ശിവനന്ദ: ഭാഗം 14

shivanantha

എഴുത്തുകാരി: ശീതൾ

രാജേശ്വരം എന്ന ബോർഡ് വച്ച വീട്ടിലേക്ക് കാർ കടന്നുചെന്നതും നന്ദുവിന്റെ ഞെഞ്ചിടിപ്പ് ക്രമാതീതമായി കുതിച്ചുയർന്നു.. ഒരു വലിയ പരമ്പരാഗതമായ തറവാട്..മുറ്റത്തെ കിളിച്ചുണ്ടൻമാവിൽനിന്ന് പഴുത്തുപാകമായ മാമ്പഴത്തിന്റെ ഗന്ധം നന്ദുവിന്റെ മൂക്കിലേക്ക് തുളച്ചുകയറി.. പക്ഷികളുടെ ചിലയും പുതുമണ്ണിന്റെ ഗന്ധവുമൊക്കെ നന്ദുവിൽ വല്ലാത്തൊരു പുത്തൻ ഉണർവ് സൃഷ്ടിച്ചു.. അവൾ ചെറിയൊരു വിറയലോടെ കാറിൽ നിന്നിറങ്ങി..വണ്ടിയുടെ ശബ്ദം കേട്ടപ്പോൾ തന്നെ എല്ലാവരും ഉമ്മറത്ത് എത്തിയിരുന്നു..എല്ലാവരുടെയും മുഖത്ത് ഒരുതരം പുച്ഛം ആയിരുന്നെങ്കിലും ജാനകിയും സാവിത്രിയും നന്ദുവിന് ഒരു ആശ്വാസമായിരുന്നു.. "കയറി വാ മക്കളെ...." കയ്യിൽ ആരതിയുമായി ജാനകി അമ്മായി അവരെ ക്ഷണിച്ചു...ശിവ നന്ദുവിന്റെ കയ്യും പിടിച്ച് ഉമ്മറത്തേക്ക് ചെന്നു.. ജാനകി രണ്ടുപേർക്കും ആരതി ഉഴിഞ്ഞു..നെറ്റിയിൽ ചന്ദനം ചാർത്തി..സാവിത്രി തെളിയിച്ച നിലവിളക്ക് നിറപുഞ്ചിരിയോടെ നന്ദുവിന്റെ കയ്യിൽ കൊടുത്തു..

"വലതുകാൽവച്ച് കയറി വാ മോളെ..ഇത് മോൾടെ സ്വന്തം വീട് തന്നെയാണ്..." നന്ദു നിറകണ്ണുകളോടെ ശിവയെ നോക്കി..അവൻ പുഞ്ചിരിയോടെ കയറാൻ ആംഗ്യം കാണിച്ചു..നന്ദു വലതുകാൽ വച്ച് അകത്തേക്ക് കയറി..ഇതെല്ലാം കണ്ട് നാലുപേരുടെ കണ്ണുകൾ ജ്വലിക്കുകയായിരുന്നു.. "ഈ സ്ഥലം ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ....." പെട്ടെന്ന് അങ്ങനെയൊരു അപശ്രുതി കേട്ടപ്പോൾ എല്ലാവരും തിരിഞ്ഞുനോക്കി..നോക്കുമ്പോൾ ഉണ്ണി വണ്ടിയിൽനിന്നിറങ്ങി..കൈയൊക്കെ വിരിച്ച് നിൽക്കുന്നു..ആശാൻ ഒരു ഉറക്കം ഒക്കെ കഴിഞ്ഞ് എഴുന്നേറ്റുള്ള നിൽപ്പാണ്.. "സ്ഥലം ഏതാണെന്ന് നിനക്ക് ഞാൻ പറഞ്ഞുതരാമെടാ....!!! ജയചന്ദ്രൻ ദേഷ്യത്തോടെ അവന്റെ അടുത്തേക്ക് ചെന്നു...തന്റെ അടുത്തേക്ക് പാഞ്ഞുവരുന്ന ആളെക്കണ്ട് ഉണ്ണി ഞെട്ടി ശിവയെ നോക്കി..അപ്പൊ ശിവ ഞാൻ ഈ നാട്ടുകാരൻ അല്ലെന്ന മട്ടിൽ മേലോട്ട് നോക്കി നിന്നു.. പണിതതാണല്ലേടാ ദ്രോഹി.. ഉണ്ണി മനസ്സിൽ പറഞ്ഞു..പിന്നെ നേരെ ജയചന്ദ്രന്റെ കാലിലേക്ക് വീണു.. "പുരുഷു എന്നെ അനുഗ്രഹിക്കണം..." 🤩 ഠോ....ഉണ്ണിയുടെ കരണം പുകഞ്ഞു... "നിന്നെയോക്കെ അനുഗ്രഹിച്ചിട്ടെന്ത് കാര്യമാടാ... പടിക്കാൻ വിട്ടാൽ പടിക്കണം..

