ശിവദം: ഭാഗം 15

shivatham

എഴുത്തുകാരി: അമ്മു അമ്മൂസ്

ശിവ ചിരിച്ചതേ ഉള്ളു. ""വേണ്ടെടോ.... അതങ്ങനെ തന്നെ കിടക്കട്ടെ... മരുന്നൊന്നും വേണ്ട...... ആദ്യമായിട്ടാണ് എന്നേ ഒരാൾ സ്നേഹം കാരണം ശിക്ഷിക്കുന്നത്..... ഈ വേദനക്ക് വല്ലാത്തൊരു സുഖമുണ്ട്... അതങ്ങനെ തന്നെ കിടക്കട്ടെ.. പറ്റുന്നിടത്തോളം അതനുഭവിക്കണം എനിക്ക്....""ഇടറുന്ന സ്വരത്തിൽ പറയുമ്പോൾ കണ്ണുകൾ ചെറുതായി നനഞ്ഞിട്ടുണ്ടായിരുന്നു. അവന്റെ വാക്കുകൾ ഹൃദയത്തിൽ ആഴ്ന്നിറങ്ങും പോലെ തോന്നി വേദക്ക്... അത്രമേൽ വേദനയുണ്ടായിരുന്നു.... അവൻ നെയ്തുകൂട്ടിയ ഓരോ അക്ഷരങ്ങളിലും... ഒരക്ഷരം പോലും ഉരിയാടാതെ... അവളൊന്നു ഉയർന്നു നിന്നു...

പതിയെ ഒട്ടും താമസം ഇല്ലാതെ എല്ലാ വാത്സല്യത്തോടെയും അവന്റെ നെറുകയിൽ ചുണ്ടുകൾ ചേർത്തു. അവന്റെ വേദനകളിലേക്ക് ഇറങ്ങി ചെല്ലുന്ന ആഴമുള്ള ഒരു ചുംബനം... എത്ര നേരം അങ്ങനെ നിന്നു എന്ന് അറിയില്ല. സമയം കടന്നുപോകാതിരുന്നെങ്കിൽ എന്ന് രണ്ടാളുടെയും ഹൃദയം നിശബ്ദമായി പ്രാർത്ഥിച്ചുകൊണ്ടിരുന്നു.. ശിവ ചലനമേതുമില്ലാതെ നിൽക്കുകയായിരുന്നു.. അവളെ വരിഞ്ഞു മുറുക്കണണമെന്നുണ്ട്... ഇരു കൈകൾ കൊണ്ടും ഹൃദയത്തോട് ചേർത്തു നിർത്തണമെന്നുണ്ട്.. പക്ഷേ ഒന്നും പറ്റുന്നില്ല.. ശരീരത്തിന്റെ ആകെ ചലന ശേഷി നഷ്ടപ്പെട്ടതുപോലെ... കൈകൾക്കൊക്കെ വല്ലാത്ത തണുപ്പും മരവിപ്പും.. അവളുടെ ചുണ്ടുകൾ ചേർന്നിരിക്കുന്ന നെറുകയിൽ മാത്രം ഒരു ചെറുചൂട് പോലെ....

പ്രണയത്തിന്റെ ചൂട്.. അവന്റെ ശ്വാസം കഴുത്തിൽ തട്ടിയപ്പോളായിരുന്നു താൻ ചെയ്യുന്ന പ്രവൃത്തിയെക്കുറിച്ചു വേദക്ക് ബോധം വന്നത്. ഒരു പിടച്ചിലോടെ അവനിൽ നിന്നും അകന്നുമാറി തല താഴ്ത്തി നിന്നു മുഖമുയർത്തി നോക്കാൻ കഴിഞ്ഞില്ല.. വല്ലാത്തൊരു പരവേശം ശരീരമാകെ നിറയുന്നത് പോലെ.. അവനെ നോക്കാൻ തന്നെ വല്ലാത്തൊരു ചമ്മൽ തോന്നി അവൾക്ക്. പതിയെ ധൈര്യം സംഭരിച്ചു മുഖമുയർത്തി അവനെ നോക്കിയപ്പോൾ.. ശിവ അപ്പോഴും കണ്ണുകൾ അടച്ചു നിൽക്കുകയായിരുന്നു. എപ്പോഴും കാണുന്ന പുഞ്ചിരി ഉണ്ടായിരുന്നില്ല ചുണ്ടിൽ. വിരലുകൾ പതിയെ നീട്ടി അവന്റെ കൺപീലികളിൽ ഒന്ന് തൊട്ടു..

