ശിവദം: ഭാഗം 19

shivatham

എഴുത്തുകാരി: അമ്മു അമ്മൂസ്

പാതിരാത്രിയോടടുത്താണ് ശിവ ഊണ് മുറിയിലേക്ക് വരുന്നത്. പാതി മയങ്ങിയ കണ്ണുകളുമായി തന്നെയും പ്രതീക്ഷിച്ചു വേദ ഇരിക്കുന്നത് കണ്ടെങ്കിലും ശ്രദ്ധിക്കാതെ കൈയിലുള്ള കുപ്പിയിലേക്ക് വെള്ളം പകരാൻ തുടങ്ങി.. ശിവ വന്നത് കണ്ട് അവൾ ഞെട്ടിപ്പിടഞ്ഞു എണീറ്റു... ""കഴിക്കാൻ എടുക്കട്ടെ.... "" അവൻ മറുപടി ഒന്നും പറയാതെ ഇരുന്നപ്പോൾ പെട്ടെന്ന് മുൻപിൽ ഇരുന്ന പ്ലേറ്റ് എടുത്തു തിരിച്ചു വച്ചിട്ട് ചപ്പാത്തി അതിലേക്ക് വിളമ്പാൻ തുടങ്ങി.. ""മൂന്നെണ്ണം വെക്കട്ടെ... "" കൈയിലെടുത്തുകൊണ്ട് തിരിഞ്ഞു നോക്കിയപ്പോൾ സ്റ്റെപ് കയറി മുകളിലേക്ക് പോകുന്ന ശിവയെയാണ് കണ്ടത്... എടുത്ത ചപ്പാത്തി വിരലുകൾക്കിടയിലൂടെ ആ പാത്രത്തിലേക്ക് തന്നെ ഊർന്നു വീണു....

കൂട്ടായി കണ്ണിൽ നിന്നും ഇറ്റ് വീണ നീർതുള്ളികളും... അവന്റെ മനസ്സിലേക്കുള്ള തിരിച്ചു പോക്ക് ഇനിയും അകലെയാണെന്ന് തോന്നി അവൾക്ക്... കുറച്ചു നേരമെടുത്തു മനസ്സൊന്നു ശാന്തമാകാൻ ... അവൻ കഴിക്കാതിരുന്നതുകൊണ്ടോ എന്തോ അവൾക്കും കഴിക്കാൻ തോന്നിയില്ല. എല്ലാം എടുത്തു ഫ്രിഡ്ജിലേക്ക് വച്ചിട്ട് റൂമിലേക്ക് ചെന്നു. മുറിയിലാകമാനം കണ്ണുകൾ പരതിയെങ്കിലും ശിവയെ കാണാൻ കഴിഞ്ഞില്ല. ""ഇതെവിടെപ്പോയി... ""ബാൽക്കണി തുറന്നു നോക്കിയെങ്കിലും അവിടെയും ഇല്ലായിരുന്നു.. പുറത്തേക്കിറങ്ങി നോക്കിയപ്പോൾ കണ്ടു കണ്ണന്റെ മുറിയോട് ചേർന്നുള്ള റൂമിന്റെ കതക് അടച്ചിട്ടിരിക്കുന്നത്.

ഗസ്റ്റ് ആരെങ്കിലും വരുമ്പോൾ കിടക്കാൻ മാത്രമേ ആ മുറി ഉപയോഗിക്കൂ എന്ന് കണ്ണൻ പറഞ്ഞത് ഓർമയിലേക്ക് വന്നു. ""അത്രത്തോളം അന്യയായോ താൻ ശിവേട്ടന്.."". അറിയാതെ കണ്ണുകൾ നിറഞ്ഞു... തിരികെ മുറിയിലേക്ക് നടക്കുമ്പോൾ മനസ്സ് വല്ലാതെ വീർപ്പുമുട്ടുന്നുണ്ടായിരുന്നു. അവനില്ലാത്ത ആ മുറി ശൂന്യമാണെന്ന് അവൾക്ക് തോന്നി. കട്ടിട്ടിലേക്ക് ചാരി കിടക്കുമ്പോൾ അവൻ കിടക്കുന്ന വശത്തു തന്നെ ഉറച്ചു നിൽക്കുകയായിരുന്നു മിഴികൾ... മിനിഞ്ഞാന്ന് രണ്ടു ദിവസം മുൻപ് ഈ കട്ടിലിൽ കിടക്കാൻ വേണ്ടി അവനോടു വഴക്കിട്ടതാണ് ഓർമയിൽ വന്നത്....അന്നതിന് ദേഷ്യമാണ് തോന്നിയത്...

