ശിവമയൂഖം: ഭാഗം 47

shivamayoogam

രചന: രാജേഷ് വള്ളിക്കുന്ന്‌

"എന്നാൽ ഈ രണ്ടു ദിവസം തന്നെ ധാരാളം... നിങ്ങളുടെ ഏട്ടനെ ഒതുക്കുന്ന കാര്യം ഞാനേറ്റു... " ഈ സമയം ഭരതൻ തന്റെ വക്കീലിനെ വിളിച്ച് എന്തോ നുണകൾ പറഞ്ഞ് കൊടുത്ത കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ടു.. അയാൾക്ക് അയാളുടെ മുഴുവൻ ഫീസും കൊടുക്കാമെന്നും ഏറ്റു... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ മാണിശ്ശേരിയിലെ ഗെയ്റ്റുകടന്ന് ആദിയുടെ കാർ വന്ന് നിന്നപ്പോൾ ഉമ്മറത്തിരിക്കുന്ന വിശ്വനാഥമേനോൻ എഴുന്നേറ്റു... ടീവി കണ്ടിരിക്കുകയായിരുന്ന ശിവനും മയൂഖയും ലക്ഷ്മിയും ശ്യാമളയും പുറത്തേക്കുവന്നു... ചിരിയോടെ കാറിൽനിന്നും പുറത്തേക്കിറങ്ങിയ ആദിയേയും കീർത്തിയേയും കണ്ട് അവരെല്ലാവരും പരസ്പരം നോക്കി... "ഇതെന്താണ് പോകുമ്പോൾ രണ്ടിന്റേയും മുഖം ഇങ്ങനെ അല്ലായിരുന്നല്ലോ... "

ഞാൻ രാവിലെ പറഞ്ഞില്ലേ.. പെണ്ണാണ് വർഗ്ഗം... ഏതൊരുത്തനേയും വരച്ചവരയിൽ നിർത്താൻ അവൾക്ക് കഴിയും... എന്നുകരുതി എല്ലാ പെണ്ണുങ്ങളും അങ്ങനെയല്ല ട്ടോ... ഇനി അതും പറഞ്ഞെന്റെ മെക്കിട്ട്കേറാൻ വരേണ്ട... ഞാനെന്റെ മോളെ പറ്റിയാണ് പറഞ്ഞത്... " വിശ്വനാഥ മേനോൻ പറഞ്ഞു... "അച്ഛൻ വായിൽനിന്നും വീണുപോയ വാക്കിന് മുൻകൂർ ജാമ്യം എടുത്തു... ഇനിയാരും അച്ഛനെ കടിച്ചു കീറില്ലല്ലോ... " അതുകേട്ട് എല്ലാവരും ചിരിച്ചു.... "ചിരിക്കേണ്ട... മുൻകൂർജാമ്യം എടുത്തില്ലെങ്കിൽ മോനേ എന്റെ കാര്യം പോക്കാണ്.... വൈകാതെ അത് നിനക്കും മനസ്സിലാവും... " അത് വരുമ്പോഴല്ലേ... അപ്പോഴേക്കും അതിനുള്ള മറുമരുന്ന് ഞാൻ കണ്ടുപിടിക്കും... "ആ ഞാനും നീയും ഇവിടെത്തന്നെയുണ്ട്... നമുക്ക് കാണാം..."

"എന്താടി ഇത്... നീ അവനെക്കൊണ്ട് ഇതൊക്കെ വാങ്ങിപ്പിച്ച് കയ്യിലുള്ള പണമെല്ലാം തീർത്തമട്ടാണല്ലോ... ഇങ്ങനെയൊന്നും ആകരുതെന്റെ പെണ്ണേ.. ഒന്നുമില്ലെങ്കിലും ഇത്രയും വലുപ്പമായില്ലേ... അതിനുള്ള കാര്യബുദ്ധി കാണിക്കേണ്ടേ... " കീർത്തിയുടെ കയ്യിലെ കവറുകൾ കണ്ട് ലക്ഷ്മി പറഞ്ഞു "ഇതൊന്നും ഞാൻ ആവിശ്യപ്പെട്ടിട്ട് വാങ്ങിച്ചതല്ല... ആദിയേട്ടന്റെ സ്വന്തമിഷ്ടത്തിന് വാങ്ങിച്ചതാണ്... " "എങ്ങനെ വാങ്ങിക്കാതിരിക്കും അതുപോലുള്ള കാര്യമല്ലേ നീയിന്നലെ പറഞ്ഞത്... ആദിയായത് നിനക്ക് നന്നായി... ഇല്ലെങ്കിൽ കാണാമായിരുന്നു... " "അപ്പച്ചി അവളെ വഴക്കു പറയേണ്ട... അവൾ പറഞ്ഞതുകൊണ്ടൊന്നുമല്ല... ഞാൻ ഒരുപാടായി അവൾക്ക് ഇതെല്ലാം വാങ്ങിച്ചു കൊടുക്കണമെന്ന് കരുതിയിട്ട്... ഇതുപോലെ ഒരു സന്ദർഭം ഇതുവരെ കിട്ടിയില്ല... ഇപ്പോഴാണ് ഇതെല്ലാം ഒത്തുവന്നത്.... " ആദി പറഞ്ഞു... അതങ്ങനെയല്ലേ വരൂ... ചക്കിക്കൊത്ത ചങ്കരൻ തന്നെയല്ലേ നീ.....

