ശിവമയൂഖം: ഭാഗം 35

shivamayoogam

രചന: രാജേഷ് വള്ളിക്കുന്ന്‌

"ചിലപ്പോൾ അങ്ങനേയും വരാം... " ഇതും പറഞ്ഞ് വിശ്വനാഥമേനോൻ ചിരിച്ചുകൊണ്ട് പെട്ടന്ന് അവിടെനിന്നും ഉമ്മറത്തേക്ക് നടന്നു... അപ്പോഴേക്കും ശിവന്റെ കാറ് മുറ്റത്ത് വന്നുനിന്നു... അവൻ കാറിൽ നിന്നിറങ്ങി.... "എന്തായെടാ പോയ കാര്യം... " അകത്തേക്കൊന്ന് പാളിനോക്കിയതിനുശേഷം വിശ്വനാഥമേനോൻ ചോദിച്ചു.... "ഈ ശിവൻ വിചാരിച്ചാൽ നടക്കാത്ത കാര്യമുണ്ടോ... എല്ലാം നമുക്കനുകൂലമായിട്ടാണ് വരുന്നത്... എന്നാലും സതീശനെ പൂർണ്ണമായി ഉൾക്കൊള്ളേണ്ട... ഞങ്ങൾ അവിടെ നിൽക്കുമ്പോൾ ആ മോഹനൻ സതീശനെ വിളിച്ചിരുന്നു... നമ്മുടെകൂടെ നിന്ന് നമ്മുടെ നീക്കങ്ങൾ അവർക്ക് പറഞ്ഞുകൊടുത്താൽ അന്നവന് കൊടുക്കാമെന്നേറ്റ പണത്തിന്റെ ഇരട്ടിത്തുക കൊടുക്കാമെന്ന് പറഞ്ഞിട്ടുണ്ട്.... പണമാണല്ലോ എല്ലാവരേയും ക്രൂരനാക്കുന്നത്... ഇനി അതിനുവേണ്ടി അവൻ വീണ്ടും മനസ്സ് മാറ്റുമോ എന്നാണ് പേടി... ഏതായാലും ഇപ്പോഴത്തെ കണ്ടീഷനിൽ അവൻ നമ്മളെ സഹായിക്കാമെന്നേറ്റിട്ടുണ്ട്... ബാക്കി നമുക്ക് വരുന്നേടത്തുവച്ച് കാണാം... "

"എന്തൊക്കെ വന്നാലും അവസാനത്തെ വിജയം സത്യത്തിനോടൊപ്പമായിരിക്കും... നീയേതായാലും ഈ കാര്യം അകത്തുള്ളവരോട് പറയേണ്ട.... നീ ആദിയേയും കൂട്ടി പോയത് എന്തിനാണെന്ന് ചർച്ച യായിരുന്നു ഇതുവരെ... ഞാൻ പറഞ്ഞു എന്നോട് പറഞ്ഞിട്ടില്ലെന്ന്... മറ്റെന്തെങ്കിലും കളവ് പറഞ്ഞാൽ മതി... " "അത് ഞാൻ നോക്കിക്കോളാം... ഇത് നല്ലരീതിയിൽ അവസാനിക്കുന്നതുവരെ അവരറിയില്ല... പിന്നെ മയൂഖയോട് കുറച്ചു കാര്യങ്ങൾ പറയേണ്ടതുണ്ട്... അവളാണല്ലോ ഇതിലെ ഇര... " "അതു ശരിയാണ് പക്ഷേ അവളെ ടെൻഷനടിപ്പിക്കുന്നതൊന്നും പറയേണ്ട... നീ അകത്തേക്ക് ചെല്ല്... നമ്മളിവിടെനിന്ന് സംസാരിക്കുന്നത് കണ്ടാൽ അവർക്ക് കൂടുതൽ സംശയങ്ങൾ ഉണ്ടാവുകയേയുള്ളൂ... " ശിവൻ അകത്തേക്ക് നടന്നു... "എവിടെയായിരുന്നെടാ നീ.. ഇവരെ ഇവിടെയാക്കി ആദിയേയും കൂട്ടി പോയതാണല്ലോ നീ... " ലക്ഷ്മി ചോദിച്ചു... "ഞാൻ ആദിയെ കൊണ്ടുചെന്നാക്കാൻ പോയതാണ്... പിന്നെ കിഷോറിനെ കാണാനുമൊന്ന് പോയി...