എന്നാൽ ഇന്ന് അവനരികിൽ ഉണ്ടായിരുന്നു എങ്കിൽ എന്ന് മനസ്സ് ഭ്രാന്തമായി ആഗ്രഹിക്കുകയായിരുന്നു.. അല്ലെങ്കിലും നഷ്ടപ്പെടുമ്പോൾ ആണല്ലോ അവ എത്രമേൽ നമുക്ക് പ്രിയപ്പെട്ടതാണെന്ന് തിരിച്ചറിയുന്നത്... പയ്യെ അവൻ കിടക്കുന്ന വശത്തേക്ക് നീങ്ങി കിടന്നു. . തലയണക്ക് പോലും അവന്റെ ഗന്ധമാണെന്ന് തോന്നി... വെറുതെ അതിലേക്ക് മുഖമമർത്തി കിടന്നു. എപ്പോഴോ കണ്ണുകളിൽ മയക്കം നിറഞ്ഞു. തല വെട്ടിപ്പൊളിയും പോലെ വേദന തോന്നിയാണ് രാവിലെ എഴുന്നേൽക്കുന്നത്... പണ്ട് മുതലേ അങ്ങനെയാണ് ആഹാരം കഴിച്ചില്ലെങ്കിലോ... കരഞ്ഞാലോ... നല്ല തലവേദനയാണ്.. ഇതിപ്പോൾ രണ്ടും കൂടി ഉള്ളതുകൊണ്ടാണെന്ന് തോന്നുന്നു സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.

കുറച്ചു നേരം തലക്ക് കൈ കൊടുത്തു അങ്ങനെ ഇരുന്നു... ആരുടെയോ നോട്ടം തന്റെ നേരെ വീഴുന്നത് പോലെ തോന്നിയപ്പോളാണ് സൈഡിലേക്ക് നോക്കുന്നത്. കണ്ണാടിയുടെ മുൻപിൽ നിന്നും മുടി ചീകുന്ന ശിവയെക്കണ്ടു.. അങ്ങോട്ട് നോക്കിയ ഉടനേ നോട്ടം മാറ്റി വീണ്ടും കണ്ണാടിയിലേക്കായി... എന്തോ അത് കണ്ടപ്പോൾ വല്ലാത്ത സന്തോഷം വന്നു നിറയുന്നത് പോലെ തോന്നി മനസ്സിൽ... "അപ്പൊ ശ്രദ്ധിക്കുന്നൊക്കെ ഉണ്ട്... "..മനസ്സിൽ വിചാരിച്ചു.. ""ഗുഡ് മോർണിംഗ് ശിവേട്ടാ..."" അവൻ മറുപടി ഒന്നും പറയില്ല എന്ന് ഉറപ്പുണ്ടായിരുന്നിട്ടും വെറുതെ പറഞ്ഞു.. പ്രതീക്ഷിച്ചതുപോലെ തന്നെ രൂക്ഷമായ ഒരു നോട്ടമാണ് കിട്ടിയത്..

