ശിവമയൂഖം: ഭാഗം 33

shivamayoogam

രചന: രാജേഷ് വള്ളിക്കുന്ന്‌

"നമുക്കു നോക്കാം... അവൻ നാളെ കഴിഞ്ഞാൽ കണ്ണൂരുള്ള ഏതോ കൂട്ടുകാരന്റെ അടുത്തേക്ക് പോവുകയാണെന്ന് പറഞ്ഞത്... ഞാൻ അവനോട് പറഞ്ഞ ചില കാര്യങ്ങൾ നോക്കുമ്പോൾ അവനിൽ മാറ്റം വന്നിട്ടുണ്ടെങ്കിൽ അവൻ ഇവിടെനിന്നും പോകില്ല... മറിച്ച് മയൂഖയും നമ്മളും ഇപ്പോൾ നേരിടുന്ന പ്രശ്നത്തിന് ഒരു തീർപ്പുണ്ടാക്കിയിട്ടേ അവൻ പോകൂ... " ശിവൻ പറഞ്ഞുനിർത്തിയതും അവന്റെ ഫോണിലേക്കൊരു കോൾ വന്നു... പരിചയമില്ലാത്ത നമ്പർ കണ്ടപ്പോൾ അവനൊരൽപ്പം നീരസം തോന്നി... "ആരാണിപ്പോൾ ഈ നേരത്ത്... പരിചയമുള്ള നമ്പറുമല്ലല്ലോ... " "നീ ഏതായാലും എടുക്ക്... ചിലപ്പോൾ ആ മോഹനന്റെ ഭാര്യയോ മറ്റോ ആയിരിക്കും.... " ആദി പറഞ്ഞു "അവർ അന്ന് വിളിച്ച നമ്പറല്ലല്ലോ ഇത്.. " ശിവൻ കേസെടുത്തു... "ഹലോ... " "ശിവാ ഇത് ഞാനാണ് സജീവൻ... " "എന്താ സജീവാ..." "ശിവാ.. സതീശൻ ഇന്ന് വീട്ടിൽ വന്നിരുന്നോ.... " "വന്നിരുന്നു... " ശിവൻ എഴുന്നേറ്റ് തന്റെ കാബിനിൽനിന്നും പുറത്തേക്ക് നടന്നു... അവർ തമ്മിൽ എന്തൊക്കെയോ സംസാരിച്ചു...

കുറച്ചു കഴിഞ്ഞപ്പോൾ ഒരു ചിരിയോടെ ശിവൻ കാബിനിലേക്ക് വന്നു... " "ആരാടാ വിളിച്ചത്... എന്തോ നിനക്ക് വലിയ സന്തോഷം തരുന്ന എന്തോ ആണല്ലോ... " ആദി ചോദിച്ചു "സന്തോഷിക്കാനുള്ളതുതന്നെയാണ്... നമ്മൾ ഇപ്പോൾ സംസാരിച്ചതുതന്നെയാണ് വിഷയം... പണ്ട് നമ്മുടെ കമ്പനിയിൽ വച്ച് അടപടത്തിൽ മരിച്ച അരവിന്ദേട്ടന്റെ മകൻ സജീവനാണ് വിളിച്ചത്... അവനിന്ന് ജോലിക്ക് വരുമ്പോൾ നമ്മുടെ സതീശൻ അവർ പണ്ട് ഇരുന്ന സ്ഥലത്ത് ഇരിക്കുന്നത് കണ്ടു... " ശിവൻ സജീവവും സതീശനും സംസാരിച്ച കാര്യങ്ങൾ പറഞ്ഞു... " "അപ്പോൾ നീ പറഞ്ഞതത്രയും ശരിയാണല്ലേ.... എന്തൊരു മാറ്റമാണ് അവന് വന്നത്... സജീവൻ പറഞ്ഞത് നോക്കുകയാണെങ്കിൽ സതീശൻ മയൂഖയുടെ കാര്യത്തിൽ ഒരു തീരുമാനമാക്കിയിട്ടേ അടങ്ങിയിരിക്കൂ എന്നാണ് തോന്നുന്നത്... നീയേതായാലും അവനെയൊന്ന് വിളിക്ക്... എന്താണ് അവന്റെ നീക്കമെന്നറിയണമല്ലോ... " ഏയ്... അതു വേണ്ട... അവൻ അവന്റെ രീതിയിൽ നോക്കട്ടെ... നമുക്ക് കിഷോർ പറയുന്നതുപോലെ നീങ്ങാം...

