ശിവദം: ഭാഗം 17

shivatham

എഴുത്തുകാരി: അമ്മു അമ്മൂസ്

ഒരു നിമിഷത്തേക്ക് ചലനം പോലും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു വേദ.. നാല് വർഷങ്ങൾക്ക് മുൻപ് കണ്ട ആ മുഖം വീണ്ടും അതേ തെളിമയോടെ മുന്നിൽ നിറഞ്ഞു നിൽക്കുന്നു. താനിതു വരെ കെട്ടിയുണ്ടാക്കിയ ലോകം വീണ്ടും ഒരിക്കൽ കൂടി ചീട്ടുകൊട്ടാരം പോലെ തകർന്നു വീഴുന്നതായി തോന്നി അവൾക്ക്... മനപ്പൂർവം മറക്കാൻ ശ്രമിച്ചതൊക്കെ ആയിരം മടങ് ശക്തിയിൽ മനസ്സിലേക്ക് ആർത്തലച്ചു വരുന്നത് പോലെ.. ആ പെൺകുട്ടി തന്നെ നോക്കി സൗമ്യമായി പുഞ്ചിരിക്കുന്നത് കണ്ടു. പക്ഷേ അതിനേക്കാളേറെ ആ കണ്ണുകളിലെ വിഷാദഭാവമായിരുന്നു അവളുടെ മിഴികളിൽ ഉടക്കി നിന്നത്. കാലുകൾ മുൻപോട്ട് ചലിക്കുന്നുണ്ടായിരുന്നില്ല.. വെറുതെ രണ്ടാളെയും മാറി മാറി നോക്കി നിന്നു.

യാതൊരു വിധ ഭാവങ്ങളും ഇല്ലാതെ തങ്ങളെ നോക്കി നിൽക്കുന്ന വേദയെ കണ്ടപ്പോൾ ശിവയുടെ നെറ്റി ചുളിഞ്ഞു.. ആദ്യമായിട്ടായിരുന്നു അവളിൽ അങ്ങനെ ഒരു ഭാവം. ""ഡീ... നീ ഇതെന്താ ഇങ്ങനെ നിൽക്കുന്നെ... ഇത് അശ്വതി... എന്റെ ഫ്രണ്ടാണ്....ഞങ്ങൾ ഒന്നിച്ചായിരുന്നു കോളേജിൽ.. ""വേദയുടെ ഭാഗത്തു നിന്നും പ്രതികരണങ്ങളൊന്നും ലഭിക്കാതെയായപ്പോൾ ശിവ തന്നെ പരിചയപ്പെടുത്തി.. പരിചയപ്പെടുത്തി എങ്കിലും വേദയിൽ അങ്ങനെ ഭാവവ്യത്യാസങ്ങൾ ഒന്നും കണ്ടില്ല. അവൾ ആ പെൺകുട്ടിയെത്തന്നെ നോക്കി നിൽക്കുകയായിരുന്നു. വേദയിൽ നിന്നും പ്രതികരണം ഒന്നും ലഭിക്കാതെ ആയപ്പോൾ അശ്വതി സംശയത്തോടെ ശിവയെ നോക്കി.

അവനും കാര്യം മനസ്സിലാകാതെ നിൽക്കുകയായിരുന്നു. വേദ നോക്കിക്കാണുകയായിരുന്നു അശ്വതിയെ. യാതൊരു വിധ ചമയങ്ങളും ആ മുഖത്ത് കാണാൻ കഴിഞ്ഞില്ല. കണ്മഷി പോലും എഴുതിയിട്ടില്ലാത്ത കണ്ണുകൾ. മൊട്ടു പോലെ ഒരു കമ്മൽ മാത്രമായിരുന്നു ആകെയുള്ള ആഭരണം. ഉടുത്തിരിക്കുന്ന കോട്ടൺ സാരി തേച്ചിട്ടുണ്ടോ എന്ന് തന്നെ സംശയമാണ്. നാല് വർഷം മുൻപ് കണ്ടതിൽ നിന്നും അവൾ ഒരുപാട് മാറി എന്ന് തോന്നി വേദക്ക്. അന്ന് ഇതിലും സുന്ദരിയായിരുന്നു അവൾ... അന്ന് കണ്ട പെൺകുട്ടിയുടെ പകുതി പോലും ഇല്ല ഇന്നവൾ എന്ന് തോന്നി... ശിവയുടെ കൈ തോളിൽ തൊട്ടപ്പോഴാണ് അശ്വതിയും ശിവയും സംശയത്തോടെ നോക്കുന്നത് ശ്രദ്ധിച്ചത്.