അടഞ്ഞു കിടന്ന കൺപീലികളിൽ പെയ്യാനൊരുങ്ങി എന്ന പോലെ ഒരു നീർതുള്ളി തങ്ങി നിൽക്കുന്നു. വിരൽത്തുമ്പിലേക്ക് ഇറ്റ് വീണ കണ്ണുനീർ തുള്ളിയിലേക്ക് അവൾ ഒരു നിമിഷം വെറുതെ നോക്കി നിന്നു. വിരലുകൾ അപ്പോഴും പിൻവലിച്ചിരുന്നില്ല. പീലികളിൽ വിരൽസ്പർശം ഏറ്റിട്ടോ എന്തോ അവൻ മിഴികൾ ചിമ്മി തുറന്നു. ചെറുതായി കലങ്ങിയ ആ കണ്ണുകളിൽ നിന്നും വീണ്ടും അവളുടെ വിരൽത്തുമ്പിലേക്ക് നനവ് പടർന്നു. മുഖമുയർത്തി നോക്കിയപ്പോൾ അവന്റെ കലങ്ങിയ കണ്ണുകൾ നെഞ്ചിനെ വല്ലാതെ കൊളുത്തി വിളിക്കുന്നത് പോലെ തോന്നി അവൾക്ക്... അവന്റെ വേദനകൾ തന്റെ ഹൃദയത്തെയാണ് മുറിവേൽപ്പിക്കുന്നത് എന്ന് തോന്നി..

""വേദേച്ചി.....ദാ.... അമ്മ വിളിക്കുന്നു...."" ദിയയുടെ ഉച്ചത്തിൽ ഉള്ള ശബ്ദം കേട്ട് വേദ ഞെട്ടി പിന്നിലേക്കു മാറി.....വീണ്ടും അവനെ നോക്കാൻ ശക്തി ഇല്ലാതെ അവനിൽ നിന്നും മുഖംമറച്ച് വളരെ വേഗം മുറിക്ക് പുറത്തേക്ക് നടന്നു. അവൾ പോയെന്ന് കണ്ട് ശിവ വെറുതെ ഭിത്തിയിലേക്ക് ചാരി കണ്ണുകൾ അടച്ചു നിന്നു.... കുറച്ചു മുൻപ് മങ്ങിയ പുഞ്ചിരി അവന്റെ ചുണ്ടുകളിൽ വീണ്ടും സ്ഥാനം പിടിച്ചിരുന്നു... പക്ഷേ ഇപ്പോഴതിന് മുമ്പിലത്തേതിന്റെ ആയിരം മടങ്ങ് ശോഭ ഉണ്ടായിരുന്നു എന്ന് മാത്രം. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 കാന്റീനിൽ നിന്നും തിരികെ വരുമ്പോഴാണ് ഗായത്രി ലൈബ്രറിയിലേക്ക് കയറിപ്പോകുന്നത് കണ്ണൻ കാണുന്നത്. അവളുടെ പിന്നാലെ തന്നെ വച്ചു പിടിച്ചു.

