ശിവനന്ദ: ഭാഗം 7

shivanantha

എഴുത്തുകാരി: ശീതൾ

മുകളിലേക്ക് പോകാൻ തുടങ്ങുമ്പോഴാണ് ഞാൻ ഒരാളുമായി കൂട്ടിയിടിച്ചത്..നോക്കിയപ്പോൾ ഒരു ചെറുപ്പക്കാരൻ ആണ്..ഞാൻ ഇതുവരെ കണ്ടിട്ടില്ല..ഞാൻ അയാളെ നോക്കി സോറി പറഞ്ഞിട്ട് മുകളിലേക്ക് പോകാൻ നിന്നു.. അപ്പൊ അയാൾ എന്നെ തടഞ്ഞുനിർത്തി.. "ഹോ..അപ്പൊ ഇതാണല്ലേ ശിവയുടെ നന്ദു...വിചാരിച്ചപോലെയല്ലല്ലോ നീ ആള് കൊള്ളാമല്ലോ ഡീ...." എന്നെ ചൂഴ്ന്ന് നോക്കിക്കൊണ്ട് അയാൾ പറഞ്ഞു..എനിക്ക് എന്തോ അരോചകമായി തോന്നി.. "എന്താടി നിന്റെ വായിൽ നാക്കില്ലേ...എന്റെ പെങ്ങളുടെ ചെക്കനെ തട്ടിയെടുത്ത് ഇവിടെ സുഖമായിട്ട് വാഴാം എന്ന് വിചാരിച്ചോ..??? ഓഹ് അപ്പൊ ഇത് അനിതയുടെ ഏട്ടൻ ആണോ..വെറുതെയല്ല അവളെപ്പോലെ മുരട് സ്വഭാവം.. "വഴി മാര് എനിക്ക് പോണം...'" ഞാൻ കുറച്ച് മാറി പോകാൻ തുടങ്ങിയപ്പോൾ അയാൾ എന്റെ കയ്യിൽ പിടുത്തമിട്ടു... എന്നിട്ട് എന്റെ അടുത്തേക്ക് വന്നു..മദ്യത്തിന്റെ രൂക്ഷഗന്ധം മൂക്കിലേക്ക് തുളച്ചുകയറിയപ്പോൾ എനിക്ക് അസ്വസ്ഥത തോന്നി.. "ഛെ...കയ്യിന്ന് വിടടോ...!!!! ഞാൻ പിടി വിടുവിക്കാൻ ശ്രമിക്കുമ്പോഴും അയാൾ പിടി മുറുക്കിക്കൊണ്ടിരുന്നു..എന്റെ കൈയൊക്കെ വേദനിക്കാൻ തുടങ്ങി.. "എന്താടി..നിന്ന് തിളയ്ക്കുന്നത്..ദേ അധികം നികളിക്കണ്ട..നിന്നെ എങ്ങനെ ഇവിടുന്ന് പുകച്ച് പുറത്ത് ചാടിക്കണം എന്ന് എനിക്കും അനിതയ്ക്കും അറിയാം..."