വളരെ പണിപ്പെട്ട് മുഖത്തൊരു ചിരി വരുത്തി. എങ്കിലും പതിവ് കുശലാന്വേഷണങ്ങൾ നടത്താൻ തോന്നിയില്ല. എത്രയൊക്കെ മറയ്ക്കാൻ ശ്രമിച്ചിട്ടും അവളുടേ കണ്ണുകളിൽ തെളിഞ്ഞ വെറുപ്പ് ശിവക്ക് മനസ്സിലായിരുന്നു... പക്ഷേ അതിന്റെ കാരണം മാത്രം അവന് അറിയാൻ കഴിഞ്ഞില്ല. ''"സോറിട്ടോ... നിങ്ങടെ കല്യാണത്തിന് പങ്കെടുക്കണം എന്നുണ്ടായിരുന്നു... പക്ഷേ മോൾക്ക് ചെറിയ പനി....ഭയങ്കര വാശിക്കാരിയാ. പനി വന്നാൽ പിന്നെ ഞാൻ അടുത്തുനിന്നും മാറാൻ സമ്മതിക്കില്ല..... അതുകൊണ്ട് വരാൻ പറ്റിയില്ല. ഇന്ന് മോളെ ഹോസ്പിറ്റലിൽ കാണിക്കാൻ വന്നപ്പോളാണ് ശിവയെ കണ്ടത്."" അശ്വതി വേദയുടെ കൈ പിടിച്ചു പറഞ്ഞു.

അപ്പോഴാണ് അടുത്ത് നിന്ന സ്ത്രീയുടെ തോളിൽ ചാരിക്കിടന്നുറങ്ങുന്ന നാല് വയസ്സുകാരിയിലേക്ക് നോട്ടം ചെല്ലുന്നത്... ശിവയുടെ മുഖവുമായി എന്തെങ്കിലും സാമ്യം ആ കുഞ്ഞു മുഖത്ത് തിരഞ്ഞു... നിരാശയായിരുന്നു ഫലം.. ""ഞാൻ ചെല്ലട്ടെ... പരിചയപ്പെട്ടതിൽ സന്തോഷം...."" എല്ലാം കൂടി വല്ലാതെ വീർപ്പുമുട്ടിക്കുന്നു എന്ന് തോന്നിയപ്പോൾ... മറുപടിക്ക് പോലും കാത്തു നിൽക്കാതെ വേദ മുറിക്കകത്തേക്ക് ചെന്നു.... അശ്വതിയുടെ മുഖത്തുണ്ടായ ഞെട്ടൽ കണ്ടില്ല എന്ന് തന്നെ നടിച്ചു... അച്ഛന്റെ സർജറിടെ ടെൻഷൻ ആയതുകൊണ്ടാണെന്നൊക്കെ ശിവ ആശ്വാസ വാക്കുകൾ പറയുന്നത് മുറിക്കകത്തു നിന്ന് കേട്ടു...

ഒന്നും സംഭവിക്കാത്തത് പോലെയുള്ള ശിവയുടെയും അശ്വതിയുടെയും പെരുമാറ്റം കണ്ടപ്പോൾ വെറുപ്പാണ് തോന്നിയത്..... താൻ എല്ലാം കണ്ട കാര്യം അറിയാതെ രണ്ടാളും നടത്തുന്ന നാടകം ഓർത്തപ്പോൾ അവൾക്ക് പുച്ഛം തോന്നി. ആലോചനകളിൽ മുഴുകി ഇരുന്നപ്പോഴാണ് ശിവ അകത്തേക്ക് വരുന്നത്. മുഖം കണ്ടാലേ അറിയാം ദേഷ്യം സഹിക്കാൻ കഴിയാതെ ഇരിക്കുകയാണ്. എന്തോ അതൊന്നും തന്നെ ബാധിക്കുന്നതല്ല എന്ന് തോന്നി വേദക്ക്. വാതിൽ അടച്ചു കുറ്റിയിട്ട ശേഷം ശിവ അവളുടെ നേരെ ചെന്നു. """ഒരഞ്ചു മിനിറ്റ് നിനക്കവളോടൊന്ന് സംസാരിച്ചൂടെ വേദ... സമ്മതിച്ചു തരുന്നു നിനക്കെന്നെ ഇഷ്ടമല്ല... അച്ഛന് വേണ്ടി മാത്രമുള്ള വിവാഹമാണിത്...