""ഡാ നിങ്ങൾ ചെന്നോ... ഞാൻ വന്നേക്കാം..""മാത്യുവിനോട് പറഞ്ഞിട്ട് അവൻ വേഗം ലൈബ്രറിയിലേക്ക് നടന്നു. അകത്തെ ഷെൽഫിൽ ബുക്കുകൾ തിരയുകയായിരുന്നു ഗായത്രി. കണ്ണുകൾ ഓരോ ബുക്കിന്റെയും പേരുകൾക്കിടയിലൂടെ പരതിനടക്കുന്നു..... ഒടുവിൽ പ്രിയപ്പെട്ടതെന്തോ കിട്ടിയ പോലെ ഒരു നിമിഷം അവളുടെ കണ്ണുകൾ വിടർന്നു. കൈയിരുന്ന ഐ ടു ഹാഡ് എ ലവ് സ്റ്റോറി എന്ന ബുക്കിൽ നോക്കിയപ്പോൾ വെറുതെ ഒരു ചിരി വിടർന്നു ചൂണ്ടിൽ. കണ്ണന്റെ മുഖമാണ് ആദ്യം മനസ്സിലേക്ക് വന്നത്. അന്ന് ബോധം അറിയും മുമ്പ് തനിക്ക് നേരെ പരിഭ്രമത്തോടെ ഓടി വരുന്ന ആ മുഖം ഒരു നോക്ക് കണ്ടിരുന്നു. അതിനുശേഷം കാണുമ്പോഴൊക്കെ പേടിയായിരുന്നു..

.പക്ഷേ എന്നും തനിക്കായി വിരിയുന്ന ഒരു ചിരിയുമായി ഗേറ്റിനരികിൽ കാത്തുനിൽക്കുന്നത് കാണാം... തനിക്ക് വേണ്ടി ആണെന്നൊന്നും ആദ്യം മനസ്സിലായില്ല.. ഒരു ദിവസം വെറുതെ കൗതുകത്തിന് തിരിഞ്ഞു നോക്കിയപ്പോഴാണ് തന്നെത്തന്നെ നോക്കി നിൽക്കുന്നത് കണ്ടത്. ആ ഓർമ്മകളിൽ അവളുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു. . തൊട്ടു പിറകിൽ ആരോ ചേർന്ന് നിൽക്കുന്നത് പോലെ തോന്നിയപ്പോഴാണ് ഗായത്രി ഞെട്ടി തിരിഞ്ഞു നോക്കുന്നത്. കുസൃതി നിറഞ്ഞ ചിരിയോടെ തന്നെത്തന്നെ നോക്കി നിൽക്കുന്ന കണ്ണനെ കണ്ടപ്പോൾ ശരീരം വിറയ്ക്കും പോലെ തോന്നി അവൾക്ക്... അറിയാതെ തന്നെ നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു.

തന്റെ ഇരുവശങ്ങളിലുമായി കൈകൾ വച്ച് മുഖത്തേക്ക് തന്നെ മിഴിനട്ടിരിക്കുന്ന അവനെ നോക്കാൻ കഴിയാതെ അവൾ നിലത്തേക്ക് നോക്കി നിന്നു. ഒരു കൈകൊണ്ട് ചുരിദാറിന്റെ ടോപ്പിൽ മുറുകെ പിടിച്ച്.... പരിഭ്രമത്തോടെ......... ഉയർന്നുതാഴുന്ന ശ്വാസത്തോടെ നിലത്തേക്ക് നോക്കി നിൽക്കുന്ന അവളെ കണ്ണൻ കണ്ണിമയ്ക്കാതെ നോക്കിനിന്നു. കൂടുതൽ അവളെ ബുദ്ധിമുട്ടിക്കേണ്ട എന്ന് തോന്നിയാകും അവനൊരല്പം വിട്ടു നിന്നു. അവളുടെ വിറയ്ക്കുന്ന കൈകളിൽ നിന്നും ബുക്ക്‌ അല്പം ബലം പ്രയോഗിച്ച് തന്നെ വാങ്ങി. ""ആഹാ ചേട്ടന്റെ കൊച്ച് പ്രേമിക്കാൻ പോവാണോ ""ബുക്കിലെ പേര് കണ്ടതും അവൻ കളിയാക്കി ചോദിച്ചു. അതിനവൾ മറുപടി പറഞ്ഞില്ല.