അവൾ തുള്ളുന്നതിന് കൂട്ടുനിന്ന് അവൾ പറയുന്നത് അനുസരിച്ച് എല്ലാ കുറ്റവും ഒറ്റക്കങ്ങ് ഏൽക്കും... പണ്ടേ നിനക്കുള്ള സ്വഭാവമാണ്..." "അതുപോലെയല്ലയിത്... ഇതെല്ലാം എന്റെ സ്വന്തം ഇഷ്ടപ്രകാരം വാങ്ങിച്ചതാണ്... ഇനി ഇതിന്റെ പേരിൽ അവളുടെ മെക്കിട്ട് കയറേണ്ട... " "ഇല്ലേ കയറുന്നില്ല... ഏതായാലും അകത്തേക്ക് വാ... വല്ലതും കഴിക്കാം... " "ഞങ്ങൾ പുറത്തുനിന്നു കഴിച്ചു... " "ഓ അതും കഴിഞ്ഞോ... എന്നാൽപ്പിന്നെ രാത്രിയിലെ ഭക്ഷണം കൂടി കഴിച്ചിട്ട് പരന്നാൽ പേരായിരുന്നോ... എന്തേ നേരത്തെ പോന്നു... " "ആഗ്രഹമുണ്ടായിരുന്നു... പക്ഷേ നിങ്ങളുടെ വായിൽ നിന്ന് വരുന്നത് കേൾക്കേണ്ടല്ലോ എന്നുകരുതി നേരത്തെ പോന്നു... " "ആഹാ... എത്ര നല്ല മര്യാദയുള്ളവൻ... മറ്റുള്ളവരുടെ വാക്കുകൾ കേട്ട് ജീവിക്കുന്ന പ്രമാണി...

ഭക്ഷണം വേണ്ടെങ്കിൽ വേണ്ട... ഞാൻ ചായയെടുക്കാം... ഇനി അതും പുറത്തുനിന്ന് കുടിച്ചോ... " "അതില്ല... " "ആശ്വാസം... എന്നാൽ കയറിവാ... " ലക്ഷ്മി അകത്തേക്ക് നടന്നു... " "വല്ല കാര്യമുണ്ടായിരുന്നോ അവളുടെ വായിൽനിന്ന് ഇതെല്ലാം കേൾക്കാൻ... " വിശ്വനാഥമേനോൻ ചോദിച്ചു... "എന്തുചെയ്യാനാണ്... അമ്മാവനെപ്പോലെ മുൻകൂർ ജാമ്യമെടുക്കാൻ എനിക്കറിയില്ലല്ലോ... " "എന്താ ചെയ്യുക... വന്ന് വന്ന് ആർക്കും എന്നെ വിലയില്ലാതായി... കലികാലം തന്നെ... അല്ലാതെന്തുപറയാൻ... " അതും പറഞ്ഞ് വിശ്വനാഥ മേനോനും അകത്തേക്ക് നടന്നു... " ആദി അയാൾ പോകുന്നതും നോക്കി ചിരിച്ചുകൊണ്ട് ശിവനെ വിളിച്ച് കുറച്ചു മാറി നിന്നു... ഇതുകണ്ട് കീർത്തിക്കെന്തോ അപകടം മണത്തു... ഇനി ഏട്ടനോട് ആദിയേട്ടൻ എല്ലാ കാര്യവും പറയുമോ... ഈശ്വരാ... ആദിയേട്ടനൊന്നും പറയല്ലേ... ഏട്ടനറിഞ്ഞാൽ ആ മനസ്സ് എന്നോട് പൊറുക്കില്ല...