പക്ഷേ ഇങ്ങനെയല്ല അത് പ്രകടിപ്പിക്കേണ്ടത്.. പാവത്തിന് എന്ത് വിഷമമായി എന്ന് അറിയാമോ.... ""ഉള്ളിലെ ദേഷ്യം പരമാവധി അടക്കാൻ ശ്രമിച്ചുകൊണ്ടു ശിവ പറഞ്ഞു. പുച്ഛം കലർന്ന ഒരു ചിരി ആയിരുന്നു വേദയുടെ ചുണ്ടിൽ വിരിഞ്ഞത്. ""ഭർത്താവിന്റെ കാമുകിയോടും കൊച്ചിനോടും ചിരിച്ചു സംസാരിക്കാനുള്ള വിശാല മനസ്കതയൊന്നും എനിക്കില്ല.."" കേട്ടതിന്റെ കുഴപ്പമാണോ എന്നറിയാതെ ഒരു നിമിഷം ശിവ തറഞ്ഞു നിന്നു. ""എ... എന്താ നീ പറയുന്നേ എന്ന് ബോധമുണ്ടോ നിനക്ക്....""ചോദിക്കുമ്പോൾ ശബ്ദം വല്ലാതെ ഉയർന്നിരുന്നു. ""ബഹളം വെക്കേണ്ട.... എല്ലാം ഞാൻ എന്റെ കണ്ണ് കൊണ്ട് കണ്ടതാ... നാലു വർഷം മുൻപ്... നിങ്ങളോട് ചെറിയ ഒരിഷ്ടം തോന്നിപ്പോയി....

അത് നേരിട്ട് പറയാൻ വന്ന ഞാൻ മണ്ടി..... കുഞ്ഞിനെ വേണം എന്ന് പറഞ്ഞു കരയുന്ന അവളുടെ മുഖം ഇന്നും എന്റെ മനസ്സിലുണ്ട്... അതുകൊണ്ട് പുതിയ കള്ളങ്ങൾ ഒന്നും വേണ്ട.....നിങ്ങൾ അവളെ ചതിച്ചോ ഇല്ലയോ എന്നൊന്നും എനിക്കറിയില്ല... പക്ഷേ ഇപ്പോഴും ബന്ധം തുടരാനാണ് രണ്ടാളുടെയും ഭാവമെങ്കിൽ ഈ താലി എന്റെ കഴുത്തിൽ നിന്നും അഴിച്ചു മാറ്റിയിട്ട് വേണം..."" താലി മാല പുറത്തേക്കിട്ട് മനസ്സിൽ വന്നതൊക്കെ പറയുമ്പോൾ വേദയുടെ ശബ്ദവും ഉയർന്നിരുന്നു.. ശിവയുടെ മുഖഭാവം മാറി ഞരമ്പുകൾ വലിഞ്ഞു മുറുകുന്നത് കണ്ടു... അവന്റെ വലതു കൈ അന്തരീക്ഷത്തിൽ ഉയർന്നപ്പോളേക്ക് വേദ ഭയത്തോടെ കണ്ണുകൾ ഇറുക്കെ അടച്ചു.. കുറേയേറെ നേരം കഴിഞ്ഞിട്ടും...

