റെ ഒറ്റയാനെ എനിക്കായ് തന്നെ കാത്ത് വെച്ചതാണെങ്കിൽ ശിവേട്ടൻ വരും എന്ന് തന്നെ അല്ലെ ഞാൻ ഉറച്ചു വിശ്വസിച്ചിരുന്നത്.അപ്പോൾ.. അപ്പോൾ ശിവേട്ടൻ എന്റേതല്ലേ.. പാർവതി ദേവി എനിക്കായ് എന്റെ ശിവനെ തരില്ലേ.. "പാറുട്ട.. എട്ടര ആയി.നമുക്ക് അമ്പലത്തിലേക്ക് കയറിയാലോ.." ഏട്ടൻ പെട്ടന്ന് വിളിച്ചപ്പോൾ നിറഞ്ഞു വന്ന കണ്ണുനീർ ഏട്ടൻ കാണാതെ ഞാൻ തുടച്ചു.പക്ഷെ ഭദ്ര കണ്ടുവോ എന്ന് സംശയം ഉണ്ട്. മറുപടി എന്നോണം ഞാൻ പതിയെ തലയാട്ടിയപ്പോൾ ഏട്ടൻ എന്റെ കൈ പിടിച് അമ്പലത്തിലേക്ക് കയറി.പിറകെ ഭദ്രയും വന്നു.

അമ്പലത്തിൽ കയറി വെറുതെ ഒന്ന് കൈ കൂപ്പി അവർ പൂജക്ക്‌ വേണ്ട കാര്യങ്ങൾ നോക്കാൻ പോയി. ഒറ്റക്കായപ്പോൾ വെറുതെ ഒന്ന് ചുറ്റിനും കണ്ണോടിച്ചു.പരിചയമുള്ള ആരെയും കണ്ടില്ല.മനസ്സിൽ വീണ്ടും എന്തോ വന്ന് നിറയുന്നത് പോലെ..ഒന്ന് പൊട്ടികരയണം എന്നുണ്ടായിട്ടും എനിക്കതിനു സാധിക്കുന്നില്ല.ഒരു തരം നിർവികാരത എന്നെ വന്ന് മൂടിയിരുന്നു. നടതുറന്നപ്പോൾ തന്നെ ഭക്തരുടെ വലിയൊരു തിരക്ക് കണ്ടു.ഞങ്ങളെക്കാൾ ഒരുപാട് ദൂരത്തു നിന്ന് വരെ ആളുകൾ എത്തിയിട്ടുണ്ടെന്ന് തോന്നി.ശിവപാർവതി ശില്പങ്ങളെ കണ്ടപ്പോൾ പറയാൻ പറ്റാത്ത ഒരു തരം വികാരം ആണ് വന്ന് നിറഞ്ഞത്. തിരക്ക് ഒന്ന് ഒഴിഞ്ഞപ്പോൾ ഞാൻ പതിയെ കണ്ണടച്ച് കൈ കൂപ്പി.ഒന്നും പ്രാർത്ഥിക്കാൻ ഉണ്ടായിരുന്നില്ല.അല്ലെങ്കിൽ തന്നെ എന്തു പ്രാർത്ഥിക്കാൻ.. ഇപ്പോൾ ഒന്നും എന്റെ മനസ്സിലില്ല.ശിവേട്ടൻ വന്നിരുന്നു എങ്കിൽ ഒരുപാട് ഉണ്ടായേനെ പ്രാർത്ഥിക്കാൻ പതിയെ ഓർമ്മകൾ പിന്നിലേക്ക് പോയി.ഞങ്ങൾ പലപ്പോഴും കണ്ടു മുട്ടിയിരുന്നതും ശിവേട്ടന്റെ ചീത്ത വിളിയും അച്ഛന്റെ ചോദിക്കാൻ വരവും അപ്പച്ചിയെ കണ്ടു മുട്ടിയതും പഴയ കഥകൾ അറിഞ്ഞതും..പിന്നെ.. പിന്നെ എപ്പോഴോ പ്രണയത്തിൽ ആയതും എല്ലാം.. പക്ഷെ.. എനിക്ക് മാത്രം ആയിരുന്നില്ലേ പ്രണയം.ഒരു ഒറ്റയാൾ പ്രണയം.