" അതല്ല ശിവാ... അവനെ നമുക്കൊപ്പം നിർത്തിയാൽ ആ മോഹനന്റേയും അയാളുടെ ഏട്ടന്റേയും നീക്കങ്ങൾ നമുക്ക് മനസ്സിലാക്കാമല്ലോ... " നീ പറയുന്നതിലും കാര്യമുണ്ട്... ഏതായാലും ഞാനൊന്ന് കിഷോറിനെ വിളിക്കട്ടെ അവന്റെ തീരുമാനവും അറിയണമല്ലോ..." ശിവൻ ഫോണെടുത്ത് കിഷോറിനെ വിളിച്ച് ഇന്ന് രാവിലെ സതീശൻ വീട്ടിൽവന്നതും സജീവൻ വിളിച്ചുപറഞ്ഞ കാര്യങ്ങളും അവനോട് പറഞ്ഞു... "അതുകൊള്ളാമല്ലോ ശിവാ... നീ അവനെ വിളിക്ക്... എന്നിട്ട് വൈകീട്ട് അവനെ കാണണമെന്ന് പറയ്... എവിടെയാണ് അവന് സൌകര്യമെന്നുവച്ചാൽ അവിടെ... അവന്റെ ഈ മാറ്റം നമുക്കുവേണ്ടി ദൈവം തന്ന ഒരു കച്ചിത്തുരുമ്പാണ്... അവനെ വച്ച് നമ്മൾ കളിച്ചാൽ ഉറപ്പായും വിജയം നമുക്കനുകൂലമാകും... അതെനിക്കുറപ്പുണ്ട്.... " എന്നാൽ ഞാനവനെ വിളിച്ച് കാര്യങ്ങൾ പറയാം... അവൻ നമ്മുടെ കൂടെ നിൽക്കുമോയെന്നാണ് എനിക്ക് സംശയം.... " "അവിടെയാണ് നിന്റെ മിടുക്ക് കാണിക്കേണ്ടത്... എങ്ങനെയെങ്കിലും അവനെ നമ്മുടെ വരുതിയിൽ നിർത്തണം... ഇതുപോലൊരു അവസരം ഇനി നമുക്ക് കിട്ടില്ല...

" ഞാൻ ശ്രമിച്ചുനോക്കട്ടെ ഏതായാലും വൈകീട്ട് കാണാം... ഇന്ന് കുറച്ചു നേരത്തേ ഇറങ്ങാം ഞാൻ..... " ശിവൻ ഫോൺ കട്ടുചെയ്തു... "ഇപ്പോൾ ഞാൻ പറഞ്ഞതുപോലെ ആയില്ലേ... " നീയാരാ മോൻ... കൊറച്ചൊക്കെ ഓളം വന്നുതുടങ്ങി നിന്റെ തലക്ക്... അല്പം കാര്യപ്രാപ്തിയൊക്കെ വന്നുതുടങ്ങിയിട്ടുണ്ട്.... " ഇതൊക്കെ എന്ത്... ഇതിലും വലുതൊക്കെ വരാൻ കിടക്കുന്നതല്ലേയുള്ളൂ... നീയേതായാലും അവനെ വിളിച്ച് കാര്യങ്ങൾ പറയ്... ശിവൻ സതീശനെ വിളിച്ച് വൈകീട്ട് അത്യാവശ്യമായി കാണണമെന്ന് പറഞ്ഞു... അവൻ വൈകീട്ട് കവലയിലുണ്ടാകുമെന്നും പറഞ്ഞു... ആ കാര്യം കിഷോറിനെ അറിയിച്ചു ശിവൻ... അന്ന് നേരത്തെ ഓഫീസിൽനിന്നിറങ്ങിയ ശിവൻ ആദ്യം ആദുയുടെ കൂടെ കീർത്തിയേയും മയൂഖയേയും കോളേജിൽനിന്നും വീട്ടിലേക്ക് ആക്കിയതിനുശേഷം സതീശൻ പറഞ്ഞ സ്ഥലത്തേക്ക് പുറപ്പെട്ടു.... പോകുന്ന വഴി കിഷോറും അവരുടെ കൂടെ കൂടി... അവർ ചെല്ലുമ്പോൾ സതീശൻ ആ പോസ്റ്റിന് മേൽ ഇരിക്കുന്നുണ്ടായിരുന്നു...

