ശിവമയൂഖം: ഭാഗം 24

shivamayoogam

രചന: രാജേഷ് വള്ളിക്കുന്ന്‌

"അനുഭവിപ്പിക്കാം....അതിനുമുമ്പ് എന്റെ മുഖത്തടിച്ചവന്റെ ആ കൈ എനിക്കു വേണം.... " മോഹനൻ പല്ലുഞെരിച്ചുകൊണ്ട് പറഞ്ഞു.... എന്നാൽ എല്ലാം കേട്ട് വാതിലിനു മറവിൽ ശാന്തമ്മ നിൽക്കുന്നത് അവരറിഞ്ഞില്ല... അവർ പെട്ടന്ന് അടുക്കളയിലേക്ക് നടന്നു.... അവിടെ പച്ചക്കറി മുറിക്കുകയായിരുന്നു വിമലയും ഗീതയും... മക്കളെ പ്രശ്നമാണ്.... അവർ അവിടെ പുതിയ ഗൂഡാലോചനയിലാണ്... നമ്മുടെ ഗണേശന്റെ കൊച്ച് തമസിക്കുന്ന നാട്ടിലുള്ള ഏതോ ഒരു തെമ്മാടിയെണ കൂട്ടുപിടിച്ച് ആ കൊച്ചിനെ വിവാഹം ചെയ്യാൻ പോകുന്നവനേയും രണ്ടു ദിവസം മുമ്പ് മോഹനന് ആരോടോ തല്ല് കിട്ടിയില്ലേ... അവനേയും കൊല്ലാനാണ് പരിപാടി.... അതുകഴിഞ്ഞ് അവരുടെ ആവശ്യം കഴിഞ്ഞ് ആ പെൺകുട്ടിയെ ആ തെമ്മാടിക്ക് കൈമാറാനാണ് പരിപാടി... ഈശ്വരാ എന്തൊക്കെയാണ് നടക്കാൻ പോകുന്നത്... അവരുടെ ഈ പോക്ക് ആപത്തിലേക്കാണ്... എങ്ങനെയെങ്കിലും അത് തടയണം.... അവരുടെ വീട് എവിടെയാണെന്ന് വല്ല വിവരവും കിട്ടിയോ... " "ഏതോ മാണിശ്ശേരി വിശ്വനാഥമേനോനാണെന്നാണ് അവിടെ പറഞ്ഞത്...

പക്ഷേ അവൾ താമസിക്കുന്നത് ഒരു കാവുംപുറത്തെ ഉണ്ണികൃഷ്ണമേനോന്റെ കൂടെയാണ്... അയാൾ ആ മോളെ ഏറ്റെടുത്ത് വളർത്തിയതാണത്രേ.... " "മാണിശ്ശേരി വിശ്വനാഥമേനോൻ.... ഈ പേര് കേട്ട നല്ല പരിചയമുണ്ട്... ചേച്ചി ആ ഫോണൊന്ന് തന്നേ.... " ഗീത വിമലയോട് ഫോൺ വാങ്ങിച്ച് ആരെയോ വിളിച്ചു.... "എടാ ഇത് ഞാനാണ് ഗീത.... നീയൊരു മാണിശ്ശേരി വിശ്വനാഥമേനോനെ അറിയുമോ.... " അങ്ങേ തലക്കൽനിന്നും പറയുന്ന കാര്യങ്ങൾ അവൾ ശ്രദ്ധയോടെ കേട്ടു.... കുറച്ചു സമയം കഴിഞ്ഞ് ഗീത കോൾ കട്ടു ചെയ്ത് അവരുടെ അടുത്തേക്ക് വന്നു.... "നീ ആരെയാണ് വിളിച്ചത്... " വിമല ചോദിച്ചു... "ഞാൻ എന്റെ കൂടെ പഠിച്ച ഒരാളെയാണ് വിളിച്ചത്... അവൻ ഒരു സെയിൽസ്മാനാണ്... അവന് അത്യാവശ്യം പല ആളുകളേയും പരിചയമുണ്ട്... " "എന്നിട്ട് നീ ചോദിച്ച ആളെ അവനറിയുമോ... " അറിയുമോന്നോ നല്ല പച്ചവെളളംപോലെ അറിയാം... അവരുടെ കമ്പനിയുടെ സാധനങ്ങൾ സെയിൽസ് ചെയ്യുന്നത് ഇവന്റെ കമ്പനിയാണ്... കുറച്ചു ദൂരെയാണ് ഇവരുടെ വീട് അഡ്രസ് അവൻ പറഞ്ഞുതന്നിട്ടുണ്ട്... " അപ്പോൾ ദൈവം നമ്മളെ കാത്തു... നമുക്ക് നാളെത്തന്നെ അവിടേക്ക് പോകണം....