അല്ലാതെ വായ്നോക്കി നടന്നാൽ നിന്നെ കോളേജിൽനിന്നല്ല വീട്ടിൽനിന്ന് തന്നെ പുറത്താക്കണം..മതി നീ പഠിച്ചത്..തൂമ്പയെടുത്ത് ആ പറമ്പിലേക്കിറങ്ങി കിളച്ചോ.. അല്ല പിന്നെ..." ജയചന്ദ്രൻ അതുംപറഞ്ഞ് അകത്തേക്ക് പോയി..ഉണ്ണി ആണെങ്കിൽ അടി കിട്ടിയ തരിപ്പ് മാറാതെ സ്റ്റക്ക് ആയി നിൽക്കുവാ.. "നിങ്ങള് കയറി വാ..അവൻ ബോധം വരുമ്പോൾ കയറി വന്നോളും.." സാവിത്രി പറഞ്ഞു.. "അനിതക്കുട്ടി ഉണ്ണിയേട്ടനെ ഒന്ന് താങ്ങി പിടിക്കടി...അടി കിട്ടി കിളി പോയി..." ഉണ്ണി നിഷ്‌കു ഭാവത്തിൽ അനിതയോട് പറഞ്ഞു.. "പിന്നെ...പോയി നിങ്ങടെ കേട്ട്യോളോട് പറ മനുഷ്യാ... ഹും പിടിക്കാൻ പറ്റിയ മുതൽ..." അനിത ചവിട്ടിത്തുള്ളിക്കൊണ്ട് അകത്തേക്ക് പോയി..ഉണ്ണി ഒരു നേടുവീർപ്പ് ഇട്ടുകൊണ്ട് അവരുടെ പുറകെ അകത്തേക്ക് കയറി... "മുത്തശ്ശി എവിടെ അമ്മായിമാരെ....??? അകത്തേക്ക് കയറിയപ്പോൾ ശിവ ചോദിച്ചു.. "ഹാ...മുറിയിലുണ്ട്..രാവിലെ അമ്പലത്തിൽ പോയി വന്നപ്പോൾ മുറിയിലേക്ക് കയറിയതാണ്..." സാവിത്രി "നിങ്ങള് ചെല്ലൂ..അമ്മയെ കണ്ടിട്ട് വാ..ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം.