അത് കൊണ്ട് വിഷമിക്കേണ്ടതും ഞാൻ തന്നെ അല്ലെ.. പെട്ടന്ന് അമ്പലത്തിൽ മണി മുഴങ്ങി കേട്ടു.ശിവേട്ടൻ ഇനി അമ്പലത്തിന് ഉള്ളിൽ ഉണ്ടാകുമോ.. വെറുതെ ഒരു തോന്നൽ.ഭദ്രയോട് പറഞ് അമ്പലം മുഴുവൻ ചുറ്റി.എവിടെയും ശിവേട്ടനെ കാണാൻ കഴിയാത്തത് വീണ്ടും നിരാശക്ക് കാരണം ആയി. പെട്ടന്ന് ഒരു ഓട്ടോയുടെ ശബ്ദം കേട്ടു.എനിക്ക് ആ ശബ്ദം ഉണ്ടായ വേദനകൾക്ക് എല്ലാം മറുമരുന്ന് ആക്കി.അതീവ സന്തോഷത്തോടെ അങ്ങോട്ട് പോകുന്നതിനിടക്ക് ആരോയോക്കെയോ ആയി ഇടിച്ചു.പക്ഷെ അതൊന്നും ഞാൻ കാര്യമാക്കാൻ നിന്നില്ല.ശിവേട്ടനെ കാണുക എന്നതായിരുന്നു ലക്ഷ്യം.സന്തോഷത്തോടെ അങ്ങോട്ട് എത്തിയപ്പോൾ ആണ് അത് ശിവേട്ടൻ അല്ല എന്ന് മനസ്സിലായത്.കണ്ണുകൾ നിറഞ്ഞു വന്നു കാഴ്ച മൂടി. "പാറുട്ട.. "ഏട്ടൻ വന്നു ചുമരിൽ തട്ടിയപ്പോൾ ഞെട്ടി ഏട്ടനെ നോക്കി.അതിന് മുന്പേ കണ്ണുനീർ പൊയ്ക്കഴിഞ്ഞിരുന്നു. "പാറുട്ട..10 മണി ആയി.പൂജ മിക്കതും കഴിഞ്ഞു.ബാക്കി ഉള്ളത് കുറച്ചു കഴിഞ്ഞു ചെയ്യാൻ പറ്റുള്ളൂ.. നമുക്ക് ഒന്ന് കറങ്ങാൻ പോയാലോ.." "ആടി.. നമുക്ക് പോവാം.. നമ്മൾ ഇന്നലെ പ്ലാൻ ചെയ്തതല്ലേ.. "ഭദ്ര നല്ല ആവേശത്തിൽ ആണ്.അവളുടെ ആവേശം കണ്ടപ്പോൾ എനിക്ക് വിഷമം തോന്നി. "ഞാൻ ഇല്ല ഏട്ട.. നിങ്ങൾ പോയിട്ട് വാ.. ഞാൻ ഇവിടെ ഇരുന്നോളാം.." "അത് പറഞ്ഞാൽ എങ്ങനെയാ.. നീയും വരുന്നു ഞങ്ങൾ നിന്നെയും കൊണ്ടേ പോവു.." "ഞാൻ ഇല്ല ഏട്ട.. നിങ്ങൾ പൊയ്ക്കോ.. പ്ലീസ്..."എനിക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു.