ഏതെങ്കിലും ദൂരെയുള്ള അമ്പലത്തിലേക്കാണെന്ന് ഇവിടെ പറഞ്ഞാൽ മതി... അതിനുമുമ്പ് നമ്മുടെ ഡ്രൈവർ ബാബുവിനെയൊന്ന് വശത്താക്കണം... " "ആ കാര്യം എനിക്ക് വിട്ടേക്ക്... പക്ഷേ നമ്മൾ ചെല്ലുമ്പോൾ അവർ വീട്ടുലുണ്ടാകുമോ... " "അങ്ങനെയൊരു പ്രശ്നമുണ്ടല്ലേ... അവരുടെ ഫോൺ നമ്പർ കിട്ടിയാൽ ഒന്നു വിളിച്ച് പറയാമായിരുന്നു.... " "അത് വേണമെങ്കിൽ എന്റെ കൂട്ടുകാരോട് ചോദിച്ചാൽ കിട്ടാവുന്നതേയുള്ളൂ... അത് ഞാൻ വിളിച്ച് വാങ്ങിക്കാം... " "ഈശ്വരാ എല്ലാം നേരെയാവണേ... " വിമല മുകളിലേക്ക് നോക്കി പറഞ്ഞു.... ▪️▪️▪️▪️▪️▪️▪️▪️▪️▪️ അന്ന് വൈകീട്ട് ശിവനും ആദിയും ഒന്നിച്ചാണ് വന്നത്... അവരെത്തുമ്പോഴേക്കും വിശ്വനാഥമേനോൻ അവിടെയെത്തിയിരുന്നു.... "എന്താടാ ഇന്ന് വലിയ സന്തോഷത്തിലാണല്ലോ രണ്ടും... എന്തു പറ്റീ... ഓഫീസിൽ നിൽക്കുമ്പോഴും ഈ മാറ്റം ഞാൻ ശ്രദ്ധിച്ചതാണ്... എന്നാൽ അവിടെവച്ച് ചോദിക്കുന്നത് ശരിയല്ലല്ലോ.... എന്താണ് പ്രശ്നം... " "ഒന്നുമില്ല അച്ഛാ.... " അതും പറഞ്ഞ് അവൻ തന്റെ മുറിയിലേക്ക് നടന്നു.... എന്താടാ... ഇനി അവളെ നിങ്ങൾ വഴിയിൽവെച്ചു കണ്ടോ... അല്ലാതെ ഇത്ര സന്തോഷത്തിൽ അവനെ കാണാൻ വഴിയില്ല....

" അതൊന്നുമല്ല അമ്മാവാ... കാണാൻ പോകുന്ന പൂരം പറഞ്ഞറിയിക്കണോ... അത് കണ്ടുതന്നെ സന്തോഷിക്കുന്നതല്ലേ നല്ലത്.... " ആദിയും മെല്ലെ അവിടെനിന്ന് അകത്തേക്ക് വലിഞ്ഞു... ഒന്നും പിടികിട്ടാതെ വിശ്വനാഥമേനോൻ അവിടെയിരുന്നു പിന്നെ അയാളും അകത്തേക്ക് നടന്നു.... ആദി ബാൽക്കണിയിൽ നിന്നും പുറത്തേക്ക് നോക്കിനിൽക്കുകയായിരുന്നു... "എന്താണ് മരങ്ങോടാ ഇവിടെ വന്ന് പുറത്തേക്ക് നോക്കി നിൽക്കുന്നത്... " അവന്റെ പുറകിൽ നിന്ന് കീർത്തി ചോദിച്ചു.... മരങ്ങോടൻ നിന്റെ തന്ത... അവിടെ താഴെ ഇരിക്കുന്നു ണ്ട്... പോയിനോക്ക് ആദി പിറുപിറുത്തു "എന്ത്... ? " "മരങ്ങോടൻ നിന്റെ തന്തയാണെന്ന്... " "എന്റെ അച്ഛനെ പറഞ്ഞാലുണ്ടല്ലോ... എന്റെ സ്വഭാവം മാറുമേ.. " "അല്ലെങ്കിൽ ഇനിയെങ്ങോട്ടാണ് മാറാൻ... ഇപ്പോൾത്തന്നെ കാണുന്നില്ലേ..... " "ആദിയേട്ടാ... " അവൾ അവന്റെ വയറിനൊരു പിച്ച് കൊടുത്തു... "അയ്യോ.. ഭദ്രകാളി നിന്നെ ഞാനുണ്ടല്ലോ.., " ആദി കീർത്തിയെ അടിക്കാനോങ്ങി... എന്റെ കണവന് വേദനിച്ചോ... സാരല്ല്യാട്ടോ... ഇനിയെന്നെ കളിയാക്കാൻ വരരുത്... എന്റെ അമ്മാവാ...