ശിവന്റേയും ആദിയുടേയും കൂടെ കിഷോറിനെ കണ്ടപ്പോൾ അവനവന്നു സംശയിച്ചു.... " എന്താ സാറേ... ഞാൻ ഇവരോട് പറഞ്ഞത് വിശ്വാസമായില്ലേ... ഞാൻ പഴയതെല്ലാം നിർത്തി സാറേ... വിശ്വാസമില്ലെങ്കിൽ നിങ്ങൾക്കെന്നെ കൊണ്ടുപോകാം പക്ഷേ ഇപ്പോഴല്ല... എനിക്ക് ചില കാര്യങ്ങൾ ചെയ്തുതീർക്കാനുണ്ട്... ഒരു കണക്കിന് ഞാൻ തന്നെ വരുത്തിവച്ച ചില പ്രശ്നങ്ങൾക്കുള്ള പ്രായശ്ചിത്തമാണെന്ന് കരുതിക്കോളൂ... അതുകഴിഞ്ഞാൽ സാറ് എവിടെയാണെന്നു വച്ചാൽ അവിടെ വരാം ഞാൻ... സതീശാ... നിന്നെ പൊക്കാനോ നീ പറഞ്ഞത് വിശ്വാസമില്ലാഞ്ഞിട്ടോ അല്ല നിന്നെ തേടി വന്നത്... നീ ഇപ്പോൾ പറഞ്ഞില്ലേ നീമൂലം സംഭവിച്ച ചില പ്രശ്നങ്ങളുടെ പ്രായശ്ചിത്തത്തിന്റെ കാര്യം... അതുതന്നെയാണ് ഞങ്ങൾക്കും വേണ്ടത്... അതിനുവേണ്ടി ഇപ്പോൾ നീ മാത്രമേ ഞങ്ങളെ സഹായിക്കാനുള്ളൂ... നീ സഹായിക്കണമെന്ന് പറയാനാണ് ഞങ്ങൾ നിന്നെ കാണമെന്ന് പറഞ്ഞത്... " കിഷോർ പറഞ്ഞു "മനസ്സിലായില്ല... എന്താണ് നിങ്ങൾ ഉദ്ദേശിക്കുന്നത്... " സതീശൻ സംശയത്തോടെ ചോദിച്ചു...

നീ ആർക്കുവേണ്ടിയാണോ അന്ന് ആ പ്രശ്നങ്ങളുണ്ടാക്കിയത് അവരുടെ കാര്യമാണ് പറഞ്ഞത്... ആ മോഹനനും അവന്റെ ചേട്ടനും... ഇന്ന് മയൂഖയുടെ ജീവൻ തന്നെ അവരുടെ കയ്യിലാണ്... ഏതുനിമിഷവും അവരുടെ ഒരാക്രമണം പ്രതീക്ഷിക്കാം.... അവളുടെ അച്ഛന്റെ സ്വത്തിനുവേണ്ടി ഒരു കേസ് കോടതിൽ സമർപ്പിച്ചിട്ടുണ്ട്... അന്നേരം ചിലപ്പോൾ അവർ മയൂഖ ആ സ്വത്തിന്റെ അവകാശിയല്ല എന്നു വരുത്തി തീർക്കും.... ആ ഗണേശന്റെ മകളാണെന്ന് തെളിയിക്കാൻ ഒരു തെളിവു പോലും ഇപ്പോൾ അവശേഷിക്കുന്നില്ല... അന്നേരം നീ രാവിലെ പറഞ്ഞത് സത്യമാണെങ്കിൽ അവളെ രക്ഷിക്കാനും അവളുടെ സ്വത്തുക്കൾ അവൾക്ക് കിട്ടാനും നീ ഞങ്ങളെ സഹായിക്കുമെന്ന് വിശ്വാസത്തിലാണ് ഞങ്ങൾ വന്നത്... എന്താ നീ സഹായിക്കില്ലേ.... " കിഷോർ ചോദിച്ചു.... "അപ്പോൾ പഴയ ഒരു ക്രിമിനലും മദ്യപാനിയായ എന്നെക്കൊണ്ടും പോലീസിന് ഉപകാരം വേണം.... നിങ്ങൾ ഇത് പറഞ്ഞില്ലെങ്കിലും അവൾക്കവകാശപ്പെട്ട സ്വത്ത് ഞാൻ അവൾക്ക് വാങ്ങിച്ചു കൊടുക്കും...