"അരുണേട്ടാ...............!!!!!!!! പെട്ടെന്ന് അങ്ങനെയൊരു വിളി കേട്ടാണ് ഞങ്ങൾ മുകളിലേക്ക് തിരിഞ്ഞു നോക്കിയത്..അപ്പോ ആമി സ്റ്റെയർ ഇറങ്ങി വന്നു..ആമിയെ കണ്ടപ്പോൾ എന്റെ കയ്യിൽ പിടിച്ചിരുന്ന അയാളുടെ കൈ അയഞ്ഞു.. "അരുണേട്ടാ...വേണ്ടാ... ഇതെന്റെ ഏട്ടത്തിയാണ് അതായത് ശിവയുടെ പെണ്ണ്...അരുണേട്ടൻ വെറുതെ ചേച്ചിയെ തൊട്ട് ബ്രോയുടെ കൈക്ക് പണി ഉണ്ടാക്കേണ്ട..." ആമി അത് പറഞ്ഞപ്പോൾ അവൻ എന്നെ ഒന്ന് തറപ്പിച്ച് നോക്കിയിട്ട് ആമിയുടെ നേരെ തിരിഞ്ഞു.. "ആമി നീയും ഇതിന് കൂട്ടുനിന്നോ..ശിവയെ നമ്മുടെ അനിത മോൾക്ക് വേണ്ടി പറഞ്ഞുറപ്പിച്ചത് അല്ലായിരുന്നോ..?? "നമ്മുടെ അനിത മോളോ..?? നിങ്ങടെ പെങ്ങൾ അല്ലേ അത്..!! "നീയെന്താ ഇങ്ങനെ സംസാരിക്കുന്നത് ആമി..എന്റെ പെങ്ങൾ നിന്റെയും കൂടിയല്ലേ..നമ്മൾ തമ്മിൽ..!! "നിർത്ത് അരുണേട്ടാ....!!!! ആമി ശബ്ദമുയർത്തിയപ്പോൾ ഞാനും അയാളും ഒരുമിച്ച് മിഴിച്ചു നോക്കി.. "ദേ ഞാൻ പലതവണ പറഞ്ഞിട്ടുണ്ട് എനിക്ക് നിങ്ങളെ വിവാഹം കഴിക്കാൻ ഇഷ്ടമല്ലന്ന്..അമ്മയുടെ ഏട്ടന്റെ മകൻ എന്ന പരിഗണനയിലാണ് ഞാൻ അരുണേട്ടാ എന്ന് വിളിക്കുന്നത് തന്നെ..അത് എന്നെക്കൊണ്ട് മാറ്റിക്കരുത്.." ആമി പറയുന്നത് കേട്ട് അയാളുടെ മുഖം വരിഞ്ഞുമുറുകി....

"ഹ്...അല്ലെങ്കിലും നിന്റെ ഇഷ്ടവും സമ്മതവും ആർക്ക് വേണമെടി..നിന്നെ കെട്ടണം എന്ന് ഞാൻ വിചാരിച്ചിട്ടുണ്ടെങ്കിൽ അത് സാധിച്ചുകിട്ടാൻ എന്ത് തറ വേല ചെയ്യാനും എനിക്കറിയാം..ഈ അരുണിനെ നിനക്ക് ശെരിക്ക് അറിയില്ല ആമി.." ആമിയെ നോക്കി ഒരു ഭീഷണി പോലെ പറഞ്ഞ് എന്നെ രൂക്ഷമായി നോക്കിയിട്ട് അയാൾ പോയി..ആമി അയാളെനോക്കി ഒന്ന് പുച്ഛിച്ചിട്ട് എന്റെ നേരെ തിരിഞ്ഞു... "ചേച്ചി പേടിക്കണ്ടാ ഇതൊക്കെ വെറും ഷോ ആണ്..ചേച്ചിയെ ഒന്നും ചെയ്യാൻ ശിവ ഉള്ളപ്പോൾ അവർക്ക് കഴിയില്ല..." "അത് ജാനകി അമ്മായിയുടെ മോൻ ആണോ...??? "അതെല്ലൊ...അമ്മായി പാവം ആണ്..ആ അമ്മായിക്ക് ഉണ്ടായ രണ്ടും കണക്കാണ്..ആ ചിലപ്പോ അമ്മാവനെപ്പോലെ ആയിരിക്കും..." "നിനക്കയാളെ ഇഷ്ടമല്ലേ....??? "ഹാ..പിന്നെ... അവനെ കെട്ടുന്നതിലും ഭേദം എന്റെ ശവം എടുക്കുന്നതാ..എനിക്ക് കണ്ണെടുത്താൽ കണ്ടൂടാ ആങ്ങളെയും പെങ്ങളെയും..പെങ്ങൾക് വേണ്ടി എന്ത് തോന്ന്യവാസം കാണിക്കാനും മടിയില്ല..പണ്ട് എനിക്കും ഇഷ്ടമായിരുന്നു..പക്ഷെ ഇപ്പൊ എന്തോ വെറുത്തുപോയി..." "മ്മ്..അത് വിട് ഞാൻ ചുമ്മാ ചോദിച്ചതാ.." "മ്മ്..പിന്നെയെ ചേച്ചി ഇങ്ങനെ പാവമായി ഇരുന്നാൽ ശേരിയാകില്ല ട്ടോ..കുറച്ചൊക്കെ ബോൾഡ് ആയില്ലെങ്കിൽ ചേച്ചിക്ക് ശിവയുടെ കയ്യിൽനിന്ന് അടി കൊള്ളാനെ നേരമുണ്ടാകൂ..."