നമ്മുടെ കാര്യത്തിന്റെ അവസ്ഥയെന്തായെന്ന് അറിയാമെന്ന് കരുതി... " "എന്നിട്ടെന്തായി... എല്ലാം നമുക്കനുകൂലമാകുമോ... " "പറയാറായിട്ടില്ല അവർ പല കളികളും കളിച്ചുനോക്കും... എന്നാലും അവസാന വിജയം നമ്മുടേതാകും അതെനിക്കുറപ്പുണ്ട്... " "ഏതായാലും അവരെ അങ്ങനെ വിടരുത്... എന്തു വിലകൊടുത്തും ഇവളുടെ അവകാശം പിടിച്ചുവാങ്ങിക്കണം... എന്നു കരുതി കയ്യാംങ്കളിയോടെ നേടണമെന്നല്ല... നിയമത്തിന്റെ വഴിയിലൂടെ വേണം അവരെ നേരിടാൻ..... " ലക്ഷ്മി പറഞ്ഞു.... വേണ്ട ആന്റീ... എനിക്കൊന്നും വേണ്ട... ആ സ്വത്താണ് പ്രശ്നമെങ്കിൽ അത് അവരെടുത്തോട്ടെ... എവിടെ വേണമെങ്കിലും ഞാൻ ഒപ്പിട്ടു കൊടുക്കാം.... " മയൂഖ പറഞ്ഞു... "അതുപറ്റില്ല മയൂഖേ... അവരുടെ സ്വത്തിന്റെ നേർ പകുതി വേണമെന്നല്ലല്ലോ പറയുന്നത്... നിന്റെ അച്ഛന്റെ സ്വത്തല്ലേ... നിനക്കവകാശപ്പെട്ടത് നിനക്കു തന്നെ ലഭിക്കണം... അവിടെ ആരും തടസം നിന്നാലും അത് തട്ടി മാറ്റണം... ആ ഒരു സ്വത്തിന്റെ പേരിലാണ് അന്ന് സതീശനെക്കൊണ്ട് എല്ലാ പ്രശ്നവുമുണ്ടാക്കിയത്...

അതുമൂലം ഉണ്ണിയങ്കിളിനേയാണ് നമുക്ക് നഷ്ടമായത്... അതങ്ങനെ മറക്കാൻ പറ്റുന്ന ഒന്നാണോ... എന്തു വിലകൊടുത്തും നമ്മൾ അത് നേടിയെടുക്കണം... " എനിക്കെന്തോ പേടിപോലെ... അന്ന് സതീശ്ശേട്ടൻ പ്രശ്നമുണ്ടാക്കിവന്നപ്പോഴും അച്ഛൻ സ്വയം ജീവനെടുത്തപ്പോഴും ഇതുപോലെ മനസ്സിനൊരു പേടി വന്നിരുന്നു... എന്തോ വലിയൊരു പ്രശ്നം നമ്മൾക്കെതിരെ വരുന്നതു പോലെ... " ഒന്നുമുണ്ടാവില്ല മയൂഖേ... ഇപ്പോൾ ഞങ്ങളെല്ലാവരും നിനക്കൊപ്പമില്ലേ... ഞാനും ആദിയും അച്ഛനും കിഷോറും എല്ലാവരുമുണ്ട്... പിന്നെ സതീശൻ ഇവിടെ വന്ന് പറഞ്ഞത് ആത്മാർത്ഥതയോടെയാണെങ്കിൽ അവനുമുണ്ടാകും നിന്റെ കൂടെ... നന്റെ ഈ പ്രതീക്ഷയില്ലായ്മ മാറ്റിവച്ച് പോസിറ്റീവായി ചിന്തിക്ക്... നമുക്ക് വിജയമേയുണ്ടാകൂ... ഞാനൊന്ന് ഫ്രഷായി വരാം.. എനിക്കുള്ള ചായ. എടുത്തുവച്ചേക്ക്... " അവൻ മുകളിലേക്ക് കയറിപ്പോയി... തന്റെ മുറിയിലെത്തിയ ശിവൻ ഡ്രസ്സെല്ലാം മാറ്റി ഒരു ടവ്വലുടുത്ത് ബാത്രൂമിലേക്ക് കയറി... ശിവനുള്ള ചായ ലക്ഷ്മി മേശപ്പുറത്ത് വച്ച് അടച്ചുവക്കുമ്പോൾ മയൂഖ അത് വാങ്ങിച്ചു...