""എന്തായാലും ഇത് ചേട്ടൻ എടുക്കുവാ... ഞാൻ വായിച്ചിട്ട് തരാം"". അവളെ നോക്കി ഒരു കണ്ണിറുക്കി പറഞ്ഞിട്ട് അവൻ മുന്നോട്ടു നടന്നു. കണ്ണൻ പോയി എന്ന് ഉറപ്പായതും ഗായത്രി നെഞ്ചിൽ കൈ വെച്ച് ശ്വാസം ഒന്ന് നേരെ വലിച്ചു വിട്ടു. ഇടയ്ക്കിടെ തിരിഞ്ഞു നോക്കി മുൻപോട്ട് നടക്കുന്ന കണ്ണനെ കണ്ടപ്പോൾ അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. പക്ഷേ അതേ നിമിഷം തന്നെ മറ്റൊരോർമയിൽ കണ്ണുകൾ നിറഞ്ഞു. കവിളിൽ കൂടി ഒലിച്ചിറങ്ങിയ കണ്ണുനീരിനെ മറ്റുള്ളവർ കാണും മുൻപ് അവൾ അമർത്തിത്തുടച്ചു. ക്ലാസ്സിലേക്ക് പോകാൻ തോന്നിയില്ല... വെറുതെ അവിടെയുള്ള ടേബിളിൽ തലവെച്ചു കിടന്നു.. കൈമുട്ടുകൾക്കിടയിൽ മുഖം ഒളിപ്പിച്ചു വിതുമ്പൽ അടക്കാൻ പാടുപെട്ടു.

വൈകിട്ട് ക്ലാസ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോളേക്കും തലയാകെ വെട്ടിപ്പൊളിയും പോലെ വേദന തോന്നി അവൾക്ക്. എത്ര നേരം കരഞ്ഞു എന്ന് അറിയില്ല.. തലയാകെ വല്ലാത്ത ഒരു ഭാരം. എത്രയൊക്കെ വേണ്ടെന്നു വെച്ചിട്ടും അവളുടെ കണ്ണുകൾ അവൻ സ്ഥിരമായി ഇരിക്കാറുള്ള പടിക്കെട്ടുകളിലേക്ക് നീണ്ടു.അവിടെ അവനെ കാണാതിരുന്നപ്പോൾ ഒരു നിമിഷത്തേക്ക് വല്ലാത്ത നിരാശ തോന്നി. കണ്ണുകൾ ചുറ്റും പായിച്ചുകൊണ്ട് കാണുന്ന മുഖങ്ങളിലെല്ലാം അവനെ തിരിഞ്ഞു. നീട്ടിയടിക്കുന്ന കാറിന്റെ ഹോണടി ശബ്ദമാണ് പരിസരബോധം ഉണ്ടാക്കിയത്. തനിക്കായി കാത്തുനിൽക്കുന്ന കാർ കണ്ടതും അവൾ ഓടി ചെന്ന് അകത്തേക്ക് കയറി.