പിന്നെ ഒന്നും മിണ്ടാതെ അതേ മുഖത്തോടെ പുറത്തേക്ക് ഇറങ്ങിപ്പോയി. സമയം നോക്കിയപ്പോളായിരുന്നു ശെരിക്കും ഞെട്ടിയത്... പത്തു മണി കഴിഞ്ഞിരിക്കുന്നു.. പെട്ടെന്ന് തന്നെ ചാടി എഴുന്നേറ്റു... ഇന്ന് ഉച്ചക്ക് എന്തോ അത്യാവശ്യ മീറ്റിംഗ് ഉണ്ടെന്ന് ഇന്നലെ രാവിലെ പറഞ്ഞിരുന്നു. അതിന് പോകുമ്പോൾ വേണം ആശുപത്രിയിലേക്ക് ഇറങ്ങാൻ. ഫ്രഷായി ഊണ് മുറിയിലേക്ക് വരുമ്പോഴേക്കും രാധേച്ചി കഴിക്കാൻ എടുത്തു വച്ചിരുന്നു. ""എല്ലാരും കഴിച്ചോ ചേച്ചി... ഞാനിത്തിരി വൈകി..."" ""ശിവ കുഞ്ഞ് കഴിച്ചില്ല... ബാക്കി ഉള്ളവരൊക്കെ കഴിച്ചിട്ട് കോളേജിൽ പോയി.. സമയം ഇത്രയും ആയില്ലേ.. മാധവിമാഡത്തിനും ഇന്നെന്തോ തിരക്കുണ്ടായിരുന്നു..

""രാധ വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു.. തലവേദന എടുക്കുന്നുണ്ടായിരുന്നു എങ്കിലും എല്ലാം മൂളി കേട്ടു.. ""കുറച്ചു മുൻപേ ശിവ കുഞ്ഞ് മോളെ തിരക്കിയിരുന്നു...സമയം വൈകിയപ്പോൾ.. ഇത്രയും നേരമായിട്ടും വന്നില്ല എന്നറിഞ്ഞപ്പോ നല്ല പേടിയുണ്ടായിരുന്നു മുഖത്ത്.. പെട്ടെന്ന് നിങ്ങടെ റൂമിലേക്ക് ഓടിപ്പിടച്ചു പോകുന്നത് കണ്ടു. "" രാധേച്ചിയുടെ വാക്കുകൾ കേട്ടപ്പോൾ മനസ്സാകെ ഒരു തണുപ്പ് വന്നു പൊതിയും പോലെയാണ് അവൾക്ക് തോന്നിയത്... തന്നെ ശിവ തിരക്കി എന്ന് കേട്ടപ്പോൾ മുതൽ മറ്റൊന്നും മനസ്സിലേക്ക് കടന്നു വന്നില്ല. ""അപ്പൊ രാവിലെ എന്നേ കാണാൻ തന്നെ വന്നതായിരുന്നു അല്ലേ മുറിയിലേക്ക്... എന്നിട്ട് നോക്കിയപ്പോൾ മുടി ചീകുന്നത് പോലെ ഒരു ആക്ടിങ്ങും ...

"" അവൾ മനസ്സിൽ പറഞ്ഞു.. പെട്ടെന്ന് തലയ്ക്കു വീണ്ടും വല്ലാത്ത ഭാരം തോന്നി... ഇന്നലെ ഉച്ചക്ക് ഇത്തിരി കഴിച്ചതാണ്.. അതിന് ശേഷം ഈ നിമിഷം വരെ ഒരു വറ്റു പോലും ഉള്ളിലേക്ക് ചെന്നിട്ടില്ല.. ഒരു കൈ മേശമേലും അടുത്ത കൈ തലയിലും അമർത്തിപ്പിടിച്ചു നിന്നു... ""എന്താ കുഞ്ഞേ.... എന്തെങ്കിലും പ്രശ്നം ഉണ്ടോ."". വേദയുടെ നിൽപ്പ് കണ്ട് രാധ പരിഭ്രമത്തോടെ ചോദിച്ചു.. ""ഏയ്യ്... ഒന്നും ഇല്ല ചേച്ചി... പെട്ടെന്ന് എന്തോ പോലെ തോന്നി..."" രാധയുടെ പേടി കണ്ട് വേദ ചിരിയോടെ പറഞ്ഞു.. പറഞ്ഞു കഴിഞ്ഞപ്പോളാണ് ശിവ അടുത്തേക്ക് നടന്നു വരുന്നത് കണ്ടത്. രാത്രിയിലത്തെ ഓർമയാണ് ആദ്യം മനസ്സിലേക്ക് വന്നത്. അവൻ കഴിക്കുമോ ഇല്ലയോ എന്നവൾക്കൊരു പേടി തോന്നി..