ഞാൻ കൊണ്ടുപോയി കൊടുക്കാം... ഇവിടെ വന്നിട്ട് ഇത്രനാളായിട്ടും ശിവേട്ടന്റെ മുറിയിലേക്കൊന്ന് കയറിയിട്ടില്ല... കീർത്തി പലതവണ വിളിച്ചപ്പോഴും എന്തോ ഒരു പേടിയായിരുന്നു എനിക്ക്... മുകളിൽ എല്ലാ മുറിയിലും ഞാൻ പോയിട്ടുണ്ട് എന്നാൽ ശിവേട്ടന്റെ മുറിയുടെ മുന്നിലെത്തി യാൽ കാല് പിന്നോട്ട് വലിക്കുന്നതു പോലെയാണ്... " "എന്നാൽ നീ പോയി ചായ കൊടുക്ക്... എന്നായാലും ഒരിക്കലും നിന്റേയുംകൂടി മുറിയാണല്ലോ.. അപ്പോൾപ്പിന്നെ അവിടെ കയറുന്നതെന്തിനാണ് പേടി... നീ പോയിട്ടുവാ മോളേ... നീ ചായയുമായി മുറിയിലേക്ക് വരുന്നത് കണ്ടാൽ അവന് നല്ല സന്തോഷമാകും..." ലക്ഷ്മി മയൂഖയെ അവന്റെ മുറിയിലേക്ക് പറഞ്ഞയച്ചു.... മുകളിലേക്കുള്ള കോണിപ്പടികൾ ഓരോന്നു കയറുമ്പോഴും അവളുടെ കാലുകൾ വിറക്കുന്നുണ്ടായിരുന്നു... എന്നാലും പടികൾ കയറി ശിവന്റെ റൂമിനടുത്തെത്തി... വാതിൽ ചാരിയിട്ടേയുണ്ടായിരുന്നു... അവൾ പതുക്കെ ആ മുറിയിലേക്ക് വലതുകാൽ വച്ച് കയറി... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