"നിന്നെ എങ്ങനെ ആട ഞങ്ങൾ ഇവിടെ ഒറ്റക്ക് നിർത്തി പോവുന്നത്.പോവുന്നെകിൽ നമ്മൾ മൂന്നാളും.അല്ലെങ്കിൽ പോണ്ട." "പ്ലീസ് ഏട്ട.. നിങ്ങൾ പൊയ്ക്കോ.. പ്ലീസ്.. എന്നോട് ഇത്തിരി എങ്കിലും സ്നേഹം ഉണ്ടെങ്കിൽ.. "കരഞ്ഞു കൊണ്ടായിരുന്നു അത് പറഞ്ഞത്.കരയണം എന്നുണ്ടായിരുന്നില്ല.കരഞ്ഞു പോയതാണ്.അവരുടെ മുഖത്തപ്പോൾ ഒരു പേടി ഉടലെടുത്തത് കണ്ടു. "നീ.. നീ കരയല്ലേ.. ഞങ്ങൾ പൊയ്ക്കോളാം.." ഏട്ടൻ പറഞ്ഞപ്പോൾ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു.പക്ഷെ തോറ്റു പോയി. എന്നെ ആല്മരത്തിന് അവിടെ നിർത്തി പൈസ ഒക്കെ തന്ന് ഏട്ടൻ പോയി.ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നിട്ടാണ് പോയത്.ഏട്ടന്റെ കേറിങ് കണ്ടപ്പോൾ എന്തോ സഹിക്കാൻ പറ്റിയില്ല.പക്ഷെ എനിക്ക് ഇപ്പോൾ ഏകന്തത ആണ് ആവിശ്യം. അവർ പോയപ്പോൾ ആരും പെട്ടന്ന് കടന്നു വരാത്ത ഒരു ആല്മരത്തിന്റെ ചുവട്ടിൽ ഞാൻ ഇരുന്നു.പിടിച്ചു വെച്ച കണ്ണുനീരിനെ ഒഴുക്കി വിട്ടു.അത് അണപ്പൊട്ടി ഒഴുകുന്നുണ്ടായിരുന്നു.ഒന്ന് ഫോൺ വിളിച്ചു നോക്കിയാലോ എന്ന് തോന്നി.പിന്നെ ശിവേട്ടനെ എനിക്ക് വിധിച്ചിട്ടില്ല എന്ന് മനസ്സിൽ ഉരുവിട്ട് കൊണ്ടിരുന്നു. അപ്പോഴും കണ്ണുനീരിന് കുറവ് ഉണ്ടായിരുന്നില്ല. പെട്ടന്നാണ് കാതടപ്പിക്കുന്ന ഒരു ബുള്ളറ്റിന്റെ ശബ്ദം കേട്ടത്.നോക്കണ്ട എന്ന് കരുതിയിട്ടും അറിയാതെ നോക്കി പോയി.എന്റെ കണ്ണുകളെ വിശ്വസിക്കാൻ സാധിച്ചില്ല. ""ശിവേട്ടൻ."" എനിക്ക് സന്തോഷം അടക്കാൻ കഴിഞ്ഞില്ല.ഞാൻ കണ്ണുകൾ തിരുമ്മി ഒന്ന് കൂടി നോക്കി.അതെ..

ശിവേട്ടൻ തന്നെ ആണ്.വൈറ്റ് മുണ്ടും എന്റെ ഇഷ്ടപ്പെട്ട നിറം ആയ കടും നീല ഷർട്ടും ഒക്കെ ഇട്ടു കൂളിംഗ് ഗ്ലാസും വെച്ച് നല്ല സ്റ്റൈൽ ആയി വണ്ടി ഒതുക്കി ഇടുന്നു. അടക്കാൻ ആവാത്ത സന്തോഷത്തോടെ കാലുകൾ വേഗത്തിൽ അങ്ങോട്ട് ചലിച്ചു. അല്ല.. ഓടുകയായിരുന്നു എന്ന് വേണം പറയാൻ. "എന്താ നേരം വൈകിയത്".കിതപ്പോടെ ആയിരുന്നു അത് ചോദിച്ചത്. "ഓഹ്.. വന്നതും പോരാ.. ഇനി അത് നേരത്തെയും ആവണോ.. അറിഞ്ഞില്ല തമ്പുരാട്ടി.അടുത്ത പ്രാവിശ്യത്തേക്ക് നോക്കാം." പരിഹാസം ആണെങ്കിലും എനിക്ക് സന്തോഷം ആയിരുന്നു.വന്നല്ലോ.. അപ്പോൾ എന്റെ പ്രണയം സത്യം ആണ്.എനിക്ക്.. എനിക്ക് മാത്രം ആണ് ശിവേട്ടൻ. എന്റെത് മാത്രം.. പാർവതിയുടെ സ്വന്തം 💞 "വാ.. നട അടക്കാനായി".ശിവേട്ടനോട് പറഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ ആണ് പിന്നിൽ നിന്ന് ഒരു വിളി കേട്ടത്. ഞാൻ ശിവേട്ടന് നേരെ തിരിഞ്ഞപ്പോൾ എന്റെ നേരെ എന്തോ നീട്ടി.ഞാൻ സംശയത്തോടെ തിരിച്ചു നോക്കി. "ഇനി ഇതിന്റെ ഒരു കുറവ് വേണ്ട "എന്ന് പറഞ്ഞു അത് കയ്യിൽ വെച്ച് തന്നു. അത് തുറന്നു നോക്കിയ ഞാൻ ഞെട്ടി. ""മൂന്ന് ചുവന്ന റോസാപൂക്കൾ."" സന്തോഷം അടക്കാൻ കഴിഞ്ഞില്ല.അപ്പോഴത്തെ നേരത്ത് വെറുതെ പറഞ്ഞു എന്നുള്ളു എങ്കിലും റോസാപൂ കൊണ്ട് തരും എന്ന് വിചാരിച്ചില്ല.ഇത് വാങ്ങാൻ വേണ്ടി ആവണം നേരം വൈകിയത്. സന്തോഷം എനിക്ക് ഒന്ന് കൊണ്ടും അടക്കാൻ കഴിഞ്ഞില്ല.ഇത്രയും നേരം കരഞ്ഞു കൊണ്ടിരുന്ന പെണ്ണാണോ ഇതെന്ന് എനിക്ക് തന്നെ അത്ഭുതം തോന്നി.