നോക്കിയപ്പോൾ മുഖം ഗൗരവത്തിൽ തന്നെയാണ്... അവൾ പെട്ടെന്ന് അവനിൽ നിന്നും നോട്ടം മാറ്റി നിലത്തേക്ക് നോക്കി നിന്നു . എന്നാൽ പ്രതീക്ഷകളെല്ലാം തെറ്റിച്ചുകൊണ്ട് ശിവ നേരെ വന്നു കസേരയിൽ ഇരുന്നു. ""രണ്ടാൾക്കും വിളമ്പിയേരെ ചേച്ചി..."" ഫോണിൽ നോക്കിക്കൊണ്ട് ആരെയും ശ്രദ്ധിക്കാതെ രാധയോട് അവൻ പറഞ്ഞത് കേട്ട് വേദ ഒരു നിമിഷം ഞെട്ടി നിന്നു. തന്നോടുള്ള ദേഷ്യം മാറിക്കാണുമോ എന്ന് വെറുതെ അവന്റെ മുഖത്താകെ കണ്ണുകൾ ഓടിച്ചു... അറിയാതെ പോലും ഒരു നോട്ടം പാളി വീഴുന്നില്ല എന്ന് കണ്ടപ്പോൾ അവൾക്ക് വല്ലാത്ത നിരാശ തോന്നി. ഇരിക്കണോ വേണ്ടയോ എന്ന് ഒരു നിമിഷം സംശയിച്ചു നിന്നു...

രാധേച്ചി കഴിക്കാൻ വിളമ്പിയിട്ടും കഴിച്ചു തുടങ്ങാതെ വെറുതെ ഫോണിലേക്ക് നോക്കി ഇരിക്കുന്ന അവനെ കണ്ടപ്പോൾ ഇരിക്കാം എന്ന് തോന്നി.. വായിലേക്ക് വെക്കാനായി ചപ്പാത്തി മുറിച്ചെടുക്കുമ്പോഴും ശിവ ഫോണിലേക്ക് തന്നെ നോക്കി ഇരിക്കുകയായിരുന്നു. അവൾക്കെന്തോ വല്ലാത്ത ഒരു ചമ്മലും വീർപ്പുമുട്ടലും ഒക്കെ തോന്നി. ആദ്യത്തെ വാ കഴിച്ചിറക്കിയപ്പോൾ ശിവ ഫോണിൽ നിന്നും കണ്ണെടുത്തു പ്ളേറ്റിലേക്ക് നോക്കി ആഹാരം കഴിക്കാൻ തുടങ്ങുന്നത് കണ്ടു...താൻ കഴിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താൻ വേണ്ടിയാണ് അവൻ വെറുതെ ഫോണിൽ നോക്കി ഇരുന്നത് എന്നറിഞ്ഞപ്പോൾ ഇത്രയും നേരം ഉണ്ടായിരുന്ന വെപ്രാളവും വീർപ്പുമുട്ടലും ഒക്കെ ഒരല്പം പോലും അവശേഷിക്കാതെ മനസ്സിൽ നിന്നും പടിയിറങ്ങിപ്പോയത് പോലെ തോന്നി..