." ജാനകി "വാ..നന്ദു......'" ശിവ നന്ദുവിനെ കൂട്ടി മുത്തശ്ശിയുടെ മുറി ലക്ഷ്യമാക്കി നടന്നു.. നന്ദു അവന്റെ കൂടെ നടന്നു..അവൾ എല്ലാം സസൂക്ഷ്മം നിരീക്ഷിക്കുകയായിരുന്നു...ഒരു മുറിയുടെ മുൻപിൽ എത്തിയപ്പോൾ ശിവ നന്ദുവിനെ നോക്കി മിണ്ടല്ലേ എന്ന് ആഗ്യം കാണിച്ചു..അവൾ തലകുലുക്കി..ശിവ പതിയെ ആ മുറിയുടെ വാതിൽ തുറന്നു...നന്ദു നോക്കിയപ്പോൾ സെറ്റ് സാരിയൊക്കെ ഉടുത്ത് ഒരു സ്ത്രീ ബെഡിൽ കിടക്കുന്നു.. ശിവ പതിയെ പോയി അവരുടെ അടുത്ത് ബെഡിൽ പോയി ഇരുന്നു...ഠോ...ശിവ ഉറക്കെ ശബ്ദം ഉണ്ടാക്കിയപ്പോൾ അവർ പേടിച്ച് എഴുന്നേറ്റു.. "എന്റെ കൃഷ്ണാ..........." അവർ ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ ശിവ ഇളിച്ചോണ്ട് ബെഡിൽ ഇരിക്കുന്നു..നന്ദു ഇപ്പോഴും പുറത്തുതന്നെ നിൽക്കുകയാണ്... "ഹഹ...രാജേശ്വരി പേടിച്ചുപോയോ...??? ശിവ ചിരിച്ചുകൊണ്ട് ചോദിച്ചു..മുത്തശ്ശി അവന്റെ ചെവി പിടിച്ചുതിരിച്ചു.. "കുരുത്തംകെട്ടവനെ... മനുഷ്യന്റെ നല്ല ജീവൻ അങ്ങ് പോയി...അല്ല മഹാദേവന്റെയും സാവിത്രിയുടെയും സൽപുത്രന് ഇങ്ങോട്ടുള്ള വഴിയൊക്കെ അറിയുമോ..???

"ഹൂ...മുത്തശ്ശി വേദനിക്കുന്നു...വിട്...ദേ ഞാനിപ്പോ ചെറിയ കുട്ടിയൊന്നും അല്ല..ഒരു ഉത്തമ ഭർത്താവാണ്.." "ഹോ അറിഞ്ഞൂടാ ഉത്തമ ഭർത്താവിന്റെ ലീലാവിലാസങ്ങൾ..കല്യാണം എന്താ കുട്ടിക്കളി ആണെന്നാണോ കുട്ടു നിന്റെ വിചാരം..അല്ല പറഞ്ഞപോലെ എവിടെ നിന്റെ നന്ദു...??? "ഹാ അങ്ങനെ ചോദിക്ക്...എന്റെ ചെവി പിടിച്ച് തിരിക്കാതെ ആ സൈഡിലേക്ക് നോക്ക്.." ശിവ ചൂണ്ടിയ ഭാഗത്തേക്ക് മുത്തശ്ശി നോക്കി...നന്ദു ആണെങ്കിൽ അകത്തേക്ക് കയാറണോ വേണ്ടയോ എന്ന അർഥത്തിൽ നിൽക്കുകയാണ്... "അയ്യോ..കുട്ടിയെന്താ അവിടെത്തന്നെ നിൽക്കുന്നത്...ഇങ്ങോട്ട് കയറി വാ മോളെ..." നന്ദു ഒരു പുഞ്ചിരിയുമായി അകത്തേക്ക് കയറി..മുത്തശ്ശി അവളെ പിടിച്ച് അടുത്തിരുത്തി... നന്ദുവിന്റെ മുഖത്തേക്ക് ഒരു ഞെട്ടൽ അനുഭവപ്പെട്ടു..എവിടെയോ കണ്ടുമറന്ന മുഖം പോലെ തോന്നി അവർക്ക്..കുറച്ച് നേരം അങ്ങനെതന്നെ നോക്കി ഇരുന്ന്..എവിടെയാണ് കണ്ടതെന്ന് ഓർമിക്കാൻ കഴിയുന്നില്ല... "മോളെന്താ ഒന്നും മിണ്ടാത്തത്...ഇവിടെയൊക്കെ ഇഷ്ടമായോ..?? "മ്മ്............"