അവള് അതും പറഞ്ഞോണ്ട് പോയി..ഞാൻ ശിവയെ വിളിക്കാൻ മുകളിലേക്ക് കയറാൻ തുടങ്ങിയപ്പോൾ അവൻ ദേ താഴേക്ക് ഇറങ്ങി വരുന്നു..ഞാൻ പിന്നെ അങ്ങോട്ട് കയറാതെ പോകാൻ തുടങ്ങിയപ്പോൾ അവൻ എന്നെ കയ്യിൽപിടിച്ച് അവിടെ നിർത്തി...ആ അരുൺ പിടിച്ച സ്ഥലത്ത് തന്നെ ആയിരുന്നു ശിവയും പിടിച്ചത്..അപ്പൊ തന്നെ ഞാൻ വേദനിച്ച് എരിവ് വലിച്ചോണ്ട് അവനെ നോക്കി.. അപ്പോഴാണ് എന്റെ കയ്യിലെ പാട് അവൻ കാണുന്നത്.... "അയ്യോ...നന്ദു..ഇതെന്ത് പറ്റി... ആരാ നിന്റെ കയ്യിൽ പിടിച്ചമർത്തിയത്..??? അവൻ ആവലാതിയോടെ എന്റെ കയ്യിൽ പിടിച്ച് നോക്കിക്കൊണ്ട് ചോദിച്ചു.. "അത്..ഒന്നുല്ല..." "വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കാതെ കാര്യം പറയെടി..." അവൻ ദേഷ്യം പിടിച്ചപ്പോൾ തന്നെ ഞാൻ പേടിച്ച് ഉണ്ടായതെല്ലാം പറഞ്ഞു..അപ്പൊ ശിവയുടെ മുഖം ദേഷ്യം കൊണ്ട് വരിഞ്ഞുമുറുകി..അത് കണ്ട് എനിക്ക് തന്നെ പേടിയായി..അവൻ എന്റെ കയ്യും പിടിച്ച് നേരെ സിറ്റ്ഔട്ടിലേക്ക് ചെന്നു.. "അരുൺ................." ശിവയുടെ അലർച്ച കേട്ട് അവിടെ ഇരുന്ന അരുണും അച്ഛനും ഞെട്ടി ഞങ്ങളെ നോക്കി..അപ്പോഴേക്കും അടുക്കളയിൽ നിന്ന് അമ്മയും അമ്മായിമാരും ആമിയും വന്നു.. "എന്താടാ.. എന്തിനാ നീ അലറുന്നത്.. എന്താ മോളെ കാര്യം...???

അച്ഛൻ എന്നോട് ചോദിച്ചപ്പോൾ ഞാൻ അരുണിനെയും പിന്നെ ശിവയെയും നോക്കി.. അപ്പൊ ശിവ എന്റെ തോളിലൂടെ കയ്യിട്ട് എന്നെ അവനോട് ചേർത്ത് നിർത്തി... "എല്ലാവരും കേൾക്കാൻ വേണ്ടി പറയുവാ..ഇതെന്റെ പെണ്ണാണ്..ഞാൻ താലി കെട്ടിയ എന്റെ ഭാര്യ..ഇവളെ വേദനിപ്പിക്കാനും തല്ലാനും ഉള്ള അവകാശം എനിക്കാ എനിക്ക് മാത്രം..പിന്നെ ഇവളെ ഇവിടുന്ന് ഒഴിവാക്കാം എന്ന ചിന്ത ആർക്കെങ്കിലും ഉണ്ടെങ്കിൽ അതിന് വച്ച വെള്ളം അങ്ങോട്ട് വാങ്ങി വച്ചേക്ക്.." "നീയിത് എന്തൊക്കെയാ ശിവാ ഈ പറയുന്നത്...മോളെ ആര് ഇവിടുന്ന് ഒഴിവാക്കാൻ നോക്കിയെന്നാ..??? അമ്മ അത് ചോദിച്ചപ്പോൾ ശിവ അരുണിനെ തുറിച്ചുനോക്കി..എന്നിട്ട് അവന്റെ അടുത്തേക്ക് ചെന്നു.. "എന്റെ പെണ്ണിനെ വേദനിപ്പിച്ചതിന് നിനക്ക് ഒരു ചെറിയ സമ്മാനം എങ്കിലും ഞാൻ തന്നില്ലെങ്കിൽ പിന്നെ ഞാൻ അവളെ ഭർത്താവാണെന്ന് പറയുന്നതിൽ അർഥം ഇല്ലല്ലോ മോനെ അരുണേ.." ഠോ... വെടിയല്ല അരുണിന്റെ കരണം പുകഞ്ഞതാണ്..ഹോ കണ്ണിൽക്കൂടി പൊന്നീച്ച പാറിക്കാണും എനിക്ക് ഇന്നലെ ഒന്ന് കിട്ടി ബോധിച്ചതാണല്ലോ.. എല്ലാവര്ക്കും കാര്യം മനസ്സിലായതുകൊണ്ട് ആരും ഒന്നും മിണ്ടിയില്ല..അരുണിനും ദേഷ്യം സഹിക്കാനായില്ല..പിന്നെ അവനും ശിവയും തമ്മിൽ ഒരു കയ്യാങ്കളി തന്നെ നടന്നു..അവസാനം ഞങ്ങൾ ചെന്ന് പിടിച്ചുമാറ്റേണ്ടി വന്നു.. "വായ്നോക്കി നിൽക്കാതെ വാടി ഇങ്ങോട്ട്.....!!!!!