ഡ്രൈവറുടെ നോട്ടത്തിൽ നിന്നും എല്ലാം കണ്ടു എന്ന് വ്യക്തമായിരുന്നു. വീട്ടിലറിഞ്ഞാൽ ഉണ്ടാക്കുന്ന കാര്യങ്ങൾ ഓർത്തു അവൾക്ക് വല്ലാത്ത പേടി തോന്നി. ഒന്നും മിണ്ടാതെ മുഖം കുനിച്ചു..... അച്ഛനും അമ്മയും ഒന്നും അറിയരുതേ എന്ന പ്രാർത്ഥനയോടെ കണ്ണുകൾ അടച്ചിരുന്നു. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 വേദയെ നോക്കി മുറിയിൽ ഇരിക്കുകയായിരുന്നു ശിവ. അച്ഛനെയും അമ്മയെയും ആശുപത്രിയിലാക്കിയിട്ട് വന്നതേയുള്ളൂ. ഇന്നത്തെ ദിവസം കണ്ണൻ കൂട്ടിരുന്നോളാം എന്ന് പറഞ്ഞു നിർബന്ധിച്ചു പറഞ്ഞു വിടുകയായിരുന്നു..ഓർത്തപ്പോൾ അതായിരിക്കും നല്ലത് എന്ന് തോന്നി. ദിയക്ക് ചെറിയ ഒരു പനി കോൾ ഉള്ളതിനാൽ അവളെ അച്ഛന്റെ അടുത്തു നിർത്താൻ കഴിയുമായിരുന്നില്ല.

സമയം പത്തു കഴിഞ്ഞിട്ടും അവൾ മുറിയിലേക്ക് വന്നിരുന്നില്ല. രാവിലെ നടന്ന സംഭവങ്ങളുടെ പുറത്താണ് ഈ ഒളിച്ചുകളി എന്ന് അവന് മനസ്സിലായിരുന്നു. അതിനുശേഷം ഇതുവരെ മുഖത്തേക്ക് ഒന്ന് നോക്കുക പോലും ചെയ്തിട്ടില്ല. അത്താഴം വരുന്ന വഴിക്ക് പുറത്തുനിന്ന് കഴിച്ചതുകൊണ്ട് ഇവിടെ വന്നിട്ട് പ്രത്യേകിച്ച് ജോലിയൊന്നും ഉണ്ടായിരുന്നില്ല. എന്നിട്ടും എന്താണാവോ ഇത്ര താമസം. വീണ്ടും കുറച്ചുനേരം കൂടി നോക്കിയിരുന്നെങ്കിലും വേദയുടെ പൊടി പോലും കാണാതിരുന്നതിനാൽ ശിവ പുറത്തേക്കിറങ്ങി നോക്കാൻ തീരുമാനിച്ചു. ഹാളിൽ ചെന്നപ്പോഴേക്കും കണ്ടു സോഫയിൽ കിടക്കുന്നത്.

ടിവി ഓണാക്കി മുൻപിൽ ഇരിപ്പുണ്ടെങ്കിലും അതിൽ ഒന്നുമല്ല ശ്രദ്ധ എന്ന് ഒറ്റ നോട്ടത്തിൽ അറിയാം. എന്തൊക്കെയോ ആലോചിച്ചു കിടക്കുകയാണ് ഇടയ്ക്കിടെ നഖം കടിക്കുന്നുമുണ്ട്. ""ഡി..... നീ ഉറങ്ങാൻ വരുന്നില്ലേ.. ""തൊട്ടടുത്തുനിന്ന് ചോദിച്ചു. പെട്ടെന്ന് ചെവിക്ക് പിന്നിലായി ശബ്ദം കേട്ടതും വേദ പേടിച്ച് ഞെട്ടി തിരിഞ്ഞു നോക്കി. ശിവയാണെന്ന് കണ്ടതും ആശ്വാസത്തോടെ നെഞ്ചിൽ കൈവെച്ച് ശ്വാസമെടുത്തു. ""മനുഷ്യനെ പേടിപ്പിച്ചു കൊല്ലാൻ ഇറങ്ങിയതാണോ"". അവൾ ദേഷ്യത്തോടെ ചോദിച്ചു ഉയർന്ന ഹൃദയമിടിപ്പ് ഇപ്പോഴും നേരെ ആയിരുന്നില്ല. "" മാഡത്തിന് ഉറങ്ങാറായില്ലേ ആവോ..""