ഇപ്രാവശ്യം ശിവേട്ടന്റെ അടുത്തായി ശിവപാർവതിയുടെ മുമ്പിൽ നിൽക്കുമ്പോൾ പ്രാർത്ഥിക്കാൻ ഏറെ ഉണ്ടായിരുന്നു എനിക്ക്.നന്ദിയും സന്തോഷവും ഈ ഒറ്റയാനെ എനിക്ക് തന്നെ തരണം എന്നുള്ള പ്രാർത്ഥനയും ഒപ്പം എന്നോട് ശിവേട്ടനിപ്പോൾ എന്തെങ്കിലും ഇഷ്ടം ഉണ്ടെങ്കിൽ അത് എത്രയും വേഗം തുറന്ന് പറയണേ എന്നും.. എനിക്ക് കുറെ പ്രാർത്ഥിക്കാൻ ഉണ്ടായെങ്കിലും മൂപ്പര്ക്ക് അധികം പ്രാർത്ഥിക്കാൻ ഒന്നും ഇല്ലെന്ന് തോന്നുന്നു.അമ്പലത്തിലേക്കെ കയറാറില്ലെന്നാണ് അപ്പച്ചി പറഞ്ഞത്.അതിൽ നിന്ന് അല്പ സമയം എങ്കിലും വന്നത് എനിക്ക് വലിയ കാര്യം തന്നെ ആയിരുന്നു. അതീവ സന്തോഷത്തോടെ ആണ് പുറത്തിറങ്ങിയത്. ശിവേട്ടൻ ആദ്യം തന്നെ പോയിരുന്നു.എല്ലാവരുടെ പേരിലും ചേട്ടൻ പൂജ ചെയ്തത് കൊണ്ട് അപ്പച്ചിയുടെയും ശിവേട്ടൻടെയും പേരിൽ മാത്രം പൂജ കഴിപ്പിച് ഞാൻ ഇറങ്ങി.നാളൊക്കെ ആദ്യമേ ഞാൻ കണ്ടു വെച്ചിരുന്നു. അമ്പലത്തിന് പുറത്തുള്ള ആൾക്കാർക്ക് പൈസ കൊടുക്കാൻ ആയി പോവുമ്പോൾ ശിവേട്ടൻ ആ ബുള്ളറ്റിന് അടുത്ത് ഉണ്ടായിരുന്നു.ഞാൻ പറഞ്ഞിട്ടാണ് അങ്ങോട്ട് പോയത്.ഒരുപാട് വായ്നോക്കികൾ പിറകെ ഉണ്ടായിരുന്നു.അവർ ഓരോ കമന്റ്‌ പറയുന്നുണ്ടായി. കേട്ടപ്പോൾ കുറെ നേരം ആയി എന്നെ നോക്കുന്നതെന്ന് മനസ്സിലായി.കണ്ണുനീരിനിടയിൽ അത് കണ്ടില്ല.അവന്മാരെ കാര്യമാക്കാതെ പൈസ കൊടുക്കുന്നതിനു ഇടക്കാണ് ഒരു വലിയ ശബ്ദം കേട്ടു തിരിഞ്ഞു നോക്കിയത്.