നാട്ടിൽ എത്ര നല്ല അടക്കവും ഒതുക്കവും കുലീനതയുമുള്ള പെൺകുട്ടികളുണ്ടായിരുന്നു... എന്നിട്ടും ഇതിനെ മാത്രമാണല്ലോ എന്റെ തലയിൽവച്ചുതരാൻ തോന്നിയത്... " എനിക്കും അതേ പറയാനുള്ളൂ... ഇതുപോലൊരു മന്ദബുദ്ധിയെ മാത്രമേ എന്റെ കണവനായി കിട്ടിയൂള്ളൂ.... " "എന്റെ ബുദ്ധിയെന്താണെന്ന് നിനക്ക് ഞാൻ കാണിച്ചു തരണോ..." ആദി കീർത്തിയെ ചുറ്റിപ്പിടിച്ചുകൊണ്ട് ചോദിച്ചു... "അയ്യോ വേണ്ടായേ... അതെനിക്ക് താങ്ങാനുള്ള ത്രാണിയില്ലേ... " അവൾ ആദിയുടെ കയ്യിൽനിന്ന് ഒഴിഞ്ഞുമാറി.... "കീർത്തി ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയോ... " "എന്താണാവോ ഒരു മുഖവുര... " ഞാൻ ചോദിച്ചതിന് ഉത്തരം പറഞ്ഞില്ല "കാര്യം കേൾക്കാതെ എങ്ങനെയാണ്... " "നിന്റെ ഇത്രയും കാലത്തെ ജീവിതത്തിൽ നിനക്ക് മിസ് ചെയ്തത് ആരെയാണ്.... " എന്റെ ജീവിതത്തിൽ എനിക്ക് മിസ് ചെയ്തത് പഠിക്കുമ്പോൾ ഓരോ ക്ലാസു കഴുയുമ്പോഴും മാറിമാറി പോകുന്ന കൂട്ടുകാരികളേയും ടീച്ചേഴ്സിനേയും എനിക്ക് മിസ് ചെയ്തിട്ടുണ്ട്... " അതല്ല നിന്റെ ജീവിതത്തിൽ മറക്കാൻ പറ്റാത്തത്ര ഒരാളുടെ വേർപാട് നിനക്കുണ്ടായിട്ടുണ്ടോ... അങ്ങനെയൊരാൾ ഉണ്ടായെന്നു ചോദിച്ചാൽ....

ഉണ്ട് എന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് ഒരാളുടെ മിസ്സിങ്ങായിരുന്നു.... ആദിയേട്ടനറിയാം ആളെ... നമ്മുടെ കിഷോറേട്ടനെ.... എന്റെ ശിവേട്ടനെപ്പോലെയായിരുന്നു എനിക്ക് കിഷോറേട്ടൻ ... ആളിപ്പോൾ നമ്മളെയൊക്കെ മറന്ന് വല്ല്യ പുള്ളിയായിരിക്കുകയല്ലേ... എന്നെങ്കിലും എന്റെ മുന്നിൽ വന്നു പെടും... അപ്പോൾ ഇതിനുള്ളതെല്ലാം കൊടുക്കുന്നുണ്ട് ഞാൻ.... " "എന്റെ ദൈവമേ... അവനെ കാത്തോളണമേ... ഒരു ശൂർപ്പണഖ ഒന്നിനായിട്ടാണേ അവനെ കാത്തിരിക്കുകയാണേ... " "ആദിയേട്ടനെന്താ ഇപ്പോഴിതാ ചോദിച്ചത്.... " "ഒന്നുമില്ല നിന്റെ ഉള്ളറിയാൻ ചോദിച്ചതാണ്... " ആണോ.... എന്നാലെ എന്റെ മോൻ വല്ലാതെ ബുദ്ധിമുട്ടേണ്ടാ ... " കീർത്തി അവന്റെ വയറിനൊരു ഇടി കൊടുത്ത് താഴേക്കോടി... ആദി വയറുഴിഞ്ഞുകൊണ്ട് ചിരിച്ചു... അവൾ താഴേക്ക് വന്ന് അടുക്കളയിലേക്ക് നടക്കാനൊരുങ്ങിയപ്പോഴാണ്... പുറത്തൊരു വാഹനം വന്നു നിന്നത്... കീർത്തി ഉമ്മറത്തേക്ക് വന്നു... പുറത്തുവന്നത് ഒരു പോലീസ് വാഹനമാണെന്നു കണ്ട് അവൾ ഭയന്നു... എന്നാൽ അതിൽ നിന്നിറങ്ങിയ ആളെ കണ്ട് അവൾ അത്ഭുതപ്പെട്ടു.... "കി... കിഷോറേട്ടൻ... " കീർത്തി പെട്ടന്ന് മുറ്റത്തേക്കിറങ്ങി...