ഒരിക്കൽ പോലും തന്നെ നോക്കിയില്ലെങ്കിലും ഓരോ നീക്കവും ശ്രദ്ധിക്കുന്നുണ്ട് എന്ന് തോന്നി... താൻ കഴിക്കുന്നതനുസരിച്ചാണ് അവിടെയും കഴിപ്പ്.. അത് മാത്രം മതിയായിരുന്നു മനസ്സ് നിറയാൻ.. ""എനിക്ക് ഹോസ്പിറ്റലിൽ ഒന്ന് പോണം..."" ഒടുവിൽ മടിച്ചു മടിച്ചു പറഞ്ഞു... ഇവിടെ വച്ചു സംസാരിക്കുന്നതിലും നല്ലത് പോകുന്ന വഴിക്കാണെന്ന് തോന്നി. ""കണ്ണൻ ഉടനേ വരും.."". അറുത്തുമുറിച്ച വാക്കുകൾ... കൂടുതലായി ഇനിയൊന്നും സംസാരിക്കാനില്ലാത്തത് പോലെ അവൻ എഴുന്നേറ്റു പോയി.. താൻ അതിന് അർഹയാണെന്ന് നന്നായി അറിയാമെങ്കിലും അവന്റെ ഈ പ്രവൃത്തി വല്ലാതെ വേദനിപ്പിക്കുന്നുണ്ടായിരുന്നു.. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

കണ്ണൻ വന്നപ്പോൾ ഉമ്മറത്തെ സെറ്റിയിൽ ചാരി ഇരുന്നു കണ്ണുകൾ അടച്ചു കിടക്കുന്ന വേദയെയാണ് കാണുന്നത്.. രണ്ടു കണ്ണുകളിൽ നിന്നും ഇടയ്ക്കിടെ ഓരോ കണ്ണുനീർത്തുള്ളി താഴേക്ക് ഒഴുകി ഇറങ്ങുന്നുണ്ടായിരുന്നു.. അത് തുടച്ചു കളയുക പോലും ചെയ്യാതെ അതേ കിടപ്പ് കിടക്കുന്ന വേദയെ കണ്ടപ്പോൾ അവന് പാവം തോന്നി... ""ഏട്ടത്തി...ഇതെന്താ ഈ വീട്ടിൽ കണ്ണീർ സീരിയൽ വല്ലോം ഓടുന്നുണ്ടോ.. "" അടുത്ത് ചെന്നിരുന്നു ചിരിച്ചു കൊണ്ട് വിളിച്ചു.. കണ്ണന്റെ ശബ്ദം കേട്ട് വേദ പെട്ടന്ന് കണ്ണുകൾ തുടച്ചു നേരെ ഇരുന്നു... ""അത്...ഞാൻ... എന്തൊക്കെയോ ആലോചിച്ചു... ആഹ്... മതി.. മതി... കിടന്നുരുളണ്ട... രണ്ടാളുടെയും പിണക്കമൊക്കെ എനിക്ക് മനസ്സിലായി...

ഇന്നലെ വൈകുന്നേരം മുതൽ കാണുവാ ...എന്തോ കാര്യമായി നടന്നിട്ടുണ്ടെന്ന് എനിക്കറിയാം.. അല്ലെങ്കിൽ ഏട്ടന് ഇങ്ങനെ ദേഷ്യം വരില്ല.... "" അവന്റെ പറച്ചിൽ കേട്ട് വേദയുടെ മുഖം വാടി... തന്റെ എടുത്തുചാട്ടത്തിന്റെ ഫലം.... ""ഹാ അപ്പോഴേക്കും മുഖം വാടിയല്ലോ.... എന്താ കാര്യം എന്നൊന്നും ഏട്ടത്തി പറയണ്ടെന്നേ.. അത് ഭാര്യയും ഭർത്താവും കൂടി അങ്ങ് പറഞ്ഞു തീർത്താൽ മതി...പക്ഷേ പിണക്കം മാറ്റാൻ ഞാൻ സഹായിക്കാം.. വേണോ."". അവന്റെ കൈ അവളുടെ നേരെ നീട്ടി.. അവന്റെ ഓരോ വാക്കും മനസ്സിൽ പുതിയ ഒരു ഊർജ്ജം നിറക്കുന്നത് പോലെ തോന്നി...ആവേശത്തോടെ കൈകൾ ചേർത്തു.. ""സംഗതി ഇത്തിരി പഴയ ഐഡിയ ആണ്..