ആരോ വായുവിലൂടെ പറക്കുന്നത് കണ്ടപ്പോൾ മനസ്സിലായി ഇടി ആണെന്ന്.ഇടി കൊടുക്കുന്ന ആളെ കണ്ടപ്പോൾ കിളി പോയി. ""ശിവേട്ടൻ....!!!"" **** ഒരു പുക വിടണം എന്ന് തോന്നി ആളില്ലാത്ത സ്ഥലത്തേക്ക് നീങ്ങുമ്പോൾ ആണ് അവളെ കണ്ടത്.ചുണ്ടിലൊരു പുഞ്ചിരി വിടർന്നു.പെട്ടന്ന് തൊട്ടടുത്ത് നിന്ന് ആറ് പേർ അവളെ കമന്റ്‌ അടിക്കുന്നതും അവൾ അത് കാര്യക്കാതെ ഇരുന്നത് കൂടി കണ്ടപ്പോൾ ദേഷ്യം ഏത് വഴിയേ ആണ് വന്നതെന്ന് മനസ്സിലായില്ല. കടുത്ത ദേഷ്യം അടക്കാൻ പറ്റിയിരുന്നില്ല.അവരെ ആറ് പേരെയും ഇടിച്ചു വഷക്കേട് ആക്കിയിട്ടും കലി തീർന്നില്ല. കമന്റ്‌ അടിക്കുന്ന രംഗം മനസ്സിലേക്ക് കടന്ന് വരും തോറും ശക്തിയിൽ ഞാൻ ഇടിച്ചു കൊണ്ടിരിക്കുന്നു.അവസാനം അവർ കാല് പിടിച്ചപ്പോൾ തീ പാറുന്ന ഒരു നോട്ടം നോക്കി തിരിഞ്ഞു നിന്നു.ഇനി എനിക്ക് കാണേണ്ടത് അവളെ ആണ്.കണ്ടിട്ടും പ്രതികരിക്കാത്തവളെ.. "എന്തിനാ അവരെ തല്ലിയത്."അല്ലെങ്കിലേ ദേഷ്യം വന്നിരിക്കുന്നതിന് ഇടക്ക് വന്നു ചോദിച്ചപ്പോഴും ദേഷ്യം കടിച്ചമർത്തി. "എന്തിനാ അവരെ തല്ലിയത് എന്ന്."

"ഞാൻ അവരെ തല്ലിയാൽ നിനക്ക് എന്താടി.. ഞാൻ അവരെ തല്ലും വേണമെങ്കിൽ കൊല്ലും.ഏഹ്..അല്ല.. അതൊക്കെ ചോദിക്കാൻ നീ ആരാ എന്റെ. ഞാൻ എന്തു ചെയ്താലും നിനക്ക് എന്താ.. ഒരു പെട്ടിയുടെ കാര്യം പറഞ്ഞു ഭീഷണി പെടുത്തിയത് ഞാൻ വഴങ്ങി തന്നു എന്ന് കരുതി എല്ലാം അല്ല. ഞാൻ ആരെയെങ്കിലും തല്ലിയാലും കൊന്നാലും നിനക്കെന്താ നഷ്ടം.ഒന്ന് പോയി തരോ.. നാശം." അവളുടെ കണ്ണിൽ നിന്ന് കണ്ണുനീർ ഇറ്റി വീഴുന്നത് കണ്ടപ്പോൾ ആണ് എന്താ പറഞ്ഞത് എന്ന സ്വബോധം വന്നത്. എന്തെങ്കിലും പറയാൻ പോകുന്നതിന് മുൻപ് തന്നെ അവൾ ഓടി പോയിരുന്നു.അപ്പോഴേക്കും അവളുടെ ചേട്ടൻ വരുകയും കരഞ്ഞു കൊണ്ട് അവൾ എന്തോക്കെയോ പറയുകയും ചെയ്തു.അവൻ അമ്പലത്തിലേക്ക് കയറി പോവുന്നതും പിന്നേ തിരിച്ചു വന്ന് കാറിൽ കയറി പോകുന്നതും നിസ്സഹായതയോടെ ഞാൻ നോക്കി നിന്നു...... തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story