"എന്താടി അന്താളിച്ച് നിൽക്കുന്നത്.... " കിഷോർ അവളുടെ തലക്കൊരു കൊട്ട് കൊടുത്തുകൊണ്ട് ചോദിച്ചു.... "അച്ഛാ അമ്മേ... ഓടിവായോ... " അവൾ അകത്തേക്ക് നോക്കി വിളിച്ചുപറഞ്ഞു.... "എന്താടി നിന്നെ ആരെങ്കിലും കൊല്ലാൻ പോകുന്നുണ്ടോ... " കിഷോർ ചോദിച്ചു.... അങ്ങനെയാണെങ്കിൽ കുഴപ്പമില്ലായിരുന്നു... ഇത് അതിലും വലുതാണല്ലോ... " കീർത്തിയുടെ വിളികേട്ട് വിശ്വനാഥമേനോനും ലക്ഷ്മിയും പുറത്തേക്കു വന്നു... മുറ്റത്ത് നിൽക്കുന്ന പോലീസ് വാഹനം കണ്ട് അവരും ആദ്യമൊന്നു ഭയന്നു... പിന്നെയാണ് കീർത്തിയുടെ അടുത്തുനിൽക്കുന്ന കിഷോറിനെ അവർ കണ്ടത്.... "ഈശ്വരാ ആരാണിത്... എന്താടാ ഈ വേഷത്തിൽ...... " "അമ്മേ ഇവനാണ് ഇപ്പോൾ നമ്മുടെ സ്റ്റേഷനിലെ എസ്ഐ... " അവിടേക്ക് വന്ന ശിവൻ പറഞ്ഞു "ആര് ഇവനോ.... അധ്യാപകനാവാൻ നോക്കിയിട്ട് കഴിയാതെ ഗൾഫിലേക്ക് നാടുവിട്ട ഇവനെങ്ങനെ എസ്ഐ ആകും... " അതൊരു വലിയ കഥയാണമ്മേ... പറയാനാണെങ്കിൽ ഒരുപാടുണ്ട്....