നന്ദു ചിരിച്ചുകൊണ്ട് തലയാട്ടി.... "നീ പേടിക്കണ്ട നന്ദു..നമ്മടെ പാർട്ടി തന്നെയാണ്...സ്വന്തം മകളെ പ്രേമിക്കാൻ വിട്ട മുതലാണ് ഈ ഇരിക്കുന്നത്..." ശിവ മുത്തശ്ശിയുടെ മടിയിൽ കിടന്നുകൊണ്ട് കളിയായി പറഞ്ഞു.. "പോടാ അലവലാതി..ഞാൻ അന്ന് നിന്റെ മുത്തശ്ശന്റെ അടുത്ത് നിന്റെ അമ്മക്ക് വേണ്ടി വാദിച്ചില്ലായിരുന്നെങ്കിൽ ഇങ്ങനെ തറുതല പറയാൻ നീ ഉണ്ടാകില്ലായിരുന്നു.." "ഓ ഐ സീ....എന്തായാലും മുത്തശ്ശിയുടെ ബുദ്ധിപരമായ നീക്കം ആയിരുന്നു ട്ടോ..." "പിന്നല്ലാതെ........" നന്ദു അവർ പറയുന്നതെല്ലാം ചിരിയോടെ കേട്ടിരുന്നു..മുത്തശ്ശി അവളെ നോക്കി കണ്ണുചിമ്മി...അവളുടെ തലയിൽ തലോടി.. "മുത്തശ്ശി എന്താ അമ്മായിമാരുടെ കൂടെ വീട്ടിലേക്ക് വരാതിരുന്നത്..?? നന്ദു ചോദിച്ചു... "ഏട്ടൻ പോയതിൽപ്പിന്നെ ഞാൻ ഈ വീടുവിട്ട് എങ്ങോട്ടും പോയിട്ടില്ല മോളെ..ആകെ പിന്നെ പോകാറുള്ളത് അമ്പലത്തിലേക്കാണ്..ഏട്ടന്റെ സാന്നിധ്യമുള്ള ഈ വീട്ടിൽനിന്ന് എങ്ങും പോകാൻ തോന്നുന്നില്ല.." "ഹാ..രണ്ടാളും പോയി വിശ്രമിക്ക് യാത്രയൊക്കെ കഴിഞ്ഞുവന്നതല്ലേ..പിന്നെ മോളെ ഇവിടെ കുറച്ച് ആചാരങ്ങളൊക്കെ ഉണ്ട്..മോള് അതൊക്കെ അറിഞ്ഞു ചെയ്യണം കേട്ടോ...എല്ലാം സാവിത്രിയും ജാനകിയും പറഞ്ഞുതരും.." "ഞാൻ ചെയ്തോളാം മുത്തശ്ശി....." 

മുറിയെ ആകമാനം വീക്ഷിച്ചുകൊണ്ട് നിൽക്കുമ്പോഴാണ് നന്ദുവിന്റെ ഇടുപ്പിലൂടെ രണ്ടു കൈകൾ ചുറ്റി വരിഞ്ഞത്..അവൾ അവന്റെ ഞെഞ്ചിലേക്ക് ചാരി നിന്നു... "ഇഷ്ടായോ എന്റെ പെണ്ണിന് ഇവിടെയൊക്കെ...??? അവളുടെ തോളിൽ മുഖമമർത്തി അവൻ ചോദിച്ചു... "പിന്നേ..... ഒത്തിരി ഇഷ്ടായി...ഇവിടെ വന്നപ്പോൾ വല്ലാത്തൊരു പോസിറ്റീവ് എനർജി.. അല്ലെ ശിവാ...??? "ആഹ് എനിക്കറിയില്ല..പിന്നെ ചിലപ്പോ നാളെ രാവിലെ എഴുന്നേറ്റ് അമ്പലത്തിൽ പോകാനൊക്കെ പറയും നമുക്ക് പോകണ്ട ട്ടോ..നമുക്കിങ്ങനെ കിടക്കാം.." അതുംപറഞ്ഞ് അവൻ അവളെയുംകൊണ്ട് ബെഡിലേക്ക് വീണു..നന്ദു അപ്പൊ തന്നെ അവന്റെ ഞെഞ്ചിനിട്ട് ഒരു കുത്ത് കൊടുത്തു..അവൻ ഞെഞ്ച് തടവി നന്ദുവിനെ നോക്കി.. "അയ്യടാ... രാവിലെ അമ്പലത്തിൽ എന്തായാലും പോകണം..അമ്പലത്തിൽ മാത്രമല്ല നമുക്ക് ഈ നാട് ഫുൾ ചുറ്റി കാണണം.." "ഒന്ന് പോടീ...നീ ഒറ്റയ്ക്ക് അങ്ങോട്ട് പോയാൽ മതി..എന്നെക്കൊണ്ട് പറ്റൂല..." '"ഓഹോ അങ്ങനെയാണോ....?? "ഹാ അങ്ങനെയാണ്..." "എന്നാ ഞാൻ ഉണ്ണിയേട്ടനെ കൂട്ടി പൊയ്‌ക്കൊളാം..." അത് കേട്ടതും ശിവയ്ക്ക് ദേഷ്യം വന്നു... "എന്നാ പോടീ അവന്റെ കൂടെ...പിന്നെ എന്റെ അടുത്തേക്ക് വരണ്ട...പറഞ്ഞേക്കാം.."