കവിളിൽ വേദന ഒന്നും തോന്നാതിരുന്നപ്പോളാണ് പതുക്കെ കണ്ണുകൾ തുറന്നു നോക്കുന്നത്. മുഷ്ടി ചുരുട്ടി കണ്ണുകൾ അടച്ചു പിടിച്ചു ദേഷ്യം അടക്കാൻ പാട് പെടുന്ന ശിവയെയാണ് കണ്ടത്. എന്തോ ആ മുഖഭാവം അവളിൽ ചെറുതായി ഭയം ജനിപ്പിച്ചു.. അവളെ നോക്കുമ്പോൾ അവന്റെ കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു... വേദനയാണോ.. ദേഷ്യമാണോ അവയിൽ കൂടുതൽ മിഴിവോടെ തെളിഞ്ഞു നിന്നതെന്ന് വേദക്ക് മനസ്സിലായില്ല. ""നിന്നെ..... നിന്നെ എനിക്കൊരുപാട് ഇഷ്ടമായിരുന്നെടി.....അതുകൊണ്ട്... അതുകൊണ്ട് മാത്രം നിന്നെ വേദനിപ്പിക്കാൻ എനിക്ക് പറ്റില്ല... പക്ഷേ ഇനിയില്ല.. ഇന്നത്തോടെ അവസാനിച്ചു എല്ലാം...

ഇത്രയും തരംതാഴ്ന്ന ഒരുത്തൻ ആയിട്ടാണ് നിന്റെ മനസ്സിൽ എനിക്കുള്ള സ്ഥാനം എന്ന് അറിഞ്ഞില്ല.."" പുച്ഛം കലർന്ന ഒരു ചിരി അവനിൽ തെളിഞ്ഞു... "" അങ്ങനെ മറ്റൊരു പെണ്ണിന് കുഞ്ഞിനെ കൊടുക്കാൻ അറിയാമെങ്കിൽ.... ഈ ലോകത്ത് ആരെതിർത്താലും അവളെ കൂടെ കൂട്ടാനും ശിവക്കറിയാം.... കൂടപ്പിറപ്പിനെ പോലെ നോക്കുന്ന ഒരു പെണ്ണിനെക്കുറിച്ച നീ ഇപ്പോൾ ഇത് പറഞ്ഞത്..... മനസ്സുകൊണ്ട് നീ അവളിലും ഒരുപാട് താഴെയാണ്..."" പറയുമ്പോൾ അവന്റെ ശബ്ദം ഇടറിയിരിന്നു... സഹിക്കാൻ കഴിയുന്നതായിരുന്നില്ല..... പെങ്ങളായി കണ്ട് സ്നേഹിച്ചവളെയും ചേർത്ത് കേൾക്കേണ്ടി വന്ന അപമാനം.. വേദയുടെ മുഖത്ത് സംശയം നിറഞ്ഞു... ""പെങ്ങളാണെങ്കിൽ പിന്നെ ഞാനെന്റെ കണ്ണുകൾ കൊണ്ട് കണ്ടതെന്താ.... ""ബുദ്ധിയും ഹൃദയവും ഇരുഭാഗത്തു നിന്നും വാദിച്ചു കൊണ്ടിരുന്നു... ശിവയുടെ വാക്കുകൾ പൂർണ്ണമായി വിശ്വസിക്കാൻ ഹൃദയം ആവശ്യപ്പെടുമ്പോൾ..

ബുദ്ധി നേരിട്ട് കണ്ട കാഴ്ച്ചയിൽ തന്നെ ഉറച്ചു നിന്നു. ശിവ ദേഷ്യത്തോടെ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു. ഗാലറി തുറന്നു പ്രിയപ്പെട്ട ചിത്രങ്ങളുടെ കൂട്ടത്തിൽ ഏറ്റവും മുകളിൽ ഉണ്ടായിരുന്നത് എടുത്തു ഫോൺ അവൾക്ക് നേരെ തിരിച്ചു.. ഫോണിലേക്ക് നോക്കിയ വേദക്ക് ശ്വാസം പോലും വിലങ്ങിയ പോലെ തോന്നി.. കുറച്ചു മുൻപ് കണ്ട പെൺകുട്ടി നിറഞ്ഞ ചിരിയോടെ ഒരു ചെറുപ്പക്കാരനോട് ചേർന്നു നിൽക്കുന്നു.. രണ്ടാളുടെയും കഴുത്തിൽ അണിഞ്ഞിരുന്ന തുളസി മാല അതവരുടെ വിവാഹഫോട്ടോ ആണെന്ന് വിളിച്ചു പറഞ്ഞു. അടുത്ത് തന്നെ ചിരിയോടെ ശിവയും നിൽക്കുന്നുണ്ട്.. ""ധാ.. ഇവനാണ് നീ പറഞ്ഞ ആ കുഞ്ഞിന്റെ അച്ഛൻ ..