വഴിയേ എല്ലാം പറയാം... അച്ഛനെന്താ ഒന്നും മിണ്ടാതെ നിൽക്കുന്നത്.... ഞാനെന്തു മിണ്ടാനാണ്... നീയും ശിവനും ആദിയും കൂടി ഞങ്ങൾക്കു തന്ന സർപ്രൈസല്ലേ നിന്റെ ഈ വരവ്... എന്നോടെങ്കിലും പറയാമായിരുന്നില്ലേ.... എത്ര കാലമായി നീ ഈ വഴി വന്നിട്ട്... പോട്ടെ നിന്റെ ഈ ജോലി തിരക്കുപിടിച്ചതാണ് സമ്മതിച്ചു... എന്നാൽ നിന്റെ കയ്യിൽ ഫോണില്ലേ... അതിൽനിന്ന് ഒന്നു വിളിച്ചൂടായിരുന്നില്ലേ നിനക്ക്... " "ഇത് നല്ല കഥ... നിങ്ങളുടെ ഫോൺ നമ്പർ കയ്യിലുണ്ടെങ്കിൽ ഞാൻ വിളിക്കാതിരിക്കോ... " "അച്ഛാ ഇവൻ നമ്മുടെ ബാലചന്ദ്രൻസാറിന്റെ അനിയത്തിയുടെ മകനാണെന്ന്... " ശിവൻ പറഞ്ഞു... അതുശരി അപ്പോൾ വെറുതെയല്ല നീ ഈ ഫീൽഡ് തിരഞ്ഞെടുത്തത്... നിനക്കറിയോ നിന്റെ അമ്മാവനുമായി ഏറിയാൽ രണ്ടുവർഷത്തെ പരിചയമേ ഞങ്ങൾക്കുള്ളൂ... ഓഫീസുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു അന്ന് എന്നെ സഹായിച്ചത് നിന്റെ അമ്മാവനാണ്... അതൊന്നും ഈ ജന്മം മറക്കാൻ പറ്റില്ല.... പിന്നെ നിന്റെ അമ്മയും അച്ഛനും കൂടെ വന്നിട്ടുണ്ടോ... " "ഇല്ല നല്ലൊരു വീട് ആദ്യം തരപ്പെടുത്തണം.... എന്നിട്ടു വേണം അവരെ കൊണ്ടുവരാൻ... " "അപ്പോൾ നിങ്ങളുടെ സ്വന്തം വീട്..... " അത് പാർട്ടിഷൻ കഴിഞ്ഞപ്പോൾ ആ വീട് അച്ഛന്റെ അനിയനാണ് കൊടുത്തത്... പിന്നെ എനിക്ക് ആദ്യമായി പോസ്റ്റ് കിട്ടിയത് കാസർഗോഡായിരുന്നു... അവിടെ ആറുമാസം...

ഓരോ കേസ് കഴിയുമ്പോഴും എനിക്കിങ്ങനെ സ്ഥലംമാറ്റമല്ലേ കിട്ടുന്നത്.... ഒന്നുകിൽ മറ്റൊരു കേസ് തെളിയിക്കാൻ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റും... അല്ലെങ്കിൽ ഏതെങ്കിലും ഉന്നതൻമാരുടെ കൂട്ടാളികളായ പൂട്ടുമ്പോൾ അവരുടെവകയാകും തട്ട്... ഏതായാലും ഈ പ്രായത്തിൽ ഒരുപാട് സ്റ്റേഷനിൽ ജോലി ചെയ്യാൻ പറ്റി... ഇനി എന്നാണാവോ ഇവിടുന്നുള്ള മാറ്റം.... നിനക്ക് വിരോധമില്ലെങ്കിൽ നമ്മുടെ അമ്പലത്തിനടുത്തുള്ള വീട് ഒന്ന് നോക്കിക്കേ... ഇഷ്ടമായാൽ അവിടെ താമസിക്കാലോ... അതാവുമ്പോൾ എപ്പോഴും ഞങ്ങൾക്കും അവിടേക്ക് ശ്രദ്ധിക്കാവല്ലോ... നാളെ ഞാൻ ആ വീടൊന്ന് വൃത്തിയാക്കി പെയ്ന്റടിച്ചിടാൻ ആളെ ഏർപ്പാടാക്കാം... ഞാനും ഇത് ഉദ്ദേശിച്ചാണ് വന്നത്... അന്നൊക്കെ ഇവിടെ വരുമ്പോൾ ആ വീടിനടുത്തുള്ള നെല്ലിമരത്തിനുചുവട്ടിൽ ഞാനും ശിവനും ആദിയുമെല്ലാം എത്രനേരം ഇരുന്നെന്ന് അറിയില്ല... അന്നെനിക്ക് ആ വീടിനോട് എന്തെന്നില്ലാത്ത കൊതിയായിരുന്നു... വലുതാകുമ്പോൾ അതുപോലൊരു വീട് ഉണ്ടാക്കുമെന്ന് മനസ്സിൽ ഉറപ്പിച്ചതായിരുന്നു.... ഇപ്പോൾ ഇവിടെയാണ് പുതിയ പോസ്റ്റെന്നറിഞ്ഞപ്പോൾ ആ വീടാണ് മനസ്സിൽ വന്നത്.... " കിഷോറത് പറഞ്ഞ് നിർത്തിയതും ശിവന്റെ ഫോൺ റിംഗ് ചെയ്തു... പരിചയമില്ലാത്ത നമ്പർ കണ്ട് അവനൊരു നിമിഷം നിന്നു പിന്നെ അതെടുത്തു.......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story