ചെക്കൻ കലിപ്പായതും ഇനി അവിടെ നിന്നാൽ ആരോഗ്യത്തിന് ഹാനികരമാണെന്ന് തോന്നിയതുകൊണ്ട് നന്ദു പതിയെ തടിയൂരി എഴുന്നേറ്റ് മാറി..പിന്നെ തിരിഞ്ഞ് ശിവയെ നോക്കി വിളിച്ചു.. "പോടാ കള്ളക്കുട്ടു........." "ഡീ............" ശിവ ബെഡിൽ നിന്ന് എഴുന്നേറ്റതും നന്ദു ഓടി ബാത്‌റൂമിൽ കയറി വാതിൽ അടച്ചു..അവളുടെ ഓട്ടം കണ്ട് ശിവയ്ക്ക് ചിരി വന്നു. നന്ദു ഫ്രഷ് ആയി താഴേക്ക് പോകാൻ സ്റ്റെയർ ഇറങ്ങുമ്പോഴാണ് അനിത മുകളിലേക്ക് കയറി വരുന്നത് കണ്ടത്..നന്ദുവിനെ കണ്ടപ്പോൾ അനിതയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു..നന്ദു ആണെങ്കിൽ പേടിച്ച് വേഗം താഴേക്ക് പോകാൻ തുടങ്ങി..അനിത അപ്പൊ നന്ദുവിന് തടസ്സമായി നിന്നു.. "എന്താടി നിനക്കൊരു പുച്ഛം...എന്നെ നീ കണ്ടില്ലേടി.....????? "എനിക്കാരോടും ഒരു പുച്ഛവും ഇല്ല അനിത...ദേഷ്യവും ഇല്ല.." "നിർത്തടി....നീ വല്ലാണ്ട് പുണ്യാളത്തി ചമയണ്ട... നിന്നോട് ഞാൻ അന്നേ പറഞ്ഞതല്ലെടി കുട്ടേട്ടന്റെ ജീവിതത്തിൽ നിന്ന് പോകാൻ..പിന്നെയും എന്തിനാടി കടിച്ചുതൂങ്ങി നിൽക്കുന്നത്...?????? നന്ദുവിന് ദേഷ്യവും സങ്കടവും ഒരുമിച്ച് വന്നു... '"നോക്ക് അനിത ഞാൻ എവിടെയും കടിച്ചുതൂങ്ങി നിൽക്കുന്നില്ല..ശിവയാണ് എന്റെ കഴുത്തിൽ താലി കെട്ടിയത് എന്നെ സ്വീകരിക്കാനും ഉപേക്ഷിക്കാനും ഉള്ള അവകാശവും ശിവക്കാണ്..