എല്ലാവരെയും ഒന്ന് നോക്കിയിട്ട് ശിവ എന്നെ വലിച്ചോണ്ട് പോയി കാറിൽ കയറ്റി ഓടിച്ച് പോയി..ഓവർ സ്പീഡ് ആയിട്ട് ഞാൻ പേടിച്ച് പണ്ടാരമടങ്ങി ഇരിക്കാണ്..എങ്ങോട്ടാ പോകുന്നത് എന്ന് ചോദിക്കാനും പേടി.. ശിവ ബീച്ചിന്റെ സൈഡിൽ കൊണ്ടുപോയി കാർ പാർക്ക് ചെയ്തപ്പോഴാണ് അവൻ ഇങ്ങോട്ടാണ് വന്നത് എന്നെനിക്ക് മനസ്സിലായത്.. വണ്ടിയിൽ നിന്നിറങ്ങി ശിവ എന്റെ കയ്യിൽ പിടിച്ചുകൊണ്ട് മണൽപ്പരപ്പിലൂടെ നടന്നു.. ഒരു ഒഴിഞ്ഞ ബെഞ്ചിൽ പോയി ഞങ്ങൾ ഇരുന്നു..അവനാണെങ്കിൽ ഒന്നും മിണ്ടാതെ വീർത്ത മുഖവുമായി കടലിലേക്ക് നോക്കിക്കൊണ്ട് ഇരിക്കാണ്..ഇവിടെ വന്നിട്ട് ഈ തെണ്ടിക്ക് അറ്റ്ലീസ്റ്റ് ഒരു ഐസ്ക്രീം എങ്കിലും എനിക്ക് വാങ്ങിത്തന്നൂടെ.. ഇനി ചോദിച്ചാൽ അടുത്ത അടി പൊട്ടുമോ..അല്ല ബുദ്ധി ഇല്ലാത്ത കുട്ടിയാ എപ്പോ എന്ത് ചെയ്യുമെന്ന് പറയാൻ പറ്റൂല..  ഇനിയും അവിടെ നിന്നാൽ ഞാൻ ആ അരുണിനെ എന്തെങ്കിലും ചെയ്ത് പോകും..അതുകൊണ്ടാണ് നന്ദുവിനെയും കൂട്ടി ഇങ്ങോട്ട് വന്നത്..ഇപ്പൊ കുറച്ച് ആശ്വാസം ഒക്കെ ഉണ്ട്..നന്ദുവിനെ നോക്കിയപ്പോൾ അവള് നഖം കടിച്ചോണ്ട് പൊരിഞ്ഞ ആലോചനയിലാണ്.. "ഡീ.........???? "ങേ....എന്താ..ഹേ...?? "നിനക്ക് ഐസ്ക്രീം വേണോ???