എങ്കിലും നമുക്ക് ആദ്യത്തെ സ്റ്റെപ്പ് എന്ന നിലക്ക് ഒന്ന് ട്രൈ ചെയ്തു നോക്കാം വൈകുന്നേരം... ഇപ്പോൾ എന്റെ ഏട്ടത്തി പോയി ഒരുങ്ങി വന്നേ...നമുക്ക് ആശുപത്രിയിൽ പോയിട്ട് വരാം.."" വേദയുടെ കവിളിൽ കൊഞ്ചിക്കുന്നത് പോലെ പിടിച്ചു കൊണ്ട് കണ്ണൻ പറഞ്ഞു.. അറിയാതെ ചിരിച്ചു പോയി... പെട്ടെന്ന് തന്നെ ഒരുങ്ങി ഇറങ്ങി.. ആശുപത്രിയിൽ എത്തിയപ്പോൾ എല്ലാവർക്കുമുള്ള ഊണും കൂടി കരുതി. ""ശിവേട്ടന് കമ്പനി വരെ പോകേണ്ടി വന്നു അമ്മേ.. എന്തോ അത്യാവശ്യം.."" അങ്ങനെ പറയാനാണ് തോന്നിയത്.. ""മോൻ രാവിലെ വന്നിരുന്നു.... തിരക്കായത് കൊണ്ട് നിൽക്കാൻ പറ്റില്ല എന്ന് പറഞ്ഞു.. അച്ഛനെ കേറി കണ്ടു ഡോക്ടറോടും സംസാരിച്ചിട്ട പോയേ...

നാളെ മുറിയിലേക്ക് മാറ്റും എന്ന് പറഞ്ഞു.. "" അമ്മയുടെ വാക്കുകൾ അത്ഭുതത്തോടെയാണ് കേട്ടത്... ഇതുവരെ അറിഞ്ഞതിലും ഒരുപാട് മടങ്ങു ശിവയെ ഇനിയും മനസ്സിലാക്കാനുണ്ടെന്ന് തോന്നി.. കണ്ണനെ നോക്കിയപ്പോൾ ഇത് പ്രതീക്ഷിച്ചതാണെന്ന ഭാവത്തിൽ കണ്ണുകൾ ചിമ്മി കാണിച്ചു.. അമ്മയുടെയും അനിയത്തിമാരുടെയും കൂടെ ഇരിക്കുമ്പോഴും ശിവേട്ടൻ മാത്രമായിരുന്നു മനസ്സിൽ... എങ്ങനെയാണ് ഒന്ന് പിണക്കം മാറ്റുക എന്ന ആലോചനയിൽ തന്നെ ആയിരുന്നു മനസ്സ്... അതിനാൽ തന്നെ പലപ്പോഴും പറഞ്ഞുകൊണ്ടിരുന്ന വാക്കുകൾ ഒന്നും തന്നെ കേട്ടില്ല.. ഇടയ്ക്കിടെ ഒരു സമാധാനത്തിനു വേണ്ടി കണ്ണനെ നോക്കും..