അവൻ പറയട്ടെ അപ്പൊ ഞാൻ പോകാം..അല്ലാതെ നീ വിചാരിച്ചാൽ എന്നെ ഇവിടുന്ന് പറഞ്ഞുവിടാൻ കഴിയില്ല...'" അനിതയുടെ മുഖം ദേഷ്യംകൊണ്ട് ചുവന്നു..അവൾ നന്ദുവിന്റെ കഴുത്തിൽ പിടി മുറുക്കി... "ഡീ.... മര്യാദക്ക് എന്റെ കുട്ടേട്ടനെ വിട്ട് പൊയ്ക്കോ...ഇല്ലെങ്കിൽ കൊന്നുകളയും ഞാൻ നിന്നെ...." നന്ദു വേദനകൊണ്ട് പുളഞ്ഞു..അനിതയുടെ കൈ വിടുവിക്കാൻ നോക്കുകയാണ്.. "അനിതേ.............." പെട്ടെന്ന് ഒരു വിളി കേട്ടപ്പോൾ നന്ദുവും അനിതയും അങ്ങോട്ട് നോക്കി..ഉണ്ണി ആയിരുന്നു അത്.... "ദേവൂനെ വിട്........" ഉണ്ണി കുറച്ച് കലിപ്പിൽ പറഞ്ഞതും അനിതയുടെ കൈ പതിയെ അയഞ്ഞു.. "ഉണ്ണിയേട്ടൻ ഇതിൽ ഇടപെടേണ്ട...ഇവളെ ഒഴിവാക്കാൻ എനിക്കറിയാം..." അനിത വീണ്ടും നന്ദുവിനടുത്തേക്ക് ചെന്നു.. അപ്പോഴേക്കും ഉണ്ണി അവൾക്ക് തടസമായി നിന്നു... "നിന്നോടാണ് ഞാൻ പറഞ്ഞത് അവളെ വിട്ടേക്കാൻ... നാണമില്ലെടി നിനക്ക് കല്യാണം കഴിഞ്ഞ ഒരുത്തന്റെ പുറകെ നടക്കാൻ...നീ ഇവിടെ ഉള്ളതുകൊണ്ട് ദേവൂന്റെ മേൽ ഒരു കണ്ണ് വേണമെന്ന് കുട്ടായി പറഞ്ഞപ്പോൾ ഇത്ര പെട്ടെന്ന് നീ പണിയാക്കും എന്ന് കരുതിയില്ല..."

"ഓഹോ ഇപ്പൊ എല്ലാവര്ക്കും ഇവള് വലിയ മഹാറാണി കുട്ടേട്ടന്റെ പെണ്ണ്... ഞാൻ പുറമ്പോക്ക് അല്ലെ..." "എന്ന് ഞാൻ പറഞ്ഞോ അനിതേ...പക്ഷെ നിന്റെ ഈ വാശി നീ മാറ്റണം..കുട്ടായിക്ക് നിന്നെ ഇഷ്ടമല്ല..അപ്പൊ നീ ഇനിയും അവന്റെ പിന്നാലെ നടക്കാതെ നിന്നെ ഇഷ്ടപ്പെടുന്ന ആരെങ്കിലും ഉണ്ടെങ്കിൽ പോയി അവനെ ഇഷ്ടപ്പെടാൻ നോക്ക്..പിന്നെ ഒരു കാര്യം ഇനിയും ദേവൂനെ ശല്യപ്പെടുത്തി എന്റെയും കുട്ടായിയുടെയും കൈക്ക് പണി ഉണ്ടാക്കരുത്.." ഉണ്ണി നല്ല ഗൗരവത്തിൽ പറഞ്ഞതുകേട്ട് അനിത അവരെ രണ്ടുപേരെയും രൂക്ഷമായി നോക്കിയിട്ട് അവളുടെ മുറിയിലേക്ക് പോയി..അവൾ പോയപ്പോൾ ഉണ്ണി നന്ദുവിന്റെ നേരെ തിരിഞ്ഞു.. "എന്നാലും ഉണ്ണിയേട്ടാ നിങ്ങൾക്ക് ഇത്ര ഗെറ്റ് അപ്പ് ഇട്ട് സംസാരിക്കാൻ ഒക്കെ അറിയുമോ...??? "ഛെ...ഇതൊക്കെ എന്ത്..പഴശ്ശിയുടെ യുദ്ധമുറകൾ കമ്പനി കാണാൻ കിടക്കുന്നതെ ഒള്ളു..." ഉണ്ണി നല്ല മമ്മൂക്ക സ്റ്റൈലിൽ അങ്ങോട്ട് കാച്ചി.. "എന്തോ എങ്ങനെ......??? "ആക്ചുവലി സത്യകഥ എന്തെന്നാൽ അവൾക്ക് മാത്രമേ ഈ വീട്ടിൽ എന്നെ കുറച്ച് വില ഒള്ളു..