നാല് വർഷമായി അവനവളെ തനിച്ചാക്കി പോയിട്ട്... കുടുംബത്തിന്റെ അഭിമാനം നഷ്ടപ്പെടുത്തിയതിന് പെൺവീട്ടുകാർ കൊടുത്ത സമ്മാനം....സംശയങ്ങൾ ഇല്ലാത്ത ഒരു വാഹനാപകടം... അന്യമതത്തിൽപ്പെട്ട ഒരുവന്റെ രക്തത്തിൽ പിറന്ന കുഞ്ഞിന് സ്വത്തുക്കൾ പോകാതിരിക്കാൻ വേണ്ടി അതിനെയും ഇല്ലാതാക്കാൻ അവർ ശ്രമിച്ചപ്പോളായിരുന്നു അവളോടി എന്റടുത്തു വന്നത് .... അന്ന് മുതൽ ഇന്ന് വരെ ആ കുഞ്ഞിന് വേണ്ടി മാത്രമേ അവൾ ജീവിച്ചിട്ടുള്ളു.... "" അവന്റെ വാക്കുകൾ ഓരോന്നും അവളെ വല്ലാതെ മുറിവേൽപ്പിച്ചുകൊണ്ടിരുന്നു ... ഇത്രയും നാൾ നെയ്തുകൂട്ടിയ മൂഢസ്വർഗത്തിൽ നിന്നുള്ള വീഴ്ച വളരെ വലുതായിരുന്നു... അപ്പോൾ കാർത്തിയേട്ടൻ പറഞ്ഞതോ....

ഏട്ടനും ഉണ്ടായിരുന്നില്ലേ തനിക്കൊപ്പം.... വേച്ചു വീഴാൻ പോയ തന്നെ താങ്ങി നിർത്തിയതും.... ആ പെൺകുട്ടിയുടെ വിവരങ്ങൾ പറഞ്ഞു തന്നതും ഏട്ടനല്ലേ..... സ്വത്തും പണവും ഇല്ലാത്ത പെൺകുട്ടിയെ നിർദാക്ഷിണ്യം ഒഴിവാക്കുന്ന മുഖമായിരുന്നു ശിവക്ക് കാർത്തിയേട്ടന്റെ വാക്കുകളിൽ.. അതൊക്കെ നുണകൾ ആയിരുന്നു എന്ന സത്യം അംഗീകരിക്കാൻ മനസ്സ് മടിച്ചു നിന്നു... കേട്ടതൊന്നും വിശ്വസിക്കാൻ കഴിയാതെ അവൾ അവന്റെ മുഖത്തേക്ക് തന്നെ ഉറ്റു നോക്കി നിന്നു.. ഇതുവരെ ഉണ്ടായിരുന്ന ദേഷ്യ ഭാവം മാറി അവന്റെ മുഖത്ത് സങ്കടമോ നിസ്സഹായതയോ ഒക്കെ കലർന്ന ഭാവം വിരിഞ്ഞു.. ""മതിയാക്കുവാ എല്ലാം.....

എന്നെങ്കിലും നീ എന്നേ മനസ്സിലാക്കും എന്ന് ഒരു പ്രതീക്ഷ ഉണ്ടായിരുന്നു ഇത് വരെ... പക്ഷേ ഇനി അതില്ല.....നിനക്ക് തീരുമാനം എടുക്കാം... എന്തായാലും എനിക്ക് സമ്മതമാണ്... ""ശബ്ദം ഇടാറി അത് പറയുമ്പോൾ അനുസരണ കാട്ടാതെ ഒരു തുള്ളി കണ്ണുനീർ അവന്റെ കണ്ണിൽ നിന്നും ഇറ്റു വീണു. ""ഇതെല്ലാം നിന്നോട് പറഞ്ഞത് ഒരേയൊരു കാര്യത്തിന... ഇനി ഒരിക്കൽ കൂടി അവളെക്കുറിച്ചു അങ്ങനെ ഒരു ചിന്ത പോലും നിന്റെ മനസ്സിൽ ഉണ്ടാകാൻ പാടില്ല... ക്ഷമിക്കാൻ കഴിഞ്ഞു എന്ന് വരില്ല എനിക്ക്.... ""പറയുമ്പോൾ ഇതുവരെ ഒരിക്കലും അനുഭവപ്പെട്ടിട്ടില്ലാത്ത ഗൗരവം അവന്റെ വാക്കുകളിൽ നിറഞ്ഞു നിന്നു.