അല്പം ചീപ്പ് പരിപാടിയിലൂടെ യായെന്നിരിക്കും... എന്തായാലും നിങ്ങളും ഞാനും ഒരേ ലക്ഷ്യത്തിനായാണ് മുന്നോട്ടുപോകുന്നതെങ്കിൽ നമ്മുക്കൊരിമിച്ചുകൂടാം... പക്ഷേ എന്റെ വഴി ചിലപ്പോൾ നിങ്ങൾക്ക് ദഹിച്ചെന്നുവരില്ല... അതിനൊക്കെ സമ്മതമാണെങ്കിൽ ഞാൻ കൂടെ നിൽക്കാം... അതല്ലാ മറിച്ചൊരഭിപ്രായമാണെങ്കിൽ നമ്മൾ തമ്മിൽ ഇങ്ങനെയൊരു സംസാരമുണ്ടായില്ലെന്ന് കരുതി വന്ന വഴിയേ നിങ്ങൾക്ക് പോകാം... " "സതീശാ.. എല്ലാത്തിനും ഞങ്ങൾക്ക് സമ്മതമാണ്... പക്ഷേ നമ്മൾ നീങ്ങുന്നത് ഒരേ ലക്ഷ്യത്തിലേക്കാണെങ്കിൽ ഓരോരുത്തരും ചെയ്യുന്ന കാര്യങ്ങൾ എല്ലാവരുമായി ചർച്ചനടത്തിയിട്ടായിരിക്കണം... ഇല്ലെങ്കിൽ അത് നമുക്ക് പരാജയം മാത്രമേ ഉണ്ടാക്കൂ.... " എനിക്കതറിയാം... പക്ഷേ എന്റെ മനസ്സിൽ അപ്പപ്പോൾ തോന്നുന്നതെന്താണോ അതേ ഞാൻ ചെയ്യൂ... അത് നിങ്ങളെ അറിയിച്ചിട്ടേ ചെയ്യൂ... അവിടെ നിങ്ങളുടെ സമ്മതം എനിക്കാവിശ്യമില്ല "അത് നിന്റെ ഇഷ്ടം... " "ഇത്രയും കാലം ആർക്കൊക്കെ വേണ്ടി ഓരോന്ന് ചെയ്തുകൂട്ടിയവനാണ് ഞാൻ....

അന്നെനിക്ക് പണമായിരുന്നു മുഖ്യം... എന്നാലെനിക്ക് ഇപ്പോൾ മനസ്സിലായി സ്നേഹത്തിനേക്കാളും വലിയ പണം വേറൊന്നുമില്ലെന്ന്... എന്റെ ജീവിതത്തിലിതുവരെ ആർക്കുമൊരു നല്ല കാര്യം ചെയ്തിട്ടില്ല ഞാൻ... ഇനിയുള്ള കാലം കഴിയുന്നതും നല്ലകാര്യങ്ങൾ ചെയ്യണമെന്ന് എനിക്കുണ്ട്... ആരുടെ മുന്നിലും നല്ലപിള്ള ചമയാനൊന്നുമല്ല... എന്റെ മനസ്സാക്ഷിക്കു വേണ്ടിയെങ്കിലും എനിക്കത് ചെയ്യണം... " "സതീശാ ഇപ്പോഴാണ് നീയൊരു മനുഷ്യനായത്... ഇന്ന് രാവിലെ സജീവൻ വിളിച്ച് നീ അവനോട് പറഞ്ഞ കാര്യങ്ങൾ ഞങ്ങളോട് പറഞ്ഞപ്പോഴും നിന്നെ പൂർണ്ണമായി വിശ്വസിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിരുന്നില്ല... എന്നാലിപ്പോൾ നിന്നിലെ മാറ്റം... മറ്റുള്ളവരോട് ഇത്രയും കാലം തോന്നാതിരുന്ന സ്നേഹവും ബഹുമാനവും.. നിന്നെയൊരു വലിയ മനുഷ്യനാക്കിയിരിക്കുകയാണ്...

സജീവൻ നിന്നോട് പറഞ്ഞിരുന്നില്ലേ അവൻ എന്തിനും നിന്റെകൂടെ നിൽക്കുമെന്നത്... അത് പൂർണ്ണമായി വിശ്വസിക്കാം... അവനുണ്ടാകും നിന്റെ കൂടെ... നീ നിന്റെ രീതിയിൽ മുന്നോട്ട് പോ.. ഞങ്ങൾ നിയമത്തിന്റെ രീതിയിലും പോകാം... പക്ഷേ എല്ലാം നമ്മൾ പരസ്പരം അറിഞ്ഞിട്ടുവേണം ചെയ്യാൻ... " ശിവൻ പറഞ്ഞു... "എന്നെ നിങ്ങൾക്ക് പൂർണ്ണമായി വിശ്വസിക്കാം... എത്ര നെറികെട്ടവനായാലും ഒരിക്കൽ പറഞ്ഞ വാക്ക്മാറ്റിപറയുന്ന ശീലം ഈ സതീശനില്ല... അങ്ങനെയൊന്നുണ്ടാവണമെങ്കിൽ ഈ സതീശന്റെ തല മണ്ണിൽ കുത്തും... " സതീശൻ പറഞ്ഞുനിർത്തിയതും അവന്റെ ഫോണടിച്ചു.... അവൻ ഫോണെടുത്തുനോക്കി... "മോഹനനൻ" അവന്റെ നാവിൽ നിന്നും ആ പേര് പുറത്തുവന്നു.........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story