അപ്പൊ അത് കളയാതെ കാത്തുസൂക്ഷിക്കേണ്ടത് എന്റെ കടമ അല്ലെ..!!! "മ്മ് ഉവ്വുവ്വേ......" "ഹാ നീ അടുക്കളയിലേക്ക് ചെല്ല് അവിടെ ആകുമ്പോൾ അമ്മയും ചിറ്റയും ഉണ്ടല്ലോ..കുട്ടായി എവിടെ...?? '"ശിവ കുളിക്കുവാ......" "ഹാ..ശെരി..നീ പൊക്കോ... ഇല്ലെങ്കിൽ ഇനിയും ഓരോ കുരിശുകൾ വരും..."  കുളി കഴിഞ്ഞ് തല തുവർത്തിക്കൊണ്ടിരിക്കുന്ന ശിവയുടെ അടുത്തേക്ക് ഉണ്ണി ചെന്നു.. "ഡാ...വന്ന് കയറിയപ്പോളേ ഒരുത്തി പണി തുടങ്ങിയിട്ടുണ്ട് കേട്ടോ..!!! ഉണ്ണി പറഞ്ഞതുകേട്ട് ശിവ അവനെ ചോദ്യഭാവത്തിൽ നോക്കി.. "ആരാ അനിത ആണോ അതോ അവളുടെ പുന്നാര ആങ്ങളയോ...??? "ഏയ് ആങ്ങള ഊരുതെണ്ടൽ കഴിഞ്ഞ് വന്നിട്ടില്ല..സാമ്പിൾ വെടിക്കെട്ട് പെങ്ങടെ വക ആയിരുന്നു.." ശിവയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു... "ഉണ്ണി....നീ പറഞ്ഞിട്ടാ ഞാൻ ഇങ്ങനെ അടങ്ങി നിൽക്കുന്നത്..ഇല്ലെങ്കിൽ രണ്ടിന്റെയും കാര്യം ഞാൻ തീരുമാനാക്കിയേനെ.." "കുട്ടായി ഞാൻ പറയുന്നത് ഒന്ന് കേൾക്ക്...അവരെക്കൊണ്ട് ഇതെല്ലാം ചെയ്യിക്കുന്നത് അവരുടെ തന്തയും ആണ്..അങ്ങേർക്ക് ഇതെന്തിന്റെ അസുഖം ആണെന്നാണ് എനിക്ക് മനസിലാകാത്തത്..."