ഞാൻ ചോദിയ്ക്കാൻ കാത്തിരുന്നതുപോലെ അവൾ ഇളിച്ചോണ്ട് വേണം എന്ന് തലയാട്ടി.. ഞാൻ ചിരിച്ചോണ്ട് അവളുടെ കയ്യുംപിടിച്ച് അവിടെ ഐസ്ക്രീം വിൽക്കുന്ന ആളുടെ അടുത്തേക്ക് പോയി.. "ചേട്ടാ..ഒരു ഐസ്ക്രീം..." "ഒന്നല്ല...രണ്ടെണ്ണം വേണം..." നന്ദു അയാളോട് പറഞ്ഞപ്പോൾ ഞാൻ അവളെ തുറിച്ചുനോക്കി.. "എന്തിനാ രണ്ടെണ്ണം എനിക്കൊന്നും വേണ്ട ഐസ്ക്രീം..." "അതിന് നിനക്കല്ല എനിക്കാണ് രണ്ടെണ്ണവും.." അവൾ ഇളിച്ചോണ്ട് പറയുന്നത് കേട്ട് എനിക്ക് ചിരി വന്നു..കൊതിച്ചിപാറു..അങ്ങനെ അവളുടെ ഫേവറൈറ്റ് മാംഗോ ബാറും മേടിച്ച് കൊടുത്ത് ഞങ്ങൾ നടന്നു.. "ശിവാ വാ നമുക്ക് അവിടെ പോയി ഇരിക്കാം..ഇത് കഴിച്ച് കഴിഞ്ഞിട്ട് പോകാം.." അവൾ ഐസ്ക്രീം നുണഞ്ഞുകൊണ്ട് പറഞ്ഞു.. "അയ്യേ നാണമില്ലേ പെണ്ണെ നിനക്ക് ചെറിയ പിള്ളേരെ പോലെ ഇങ്ങനെ ഓപ്പൺ പ്ലേസിൽ വച്ച് ഐസ്ക്രീം തിന്നാൻ..ഓ സോറി നീ എട്ടും പൊട്ടും തിരിയാത്ത ഇള്ളക്കുട്ടി ആണല്ലോ ല്ലേ.." എവിടെ ഞാൻ പറയുന്നത് പെണ്ണ് ശ്രദ്ധിക്കുന്നുപോലും ഇല്ല..ഫുൾ കോൺസെൻട്രഷൻ ഐസ്ക്രീമിൽ ആണ്..ഞാൻ അവളെ പിടിച്ച് വലിച്ച് കൊണ്ടുപോയി കാറിൽ കയറ്റി ഡോർ അടച്ച് ഞാനും കയറി.. "നീ ഇതിനകത്ത് ഇരുന്ന് തിന്നാൽ മതി..കഴിച്ച് കഴിഞ്ഞ് നമുക്ക് വീട്ടിൽ പോകാം.."

അവൾ തലയായിട്ട് വീണ്ടും അറ്റാക്ക് തുടങ്ങി ഞാൻ അതും നോക്കി ഇരുന്നു..രണ്ട് ഐസ്ക്രീമും ഒരുമിച്ചാണ് കേറ്റുന്നത്.. ഇതിന് തണുത്തിട്ട് പല്ല് പുളിക്കുന്നില്ലെ ആവൊ..ഞാൻ അതൊക്കെ എന്റെ ഫോണിലെ ക്യാമറയിൽ പകർത്തി.. എന്റെ നോട്ടം കണ്ടിട്ട് അവള് പുരികം പൊന്തിച്ച് എന്തെ എന്ന് ചോദിച്ചു.. "നോക്കിയിട്ട് കാര്യമില്ല ..നേരത്തെ വലിയ ജാഡ കാണിച്ച് വാങ്ങാതിരുന്നതല്ലേ ഇത് ഞാൻ തരൂല്ല മോനെ.." "ഓ..അല്ലെങ്കിലും എനിക്ക് വേണ്ടാ.. പതിയെ കഴിക്കടി..ആരും കൊണ്ടുപോകില്ല.." അവൾ എന്നെ നോക്കി കൊഞ്ഞനം കുത്തിയിട്ട് ഒടുക്കത്തെ അറ്റാക്ക് ആണ്..അങ്ങനെ രണ്ടും ഒറ്റ അടിക്ക് തീർത്തു.. "ഹാ..കഴിഞ്ഞു..ഇനി പോകാം..." ഞാൻ നോക്കിയപ്പോൾ ഉണ്ട് അവളുടെ ചുണ്ടിൽ ഐസ്ക്രീം ഒക്കെ പറ്റിപ്പിടിച്ച് ഇരിക്കുന്നു..അത് കണ്ടപ്പോൾ എനിക്കൊരു കുസൃതി തോന്നി..ഞാൻ പതിയെ അവളുടെ അടുത്തേക്ക് എന്റെ മുഖം അടുപ്പിച്ചു..അവള് കണ്ണുംമിഴിച്ച് എന്നെത്തന്നെ നോക്കി ഇരിക്കാ... "എ... എന്താ...?? "ഒന്നുല്ല ചുമ്മാ...." ഞാൻ അതുംപറഞ്ഞ് അവളുടെ ചുണ്ടുകളിൽ എന്റെ അധരങ്ങൾ കൊണ്ട് ഉരസി..അവളുടെ ചുണ്ടിൽ ഉണ്ടായിരുന്ന ഐസ്ക്രീം എന്റെ ചുണ്ടിലും ആയി....ഒരു കിസ്സിനുള്ള സ്കോപ്പ് നിങ്ങളെപ്പോലെ ഞാനും കാണുന്നുണ്ടെങ്കിലും അതിന് സമയം ആയിട്ടില്ല.