അവളുടെ ദേഷ്യം കണ്ടില്ല എന്ന് നടിച്ച് അവൻ ചോദിച്ചു. വീണ്ടും രാവിലെ നടന്നതൊക്കെ അവളുടെ മനസ്സിലേക്ക് ഇരച്ചെത്തി...ജാള്യതയോടെ മുഖം തിരിച്ചു. "" അത്.... ഞാൻ.. സിനിമ... കാണുവാ.. അത് കഴിഞ്ഞു വരാം.."" വാക്കുകൾ കൂട്ടിപ്പെറുക്കി പരിഭ്രമത്തോടെ പറഞ്ഞിട്ട് അവൾ വീണ്ടും തിരിഞ്ഞിരുന്നു. ശിവയുടെ കണ്ണുകൾ ടിവി സ്ക്രീനിലേക്ക് പോയി. ടെലി മാർക്കറ്റിംഗ് ചാനൽ കണ്ടതും അവനിൽ നിന്നും ഒരടക്കിപ്പിടിച്ച ചിരി പുറത്തേക്ക് വന്നു. അവന്റെ ചിരിയുടെ ശബ്ദം കേട്ടാണ് അവൾ വീണ്ടും തിരിഞ്ഞു നോക്കുന്നത്. ടിവി സ്ക്രീനിലേക്ക് നോക്കി ചിരിക്കുന്ന അവനെകണ്ട് അങ്ങോട്ടു നോക്കിയപ്പോളാണ് ടെലി മാർക്കറ്റിംഗ് ചാനലാണ് വെച്ചിരിക്കുന്നത് എന്ന് അവർക്ക് മനസ്സിലായത്.

അവൾ ചമ്മലോടെ നെറ്റിയിൽ കൈവച്ചു """ആകെ നാണക്കേടായി കൃഷ്ണ. എന്തെങ്കിലും പറഞ്ഞ് രക്ഷപ്പെടാമല്ലോ എന്ന് വിചാരിച്ച് വായിൽ തോന്നിയത് പറഞ്ഞു പോയി.. ഇനി എന്താ ചെയ്യുക.. ""അവൾ സ്വയം പറഞ്ഞു. മുട്ടിനു മുകളിലും അരക്കെട്ടിലും ആയ രണ്ട് കൈകൾ മുറുകിയപ്പോഴാണ് കണ്ണുകൾ വലിച്ചു തുറക്കുന്നത്. എന്താ....ഏതാ.... എന്ന് മനസ്സിലാകും മുൻപ് ശിവ അവളെ കൈകളിൽ വാരിയെടുത്തിരുന്നു... വേദ തറഞ്ഞു പോയി.... ആദ്യമായിട്ടാണ് ഇങ്ങനെ ഇത്രയും അടുത്ത് ചേർന്നു നിൽക്കുന്നത്.... ശ്വാസം എടുക്കാൻ പോലും ഒരു നിമിഷം മറന്നു അവനെ തന്നെ നോക്കി കിടന്നു അവൾ. ഹൃദയം മിടിക്കുന്നത് പോലും കേൾക്കാം എന്ന് തോന്നി അവൾക്ക്...

വീണ്ടും കുറച്ചു നിമിഷം കൂടി എടുത്തു ബോധത്തിലേക്ക് വരാൻ.. കിടപ്പുമുറിയുടെ വാതിൽക്കൽ എത്തിയപ്പോളാണ് താനിപ്പോൾ ശിവയുടെ കൈകളിലാണെന്ന് അവൾ തിരിച്ചറിയുന്നത്. പെട്ടെന്ന് മുഖത്തേക്ക് ദേഷ്യം വരുത്തി.. ""ഡോ... ആരോട് ചോദിച്ചിട്ടാഡോ എന്നേ എടുത്തത്... മര്യാദക്ക് താഴെ നിർത്തിക്കോ..."" അവൾ കൈകൾ കിടന്നു കുതറാൻ തുടങ്ങി... ശിവ കാര്യമാക്കാതെ കൈകളുടെ മുറുക്കം ഒന്നുകൂടി കൂട്ടിയിട്ട് മുൻപോട്ട് നടന്നു. താൻ പറയുന്നതൊന്നും ശ്രദ്ധിക്കാതെ ചിരി കടിച്ചു പിടിച്ചു മുന്നോട്ട് നടക്കുന്ന ശിവയെ കണ്ടപ്പോൾ ദേഷ്യം കൊണ്ട് വിറക്കും പോലെ തോന്നി വേദക്ക്.. ""മര്യാദക്ക് എന്നേ താഴെ നിർത്തിക്കോ...