അവൾ അവരെ നോക്കിക്കൊണ്ട് മെല്ലെ അകത്തേക്ക് നടന്നു... കൂടെ മയൂഖയും... "ശിവാ ഞാൻ പറയുന്നത് നീ ഈ ചെവിയിൽ കൂടി കേട്ട് മറുചെവിയിൽ കൂടി വിടണം... എന്നു വച്ചാൽ മറ്റാരും ഇതറിയരുതെന്ന് എനിക്കു നീ വാക്കുതരണം... " "എന്താടാ പ്രശ്നം... നിന്റെ സംസാരം കേട്ടാൽ തോന്നല്ലോ എന്തോ വലിയ പ്രശ്നവുമായിട്ടാണ് നീ വന്നതെന്ന്.... " "പ്രശ്നമുണ്ട്... അത് പറയാം... അതിനുമുമ്പ് നീ എനിക്ക് വാക്കു തരണം... " "ശരി വാക്കു തന്നിരിക്കുന്നു... ഇനി കാര്യം പറ... " "ഞാനും കീർത്തിയും ഇവിടെനിന്നും പോയപ്പോൾ ഒരു സംഭവമുണ്ടായി... " ആദി കീർത്തി പിണങ്ങി കാറിൽ നിന്ന് പുറത്തിറങ്ങിയതും സ്പീഡിൽ വരുന്ന ലോറി ലക്ഷ്യമാക്കി പോയതും താനവളെ പിടിച്ചു മാറ്റിയതും പറഞ്ഞു... എല്ലാം കേട്ട് കുറച്ചുസമയം തരിച്ചുനിൽക്കുകയായിരുന്നു ശിവൻ..." "നിനക്കവളുടെ കരണക്കുറ്റിക്ക് ഒന്നുകൊടുത്ത് ഇവിടേക്ക് കൊണ്ടുവരാമായിരുന്നില്ലേ...

ബാക്കി ഞാൻ നോക്കുമായിരുന്നല്ലോ... " "ശിവാ... അവളെ പഴിക്കരുത്... അറിയാതെ അവളുടെ നാവിൽനിന്നും വീണുപോയ ഒരു വാക്കിന്മേൽ അവൾ അത്രക്കും വേദനിക്കുന്നുണ്ട്... കൂടെ എന്റെ ദേഷ്യപ്പെടലും നിന്നോടു പറഞ്ഞപ്പോൾ നീയും അവളെ വഴക്കു പറഞ്ഞില്ലേ അതും കൂടിയായപ്പോൾ അവൾക്ക് എന്തോ വലിയ അപരാധം ചെയ്തെന്ന തോന്നലുണ്ടായതാണ്... നീയത് ക്ഷമിച്ചുകളയണം... ഇതിന്റെ പേരിൽ അവളോട് ചോദിക്കാനോ അവളെ വഴക്കു പറയാനോ നിൽക്കരുത്... ഒന്നുമറിയാത്ത ഒരു പൊട്ടിപ്പെണ്ണാണവൾ... അവളുടെ സന്തോഷമല്ലെടാ നമുക്കേറ്റവും വലുത്... ഇപ്പോൾത്തന്നെ നിന്നെ മാറ്റി നിർത്തി സംസാരിക്കുന്നത് കണ്ട് അവളാകെ പേടിച്ചമട്ടാണ്... കുടുതൽ വേദനിപ്പിച്ചാൽ അവൾക്കത് താങ്ങാൻ പറ്റില്ല... നമ്മളോരോ ദിവസവും പത്രത്തിൽ പലതും കേൾക്കുന്നതല്ലേ... അതുകൊണ്ട് ഞാൻ പറഞ്ഞത് ഇവിടെവച്ച് മറക്കണം.. "