അതേസമയം മോഹനനും ഭരതനും മുറ്റത്ത് കസേരയിട്ട് ഇരിക്കുകയായിരുന്നു... എടാ സതീശൻ വിളി ക്കുമെന്ന് നിനക്ക് ഉറപ്പുണ്ടോ... ഇനി അഥവാ നീ പറഞ്ഞതുപോലെ അവനെ പഴയതുപോലെ നമ്മുടെ വരുതിയിൽ കിട്ടില്ലെന്നുണ്ടോ... " "അത് ഞാനും ആലോചിക്കായ്കയില്ല... അവനൊന്ന് ആലോചിക്കണമെന്നാണ് പറഞ്ഞത്... ഇനി നമ്മൾ കൊടുക്കാമെന്നേറ്റ തുക അവന് പോരാതെ വരുമോ... " എടാ ഇതുതന്നെ അവൻ ജീവിതത്തിലിതുവരേയും നേരിൽ കണ്ടിട്ടുണ്ടാകില്ല... അതൊന്നുമല്ല പ്രശ്നം... ഏതായാലും ഇന്നവന്റെ വിളി വന്നില്ലെങ്കിൽ നീ നാളെ അവനെയൊന്ന് പോയി കാണണം... ചിലപ്പോൾ നമ്മൾ നേരിട്ട് അവനെ കണ്ടാൽ അവൻ നമ്മുടെ വഴിയിലേക്ക് വരുമായിരിക്കും... " ഭരതൻ പറഞ്ഞു അത് ഞാനവനെ പോയി കണ്ടോളാം... അഥവാ അവൻ വിളിച്ചാൽ അത്ര ദൂരം പോകേണ്ടല്ലോ എന്തായാലും നാളെ ഏട്ടന്റെ വണ്ടി ഞാനെടുക്കും... എന്റെ വണ്ടിക്കെന്തോ സ്റ്റാർട്ടിങ് പോബ്ലം.... ആ മെക്കാനിക്കിനെ വിളിച്ചൊന്ന് കാണിക്കണം... " "അത് പ്രശ്നമുള്ള കാര്യമല്ല... വണ്ടിയൊന്ന് കഴുകിയിട്ടേക്ക്.... " എന്നാൽ എല്ലാം കേട്ട് ഗീത അവരിരിക്കുന്നതിന് അടുത്തായി അവർ കാണാത്തവിധം നിൽപ്പുണ്ടായിരുന്നു... അവൾ അവിടെനിന്നും ആരും കാണാതെ അടുക്കളയിലേക്ക് നടന്നു...

അവിടെ വിമല രാവിലേക്കുള്ള അരിമാവ് മിക്സിയിൽ അരക്കുന്ന പണിയിലായിരുന്നു.... "വിമലേച്ചി... അവിടെ വീണ്ടും പടയൊരുക്കം നടക്കുകയാണല്ലോ... " "എന്ത് പടയൊരുക്കം... " വിമല മിക്സി ഓഫ്ചെയ്തതിനുശേഷം ചോദിച്ചു... ആ സതീശനെ വീണ്ടും ഇവരുടെ വശത്താക്കാനാണ് പരിപാടി... അത് നടക്കുമോ എന്നറിയില്ല... ഏതായാലും ഗണേശേട്ടന്റെ സ്വത്ത് കൈവിടാതിരിക്കാൻ അവർ പല കളിയും കളിക്കുന്നുണ്ട്... " നിയമപരമായി എന്തു വേണമെങ്കിലും ചെയ്തോട്ടെ... ആ പെണ്ണിന് അത് അനുഭവിക്കാനുള്ള യോഗമുണ്ടെങ്കിൽ അവൾക്കത് കിട്ടും... പക്ഷേ സതീശനെ എന്തിനാണ് അവർ വീണ്ടും കൂട്ടു പിടിക്കുന്നത്... അവൻ ആ അപകടത്തോടെ നന്നായെന്നല്ലേ അന്ന് ശാന്തമ്മക്ക് ഇവരുടെ അടുത്തുനിന്നും അറിയാൻ കഴിഞ്ഞത്... ഇതിലെന്തോ പന്തികേടുണ്ട്... സതീശനും ആ വിശ്വനാഥമേനോന്റെ മകനും ആ പോലീസുകാരനും ഒന്നിച്ചുള്ള വല്ല കളിയുമാണെങ്കിൽ നമ്മുടെ കെട്ട്യോന്മാരുടെ കാര്യം പോക്കാണ്... ഒരു കണക്കിന് ചെറിയൊരു ശിക്ഷ ഇവർക്കും അത്യാവശ്യമാണ്...