അല്ലെങ്കിൽ കണ്ണ് രണ്ടും ഞാൻ കുത്തിപ്പൊട്ടിക്കും.. ""അവൾ നീട്ടി വളർത്തിയ നഖങ്ങൾ അവന്റെ മുഖത്തിന്‌ നേരെ നീട്ടി.. അവളുടെ പറച്ചിൽ കേട്ട് അവൻ ഒരു നിമിഷം നിന്നു. താഴെയിറക്കാൻ പോകുകയാണെന്ന് വിചാരിച്ചു വേദ ആശ്വാസത്തോടെ ഒന്ന് ചിരിച്ചു. പക്ഷേ അൽപ നേരത്തേക്കേ ആ ആശ്വാസത്തിന് ആയുസ്സുള്ളായിരുന്നു.. തന്നെ എടുത്തുയർത്തിയ അവന്റെ കൈകളിൽ ബലം കുറയുന്നതായി തോന്നി അവൾക്ക്. ഞെട്ടലോടെ അവനെ നോക്കിയപ്പോൾ കുസൃതി കലർന്ന ചിരിയോടെ നോക്കി നിൽക്കുകയാണ്.

താഴേക്ക് വീഴാൻ പോകുകയാണ് എന്ന് തോന്നിയതും ഒരു നിലവിളിയോടെ അവൾ കണ്ണുകൾ ഇറുക്കെ അടച്ചു.. നിമിഷങ്ങൾ കഴിഞ്ഞിട്ടും നിലത്തേക്ക് വീഴാതായപ്പോൾ പതിയെ ഒരു കണ്ണ് തുറന്നു നോക്കി.......ഇപ്പോഴും ശിവയുടെ കൈകൾക്കുള്ളിൽ തന്നെയാണ്.. പക്ഷേ മുൻപത്തേത് പോലെ നെഞ്ചോടു ചേർത്തു പിടിച്ചിരിക്കുകയല്ല... തറയുമായി ഇത്തിരി അകലമേ ഉള്ളു... ചെറുതായി ആ കൈകൾ ഒന്ന് അയച്ചാൽ പോലും നിലത്തേക്ക് വീഴും. അവൾ അവനെ ദയനീയമായി നോക്കി.... """താഴെ ഇറങ്ങണോ..."" വീണ്ടും കുസൃതി കലർന്ന ചോദ്യം.. ഇത്തവണ വേണ്ട എന്ന് പതിയെ തലയാട്ടി അവൾ....

ഒരു പൊട്ടിച്ചിരിയോടെ അവൻ വീണ്ടും അവളെ എടുത്തുയർത്തി നെഞ്ചോടു ചേർത്ത് പിടിച്ചു.. മുഖം അവന്റെ നെഞ്ചോട് ചേർന്നു നിന്നപ്പോളാണ് തനിക്കൊപ്പം അല്ലെങ്കിൽ തന്നെക്കാൾ ഉച്ചത്തിൽ മിടിക്കുന്ന അവന്റെ നെഞ്ചിടിപ്പ് അവൾ കേൾക്കുന്നത്.... കണ്ണുകളടച്ചു വെറുതെ ആ ശബ്ദത്തിന് കാതോർത്തിരുന്നു............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story