തിരിഞ്ഞൊന്ന് നോക്കാതെ വാതിൽ തുറന്നു അവൻ പുറത്തേക്ക് പോകുമ്പോൾ അവന്റെ വാക്കുകൾ ഉൾക്കൊള്ളാൻ കഴിയാതെ നിൽക്കുകയായിരുന്നു വേദ... കണ്ണുകൾ രണ്ടും നിറഞ്ഞൊഴുകി മുൻപിൽ ഉള്ള കാഴ്ചയെ മറച്ചിരുന്നു... കാലുകൾക്കും ബലം കുറയുന്നു എന്ന് തോന്നിയപ്പോൾ അവൾ പതിയെ ചുമരിലേക്ക് തളർച്ചയോടെ ചാരിയിരുന്നു... കാൽമുട്ടുകളിൽ മുഖം ചേർത്ത് ഏങ്ങി...ഏങ്ങി കരയുമ്പോൾ നാളിതുവരെ ശിവയെ കുത്തിനോവിച്ച ഓരോ വാക്കുകളും മനസ്സിൽ തെളിഞ്ഞു വന്നു.... ""മതിയായി എനിക്ക്.... ""അവന്റെ വാക്കുകൾ ഒരിക്കൽ കൂടി ചെവിയിൽ മുഴങ്ങിയപ്പോൾ ഞെട്ടലോടെ എഴുന്നേൽക്കാൻ ശ്രമിച്ചു...

അവനെ നഷ്ടപ്പെടുമോ എന്നുള്ള വികാരം ആദ്യമായി മനസ്സിനെ കീഴ്പ്പെടുത്താൻ തുടങ്ങിയിരിക്കുന്നു... മറ്റൊന്നും ചിന്തിക്കാതെ അവൻ പോയ വഴിയേ കാലുകൾ ചലിച്ചു.... അനുസരണ ഇല്ലാതെ വീണ്ടും വീണ്ടും നിറഞ്ഞൊഴുകുന്ന കണ്ണുകൾ ശക്തിയായി തുടച്ചു മുൻപോട്ട് നടക്കുമ്പോൾ കണ്ടു ഒരു പൊട്ട് പോലെ ദൂരേക്ക് മാഞ്ഞു പോകുന്ന ശിവയെ... ഓടുകയായിരുന്നു കാലുകൾ അവന് പിന്നാലെ.. മുൻപിൽ തടസ്സമായി വന്ന പലരെയും തട്ടി പലതവണ വീഴാൻ പോയെങ്കിലും അതൊന്നും കാര്യമാക്കാതെ മുൻപോട്ട് തന്നെ ഓടി... അടുത്തെത്താറായപ്പോളേക്കും അവൻ കാറിനുള്ളിലേക്ക് കയറാൻ തുടങ്ങുന്നത് കണ്ട് ഒരു നിമിഷം നോക്കി നിന്നു....

അവളുടെ സാമീപ്യം അറിഞ്ഞിട്ടോ എന്തോ ശിവയും തിരിഞ്ഞു നോക്കി.. പക്ഷേ ശ്വാസമെടുക്കാൻ കിതച്ചു കൊണ്ട് തന്റെ മുൻപിൽ നിൽക്കുന്ന അവളെ നോക്കുന്ന അവന്റെ മുഖത്ത് നിർവികാരത മാത്രം നിറഞ്ഞു നിന്നു.. പോകരുതേ എന്നുള്ള യാചന മാത്രമേ ഉള്ളായിരുന്നു അവളുടെ കണ്ണുകളിൽ.... പക്ഷേ അവനത് കണ്ടില്ല എന്ന് തന്നെ നടിച്ചു... അവളെ ഗൗനിക്കുക പോലും ചെയ്യാതെ കാറെടുത്തു പുറത്തേക്ക് പോകുമ്പോൾ അവന്റെ കണ്ണുകളും നിറഞ്ഞിട്ടുണ്ടായിരുന്നു.. . പ്രതികരിക്കാൻ പോലും കഴിയാതെ നിൽക്കുമ്പോൾ ചുറ്റും ശൂന്യത നിറയുന്നതായി തോന്നി അവൾക്ക്...........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story