"എങ്ങനെ മറക്കാനാണ് നീ പറയുന്നത്... ഇത് കുട്ടിക്കളിയോ തമാശയോ ആണോ... എന്തെങ്കിലും സംഭവിച്ചാൽ എന്തു ചെയ്യും... അവളുടെ ഇഷ്ടത്തിന് എല്ലാവരും തണലായി നിന്നതു കൊണ്ടാണ് അവൾ ഇങ്ങനെയായാൽ... ചെറുപ്പം മുതലേ അവളെ കൂടുതൽ ലാളിച്ച് വഷളാക്കി... അവൾ ചെയ്യുന്നതും പറയുന്നതും ഒരു തമാശപോലെ കണ്ടു... അതിന് അവൾ നമ്മൾക്ക് തന്ന സമ്മാനമാകുമല്ലേ ഇത്...നീ പറഞ്ഞല്ലോ എല്ലാം മടക്കണമെന്ന്... മറക്കാം... എല്ലാം മറക്കാം എന്നാലുമവൾ എന്നെ ഓർത്തോ അച്ഛനേയും അമ്മയേയും ഓർത്തോ... അതെല്ലാം പോട്ടെ.. കുട്ടിക്കാലം മുതൽ ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ച നിന്നെയെങ്കിലും അവൾ ഓർത്തോ... " "നീയത് വലിയ പ്രശ്നമാക്കേണ്ട... അവൾക്ക് അപ്പോൾ തോന്നിയ ഒരു ബുദ്ധി മോശം അങ്ങനെ കണ്ടാൽ മതി... ഇതൊന്നും അറിഞ്ഞ ഭാവം നീ നടിക്കേണ്ട... കൂടുതൽ സമയം നമ്മളിവിടെ നിന്നാൽ അവർക്കൊക്കെയും സംശയമാകും...

നീ വാ... എല്ലാം പറഞ്ഞതുപോലെ... ഒരിക്കലും ആർക്കും സംശയം തോന്നരുത്... " "എന്താണവിടെ വലിയ ആഭ്യന്തര കാര്യം... ഞങ്ങൾ കേൾക്കാൻ പറ്റാത്തതാണോ.... " അവരെ കാണാതായ പ്പോൾ പുറത്തേക്കു വന്ന വിശ്വനാഥമേനോൻ വിളിച്ചുചോദിച്ചു... "ഒന്നുമില്ലമ്മാവാ... ഞങ്ങൾ സതീശൻ ഇന്ന് പോയതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു.. അതുകേട്ട് മയൂഖ പേടിക്കേണ്ടെന്ന് കരുതി... " ഉമ്മറത്തേക്ക് കയറുന്നതിനിടയിൽ ആദി പറഞ്ഞു... "അത് നല്ലതാണ്... അവളെ പറഞ്ഞിട്ട് കാര്യമില്ല... ആ സതീശനവിടെ ചെന്ന് എന്തൊക്കെ ചെയ്യുമെന്ന് ആർക്കറിയാം... അതുമൂലം നമുക്കെന്തെങ്കിലും പറ്റുമോ എന്നാണവളുടെ പേടി... " "ഒന്നുമുണ്ടാവില്ല അമ്മാവാ... സതീശൻ ഒരു കാര്യത്തിനിറങ്ങിയാൽ അത് വൃത്തിയായി ചെയ്തിട്ടേ ഒരു മടക്കമുണ്ടാവൂ... "

"ആ... എന്തൊക്കെയാണോ നടക്കുന്നതെന്ന് ദൈവത്തിനുമാത്രമറിയാം... നിങ്ങളേതായാലും അകത്തേക്ക് ചെല്ല്... " ആദിയും ശിവനും അകത്തേക്ക് നടന്നു... അപ്പോഴവിടെ ആദി കീർത്തിക്ക് വാങ്ങിയ ഡ്രസ്സും നെക്ലേസും നോക്കി അഭിപ്രായം പറയുകയായിരുന്നു... ലക്ഷ്മിയും മയൂഖയും ശ്യാമളയും..." "എന്താ ഇതുവരെ അഭിപ്രായം കഴിഞ്ഞില്ലേ... " ശിവൻ ചോദിച്ചു... കഴിഞ്ഞു... പക്ഷേ കീർത്തിക്കിത് ഇഷ്ടമായില്ല എന്നാണ് തോന്നുന്നത്... അവളുടെ മുഖത്തൊരു തെളിച്ചം കാണുന്നില്ല... " ശ്യാമള പറഞ്ഞു... "എങ്ങനെ കാണാനാണ് വന്നപ്പോൾത്തന്നെ അമ്മയുടെ കയ്യിൽനിന്നും നല്ല ചീത്തയല്ലേ കേട്ടത്... അതിന്റെ സങ്കടമാകും... ഏതായാലും നിങ്ങൾ സംസാരിക്ക് എനിക്ക് നാളത്തേക്ക് കുറച്ചു കണക്ക് ശരിയാക്കാനുണ്ട്... " അതും പറഞ്ഞ് ശിവൻ മുകളിലേക്ക് കയറിപ്പോയി... എന്നാൽ ശിവന്റെ മുഖത്തെ മാറ്റം കീർത്തിയും മയൂഖയും ശ്രദ്ധിച്ചിരുന്നു.........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story