ആ പെണ്ണിനേയും കുടുംബത്തേയും കുറച്ചൊന്നുമല്ല ഇവർ ദ്രോഹിച്ചത്... സ്വന്തം അച്ഛനല്ലെങ്കിലും അവളെ വളർത്തി വലുതാക്കിയ ആ മനുഷ്യന്റെ മരണത്തിന് കാരണക്കാർ ഇവരെല്ലേ... ഏതായാലും നമുക്കു നോക്കാം..." വിമല വീണ്ടും മിക്സി ഓണാക്കി.... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ ശിവന്റെ മുറിയിലേക്ക് കയറിയ അവൾ ചുറ്റുമൊന്ന് നോക്കി... അവനെ അവിടെയൊന്നും കാണുന്നില്ലായിരുന്നു... ബാത്രൂമിൽനിന്നും വെളളം വീഴുന്ന ശബ്ദം കേട്ടപ്പോൾ അവൾക്ക് മനസ്സിലായി ആള് അവിടെയുണ്ടെന്ന്... അവൾ ആ മുറിയാകെയൊന്നുനോക്കി... നല്ല ചിട്ടയോടെയാണ് ആ മുറി കൊണ്ടുനടക്കുന്നതെന്ന് അവൾക്ക് മനസ്സിലായി... അവൾ ചായ അവിടെയുണ്ടായിരുന്ന മേശപ്പുറത്ത് വച്ചു... തിരിഞ്ഞു നടക്കാൻ തുനിയുമ്പോഴാണ്... മേശപ്പുറത്തിരിക്കുന്ന ഡയറി കണ്ടത്.... അരുതെന്ന് അവളുടെ മനസ്സ് പല തവണ ഉരുവിട്ടെങ്കിലും അവൾ ആ ഡയറി കയ്യിലെടുത്തു... അവൾ ആ ഡയറി തുറന്നു നോക്കി... ആദ്യ പേജിൽ അതിമനോഹരമായ ഡിസൈനിൽ ശിവനാഥ് എന്നെഴുതിയതവൾ വായിച്ചു... അടുത്ത പേജ് മറച്ചു നോക്കി...

അതിലെഴുതിയതും അവൾ വായിച്ചു.... *** എന്റെ പതിനെട്ടാമത്തെ വയസ്സിലായിരുന്നു എനിക്ക് ഒരു മുറപ്പെണ്ണുള്ള കാര്യം അച്ഛനിൽ നിന്നും ഞാനറിഞ്ഞത്... അവളെ താൻ കാണാൻ ശ്രമിക്കരുതെന്നും... ഒരിക്കലും അവൾ ഈ വീട്ടിലെ കുട്ടിയാണെന്നും അവളറിയരുതെന്നും അന്നച്ഛൻ എന്നെക്കൊണ്ട് സത്യം ചെയ്യിച്ചു... അവളുടെ ചെറുപ്രായത്തിലെ ഒരു ഫോട്ടോയും അച്ഛനെനിക്കു തന്നു... എന്നാൽ ഇന്നെനിക്ക് ഇരുപത്തിയെട്ട് വയസ്സായി... അന്നുമുതൽ ഇന്നുവരേയുമുള്ള പത്ത് വർഷക്കാലം അവളെ കാണണമെന്ന മോഹം എന്നിൽ കൂടുതൽ വളർത്തുകയാണ് ചെയ്തത്... അത് വളർന്ന് ഇതുവരേയും കാണാത്ത അവളോട് എനിക്ക് പ്രണയം മൊട്ടിട്ടു... പിന്നെ എനിക്ക് ക്ഷമിക്കാൻ പറ്റിയിരുന്നില്ല... അവളാരാണെന്നറിയാതെ ഞാൻ അവളേയും തേടി നടന്നു... അവസാനം എന്നിലെ പ്രിയ രാജകുമാരിയെ ഞാൻ തിരിച്ചറിഞ്ഞു... ഇന്നെനിക്ക് ഏറ്റവും പ്രിയപ്പെട്ട ദിവസമായിരുന്നു... അവളെ ആദ്യമായി കണ്ട ദിവസമാണ് ഇന്ന്... എന്റെ സ്വന്തം മുറപ്പെണ്ണിനെ... എന്റെ മയൂഖയെ.........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story