അത് മനസ്സിലായി എന്ന പോലെ അവൻ കണ്ണുകൾ ചിമ്മി ചിരിച്ചു കാണിക്കും.. ഒടുവിൽ വൈകുന്നേരം ആകുന്നതിനു മുൻപ് തന്നെ യാത്ര പറഞ്ഞിറങ്ങി... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 രാത്രിയോടടുത്തിരുന്നു ശിവ വീട്ടിൽ വന്നപ്പോൾ...കാളിങ് ബെൽ അടിച്ചിട്ടും വാതിൽ ആരും തുറന്നു തരാതെ ഇരുന്നപ്പോൾ നെറ്റി ചുളിച്ചു ഡോറിന്റെ ഹാന്റിലിൽ പിടിച്ചു തിരിച്ചു.. അപ്പോഴാണ് കൈയിൽ എന്തോ തടയുന്ന പോലെ തോന്നിയത്.. സ്റ്റിക്കി നോട്ടാണ്.. സംശയത്തോടെ അതെടുത്തു തുറന്നു നോക്കി... ""സോറി ""...എന്ന് വലുതായി എഴുതി കരയുന്ന ഒരു സ്മൈലിയും വരച്ചു വച്ചിട്ടുണ്ട്.. ആരാണിതിന് പിന്നിലെന്ന് അധികം ആലോചിക്കേണ്ടി ഒന്നും വന്നില്ല...

പക്ഷേ ഇത്തവണ ദേഷ്യം തോന്നിയില്ല... ഇന്നത്തെ ദിവസം മുഴുവൻ ഓഫീസിൽ ഇരുന്നുള്ള ആലോചനയിൽ അവളുടെ ഭാഗവും കൂടി കേൾക്കാൻ മനസ്സ് തയ്യാറെടുത്തിരുന്നു.. ചുണ്ടിലൂറിയ പുഞ്ചിരി മറച്ചു പിടിച്ചു ആ നോട്ട് എടുത്തു ഭദ്രമായി പോക്കറ്റിനുള്ളിലേക്ക് തിരുകി വച്ചു.. അകത്തേക്ക് കയറിയപ്പോൾ കണ്ണൻ ചെവിയിൽ ഹെഡ്സെറ്റും വച്ചു സോഫയിൽ ചാരി ഉറങ്ങുന്നത് കണ്ടു.. കള്ളയുറക്കമാണെന്ന് ഒറ്റ നോട്ടത്തിൽ അറിയാം... കാൽപ്പാദങ്ങളുടെ ശബ്ദം നിന്നപ്പോൾ ഇടക്ക് കണ്ണൊന്നു ചെറുതായി തുറന്നു നോക്കുന്നത് കണ്ടു... ചിരി വന്നെങ്കിലും സഹിച്ചു പിടിച്ചു.... ഏതു വരെ പോകുമെന്ന് അറിയാൻ ഒരു കൗതുകം തോന്നി... ""മ്മ്ഹ്ഹ്ഹ്....

"""വെറുതെ ഒന്ന് മുരടനക്കി നോക്കി... എവിടുന്ന്.... ഓസ്കാർ വാങ്ങാനുള്ള അഭിനയം ആണെന്ന് തോന്നുന്നു... അവനിലെ കലാകാരനെ നശിപ്പിക്കണ്ട എന്ന് തോന്നി റൂമിലേക്ക് പോകാൻ തീരുമാനിച്ചു.. സ്റ്റെയർ കേസിന്റെ അടുത്തെത്തിയപ്പോൾ വീണ്ടും ഒരു നോട്ട് അതിൽ ഒട്ടിച്ചു വച്ചിരിക്കുന്നത് കണ്ടു.. ""വീണ്ടും സോറി....""" ഇത്തവണ കരയുന്ന സ്മൈലി ഒന്നും ഉണ്ടായിരുന്നില്ല... പകരം താഴെയായി ""ഒന്ന് ക്ഷമിച്ചൂടെ ""...എന്ന് ചെറുതായി എഴുതിയിരിക്കുന്നു... വല്ലാത്ത ഒരു ആകാംഷയും സന്തോഷവും ഒക്കെ തോന്നുന്നുണ്ടായിരുന്നു മനസ്സിൽ... തികട്ടി വന്ന സന്തോഷം ഉള്ളിൽ തന്നെ അടക്കിപ്പിടിച്ചു അവൾ തനിക്കായി ഒരുക്കിയ സർപ്രൈസ് അറിയാനായി ഒരു കൊച്ചു കുട്ടിയുടെ കൗതുകത്തോടെ വേഗത്തിൽ പടികൾ കയറി.............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story