"വേറെ എന്താ സ്വത്ത്‌ തന്നെ..ചെറിയമ്മാവൻ പോയതോടെ ഇവിടുത്തെ സ്വത്ത്‌ മുഴുവൻ അയാളുടെ കയ്യിലായി..ഇനി മോളെ എന്റെ തലയിൽ കെട്ടി വച്ചിട്ട് അവിടെയും കൈകടത്താനുള്ള ഉദ്ദേശമാണ് അയാൾക്ക്... "എന്തായാലും അയാളുടെ ഒരു ഉദ്ദേശവും നടക്കാൻ പോകുന്നില്ല..ഉണ്ണി നിന്നോട് ഒരു കാര്യം ഇപ്പോഴേ പറഞ്ഞേക്കാം..എന്റെ നന്ദുവിനെ അവൾ വേദനിപ്പിച്ചു എന്ന് ഞാൻ അറിഞ്ഞാൽ പിന്നെ ഈ ശിവയുടെ വേറൊരു മുഖം കാണും ആ അനിത.." ശിവ അതുംപറഞ്ഞ് മുറിയിൽ നിന്നിറങ്ങി പോയി..ഉണ്ണി ആലോചനയിൽ മുഴുകി അവൻ പോകുന്നതും നോക്കി നിന്നു. നന്ദു അടുക്കളയിലേക്ക് ചെന്നപ്പോൾ അവിടെ രണ്ടുപേരും പിടിപ്പത് പണിയിലാണ്.. നന്ദു പോയി പച്ചക്കറി അരിഞ്ഞുകൊണ്ടിരുന്ന ജാനകിയുടെ കയ്യിൽനിന്നും അത് വാങ്ങി അരിയാൻ തുടങ്ങി..അപ്പൊ തന്നെ ജാനകി അത് പിടിച്ചുവാങ്ങി.. "ഹാ മോള് ഇതൊന്നും ചെയ്യണ്ട...ഇതൊക്കെ ചെയ്യാൻ ഞങ്ങൾ രണ്ടുപേരും ഉണ്ട്..." "അതെന്താ അമ്മായി അങ്ങനെ പറഞ്ഞത്..ഞാൻ വീട്ടിൽ ഇതൊക്കെ ചെയ്യാറുണ്ടല്ലോ..." "എന്നാലും ഇവിടെ ചെയ്യണ്ട..മോളെക്കൊണ്ട് ജോലി എന്നറിഞ്ഞിട്ട് വേണം ചേച്ചി ഞങ്ങളെ പച്ചക്ക് കത്തിക്കാൻ.." സാവിത്രി കളിയായി പറഞ്ഞു..നന്ദുവിന് അതുകണ്ട് ചിരി വന്നു..

 "ആഹാ മോള് കുളിച്ചോ..വാ അമ്മായി രാസ്നാദി ഇട്ടു തരാം..ഇല്ലെങ്കിൽ തലയിൽ വെള്ളം താഴും.." സാവിത്രി നന്ദുവിന്റെ തലയിൽ രാസ്നാദി ഇട്ടുകൊടുത്തു...മൂന്ന് അമ്മമാരും നന്ദുവിനെ സ്വന്തം മോളെപ്പോലെ സ്നേഹിക്കുന്നുണ്ട്... "മോള് പുറത്തൊക്കെ ഒന്ന് ഇറങ്ങിയിട്ട് വാ..ഇവിടെ കരിയും പുകയും ഒന്നും അടിച്ചു നിൽക്കണ്ട..നാളെ കുട്ടുവിനെ കൂട്ടി ഇവിടെയൊക്കെ കാണാം കേട്ടോ..." ജാനകി പറഞ്ഞപ്പോൾ നന്ദുവിന്റെ മനസ്സിലും അതുതന്നെ ആയിരുന്നു...അവിടമാകെ നന്ദുവിന് ഒരുപാട് ഇഷ്ടമായി...നന്ദു അടുക്കള വാതിലിലൂടെ പുറത്തേക്കിറങ്ങി ചുറ്റും നോക്കി... തൊഴുത്തിൽ കന്നുകാലികൾ പുതിയ അതിഥിയെ സസൂക്ഷ്മം വീക്ഷിക്കുകയാണ്...കിളികളുടെ ചില അങ്ങിങ്ങായി കേൾക്കാം..ഇരുട്ട് പടർന്നിട്ടില്ലെങ്കിലും വേലക്കാർ മുറ്റത്തുകൂടി നടക്കുന്ന കോഴിക്കുഞ്ഞുങ്ങളെ കൂട്ടിലേക്ക് കയറ്റുകയാണ്..ഈ വീടിന് അപ്പുറത്ത് ഇതേപോലെ തന്നെ വേറൊരു വീടും ഉണ്ട്...രണ്ട് വീടുകളെയും വേർതിരിച്ച് ഒരു മതിലും ഉണ്ട്...എങ്കിലും അങ്ങോട്ടും ഇങ്ങോട്ടും കടക്കാനായി ചെറിയൊരു വഴിയും മതിലിന്റെ അടുത്തുണ്ട്... നന്ദു അതെല്ലാം നോക്കിക്കൊണ്ട് അകത്തേക്ക് പോകാൻ തുടങ്ങുമ്പോഴാണ് പുറകിൽനിന്ന് ഒരു പാദസരക്കിലുക്കം കേട്ടത്.. ....... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story