.സൊ കണ്ട്രോൾ ശിവാ.. എന്റെ പെട്ടെന്നുള്ള അറ്റാക്ക് കണ്ട് പെണ്ണ് കണ്ണ് തള്ളി എന്റെ ഷർട്ടിൽ പിടി മുറുക്കി..പതിയെ ഞാൻ അവളിൽനിന്ന് അകന്ന് മാറി..അവളെനോക്കി ഒന്ന് സൈറ്റ് അടിച്ചിട്ട് എന്റെ ചുണ്ടുകളിൽ പറ്റിപ്പിടിച്ച ഐസ്ക്രീം നുണഞ്ഞുകൊണ്ട ഞാൻ വണ്ടി എടുത്തു..  എന്താ ഇപ്പോ ഇവിടെ ഉണ്ടായേ...ഞാൻ അവൻ ഐസ്ക്രീം ചുണ്ട്..കിസ്സാണോ ഏയ്..നോ..പിന്നെ..ആകെക്കൂടി കിളി പോയ അവസ്ഥ...അയ്യേ ഛെ..ചടച്ചു..ഇനി എങ്ങനെ അവന്റെ മുഖത്ത് നോക്കും.. വീട്ടിൽ എത്തിയതും ഞാൻ ശിവയ്ക്ക് മുഖം കൊടുക്കാതെ വേഗം അകത്തേക്ക് ഓടി...റൂമിലേക്ക് പോകാൻ നിന്നതും അവൻ അങ്ങോട്ട് വരുമല്ലോ എന്ന് ഓർത്ത് നേരെ കിച്ചനിലേക്ക് പോയി..അവിടെ അമ്മ ഇല്ലായിരുന്നു..ഞാൻ നേരത്തെ നടന്നത് ഒന്നുകൂടി റീവൈൻഡ് അടിച്ച് നോക്കി..അറിയാതെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.. "ദേവു......." അമ്മ തട്ടി വിളിച്ചപ്പോഴാണ് എനിക്ക് ബോധം വന്നത്..ഞാൻ പുള്ളിക്കാരിയെ നോക്കി ഒന്ന് ഇളിച്ച് കൊടുത്തു.. "ഇതെന്ത് പറ്റി... കിളി പോയോ...??

ഞാൻ ഇളിച്ചോണ്ട് അമ്മയുടെ കവിളിൽ ഒരു കിസ്സും കൊടുത്ത് റൂമിലേക്ക് പോയി..അമ്മ അന്തംവിട്ട് എന്റെ മാറ്റം കണ്ട് നോക്കുന്നുണ്ട്..നിങ്ങള് ചിരിക്കണ്ട..യെ ലവ് നഹി ഹേ.. രണ്ട് ഐസ്ക്രീം കിട്ടിയാൽ പിന്നെ ഞാൻ ഇങ്ങനെയാണ് 😁 റൂമിലേക്ക് കയറാൻ തുടങ്ങിയപ്പോൾ ആണ് ആ എന്നൊരു അലർച്ചയും ചക്ക വെട്ടിയിട്ടപോലെ ഒരു സൗണ്ടും കേട്ടത്..ഞാൻ ഓടി റൂമിൽ ചെന്ന് നോക്കിയപ്പോൾ കണ്ട കാഴ്ച്ച... നമ്മളെ രാവണൻ ദേ കിടക്കുന്നു മലന്നടിച്ച് നിലത്ത്..ഇതിപ്പോ എന്താ സംഭവം.. ഞാൻ ഓടി അവന്റെ അടുത്ത് ചെന്ന് ഇരുന്നു.. "എന്താ ശിവ..എന്തുപറ്റി...???? "ആ.....കണ്ടില്ലെടി...ഞാൻ വീണു..ഹൂ..ഒറ്റക്ക് എണീക്കാൻ വയ്യ..ഒന്ന് പിടിച്ച് എണീപ്പിക്കടി..." അവൻ പറഞ്ഞതുകേട്ട് ഞാൻ അന്തം വിട്ടു..ഇത്ര ദയനീയമായി ഇവനെ ഞാൻ ആദ്യം കാണുവാ..ഞാൻ അവനെ പിടിച്ച് എണീപ്പിച്ച് ബെഡിൽ കിടത്തി..കാലന് എന്തൊരു വെയിറ്റ്..എന്നാലും ഇതെങ്ങനെ വീണു..ഇവന്റെ അവസ്ഥ കണ്ട് എനിക്ക് ചിരിയാണ് വന്നത്... "ശെരിക്കും ഒറ്റയ്ക്ക് എണീക്കാൻ പറ്റുന്നില്ലേ ശിവ..??? "ആ...ഇല്ലാ.........." "സത്യായിട്ടും.....?????? "ആടി....പട്ടി........." അവൻ പറയുന്നത് കേട്ട് എനിക്ക് സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നി..രാവണൻ വീണെ... ഹുഹു.. "ഹഹഹ...എന്തോ എങ്ങനെ....ഇപ്പൊ ഹെല്പ് ചെയ്യാൻ ഞാൻ വേണം അല്ലെ...പോടോ....എടാ ദൈവം എന്റെ കൂടെയാ..അതല്ലേ എന്നോട് ചെയ്തതിന് ഇങ്ങനെയൊരു മുട്ടൻ പണി കിട്ടിയത്..ഹഹഹ എനിക്ക് വയ്യേ..

കിടക്കണ കിടപ്പ് കണ്ടോ.." ഞാൻ ഇരുന്നും കിടന്നും മറിഞ്ഞും ചിരിക്കാൻ തുടങ്ങി..ചിരിച്ച് ചിരിച്ച് കണ്ണിൽകൂടി വെള്ളം വരെ വന്നു..ദേ കണ്ടോ..🤣 "ഡീ.... അപ്പൊ ഇതായിരുന്നല്ലേ നിന്റെ മനസ്സിൽ...ഞാൻ ഒന്ന് എണീറ്റോട്ടെ ഡീ... നിന്റെ അന്ത്യം ആണ്..." അവൻ അലറിയപ്പോൾ ഞാൻ അവനെ നോക്കി പുച്ഛിച്ചു.. "ഓ പിന്നെ..നീ ഉലത്തും...നീ ഇത്രയും എന്നോട് ചെയ്തിട്ടും ഞാൻ നിന്നെ പിടിച്ചെണീപ്പിച്ച് ബെഡിൽ കിടത്തിയില്ലേ..നന്ദി വേണമെടോ നന്ദി..പിന്നെ നീ എന്തെങ്കിലും എന്നെ ചെയ്യുന്നതിന് മുൻപ് ഞാൻ അമ്മയുടെയും അച്ഛന്റെയും അടുത്ത് നിന്ന് മുൻകൂർ ജാമ്യം എടുക്കുമെടാ... കാലമാടാ.. ദേ താൻ ഇന്നലെ തന്ന അടിയുടെ വേദന ഇതുവരെ പോയിട്ടില്ല..സൊ നീ അവിടെ കിടന്ന് അനുഭവിക്കടാ..." ഇനി ഇവന്റെ അലർച്ച കേട്ട് അച്ഛനും അമ്മയും എങ്ങാനും വരുമോ..സൊ ഒരു മുൻകരുതൽ എടുത്തേക്കാം.. ഞാൻ പോയി തുറന്നുകിടന്ന വാതിൽ ലോക്ക് ചെയ്തു തിരിഞ്ഞതും മുന്നിൽ പനപോലെ നിൽക്കുന്ന ആളെ കണ്ട് ഞാൻ അടിമുടി വിറക്കാൻ തുടങ്ങി... "ജാങ്കോ..നീ അറിഞ്ഞാ...ഞാൻ പെട്ടു...."......... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story